2014, ഡിസംബർ 7, ഞായറാഴ്‌ച

വീണ്ടും മാരത്തണ്‍


രണ്ടാം തവണയും കൊച്ചി രാജ്യാന്തരമാരത്തണിലെ 21 കിലോമീറ്റര്‍ ലക്ഷ്യം ഇതാ പൂര്‍ത്തീകരിച്ചിരിക്കുന്നു.  കഴിഞ്ഞപ്രാവശ്യത്തേതുമായി തുലനം ചെയ്യുമ്പോള്‍ ഇത്തവണ പതിനാല് മിനിറ്റുനേരത്തെ  ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പ്രായം ഒരു വയസ്കൂടിയെങ്കിലും സ്റ്റാമിന കൂടിയെന്ന് സാരം. പക്ഷേ ഇതിനായി രണ്ടരമാസത്തെ കഠിന ശ്രമം വേണ്ടിവന്നുവെന്നത് മറ്റൊരുവശം.  രണ്ടാം തവണ സംഘടിപ്പിച്ചതായതിനാല്‍ എല്ലാക്കാര്യത്തിലും ആദ്യത്തേതിനേക്കാള്‍ മികച്ചുനിന്നൊരു മാരത്തണായിരുന്നു ഇത്തവണ. പങ്കെടുത്തവരുടെ എണ്ണം ഇരുപതിനായിരത്തിനടുത്ത്. ആദ്യതവണ ഹാഫ് മാരത്തണിന് പുറമെ ഏഴുകിലോമീറ്റര്‍ ഫണ്‍ റണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇത്തവണ ഇവയ്ക്കുപുറമെ 10 കിലോമീറ്റര്‍, കോര്‍പറേറ്റ് റിലേ, പ്രായമേറിയവര്‍ക്കായി നാല് കിലോമീറ്റര്‍ എന്നിങ്ങനെ 5 തരം ഓട്ടങ്ങളുണ്ടായിരുന്നു. ഫലത്തില്‍ ഏത് തരക്കാരെയും മാരത്തണിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്ന് സാരം. കൊച്ചിയും കേരളവും ഇതുവഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് അഭിമാനകരം തന്നെ. എന്നാല്‍ ചിലകാര്യങ്ങളിലെങ്കിലും 20000 പേരെയും തൃപ്തിപ്പെടുത്താനാവാതെ പോയത് സംഘാടകര്‍ക്ക് വരുംകാലത്ത് ഗൃഹപാഠത്തിനുള്ള വഴിയൊരുക്കും. 


