കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
#പനയ്ക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#പനയ്ക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2014, മാർച്ച് 4, ചൊവ്വാഴ്ച
2010, ഒക്ടോബർ 8, വെള്ളിയാഴ്‌ച
എയ്‍തുവീഴ്‍ത്തിയ സ്വർണ്ണം
ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം നാൾ. വനിതകളുടെ ടീം റീകർവ് അമ്പെയ്‍ത്ത് മൽസരം യമുന സ്‍പോർട്‍സ് കോംപ്ലക്‍സിൽ നടക്കുന്നു. രാവിലെ 10.12നാണ് മൽസര സമയമെന്ന് രാവിലെ ഇന്റർനെറ്റിൽ പരതിയപ്പോൾ മനസിലായി. താമസ സ്‍ഥലത്തുനിന്നും മെയിൻ പ്രസ് സെന്ററിലേക്ക് പോയി അവിടെനിന്നുമുള്ള മീഡിയ ബസിൽ കയറി പോയാൽ ഒരു പ്രാവശ്യത്തെ സെക്യൂരിറ്റി പരിശോധന ഒഴിവാക്കാം. പക്ഷേ മീഡിയ ബസ് പിടിക്കാനായി എംപിസിയിൽ എത്തണമെങ്കിൽ വീണ്ടും ഒരു മണിക്കൂർ നഷ്‍ടപ്പെടും. രണ്ടും കൽപിച്ച് നേരെ സ്‍പോർട്‍സ് കോംപ്ലക്‍സിലേക്ക് വിട്ടു. പതിവുപോലെ ഹിന്ദിക്കാരൻ ടാക്‍സി ഡ്രൈവർ മൽസര വേദിക്ക് ഒരു കിലോമീറ്റർ അകലെ വണ്ടി നിറുത്തി. 'സെക്യൂരിറ്റി ചെക്ക് സാർ' എന്നൊരു കമന്റും പാസാക്കി പൈസയും വാങ്ങി സ്‍ഥലം കാലിയാക്കി.
20 കിലോതൂക്കമുള്ള ക്യാമറാ ബാഗും പീരങ്കി പോലുള്ള ലെൻസും തേളിലേന്തി ഞാൻ അമ്പെയ്‍ത്ത് മൽസര വേദി ലക്ഷ്യമാക്കി ഓടി. വഴിയരികിൽ തോക്കുമായി നിൽക്കുന്ന പൊലീസ് ഉദ്യാഗസ്‍ഥന്മാരിലൊരാൾ കൂടെ ഓടിയെത്തി സാവധാനത്തിൽ പോകുവാൻ നിർദേശിച്ചു. തോക്കുപോലുള്ള യന്ത്രവുമായി ഇത്ര വേഗത്തിൽ പോകുന്നത് പുള്ളിക്കാരന് അത്ര പിടിച്ചില്ല. ഗേറ്റ് കടക്കുന്നതിന് മുൻപ് അക്രഡിറ്റേഷൻ കാർഡിൽ ലേസർ ബീം അടിച്ച് പരിശോധിക്കുന്നതിനിടെ സിആർപിഎഫ് ഉദ്യാഗസ്‍ഥൻ അമ്പെയ്‍ത്തിനാണോ ടേബിൾ ടെന്നീസിനാണോ പോകുന്നതെന്ന് ചോദിച്ചു. മനസിൽ വെള്ളിടിവെട്ടി. ടേബിൾ ടെന്നീസിന്റെ മൽസര വേദി ഇവിടെത്തന്നെയുണ്ടെന്നുള്ള കാര്യം അപ്പോൾ മാത്രമാണ് ഓർത്തത്. അമ്പെയ്‍ത്തിനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഓടി വന്ന വഴിയൊക്കെയും തിരിച്ചുപോകണമെന്നായി ഉദ്യാഗസ്‍ഥൻ. ടേബിൾ ടെന്നീസ് വേദി വഴി അമ്പെയ്‍ത്ത് വേദിയിലേക്ക് പൊയ്‍ക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ടേബിൾ ടെന്നീസിന് വന്നവരെ മാത്രമേ ഇതുവഴി കടത്തുകയുള്ളുവെന്നായി അദ്ദേഹം. എങ്കിൽ ഞാൻ ടേബിൾ ടെന്നീസാണ് എടുക്കുന്നതെന്ന് പറഞ്ഞ് അകത്തുകടന്നു.
