#Experience #photo journalist #photojournalist #news photographer #Kochi #ജോസ്കുട്ടി #പനയ്ക്കല്‍ #photography #day #august #19 #press #photographers #life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Experience #photo journalist #photojournalist #news photographer #Kochi #ജോസ്കുട്ടി #പനയ്ക്കല്‍ #photography #day #august #19 #press #photographers #life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ ഇത്രക്ക് പ്രസ്സ് ചെയ്യപ്പെടണോ?


ഇതാ വീണ്ടുമൊരു ഫൊട്ടോഗ്രഫി ദിനം. ഫൊട്ടോഗ്രഫറും, പ്രസ് ഫൊട്ടോഗ്രഫറും, ന്യൂസ് ഫൊട്ടോഗ്രഫറും, ഫോട്ടോ ജേണലിസ്റ്റുമായി മാറിയ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കും ആഘോഷിക്കാം ഈ ദിനം. കാരണം സയന്‍സിന്റെ ഇരുട്ടുമുറിയില്‍ നിന്നും വാര്‍ത്തയുടെ തെളിച്ചത്തിലേക്ക് ചിത്രങ്ങള്‍ക്ക് സംസാര ശക്തി നല്‍കി പറഞ്ഞയച്ചത് ഇവരാണ് ഫൊട്ടോഗ്രഫര്‍മാര്‍.... 


ഇപ്പോഴാണോ എത്തുന്നത്? 

ഏതെങ്കിലും അപകടം അറിഞ്ഞ് ഒാടിക്കിതച്ചെത്തുന്ന ഒരു ന്യൂസ് ഫൊട്ടോഗ്രാഫര്‍ ഏറ്റവും ആദ്യം നേരിടുന്നൊരു ചോദ്യമാണ് 'ഇപ്പോഴാണോ എത്തുന്നത്' എന്ന്. അപകടം ഉണ്ടാകുന്നതിനും മുന്‍പ് കണക്ക് കൂട്ടി അവിടെ വന്ന് നില്‍ക്കാന്‍ കഴിയില്ല എന്ന    സാധാരണ ചിന്തയെങ്കിലും ഈ ചോദ്യകര്‍ത്താവിന് ഉണ്ടാകില്ല. തീപിടിച്ച സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തും മുന്‍പേ പാഞ്ഞെത്തുമ്പോഴും വാഹനാപകടം ഉണ്ടായ സ്ഥലത്ത് തിരക്കുകളെ തട്ടിമാറ്റി പാഞ്ഞെത്തുമ്പോഴും കള്ളന്‍ കയറിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്ന ചിത്രം എടുക്കാന്‍ ചെല്ലുമ്പോഴും ഈ ചോദ്യം കുറച്ചൊന്നുമല്ല ഒരു ഫോട്ടോ ജേണലിസ്റ്റിനെ വിഷമിപ്പിക്കുക. ഇതെല്ലാം നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കാതെ തടയിടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നല്ലോ. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ ഉള്‍പ്പെട്ടുകിടക്കുന്നു എന്ന സന്ദേശപ്രകാരം അതിന്റെ ചിത്രം പകര്‍ത്താന്‍ പോകുന്ന ഫൊട്ടോഗ്രഫര്‍ ഈ ഗതാഗതക്കുരുക്കിലൂടെത്തന്നെയാണ് അത് പകര്‍ത്താന്‍ എത്തേണ്ടത് എന്നത് മറ്റൊരു വസ്തുത. 

