EXPERIENCE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
EXPERIENCE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, നവംബർ 26, വെള്ളിയാഴ്‌ച

ഈ ലാൻഡിൽ വുഡ്‌ലാൻഡ് പ്രശ്നമാണോ?

  


കോളജ് കാലഘട്ടത്തിൽ ആക്ഷൻ ഷൂസായിരുന്നു ഒരു സ്വപ്നപാദുകം. പിന്നീടത് വുഡ്‌ലാൻസിലേക്ക് കുടിയേറി. ജോലി ലഭിച്ചതിനു ശേഷമാണ് മണ്ണിന്റെ നിറമുള്ള വുഡ്‌ലാൻസ് ആദ്യമായി വാങ്ങുന്നത്. നന്നായി ചെളി പറ്റിയാലും ഒരു പ്രശ്നവുമില്ല എന്നതായിരുന്നു ആ നിറത്തിന്റെ ഒരു മേന്മ. പക്ഷേ നനഞ്ഞാൽ നാളുകളെടുക്കും ഉണക്കിയെടുക്കാൻ. മറ്റു ഷൂസുകളിലേക്കും ഇടയ്ക്കിടെ പോയി വന്നിരുന്നെങ്കിലും വുഡ്‌ലാൻഡുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഇതേ നിറമുള്ള ഷൂസ് പലവർഷങ്ങളായി വീണ്ടും വീണ്ടും വാങ്ങിക്കൊണ്ടുമിരുന്നു. പക്ഷേ അടുത്തിടെയായി ഇത് ഇടുന്ന ദിനങ്ങളിലെല്ലാം എന്തോ ഗുലുമാൽ എന്നെ തേടി വരുന്നു. 2 മാസം മുൻപ് ഇത് ഇട്ട ദിനത്തിലാണ് ക്യാമറയുമായി ഓടുന്നതിനിടെ അടി ഭാഗത്തെ സോൾ ഇളകി വീഴാനൊരുങ്ങിയത്.  മുട്ടുകുത്തി കഷ്ടിച്ച് അന്നു രക്ഷപ്പെട്ടു. പിന്നെ ഇത് ഒട്ടിച്ചെടുത്ത് കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു. അതിനു ശേഷം നവംബർ ആദ്യവാരമാണ് ഇതും ധരിച്ചു സിയാൽ ഗോൾഫ് കോഴ്സിലെ ഒരു കുട്ടി ഗോൾഫറുടെ ചിത്രം എടുക്കാൻ പോയത്.

  ചിത്രമെടുപ്പിനിടെ അവിടുത്തെ ചതുപ്പിൽ താഴ്ന്നു. ഷൂസിനു പുറമെ അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ പാന്റ്സിലും ഷർട്ടിലും ചെളിയായി. അത് ഉണക്കിയെടുക്കാൻ ഒരാഴ്ചയെടുത്തു. പിന്നീട് ധരിച്ചത് ദാ ഇന്നലെ. ഇത്തവണ കാത്തുവച്ചത് ഇത്തിരിക്കൂടി കട്ടിയുള്ളതായിരുന്നു. ആലുവയിൽ ഡിസിസി നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ചിനു നേരെ പ്രയോഗിച്ച ജല പീരങ്കിയാണ് ഇത്തവണ വുഡ്‌ലാന്റിനൊപ്പം ക്യാമറയും ബാഗും  ഷർട്ടും ജീൻസുമെല്ലാം കുളിപ്പിച്ചത്. 

അതോടെ കുറച്ചുനേരം ചിത്രമെടുക്കലും മുടങ്ങി. അടുത്തു നിന്നിരുന്നയാളുടെ ടെലിവിഷൻ ക്യാമറയാകട്ടെ പൂർണമായും കണ്ണടച്ചു. (പുള്ളിക്കറിയില്ലല്ലോ ഈ വുഡ്‌ലാൻഡാണ് പ്രശ്നമെന്ന്) . ഏതായാലും ഇനി വല്ല പള്ളിയിൽ കൊണ്ടുപോകാനും ഈ ഷൂസ് ഇട്ടു നോക്കണം. അന്ന് ഹാനാൻവെള്ളം വച്ചിരിക്കുന്ന പാത്രം വല്ലതും പൊട്ടിവീഴുമോയെന്തോ


2021, മാർച്ച് 22, തിങ്കളാഴ്‌ച

കേരളം to ബംഗാളം

 ∙കോവിഡുകാലത്ത് ബംഗാൾ തിരഞ്ഞെടുപ്പിനു പുറപ്പെട്ടു  ബിഹാറിലും ജാര്‍ഖണ്ഡിലും നേപ്പാളിലും വരെ സ്വയം കാറോടിച്ചു ചെന്ന്  റിപ്പോർട്ട് ചെയ്ത അനുഭവക്കുറിപ്പ്. by Josekutty Panackal


 
നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോഴാണ് ചീഫ് ന്യൂസ് എഡിറ്റർ രാജീവ് സാറിന്റെ വിളിയെത്തിയത്. കേരളത്തിനൊപ്പം ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടേയ്ക്ക് പോകാൻ സമ്മതക്കുറവ് ഉണ്ടോയെന്ന്? ‘നാട്ടിൽത്തന്നെ വേണ്ട കോവിഡുണ്ട്. ഇനി ബംഗാളി കോവിഡ്കൂടി പിടിച്ച് അവിടെ കിടക്കേണ്ടിവന്നാൽ സ്ഥിതി ആകെ വഷളാകും. നാട്ടിലെ സൗകര്യമോ മുൻഗണനയോ ഒന്നും ബംഗാളിൽ കിട്ടില്ലല്ലോ. ഒരു വർഷക്കാലത്തോളമായി സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യാതെയും പരിപാടികൾ കവർ ചെയ്യാൻ സ്വയം വാഹനമോടിച്ചും നടന്ന കരുതൽ ഈ ബംഗാൾ തിരഞ്ഞെടുപ്പോടെ കളഞ്ഞു കുളിക്കേണ്ടിവരുമല്ലോ’–മറുപടി പറയും മുൻപ് ഈ ചിന്തകളൊക്കെ തലച്ചോറിൽ മിന്നിമറഞ്ഞു.
എന്തായാലും ഇനി കോവിഡിന് എന്നെ പിടിച്ചേ തീരൂ എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. മാത്രമല്ല തിരഞ്ഞെടുപ്പ് യാത്രകൾ ധാരാളം പുതിയ അനുഭവങ്ങളും ഫയൽ ചിത്രങ്ങളും സമ്മാനിക്കുന്നതുമാണ്. ആ നിമിഷം തന്നെ പറഞ്ഞു: ‘യെസ് റെഡി’. ആലപ്പുഴയിൽനിന്നു സാക്കിർ ഹുസൈനാണെന്ന് ഒപ്പമെന്ന് അറിഞ്ഞു. മുൻപ് ഒരുമിച്ച് ജോലി ചെയ്ത ആളായതിനാൽ കൂടുതൽ സന്തോഷവും തോന്നി.  

