2014, ജൂലൈ 29, ചൊവ്വാഴ്ച

വൈകീട്ടെന്താ പരിപാടി...?


അടുത്തിടെ പത്രപ്രവർത്തകനായ ഒരാൾ എന്നോട് ചോദിച്ചു എന്തിനാണ് കൊച്ചിയിൽ മാത്രം നിങ്ങൾക്ക് നാല് ഫൊട്ടോഗ്രഫർമാരെന്ന്? ഈ ചിന്ത പുള്ളിക്കാരൻ കുറെ നാളായി ചോദിക്കണമെന്ന് വിചാരിച്ചിരുന്നുവെത്രെ. 
അദ്ദേഹം ഇങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങൾ: 
1) അദ്ദേഹം കാണുന്ന പത്രത്തിന്റെ ലോക്കൽ പേജിൽ ഞങ്ങൾ നാലു പേരിൽ ആരുടെയും പേര് ചിത്രത്തിനൊപ്പം കാണാറില്ല. 
2) അദ്ദേഹം കാണുന്ന ലോക്കൽ പേജിൽ വല്ലപ്പോഴും മാത്രമേ പത്ര ഫൊട്ടോഗ്രഫർ എടുത്ത ചിത്രം കാണാറുള്ളു. അല്ലാത്തപ്പോഴെല്ലാം സ്റ്റുഡിയോ  ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളാണ് കാണാറ്. 

കാരണങ്ങൾ 
1) ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം എല്ലാ ചിത്രങ്ങൾക്കും ബൈലൈൻ നൽകുന്ന സ്ഥാപനമല്ല. മികച്ചതെന്ന് ഫോട്ടോഗ്രാഫർക്കും ഇതിന് പേര് കൊടുത്താൽ ഫൊട്ടോഗ്രഫർക്ക് മാനക്കേടുണ്ടാവില്ല എന്ന് എഡിറ്റർക്കും ഉറപ്പുള്ളവയ്ക്കുമാത്രമേ പേര് നൽകാറുള്ളു. 

2) അദ്ദേഹം കാണുന്ന ലോക്കൽ പേജ് ഏരിയയിൽ  മിക്കവാറും ഞങ്ങൾ ആരും ചിത്രം എടുക്കാൻ പോകാറില്ല. അഥവാ പോയാൽ മറ്റേതെങ്കിലും പേജുകളിലേക്ക് ചിത്രം മാറ്റപ്പെടുകയും അദ്ദേഹം ശ്രദ്ധയോടെ വീക്ഷിക്കുന്ന ലോക്കൽ പേജിൽ ചിത്രം ഇല്ലാതാകുകയും ചെയ്യും. 

