2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മനോരമക്കാരന്റെ മാവ് മാതൃഭൂമിയില്‍ പൂക്കുമോ?

തലക്കെട്ടുകണ്ട് ആരും തെറ്റിദ്ധരിക്കരുത്. ഇത് മേല്‍പറഞ്ഞ രണ്ടുസ്ഥാപനങ്ങളിലും ജോലി ചെയ്തതില്‍ നിന്നും ഉടലെടുത്ത ഒരു അനുഭവക്കുറിപ്പാണ്. 1996ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദ പഠന കാലഘട്ടത്തിലാണ് മാതൃഭൂമിയുടെ ഇടുക്കി ബ്യൂറോയുമായി ഞാന്‍ ചങ്ങാത്തത്തിലാകുന്നത്. പിന്നീടത് ശക്തമായ ബന്ധമായി വളര്‍ന്നു. ന്യൂമാന്‍ കോളജിലുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ ചിത്രമായിരുന്നു എന്റെ ആദ്യ ന്യൂസ് ഫോട്ടോ. അന്ന് മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന  ശ്രീ. കെ.പി. ഗോപിനാഥ് പോക്കറ്റില്‍ നിന്നും എടുത്തുതന്ന ഇരുപത്തഞ്ച് രൂപയായിരുന്നു ആദ്യ ന്യൂസ് ഫോട്ടോയ്ക്കുള്ള  പ്രതിഫലം. കോളജ് ക്യാംപസില്‍ കൂട്ടുകാരുടെ ചിത്രങ്ങള്‍ പകര്‍ത്തി പത്ത് രൂപയ്ക്ക് വിറ്റിരുന്ന എന്നെ ന്യൂസ് ഫൊട്ടോഗ്രഫിയിലേക്ക് തിരിച്ചതും ഈ സംഭവം തന്നെയായിരുന്നു. കോളജിലെ എന്റെ ജൂനിയറായിരുന്ന ശ്രീ. കെ.കെ. അനസാണ് സംഘട്ടന ചിത്രത്തിന് പത്രത്തില്‍ ഡിമാന്റുണ്ടെന്ന സ്പാര്‍ക്ക് എനിക്ക് പകര്‍ന്നുനല്‍കിയത്.

പിന്നീട് ശ്രീ. കെ.പി. ഗോപിനാഥ് സ്ഥലംമാറ്റം കിട്ടി മറ്റൊരു യൂണിറ്റിലേക്ക് പോയി, പകരമെത്തിയത് ശ്രീ. സി. ശങ്കരനാരായണന്‍. അദ്ദേഹം എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫര്‍ക്ക് ഊര്‍ജം പകര്‍ന്നു. ഇതിനിടെയാണ് തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും  മാതൃഭൂമി ബ്യൂറോ തൊട്ടടുത്ത രണ്ടുനിലയുള്ള വീട്ടിലേക്ക് മാറുന്നത്. ആദ്യകാലത്ത് ബ്യൂറോ ചീഫ് അവിടെ താമസിച്ചപ്പോള്‍ വെറുതെയൊരു കമ്പനിക്കാണ് ഞാനും അവിടെ കൂടിയത്. പിന്നീട് അദ്ദേഹം വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ആ ബ്യൂറോയുടെയും വീടിന്റെ നാഥനായി. കോളജ് പഠനവും ഫൊട്ടോഗ്രഫിയും ആയോധന കല അധ്യാപനവുമൊക്കെയായി ആഴ്ചയില്‍ ഏഴ് ദിനവും നില്‍ക്കാതെ ഒാടിയ എന്റെ വക ന്യൂസ് ഫോട്ടോകള്‍ എല്ലാ  ദിവസവും പത്രത്തില്‍ നല്‍കാനും തിരക്കൊഴിഞ്ഞ ഞായറാഴ്ച "കറുപ്പും വെളുപ്പും” എന്ന പേരില്‍ ഒരു ചിത്ര കോളം തുടങ്ങാനും അനുവാദം നല്‍കിയത് ശ്രീ. ശങ്കരനാരായണനാണ്. ബ്യൂറോ താമസത്തിനിടെ വൈകീട്ടത്തെ ഭക്ഷണമാകട്ടെ മിക്കവാറും കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളായിരിക്കും. അങ്ങനെയാണ് ഞാന്‍ പഴങ്ങളുടെ ആരാധകനായി മാറിയത്.