കൂട്ടിയിടിക്കാതെ തുടക്കം
ഞാന്‍ ഓടിയ 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ഇത്തവണ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ആരംഭിച്ചത്. രാവിലെ 5.30ന് തന്നെ സ്ഥലത്തെത്തി വാം അപ് ഏരിയയിലേക്ക് കയറി.  സുഹൃത്തുക്കളായ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഇടക്കൊക്കെ എന്നെ കാണുമ്പോള്‍ ചിത്രമെടുക്കുന്നതായിരുന്നു തുടക്കത്തില്‍ ആവേശം നല്‍കിയത്. ഇതിനിടെ മനോരമ ഓണ്‍ലൈനിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യുകൂടി പരിശീലന സ്ഥലത്തേക്ക് കയറിവന്നപ്പോള്‍ അത്ഭുതം തോന്നി. കഴിഞ്ഞതവണ 7 കിലോമീറ്ററില്‍ പങ്കെടുത്ത ഒരു വനിത ഇതാ നേരെ 21ലേക്ക്...കെനിയന്‍ വനിതകള്‍ക്കൊപ്പം പ്രീജ ശ്രീധരനും ജയ്ഷയുമടങ്ങിയ നമ്മുടെ രാജ്യാന്തര താരങ്ങളും തയ്യാറാകുന്നുണ്ട്.  ക്യാമറയും ബാഗുമില്ലാത്ത എന്നെ  പലര്‍ക്കും മനസിലാകുന്നുമില്ല. കഴിഞ്ഞതവണത്തെ തിരക്ക് അനുഭവം മനസിലുള്ളതുകൊണ്ടുതന്നെ പ്രമുഖ ഓട്ടക്കാര്‍ക്കുപിന്നില്‍ സ്ഥാനം പിടിക്കാന്‍ ആദ്യംമുതലേ ശ്രമിച്ചിരുന്നു. 6.15ന് നടന്‍ മോഹന്‍ലാലും മറ്റ് പ്രമുഖരുമടങ്ങുന്ന സംഘം മാരത്തണിന് കൊടി വീശി. കെനിയന്‍ താരങ്ങളുടെ കുതിപ്പിന് ഒരു മിനിറ്റിനുശേഷം ഞാനടങ്ങുന്ന ഓട്ടക്കാരുടെ നിരയുടെ കെട്ടഴിച്ചുവിട്ടു. ഹൊ! പിന്നീടൊരു ചെറുത്തുനില്‍പായിരുന്നു... തട്ടിവീഴാതെ 100 മീറ്ററെങ്കിലും കടക്കണം. തമിഴും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം കലര്‍ന്ന ഭാഷയില്‍ നിരവധി താരങ്ങള്‍ കൂട്ടിയിടിക്കരുതെന്നെല്ലാം ആക്രോശിക്കുന്നുണ്ട്. പൊങ്ങിച്ചാടി ഒരു വിധം മറൈന്‍ഡ്രൈവിലെ മഴവില്‍പാലത്തിനഭിമുഖമായുള്ള സ്ഥലത്ത് എത്തിയതോടെ സംഗതിയാകെ കലങ്ങിത്തെളിഞ്ഞു. ആഞ്ഞുകുതിച്ചവരുടെ കിതപ്പുകള്‍ ചെവിയില്‍ അലയടിച്ചു. ഇടത്തുചെവിയില്‍ മൊബൈല്‍ഫോണിലെ റേഡിയോയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇയര്‍ഫോണില്‍ റേഡിയോ മാംഗോയുടെ മാരത്തണ്‍ പട്ടണം അപ്ഡേഷന്‍ വരുന്നു. മുന്‍പിലെ ഓട്ടക്കാര്‍ ബോട്ടുജെട്ടിക്ക് സമീപം എത്തിയെത്രെ. അവരെ പാട്ടിനുവിട്ട് എന്‍റെ വേഗതയുമായി ഞാന്‍ മുന്നേറി. മഹാരാജാസ് കോളജിന് സമീപമെത്തിയപ്പോള്‍ ഫണ്‍ റണ്ണിനുള്ള വലിയൊരു സംഘം ഫ്ലക്സ് ബോര്‍ഡുമായി സ്റ്റേഡിയത്തിലേക്ക് പോകുന്നു. അവര്‍ കയ്യടിച്ച് 21 കിലോമീറ്ററുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി ലക്ഷ്യം പള്ളിമുക്ക് ജംഗ്ഷന്‍... അവിടെ എത്തി എംജി റോഡിലേക്ക് കയറുന്നതിനിടെ ഒരാള്‍ വോക്കിടോക്കിയില്‍ എന്‍റെ ബിബ് നമ്പരൊക്കെ കണ്‍ട്രോള്‍ സെന്‍ററിലേക്ക് വിളിച്ചുപറയുന്നത് വലത്തേ ചെവിയില്‍ കേള്‍ക്കാമായിരുന്നു. 