ബംഗാളിൽ പോയാലെന്താ?
പോകേണ്ട തീയതി അറിയുംമുൻപേ ബംഗാളിലേക്ക് പോകുന്ന കേരളീയർക്ക് ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഉണ്ടാകണമെന്ന അറിയിപ്പ് വന്നു. ‘മൂക്കിൽ കമ്പുകയറ്റുന്ന’ പരിപാടി ചിത്രം എടുത്തതല്ലാതെ നേരിടേണ്ടിവന്നിരുന്നില്ല.  അസുഖമില്ലാതെ ആർടിപിസിആർ എടുക്കാൻ ചെല്ലുമ്പോൾ ലാബിൽ എന്തിനാണ് പരിശോധിക്കുന്നതെന്നുള്ളതിന് വിശദീകരണം നൽകണം. ‘ബംഗാൾ യാത്രയ്ക്ക്’ എന്ന മറുപടിയിൽ നഴ്സ് എന്റെ നേരെ നോക്കി. ഒപ്പമുള്ളവർ കാനഡ, സിംഗപ്പൂർ, യുകെ എന്നിങ്ങനെയൊക്കെ പറയുമ്പോൾ ദേ ഒരാൾ ബംഗാളിലേക്ക് സർട്ടിഫിക്കറ്റ് എടുക്കാൻ വന്നിരിക്കുന്നു. മാസ്കിന് മുകളിലെ കണ്ണിന്റെ ഭാവത്തിലൂടെ ആ മുഖത്തെ രസം എനിക്കു മനസിലായി. ‘നെഗറ്റീവ്’ റിപ്പോർട്ട് കിട്ടുംവരെ ചെറിയൊരു അസ്വസ്ഥത ബാക്കികിടന്നു.

ഞാനെന്റെ ‘സ്വന്തം’ കാറിൽ...!
കൊൽക്കത്തയിൽ കോവിഡ് എങ്ങിനെയുണ്ടെന്ന് ഇന്റർനെറ്റിൽ പരതി നോക്കി. ആശങ്കാജനകമായ കണക്കുകൾ പുറത്തുകാണുന്നില്ല. ചിലപ്പോൾ പരിശോധന നടത്താത്തതിനാലാകാം. ബംഗാളി പത്രങ്ങളിൽ വരുന്ന ചില ചിത്രങ്ങൾ പരിശോധിച്ചു. മാസ്ക് ധരിക്കുന്നതായൊന്നും കാണുന്നില്ല. പണി പാളിയതുതന്നെ, മനസ്സിലുറപ്പിച്ചു.
ബംഗാളിൽ ചെന്നു മടങ്ങുംവരെ ഒട്ടേറെ കാറുകളിലും പൊതുഗതാഗത സംവിധാനത്തിലുമൊക്കെ കയറേണ്ടിവന്നാൽ കോവിഡ് എവിടെനിന്ന് കിട്ടിയെന്നു പോലും അറിവുണ്ടാകില്ല. കൊച്ചിയിൽ ഇപ്പോൾ ചെയ്യുന്നതുപോലെ തന്നെ സ്വയം വാഹനം ഓടിച്ചാലോ എന്ന ചിന്ത അങ്ങനെയാണു മനസ്സിൽ തെളിഞ്ഞത്. പ്രമുഖ കാർ റെന്റൽ കമ്പനികളായ സൂം, റെവ്, മൈ ചോയ്സ് എന്നിവയൊക്കെ പരിശോധിച്ചു. ബംഗാളിൽ കൂടുതൽ വാഹനങ്ങളുള്ള കമ്പനിയെന്ന നിലയിൽ‌ റെവിനെ സെലക്ട് ചെയ്തു. വിമാനമിറങ്ങുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വാഹനം പിക്അപ് പോയിന്റാക്കി പണവും അടച്ചു.


ആപ്പും എയർപോർട്ടിലെ തേപ്പും 


മാർച്ച് ഒന്നിനാണ് യാത്ര പുറപ്പെടേണ്ടത്. ആരോഗ്യ സേതുവിനൊപ്പം ബംഗാൾ സർക്കാർ വക സന്ധാനെ ആപ്പും ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴതാ ബംഗാളികളുടെ വലിയ തിക്കും തിരക്കും. വെബ് ചെക്കിൻ ചെയ്താലേ അകത്തേക്ക് വിടൂ. കൂടാതെ വിമാനത്താവളത്തിലെ കിയോസ്കിൽ നിന്നും അതിന്റെ പ്രിന്റും എടുത്തുവേണം അകത്തുകയറാൻ. മൊബൈൽ ഫോണിൽ വെബ് ചെക്കിൻ ചെയ്യാൻ അറിയാത്തവരും പ്രായമായവരുമൊക്കെ ആകെ വെപ്രാളപ്പെട്ടു നടക്കുന്നു. പ്രിന്റ് ചെയ്യാനുള്ള കിയോസ്കിലാകട്ടെ എല്ലാവരും തിരക്കിട്ട് കുത്തി 2 യന്ത്രങ്ങൾ കേടാകുകയും മറ്റുള്ളവയിൽ പേപ്പർ തീരുകയും ചെയ്തു. വെബ് ചെക്കിൻ ചെയ്തത് ഫോണിൽ കാണിച്ചു കൊടുത്താലും മതിയെന്ന് അറിഞ്ഞതുപ്രകാരം അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ രണ്ടുപേരെ വെബ് ചെക്കിൻ ചെയ്യാൻ സഹായിച്ചതോടെ കൂടുതൽ ആവശ്യക്കാർ ചുറ്റും കൂടാൻ തുടങ്ങി. അതിനിടെ പേപ്പർ നിറച്ച് കിയോസ്കുകളിലൊന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ അക്കൂട്ടർക്കിടയിൽ നിന്നു രക്ഷപ്പെട്ടു.
 
കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ, അവിടത്തെ സ്ഥിരം വിലാസത്തിന്റെ രേഖകൂടി ഉണ്ടെങ്കിലേ കാർ കൈമാറ്റം ചെയ്യാനാകൂ എന്നായി. ബംഗാളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്നതാണെന്നും സ്ഥലം വാങ്ങാൻ വന്നതല്ലെന്നും അതിനാൽ സ്ഥിര വിലാസമില്ലെന്നും കസ്റ്റമർകെയറിൽ വിളിച്ച് പറഞ്ഞതോടെ കാര്യങ്ങൾ ഉഷാറായി. കാറുമായി 10 മിനിറ്റിനുള്ളിൽ ആളെത്തി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഹോട്ടലിലേക്ക്. ആദ്യ യാത്രയിൽത്തന്നെ ‘ഗൂഗിളമ്മായി’ നന്നായൊന്നു വഴിതെറ്റിക്കുകയും ചെയ്തു.