ആ പഴക്കാലം കുറെ കടന്നുപോയപ്പോള്‍ മാങ്ങയുടെ വിത്തുകള്‍ വലിച്ചെറിഞ്ഞത് പലതും ഒാഫിസിന് പിന്നില്‍ മുളച്ചുവന്നു. ജാതിയും വര്‍ഗവും ഏതെന്ന് നോക്കാതെ അതില്‍ മൂന്നെണ്ണം ഞാന്‍ ഒാഫിസിന് മുന്നില്‍ ഒരേ അകലത്തില്‍ കുഴിച്ചിട്ടു. കേരള സര്‍ക്കാരും മാധ്യമസ്ഥാപനങ്ങളും നടീ-നടന്മാരും ട്രീ ചാലഞ്ചുമായി പ്രമോഷന്‍ തുടങ്ങും മുന്‍പ്. മൂന്നെണ്ണത്തെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. മാതൃഭൂമിയുടെ ലോഗോക്കൊപ്പം അധികം ആരും ശ്രദ്ധിക്കാത്ത മൂന്ന് വാക്യങ്ങളുണ്ട്. സത്യം, സമത്വം, സ്വാതന്ത്യ്രം. എഡിറ്റോറിയല്‍ പേജില്‍ മാത്രം ഈ ലോഗോ വരുന്നതിനാല്‍ ഇപ്പോഴും പലരും ഈ വാക്യങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. പിറ്റേന്ന് ശ്രീ. ശങ്കരനാരായണന്‍ എത്തിയപ്പോള്‍ ഈ വാക്യങ്ങള്‍ മറയാക്കി മാവിനെ അവിടെ ഉറപ്പിച്ചു. പക്ഷേ അധികനാള്‍ കഴിയുംമുന്‍പ് നഗരത്തില്‍ നിന്നും അലഞ്ഞുതിരിഞ്ഞെത്തിയ ഒരു ആട് സത്യത്തെ കടിച്ചുകൊണ്ടുപോയി. പകരം വച്ചൊരു മരം പിന്നീട് പച്ചപിടിച്ചില്ല. രണ്ടുവര്‍ഷത്തെ വളര്‍ച്ചവരെ പരിപാലിക്കാനേ പിന്നീട് ഞാനവിടെ ഉണ്ടായിരുന്നുള്ളു.  ഇതിനകം മലയാള മനോരമയില്‍ ജോലി കിട്ടി  ഞാന്‍ കണ്ണൂരിലേക്ക് പോയിരുന്നു. സമത്വവും സ്വാതന്ത്യ്രവും അല്‍പം വളര്‍ന്നപ്പോള്‍ സമത്വത്തിന്റെ ചില്ല മുറിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കാര്‍ എത്തിയിരുന്നുവെന്നും പിന്നീട് അറിഞ്ഞു.

ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പലപ്രാവശ്യവും പൂവണിഞ്ഞെങ്കിലും കെഎസ്ഇബിയുടെയും തെരുവ് പശുക്കളുടെയും ആടുകളുടെയുമെല്ലാം ആക്രമണം ഏറ്റുവാങ്ങി വളര്‍ച്ചാഗതിക്ക് തടസം നേരിട്ട സമത്വവും സ്വാതന്ത്യ്രവും ഇന്ന് വലുതായി. അതില്‍  സ്വാതന്ത്യ്രം ആദ്യമായി ഫലവും തന്നു. ഞാനാണ് ഇവ നട്ടതെന്ന് അറിയാവുന്ന പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ശ്രീ. കെ.പി.ഗോപിനാഥും, ശ്രീ. ശങ്കരനാരായണനും, ശ്രീ. മനോജും എല്ലാവരും കാലയവനികക്കുള്ളില്‍ അകാലത്തില്‍ മറഞ്ഞു. എന്നാല്‍ ഇതില്‍ നിന്നും ആദ്യ ഫലം പൊട്ടിച്ചെടുത്ത് ഉപ്പുംകൂട്ടി തൊടുപുഴ മാതൃഭൂമിയിലെ പുതുതലമുറ കഴിക്കുമ്പോള്‍, മാതൃഭൂമി ബ്യൂറോയിലെ അന്നത്തെ സ്ഥിരം സന്ദര്‍ശകനും ഇപ്പോഴത്തെ അവിചാരിത സന്ദര്‍ശകനുമായ മുതലക്കോടം സ്വദേശി ശ്രീ. ജെയിംസ് ചേട്ടന്‍ ഒാര്‍മ്മിപ്പിച്ചു ഇത് മനോരമയിലെ ജോസ്കുട്ടി പനയ്ക്കല്‍ നട്ട മാവാണെന്ന്. അങ്ങനെ കാലക്രമത്തില്‍ മനോരമക്കാരനായ ഞാന്‍ നട്ട മാവ് മാതൃഭൂമിയില്‍ ഫലമണിഞ്ഞു. ഇന്നലെ തൊടുപുഴയ്ക്ക് പോയപ്പോള്‍ വഴിയരികില്‍ നിന്ന് ഈ വൃക്ഷം എന്നെ നോക്കി ചിരിച്ചു. താമസിച്ചില്ല ചുവട്ടില്‍ നിന്ന് ചിത്രവും എടുത്താണ് മടങ്ങിയത്. ഞാന്‍ അവിടെനിന്നും പോയിട്ടും ഇത്രയും വര്‍ഷം അതിനെ പരിപാലിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അന്തരിച്ചവര്‍ക്ക് ആത്മശാന്തിയും....