കഠാരിബാഗും കടന്ന്...
 തേവര കവലയും കടന്ന് നേവി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് പാലം കടക്കണം. അതില്‍ക്കയറാനുള്ള ചെറിയ കയറ്റം തുടങ്ങുമ്പോഴതാ സഹപ്രവര്‍ത്തകന്‍ ഇ.വി. ശ്രീകുമാര്‍ ക്യാമറയുമായി പാലത്തില്‍ നില്‍ക്കുന്നു. എന്നെ മനസിലായില്ലെങ്കിലോ എന്നുകരുതി കയ്യുയര്‍ത്തിക്കാണിച്ചതോടെ  വിരലുകള്‍ ക്ലിക്കില്‍ അമരുന്നത് കണ്ടു. നേവിയുടെ ആസ്ഥാനമായ കഠാരിബാഗ് എത്തുന്നതിന് മുന്‍പ് സമയം പരിശോധിക്കുന്ന ഹംപില്‍ ഒന്നുകയറിയിറങ്ങി പോകണം. പാലം കഴിഞ്ഞതോടെ ഇടത്തേമൂലയിലെ ഈ സ്ഥലത്തിന് മുകളിലൂടെ ചാടിക്കടന്ന് കുതിച്ചു തമിഴ് കൂലിപ്പണിക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വാതുരുത്തിയെന്ന പ്രത്യേക പ്രദേശത്തേക്ക്. നേവിയുടെ വിമാനത്താവളം കടക്കുമ്പോഴേക്കും ബസ് കിട്ടാത്ത പണിക്കാര്‍ വരിവരിയായി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാമായിരുന്നു. ചിലര്‍ വഴിയരികില്‍ നിന്ന് ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അവിടം കടന്നതോടെ തെല്ലൊരാശ്വാസമായി... കാരണം കഴിഞ്ഞതവണ ഇവിടെയെത്തിയപ്പോള്‍ അനുഭവപ്പെട്ട പ്രത്യേക ഗന്ധം ഇത്തവണ അനുഭവപ്പെട്ടില്ല. ഇനി കണ്‍ഫ്യൂഷന്‍ തോപ്പുംപടിയിലെ പഴയപാലത്തിലോ പുതിയ പാലത്തിലോ ആദ്യം കയറുന്നത് എന്നതായിരുന്നു. വളവുതിരിഞ്ഞതോടെ പുതിയ പാലത്തിലാണ് ആദ്യം കയറുന്നതെന്ന് മനസിലായി. ഇനി തോപ്പുംപടി കവലയിലേക്ക്... ഇടറോഡുകളില്‍ നിന്നും എത്തുന്നവരെ പറഞ്ഞുമനസിലാക്കി ഓട്ടക്കാര്‍ക്കായി പൊലീസ് വഴിയൊരുക്കുന്നുണ്ട്. ഇതിനൊക്കെ റോഡുമാത്രമേയുള്ളോ..?വല്ല മൈതാനിയിലും ഓടിയാല്‍പോരെ എന്നുചോദിക്കുന്നവരെയും കാണാമായിരുന്നു. തോപ്പുംപടി കവലയില്‍ നിന്നും ഇടത്തുതിരിയാന്‍ തുടങ്ങുമ്പോഴേക്കും കെനിയക്കാര്‍ 11.5 കിലോമീറ്ററിനപ്പുറമുള്ള പകുതി വഴി പിന്നിട്ട് തിരിച്ചെത്തുന്നു. ഞാന്‍ കഴിഞ്ഞതവണത്തേക്കാള്‍ മുന്നിലെന്ന് അപ്പോള്‍ത്തന്നെ മനസിലായി. കഴിഞ്ഞതവണ ഇവര്‍ തിരിച്ച് പൗരാണിക പാലം പിന്നിടുമ്പോഴായിരുന്നു എന്‍റെ വരവ്. ചെല്ലാനം- ഫോര്‍ട്ടുകൊച്ചി തിരിയുന്ന കവലയിലെത്തി ഫോര്‍ട്ടുകൊച്ചി റോഡിലൂടെ അല്‍പം സഞ്ചരിച്ച് തിരിച്ചുള്ള ഓട്ടത്തിനുള്ള ഹംപില്‍ കയറുന്നതിനിടെ ഒരു കാര്യംകൂടി മനസിലായി... കെനിയക്കാരെയും പ്രമുഖ ഓട്ടക്കാരെയും മാറ്റിനിറുത്തിയാല്‍ അധികം ആളുകളൊന്നും മുന്നിലില്ല. എന്നുവച്ച് ഇനി ഓടി പിടിച്ച് മികച്ച പത്തിനുള്ളില്‍ ഉള്‍പ്പെടാന്‍ കഴിയുകയുമില്ല. തിരിച്ചുള്ള ഓട്ടം കുറച്ചുകൂടി സാവധാനം തുടങ്ങി. 