പരിമിതം എഡിറ്റിങ് 

ഒരു ജേണലിസ്റ്റ് തയ്യാറാക്കിയ വാര്‍ത്തക്ക് മേല്‍ പേജ് ചെയ്യുന്ന സബ് എഡിറ്റര്‍ക്കും അതിന് മേലെയുള്ള മൂന്നോ നാലോ ആളുകള്‍ക്കും പത്രാധിപര്‍ക്ക് വരെയും കൈവച്ച് മികച്ചതാക്കാന്‍ അവസരവും സമയവും ലഭിക്കും. സമയമെടുത്ത് തയ്യാറാക്കുന്ന പല സ്റ്റോറികളും മികച്ചതാകുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍ നിമിഷാര്‍ദ്ധങ്ങളെ കീറിമുറിച്ച് തലയില്‍ മിന്നിയ ഒരു ഐഡിയ ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുമ്പോള്‍ അത് എടുക്കാനെടുത്ത സമയവും അതിനൊപ്പം പതിഞ്ഞിട്ടുണ്ടാകും. മിക്കവാറും അത് സെക്കന്‍ഡിന്റെ ഇരുന്നൂറ്റന്‍പതില്‍ ഒരു അംശം മാത്രമായിരിക്കും. ഇതിനെ പിന്നീട് മാറ്റിയെഴുതാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ചെയ്യാവുന്ന ഒരു കാര്യം ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചുമാറ്റുക, അടിക്കുറിപ്പ് മികച്ചതാക്കുക എന്നതൊക്കെയാണ്. പല ആളുകളും ഇപ്പോഴും വിചാരിച്ചുവച്ചിരിക്കുന്നത് ചിത്രം എടുക്കുന്നതോടെ ന്യൂസ് ഫൊട്ടോഗ്രഫറുടെ ജോലി കഴിഞ്ഞു എന്നതാണ്. എന്നാല്‍ ആധുനിക ന്യൂസ് റൂമുകളില്‍ കേവലം ഒരു ക്ളിക്കില്‍ അവസാനിക്കുന്നില്ല അദ്ദേഹത്തിന്റെ ജോലി. എടുത്ത ചിത്രത്തിന് മികച്ച അടിക്കുറിപ്പ് തയ്യാറാക്കാനുള്ള മുഴുവന്‍ ചുമതലയും ഒരു ന്യൂസ് ഫൊട്ടോഗ്രഫറില്‍ അധിഷ്ഠിതമാണ്. ഇത് തന്നെയാണ് ചെയ്യേണ്ടതും. കാരണം സംഭവ സ്ഥലത്ത് 'ഫിസിക്കല്‍ പ്രസന്‍സ്' എന്നത് ഫൊട്ടോഗ്രഫര്‍മാരുടെ വകുപ്പില്‍ പെടുന്നു. റിപ്പോര്‍ട്ടര്‍ക്ക് ഇത് മൂന്നാമതൊരാളില്‍ നിന്നും ശേഖരിച്ച് തന്റേതാക്കി അവതരിപ്പിക്കാന്‍ കഴിയും. പക്ഷേ തന്റെ ചിത്രം എന്ന് അവകാശപ്പെടാന്‍ ഒരു ഫൊട്ടോഗ്രഫര്‍ സംഭവസ്ഥലത്ത് ഉണ്ടായേ തീരൂ. അതുകൊണ്ടുതന്നെ ചിത്രത്തില്‍ ആരൊക്കെയുണ്ട്, എന്താണ് അവരുടെ അപ്പോഴത്തെ ഭാവങ്ങള്‍ എന്നെല്ലാം സംഭവത്തെ നേരിട്ടുകണ്ട വ്യക്തി എന്നനിലയില്‍ ആ ഫൊട്ടോഗ്രഫര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്.  പിറ്റേന്ന് ഇതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ടിവന്നാല്‍ അതും ഇദ്ദേഹത്തിന്റെ ചുമതലയാണെന്ന മുന്‍കാഴ്ചകൂടി ഒാരോ ചുവട് വയ്ക്കുമ്പോഴും ഉണ്ടാകുകയും വേണം. ചിത്രത്തിന്റെ അടിക്കുറിപ്പ് മറ്റുവല്ലവരും കൈകാര്യം ചെയ്തതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതും ന്യൂസ് ഫൊട്ടോഗ്രഫര്‍ തന്നെ. എടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയാല്‍ അത് ഭാവിയിലേക്ക് സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുക, സ്ഥാപനത്തിന്റെ മറ്റ് മാധ്യമ സംവിധാനങ്ങളിലേക്ക് ഈ ചിത്രത്തെ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ പോകുന്നു ഒരു വാര്‍ത്താ ചിത്രകാരന്റെ ചുമതലകള്‍. 

ജീവിതം ഉഴിഞ്ഞുവച്ചവര്‍

ലക്ഷങ്ങള്‍ സമ്പാദിക്കാവുന്ന ഫൊട്ടോഗ്രഫി മേഖലയില്‍ ന്യൂസ് ഫൊട്ടോഗ്രഫിയില്‍ ചിലര്‍ ഒതുങ്ങുന്നത് അതിനോടുള്ള താത്പര്യം ഒന്നുകൊണ്ടുമാത്രമാണ്. ഈ താത്പര്യം തീരുമ്പോഴോ ജീവിതം ഇനി ഈ രീതിയില്‍ മുന്നോട്ട് പോകില്ല എന്നു തോന്നുമ്പോഴോ ചിലര്‍ ഇതില്‍ നിന്നും മുക്തി നേടി മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നു. കേരളത്തില്‍ വെറും 200 പേര്‍ മാത്രമാണ് പത്രങ്ങളില്‍ സ്റ്റാഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍മാരായി ഉള്ളൂ എന്നുകേള്‍ക്കുമ്പോള്‍ അറിയാം ഈ ജോലിയുടെ സാധ്യതകളും അവസരങ്ങളും. എന്നാല്‍ മറ്റ് പലമേഖലകളിലും ഫൊട്ടോഗ്രഫി സാധ്യതകള്‍ വളര്‍ന്നുവരുന്നു എന്നത് ഏറെ ആശാവഹവുമാണ്. 

