2023, ജൂലൈ 31, തിങ്കളാഴ്‌ച

2018ൽ കേരളം, 23ൽ ഡൽഹി; കുട വാങ്ങാത്തവരുടെ നാട്ടിലെ പ്രളയക്കഥകൾ

2018ഇടുക്കി അണക്കെട്ടു തുറന്നപ്പോഴത്തെ ജലപ്രവാഹത്തിൽ പെരിയാർ കരവിഞ്ഞു മുങ്ങിയ എറണാകുളത്തിന്റെയും 2023ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടു തുറന്നപ്പോൾ മുങ്ങിയ ഡൽഹിയുടെയും സമാന പ്രളയ കാഴ്ചകളിലൂടെ... 

 

ഡൽഹിയിലെ പ്രളയ ദുരിതം ചിത്രീകരിക്കുന്ന ജോസ്കുട്ടി പനയ്ക്കൽചിത്രംബാലഗോപാൽ.



∙ 









2018ൽ കേരളത്തിലെയും 2023ൽ ഡൽഹിയിലെയും പ്രളയങ്ങൾ ചിത്രങ്ങളിലൂടെ റിപ്പോട്ടു ചെയ്ത മലയാള മനോരമ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ, ഇരു പ്രളയത്തിലെയും സൗമ്യതകൾ ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും വിവരിക്കുന്നു. (ഇതിന്റെ പൂർണരൂപം മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായിക്കാം, കാണാൻ ഇവിടെ ക്ലിക് ചെയ്യുക.)

                        2018ലെ പ്രളയത്തെക്കുറിച്ചുളള അനുഭവക്കുറിപ്പ് ഇവിടെ


മഴ തീരെയില്ലാത്ത നാട്ടിൽ... 

ഡൽഹിയിൽ രണ്ട് തരം കാലാവസ്ഥയേ ഉള്ള. അത് കനത്ത ചൂടും കനത്ത തണുപ്പുമാണ്. കൊച്ചിയിൽ നിന്നും സ്ഥലംമാറ്റത്തെത്തുടർന്ന് ഈ ബോധ്യവുമായി മേയ് 4ന് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ തുടങ്ങിയതാണ് മഴ. പിന്നെ ഈ കുറിപ്പ് എഴുതും വരെയും പല ദിവസങ്ങളിലും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ ഡൽഹിയിൽ മഴ പെയ്യാറില്ലെന്നും നിങ്ങൾ കേരളത്തിൽ നിന്നും കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്


2023 ജൂലൈ 7ന് പതിവിലും മഴ പെയ്തു തുടങ്ങിയ ഡൽഹിയിൽ ആദ്യമൊക്കെ ആഘോഷ കാഴ്ചകളായിരുന്നു. ഇന്ത്യാ ഗേറ്റുമുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന കർത്തവ്യപഥിൽ ആളുകൾ കൂട്ടത്തോടെ മഴ നനഞ്ഞു നടക്കുന്നു. കുടയെടുക്കാൻ താത്പര്യമില്ലാത്തവരാണ് ഡൽഹി ജനത. വർഷത്തിൽ ഏതാനും ദിനം ഏതാനും മിനിറ്റു പെയ്യുന്ന മഴയ്ക്കായി എന്തിന് കുടയെന്ന വസ്തു വാങ്ങണം? അതെന്തിനു താങ്ങി നടക്കണം? എന്തൊരു അസൗകര്യമുളവാക്കുന്ന വസ്തു... എന്നിങ്ങനെയെല്ലാം കുടപ്രശ്നങ്ങളാണ് ഇവിടുള്ളവർക്ക് പറയാനുള്ളത്. മഴയെങ്കിൽ അത് നനഞ്ഞു പോകുക എന്നതാണ് ഇവിടത്തെ സ്റ്റൈൽ. കുടപിടിച്ചു നടക്കുന്നവരെ കണ്ടാൽ ഏകദേശം ഉറപ്പിക്കാം അതൊരു മലയാളിയായിരിക്കും.


ആദ്യത്തെ ആഘോഷമൊക്കെ കഴിഞ്ഞതോടെ നഗരത്തിൽ പതിയെ വെള്ളക്കെട്ടു തുടങ്ങി. അതീവ സുരക്ഷയുള്ള മേഖലയായ പാർലമെന്റ് പരിസരമൊക്കെ വെള്ളക്കെട്ടിലായി. അങ്ങിങ്ങായി റോഡ് ഇടിഞ്ഞു താഴുന്ന സംഭവമൊക്കെ റിപ്പോട്ടുചെയ്തു തുടങ്ങി. ആ സ്ഥലങ്ങളിലൊക്കെ പോയി വെള്ളത്തിലുള്ള ആഘോഷമൊക്കെ പകർത്തി തിരിച്ചെത്തി. ഡൽഹിയിൽ വന്ന് സ്ഥലങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ കൊച്ചിയിലേതു പോലെ മഴപെയ്താൽ എവിടെയൊക്കെ വെള്ളം കയറും എന്നൊന്നും ധാരണയില്ല. അതിനാൽ പലരും ട്വീറ്റ് ചെയ്യുമ്പോഴൊക്കെയാണ് സ്ഥലത്തെക്കുറിച്ച് അറിയുന്നതുപോലും. 2018ലെ കേരളത്തിലെ പ്രളയത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളെ പകർത്തിയതൊക്കെ ഈ സമയത്ത് ഓർമിച്ചെങ്കിലും ഡൽഹിയിലും അങ്ങനൊന്ന് സംഭവിക്കാൻ പോകുന്നുവെന്ന് കരുതിയതേയില്ല.