ഇതേ കോമ്പൗണ്ടിൽത്തന്നെയാണ് അമ്പെയ്‍ത്ത് വേദിയെങ്കിലും ഇനിയും ഒരു കിലോമീറ്ററോളം വളഞ്ഞുചുറ്റിവേണം അവിടെയെത്താൻ. പത്തര കഴിഞ്ഞ നേരത്ത് അമ്പെയ്‍ത്ത് വേദിയിൽ വിയർത്തുകുളിച്ച് എത്തുമ്പോൾ കാണുന്ന കാഴ്‍ച ഇന്ത്യൻ സംഘത്തിലെ ഡോലാ ബാനർജി, ദീപിക കുമാരി, ബൊംബയാല ദേവി എന്നിവർ അമ്പെയ്‍ത്ത് നിറുത്തി പിന്നിലേക്ക് നീങ്ങി നിൽക്കുന്നു. ഇഞ്ചോടിഞ്ച് പേരാടി നേരിയ മുൻതൂക്കവുമായി ഇംഗ്ലണ്ട് സംഘം അവസാന വട്ട എയ്‍ത്തിന് ഒരുങ്ങുന്നു. ഫോട്ടോഗ്രാഫർമാർക്കായി നിശ്‍ചയിച്ചിട്ടുള്ള സ്‍ഥലത്തേക്ക് കടന്നുപോകാൻ വേദിയിലെ ഫോട്ടോ മാനേജർ സമ്മതിച്ചില്ല. കാരണം അമ്പ് എയ്യുന്ന താരങ്ങൾക്ക് തൊട്ടടുത്തുകൂടിയാണ് ഫോട്ടോഗ്രാഫർമാർ പോകേണ്ടത്. അത് കളിക്കാർക്ക് ഉന്നം തെറ്റാൻ ഇടയാക്കുമെത്രെ. കാണികൾക്ക് അനുവദിച്ചിട്ടുള്ള സ്‍ഥലത്തിന് തൊട്ടുമുൻപിലായി നിൽക്കുമ്പോൾ മൽസരത്തിലെ അവസാന കളിക്കാരിയും അമ്പെയുന്നു. എട്ടുപോയിന്റ് നേടിയ ആ അമ്പ് തറച്ചപ്പോഴേക്കും ഇന്ത്യസ്വർണ്ണത്തിലെത്തിയിരുന്നു. 207 പോയിന്റ് നേടിയ ഇന്ത്യക്ക് പിന്നിൽ 206 പോയിന്റാണ് ഇംഗ്ലണ്ട് വനിതകൾ നേടിയത്. ഇത് വേദിയിലെ കൂറ്റൻ ബോർഡിൽ തെളിഞ്ഞതോടെ ഇന്ത്യൻ താരം ഡോല ബാനർജി ആവേശത്തോടെ എടുത്തുചാടി ബൊംബയാല ദേവിയെ കെട്ടിപ്പിടിച്ചു. അതും എനിക്ക് മുൻപിൽ. മറ്റു ഫോട്ടോഗ്രാഫർമാർ ഡോലയുടെയും ബൊംബയാല ദേവിയുടെയും ശ്രദ്ധ അവർക്കുനേരെ തിരിക്കാൻ കൂവി വിളിക്കുന്നുണ്ട്. പക്ഷേ ഇന്ത്യക്ക് ലഭിച്ച സ്വർണ്ണം ആഘോഷിക്കുന്ന ഗ്യാലറിയുടെ ആർപ്പുവിളിക്കിടെ അതൊന്നും കേൾക്കുമായിരുന്നില്ല.