ജോസ്കുട്ടി പനയ്ക്കല്‍ 26.09.2014


ഇത് ഫേസ്ബുക്കിലും കിട്ടും... www.facebook.com/josekuttypanackalphotojournalist

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ജോബ് സാറും നാണയത്തുട്ടുകളും....


ഗുഡ് മോ‍ാ‍ാ‍ാ‍ർർർർർർണീ‍ീ‍ീ‍ീ‍ീങ്..... ടീച്ച‍ാ‍ാ‍ാ‍ാ‍ർ..... ഈ ഈണം കേൾക്കാത്ത സ്കൂളുകളില്ല. പഠനത്തിലേക്ക്  പിച്ചവയ്ക്കുന്നവർ  കൂട്ടത്തോടെ ആദ്യമായി ഉരുവിടുന്ന വാക്ക്. അംഗൻവാടി ടീച്ചർ മുതൽ പിഎച്ച്ഡി ഗൈഡ് ചെയ്യുന്ന അധ്യാപകൻ വരെ എല്ലാവർക്കും സാറും ടീച്ചറുമാണ്. കാലക്രമത്തിൽ  ടീച്ചർക്ക് 'മിസ്' 'മാഡം' എന്നിങ്ങനെ വകഭേദങ്ങൾ വന്നിട്ടുണ്ടെങ്കിലും 'സാർ' ഇന്നും സാറായിത്തന്നെ നിലനിൽക്കുന്നു.

                           എത്ര ഉന്നതിയിൽ നിൽക്കുന്ന വ്യക്തിക്കും പറയാനുണ്ടാകും തന്നെ പഠനത്തിന്റെ അനന്തമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഒരു വെളിച്ചത്തെക്കുറിച്ച്. അതിൽ മുൻപു പറഞ്ഞ പ്രീ-സ്കൂൾ അധ്യാപകർ മുതൽ മുകളിലേക്കുള്ള ഏതെങ്കിലും ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ പേര് ഉണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ ഇന്റർനെറ്റ് പഠനത്തിന്റെയും  ഫേസ്ബുക്കിന്റെയും കാലത്ത് ഈ ബന്ധത്തിനും  വിള്ളൽ വീഴ്ത്തിയ വാർത്തകൾ പല സ്ഥലത്തുനിന്നും കേൾക്കുന്നുണ്ട്. ഗുരു ശിഷ്യ ബന്ധം അങ്ങനെയല്ലാതായിത്തീരുന്ന അവസ്ഥയിൽ അവസാനിക്കുന്നു  എല്ലാത്തരത്തിലുള്ള ബഹുമാന സൂചകങ്ങളും. ശിഷ്യർക്കൊപ്പം മദ്യപിക്കുന്ന അധ്യാപകനും പഠിപ്പിക്കുന്ന വനിതാ അധ്യാപികയുടെ സാരിത്തുമ്പിനുള്ളിലേക്ക് സൂം ചെയ്യുന്ന മൊബൈൽ ക്യാമറയും അതിനുപിന്നിലെ 'ബ്ളൂടുത്ത്' കണ്ണും ഈ ബന്ധങ്ങൾക്ക് കുറച്ചൊന്നുമല്ല വിള്ളൽ വീഴ്ത്തിയിട്ടുള്ളത്.