റീൽസും ആഘോഷവും 

ജൂലൈ 8ന് കനത്ത മഴയിൽ അണ്ടർപാസുകളിലൊക്കെ പതിയെ വെള്ളം കയറിത്തുടങ്ങി. റോഡിനടിയിലേക്ക് പോകുന്ന അണ്ടർപാസുകളിൽ വെള്ളം സ്വാഭാവികമായും കയറാവുന്നതാണല്ലോ എന്ന ചിന്ത മനസിൽ തോന്നുകയും ചെയ്തു. ഇടവിട്ടു ഒളിഞ്ഞും തെളിഞ്ഞും പെയ്ത മഴയിൽ പിറ്റേന്നായതോടെ കർത്തവ്യപഥിലെ റോഡും പുൽത്തകിടിയുമെല്ലാം വെള്ളക്കെട്ടിലമർന്നു. അവിടെ ചാടിക്കളിക്കാനും സോഷ്യൽ മീഡിയ റീൽസ് എടുക്കാനുമെല്ലാം ആളുകളുടെ ബഹളം.


രാവിലെ താമസ സ്ഥലത്തുനിന്നും മെട്രോ ട്രെയിനിൽ വരുമ്പോൾ യമുനാനദിയെ കുറുകെ കടക്കേണ്ടതുണ്ട്. മാലിന്യം നിറഞ്ഞു കറുത്ത് ഒഴുകിയിരുന്ന നദി പതിയെ നിറം മാറി കലങ്ങി ഒഴുകിത്തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുതിയ പാർലമെന്റിനു മുന്നിലെ അമൻ സർക്കിളിനു ചുറ്റും വെള്ളം കയറിയിരിക്കുന്നു. മനോരമ ഓഫിസ് സ്ഥിതി ചെയ്യുന്ന റാഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിൽ നിന്നും ഇവിടേയ്ക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ, പക്ഷേ ഫുട്പാത്തിൽ ഉൾപ്പടെ വെള്ളം നിറഞ്ഞിരിക്കുന്നു. അതിന്റെ അരികു ചേർന്ന് ഷൂസ് നനയാതെ നടന്നു പോകാൻ പരമാവധി ശ്രമിച്ചു. പക്ഷേ തിരമാലപോലെ വെള്ളം പറത്തിവിട്ടു വന്ന സിറ്റി സർവീസ് ബസ്, മുട്ടിനുതാഴെയുള്ള ഭാഗമെല്ലാം നനച്ചു. ഇനി രക്ഷയില്ല! ഷൂസ് നനയ്ക്കാതെ നടക്കാൻ നോക്കിയ ഞാനിതാ ജീൻസടക്കം നനഞ്ഞു നിൽക്കുന്നു. പിന്നെ നേരെ വച്ചുപിടിച്ചു അമൻ സർക്കിളിലേക്ക്. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്തുനിന്നും കനത്ത ചെളി വെള്ളം ഒഴുകിവരുന്നുണ്ട്. ഇതിൽ ചവിട്ടേണ്ടെന്നു കരുതി എതിർഭാഗത്തെ റോഡിലേക്ക് കടന്നതും ചവിട്ടിയിരുന്ന റോഡിലെ മധ്യഭാഗം താഴേക്ക് ഇരുന്നതുപോലെയൊരു തോന്നൽ. അതുവരെ കാണാത്ത പുതിയൊരു കുഴി അവിടെ രൂപപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രമെടുത്ത റോഡ് ഇടിഞ്ഞുതാഴൽ പെട്ടെന്ന് ഓർമയിലെത്തി. വളരെ വേഗം അവിടെനിന്നും കരകയറി. റെയ്സീന റോഡിലെ പ്രസ്ക്ലബ്ബ് ഓഫ് ഇന്ത്യയുടെ മുൻവശത്തെ റോഡിലൂടെ കയറുന്ന വെള്ളം പിന്നിലെ വാതിലിലൂടെ അടുത്ത റോഡിലേക്ക് പോകുന്നു, സെൻട്രൽ സെക്രട്ടറിയറ്റ് മെട്രോ സ്റ്റേഷന്റെ മുൻപിൽ വലിയ വെള്ളക്കെട്ടായി മെട്രോയിറങ്ങുന്നവർ റോഡിലേക്കിറങ്ങാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്നു, റാഫി മാർഗിൽ ചെറുമഴ വന്നപ്പോൾ നനയാതിരിക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറിയ ഇരുചക്രവാഹനയാത്രക്കാർ വെള്ളത്തിൽ മുങ്ങിയ സ്കൂട്ടര്‍ ഇനിയെങ്ങനെയെടുക്കും എന്ന ശങ്കയോടെ നിൽക്കുന്നു... അങ്ങനെ മഴക്കാഴ്ചകൾ ഡൽഹിയുടെ ഏറ്റവും സംരക്ഷിത മേഖലകളിലൊന്നിൽ വിചിത്രമായിക്കൊണ്ടിരിക്കുന്നു.