ജീവിതം വ്യവസ്ഥയില്ലാത്തതോ? 

ഒരു ന്യൂസ് ഫൊട്ടോഗ്രഫര്‍ രാവിലെ തന്റെ ഉറക്കമുണര്‍ന്നാല്‍ ആദ്യം തേടുക താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണം തന്നെയാകും. അതിലെ വാര്‍ത്തകളും ചിത്രങ്ങളും പരിശോധിച്ചശേഷം തന്നോട് മല്‍സരിക്കുന്ന മറ്റ് ഒന്നോ രണ്ടോ പ്രസിദ്ധീകരണങ്ങള്‍ക്കൂടി വായിക്കാന്‍ ശ്രമിക്കും. നിലവില്‍ മലയാളത്തിലെ ഒരു പത്രം പോലും അടിമുടി വായിക്കണമെങ്കില്‍ രണ്ട് മണിക്കൂറോളം വേണ്ടിവരും. അതിനാല്‍ത്തന്നെ വാര്‍ത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു 'സര്‍ഫിങ്' നടത്തി ഒാഫിസിലേക്ക് ഒാടാന്‍ തയ്യാറാകുന്നു. ഒാഫിസിലെ പ്രതിദിന ഷെഡ്യൂള്‍ തയ്യാറാക്കലിന് ശേഷം തനിക്ക് ലഭിച്ച നാലോ അഞ്ചോ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉടന്‍ ഇറങ്ങുകയായി. 3:1 എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തിലെ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍ ഫൊട്ടോഗ്രഫര്‍ അനുപാതം. മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന ഒന്‍പത് സ്റ്റോറികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഒരു ദിവസം മതിയാകില്ല എന്നത് മറ്റൊരു വസ്തുത. പക്ഷേ ഇതിനെയെല്ലാം 'മാനേജ് ' ചെയ്യുന്നവരാണ് ഇന്നത്തെ ഫൊട്ടോ ജേണലിസ്റ്റുകള്‍ എന്നത് ഏറെ അഭിമാനകരമാണ്. ഇതിനിടയില്‍ ഉച്ചഭക്ഷണവും ലഘുഭക്ഷണവും കഴിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ ഒരു പരിപാടികളും നടക്കുന്നില്ല എന്നതിനാല്‍ത്തന്നെ ഒരിക്കല്‍ പോലും ആശ്വാസകരമായി ഷെഡ്യൂളുകള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുമില്ല. 

പൊലീസ് ലാത്തിചാര്‍ജിലും സമരക്കാരുടെ കല്ലേറിനും ഇടയില്‍ മികച്ച ചിത്രങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ പത്ര ഫൊട്ടോഗ്രഫര്‍ എന്ന പരിഗണന കല്ലിനോ ലാത്തിക്കോ ഉണ്ടാകാറില്ലതാനും. അതുകൊണ്ടുതന്നെ പത്ര ഫൊട്ടോഗ്രഫറുടെ ക്യാമറ  മറ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയെ തുലനം ചെയ്യുമ്പോള്‍ ആയുസ് നന്നേ കുറവായിരിക്കും. ഇതിനിടെ ഏതെങ്കിലും അത്യാഹിതങ്ങളോ അപകടങ്ങളോ സംഭവിച്ചാല്‍ അതിന് പിന്നാലെ പായാനുള്ള വിധിയും വന്നുചേരും. അതോടെ ഷെഡ്യൂളുകളെല്ലാം താറുമാറാകുകയും ചെയ്യും. ഈ പാച്ചിലുകള്‍ക്കെല്ലാം ശേഷം വൈകീട്ട് ചിത്രങ്ങളും അടിക്കുറിപ്പും മറ്റ് ജേലികളും തീര്‍ത്ത് വീട്ടിലെത്തുമ്പോള്‍, വിവാഹിതരല്ലെങ്കില്‍ മാതാപിതാക്കളുടെയും വിവാഹിതരാണെങ്കില്‍ ഭാര്യയുടെയും, 'ലേറ്റായതെന്ത്?'എന്നുള്ള ചോദ്യത്തിനുള്ള മറുപടികൂടി കണ്ടെത്തി വേണം ഉമ്മറം കടക്കാന്‍. ഇതിനിടെ റോഡിലെ പുകയും പൊടിയും അടിച്ചതിന്റെ തിരുശേഷിപ്പുകള്‍ ആഞ്ഞൊന്നുമൂക്ക് ചീറ്റിയാല്‍ വാഷ് ബേസിനില്‍ കാണാം. 

