MalayalaManorama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MalayalaManorama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഡിസംബർ 23, വ്യാഴാഴ്‌ച

ഇനി ആ ചിരി ക്യാമറക്കു മുൻപിലില്ല.

 ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിൽ ഞാനെടുത്ത 2 ചിരി ചിത്രങ്ങളുണ്ട്. അതിലൊന്ന് എപ്പോൾ പ്രസിദ്ധീകരിക്കപ്പെടുമെന്നറിയാതെ 2019ൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്നും പകർത്തിയ പി.ടി. തോമസിന്റെ ചിരി ചിത്രം. മറ്റൊന്ന് ഇന്നലെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി മാസ്ക് മാറ്റി ചിരിക്കുന്ന ചിത്രം. ബിരുദത്തിന് ഞാൻ പഠിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ സൂപ്പർ സീനിയറായിരുന്നു പി.ടി. തോമസ്. കോളജ് പഠന കാലത്തെ പത്രപ്രവർത്തന ബന്ധത്തിനിടയിലാണ് എംഎൽഎ ആയ പി.ടി.യെ കണ്ടിട്ടുള്ളതും ചിത്രങ്ങൾ എടുത്തിട്ടുള്ളതും. പിന്നെ പല ജില്ലകളിൽ ജോലി ചെയ്തുവെങ്കിലും ഇക്കാലയളവിലൊന്നും പുള്ളിക്കാരനെ വിളിക്കേണ്ടി വന്നില്ല. 2007ൽ വിവാഹ സമയത്താണ് വെറുതെ ഒരു വിവാഹ ക്ഷണപത്രിക അദ്ദേഹത്തിന് അയക്കുന്നത്. പരിചയമില്ലാത്ത ഒരാളുടെ ക്ഷണം സ്വീകരിക്കുമോയെന്ന ശങ്കയും അന്നുണ്ടായിരുന്നു. വിവാഹത്തിന് പള്ളിയിൽ കയറുംവരെയും ഈ അതിഥിയെ കണ്ടില്ല. പക്ഷേ താലികെട്ടിനായി തിരിഞ്ഞ വേളയിൽ അതാ 2 രാഷ്ട്രീയക്കാരുടെ ഷർട്ടുകൾ പള്ളിയിൽ കാണുന്നു. ഒന്ന് പി.ടി. തോമസും മറ്റേത് ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റ്യനും. വിവാഹചടങ്ങുകൾ തീർത്ത് ഇതേ ചിരിയിൽ ആശംസനേർന്ന് അവർ ഇരുവരും പിരിഞ്ഞു. പിന്നീട് എറണാകുളത്തേക്ക് ഞാൻ ട്രാൻസ്ഫറായി എത്തിയ ശേഷമാണ് പി.ടി. ഉൾപ്പെടുന്ന ചടങ്ങുകൾ കവർ ചെയ്യാൻ പോകേണ്ടി വന്നത്. ധാരാളം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നയാൾ എന്ന നിലയിൽ എന്നെ മറന്നുകാണുമെന്ന് കരുതിയെങ്കിലും ആദ്യ ദിനം കണ്ടപ്പോൾത്തന്നെ എപ്പോൾ ട്രാൻസ്ഫറായി എത്തിയെന്നും തൊടുപുഴയിൽ ഇപ്പോൾ ആരൊക്കെയുണ്ടെന്നുള്ള അന്വേഷണവും നടത്തിയാണ് പിരിഞ്ഞത്. പിന്നീട് എല്ലാ വേദികളിലും കണ്ടുമുട്ടുമ്പോൾ ഈ ചിരിയായിരുന്നു ക്യാമറക്കുള്ള സമ്മാനം. അതിലൊരു ചിരി കണ്ണീർ വാർക്കുന്നവർക്കിടയിലെ ഓർമചെപ്പിലേക്കായി ചിത്രശേഖരത്തിൽ നിന്നും തിരിച്ചെടുത്തത് ഇന്നലെ. രാഷ്ട്രപതി റാംനാഥ് കേവിന്ദിന്റെ ചിരി ചിത്രം എടുത്തുകൊണ്ടു നിൽക്കുന്നതിനിടെയാണ് ഈ വാർത്ത അറിയുന്നത്. അങ്ങനെ ചിരി നിറഞ്ഞ പേജെങ്കിലും ഇനി ക്യാമറക്കു മുന്നിൽ ആ ചിരിയില്ലല്ലോ എന്ന നൊമ്പരത്തിനൊപ്പം പ്രണാമം. 🙏

Josekutty Panackal /
#Remembering #PTThomas #MLA #PresidentOfIndia #RamNathKovind #Smile #MalayalaManorama #Pages #NewsPaper #PhotoJournalism #BehindThePicture
https://www.manoramaonline.com/photogallery/current-affairs.farewell-to-pt.ernakulam-town-hall-pt.html

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...