നിശ്ചലം ലോഹാ പുൽ

യമുനയുടെ സംഹാര താണ്ഡവം ഏറെ അടുത്ത് കാണാവുന്നതും വാഹനത്തിലെത്താവുന്നതുമായ സ്ഥലം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഓൾഡ് യമുനാ ബ്രിജ് എന്ന പേരായിരുന്നു. ‘ലോഹാ പുൽ’ എന്നറിയപ്പെടുന്ന 1867ൽ ഗതാഗതം തുടങ്ങിയ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പു പാലം. ഇരുമ്പു ചട്ടക്കിടയിലൂടെ തിങ്ങി ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങളും മുകളിലൂടെ ട്രെയിനും. അതിനടിയിൽ കുത്തിയൊഴുകുന്ന യമുന. അവിടെ എത്തുമ്പോൾ വെള്ളം ഉയരുന്ന ഭീതിയിൽ പാലത്തിനടിയിൽ താമസിച്ചിരുന്നവരൊക്കെ തങ്ങളുടെ വസ്തുക്കളെല്ലാമെടുത്ത് സ്ഥലം വിടാനൊരുങ്ങുകയാണ്. ഇതിനോടു ചേർന്ന് കൊച്ചുകൊച്ചു ക്ഷേത്രങ്ങളുമുണ്ട്. അതിന്റെ തറയോടുചേർന്ന് വെള്ളം ശക്തമായി ഒഴുകിയെത്തുന്നുണ്ട്. ഐഎസ്ബിടി കശ്മീരി ഗേറ്റ് എന്നറിയപ്പെടുന്ന മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിൻ നദിക്ക് കുറുകെ കടക്കുന്ന ദൃശ്യം ഇവിടെ നിന്ന് പകർത്താം. ഒപ്പം നദി മധ്യത്തിൽ ഒരു കൊച്ചു ക്ഷേത്രവും മുങ്ങി നിൽക്കുന്നുണ്ട്. കേരളത്തിലെ പ്രളയത്തിൽ കാലടി പെരിയാർ മധ്യത്തിലെ കൊച്ചു ക്ഷേത്രം മുങ്ങി നിൽക്കുന്നതും പെരിയാർ ആർത്തലച്ച് ഒഴുകുന്നതുമായ ദൃശ്യം എന്റെ ഓർമയിൽ ഓടിയെത്തി. ചിത്രമെടുത്ത് ഓഫിസിലെത്തി അടിക്കുറിപ്പ് തയാറാക്കുമ്പോഴേക്കും നദിയിലെ ജലനിരപ്പ് 205.33 എന്ന അപകട നിലയ്ക്കും മുകളിലെത്തിയെന്ന് കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പെത്തി.



ഇടിഞ്ഞു താഴുന്ന റോഡുകൾ

ഇന്ത്യാഗേറ്റിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു എന്ന സന്ദേശം പിറ്റേന്ന് ഡൽഹിയിലെ ഒരു ഫോട്ടോ ജേണലിസ്റ്റ് അയച്ചു തന്നതിനു പിന്നാലെ അവിടേക്ക് പോകാൻ തീരുമാനിച്ചു. കൊച്ചിയേക്കാൾ അടിത്തറയില്ലാത്ത സ്ഥലമാണോ ഡൽഹിയെന്ന് മനസിൽ കരുതുകയും ചെയ്തു. കാരണം ചതുപ്പിനു മേലെയാണ് കൊച്ചി നഗരം. 2018ലെ പ്രളയത്തിൽ കൊച്ചി നഗരത്തിനു ഓടകൾ നിറഞ്ഞുണ്ടായ പ്രശ്നമല്ലാതെ ഏറെ ദുരിതങ്ങളൊന്നും ബാധിക്കപ്പെട്ടില്ല. എന്നാൽ ആലുവയും, പെരുമ്പാവൂരും, മൂവാറ്റുപുഴയും, നെടുമ്പാശേരിയും, ഏലൂർ, പാതാളം മേഖലകളുമൊക്കെ വെള്ളത്തിനടിയിലാകുകയും ചെയ്തു. അതുപോലെ തന്നെ ന്യൂഡൽഹിയുടെ ഭാഗങ്ങളിലെല്ലാം മഴ കനത്തു പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടല്ലാതെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല, എന്നാൽ യമുന തൊട്ടുരുമ്മുന്ന ഓൾഡ് ഡൽഹിയിൽ സ്ഥിതി വ്യത്യസ്ഥവുമാണ്. റോഡ് താഴ്ന്ന സ്ഥലത്തിനു സമീപം വലിയ ഗതാഗതക്കുരുക്കുണ്ട്. റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉടൻ തന്നെ പണിയും ആരംഭിച്ചു. നഗരത്തിൽ അപ്പോഴേക്കും മഴയൊഴിഞ്ഞിരുന്നു.