ഈ ചിത്രം എനിക്ക് ലഭിച്ചെന്നറിഞ്ഞ അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫർ ചിത്രം തരുമോയെന്ന് വെറുതെ ചോദിച്ചുനോക്കി. പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ 'നേടി നമ്മൾ' എന്ന തലവാചകത്തോടെ അച്ചടിച്ചുവന്ന ചിത്രം കോട്ടയം കേന്ദ്ര ഓഫീസിലേക്ക് അയക്കുമ്പോൾ ഞാൻ ഓർമ്മിച്ചു എനിക്കായി മാത്രം കരുതി വച്ച ഈ ചിത്രം ലഭിക്കാൻ ദൈവം ഒരുക്കിയ തടസങ്ങളെക്കുറിച്ച്.
ജോസ്കുട്ടി പനയ്ക്കൽ ന്യൂ ഡൽഹി 2010 ഒക്ടോബർ 08
2006, ജൂൺ 20, ചൊവ്വാഴ്ച
ഒരു ക്യാമറാ കൊലപാതകത്തിന്റെ കഥ
2006 ജൂൺ 19. മഞ്ഞിൽ മൂടി തണുപ്പിൽ പൊതിഞ്ഞ മൂന്നാറിലെ വെളുപ്പാൻകാലം. ഇടുക്കി ലോക്കൽ പേജിലേക്ക് പരമ്പരക്കായി കുറെ ചിത്രങ്ങൾ എടുക്കാൻ തലേന്ന് വൈകീട്ടാണ് ലേഖകൻ അജീഷ് മുരളീധരനൊപ്പം കോട്ടയത്തുനിന്നും മൂന്നാറിലെത്തിയത്. കുണ്ടള തടാകത്തിന് സമീപം ഏതോ കൊലപാതകം നടന്നതായി അറിഞ്ഞ് അങ്ങോട്ടേക്കുതിരിച്ചു. എവിടെത്തിയപ്പോൾ കാണുന്നകാഴ്‍ച പ്രതികളെ പിടിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു.
ചെന്നൈയിൽ നിന്നും മധുവിധു ആഘോഷിക്കാൻ മൂന്നാറിലെത്തിയ അനന്തരാമനെ, ഭാര്യയും കാമുകനും ചേർന്നു ക്യാമറയുടെ സ്‍ട്രാപ്പ് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നെത്രെ. പ്രതികളായ അനന്തരാമന്റെ ഭാര്യ വിദ്യാലക്ഷ്‍മിയെയും കാമുകൻ ആനന്ദിനെയും സഹായി അൻപുരാജിനെയും മൂന്നാറിലെ ഓട്ടോറിക്ഷാ ഡ്രൈവർ അൻപഴകന്റെ സൂചനകളെത്തുടർന്ന് അറസ്‍റ്റ് ചെയ്‍തിരുന്നു. തന്റെ മൊബൈലിൽ സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് അൻപഴകന്റെ മൊബൈലിൽ നിന്നാണ് വിദ്യാലക്ഷ്‍മി ആനന്ദിന്റെ മൊബൈലിലേക്ക് എസ്‍എംഎസ് അയച്ചിരുന്നത്. കുണ്ടള ഡാമിൽ എത്താൻ നൽകിയ സന്ദേശത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാലക്ഷ്‍മി കുടുങ്ങിയത്.