                           തൊടുപുഴ ഉടുമ്പന്നൂർ സെന്റ് ജോർജ് സ്കൂളിൽ എന്റെ ആറാം ക‍്ലാസ് പഠനകാലം. പൈപ്പുകളുടെ എണ്ണക്കുറവുമൂലം ഉച്ചയൂണിന് ശേഷം പാത്രം കഴുകൽ സ്കൂളിന്റെ കിണറ്റുകരയിലാണ്. ഈ കഴുകലിനിടെ പാത്രങ്ങളും പോക്കറ്റിൽ നിന്നും വീണ നാണയത്തുട്ടുകളും  കിണറ്റിലെ വെള്ളത്തിനടിയിൽ നിന്നും എന്നും ഞങ്ങളെ നോക്കി ചിരിക്കാറുണ്ട്. അങ്ങനെയൊരുനാൾ  കിണറ്റിൽ നിന്നും വെള്ളം കോരി തിരിയുന്നതിനിടെ എന്റെ കയ്യിൽത്തട്ടി ഉറ്റ സുഹൃത്തിന്റെ പാത്രവും കിണറ്റിൽ വീണു. അവൻ വാവിട്ടു നിലവിളി തുടങ്ങി. ഉച്ചക്കു ശേഷമുള്ള ഒന്നാം പീഡിയഡിന് മുൻപായി ചോറ്റുപാത്രം കിണറ്റിൽ നിന്നും എടുത്തുതരാമെന്ന് ഞാൻ വാക്കുനൽകി. മറ്റുകുട്ടികളുടെ പാത്രം കഴുകൽ കഴിയുന്നനേരം നോക്കി സുഹൃത്തിനൊപ്പം ഞ‍ാൻ വീണ്ടും കിണറ്റുകരയിലെത്തി. വെള്ളം ഏകദേശം എന്റെ നെഞ്ചൊപ്പം മാത്രമേ ഏഴുകോൽ താഴ്ചയുള്ള ഈ കിണറ്റിലുള്ളു. ഷർട്ട് ഊരി കരയിൽ വച്ച് വെള്ളം കോരുന്ന കയറിൽ തൂങ്ങി താഴെക്കിറങ്ങി. നിരവധി ചോറ്റുപാത്രങ്ങൾ (ലഞ്ച് ബോക്സുകൾ) കിടപ്പുണ്ടെങ്കിലും എന്റെ സുഹൃത്തിന്റെ പാത്രം മാത്രം കയ്യിലെടുത്തു. അതിലേക്ക് കിണറിൽക്കിടന്ന അഞ്ചു പൈസമുതൽ ഒരു രൂപവരെയുള്ള നാണയങ്ങളും പെറുക്കിയിട്ടു. പൈസകൊണ്ട് ചോറ്റുപാത്രത്തിന്റെ പകുതി ഭാഗം നിറഞ്ഞു. ചോറ്റുപാത്രവും ചില്ലറയും തൊട്ടിയിൽ മുകളിലേക്ക് സുഹൃത്ത് വലിച്ചെടുത്തു. പിന്നാലെ ഞാനും കയറിൽത്തൂങ്ങി മുകളിലേക്ക് കയറി. മുകളിലെത്തുമ്പോഴതാ എന്റെ ക്ലാസിലെ തന്നെ പെൺകുട്ടികളിലൊരാൾ പാത്രവുമായി കരയിൽ നിൽക്കുന്നു. കിണറ്റിലിറങ്ങിയ കാര്യം ആരോടും പറയരുതെന്ന് രണ്ട് പേരെയും ബോധവൽക്കരിച്ച് ക്ലാസിലേക്ക് മടങ്ങി.