രാഷ്ട്രപതിഭവനു’ മുൻപിൽ കട്ടിലിട്ടു കിടപ്പ്

വൈകുന്നേരമായപ്പോൾ വേറൊരു സന്ദേശംകൂടിയെത്തി. ഡൽഹിയിൽ മലയാളികൾ ഏറെ വസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ. അതിനോടു ചേർന്നുള്ള ഫ്ലൈഓവറിനടിയിൽ യമുനാ നദിയോട് ചേർന്നു താമസിച്ചിരുന്നവരെല്ലാം താമസമാക്കിയിരിക്കുന്നു. എന്നാൽ അവിടെയൊന്നു പോയി നോക്കാൻ തീരുമാനിക്കുന്നു. ഗതാഗതക്കുരുക്കുകൾ കടക്കാൻ ഏറ്റവും നല്ല യാത്രാ രീതി മെട്രോ ട്രെയിൻ തന്നെയാണ്. മയൂർ വിഹാർ സ്റ്റേഷനിലിറങ്ങിപ്പോഴേ കാണാം പാലത്തിനടിയിൽ താമസക്കാരുടെയും അവരുടെ വളർത്തു മൃഗങ്ങളുടെയുമൊക്കെ ബഹളം. തലേന്ന് രാത്രി അവരുടെ വീടുകളിൽ വെള്ളം കയറിയതോടെ കിടക്കയും അവശ്യ സാധനങ്ങളുമെടുത്ത് ഇവിടേയ്ക്കു മാറുകയായിരുന്നു. ജി20 സമ്മേളനത്തിന്റെ ഭാഗമായി മേൽപാലത്തിലെ തൂണിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രപതിഭവന്റെ ചിത്രത്തിനരികെ കട്ടിലിട്ട് അതിന് മുകളിൽ കൊതുകുവല വിരിക്കാനൊരുങ്ങുന്ന ഒരുഅച്ഛന്റെയും മകന്റെയും ചിത്രമാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. കേരളത്തിൽ സ്കൂളുകൾ ക്യാംപുകളായി മാറിയ ദൃശ്യത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഫ്ലൈഓവറുകളും അഭയകേന്ദ്രമായി മാറുന്ന കാഴ്ചയായിരുന്നു അത്.



യമുനാഗട്ടിലെ മലയാളം

അടുത്ത ദിവസം യമുനാ ബാസാർ എന്നറിയപ്പെടുന്ന സ്ഥലത്തെ വീടുകളിൽ വെള്ളം കയറുന്നതായി അറിവു കിട്ടി. ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും നദിയിലെ വെള്ളത്തിലെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്. 40 വർഷക്കാലത്തെ റെക്കോർഡും തകർത്ത് ജലത്തിന്റെ തോത് ഉയരുന്നു. ഗൂഗിൾ മാപ്പിൽ തിരഞ്ഞ് യമുനാ ബാസാർ കണ്ടെത്തി അവിടെയെത്തുമ്പോൾ പലരും വീട്ടുപകരണങ്ങളുമായി വീടിനു മുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു വീടിന്റെ ഭിത്തിയിൽ മലയാളത്തിൽ ‘യമുന ഗട്ട്’ എന്ന് എഴുതിയിരിക്കുന്നു. അതെന്താണ് അവർ മലയാളികളാണോയെന്ന് അന്വേഷിച്ചു. ഇവിടെ ഒട്ടേറെ മലയാളികൾ പൂജാ കർമ്മങ്ങൾക്കായി എത്താറുണ്ടെന്നും അവരെക്കരുതി എഴുതിയതാണെന്നും പ്രളത്തിലൂടെ ബോട്ടു തുഴഞ്ഞെത്തിയ ആൾ പറഞ്ഞു. യമുനയും വീടുകളും ഒരേ ലെവലിൽ നിൽക്കുകയാണ്. മുൻപ് ഈ സ്ഥലം കണ്ടിട്ടില്ലാത്തതിനാൽ വെള്ളം കയറുന്നതിന് മുൻപ് ഇവിടം എങ്ങിനെയായിരുന്നു എന്ന് യാതൊരു രൂപവുമില്ലതാനും. വീടുകൾക്ക് മുകളിൽ നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വീട്ടുപകരണങ്ങൾ മാറ്റുന്നതിന്റെയുമൊക്കെ ചിത്രമെടുത്തതോടെ എൻഡിആർഎഫ് സംഘവും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇവിടേക്ക് എത്തിത്തുടങ്ങി. ഏറെ അകലെയല്ലാതെ മൊണാസ്ട്രി മാർക്കറ്റ് എന്നൊരു സ്ഥലമുണ്ടെന്നും അവിടത്തെ ടിബറ്റൻ മാർക്കറ്റ് മുഴുവൻ വെള്ളത്തിലായെന്നും കേട്ട് അവിടേയ്ക്ക് പോകാനൊരുങ്ങി. പക്ഷേ വെള്ളം കയറി വഴികളൊക്കെ അടച്ചതോടെ ഗൂഗിൾ മാപ്പ് വട്ടം ചുറ്റിച്ചു. ഒട്ടേറെത്തവണ ഈ സ്ഥലങ്ങളിലെ ഫ്ലൈഓവറുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം കറങ്ങി അവസാനം മാർക്കറ്റിലും എത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ ഇന്റർനെറ്റ് മോഡമൊക്കെയായി കച്ചവടക്കാർ വരുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഇതിനുള്ളിലുണ്ടെങ്കിൽ എല്ലാം നശിച്ചിരിക്കുമെന്ന് ഉറപ്പ്.