കറങ്ങിപ്പോയ യുടേൺ
മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീടിനു പരിസരത്ത് എന്തെങ്കിലും കിട്ടുമോയെന്ന് ശ്രമിച്ചുകൊണ്ട് തുടക്കമിടാം എന്ന ലക്ഷ്യത്തോടെ പിറ്റേന്ന് രാവിലെ തന്നെ അവിടേക്ക് വച്ചുപിടിച്ചു. വീടിന് 1 കിലോമീറ്റർ ഇപ്പുറത്ത് പൊലീസ് തടഞ്ഞു. ആകെയൊരു പന്തികേട് പുള്ളിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. കർണാടക റജിസ്ട്രേഷൻ വാഹനം, ബംഗാളികളുടെ മുഖഛായ, മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നു. ഉദ്യോഗസ്ഥൻ വോക്കിടോക്കിയിൽ ആരോടോ സംസാരിച്ചു. മാധ്യമപ്രവർത്തകർ പോയിട്ട് രാഷ്ട്രീയ നേതാക്കളെ പോലും വീടിനു പരിസരത്തേക്ക് വിട്ടേക്കരുത് എന്നാണ് കോവിഡ് പേടിയിൽ മമതയുടെ ഉത്തരവെന്നും ഈ വഴി കടത്തിവിടില്ലെന്നും പറഞ്ഞു. അങ്ങനെ വീടിന്റെ പരിസരത്തേക്കു നടന്നു പോലും പോകാനുള്ള വഴിയടഞ്ഞു. 


ടോപ്സിയ റോഡിലെ ഓഫിസാണ് തിരഞ്ഞെടുപ്പ് ആസ്ഥാനം. അവിടേക്കായി അടുത്ത യാത്ര. ടിഎംസി ആസ്ഥാനത്തിനു സമീപം മെട്രോ സ്റ്റേഷന്റെ പണി നടക്കുകയാണ്. അതിന്റെ പൊടിക്കൂട്ടത്തിനിടയിൽ കാർ പാർക്കുചെയ്ത് ഓഫിസിനുള്ളിലേക്ക് നടന്നു കയറി. നിലവിൽ മമതയ്ക്കു പരിപാടികളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിപാടികൾ അലെർട്ട് നൽകാൻ നിങ്ങളെക്കൂടി വാട്സാപ് ഗ്രൂപ്പിൽ ചേർക്കാമെന്നും പറഞ്ഞ് ഫോൺ നമ്പരുകൾ വാങ്ങി.
അടുത്ത ലക്ഷ്യം ബിജെപി ഓഫിസാണ്. ബിജെപി ഓഫിസിൽ വിളിച്ചപ്പോൾ ഹോട്ടൽ ഹിന്ദുസ്ഥാൻ ഇന്റർനാഷനലിൽ ചില നേതാക്കൾ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അവിടേക്കു ചെല്ലാനും അറിയിച്ചു. തെറ്റായ യുടേണിൽ പൊലീസ് പിടികൂടി. ലൈസൻസ് ചോദിച്ചു. കൊടുത്തപ്പോൾ ഇത് ഒറിജിനലാണോയെന്ന് അടുത്ത ചോദ്യം. ഫൈൻ അടയ്ക്കണമെന്നു ബംഗാളിയിൽ പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ പറ്റിയതാണെന്നും ബംഗാളിയും ഹിന്ദിയുമൊന്നും മനസിലാകില്ലെന്നും ഇംഗ്ലിഷിൽ പറഞ്ഞു. ആശയവിനിമയം തകരാറിലായതോടെ വിട്ടേക്കാൻ അടുത്തുനിന്ന ഉദ്യോഗസ്ഥൻ കൈകാണിച്ച ഉദ്യോഗസ്ഥനോട് പറഞ്ഞു. ലൈസൻസ് തിരിച്ചുതന്നു. പഞ്ചാബി ഹൗസ് സിനിമയിലെ പോലെ ‘ജബ...ജബ..’ പരിപാടി ഇത്തരം അവസരങ്ങളിൽ വളരെ മികച്ച ആശയമാണ്!  

ബാലാഗ്രാമിലെ പിണറായി 
അടുത്ത ദിനം നന്ദിഗ്രാമിലേക്കും തുടർന്നു നരേന്ദ്ര മോദിയുടെയും മമത ബാനർജിയുടെയും കൊൽക്കത്തയിലെ റാലികൾക്കും ശേഷമാണ് പശ്ചിമ ബംഗാളിലെ വടക്കോട്ടുള്ള യാത്രകൾ. 700 കിലോമീറ്ററോളം ദൂരമുണ്ട്. പരമാവധി യാത്രകൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതാക്കുകയാണ് ലക്ഷ്യം. വിമാനമോ ട്രെയിനോ ആശ്രയിക്കാൻ മനസുവന്നില്ല. ഇത്രനാൾ കാത്തുസൂക്ഷിച്ച കോവിഡ് കടിഞ്ഞാണെങ്ങാനും കയ്യിൽ നിന്നും വഴുതിയാലോ?  


ആദ്യലക്ഷ്യം രവീന്ദ്രനാഥ ടഗോറിന്റെ ശാന്തിനികേതൻ. 160 കിലോമീറ്ററാണ് ദൂരം. യാത്രാവഴിയിൽ ബാലാഗ്രാമിൽ സംയുക്തമോർച്ച (ഇടത്-വലത് സഖ്യത്തിന്റെ) സ്ഥാനാർഥി മഹിമ മണ്ഡലിനുവേണ്ടി അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കുന്നവരെ കണ്ട് അവിടെയിറങ്ങി. കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖ സഖാക്കൾ പാർട്ടി ചിഹ്നം കണ്ട് ആവേശം കയറി എത്തിയതാണെന്ന് മതിലിൽ ചിത്രം വരയ്ക്കുന്നവർ കരുതി! പിണറായി വിജയനെക്കുറിച്ചൊക്കെ അവരിൽ ചിലർ ആവേശപൂർവം ചോദിച്ചു. ചിത്രവുമെടുത്ത് ലാൽസലാം പറഞ്ഞ് ശാന്തിനികേതനിലേക്ക്.
ഗ്രാമീണ മേഖലയുടെ ഉണങ്ങിയതും പച്ചയുമായ പാടങ്ങളുമെല്ലാം കടന്ന് അവിടെ എത്തിയപ്പോൾ വൈകുന്നേരമായി. കോവിഡ് പേടിയിൽ ക്യാംപസ് ആകെ വരണ്ടുകിടക്കുന്നു. ആരെയും ഒരു കെട്ടിടങ്ങളിലേക്കും പ്രവേശിപ്പിക്കില്ല. വിദ്യാർഥികൾ ഉൾപ്പടെ നാടുവിട്ടുകഴിഞ്ഞു. ക്യാംപസിൽ ചുറ്റിനടന്നു സഞ്ചാരികളോട് വിവരിക്കുന്ന ഗൈഡുമാർ‌ അവിടിവിടങ്ങളിലായി നിന്ന് ‘ഹലോ ഹലോ’ വിളിച്ച് ഏതെങ്കിലും കസ്റ്റമറെ കിട്ടുമോയെന്ന് പരിശോധിക്കുന്നു. സന്ധ്യയായിത്തുടങ്ങി. ക്യാംപസിലെ ലൈറ്റുകൾ പോലും തെളിക്കുന്നില്ല. താമസിക്കാനുള്ള ഏതെങ്കിലും ഹോട്ടൽ തപ്പിപ്പിടിച്ചേ മതിയാകൂ.