തൂമ്പയും മാരത്തണും
എതിര്‍വശത്തുകൂടി കടന്നുപോകുന്ന ഓട്ടക്കാരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിച്ചായിരുന്നു തിരിച്ചുള്ള എന്‍റെ ഓട്ടം. ചിലരാകട്ടെ ഇത് വളരെ ആഘോഷമാക്കിയാണ് എടുക്കുന്നുത്. മറ്റുചിലര്‍ ഈ കുരിശിതെന്തിന് എനിക്കേകി ദൈവമേ എന്നുള്ള ഭാവത്തോടെയും ഓടുന്നു. തിരിച്ച് തോപ്പുംപടിയിലെത്തിയപ്പോള്‍ പരിചിതരായ കായികാധ്യാപകരില്‍ പലരും അവിടെയുണ്ട്. ഇങ്ങോട്ടുള്ള യാത്രയില്‍ കഴിഞ്ഞതവണത്തേതുപോലെ തന്നെ ഒളിംപ്യന്‍ മേഴ്സികുട്ടനെ തേവര കവലയില്‍ കയ്യുയര്‍ത്തിക്കാണിച്ച് പ്രാതിനിധ്യം അറിയിച്ചാണ് പോന്നത്. പൗരാണിക പാലത്തില്‍ കയറിയപ്പോള്‍ ചുമലിലൊരു തൂമ്പയുമായി തമിഴ് തൊളിലാളികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നു. പുഞ്ചിരിയും കൈവീശലും സമ്മാനിച്ച് മുന്നോട്ടുകുതിച്ചു. ഇനി ലക്ഷ്യം മാരത്തണ്‍ അവസാനിക്കുന്ന മഹാരാജാസ് കോളജ് മൈതാനി. സമയം 7.20 ആകുന്നു. മഞ്ഞിനെ മാറ്റി വെയില്‍ എത്തിത്തുടങ്ങി. ബനിയനെയും ഷോട്സിനെയുമൊക്കെ കടന്ന്  വിയര്‍പ്പ്കാലിലൂടെ ഒലിച്ചിറങ്ങിത്തുടങ്ങി. ഇനി വെള്ളം കിട്ടിയേ തീരൂ... വാതുരുത്തിയിലെ റെയില്‍ട്രാക്ക് മുറിച്ചുകടന്നമാത്രയില്‍ കിട്ടിയ ഒരു ഗ്ലാസ് വെള്ളമെടുത്ത് മുഖത്തൊഴിച്ചു. ഇടത്തുകാലില്‍  ചെറിയൊരു വേദനയുടെ തുടക്കംപോലെ... ഏതായാലും ഇനി 7 കിലോമീറ്ററാണ് മുന്നിലുള്ളത്അടുത്ത വാട്ടര്‍ സ്റ്റേഷനില്‍ നിന്നും വെള്ളം ഇടത്തുകാലിലേക്കൊഴിച്ച് വിക്രാന്ത് പാലം വീണ്ടും കയറി. പാലത്തിന്‍റെ അങ്ങേയറ്റം മാധ്യമഫൊട്ടോഗ്രഫര്‍മാരുടെ ഒരു സംഘത്തെ ദൂരെ നിന്നേകാണാം. അവര്‍ക്കടുത്തെത്തുന്നതിനുമുന്‍പേ അവര്‍ എന്നെ തിരിച്ചറിച്ച് ചിത്രമെടുപ്പ് തുടങ്ങിയിരുന്നു. നന്ദി സൂചകമായി കയ്യുയര്‍ത്തിക്കാണിച്ച് ഇറക്കത്തില്‍ വേഗം കൂട്ടാനൊരുങ്ങുമ്പോള്‍ 21 കിലോമീറ്റര്‍ ഓട്ടക്കാര്‍ റോഡിന്‍റെ വലത്തുവശം ചേര്‍ന്ന് ഓടണമെന്ന് വൊളന്‍റിയര്‍ കൊടി കാട്ടി നിര്‍ദേശിക്കുന്നു. 