എൻഡിആർഎഫിന്റെ പശു പിടിത്തം

യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നുകൊണ്ടേയിരിക്കുന്നു. ഡൽഹിയിൽ മഴയില്ലെങ്കിലും ഹരിയാനയിലെ ഹത്‌നികുണ്ഡ് ഡാം തുറന്നു വിട്ടതോടെ ഇതേ നദിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം നദീതടത്തിലുള്ളവരെ മുക്കിക്കൊണ്ടിരിക്കുന്നു. പശുക്കൾ പലതും നദിയിലൂടെ ജീവനോടെയും അല്ലാതെയും ഒഴുകുന്നു. രക്ഷാപ്രവർത്തകർ വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ നിന്നും നാൽക്കാലികളെ രക്ഷിക്കാൻ നോക്കുന്നുണ്ട്. ഓൾഡ് ബ്രിജിനപ്പുറമുള്ള സ്ഥലത്ത് വലിയൊരു ഗോശാലയുണ്ട്. അതിൽ വെള്ളം കയറിയതോടെ നാൽക്കാലികളെ രക്ഷിക്കാൻ വലിയൊരു സംഘമെത്തി. വെറ്റിനറി ഡോക്ടർമാരെയും മരുന്നുമൊക്കെ കരയിൽ സജ്ജീകരിച്ചു നിർത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം ശ്രമകരമായാണ് ബോട്ടിന്റെ അരികിൽ ചേർത്തു പിടിച്ച് നാൽക്കാലികളെ കൊണ്ടുവരുന്നത്. ഇതിനിടെ കുതറിയോടാൻ ശ്രമിക്കുന്ന നാൽക്കാലികളെ പിടിക്കാൻ മറ്റൊരു സംഘവും സ്ഥലത്തുണ്ട്. കരയിലെത്തിച്ചപ്പോൾ പലതും അബോധാവസ്ഥയിലാണ്. അതിന്റെയൊക്കെ ശരീരത്തിൽ അമർത്തി വെള്ളം പുറത്തേക്ക് കളഞ്ഞു തിരിച്ച് ജീവൻ കൊടുക്കുന്നു രക്ഷാപ്രവർത്തകർ. ഓരോ നാൽക്കാലിയും അബോധാവസ്ഥയിൽ നിന്ന് ഉണരുമ്പോൾ ‘ഗോമാതാ കീ ജയ്’ വിളികളും ഉയരുന്നുണ്ട്.