ആരറിയുന്നു, സ്ഥാനാർഥിയെ! 


അടുത്ത ലക്ഷ്യം 100 കിലോമീറ്റർ അപ്പുറമുള്ള സൽത്തോറ ഗ്രാമത്തിലെ കൽപണിക്കാരന്റെ ഭാര്യ ബിജെപി സ്ഥാനാർഥി ചന്ദന ബൗരി. നെൽവയൽ, കരിമ്പന, ആകെ പാലക്കാടൻ ടച്ച്... പിന്നാലെ താറാവ്, കുളവാഴ എന്നിങ്ങനെ കുട്ടനാടൻ ടച്ച്... സ്ഥലത്തെത്തി മരുന്നുകടകൾ മുതൽ എരുമയുമായി വഴിയിലൂടെ നടന്നുവന്ന ആളോടുപോലും ചോദിച്ചുനോക്കി. ഇല്ല, ആർക്കും അങ്ങനെ ഒരു സ്ഥാനാർഥിയെ ആർക്കും അറിയില്ല! വഴിയിലെങ്ങും സ്ഥാനാർഥിയുടെ പോസ്റ്ററുമില്ല. സ്ഥാനാർഥി അറിയാതെ പാർട്ടി പ്രഖ്യാപിച്ചതാകുമോ? അങ്ങനെ ചിലയിടങ്ങളിൽ പ്രഖ്യാപനങ്ങൾ നടന്ന വാർത്തകൾ വന്നുകഴിഞ്ഞു.
സായാഹ്നമാകുന്നു ഇന്നത്തേക്കുള്ള സ്റ്റോറിയും ചിത്രവും അയക്കാൻ മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ് കൂടുതലുള്ള സ്ഥലം കണ്ടെത്തണം. 2ജി റേഞ്ച് മാത്രമാണ് നിലവിലെ സ്ഥലത്ത് കാണിക്കുന്നുള്ളൂ. അടുത്ത ലക്ഷ്യസ്ഥാനം സിലിഗുഡിയാണ്. 400 കിലോമീറ്ററിനപ്പുറം രണ്ട് സംസ്ഥാനങ്ങളുടെ അരികിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഗൂഗിൾമാപ്പ് കാണിക്കുന്നു. പറ്റാവുന്നത്ര ദൂരം പിന്നിട്ട് ഏതെങ്കിലും നഗരത്തിലെത്തണം.
അടുത്തു കാണുന്ന വലിയ നഗരം അസൻസോളാണെന്ന് ഹോട്ടലുകൾ തിരയാനുള്ള ആപ്പിൽ കാണിക്കുന്നു 12 കിലോമീറ്റർ മാത്രം. വേഗത്തിലെത്താൻ ആക്സിലേറ്റർ അമർത്തിവിട്ടു. പക്ഷേ, ടാർ വഴി പതിയെ ഇടുങ്ങിവന്ന് കോൺക്രീറ്റ് പാതയിലൂടെയായി യാത്ര. ഇരുവശത്തും ആദിവാസി ഊരുകളെന്ന് തോന്നിക്കുന്ന വീടുകൾ. കോൺക്രീറ്റ് പാതയും അവസാനിച്ച് വണ്ടിയൊരു മണൽപ്പരപ്പിലെത്തി. രണ്ടുമൂന്നു കാറുകൾ അവിടെ നിർത്തിയിട്ടിരിക്കുന്നു. ഇനി നദി കുറുകെ കടക്കണം. അപ്പുറത്തുനിന്ന് ഇരുചക്ര വാഹനങ്ങൾ മാത്രമേ ഇവിടേക്കു വരുന്നുള്ളു. ആകെയൊരു വശപ്പിശക്. മരമുട്ടുകൾ നിരത്തിയുള്ള ചെറുതടിപ്പാലത്തിലൂടെ അപ്പുറത്തുനിന്നും എത്തുന്നവരോട് കാർ ഈ വഴി പോകുമോയെന്ന് അന്വേഷിച്ചു. ഇവനൊക്കെ എവിടുന്ന് വരുന്നെടായെന്ന ഭാവത്തിൽ ചിലർ കടന്നുപോയി. പിന്നാലെവന്നൊരാൾ ഇതിലെ ഇരുചക്രവാഹനം മാത്രമേ പോകുകയുള്ളെന്ന് അറിയിച്ചു. 


പണി പറ്റിച്ചു! ആരോ ഗൂഗിളിൽ തെറ്റായി വഴി മാർക്ക് ചെയ്തതാണ് പ്രശ്നം. നദി കടക്കാൻ അടുത്ത് എവിടെയെങ്കിലും പാലമുണ്ടോയെന്ന് വീണ്ടും പരതി. 12 കിലോമീറ്റർ അകലെയാണ് പാലം. മാപ്പിൽ കണ്ട വഴിയിലൂടെത്തന്നെ നീങ്ങി. വീണ്ടും നദിയുടെ മറ്റൊരു കരയിലെത്തി നിന്നു. മാപ്പ് തനിയെ റീറൂട്ടിങ് നടത്തിയതാണ് അടുത്ത ചതി. ഇനി രക്ഷയില്ല 2ജി റേഞ്ചുമായി മൊബൈൽ പരീക്ഷണങ്ങൾ തുടരാനാകില്ല. തൊട്ടുപിന്നാലെ കനത്ത മഴയും എത്തി വഴിമൂടി. ഇടയ്ക്കു റേഞ്ച് കിട്ടിയപാടെ അസൻസോളിലെ ഹോട്ടലുകളുടെ വലിയ നിരതന്നെ ഫോണിൽ ലഭ്യമായി.
പിറ്റേന്നു നേരം വെളുത്തിട്ടും മഴ തോർന്നിട്ടില്ല. പതിയെ ബംഗ്ല ഭാഷയിൽനിന്നു ഹിന്ദിയിലേക്ക് വഴിയരികിലെ ബോർഡുകളും പോസ്റ്ററുകളുമെല്ലാം മാറുന്നു. താമസിയാതെ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബാനറുകളൊക്കെ കാണുന്നു. അതെ വാഹനം ബംഗാളിൽ നിന്നും അടുത്ത സംസ്ഥാനമായ ജാർഖണ്ഡിൽ കടന്നിരിക്കുന്നു. അതും കടന്ന് ആ പകൽ മുഴുവൻ ഓടി ബിഹാർ പുർണിയ നഗരത്തിലെ ഇംപീരിയൽ ഹോട്ടലിൽ ചേക്കറുമ്പോൾ ഇരുട്ടുവീണിരുന്നു.


