News Photo എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News Photo എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

ആ സ്പോട്ട് ക്ലിക്കിനു പിന്നില്‍


വാര്‍ത്താ ചിത്രങ്ങള്‍ മിക്കവയും പെട്ടന്നു പൊട്ടിമുളയ്ക്കുന്നവയാണ്. ഇന്നൊരു വാര്‍ത്താ ചിത്രം തന്റെ ക്യാമറക്കുമുന്നില്‍ പെടണേ എന്ന പ്രാര്‍ത്ഥനയുമായാണ് മിക്ക ന്യൂസ് ഫൊട്ടോഗ്രഫര്‍മാരും വീട്ടില്‍
നിന്നും ഇറങ്ങുന്നത്. പക്ഷേ വാര്‍ത്തക്കൊപ്പം കൊള്ളിക്കാവുന്ന ചിത്രങ്ങളോ അല്ലെങ്കില്‍ അടിക്കുറിപ്പെഴുതി വാര്‍ത്തയാക്കാവുന്ന ചിത്രങ്ങളോ ആയിരിക്കും മിക്കവാറും കണ്ണില്‍ പെടുക. ഇതില്‍ നിന്നും വേറിട്ടതാണ് സ്പോട് ന്യൂസ് ചിത്രങ്ങള്‍. നമ്മുടെ ക്യാമറക്കുമുന്നില്‍ പെട്ടെന്നു സംഭവിക്കുന്ന ഒരു നിമിഷം. അതിനായി തയാറെടുത്തു നില്‍ക്കാത്തതുകൊണ്ടുതന്നെ ദൃശ്യം കണ്ട് അദ്ദേഹത്തിന് അമ്പരക്കാനുള്ള സമയംപോലും കിട്ടിയെന്ന് വരില്ല. അതിനുള്ളില്‍ ക്ലിക്ക് ചെയ്തിരിക്കണം. അമ്പരപ്പോ, ഭയമോ, സന്തോഷമോ... വികാരങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അത് ശരീരത്തിലും ക്ലിക്കിലേക്കമര്‍ത്തുന്ന വിരലിലും പ്രതിഫലിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങളില്‍ കൃത്യമായ ഫ്രെയിമിങ്ങിലും, ഫൊട്ടോഗ്രഫിയുടെ നിയമാവലിയില്‍ പരാമര്‍ശിക്കുന്ന രീതിയിലും ചിത്രം എടുക്കുക അസാധ്യം.

അങ്ങനെയൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. രാവിലെ മുതല്‍ നീണ്ട ഷെഡ്യൂള്‍ഡ് പരിപാടികള്‍ എടുത്തു ഫയല്‍ ചെയ്തശേഷമാണ് പെട്ടെന്നൊരു പ്രതിഷേധ പരിപാടി എടുക്കേണ്ട ചുമതല വന്നുപെട്ടത്. രാത്രി നടക്കുന്ന പ്രതിഷേധപരിപാടി കവര്‍ ചെയ്തശേഷം നേരെ വീട്ടിലേക്ക് നേരെ പോകാം എന്നാണ് കരുതിയത്. യാത്രക്കിടെ പ്രതിഷേധപരിപാടിയുടെ ചിത്രങ്ങളില്‍ ഏതുവേണമെന്ന് ക്യാമറയുടെ സ്ക്രീനില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ചെറിയൊരു ഗതാഗതക്കുരുക്ക്. തല ഉയര്‍ത്തി നോക്കുമ്പോള്‍ രക്തമൊലിപ്പിച്ച് ഒരു സ്ത്രീ തലപൊത്തിപ്പിടിച്ചു റോഡരികില്‍ ഇരിക്കുന്നു. അപകടമാണെന്ന് തോന്നുന്നു, എളമക്കരയിലേക്കുള്ള വീതികുറഞ്ഞവഴി ഇനിയും ബ്ലോക്കാകാതിരിക്കാന്‍ വാഹനം അരികുചേര്‍ത്ത് നിറുത്താന്‍ നിര്‍ദേശം നല്‍കി ചാടിയിറങ്ങി. ഇറങ്ങിയ വഴിയെ ഫ്ലാഷ് ഫിറ്റുചെയ്യാനൊന്നും പരിശ്രമിച്ചില്ല; ചിത്രം എടുത്തു. അവരെ പിടിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയെയാണ് ആദ്യം ശ്രദ്ധിച്ചത്. എന്തുപറ്റി എന്ന സ്ഥിരം ചോദ്യത്തേക്കാള്‍ വൈദ്യസഹായമാണ് ആദ്യം വേണ്ടത്. അരികുചേര്‍ത്തു നിറുത്താന്‍ പോയ എന്റെ വാഹനം കാഴ്ച പരിധിയിലെങ്ങുമില്ല. ഡ്രൈവറെ ഫോണ്‍ ചെയ്തപ്പോഴേക്കും മറ്റൊരു കാര്‍ സമീപത്തു വന്നുനിന്നു. കൂടെയുള്ളവരിലൊരാള്‍ അവര്‍ക്കൊപ്പം കയറി ജനറല്‍ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എല്ലാം 45 സെക്കന്‍ഡിനുള്ളില്‍ കഴിഞ്ഞു.


കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ സംഭവ സ്ഥലത്തുള്ളവരോട് കാര്യം അന്വേഷിച്ചു. ഓട്ടോ റിക്ഷ ഇടിച്ചിട്ടതാണെന്നും അതില്‍ നിന്നും തള്ളിയിട്ടതാണെന്നുമുള്ള രണ്ട് അഭിപ്രായക്കാര്‍ അവിടെത്തന്നെയുണ്ട്. രണ്ടു തരം വിവരണം കേട്ടതോടെ ചിത്രത്തിന് അടിക്കുറിപ്പ് തയാറാക്കല്‍ ആശങ്കയിലായി. നാളെ കേസാകേണ്ട സംഭവമാണ്. സ്വന്തം ഓഫിസില്‍ കാര്യം അറിയിച്ചു. ഇനി റിപ്പോര്‍ട്ടറുടെ ചുമതലയാണ് ബാക്കിയുളള കാര്യങ്ങള്‍. പൊലീസിലും മാധ്യമങ്ങളിലുമൊക്കെ രാത്രിയിലെ അപകടത്തോട് പ്രതികരിക്കാന്‍ അല്‍പം താമസം നേരിടുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ സ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങള്‍ വച്ചു ദീര്‍ഘ അടിക്കുറിപ്പോടെ ചിത്രം നല്‍കാന്‍ തീരുമാനിച്ചു. പിറ്റേന്ന് ഇവരെ തിരഞ്ഞ് ജനറല്‍ ആശുപത്രി മുതല്‍ കൊച്ചിയിലെ സമീപ ആശുപത്രികളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. പൊലീസില്‍ അന്വേഷിച്ചെങ്കിലും അങ്ങനൊരു കേസും എടുത്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തുചെന്ന് അവിടെയുള്ള കടക്കാരോടും കാര്യം അന്വേഷിച്ചു. പത്രത്തില്‍ ചിത്രം വന്നതിനെത്തുടര്‍ന്നു രക്ഷപെടുത്താന്‍ സഹായിച്ചവര്‍ സാക്ഷിപറയേണ്ടിവരുമോ എന്ന ശങ്കയിലാണവര്‍. ഒന്നും തുറന്നുപറയുന്നില്ല. കുടുംബ വഴക്കാണെന്ന് സംഭാഷണത്തില്‍ നിന്നും സൂചന. അങ്ങനെ ആ കേസ് ഡയറി ഞാന്‍ മടക്കി
                                                                                                  27.09.2017

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...