വെള്ളത്തിൽ വീണ ഡ്രോൺ 

ഐഎസ്ബിടിയിലേക്കുള്ള ഫ്ലെ ഓവറിൽ പ്രവേശിക്കാനായി സഞ്ചരിച്ച ട്രക്ക് വെള്ളത്തിൽ പെട്ടു കിടക്കുന്നു. ഇതിനു മുകളിൽ കയറി വെള്ളത്തിലേക്ക് കരണം മറിഞ്ഞു ആഘോഷിക്കുന്ന യുവാക്കളെയും തിരിച്ചുള്ള യാത്രയിൽ കാണാൻ കഴിഞ്ഞു. ചെങ്കോട്ടയുടെ പുറകുവശം മുഴുവൻ പ്രളയത്തിലമർന്നുകഴിഞ്ഞു. അതുവഴിയുള്ള മഹാത്മാഗാന്ധി മാർഗിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനുള്ള കെട്ടിടത്തിന്റെ മേൽക്കൂര മാത്രമേ കാണാനുള്ളൂ. അതിനു മുകളിൽ ട്രാഫിക് കോണുകളും കട്ടിലുമൊക്കെ കയറ്റിവച്ച് രണ്ടു യുവാക്കൾ ഇരിക്കുന്നു. ചുറ്റും വെള്ളവും ഒരു വശത്ത് ചെങ്കോട്ടയും. ഇതിനിടെ ഒരു ഡ്രോൺ ക്യാമറ എവിടെനിന്നോ പറന്നെത്തി. പൊതുവെ ഡൽഹിയിലാകെ ഡ്രോൺ നിരോധിത മേഖലയാണ്. ഈ സ്ഥലത്തോടു ചേർന്ന് പട്ടാളക്കാരെയും കാണുന്നുണ്ട്. ഇവർ ഡോൺ വെടിവച്ചിടുമോയെന്ന് ശങ്കിച്ചു നിൽക്കുന്നതിനിടെയതാ ചെങ്കോട്ടയുടെ മൂലയിലിടിച്ച് ഡ്രോൺ വെള്ളത്തിലേക്ക് വീഴുന്നു. ആദ്യമൊന്ന് മുങ്ങിപ്പോയ ശേഷം പിന്നാലെ വെള്ളത്തിനു മുകളിലേക്ക് തിരിച്ചെത്തി കുഞ്ഞൻ ക്യാമറ. ഒരാൾ ഇതു പിടിച്ചെടുക്കാൻ നീന്തി വരുന്നുണ്ട്. ആ ചിത്രവും ക്യാമറയിലാക്കി റെയിൽവേ പാലത്തിന്റെ മറുവശത്തു നോക്കിയപ്പോൾ ഡ്രോണിന്റെ റിമോട്ട് സംവിധാനവുമായി പറത്തിവിട്ടയാൾ അവിടെ നിൽപ്പുണ്ട്. ആകെ അമളി പിണഞ്ഞ ഭാവം. പുള്ളിക്കാരൻ പണം നൽകാമെന്ന് ഉറപ്പു കൊടുത്തു വിട്ടയാളാണ് വെള്ളത്തിൽ ഡ്രോൺ തിരയാൻ പോയിരിക്കുന്നത്. ബാറ്ററി ഊരിമാറ്റി കൊണ്ടുവാരാനൊക്കെ കരയിൽ നിന്ന് പറയുന്നുണ്ട്. ഒരു കയ്യിൽ ഡ്രോണും മറുകൈ നീന്താനും ഉപയോഗിക്കുന്നതിനിടയിൽ ഡ്രോണിന്റെ ബാറ്ററി ഊരാനൊന്നും നീന്തൽക്കാരൻ മിനക്കെട്ടില്ല.


ഇനിയും താഴാതെ ഐടിഒ 

ഗതാഗതം ഏറെയുള്ളതും സർക്കാർ സ്ഥാപനങ്ങൾ ഏറെയുള്ളതുമായ ഐടിഒ എന്ന സ്ഥലം പ്രളയത്തിൽ മുങ്ങിയിട്ട് ഏറെനാളായി. അവിടെനിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും വാർത്താ ചാനലുകളിൽ വരുന്നത്. റോഡ് മാർഗവും മെട്രോ മാർഗവും ഏറ്റവും എളുപ്പത്തിൽ പ്രളയ ദുരിത സ്ഥലത്ത് എത്താവുന്ന ഒരിടമായിരുന്നു ഇത്. മുൻപ് ഈ സ്ഥലത്തെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിതിനാൽ പിന്നീട് ഇവിടേയ്ക്ക് പോയിരുന്നില്ല. മഴ അവസാനിച്ച ശേഷവും ഇപ്പോഴും ഇവിടത്തെ വെള്ളക്കെട്ടിനെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ വീണ്ടും അവിടേയ്ക്കു പോകാൻ തീരുമാനിച്ചു. അവിടെ ചെല്ലുമ്പോൾ രാവിലത്തെ പ്രളയദുരിതക്കാഴ്ചകൾ റിപ്പോട്ട് ചെയ്യാൻ ടെലിവിഷൻ ക്യാമറകൾ ഒട്ടേറെയുണ്ട്. പല റിപ്പോർട്ടർമാരും വെള്ളത്തിൽ മുങ്ങി റിപ്പോട്ട് ചെയ്ത് പതിയെപ്പതിയെ അസുഖബാധിതരായിക്കഴിഞ്ഞു. പുതുതായി എത്തിയവർ ആവേശപൂർവം വീണ്ടും മാലിന്യം നിറഞ്ഞ നെഞ്ചൊപ്പം വെള്ളത്തിലിറങ്ങി റിപ്പോട്ട് ചെയ്യുന്നു. മലയാളി ചാനൽ പ്രവർത്തകർ പക്ഷേ ഇതിൽ മാന്യത പാലിക്കുന്നുണ്ട്. വെള്ളത്തിന്റെ കരയിൽ നിന്നാണ് അവരുടെ റിപ്പോട്ടിങ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിൽ ചാടി റിപ്പോട്ടു ചെയ്ത പലരുടെയും അനുഭവങ്ങളും കേരളത്തിൽ പ്രളയം റിപ്പോട്ട് ചെയ്തവരുടെ പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം അവർ കേട്ടിരിക്കാം. രാവിലെ ഓഫിസിൽ പോകുന്നവരുടെ ദുരിതമടക്കം അവിടെ നിന്നു പകർത്തിയ ശേഷം രാജ്ഘട്ടിൽ ജലം നിറഞ്ഞ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.


