ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിൽ ഞാനെടുത്ത 2 ചിരി ചിത്രങ്ങളുണ്ട്. അതിലൊന്ന് എപ്പോൾ പ്രസിദ്ധീകരിക്കപ്പെടുമെന്നറിയാതെ 2019ൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്നും പകർത്തിയ പി.ടി. തോമസിന്റെ ചിരി ചിത്രം. മറ്റൊന്ന് ഇന്നലെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി മാസ്ക് മാറ്റി ചിരിക്കുന്ന ചിത്രം. ബിരുദത്തിന് ഞാൻ പഠിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ സൂപ്പർ സീനിയറായിരുന്നു പി.ടി. തോമസ്. കോളജ് പഠന കാലത്തെ പത്രപ്രവർത്തന ബന്ധത്തിനിടയിലാണ് എംഎൽഎ ആയ പി.ടി.യെ കണ്ടിട്ടുള്ളതും ചിത്രങ്ങൾ എടുത്തിട്ടുള്ളതും. പിന്നെ പല ജില്ലകളിൽ ജോലി ചെയ്തുവെങ്കിലും ഇക്കാലയളവിലൊന്നും പുള്ളിക്കാരനെ വിളിക്കേണ്ടി വന്നില്ല. 2007ൽ വിവാഹ സമയത്താണ് വെറുതെ ഒരു വിവാഹ ക്ഷണപത്രിക അദ്ദേഹത്തിന് അയക്കുന്നത്. പരിചയമില്ലാത്ത ഒരാളുടെ ക്ഷണം സ്വീകരിക്കുമോയെന്ന ശങ്കയും അന്നുണ്ടായിരുന്നു. വിവാഹത്തിന് പള്ളിയിൽ കയറുംവരെയും ഈ അതിഥിയെ കണ്ടില്ല. പക്ഷേ താലികെട്ടിനായി തിരിഞ്ഞ വേളയിൽ അതാ 2 രാഷ്ട്രീയക്കാരുടെ ഷർട്ടുകൾ പള്ളിയിൽ കാണുന്നു. ഒന്ന് പി.ടി. തോമസും മറ്റേത് ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റ്യനും. വിവാഹചടങ്ങുകൾ തീർത്ത് ഇതേ ചിരിയിൽ ആശംസനേർന്ന് അവർ ഇരുവരും പിരിഞ്ഞു. പിന്നീട് എറണാകുളത്തേക്ക് ഞാൻ ട്രാൻസ്ഫറായി എത്തിയ ശേഷമാണ് പി.ടി. ഉൾപ്പെടുന്ന ചടങ്ങുകൾ കവർ ചെയ്യാൻ പോകേണ്ടി വന്നത്. ധാരാളം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നയാൾ എന്ന നിലയിൽ എന്നെ മറന്നുകാണുമെന്ന് കരുതിയെങ്കിലും ആദ്യ ദിനം കണ്ടപ്പോൾത്തന്നെ എപ്പോൾ ട്രാൻസ്ഫറായി എത്തിയെന്നും തൊടുപുഴയിൽ ഇപ്പോൾ ആരൊക്കെയുണ്ടെന്നുള്ള അന്വേഷണവും നടത്തിയാണ് പിരിഞ്ഞത്. പിന്നീട് എല്ലാ വേദികളിലും കണ്ടുമുട്ടുമ്പോൾ ഈ ചിരിയായിരുന്നു ക്യാമറക്കുള്ള സമ്മാനം. അതിലൊരു ചിരി കണ്ണീർ വാർക്കുന്നവർക്കിടയിലെ ഓർമചെപ്പിലേക്കായി ചിത്രശേഖരത്തിൽ നിന്നും തിരിച്ചെടുത്തത് ഇന്നലെ. രാഷ്ട്രപതി റാംനാഥ് കേവിന്ദിന്റെ ചിരി ചിത്രം എടുത്തുകൊണ്ടു നിൽക്കുന്നതിനിടെയാണ് ഈ വാർത്ത അറിയുന്നത്. അങ്ങനെ ചിരി നിറഞ്ഞ പേജെങ്കിലും ഇനി ക്യാമറക്കു മുന്നിൽ ആ ചിരിയില്ലല്ലോ എന്ന നൊമ്പരത്തിനൊപ്പം പ്രണാമം. 🙏
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2021 ഡിസംബർ 23, വ്യാഴാഴ്‌ച
ഇനി ആ ചിരി ക്യാമറക്കു മുൻപിലില്ല.