ഫിനിഷ്.. ഫിനിഷ് മാത്രം
10 കിലോമീറ്റര്‍ ഓട്ടക്കാര്‍ക്കായി റോഡിന്‍റെ മറ്റേവശം ഒഴിച്ചിട്ടിരിക്കുകയാണ്. മറുവശത്ത് നിറയെ ജനം. എന്‍റെ പാതയില്‍ ഏതാനും ചിലര്‍മാത്രം. ഇതിനിടെ നഗ്നപാദനായി ഒരു ചേട്ടന്‍ എനിക്കൊപ്പം ഓടിയെത്തി. കണ്ടാത്തന്നെ അറിയാം ചെറിയ ഓട്ടക്കാരനല്ലെന്ന്... അദ്ദേഹം കുറച്ചുനേരം എനിക്കൊപ്പം ഓടിയ ശേഷം ഇഞ്ചിഞ്ചായി പിന്നോക്കം പോയിത്തുടങ്ങി. ഇതിനിടെ മെഡിക്കല്‍ ട്രസ്റ്റ് കവലയിലെത്തി. ഇനി ഒരുകിലോമീറ്ററിനപ്പുറം ഫിനിഷ്. ഇടത്തുകാലില്‍ വേദന അല്‍പംകൂടി കൂടുതലായോ എന്നൊരു സംശയം. 20 കിലോമീറ്റര്‍ കഴിഞ്ഞതിനപ്പുറം ഇനിയുള്ള ഒരു കിലോമീറ്റര്‍ വേദനക്ക് മുന്നില്‍ അടിയറവുപറയാനോ..? ഇല്ല.. ഇനി ഫിനിഷ് മാത്രം ലക്ഷ്യം. മനസിനെ ഫിനിഷ്... ഫിനിഷ്.. എന്നുമാത്രമുള്ള ചട്ടക്കൂടിലേക്ക് ഒതുക്കി. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതിയും കഴിഞ്ഞതോടെ സ്റ്റേഡിയത്തില്‍ നിന്നുള്ള ആരവവും മൈക്ക് സംഭാഷണവുമൊക്കെ ചെവിയിലെത്തി. ഇനി വെറും 400 മീറ്റര്‍ കൂടിയെന്ന് റോഡിലെ നിര്‍ദേശബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ആവേശം അലയടിച്ച മനസോടെ കൊച്ചി മെട്രോറെയില്‍ പണി നടക്കുന്ന ബോര്‍ഡുകള്‍ക്കിടയിലൂടെ മഹാരാജാസ് സ്റ്റേഡിയത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് കയറി.  കായിക കൗമാരവും യൗവനവും വാര്‍ധക്യവുമെല്ലാം വിയര്‍പ്പൊഴുക്കുന്ന ആ ട്രാക്കിലൂടെ വീണ്ടും 200 മീറ്റര്‍. സ്റ്റേഡിയത്തിലെ മാരത്തണ്‍ റണ്ണിങ് ക്ലോക്കില്‍ 1.40 മിനിറ്റെന്നു കാണിക്കുന്നു... എന്‍റെ സ്റ്റോപ് വാച്ചില്‍ 1.39 ആയിട്ടേയുള്ളു. മുന്നിലെ കെനിയന്‍ ഓട്ടക്കാരെ പറഞ്ഞയച്ച സമയമാണ് അവിടെകാണുന്നതെന്ന് പെട്ടെന്നുതന്നെ മനസിലായി. ഫിനീഷിങ് അലറിക്കൂവിത്തന്നെ രാജകീയമാക്കി. പിന്നീട് സഹപ്രവര്‍ത്തകരായ പത്രഫൊട്ടോഗ്രഫര്‍മാരുടെ ചുമലിലേറി ചെറിയൊരാഘോഷം... കഴിഞ്ഞപ്രാവശ്യത്തേതുപോലെ തന്നെ ഡെക്കാന്‍ക്രോണിക്കിള്‍ ഫൊട്ടോഗ്രഫര്‍ അരുണ്‍ ചന്ദ്രബോസ് വെള്ളക്കുപ്പിയുമായി ഓടിയെത്തി. പിന്നീട് മെഡല്‍ വാങ്ങാന്‍ റിഫ്രഷ്മെന്‍റ് ഏരിയയിലേക്ക് നീങ്ങുമ്പോഴും  തുടര്‍ന്ന് മനോരമ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം നടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങുമ്പോഴും ഇടത്തുകാലിനേറ്റ പരുക്കിന്‍റെ വേദനക്കും മുകളിലായിരുന്നു മനസില്‍ തങ്ങിനിന്ന സന്തോഷം. 


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 6, ശനിയാഴ്‌ച

ഇതാ മാരത്തണ്‍...


പരിശീലന കാലയളവിലെ മികവ് തെളിയിക്കാന്‍ ഇതാ സമയമായി. നാളെ പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേല്‍ക്കുക. ശുചിമുറിയിലെ ശീലങ്ങള്‍ക്കുശേഷം അല്‍പം ഭക്ഷണവും വെള്ളവും ഉടനെ കഴിക്കുക. തലേന്ന് തയ്യാറാക്കി വച്ചിരിക്കുന്ന മാരത്തണിനുള്ള ടീ-ഷര്‍ട്ട്, ഷോട്സ് എന്നിവ അണിഞ്ഞ് ചെറുതായി വാം അപ് തുടങ്ങുക.

തലേന്നു തന്നെ തയ്യാറാക്കി വയ്ക്കേണ്ടവ
1) ടീ-ഷര്‍ട്ട്, ഷോട്സ് , ഷൂസ് , സോക്സ്, ചെസ്റ്റ് നമ്പര്‍ (ഇവ അണിഞ്ഞുതന്നെ ഹോള്‍ഡിങ് ഏരിയയില്‍ എത്തുക)
2) മൊബൈല്‍ ഫോണ്‍ - ഇയര്‍ ഫോണ്‍ (പാട്ടുകേട്ടാണ് നിങ്ങള്‍ പരിശീലനം നടത്തിയിരുന്നതെങ്കില്‍)
3) ചെറിയൊരു കുപ്പിയില്‍ വെള്ളം.