രാജ്ഘട്ടിലെ വണ്ടർലാ !!

രാജ്ഘട്ടിലേക്കുള്ള വഴി പൊലീസ് അടച്ചിരിക്കുകയാണ്. വഴിയാകെ വെള്ളം നിറഞ്ഞു കിടക്കുന്നു. മഹാത്മാഗാന്ധി മാർഗിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൽ കളിക്കാൻ എവിടെനിന്നോ വലിയ സംഘം ആളുകൾ എത്തിയിട്ടുണ്ട്. അതിൽ കിടന്ന് ഉരുണ്ടും അലക്കിയും കുളിച്ചുമെല്ലാം അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. കുഞ്ഞു കുട്ടികൾ മുതൽ 80 കടന്നവർ വരെ അക്കൂട്ടത്തിലുണ്ട്. എല്ലാവരും വാട്ടർ തീം പാർക്കിലെത്തിയ മൂഡിലാണ്. പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ഇടയ്ക്കിടെ വഴക്കുപറഞ്ഞ് ഓടിക്കുന്നുമുണ്ട്. അപ്പോൾ മാറിയാലും പിന്നീട് വീണ്ടും തിരിച്ചെത്തി കളി തുടരുന്നു.

ഒരു ദിനം കൂടി കടന്നു പോയതോടെ പതിയെ വെള്ളം താഴ്ന്നു തുടങ്ങി. കേരളത്തിൽ കണ്ടതുപോലെ ഇനി ചെളി കോരലിന്റെയും പാമ്പു പിടിത്തത്തിന്റെയുമൊക്കെ നാളുകളാണ്. പാമ്പ് ഡൽഹിയിൽ പൊതുവെ കുറവാണ്. പക്ഷേ നദിയിലൂടെ ഒഴുകിയെത്തിയവ ഒട്ടേറെയുണ്ടാകുമെന്ന് ഉറപ്പ്. കേരളത്തിലെ പ്രളയത്തിൽ നീന്തിപ്പോകുന്ന ഒട്ടേറെ പാമ്പുകളെ കണ്ടെങ്കിലും ഇവിടെ ഒന്നിനെപ്പോലും കണ്ടിട്ടില്ല. മുൻപ് പോയ സ്ഥലങ്ങളിലൊക്കെ പാമ്പിനെപ്പേടിച്ചു ശ്രദ്ധയോടെയാണ് ഓരോ അടിയും വച്ചതുപോലും വെള്ളത്തിൽ കളിക്കുന്ന കുട്ടികളെയൊക്കെ കണ്ടിട്ട് ഇക്കാര്യം മനസിൽ ഓർത്തെങ്കിലും പൊലീസ് വഴക്കു പറഞ്ഞിട്ടുപോലും വെള്ളത്തിൽ നിന്നു കയറാത്ത കുട്ടികൾ എന്റെ വാക്കിൽ കയറില്ലെന്ന് ഉറപ്പ്. പതിയെപ്പതിയെ പാമ്പിനെ കണ്ടെന്നുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നുതുടങ്ങി. ചെങ്കോട്ടയുടെ പിന്നിലൂടെയുള്ള മഹാത്മാഗാന്ധി മാർഗിൽ വെള്ളം വറ്റിയതോടെ വലിയ ചെളിക്കെട്ടു രൂപപ്പെട്ടു. രണ്ടു ദിവസത്തെ വെയിൽ കൂടി അടിച്ചതോടെ ചെളി ഉണങ്ങി പൊടിയുമായി. മുനിസിപ്പൽ ജീവനക്കാർ ചൂലും കോരിയും പലകയും എന്നുവേണ്ട സർവവിധ സംവിധാനങ്ങളുമായി എത്തി. ടാർ റോഡിലെ കട്ടപിടിച്ച ചെളി ഇളക്കാൻ ടാങ്കറിൽ വെള്ളം കൊണ്ടുവന്ന് ചീറ്റിക്കേണ്ടിയും വന്നു.