2021 നവംബർ 26, വെള്ളിയാഴ്‌ച
ഈ ലാൻഡിൽ വുഡ്‌ലാൻഡ് പ്രശ്നമാണോ?
ചിത്രമെടുപ്പിനിടെ അവിടുത്തെ ചതുപ്പിൽ താഴ്ന്നു. ഷൂസിനു പുറമെ അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ പാന്റ്സിലും ഷർട്ടിലും ചെളിയായി. അത് ഉണക്കിയെടുക്കാൻ ഒരാഴ്ചയെടുത്തു. പിന്നീട് ധരിച്ചത് ദാ ഇന്നലെ. ഇത്തവണ കാത്തുവച്ചത് ഇത്തിരിക്കൂടി കട്ടിയുള്ളതായിരുന്നു. ആലുവയിൽ ഡിസിസി നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ചിനു നേരെ പ്രയോഗിച്ച ജല പീരങ്കിയാണ് ഇത്തവണ വുഡ്‌ലാന്റിനൊപ്പം ക്യാമറയും ബാഗും ഷർട്ടും ജീൻസുമെല്ലാം കുളിപ്പിച്ചത്.
അതോടെ കുറച്ചുനേരം ചിത്രമെടുക്കലും മുടങ്ങി. അടുത്തു നിന്നിരുന്നയാളുടെ ടെലിവിഷൻ ക്യാമറയാകട്ടെ പൂർണമായും കണ്ണടച്ചു. (പുള്ളിക്കറിയില്ലല്ലോ ഈ വുഡ്‌ലാൻഡാണ് പ്രശ്നമെന്ന്) . ഏതായാലും ഇനി വല്ല പള്ളിയിൽ കൊണ്ടുപോകാനും ഈ ഷൂസ് ഇട്ടു നോക്കണം. അന്ന് ഹാനാൻവെള്ളം വച്ചിരിക്കുന്ന പാത്രം വല്ലതും പൊട്ടിവീഴുമോയെന്തോ?
2021 മേയ് 18, ചൊവ്വാഴ്ച
കോവിഡുകാലത്ത് മാധ്യമ ഫൊട്ടോഗ്രഫർമാർ വർക് ഫ്രം ഹോമായാൽ എങ്ങനെ?
കോവിഡുകാലത്ത് മാധ്യമ ഫൊട്ടോഗ്രഫർമാർ വർക് ഫ്രം ഹോമായാൽ എങ്ങനെ? ദാ ഇങ്ങനെ... https://www.manoramaonline.com/videos/news/special-stories/2020/05/18/lockdown-photo-diary-by-josekutty-panackal.html
2019 ഒക്‌ടോബർ 1, ചൊവ്വാഴ്ച
കണ്ണിലുണ്ട് ആ യാത്രക്കാര്‍
സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ പ്രകടനത്തിനു ശേഷം വേദിക്ക് തൊട്ടുമുന്നില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും ഉച്ചത്തില്‍ കയ്യടിച്ച് ‘എത്ര നല്ല പ്രകടനം’ എന്ന് ഉറക്കെ പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ പന്തിയിലിരിക്കുന്ന വിധികര്‍ത്താക്കളുടെ ചെവിയില്‍ ഇത് എത്തിക്കുകയും മാര്‍ക്കിടലില്‍ ഈ പഴയ നമ്പര്‍ ഫലിക്കുമോയെന്നുള്ള പരീക്ഷണവുമാണ് പലരുടെയും തന്ത്രം. ഇന്നലെ കൊച്ചിയില്‍ ഇതുപോലെ ഒന്ന് ഞാനും നേരിട്ടു. സ്ഥലം കലോത്സവമല്ല. പകരം ഒരാളുടെ മരണത്തിനിടയാക്കിയ റോഡിലെ കുഴിയാണ്. കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് മുകളിലൂടെ ബസ് കയറിയിറങ്ങി ആള്‍ മരിച്ചു. ഈ കുഴിയുടെ ചിത്രം എടുക്കാന്‍ അവിടെ എത്തിയത് കുറച്ചു നേരത്തിനു