കയ്യകലത്തിതാ നേപ്പാൾ 


അടുത്ത ദിനം രാവിലെ നോക്കുമ്പോൾ വാഹനം ചെളിയിൽ കുളിച്ചു നിൽക്കുന്നു. കോൾ പാടങ്ങളിൽനിന്നു കയറിവന്ന ലോറികൾക്ക് പുറകെ കുറെ നേരം സഞ്ചരിച്ചതിനാൽ അതിൽ നിന്നും പറ്റിപ്പിടിച്ച കറുത്ത പൊടി മഴനനഞ്ഞ് ചെളിയായി കാറിനെ മൂടിയിരിക്കുന്നു. കാറിന്റെ ഡോർ ഹാൻഡിലിൽ പിടിക്കാൻ കഴിയാത്തത്ര ചെളി.
ഹോട്ടൽ സെക്യൂരിറ്റിയോട് പറഞ്ഞ് കാർ കഴുകാൻ കരാറാക്കി. പ്രഭാതഭക്ഷണം കഴിച്ചുവരുമ്പോൾ കാർ കഴുകി റെഡിയാക്കാമെന്ന് പറഞ്ഞു. തിരിച്ചു വന്നപ്പോൾ ഡോർ ഹാൻഡിലും ഗ്ലാസും മാത്രം കഴുകിയിരിക്കുന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വെള്ളം ഒഴിച്ചിട്ടും ചെളിയൊന്നും പോകുന്നില്ലെത്രെ. കാശും വാങ്ങി സെക്യൂരിറ്റി പോയി. മഴ നിർത്താതെ പെയ്തിരുന്നതുകൊണ്ടാകാം ജാർഖണ്ഡിൽ കടന്നപ്പോഴും ബിഹാറിൽ കയറിയപ്പോഴുമൊന്നും പൊലീസ് പരിശോധന ഉണ്ടായില്ല.
സിലിഗുഡിക്ക് 40 കിലോമീറ്റർ അടുത്തുവരെ ബിഹാറാണ്. ഠാക്കൂർഗഞ്ച് ചെക്പോസ്റ്റ് കടന്ന് ഇരുവശവും തേയിലത്തോട്ടങ്ങൾ നിറഞ്ഞ ബംഗാൾ മണ്ണിൽ കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ നേപ്പാൾ അതിർത്തിയായ പാനിടാങ്കിയുടെ ബോർഡ് കണ്ടു. നേപ്പാളിൽ കടക്കാൻ ഇന്ത്യക്കാർക്കു പാസ്പോട്ടും വിസയും വേണ്ടാത്ത സ്ഥലം. ആഹാ! എന്നാൽ രാജ്യമൊന്ന് നടന്നു കടന്നു കളയാം. വണ്ടി ഇടത്തേക്ക് തിരിഞ്ഞു.
അതിർത്തിയിലെ ഇന്ത്യൻ എമിഗ്രേഷൻ ഓഫിസ് മുൻപിൽ വാഹനം നിർത്തി അപ്പുറത്ത് പോയാൽ തിരികെ വരാൻ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ചു. വാഹനമില്ലാതെ പോകാൻ സർക്കാർ അംഗീകൃത ഐഡറ്റിറ്റി കാർഡ് മാത്രം മതിയെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പാൻ കാർഡ് കാണിച്ച് മേച്ചി നദിക്ക് കുറുകെ 600 മീറ്ററോളം നീളമുള്ള പാലത്തിൽ കയറി. അതിന്റെ മധ്യഭാഗം വരെ നേപ്പാളിൽ നിന്നുള്ള ഇലക്ട്രിക് റിക്ഷകൾ വന്നു നിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലേക്കും ആളുകൾ പാലത്തിലൂടെ നടന്നു പോകുന്നു. അപ്പുറം കടന്നെത്തിയപ്പോൾ നേപ്പാൾ അരികിൽ പരിശോധനയൊന്നുമുണ്ടായില്ല. കാഠ്മണ്ഡുവിനു പോകാനാണോയെന്ന് അന്വേഷിച്ചു കുറച്ച് വാഹനഡ്രൈവർമാർ എത്തി. തിരികെ ഇന്ത്യയിൽ കടക്കാൻ അൽപം ക്യൂ നിൽക്കേണ്ടി വന്നു. ഇന്ത്യയിൽനിന്നു രാവിലെ നേപ്പാളിൽ പോയി ജോലി ചെയ്ത് മടങ്ങുന്നവരുടെ ചെറിയ തിരക്കായിരുന്നു കാരണം! 

വീണ്ടും യാത്ര തുടർന്നപ്പോഴാണ് പാതയുടെ പേര് ‘എഎച്ച് 02’ എന്നത് ശ്രദ്ധയിൽപെട്ടത്. ഇന്ത്യോനേഷ്യയിൽ തുടങ്ങി സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കടന്ന് ഇറാനിൽ അവസാനിക്കുന്ന 13,107 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് ഞങ്ങൾ കടന്നിരിക്കുന്നത്. രാജ്യാന്തര പാതയാണെങ്കിലും അതിനുതക്ക ആർഭാടമൊന്നുമില്ല. ഏതായാലും അതുവഴി സിലിഗുഡിക്ക് വച്ചുവിട്ടു. സന്ധ്യയാകും മുൻപേ അവിടെയെത്തിയാൽ സിപിഎം നേതാവ് അശോക് ഭട്ടാചാര്യയെ പിടിക്കാം. അദ്ദേഹത്തെ ഒട്ടേറെത്തവണ വിളിച്ചെങ്കിലും ഫോൺ കിട്ടിയപ്പോൾ രാത്രിയായി. രാത്രി 8 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇനി ഡാർജീലിങ്ങിലെ നേതാക്കളെക്കൂടി കാണാൻ പോകുന്നുണ്ടെന്ന് അറിയിച്ചപ്പോൾ ഹിൽറോഡ് ഡ്രൈവിങ് അറിയാമോ? എന്നായി അദ്ദേഹത്തിന്റെ ചോദ്യം. കേരളത്തിൽ നിറയെ മലകളുള്ള ഇടുക്കി ജില്ലക്കാരനാണ് കൂടെയുള്ളതെന്ന് സാക്കിർ മറുപടി പറഞ്ഞു. രാത്രി 9 മണിയോടെ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ കനത്ത മഴയിൽ ഓടിനിടയിലൂടെ നനുത്തിറങ്ങുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി അദ്ദേഹം കൈവീശി.