അനുബന്ധം: കൊച്ചി പോലെ തിരക്കുള്ള ഒരു നഗരത്തിൽ ഒരു പത്ര ഫോട്ടോഗ്രാഫർക്ക് പരമാവധി കവർ ചെയ്യാവുന്ന പരിപാടികളുടെ എണ്ണം നാല് ആണ്. രാവിലെ 10നും 12 നും ഉച്ചകഴിഞ്ഞ് 2നും 5നും ഒാരോ പരിപാടികൾ എടുക്കാൻ പോയാൽ സാധാരണ ഗതിയിൽ വിധി താഴെപ്പറയും പ്രകാരമായിരിക്കും. 
 പത്തിനുള്ള  പരിപാടിയുടെ സ്വാഗതവും അധ്യക്ഷനും കഴിഞ്ഞ് ഉദ്ഘാടകൻ തട്ടിലെത്തുമ്പോൾ സമയം 11.30, വല്ല വിധേനയും ചിത്രമാക്കി അടുത്ത പരിപാടിക്ക് കുതിക്കുമ്പോൾ റോഡ് ബ്ലോക്ക്. അതിനിടയിൽ നിന്നും തിരുവില്വാമലയിലെ പുനർജനി നൂഴൽ പോലെ കടന്നു കിട്ടിയാൽ 12.30ന് അടുത്ത സ്ഥലത്തെത്താം.  ഭാഗ്യം ഇതും വൈകി തുടങ്ങി എന്നതിനാൽ പരിപാടി ഇനിയും ആരംഭിച്ചിട്ടില്ല. സംഘാടകരോട് ചോദിച്ചാൽ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്പോലെ ‘ഇപ്പ ശരിയാകും’ എന്ന് മറുപടി. സംഗതി ഒന്നരയോടെ ആരംഭിച്ച് വലിച്ചുനീട്ടി 2.30ന് ഉദ്ഘാടനം നടത്തിയാൽ അടുത്ത പരിപാടി തുടങ്ങിയോയെന്ന് ശങ്ക. ഈ ശങ്കയിൽ ഊണ് നഷ്ടപ്പെടുത്തി അവിടേക്ക് ഒാടുന്നു. അവിടെ എത്തുമ്പോഴാണ് പരിപാടിക്കെത്തേണ്ട വി‍െഎപി ഊണ് കഴിച്ച് മയക്കത്തിലാണ് സമയം വൈകിയേ പരിപാടി തുടങ്ങൂ എന്ന് അറിയിപ്പ് കിട്ടുക. ഇനി തിരിച്ചുപോകാനും ഊണ് കഴിക്കാനുമുള്ള സമയമില്ലാത്തതിനാൽ സംഭവസ്ഥലത്തുതന്നെ പറ്റിക്കൂടുന്നു. രണ്ടിനുള്ള പരിപാടി 3.30ന് വി‍െഎപി ഉറക്കച്ചടവോടെ ഉദ്ഘാടനം ചെയ്താൽ അടുത്ത സ്ഥലത്തേക്ക് കുതിക്കുകയായി. ഇതിനിടയിൽ റോഡ് ബ്ലോക്കിൽ നിന്നും രക്ഷപെടാൻ വി‍െഎപി വാഹനത്തിന്റെ പിന്നാലെ കുതിക്കാമെന്ന് വച്ചാൽ പൊലീസ് മാമൻ നോക്കി കണ്ണുരുട്ടും. വഴിയിലെ കടയിൽ നിന്നും എന്തെങ്കിലും കഴിച്ച് കയ്യിലെ കാശുകളഞ്ഞ് വയറ്റിൽ നേടിയ അജിനോമോട്ടോയുമായി അടുത്ത സ്ഥലത്തെത്തുമ്പോഴേക്കും അവിടെയും സ്ഥിതി തഥൈവ. ‘ എന്റെ മാഷേ അഞ്ചിനുള്ള പരിപാടിയെന്നു പറഞ്ഞാൽ ഒരു അഞ്ചഞ്ചര ആറ് ഒക്കെ ആകില്ലേ...? എന്നാലല്ലേ ഭാവം വരൂ... ’ എന്നുള്ള മറുചോദ്യമായിരിക്കും മറുപടി. ഇതിനിടെ ഒാഫിസിൽ നിന്നും ചിത്രം തരാറായോ എന്ന് അന്വേഷിച്ചുള്ള വിളിയെത്തും. ഇരുട്ടിന്റെ മറപറ്റി തിരിച്ച് ഒാഫിസ് പടികൾ കയറുമ്പോൾ സമയം ഏഴുമണിയോടടുക്കും. ഇന്നത്തെ വേട്ടയുടെ ഫോട്ടോയും അടിക്കുറിപ്പും തയ്യാറാക്കി അയക്കുമ്പോഴേക്കും സമയം വീണ്ടും ഒരു മണിക്കൂർകൂടി കടന്നിട്ടുണ്ടാകും. ഈ പകലിൽ മറ്റുപലതും പല സ്ഥലത്തും സംഭവിച്ചിട്ടുണ്ടാകും. എല്ലാം അപ്പപ്പോൾ അറിയുന്നുണ്ടാകുമെന്നുകരുതി വീട്ടുകാരും നാട്ടുകാരും ഫോൺ ചെയ്ത് അന്വേഷിക്കുമ്പോൾ  അവരറിയുന്നുണ്ടോ ഈ നോൺ സ്റ്റോപ്പ് ഒാട്ടം.