ന്യൂസ് ഫൊട്ടോഗ്രഫറും ഭാഗ്യവും 

എത്ര മികച്ച സംവിധാനങ്ങള്‍ ഉണ്ടായാലും ഭാഗ്യം എന്നത് ന്യൂസ് ഫൊട്ടോഗ്രഫിയില്‍ വലിയൊരു ഘടകം തന്നെയാണ്. ചടങ്ങുകള്‍ക്ക് താമസിച്ചെത്തി മികച്ച ചിത്രം ലഭിച്ചതും മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായി യാത്രമുടങ്ങിയപ്പോള്‍ റോഡില്‍ നടന്നൊരു സംഭവം ലഭിക്കുന്നതുമെല്ലാം ഭാഗ്യത്തിന്റെ ബലത്തിലാണ്. ക്യാമറയെന്ന യന്ത്രത്തില്‍ ഫൊട്ടോഗ്രഫര്‍ വിരലമര്‍ത്തുമ്പോള്‍ ഫോക്കസ്, ലൈറ്റ്, ഡെപ്ത് ഒാഫ് ഫീല്‍ഡ് എന്നിവയുടെ മികച്ച സമ്മേളനം നടന്നെങ്കില്‍ മാത്രമേ നല്ലൊരു ചിത്രം ലഭിക്കൂ. വാര്‍ത്താ ചിത്രമാകുമ്പോള്‍ സബ്ജക്ടിന്റെ  ഭാവംകൂടി മികവിന്റെ പട്ടികയില്‍ വരും.

 കഴിഞ്ഞ ദിവസം റോഡരികിലെ സമരത്തിന്റെ ചിത്രം പകര്‍ത്തുന്നതിനിടെ അപകടത്തിന്റെ സ്പോട്ട് ചിത്രം പകര്‍ത്താന്‍ കഴിഞ്ഞ മെട്രോ വാര്‍ത്ത ഫൊട്ടോഗ്രഫര്‍ മനു ഷെല്ലിയുടെ ഈ ചിത്രവും മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെടുത്താം. സ്പോട്ട് ചിത്രങ്ങളെല്ലാം തന്നെ ഫൊട്ടോഗ്രഫറുടെ മുന്നില്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നവയാണ്. അതിനായി തയ്യാറെടുത്ത് ചെന്നാല്‍ ഇതൊന്നും സംഭവിക്കില്ലതാനും. 

photo courtesy: Manu Shelly

ജീവിതത്തിലെ ദുരന്തങ്ങള്‍...

അപകടങ്ങള്‍ പകര്‍ത്തുന്ന ഒാരോ ന്യൂസ് ഫൊട്ടോഗ്രഫറും മനസില്‍ കരഞ്ഞുകൊണ്ടാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കാഴ്ചക്കാരില്‍ പലരും നിന്റെ അമ്മക്കോ, അച്ഛനോ, സഹോദരനോ, സഹോദരിക്കോ ആണ് ഇത് സംഭവിച്ചതെങ്കില്‍ നിങ്ങള്‍  ചിത്രം എടുക്കുമോ എന്ന ചോദ്യം എറിയാറുണ്ട്. ഇദ്ദേഹമല്ലെങ്കില്‍ മറ്റൊരാളിലേക്ക് ആ ചുമതല ഈ വാര്‍ത്താലോകത്തില്‍ എത്തിച്ചേരും എന്നത് മറക്കാന്‍ കഴിയാത്ത സത്യം. ഉടുതുണി മാത്രം ബാക്കിവച്ച് സ്വന്തം വീട് കത്തിയമര്‍ന്നത് ചിത്രീകരിക്കേണ്ടി വന്ന അനുഭവം ഒാരോ തീ പിടുത്ത സ്ഥലത്ത് എത്തുമ്പോഴും എന്റെ ഒാര്‍മ്മയില്‍ തികട്ടിയെത്തും.


എപ്പോഴും എന്തും സംഭവിക്കാവുന്ന ഈ ലോകത്ത് കണ്ണിന് അനുബന്ധമായി നിരന്തരം തുറന്ന ക്യാമറക്കണ്ണുമായി അലയുന്നവരേ നിങ്ങള്‍ക്കെന്റെ അഭിവാദ്യം. കാഴ്ചകളെ ചരിത്രമാക്കുന്നവരേ നിങ്ങള്‍ക്കെന്റെ പ്രണാമം. 

                                                                                  @ജോസ്കുട്ടി പനയ്ക്കല്‍. 19.08.2014 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...