ശേഷമാണ്. അവിടെയുണ്ടായ ചെറു പ്രതിഷേധത്തിന്റെ ഭാഗമായി അപ്പോഴേക്കും ഈ കുഴി താല്‍ക്കാലികമായി മൂടിയിരുന്നു. തകര്‍ന്ന സ്കൂട്ടറും കുഴിയുമൊക്കെ ചിത്രമെടുക്കുന്നതിനിടയില്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം പകുതി മൂടി രണ്ടുപേര്‍ അരികിലെത്തി. മാധ്യമ പ്രവര്‍ത്തകനാണോയെന്നായി എന്നോടുള്ള ആദ്യ അന്വേഷണം. അതെ എന്ന് അറിയിച്ച ശേഷം നിങ്ങള്‍ ആരാണെന്ന് തിരിച്ചും അന്വേഷിച്ചു. ഞങ്ങള്‍ ആ ബസിലെ യാത്രക്കാരായിരുന്നുവെന്നും ഇപ്പോഴും സംഭവം കണ്ണിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവരുടെ വിറയല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ഒക്കെ അറിയിച്ചു. കുഴിയില്‍ വീണ ഹതഭാഗ്യന്‍ തിരിഞ്ഞു നോക്കുന്നതിനിടെയാണ് ബസ് കയറിയതെന്നുമൊക്കെ വിശദീകരണം നീണ്ടുപോയി. ബസ് സാവധാനത്തിലായിരുന്നു വന്നിരുന്നതെന്നും, റോഡ് നന്നാക്കാത്തതിന്റെ അനാസ്ഥ വളരെ വിശദമായി പത്രത്തില്‍ കൊടുക്കണമെന്നും അധികാരികളാണ് ഈ മരണത്തിന് കാരണമെന്നുമൊക്കെ അവര്‍ പറഞ്ഞു. ഒപ്പം ഒന്നുകൂടി...ഡ്രൈവര്‍ ശക്തമായി ബ്രേക്കിട്ടതോടെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞുപോയെത്രെ. ‘ഇത്രയൊക്കെ കാര്യങ്ങള്‍ അറിഞ്ഞുവച്ച ഈ യാത്രക്കാര്‍ ഭയങ്കരന്മാര്‍ തന്നെ!’ എങ്കിലും ഇവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നത് ഈ സംസാരത്തിനിടയിലൊന്നും മാറ്റാത്തതിനാല്‍ മനസില്‍ ചെറിയൊരു സംശയം മുളപൊട്ടി. ബ്രേക്കൊടിഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിനടിയിലെ ചിത്രം പകര്‍ത്താനായി പിന്നീടുള്ള യാത്ര. മറ്റൊരു പരിപാടിക്ക് പോയി തിരികെ വരും വഴിയില്‍ ഇതേ ബസിനു സമീപം എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ഈ രണ്ട് കക്ഷികളും ബസിനുള്ളില്‍. ‘ അപകടം നടന്ന് ഇത്രയേറെ നേരമായിട്ടും ബസ് വിട്ടുപോകാന്‍ തോന്നാത്ത യാത്രക്കാര്‍...’ സ്ഥിരം ഡ്രൈവര്‍ക്ക് പകരമായി മുതലാളി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നുകൂടി പൊലീസില്‍ നിന്നും അറിവുകിട്ടിയതോടെ ഉറപ്പായി ആ യാത്രക്കാര്‍ ആരെന്ന്.... By Josekutty Panackal 01.10.2019
#MyLifeBook #PhotoJournalismExperience #NewsPhotography #FakeAttempt
2018 ജൂലൈ 19, വ്യാഴാഴ്‌ച
പാവം മൂര്‍ഖന്‍