 ഹോള്‍ഡിങ് ഏരിയയില്‍ എത്തിക്കഴിഞ്ഞ്
1) പുലര്‍ച്ചെ 5.30നാണ് 21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ പങ്കെടുക്കേണ്ടവര്‍ കൊച്ചി മറൈന്‍ഡ്രൈവിലെ ഹോള്‍ഡിങ് ഏരിയയില്‍ എത്തേണ്ടത്. അത് കൃത്യമായി പാലിക്കുക.
2) ഓട്ടത്തിന് മുന്നോടിയായുള്ള വാം അപ് തുടങ്ങുന്നതിന് മുന്‍പ് അല്‍പം വെള്ളം കുടിച്ച ശേഷം മൂത്രം ഒഴിക്കുക.
3) വാം അപ്പിനായി അവിടെ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിങ്ങള്‍ക്ക് കഴിയുന്നത് മാത്രം ചെയ്യുക.
4) പ്രമുഖ രാജ്യാന്തര-ദേശീയ ഓട്ടക്കാരെയാണ് മുന്നില്‍ നിറുത്തുക. അവര്‍ക്ക് പിന്നിലായി പ്രായക്രമത്തിലുള്ള സംഘങ്ങളും അണിനിരക്കും. നിങ്ങളുടെ പ്രായത്തിലുള്ള സംഘത്തില്‍ അണിചേരുക.
5) തുടക്കത്തില്‍ വലിയൊരു തിരക്കും തള്ളലും ഉണ്ടെങ്കിലും രണ്ട് കിലോമീറ്റര്‍ കഴിയുന്നതോടെ സ്ഥിതി ശാന്തമാകും.
6) പോകുന്ന വഴിയില്‍ വിവിധ സ്ഥലങ്ങളിലായി വെള്ളവും കഴിക്കാനുള്ള വസ്തുക്കളുമെല്ലാം വൊളന്‍റിയര്‍മാര്‍ നിങ്ങള്‍ക്കുനേരെ നീട്ടും. ആവശ്യമെങ്കില്‍ മാത്രം വാങ്ങുക.
7) വെള്ളം ലഭിക്കുന്ന കുപ്പി, ശരീരം  തണുപ്പിക്കാന്‍ ലഭിക്കുന്ന സ്പോഞ്ച് എന്നിവ അലക്ഷ്യമായി റോഡില്‍ എറിയാതിരിക്കുക. അത് പിന്നാലെ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കഴിവതും റോഡിന്‍റെ വശങ്ങളിലേക്ക് കളയുക.
8)  തുപ്പണമെന്ന് പലപ്പോഴും  തോന്നും. ഇതും പിന്നില്‍ വരുന്നവരെ ശ്രദ്ധിച്ചുമാത്രം ചെയ്യുക.

9) മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ആരോടും നിങ്ങള്‍ മല്‍സരിക്കുന്നില്ല. നിങ്ങളുടെ സ്റ്റാമിനയോടുതന്നെയാണ് പോരാട്ടം. അതിനാല്‍ ആരെങ്കിലും നിങ്ങളെ പിന്നിലാക്കി കടന്നുപോയാല്‍ വിഷമിക്കേണ്ടതില്ല. മുന്നിലുള്ള ഒരാളെയെങ്കിലും മറികടക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ മികവാണ്.

10) ഫിനിഷിങ് ലൈനില്‍ എത്തിയാല്‍ അല്‍പനേരം നടന്ന് കൂള്‍ ഡൗണ്‍ ചെയ്തശേഷം മാത്രം മറ്റുകാര്യങ്ങളിലേക്ക് കടക്കുക.

ആശംസനേരുന്നു.... നല്ലൊരു മാരത്തണിനായി... നിങ്ങളുടെ ജീവിതത്തില്‍ തുടര്‍ന്നും ഈ ആരോഗ്യവും സ്റ്റാമിനയും നിലനില്‍ക്കട്ടെ...
സ്നേഹപൂര്‍വം ജോസ്കുട്ടി പനയ്ക്കല്‍.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

  

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഉറങ്ങി ഒരുങ്ങാം...