മഞ്ഞിൽ മായാത്ത വഴികൾ 

സിലിഗുഡിയിലേക്കുള്ള യാത്രയിൽ നക്സൽബാരി എന്ന സ്ഥലം ശ്രദ്ധയിൽപ്പെട്ടിരുന്നു. നക്സൽ പ്രസ്ഥാനം വേരുപിടിച്ച നാട്. അവിടെ പോയി ഒരു സ്റ്റോറി ചെയ്യാവുന്നതാണ് പിറ്റേന്ന് രാവിലെ അവിടേക്കു തിരിച്ചു. വെടിവയ്പിൽ മരിച്ചവരുടെ സ്മാരകം അവിടെയുണ്ട്. ആളുകളോട് ഈ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു പിടിയുമില്ല. ഒടുവിൽ അന്വേഷിച്ച് സ്മാരകത്തിലെത്തി. അടുത്ത ലക്ഷ്യം മലമടക്കുകൾക്കപ്പുറമുള്ള മിറിക്.  സിലിഗുഡിയിൽ നിന്നും 10 കിലോമീറ്റർ അപ്പുറത്ത് ബാലാസൻ നദിക്ക് കുറുകെയുള്ള ദുധിയ ഇരുമ്പുപാലം കയറിയാൽ മലകയറ്റം തുടങ്ങുകയായി. 30 കിലോമീറ്റർ അകലം മാത്രമേ മലമുകളിലെ മിറിക്കിലേക്കുള്ളുവെങ്കിലും കൊക്കകളും തേയിലത്തോട്ടങ്ങളുമെല്ലാം കടന്ന് വളഞ്ഞു പുളഞ്ഞ് അവിടെയെത്തണമെങ്കിൽ ഇത്തിരി നേരം പിടിക്കും. പോരാതെ കോടമഞ്ഞിറങ്ങി വഴി കാണാതായാൽ മലയിറങ്ങി എത്തുന്ന വാഹനങ്ങളെ ജാഗ്രതയോടെ നോക്കിവേണം യാത്രചെയ്യാനും. വഴിയിലെങ്ങും ഷെർപ്പകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുതുകിൽ കുട്ടകളുമായി ആളുകൾ പോകുന്നു. കടന്നുപോന്ന വഴികൾ പിന്നിൽ പാമ്പുകൾ ഇഴയുംപോലെ കാണാനാകുന്നു.

ഒന്നര മണിക്കൂർ നേരത്ത കയറ്റത്തിനുശേഷം മിറിക്കിലെ തടാകക്കരയിലെത്തി. കോവിഡിൽ പൂട്ടിയിട്ട പല ബോട്ടുകളും നശിച്ച് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. കറുത്ത നിറമായ വെള്ളത്തിൽ മീനുകൾ ശ്വാസത്തിനായി പിടയുന്നു. അതിനെ മുതലാക്കി നീർക്കാക്കകൾ അവയെ കൊത്തിയെടുത്ത് ഊളിയിടുന്നു. ഗൂർഖ ജൻ മുക്തിമോർച്ച നേതാക്കളെ അവിടെനിന്നു ഫോൺ‌ വിളിച്ചുനോക്കി. മിക്ക സ്ഥലങ്ങളിലും റേഞ്ചില്ല. ‍ഞങ്ങളുടെ ഫോണിലെ റേഞ്ചും വന്നും പോയുമിരിക്കുന്നു. കനത്ത മൂടൽമഞ്ഞ് തടാകത്തെ മൂടാനെത്തുന്നു. പിന്നാലെ മഴയും വരുന്നുണ്ട്. ഇനി മലയിറങ്ങിയില്ലെങ്കിൽ തിരിച്ചു കൊൽക്കത്തക്കുള്ള യാത്രക്ക് തുടക്കമിടേണ്ടതാണ്. പരമാവധി കിലോമീറ്ററുകൾ ഇന്ന് താണ്ടിയേ മതിയാകൂ. പക്ഷേ രാത്രിക്കു മുൻപേ ഏതെങ്കിലും കരപറ്റുകയും വേണം. മഞ്ഞ് പൂർണമായും മൂടും മുൻപേ അവിടെനിന്നും മടക്കയാത്ര ആരംഭിച്ചു.

(ഹ്യൂണ്ടായ് സാന്‍ട്രോ, വെര്‍ണ, മാരുതി സെലേറിയോ, ബ്രെസ എന്നീ വാഹനങ്ങളിലായി 3500 കിലോമീറ്ററിലേറെ ദൂരമാണ് 20ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ താണ്ടിയത്.)
https://www.manoramaonline.com/news/latest-news/2021/03/15/election-travelogue-through-santhinikethan-salthora-bengal.html?fbclid=IwAR1eM5sjpT9Ct3AQMKSqv5hCzjcXVV0KLUt4wpYZcANDB1t7Qsl2dIkOqMM 

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

കണ്ണിലുണ്ട് ആ യാത്രക്കാര്‍

സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ പ്രകടനത്തിനു ശേഷം വേദിക്ക് തൊട്ടുമുന്നില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും ഉച്ചത്തില്‍ കയ്യടിച്ച് ‘എത്ര നല്ല പ്രകടനം’ എന്ന് ഉറക്കെ പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ പന്തിയിലിരിക്കുന്ന വിധികര്‍ത്താക്കളുടെ ചെവിയില്‍ ഇത് എത്തിക്കുകയും മാര്‍ക്കിടലില്‍ ഈ പഴയ നമ്പര്‍ ഫലിക്കുമോയെന്നുള്ള പരീക്ഷണവുമാണ് പലരുടെയും തന്ത്രം. ഇന്നലെ കൊച്ചിയില്‍ ഇതുപോലെ ഒന്ന് ഞാനും നേരിട്ടു. സ്ഥലം കലോത്സവമല്ല. പകരം ഒരാളുടെ മരണത്തിനിടയാക്കിയ റോഡിലെ കുഴിയാണ്. കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് മുകളിലൂടെ ബസ് കയറിയിറങ്ങി ആള്‍ മരിച്ചു. ഈ കുഴിയുടെ ചിത്രം എടുക്കാന്‍ അവിടെ എത്തിയത് കുറച്ചു നേരത്തിനു ശേഷമാണ്.  അവിടെയുണ്ടായ ചെറു പ്രതിഷേധത്തിന്റെ ഭാഗമായി അപ്പോഴേക്കും ഈ കുഴി താല്‍ക്കാലികമായി മൂടിയിരുന്നു. തകര്‍ന്ന സ്കൂട്ടറും കുഴിയുമൊക്കെ  ചിത്രമെടുക്കുന്നതിനിടയില്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം പകുതി മൂടി  രണ്ടുപേര്‍ അരികിലെത്തി. മാധ്യമ പ്രവര്‍ത്തകനാണോയെന്നായി എന്നോടുള്ള ആദ്യ അന്വേഷണം. അതെ എന്ന് അറിയിച്ച ശേഷം നിങ്ങള്‍ ആരാണെന്ന് തിരിച്ചും അന്വേഷിച്ചു. ഞങ്ങള്‍ ആ ബസിലെ യാത്രക്കാരായിരുന്നുവെന്നും ഇപ്പോഴും സംഭവം കണ്ണിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവരുടെ വിറയല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ഒക്കെ അറിയിച്ചു. കുഴിയില്‍ വീണ ഹതഭാഗ്യന്‍ തിരിഞ്ഞു നോക്കുന്നതിനിടെയാണ് ബസ് കയറിയതെന്നുമൊക്കെ വിശദീകരണം നീണ്ടുപോയി. ബസ് സാവധാനത്തിലായിരുന്നു വന്നിരുന്നതെന്നും, റോഡ് നന്നാക്കാത്തതിന്റെ അനാസ്ഥ വളരെ വിശദമായി പത്രത്തില്‍ കൊടുക്കണമെന്നും അധികാരികളാണ് ഈ മരണത്തിന് കാരണമെന്നുമൊക്കെ അവര്‍ പറഞ്ഞു. ഒപ്പം ഒന്നുകൂടി...ഡ്രൈവര്‍ ശക്തമായി ബ്രേക്കിട്ടതോടെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞുപോയെത്രെ. ‘ഇത്രയൊക്കെ കാര്യങ്ങള്‍ അറിഞ്ഞുവച്ച ഈ യാത്രക്കാര്‍ ഭയങ്കരന്മാര്‍ തന്നെ!’ എങ്കിലും ഇവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നത് ഈ സംസാരത്തിനിടയിലൊന്നും മാറ്റാത്തതിനാല്‍ മനസില്‍ ചെറിയൊരു സംശയം മുളപൊട്ടി. ബ്രേക്കൊടിഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിനടിയിലെ ചിത്രം പകര്‍ത്താനായി പിന്നീടുള്ള യാത്ര. മറ്റൊരു പരിപാടിക്ക് പോയി തിരികെ വരും വഴിയില്‍ ഇതേ ബസിനു സമീപം എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ഈ രണ്ട് കക്ഷികളും ബസിനുള്ളില്‍. ‘ അപകടം നടന്ന് ഇത്രയേറെ നേരമായിട്ടും ബസ് വിട്ടുപോകാന്‍ തോന്നാത്ത യാത്രക്കാര്‍...’ സ്ഥിരം ഡ്രൈവര്‍ക്ക് പകരമായി  മുതലാളി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നുകൂടി പൊലീസില്‍ നിന്നും അറിവുകിട്ടിയതോടെ ഉറപ്പായി ആ യാത്രക്കാര്‍ ആരെന്ന്.... 
By Josekutty Panackal 01.10.2019