ഓട്ടോ ഡ്രൈവറിൽ നിന്നും ഞങ്ങൾ കാര്യങ്ങൾ മനസിലാക്കി എസ്‍എംഎസ് സന്ദേശത്തിന്റെ ചിത്രവുമെടുത്ത് പൊലീസ് സ്‍റ്റേഷനിലേക്ക് തിരിച്ചു. അവിടെ കൊലപാതകത്തിന് ഉപയോഗിച്ച സ്‍ട്രാപ്പ് പൊളിഞ്ഞ അനന്തരാമന്റെ ക്യാമറ ഇരിക്കുന്നുണ്ടായിരുന്നു. ബാറ്ററി പവർ തീർന്നിരുന്ന ക്യാമറയിൽ എന്റെ കയ്യിലുളള ബാറ്ററി സ്‍ഥാപിച്ച് അതിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഇതോടൊപ്പം ചിത്രങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞ് ചിത്രങ്ങൾ എന്റെ ലാപ്‍ടോപ്പിൽ കോപ്പിചെയ്‍ത് പൊലീസിന് കാണിച്ചുകൊടുത്തു. ഹണിമൂൺ യാത്രയുടെ ദൃശ്യങ്ങൾ കാണുവാൻ വനിതാ പൊലീസ് അടക്കമുള്ളവർ ലാപ്‍ടോപ്പിന് ചുറ്റുംകൂടി. പ്രദർശനത്തിനുശേഷം തൊണ്ടിമുതലായ ക്യാമറ പൊലീസ് പെട്ടിയിൽ വച്ചുപൂട്ടി. ചെന്നൈ മുതൽ മൂന്നാർ വരെയുള്ള മരണ യാത്രയുടെ ദൃശ്യങ്ങൾ അടങ്ങിയ ലാപ്‍ടോപ്പുമായി ഞാൻ ചിത്രങ്ങൾ അയക്കാൻ മൂന്നാർ ടൗണിലേക്ക് തിരിച്ചു. പിറ്റേന്ന് മനോരമ പത്രത്തിലും ഓൺലൈനിനും ഇവരുടെ യാത്രയുടെ നിരവധി ദൃശ്യങ്ങളും നൽകി. പത്രത്തിൽ തെളിവെടുപ്പിന്റെയും മൊബൈൽ ഓപ്പറേഷന്റെയുമെല്ലാം വാർത്തകളും ചിത്രങ്ങളും അച്ചടിച്ച് വന്നപ്പോഴാണ് ചിത്രങ്ങൾ ഞാൻ തട്ടിയെടുത്ത് പോയകാര്യം പൊലീസ് പോലും അറിയുന്നത്.
http://josekuttymanorama.blogspot.in/2006/06/honeymoon-murder-in-munnar.html
ജോസ്കുട്ടി പനയ്ക്കൽ
ജോസ്കുട്ടി പനയ്ക്കൽ
ലേബലുകള്‍:
#ജോസ്കുട്ടി,
#പനയ്ക്കല്‍,
#Experience,
#Idukki,
#Munnar,
#murder,
#news photographer,
#photo journalist,
#photojournalist
ലൊക്കേഷന്‍:
Munnar, Kerala, India
2005, ഏപ്രിൽ 8, വെള്ളിയാഴ്‌ച
ഞെട്ടിച്ച അടിക്കുറിപ്പ്
2005ൽ സംസ്‍ഥാന സ്‍കൂൾ കായികമേള കണ്ണൂരിൽ നടക്കുന്ന സമയം. സ്‍പോർട്‍സ് ഡിവിഷൻ താരങ്ങളുടെ ഹൈജംപ് മൽസരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഇറങ്ങുന്ന പത്രങ്ങൾ മാറ്റി നിറുത്തിയാൽ മധ്യാഹ്‍ന– സായാഹ്‍ന ദിനപത്രങ്ങളുടെ ഒരു നിരതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലുണ്ട്. ഫോട്ടോ അച്ചടിക്കുന്ന പത്രത്തിനെല്ലാം സ്വന്തമായോ , കരാറടിസ്‍ഥാനത്തിലോ ഫോട്ടോഗ്രഫർമാരും ഉണ്ട്. തലേ ദിവസം സായാഹ്‍നത്തിന്റെ 'കെട്ട്' വിടാത്തൊരു മധ്യാഹ്ന പത്രത്തിന്റെ ഫോട്ടോഗ്രാഫർ പെട്ടെന്നാണ് കൊടുങ്കാറ്റ് പോലെ അവിടെ എത്തിയത്. ഫൈനൽ പൊസിഷനിലേക്ക് എത്തുന്ന ഹൈജംപിന്റെ ചിത്രങ്ങൾ വളരെ നേരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന എനിക്കരികിലേക്ക് അദ്ദേഹം പറന്നെത്തി. അടുത്തതായി ചാടിയ കുട്ടിയുടെ ചിത്രം പകർത്തി എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹം യാത്രയായി. പിന്നീട് കുട്ടികൾ ചാടുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മറ്റൊന്നായിരുന്നു.