ഇനി വലിയൊരു വിശ്രമം തന്നെ മാരത്തണിന് മുന്‍പ് ആവശ്യം. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച നമ്മുടെ പരിശീലന മാരത്തണിന് ഇതാ അവസാനമാകുന്നു. രണ്ട് രാത്രിക്കപ്പുറം ഇതാ മാരത്തണ്‍. ഇന്നും നാളെയും നന്നായി ഉറങ്ങുക. വൈകുന്നേരങ്ങളില്‍ ചെറുതായി വാം- അപ് ചെയ്യുക. ഇതുവരെ ചെയ്യാത്ത വ്യായാമ മുറകള്‍ ഇനി പരീക്ഷിക്കരുത്. കാല്‍ വേദനയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഐസ്പാക്ക്, ബാം, എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഇന്നുതന്നെ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ചെസ്റ്റ് നമ്പര്‍ ശേഖരിക്കുക. അവസാന ദിനമായ നാളെ ഇത് ശേഖരിക്കാനെത്തുന്ന വന്‍ ജനത്തിരക്കില്‍ നിന്നും രക്ഷനേടാന്‍ നേരത്തെയെത്തുന്നത് ഉപകരിക്കും. നിങ്ങളുടെ ചെസ്റ്റ് നമ്പര്‍ മാരത്തണ്‍ ദിനത്തില്‍ ഇടാന്‍ ഉദ്ദേശിക്കുന്ന ടീഷര്‍ട്ടില്‍ അഴിഞ്ഞുപോകാത്തതരത്തില്‍ സ്ഥാപിക്കുക. നാല് സേഫ്ടിപിന്നുകള്‍ ഉപയോഗിച്ച് ഇത് കൃത്യമായി നിങ്ങളുടെ ബനിയനോട് ചേര്‍ക്കുക. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുക. വെള്ളം ഇനിയുള്ള രണ്ട് ദിനവും ആവശ്യമില്ലാത്തപ്പോഴും കുടിക്കുക. കാരണം ഞായറാഴ്ചയിലെ മാരത്തണില്‍ ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന ജലത്തിന്‍റെ അളവിന് കണക്കില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഓട്ടത്തിൽ കുറുക്കുവഴിയില്ല


ഇന്നാണ് അവസാനമായി പരിശീലനത്തിനിറങ്ങാവുന്ന ദിനം. ഇന്നത്തെ പരിശീലനത്തിന് ശേഷമുള്ള രണ്ട് ദിനം തികച്ചും വിശ്രമിക്കാനും ശരിയായ രീതിയിൽ ഭക്ഷണവും വെള്ളവും കഴിക്കാനും ശ്രദ്ധിക്കുക. 21 കിലോമീറ്റർ എന്ന ഭാരം മനസിൽ കൊണ്ടുനടക്കാതിരിക്കുക. മാരത്തണിൽ പങ്കെടുക്കാനെത്തുന്ന ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിലെ ഒരു കണ്ണിമാത്രമാകുന്ന നിങ്ങളെ നോക്കാനോ ശ്രദ്ധിക്കാനോ ആരുമില്ല എന്നുള്ളകാര്യംകൂ‌ടി പ്രത്യേകം ഓർമ്മിക്കുക. എന്നുകരുതി ഓട്ടത്തിൽ കൃത്രിമം കാണിക്കാമെന്നും കരുതേണ്ട. നിങ്ങൾ ഓടുന്നത് നിരീക്ഷിക്കാൻ ആളില്ലെങ്കിലും ചെസ്റ്റ് നമ്പരിലുള്ള ഇലക്ട്രോണിക് ചിപ്പ് യാത്രയുടെ വേഗതയും കിലോമീറ്ററുമെല്ലാം അപ്പപ്പോൾ കൺട്രോൾ സെന്ററിൽ അറിയിച്ചുകൊണ്ടിരിക്കും. പകുതിയിലെത്തി യൂ ടേൺ തിരിഞ്ഞ്  തിരിച്ചോടുന്നവർക്കൊപ്പം വഴിയിൽ നിന്നും കയറിക്കൂടാമെന്ന് കരുതിയാൽ പണി പാളുമെന്ന് സാരം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 3, ബുധനാഴ്‌ച

മൽസരിക്കൂ... നിങ്ങളോടുതന്നെ...