പുഴമധ്യേ കുലുങ്ങാതെ  

കേരളത്തിലെ പ്രളയത്തിൽ പെരിയാറിലൂടെ ഒഴുകിയെത്തിയ തടിയും ചവറുമെല്ലാം ഇടിച്ചു ആലുവയിൽ നദി രണ്ടായി പിരിയുന്ന സ്ഥലത്തെ ജലദേവത പ്രതിമ ഒടിഞ്ഞു വീണകാര്യം ഇതിനിടെയാണ് ഓർത്തത്. അതുപോലെ തന്നെ യമുനയുടെ പ്രളയ മധ്യത്തിൽ നിന്നിരുന്ന ഡൽഹി കശ്മീരി ഗേറ്റിനു സമീപത്തെ കൊച്ചു ക്ഷേത്രത്തിന്റെ സ്ഥിതി ഇപ്പോൾ എന്തായിക്കാണും എന്നറിയാനായി അവിടേക്കും പോയി. ആലുവയിൽ പ്രതിമക്കു പിന്നിൽ റെയിൽവേ പാലമാണെങ്കിൽ ഇവിടെ മെട്രോ പാതയാണ് എന്ന വ്യത്യസമേയുള്ളൂ. ഒഴുകി വന്നിടിച്ച ചപ്പുചവറുകളെയെല്ലാം പ്രതിരോധിച്ചു ക്ഷേത്രത്തിന്റെ മുകൾ ഭാഗം മാത്രം വെള്ളത്തിനു മുകളിൽ കാണാം. അപ്പോഴും നദി കലങ്ങി ഭീകരരൂപിണിയായിത്തന്നെ ഒഴുകുന്നു.


ജീവിതം തിരികെ പിടിക്കാൻ 

യമുനാ ബാസാറിനു സമീപം വെള്ളം കയറിയ വീടുകളിലും സ്ഥലങ്ങളിലുമെല്ലാം ശുചീകരണം നടക്കുകയാണ്. പലരും ചെളി കോരുന്ന തിരക്കിലാണ്. മെട്രോ നഗരമെങ്കിലും സെക്കിൾ റിക്ഷ ചവിട്ടി ജീവിക്കുന്നവരുടെ റിക്ഷകൾ വെള്ളത്തിൽ ഇത്ര ദിവസവും മുങ്ങിക്കിടന്നവയിൽ ചെളി നിറഞ്ഞിരിക്കുന്നു. അവയിൽ തെരുവു നായ്ക്കൾ വിശ്രമിക്കുന്നു. ഇലക്ട്രിക് റിക്ഷകൾ കഴുകിയെടുത്ത് ശരിയാക്കാനുള്ള ശ്രമത്തിലാണ് പലരും. ബാറ്ററി പ്രളയമെത്തുമ്പോൾ ഊരിമാറ്റി പലരും കൊണ്ടുപോയിരുന്നു. പ്രളയ തോത് രേഖപ്പെടുത്തിയിരിക്കുന്ന ഓൾഡ് യമുന ബ്രിജിനടിയിലെ വെള്ളം താഴ്ന്നിരിക്കുന്നു. പാലത്തിനടിയിൽ കഴിഞ്ഞിരുന്നവർ തിരിച്ചെത്തി വീണ്ടും ജീവിതം തുടങ്ങാൻ ശ്രമിക്കുന്നു. എവിടെയും പ്രളയം അവശേഷിപ്പിച്ച തൊങ്ങലുകൾ തൂങ്ങി നിൽക്കുന്നു.


മേൽപാലത്തിലെ ജീവിതങ്ങൾ 

മയൂർ വിഹാർ മേഖലയിൽ ഇനിയും പ്രളയജലം ഇറങ്ങിയിട്ടില്ല. അവിടെ ഓവർ ബ്രിജുകളിലും അതിനടിയിലുമെല്ലാം കഴിയുന്നവർ അവിടെത്തന്നെ തുടരുന്നു. മഴ മാറി ദിവസങ്ങളായെങ്കിലും നദിയിലെ ജല നിരപ്പ് വീണ്ടും അപകട നിലയ്ക്കു മുകളിൽ വരികയും താഴുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. യമുനാതടത്തോടു ചേർന്നുള്ള പലരുടെയും കൊച്ചു കൂരകളിലേക്ക് ഇനിയും മടങ്ങാറായിട്ടില്ല. ചിലർ നീന്തിയെത്തി വീട്ടിലെ സാധനങ്ങളെടുത്ത് കഴുകി ഉണക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മുനിസിപ്പൽ ജീവനക്കാർ ഫോഗിങ്ങിനായെത്തി. പൊതുവെ വായു മലിനീകരണം സംഭവിച്ചിട്ടുള്ള ഡൽഹിയിൽ ഇനി ജല മലിനീകരണത്തിന്റെ അസുഖങ്ങൾ കൂടി വരും നാളുകളിൽ ഉണ്ടായേക്കാം. അതിനു തടയിടാൻ പല പദ്ധതികളുമായാണ് ഉദ്യോഗസ്ഥരുടെ വരവ്.


 കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഇതിന്റെ പൂർണരൂപം മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായിക്കാം, കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

2018ലെ പ്രളയത്തെക്കുറിച്ചുളള അനുഭവക്കുറിപ്പ് ഇവിടെ)

All Images copyrighted to Malayala Manorama/Josekutty Panackal. 

#Yamunaflood #DelhiFlood #ExperienceOfAPhotojournalist #Flood #Delhi #ComparisonofKeralaandDelhiFlood #JosekuttyPanackal #MalayalaManorama #NewsPhotographer #PhotoJournalist 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...