പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം.
ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട.
എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി.
മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്രം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal
Connected to : https://www.facebook.com/josekuttyp/posts/1503951976321865
#Remembering #Late #NewsPhotographer #PhotoJournalist #VictorGeorge #MalayalaManorama #Photographer #Memoir #JULY9 #16thDeathAnniversary