![]() |
"എരിപൊരി" സായാഹ്നം: അവധി ദിനങ്ങളുടെ ആഘോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ തുടരുന്നു. സായാഹ്നസൂര്യനു മുളകുമാലതീര്‍ത്തു കൊച്ചി പുതുവൈപ്പ് ബീച്ചില്‍ നിന്നൊരു ദൃശ്യം. ചിത്രം. #JOSEKUTTY PANACKAL |
എല്ലാ ചിത്രത്തിനുപിന്നിലും എന്തെങ്കിലും കഥകളുണ്ടാകും. പല ചിത്രങ്ങളുടെയും കഥ മുന്‍പ് ഇവിടെത്തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതോടൊപ്പമുള്ള ചിത്രം എടുത്ത ശേഷമുള്ള കഥ ചിരിക്കാനുള്ള വകനല്‍കി. മറ്റൊരു വാര്‍ത്താ സന്ദര്‍ഭം പകര്‍ത്തി ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് പേജില്‍ ഒരു ഓഫ്ബീറ്റ് ചിത്രം വയ്ക്കാനുള്ള സ്ഥലം ഉണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. മുന്‍പ് എടുത്തുവച്ചിരിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി അവധിക്കാലമായതിനാല്‍ അതിന്‍റെ ഒരു ചിത്രം കൊടുക്കാമെന്ന ചിന്തയോടെയാണ് ഇതുവരെ പോകാത്ത കൊച്ചി പുതുവൈപ്പ് ബീച്ചിലെത്തിയത്. തിരയില്‍ കളിക്കുന്ന കുട്ടികള്‍, പ്രണയം പങ്കിടുന്ന യുവമിഥുനങ്ങള്‍, പ്രായഭേദമെന്യെ പട്ടം പറത്തുന്നവര്‍, അസ്തമയം വീക്ഷിക്കുന്ന പ്രായമേറിയവര്‍, ബീച്ചിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവര്‍... എന്നിങ്ങനെപോകുന്നു അവിടത്തെ സായാഹ്ന ദൃശ്യം. ഇരുപത് മിനിറ്റിനുള്ളില്‍ ചിത്രം ഓഫിസിലേക്ക് അയക്കുകയും വേണം. ഇതിനിടെ ഏതോ മദാമ്മയെ കറക്കിയെടുത്ത് ഒരു യുവ കോമളനും അവിടെയെത്തി. ക്യാമറ അവര്‍ക്കുനേരെ തിരിച്ചപാടെ പുള്ളിയൊന്ന് പരുങ്ങി. അതോടെ "ഉടായ്പ്പ് മണി" മനസില്‍ മുഴങ്ങി. വെറുതെ ചിത്രമെടുത്ത് അവനെയും മദാമ്മയെയും ടെന്‍ഷനാക്കേണ്ടെന്നുകരുതി മറ്റുദൃശ്യങ്ങളെടുക്കാന്‍ ക്യാമറ തിരിച്ചെങ്കിലും "പതുങ്ങിയ പുലിക്ക്" ചിത്രം എടുത്തോയെന്ന് സംശയം. എല്ലാവരുടെയും മുഖങ്ങളെ ഒഴിവാക്കി ഒരു നിഴല്‍ചിത്രം (സില്ലൗട്ട് - silhouette) ചിത്രം എടുക്കാന്‍ പെട്ടെന്നാണ് ആശയമുദിച്ചത്. അതിനായി ഉടന്‍ മുളകുബജി വില്‍പനക്കാരന്‍റെ പിന്നിലേക്ക് നീങ്ങി. സൂര്യന്‍ അസ്തമിക്കുകയോ മേഘത്തിനുള്ളില്‍ മറയുകയോ ചെയ്താല്‍ ഉദ്ദേശിച്ച ചിത്രം കിട്ടാതാകും. യുവ കോമളനും പിന്നാലെ കൂടി. സൂര്യനെ മുളകുമാലയുടെ അകത്താക്കി പൊസിഷന്‍ ചെയ്ത് ക്യാമറയിലെ കെല്‍വിന്‍ സംവിധാനമൊക്കെ ഉപയോഗപ്പെടുത്തി ചിത്രം എടുത്തു. മോണിറ്ററില്‍ ചിത്രം പരിശോധിക്കാനായി ബട്ടന്‍ ഞെക്കിയതും യുവകോമളന്‍റെയും തലയും കണ്ണും അവിടേക്ക് നീണ്ടെത്തി. (ഉദ്ദേശം മദാമ്മപ്പടം പരിശോധന തന്നെ). ഇരുട്ടുമൂടിയ ചിത്രം കണ്ടതും അദ്ദേഹത്തിന്‍റെ ചോദ്യമെത്തി- "ഇതൊക്കെ ഇനി ഫോട്ടോഷോപ്പില്‍ നിങ്ങള്‍ തെളിച്ചെടുക്കുമായിരിക്കും അല്ലേ ബ്രോ?" പകച്ചുപോയ എന്‍റെ ഫോട്ടോഗ്രാഫിയുടെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയായി " ഇങ്ങനെ നിഴല്‍ചിത്രം ഉദ്ദേശിച്ചുതന്നെയാണ് ഇത് എടുത്തതെന്നും തെളിച്ചെടുക്കാന്‍ ക്യാമറ നേരെ ഞെക്കിയാല്‍ മതി"യെന്നും പറഞ്ഞു. ഉടന്‍ അദ്ദേഹം നമ്പര്‍ മാറ്റിപ്പിടിച്ചു... "അതെ! അതെ! ഇതാണ് ഗംഭീരഫോട്ടോ... ചുമ്മാ ബീച്ചിലെ കാഴ്ചയൊക്കെ ആര്‍ക്കും എടുക്കാമല്ലോ... മറ്റു ഫോട്ടോകളൊക്കെയൊന്ന് കാണിക്കാമോ?" ഉദ്ദേശം മനസിലാക്കിയ അദ്ദേഹത്തോട് നിങ്ങളുടെ ചിത്രം എടുത്തെന്നുള്ള ഭയമാണെങ്കില്‍ അത് എടുത്തിട്ടില്ലെന്നും മറ്റുചിത്രങ്ങളില്‍ നിന്നും അതുപരിശോധിക്കാനുള്ള തന്ത്രമാണെങ്കില്‍ ആ നമ്പര്‍ വേണ്ടെന്നും അറിയിച്ചു ഉടന്‍ തന്നെ വണ്ടിയില്‍ കയറി. അപ്പോഴേക്കും സൂര്യനും മുങ്ങിത്താണിരുന്നു.