തൃപ്പൂണിത്തുറ പാലസില്‍ (മണിച്ചിത്രത്താഴ് സിനിമയിലെ വീട്) ഇഴജന്തുക്കളുടെ ശല്യം കൂടിയെന്ന വാര്‍ത്ത ചെയ്യുകയായിരുന്നു ലക്ഷ്യം. അവിടെയുള്ള സന്ദര്‍ശകരില്‍ പലരും പാമ്പിനെകണ്ടുപേടിച്ച അനുഭവങ്ങള്‍ തൃപ്പൂണിത്തുറയിലെ ലേഖകനോട് വിവരിച്ചിരുന്നു. ഉഗ്രന്‍ മൂര്‍ഖനൊക്കെ ധാരാളം ഈ ക്യാംപസിലുണ്ട്. എന്നാല്‍ നല്ലൊരു മൂര്‍ഖനെത്തന്നെ കിട്ടിയാലോ എന്ന ഡയലോഗൊക്കെയിട്ട് പാലസിന്റെ നീളമുള്ള പടവുകള്‍ ഇറങ്ങി ചെല്ലുമ്പോഴതാ മറിഞ്ഞുവീണ് നശിച്ചുകിടക്കുന്ന തടിയില്‍ വെയില്‍ കാഞ്ഞ് എന്തോ കിടക്കുന്നു. കണ്ടിട്ടൊരു മൂര്‍ഖന്റെ ലുക്കൊക്കെയുണ്ട്. പക്ഷേ ക്ഷീണിച്ച് അവശനായി കിടക്കുന്നപോലൊരു തോന്നല്‍. ജീവനുണ്ടോ ഇല്ലയോ എന്നൊരു സംശയവും. സൂം ലെന്‍സിലൂടെ നോക്കിയപ്പോള്‍ കണ്ണുരുട്ടി അത് ഞങ്ങളെത്തന്നെ നോക്കുന്നു. അപ്പോള്‍ ജീവനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. കുറച്ചുകൂടി അടുത്തുപോയാലേ നല്ല ചിത്രം കിട്ടൂ. ‘മൂര്‍ഖനാണവന്‍! അവന്റെ ബന്ധുജനങ്ങളൊക്കെ സമീപത്തെ പൊന്തക്കാട്ടില്‍ത്തന്നെയുണ്ടാകും’; ലേഖകന്റെ മുന്നറിയിപ്പും ചെവിയില്‍ മുഴങ്ങി.
ലെന്‍സില്‍ മികച്ച ചിത്രം കിട്ടാവുന്ന അടുക്കലെത്തി പതുക്കെ നിലത്തേക്ക് കുത്തിയിരുന്നു. ലക്ഷ്യം കൈവിറച്ചാലും കാല്‍മുട്ടില്‍ താങ്ങി ചിത്രം എടുക്കുക. മൂന്നുനാലു ചിത്രങ്ങള്‍ എടുത്തതും കാലില്‍ ഒരു കടി കിട്ടിയതും ഒാര്‍മ്മയുണ്ട്. ചാടിത്തെറിച്ചെഴുന്നേറ്റ് കാല്‍കുടഞ്ഞ് ഹയ്യോ! എന്നൊരു വിളിയും. തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന ലേഖകനും പരിഭ്രമിച്ച് രണ്ടുചാട്ടം ചാടി. മൂര്‍ഖന്റെ ചിത്രം എടുക്കുമ്പോള്‍ മറ്റൊരു ജീവിക്കും കടിക്കാനുളള അവസരം നമ്മള്‍ കൊടുക്കില്ലല്ലോ. വെപ്രാളത്തില്‍ കാല് പരിശോധിക്കുമ്പോള്‍ കടിവിടാതെ അതാ ഇരിക്കുന്നു ഭീകരനൊരു കട്ടുറുമ്പ്. ഇവന്മാരെന്തിന് വെറുതെ വെപ്രാളം കാട്ടുന്നുവെന്ന ഭാവത്തില്‍ ബോറടിച്ചുകിടന്ന മൂര്‍ഖനും ചെറുതായൊന്ന് തലഉയര്‍ത്തി നോക്കി അവിടെത്തന്നെ കിടന്നു.
By Josekutty Panackal
#BehindThePhoto #BehindTheImage #MyLifeBook #Snake #ThrippunithuraPalace #Cobra #PhotoJournalism #Experience
2016 ഓഗസ്റ്റ് 17, ബുധനാഴ്‌ച
ഇവിടെ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയില്ല...