#MyLifeBook #PhotoJournalismExperience #NewsPhotography #FakeAttempt 

2018, ജൂലൈ 19, വ്യാഴാഴ്‌ച

പാവം മൂര്‍ഖന്‍

കഴിഞ്ഞദിവസം റേഡിയോ മാംഗോയിലെ ഒരു ഫോണിന്‍ പരിപാടിക്കിടെ എനിക്കൊരു വിളിവന്നു. സാഹസികമായി എടുത്ത ഏതെങ്കിലും ചിത്രത്തിനു പിന്നിലെ ഒരു കഥപറയാമോ എന്നുചോദിച്ചു. കണ്ണൂരില്‍ ജോലിചെയ്ത അവസരത്തില്‍ രാഷ്ട്രീയ  കൊലപാതക ദിനങ്ങളിലെ യാത്രയും ബോംബ് വേട്ടയുമൊക്കെയാണ്  ഏറ്റവും സാഹസിക കാലയളവെങ്കിലും ആ അനുഭവങ്ങളൊന്നും റേഡിയോ കേഴ്‌വിക്കാര്‍ക്കത്ര സുഖകരമാകില്ലെന്ന് അറിയാം. അതിനാല്‍ കൊച്ചിയിലെത്തിയ ശേഷമുള്ളൊരു അനുഭവമാണ് പങ്കുവച്ചത്. അത് കേള്‍ക്കാത്തവര്‍ക്കായി അക്ഷരങ്ങളിലൂടെ ഇവിടെ കുറിക്കുന്നു.

തൃപ്പൂണിത്തുറ പാലസില്‍ (മണിച്ചിത്രത്താഴ് സിനിമയിലെ വീട്) ഇഴജന്തുക്കളുടെ ശല്യം കൂടിയെന്ന വാര്‍ത്ത ചെയ്യുകയായിരുന്നു ലക്ഷ്യം. അവിടെയുള്ള സന്ദര്‍ശകരില്‍ പലരും പാമ്പിനെകണ്ടുപേടിച്ച അനുഭവങ്ങള്‍ തൃപ്പൂണിത്തുറയിലെ ലേഖകനോട് വിവരിച്ചിരുന്നു. ഉഗ്രന്‍ മൂര്‍ഖനൊക്കെ ധാരാളം ഈ ക്യാംപസിലുണ്ട്. എന്നാല്‍ നല്ലൊരു മൂര്‍ഖനെത്തന്നെ കിട്ടിയാലോ എന്ന ഡയലോഗൊക്കെയിട്ട് പാലസിന്റെ നീളമുള്ള പടവുകള്‍ ഇറങ്ങി ചെല്ലുമ്പോഴതാ മറിഞ്ഞുവീണ് നശിച്ചുകിടക്കുന്ന തടിയില്‍ വെയില്‍ കാഞ്ഞ് എന്തോ കിടക്കുന്നു. കണ്ടിട്ടൊരു മൂര്‍ഖന്റെ ലുക്കൊക്കെയുണ്ട്. പക്ഷേ ക്ഷീണിച്ച് അവശനായി കിടക്കുന്നപോലൊരു തോന്നല്‍. ജീവനുണ്ടോ ഇല്ലയോ എന്നൊരു സംശയവും. സൂം ലെന്‍സിലൂടെ നോക്കിയപ്പോള്‍ കണ്ണുരുട്ടി അത് ഞങ്ങളെത്തന്നെ നോക്കുന്നു. അപ്പോള്‍ ജീവനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. കുറച്ചുകൂടി അടുത്തുപോയാലേ നല്ല ചിത്രം കിട്ടൂ. ‘മൂര്‍ഖനാണവന്‍! അവന്റെ ബന്ധുജനങ്ങളൊക്കെ സമീപത്തെ പൊന്തക്കാട്ടില്‍ത്തന്നെയുണ്ടാകും’; ലേഖകന്റെ മുന്നറിയിപ്പും ചെവിയില്‍ മുഴങ്ങി.

 ലെന്‍സില്‍ മികച്ച ചിത്രം കിട്ടാവുന്ന അടുക്കലെത്തി പതുക്കെ നിലത്തേക്ക് കുത്തിയിരുന്നു. ലക്ഷ്യം കൈവിറച്ചാലും കാല്‍മുട്ടില്‍ താങ്ങി ചിത്രം എടുക്കുക. മൂന്നുനാലു ചിത്രങ്ങള്‍ എടുത്തതും കാലില്‍ ഒരു കടി കിട്ടിയതും ഒാര്‍മ്മയുണ്ട്. ചാടിത്തെറിച്ചെഴുന്നേറ്റ് കാല്‍കുടഞ്ഞ് ഹയ്യോ! എന്നൊരു വിളിയും. തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന ലേഖകനും പരിഭ്രമിച്ച് രണ്ടുചാട്ടം ചാടി. മൂര്‍ഖന്റെ ചിത്രം എടുക്കുമ്പോള്‍ മറ്റൊരു ജീവിക്കും കടിക്കാനുളള അവസരം നമ്മള്‍ കൊടുക്കില്ലല്ലോ.  വെപ്രാളത്തില്‍ കാല് പരിശോധിക്കുമ്പോള്‍ കടിവിടാതെ അതാ ഇരിക്കുന്നു ഭീകരനൊരു കട്ടുറുമ്പ്. ഇവന്മാരെന്തിന് വെറുതെ വെപ്രാളം കാട്ടുന്നുവെന്ന ഭാവത്തില്‍ ബോറടിച്ചുകിടന്ന മൂര്‍ഖനും ചെറുതായൊന്ന് തലഉയര്‍ത്തി നോക്കി അവിടെത്തന്നെ കിടന്നു.
By Josekutty Panackal