സ്‍കൂൾ കായികമേളയുടെ ചിത്രമെടുക്കുമ്പോൾ പല കാര്യങ്ങളും മത്സരാർത്ഥിയിൽ നിന്നും നമ്മൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് : കുട്ടിയുടെ ഇനിഷ്യൽ അടക്കമുള്ള പേര്, രണ്ട്: പഠിക്കുന്ന സ്‍കൂളും സ്ഥലവും, മൂന്ന്: ഏത് വിഭാഗത്തിൽ (ജൂണിയർ, സീനിയർ) മൽസരിക്കുന്നു? നാല്: മൽസര ഇനം. ഇതിൽ മൂന്നും നാലും കാര്യങ്ങൾ നമുക്ക് തന്നെ മനസിലാക്കാം. പക്ഷേ കുട്ടിയുടെ പേരും സ്‍കൂളും നമ്മൾ ചോദിച്ച് മനസിലാക്കിയേ തീരൂ. ഇതൊന്നും ചോദിക്കാതെ ചിത്രം ക്ളിക്ക് ചെയ്‍ത് ഉടൻ യാത്രയായ ഈ മധ്യാഹ്‍നക്കാരനെക്കുറിച്ച് ചിന്തിച്ച് ഹൈജംപ് മൽസരം കടന്നുപോയി. ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പത്രം പ്രിന്റ് ചെയ്‍ത് വരുന്നത് കാത്ത് ഞാൻ മൈതാനിയിൽ ഇരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം എങ്ങിനെ അടിക്കുറിപ്പ് കൊടുത്തിരിക്കും എന്നതായിരുന്നു. അച്ചടിച്ചെത്തിയ പത്രത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അന്നേവരെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്റെ ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല.
ഇനി അദ്ദേഹത്തിന്റെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞശേഷം അടിക്കുറിപ്പ് എന്താണെന്ന് പറയാം. ചിത്രവുമായി ഓഫീസിലെത്തിയ ഇദ്ദേഹം പേജ് ചെയ്യുന്ന ആളുടെ അടുത്തെത്തി ഒരു ചിത്രമുണ്ടെന്ന് പറഞ്ഞു. പുതുതായി ഈ സ്‍ഥാപനത്തിലെത്തിയ പേജ് എഡിറ്റർക്ക് പരിചയക്കുറവും സമയക്കുറവും പ്രതികൂലമായിരുന്നു. സ്‍കൂൾ കായിക മേളയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ നാല് പേജ് മാത്രമുള്ള ഈ പത്രത്തിന്റെ ഒന്നാം പേജിൽത്തന്നെ ഇതിനെ പ്രതിഷ്‍ഠിക്കുവാൻ തീരുമാനിക്കുന്നു. ഫോട്ടോഗ്രഫറോടായി ചില ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. കുട്ടിയുടെ പേര്?, സ്‍കൂൾ? സ്‍ഥലം? മൽസരഇനം? ഇതിനെല്ലാം അദ്ദേഹം കൈമലർത്തി. ഇനി എന്ത് അടിക്കുറിപ്പ് നൽകും? ഈ ചോദ്യത്തിന് മറുപടിയായി ഫോട്ടോഗ്രഫർ ഒരു അടിക്കുറിപ്പെഴുതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഇതാണ് പത്രത്തിൽ അച്ചടിച്ച് വന്നത് – 'സ്‍കൂൾ കായികമേളാ മൈതാനിയിൽ കണ്ടത്'
ജോസ്കുട്ടി പനയ്ക്കൽ , കണ്ണൂർ 2005 ഏപ്രിൽ 08
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...