2017, നവംബർ 23, വ്യാഴാഴ്‌ച

അതിപ്പോ; ഓരോ ആചാരങ്ങളാകുമ്പോ… !!!

നമ്മുടെ നാട്ടില്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന ചിലത് മാറ്റാന്‍ വലിയ പാടാണ്. വിവിഐപികള്‍ നഗരത്തിലെത്തുമ്പോള്‍ വഴിവക്കിലൊക്കെയും സുരക്ഷാ വേലികള്‍ (ബാരിക്കേഡുകള്‍) സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊച്ചിയും തിരുവനന്തപുരവും പോലുള്ള കേരളത്തിലെ നഗരങ്ങളില്‍ ഒട്ടേറെതവണ ഇത്തരക്കാര്‍ വന്നുപോകുന്നുണ്ട്. അപ്പോഴെല്ലാം വഴിവക്കില്‍ മുഴുക്കെ മുളങ്കമ്പുനാട്ടി കുമ്മായമടിച്ച് ഇത്തരം വേലികള്‍ പൊങ്ങും. സന്ദര്‍ശനത്തിനു രണ്ടോ മൂന്നോ ദിനംമുന്‍പ് വേലി സ്ഥാപിക്കാന്‍ തുടങ്ങും. തലേന്ന് കുമ്മായമടിച്ച് ആ പ്രദേശത്തുകൂടി പോകുന്നവരുടെ ശരീരത്തിലൊക്കെ പറ്റാവുന്ന തരത്തിലാക്കും. ഇതിനായി മുടക്കുന്ന തുകയും നാശവും ചെറുതൊന്നുമല്ല. അഞ്ചുമീറ്റര്‍ മുതല്‍ പത്തുമീറ്റര്‍ വരെ ഇടയിട്ടു കുറ്റികള്‍ സ്ഥാപിക്കാന്‍ ടാറും കോണ്‍ക്രീറ്റുമൊക്കെ കുഴിക്കും. സമീപത്തെ കടകളിലേക്കുള്ള ആളുകളെ കയറ്റാനുള്ള വഴിയടക്കം അടയ്ക്കും. ഇടക്കിടെ ജനങ്ങള്‍ക്ക് വേലിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വഴിയും കൊടുക്കും. ചില നടപ്പാതയിലൂടെ കയറിപ്പോയാല്‍ ഇറങ്ങാനുള്ള വഴിയും അടച്ചിരിക്കും. അപ്പോള്‍ തിരിച്ചു നടക്കുകയോ അല്ലെങ്കില്‍ കുമ്മായ വേലിക്കിടയിലൂടെ നുഴഞ്ഞു പുറത്തുകടക്കുകയോ ആണ് ചെയ്യാവുന്ന മാര്‍ഗം. ഇവിടെയെത്തുന്ന നൂറില്‍ 90പേര്‍ക്കും ആരാണ് വരുന്നതെന്നുപോലും പിടിയുണ്ടാകില്ല. പറക്കുന്ന വിമാനത്തില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കാന്‍ ശേഷി തെളിയിച്ച ഇന്ത്യയില്‍, നടപ്പാതയില്‍ നിന്നു വിവിഐപിക്കെതിരെയുണ്ടാകുന്ന ആക്രമണത്തിനു ആഞ്ഞൊന്നു ചവിട്ടിയാല്‍ തെറിക്കുന്ന മുളവേലി തടയിടുമെന്ന് ആരാണാവോ കണ്ടെത്തിയത്? ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ കൊച്ചി നഗരത്തില്‍ സന്ദര്‍ശനത്തിനെത്തിയ വിവിഐപിയുടെ സുരക്ഷക്കായി വഴിയരികിലൊരുക്കിയ വേലിമൂലം ബസ് കാത്തിരുപ്പുകേന്ദ്രത്തിനു അകത്തുകയറാനാകാതെ റോഡില്‍ നില്‍ക്കേണ്ടിവന്ന ജനങ്ങളാണ്. ശരിക്കും വേലി ഉണ്ടാക്കുമ്പോഴാണ് ജനത്തിന് റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നത്. കുത്തിപ്പൊളിച്ച കല്ലും ടാറുമൊക്കെ ആ കുറ്റികള്‍ക്കടിയില്‍ കൂട്ടിയിട്ടിരിക്കുന്നതു ചിത്രത്തില്‍ കാണാം. സന്ദര്‍ശനത്തിനുശേഷം ഈ വേലി പൊളിക്കുന്നത് കരാറുകാരന്റെ മനസുപോലിരിക്കും, അടുത്ത ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ പൊളിച്ചെന്നിരിക്കും, അല്ലെങ്കില്‍ ചിതലെടുത്ത് അരിക്കുന്നതുവരെ അതവിടിരിക്കും. നമ്മള്‍ കൊടുത്ത പണം സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലെങ്കിലും തിരിച്ചെത്തി കരാറുകാരനും പണിക്കാര്‍ക്കും കിട്ടുന്നതുമാത്രമാണ് ഇതിലുള്ള ഒരു ‘റിലാക്സേഷന്‍’. പൊതുമൈതാനത്ത് ജനങ്ങളുമായി സംവദിച്ചുള്ള പരിപാടികള്‍ക്ക് ഇത്തരം വേലികള്‍ വയ്ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജനത്തിന്റെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമാണ്. എന്നാല്‍ ലൈറ്റിട്ടു ‘നിലവിളി ശബ്ദമുള്ള വാഹനത്തില്‍’ വന്‍ സുരക്ഷയോടെ 100കിലോമീറ്റര്‍ സ്പീഡില്‍ റോഡിലൂടെ പാഞ്ഞുപോകുന്ന വിവിഐപിയെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്ക് റോഡരികിലെ മുളവേലിത്തട ഒരു തടയാണോ?

#Barricade #fencing #VVIPVisit #TownBlock #pedestrianBlock #JosekuttyPanackal 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...