2014, ജൂലൈ 11, വെള്ളിയാഴ്‌ച

ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..?

ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..? 

വാഹനങ്ങളില്‍ ചെറുകിട തട്ടലും മുട്ടലും മൈന്‍ഡ് ചെയ്യാത്ത അവസ്ഥയിലേക്ക് കൊച്ചിയും മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ കാറുകളൊക്കെ ഉരഞ്ഞ് വലിയ കീറലുകളുമായി പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും ഉടമസ്ഥര്‍ മൈന്‍ഡ് ചെയ്യാറില്ല. ഇയ്യിടെ കൊച്ചിയിലും കണ്ടു ഇത്തരം ചളുങ്ങി ചുരുങ്ങിയൊരു കാര്‍. കാര്യം അന്വേഷിച്ചപ്പോള്‍ ഉടമയുടെ മറുപടി ഇങ്ങനെ: ഇതൊന്നും നേരെയാക്കിയിട്ട് കാര്യമില്ല. കൊച്ചിയിലെ ചെത്ത് പിള്ളാര്‍ രണ്ടാഴ്ചകൊണ്ട് വീണ്ടും ഈ പരുവത്തിലാക്കും. പിന്നെ എന്തിന് വെറുതെ അടിച്ച് നിവര്‍ത്തി പെയിന്റ് ചെയ്ത് കാശ് കളയണം?

അനുബന്ധമായി ഞാന്‍ ഒാര്‍മ്മിക്കുന്ന എന്റെ ജീവിതത്തിലെ ഒരു അനുഭവം:
കാലം 1985 ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്ന സമയം. വല്ലാര്‍പാടം പള്ളിയില്‍ പോകാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയിലെത്തുന്നു. ഇടുക്കിയില്‍ നിന്നും എത്തിയ എനിക്ക് കൊച്ചി അത്ഭുതം തന്നെ. ബസിറങ്ങി മുന്നില്‍ നടക്കുന്ന മാതാപിതാക്കള്‍ക്ക് പിന്നാലെ ഞാനും നടക്കുന്നു. ഒരാള്‍ കാറ് റോഡിലിട്ട് കഴുകി തുടയ്ക്കുകയാണ്. ഇതിനെ മറികടന്ന് നീങ്ങുന്നതിനിടയില്‍ എന്റെ പ്രതിഫലനം കാറിന്റെ ബോഡിയില്‍ കാണാം. വെറുതെ ആ പ്രതിബിംബത്തിലൊന്ന് തൊട്ടു. പെട്ടെന്ന് ചെവിക്കൊരു വേദന. നോക്കുമ്പോള്‍ കാര്‍ കഴുകുന്ന ഉടമ ചേട്ടന്‍ തൊട്ടുപിന്നില്‍ എന്റെ ചെവിയില്‍ പിടിച്ച് ഞെരിക്കുന്നു. കഴുകിത്തുടച്ച കാറില്‍ വിരല്‍കൊണ്ട് സ്പര്‍ശിച്ചതുമൂലം വിരല്‍പ്പാട് വന്നതാണ് പുള്ളിയെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് പിടിവിടുവിപ്പിച്ച് ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്ന അച്ഛന് പിന്നാലെ ഒാടി. ഈശ്വരാ മാറിയ കൊച്ചിയില്‍ ഇപ്പോഴും ആ കാര്‍ പരുക്കൊന്നുമില്ലാതെ ഒാടുന്നുണ്ടാകുമോ?
ജോസ്കുട്ടി പനയ്ക്കല്‍ 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...