ചിങ്ങം ഒന്നിനു കേരളത്തിലെ മാധ്യമങ്ങളിൽ നെൽപാടത്തുനിന്നുള്ള ചിത്രങ്ങൾ പ്രധാനമായും വരുന്നത് എന്തുകൊണ്ടാണ്? കൃഷി എന്നുപറഞ്ഞാൽ നെൽകൃഷി മാത്രമേയുള്ളോ? റബർ, തെങ്ങ്, കൊക്കോ, വാഴ, പൈനാപ്പിൾ, ഇഞ്ചി... എന്നിങ്ങനെയെല്ലാം കൃഷിയുള്ളപ്പോൾ പാടത്തു കൃഷിചെയ്യുന്നവർ മാത്രം എന്തുകൊണ്ട് കർഷകരായി മാറുന്നു? കാരണങ്ങൾ പലതാണ്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ മറ്റുനിറങ്ങളേക്കാൾ വളരെ നന്നായി അച്ചടി മാധ്യമങ്ങളിൽ അച്ചടിച്ചുവരും.... പച്ചപ്പ് എന്നത് കണ്ണിനു കുളിർമ നൽകും... ചിങ്ങം എത്തുന്ന സമയത്ത് ചിത്രമെടുക്കാൻ പോകുന്നയാൾക്ക് അത്യാവശ്യം ഏത് ആംഗിളിലും ചിത്രമെടുക്കാൻ നെൽപാടത്തുനിന്നും കഴിയും... എന്നിങ്ങനെ പോകുന്നു പാടത്തെ പേജിലെത്തിക്കുന്ന രഹസ്യങ്ങൾ. എന്നാൽ ഇത് ഇരുണ്ടുമൂടിക്കിടക്കുന്ന റബർ തോട്ടത്തിലേക്കോ, ഉയരത്തിൽ മാത്രം പച്ചപ്പുമായി നിൽക്കുന്ന തെങ്ങിൻ തോപ്പിലോ മറ്റുകൃഷിയിടത്തിലോ ഒക്കെ നിറഞ്ഞൊരു ഫ്രെയിമിനുള്ള സാധ്യത നെൽപാടത്തെ വച്ചതുലനം ചെയ്യുമ്പോൾ തീരെ കുറവാണ്. മാത്രമല്ല 98 ശതമാനം മലയാളികളും എന്നും സ്പർശിക്കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാകുന്നത് നെല്ലും പാടവും മലയാളിയെ കൂടുതൽ ചിത്രത്തെ മനസിലേക്ക് ആവാഹിക്കാൻ സാധിക്കും എന്നൊക്കെയാണ് കണക്കുകൂട്ടപ്പെടുന്നത്.
ഇനി ഇന്നലെ വരമ്പത്ത് കൂലിയില്ലാത്ത പാടത്ത് പോയ അനുഭവം പറയാം. മഠത്തിലെ കന്യാസ്ത്രീകൾ കരനെൽകൃഷി നടത്തുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. ആലുവ അശോകപുരത്തെ കോൺവെന്റിന്റെ പറമ്പിലാണ് കൃഷി. അവർ ആദ്യമായാണ് ഈ കൃഷി നടത്തുന്നതെങ്കിലും കഴിഞ്ഞവർഷം പച്ചക്കറി കൃഷിക്കു കിട്ടിയ ജില്ലാതല സമ്മാനമാണ് ഇത്തവണ പുതിയ കൃഷി പരീക്ഷിക്കാൻ ഇവരുടെ ഊർജം. ആകെ അഞ്ചു കന്യകാസ്ത്രീകൾ മാത്രമുള്ള ഇവിടെ രണ്ടേക്കറിലാണ് കൃഷി. ഒരു സഹായിയെക്കൂടി ഇവർ ജോലിക്കായി വച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ഇവർക്ക് ദിവസക്കൂലിയൊന്നും കിട്ടില്ല, പക്ഷേ കന്യാസ്ത്രീ വേഷവും കൊന്തയുമായി ഇവരുടെ പാടത്തെ വേല കാഴ്ചയിലും ക്യാമറയിലും കൗതുകം തന്നെ.
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
2006 ജൂൺ 19. മഞ്ഞിൽ മൂടി തണുപ്പിൽ പൊതിഞ്ഞ മൂന്നാറിലെ വെളുപ്പാൻകാലം. ഇടുക്കി ലോക്കൽ പേജിലേക്ക് പരമ്പരക്കായി കുറെ ചിത്രങ്ങൾ എടുക്കാൻ ...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...