#BehindThePhoto #BehindTheImage #MyLifeBook #Snake #ThrippunithuraPalace #Cobra #PhotoJournalism #Experience 

2015, ജൂലൈ 28, ചൊവ്വാഴ്ച

ക്യാമറയിലെ കലാം

 

ക്യാമറയുടെ ഫ്രെയിമുകളില്‍ എപിജെ അബ്ദുല്‍ കലാമിന്റെ മുടിക്കിടയിലെ സുസ്മിതം എപ്പോഴും വേറിട്ടൊരു കാഴ്ചയായിരുന്നു. ഇന്ത്യയുടെ നാല് രാഷ്ട്രപതിമാര്‍ ഞാന്‍ വിരലമര്‍ത്തിയ ക്യാമറയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഒരാള്‍ മലയാളി ആയിരുന്നുവെന്നത് കൂടുതല്‍ അഭിമാനകരം. പക്ഷേ ക്യാമറക്ക് കൂടുതലിഷ്ടം ഈ തമിഴ്നാട്ടുകാരന്‍ അബൂര്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാമിനെയായിരുന്നോയെന്ന് ഇപ്പോള്‍ സംശയം. ലക്ഷക്കണക്കിന് ചിത്രങ്ങളുടെ ശേഖരത്തില്‍ 120 ചിത്രങ്ങളാണ് തിരഞ്ഞെടുത്ത് ഞാന്‍ പലകാലങ്ങളിലായി പുനരുപയോഗത്തിനു സജ്ജീകരിച്ചിരുന്നത്. അതില്‍ ഇന്ന് പ്രധാനപേജില്‍ ഉപയോഗിച്ച ചിരിയും ഉണ്ടായിരുന്നു.

കലാമിന്റെ പരിപാടി കവര്‍ ചെയ്യാന്‍ പോകുകയെന്നത് രസകരമായ കാര്യമാണ്. മറ്റ് ഇന്ത്യന്‍ പ്രസിഡന്റുമാരുടെ ചടങ്ങുകള്‍പോലെയല്ല അത്. കനത്ത സുരക്ഷാവലയത്തിലെത്തി എഴുതിവച്ച പ്രസംഗം ബലംപിടിച്ച് വായിച്ച് കൈകൂപ്പിത്തൊഴുത് വേദിവിടുന്ന രാഷ്ട്രപതിമാരുടെ രീതിയായിരുന്നില്ല  അദ്ദേഹത്തിന്റേത്. കുട്ടികള്‍ സദസിലുണ്ടെങ്കില്‍ അദ്ദേഹം കുട്ടിയാകും. ശാസ്ത്രജ്ഞരുണ്ടെങ്കില്‍ അദ്ദേഹം അതാകും. എന്തായി മാറിയാലും അദ്ദേഹം അവര്‍ക്കെല്ലാം ഉരുവിടാന്‍ കുറച്ചു വിജയമന്ത്രങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതെല്ലാം ഏറ്റുചൊല്ലിപ്പിച്ചിട്ടേ അദ്ദേഹം വേദി വിടൂ. ഇതിനിടയിടയില്‍ രാഷ്ട്രപതിയുടെ പരിപാടി എന്നുള്ള ബലമെല്ലാം എല്ലാവരും വി‌ട്ടിട്ടുണ്ടാകും.

അദ്ദേഹത്തിന്റെ നിരവധി പരിപാടികള്‍ ഞാന്‍ എടുത്തെങ്കിലും കൊച്ചി സേക്രട്ട്ഹാര്‍ട്ട് കോളജില്‍ 2012 സെപ്റ്റംബര്‍ 6ന് എത്തിയപ്പോഴത്തെ പരിപാടി ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.  അന്ന് അദ്ദേഹം രാഷ്ട്രപതിയല്ല. പക്ഷേ രാഷ്ട്രപതിയെ കാണാനെന്നപോലെ കുട്ടികളും വലിയവരും ഇടിച്ചുനില്‍ക്കുന്നു. ഒപ്പം നിന്നുഫോട്ടോയെടുക്കാന്‍... ഓട്ടോഗ്രാഫ് വാങ്ങാന്‍.. കാലിന്‍ വീഴാന്‍.. എന്നിങ്ങനെ ആവശ്യക്കാര്‍ ഏറെയാണ്. ഇവരെയെല്ലാം ഒരുവിധം തൃപ്തിപ്പെടുത്തി അദ്ദേഹം വേദിയില്‍ കയറി. തമിഴ്നാട്ടിലെ മുന്‍ബിഷപ്പും ഇപ്പോള്‍  കത്തോലിക്കാ സഭയുടെ കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആഴഞ്ചേരിയും വേദിയിലുണ്ട്. മറ്റ് ബിഷപ്പുമാരില്‍ നിന്നും വ്യത്യസ്തമായ കുരിശുമാലയാണ് ആലഞ്ചേരിക്കുള്ളത്. ഭാരതസംസ്ക്കാരം മുന്‍നിറുത്തി അദ്ദേഹം രുദ്രാക്ഷമാലയിലാണ് ക്രൂശിതരൂപം അണിഞ്ഞിരിക്കുന്നത്. അടുത്തടുത്ത സീറ്റിലിരുന്ന ഇവര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇതിനിടെ കലാം കര്‍ദ്ദിനാളിന്റെ കഴുത്തിലെ മാലയില്‍ ശ്രദ്ധിക്കുന്നു.. അത് കയ്യിലെടുക്കുന്നു.. എന്തോ ചോദിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇതെല്ലാം കഴിഞ്ഞു. ചിത്രവും ക്യാമറയില്‍ പതിഞ്ഞു.

തിരക്കെല്ലാം കഴിഞ്ഞ് അദ്ദേഹം കാറില്‍ കയറി യാത്രയായി. പക്ഷേ കര്‍ദിനാളിനോട് മാലയില്‍ പിടിച്ച് ചോദിച്ചതെന്ത് എന്നുള്ള സംശയം ബാക്കിനില്‍ക്കുന്നു. ഇനി അതും ഒരു വാര്‍ത്താബിന്ദു ആണെങ്കിലോ? താമസിച്ചില്ല കാറില്‍ മടങ്ങിയ കര്‍ദിനാളിനെത്തന്നെ വിളിച്ചു. ഇത് ഒറിജിനല്‍ രുദ്രാക്ഷം തന്നെയാണോയെന്ന് അന്വേഷിച്ചതാണെന്ന് അദ്ദേഹത്തിന്റെ മറുപടി. സമാധാനമായി ആ പോയിന്റും ചേര്‍ത്ത് അടിക്കുറിപ്പുനല്‍കാനുള്ള തീരുമാനവുമായി ‍ഓഫിസിലേക്ക് തിരിച്ചു.
ജോസ്കുട്ടി പനയ്ക്കല്‍ 28.07.2015
Morepictures...  http://english.manoramaonline.com/multimedia.nation.apj-in-memories.html 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...