ഇനി മാരത്തണിന് വെറും നാല് ദിനങ്ങൾ മാത്രം. നാളെ അവസാനവട്ടപരിശീലനം നടത്തേണ്ടതാണ്. ഏറ്റവും ഊർജമെടുത്ത് അവസാന ദിനങ്ങളിൽ പരിശീലനം നടത്തരുത്. തട്ടിവീഴാനും പരുക്കേൽക്കാനുമൊക്കെ അവസാനവട്ട പരിശീലനത്തിൽ സാധ്യത ഏറെയാണ്. ഒട്ടും തിരക്കുകാട്ടാതെ  സാവധാനം അവസാനദിന പരിശീലനം പൂർത്തിയാക്കുക. മറ്റുള്ളവർ നൽകുന്ന ഉപദേശങ്ങളിൽപ്പെട്ട് ഇത്രനാൾ ശീലിച്ചുവന്ന മുറക്ക് മാറ്റമൊന്നും വരുത്തരുത്. മാരത്തണിൽ ആദ്യമായി പങ്കെടുക്കാനെത്തുന്ന നിങ്ങൾ നിങ്ങളുടെ കപ്പാസിറ്റിയോടുതന്നെയാണ് മൽസരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി നിങ്ങൾക്കൊരു മൽസരമില്ല. ഇന്ന് നേരത്തെ കിടന്നുറങ്ങുക. എട്ടുമണിക്കൂർ ഉറങ്ങിയതിന് ശേഷം മാത്രം അവസാനദിന പരിശീലനത്തിലേക്ക് കടന്നുകൊള്ളൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 2, ചൊവ്വാഴ്ച

ശരിയായ പാത അറിയാമോ?

മാരത്തണ്‍ പരിശീലനം ഇത്രനാള്‍ നടത്തി വന്ന വഴികളെ ഇനി മറക്കാം. അത് ദുര്‍ഘടപാതകളായിരുന്നെങ്കില്‍ നിങ്ങളില്‍ കൂടുല്‍ ഊര്‍ജം നിലനില്‍ക്കുന്നുണ്ടാകും. ഇനി സൈക്കിളിലോ നടന്നോ ജോഗ് ചെയ്തോ മാരത്തണിന്റെ ശരിയായ പാതയൊന്ന് പരിചയപ്പെട്ടോളൂ. 21 കിലോമീറ്റര്‍ ഓടേണ്ടവര്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നും തോപ്പുംപടി വഴി ചെല്ലാനം ഫോര്‍ട്ടുകൊച്ചി തിരിയുന്ന സ്ഥലത്തേക്കാണ് ഓടേണ്ടത്. (ഇതോടൊപ്പമുള്ളമാപ്പ് പരിശോധിക്കുക).  അവസാനമായി പരിശീലനം നടത്തുന്ന ദിനത്തിലൊന്ന് ഇതുവഴി ഓടിയും നോക്കുക.  നിങ്ങള്‍ ഇതുവഴി ഒരു പ്രാവശ്യമെങ്കിലും  സഞ്ചരിച്ചിരിക്കുന്നത് ശരിയായ മാരത്തണ്‍ ദിനത്തില്‍ ഗുണം ചെയ്യും. ഓടാനോ നടക്കാനോ പറ്റുന്നില്ലെങ്കില്‍ മുന്‍പ് പറഞ്ഞതുപോലെ വാഹനത്തിലെങ്കിലും യാത്രചെയ്ത് ഈ പാതയൊന്ന് പരിചയപ്പെട്ടോളൂ...

 
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഇന്ന് തീര്‍ക്കാം...

ഇതാ മാരത്തണ്‍ പരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുന്നു. 21 കിലോമീറ്റര്‍ ലക്ഷ്യം ഇന്ന് പൂര്‍ത്തിയാക്കണം.  ഇത്രനാള്‍ നടത്തിവന്ന പരിശീലനത്തിന് ഇതോടെ പരിസമാപ്തി. മനസില്‍ സന്തോഷത്തിന്റെ തിരതള്ളല്‍ ഉണ്ടാകുന്നില്ലേ? ഇന്നുമുതല്‍ ഒരാഴ്ചക്കാലം കൂടുതല്‍ വെള്ളം കുടിക്കണം. 21 കിലോമീറ്ററിനുശേഷം തുടര്‍ച്ചയായി രണ്ടുദിവസം വിശ്രമിക്കുക. മൂന്നാം ദിനം ഒരിക്കല്‍കൂടി 21 കിലോമീറ്റര്‍ ഓടുക. പിന്നീട് ശരിയായ മാരത്തണ്‍ ദിനത്തിനായി ഒരുങ്ങുക. വിശ്രമദിനങ്ങളില്‍ ചെറുതായി നടക്കുകയോ നീന്തിക്കുളിക്കുകയോ ചെയ്യാന്‍ മറക്കേണ്ട.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...