                       ഉച്ചകഴി‍ഞ്ഞുള്ള ഒന്നാം പീരിയഡിൽ എത്തിയത് കണക്കുമാഷ് ജോബ് സാറാണ്. വന്നപാടെ അത്രനേരം  രഹസ്യം സഹിച്ചിരുന്ന പെൺകുട്ടി ഞാൻ കിണറ്റിലിറങ്ങിയ കാര്യം വെളിപ്പെടുത്തി. 'ജോസ്കുട്ടി ഇവിടെ വരൂ' സാറിന്റെ വിളി കേട്ടപ്പോൾ സാഹസികമായി ഇത്രയും വലിയ കാര്യം ചെയ്തതിന് അഭിനന്ദിക്കാനാണെന്ന ധാരണയിൽ അഭിമാനത്തോടെ മുന്നോട്ടുചെന്നു. കിണറ്റിലിറങ്ങി നനഞ്ഞ നിക്കർ ചേർത്തുപിടിച്ച് കിട്ടി ഏഴ് അടി.  കിട്ടിയ പൈസ എടുക്കാൻ തുടർന്ന് നിർദേശം. എന്റെ ചോറ്റുപാത്രത്തിലേക്ക് നീക്കിയിരുന്ന പൈസ മുഴുവൻ സാറിന്റെ മേശയിലേക്ക് കുടഞ്ഞിട്ടു. ഇനി അത് എണ്ണിതിട്ടപ്പെടുത്തുവാനായിരുന്നു അടുത്ത കൽപ്പന. കാലങ്ങളോളം വെള്ളത്തിൽക്കിടന്ന് നിറംമാറിത്തുടങ്ങിയ പല നാണയത്തുട്ടുകളും അടിയുടെ അപമാനത്തിൽ നിറഞ്ഞുവന്ന എന്റെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ലോകത്തിൽ ഏറ്റവും വെറുക്കുന്ന വിഷയമായ കണക്കിനൊപ്പം ഈ സാറും എന്റെ മനസിൽ ഏറ്റവും വെറുക്കപ്പെട്ടവനായ നിമിഷമായിരുന്നു അത്. പൈസ മുഴുവൻ സ്കൂളിലേക്ക് കണ്ടുകെട്ടുമെന്നും ഞാൻ മനസിലുറപ്പിച്ചു. എത്ര ദിവസം മിഠായി വാങ്ങി കഴിക്കാം എന്നുള്ള എന്റെ സ്വപ്നങ്ങൾ അതോടെ പൊലിഞ്ഞു. സാറിന്റെ കണക്കുക്ലാസ് തുടർന്നുകൊണ്ടേയിരുന്നു. വളരെ സമയമെടുത്ത് 5,10,25,50, ഒരു രൂപ നാണയങ്ങൾ എണ്ണിത്തീർത്തപ്പോൾ ആകെത്തുക 32 രൂപ. ഇനി ഇത് ദാനം ചെയ്യലാണ്... സാർ മുപ്പത്തിരണ്ട് രൂപയുണ്ട് ഇതാ... പണം എന്റെ ചോറ്റുപാത്രത്തിലേക്ക് തിരിച്ചിട്ട് ഇത് സ്കൂളിലെ സഞ്ചയിക പദ്ധതിയിൽ നിന്റെ പേരിൽ നിക്ഷേപിക്കണമെന്നും അതിന്റെ രസീത് നാളെ കാണിക്കണമെന്നും സാർ ആവശ്യപ്പെട്ടു. അങ്ങനെ എന്റെ ആദ്യ സമ്പാദ്യമായി 32 രൂപ സ്കൂളിലെ സഞ്ചയിക പദ്ധതിയിലേക്ക്...

                        ഇതിൽ മൂന്ന് സന്ദേശങ്ങളാണ് സാർ എനിക്ക് നൽകിയത്. ഒന്ന്: ഒരു ആറാം ക്ലാസുകാരൻ കിണറ്റിൽ ഇറങ്ങുന്നത് വളരെ അപകടം പിടിച്ചൊരു സംഗതിയാണ് അത് ഇനി ആവർത്തിക്കരുത്.   രണ്ട്: ജോലിയുടെ പ്രതിഫലം എണ്ണി നോക്കി വാങ്ങണം. മൂന്ന്: സമ്പാദ്യത്തിനായും തുക നീക്കിവയ്ക്കണം. പിന്നീടും ഞാൻ കണക്കിൽ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല. പക്ഷേ ഇന്ന് ഒാരോ സ്കൂളിന്റെയും കിണറ്റിൽ വീണുകിടക്കുന്ന വസ്തുക്കൾ കാണുമ്പോൾ ഈ സംഭവം എന്റെ മനസിൽ ഒാടിയെത്തും. ഇന്നും ഞാൻ സ്മരിക്കും ജോബ് സാറിനെ....

കാലം ഏറെ കടന്നുപോയി. ഈ സംഭവത്തിന് 19 വർഷങ്ങൾക്ക് ശേഷം കാലം എന്നിലേക്ക് ചേർത്ത ഭാര്യയും ഒരു അധ്യാപിക ആയത് തികച്ചും യാദൃശ്ചികം. ചില സ്ഥാപനങ്ങളിൽ മാധ്യമ പരിശീലനത്തിന്റെ ഭാഗമായി അധ്യാപകസ്ഥാനത്തേക്ക് എന്നെ ക്ഷണിക്കുമ്പോൾ  വിദ്യാർഥികളായിരുന്ന പലരും  എന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ ഞാൻ സ്മരിക്കുന്നു ഈ ജോലിയുടെ മഹത്വം. അക്ഷര വെളിച്ചത്തിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ എല്ലാ അധ്യാപകർക്കും, ഞാൻ അറിഞ്ഞും അറിയാതെയും ഈ പോസ്റ്റ് കാണുന്ന എല്ലാ അധ്യാപകർക്കും എന്നോടൊപ്പം ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഏടുകൾ മറിക്കുന്ന അധ്യാപികക്കും ഞാൻ നേരുന്നു സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ.
      
             മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യ ദേവോ ഭവ:

@ ജോസ്കുട്ടി പനയ്ക്കൽ 04 സെപ്റ്റംബർ 2014 ‌


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...