#BehindThePhoto #Josekutty #Panackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#BehindThePhoto #Josekutty #Panackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഡിസംബർ 26, ചൊവ്വാഴ്ച

ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!


ചില ചിത്രങ്ങള്‍ അങ്ങിനെയാണ് പ്രതീക്ഷിക്കാത്തതാകും ആ നിമിഷത്തില്‍ സംഭവിക്കുക. ന്യൂ ഇയര്‍ കാര്‍ണിവലിനൊരുങ്ങിയ ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ ചിത്രം എന്തെങ്കിലും എടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്മസ് തലേന്ന് അവിടെയൊന്നു കറങ്ങിയത്. വിവിധരാജ്യങ്ങളില്‍ നിന്നും എത്തിയ ഒട്ടേറെ വിദേശികള്‍ നടപ്പാതകളിലൂടെ അങ്ങിങ്ങായി നടക്കുന്നുണ്ട്. കൂട്ടത്തില്‍ ഭേദപ്പെട്ടൊരു സംഘത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അലങ്കരിച്ച തോരണങ്ങളും മുകളില്‍ തൂങ്ങുന്ന നക്ഷത്രവും ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന് വിചാരിച്ച് അല്‍പം മുന്‍പിലായി വാഹനം നിറുത്തി. അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച് സിഗരറ്റൊക്കെ വലിച്ചു നില്‍ക്കുന്നുണ്ട്. വിദേശികള്‍ ഇതുവഴി നടന്നുവരുമ്പോള്‍ ഇദ്ദേഹം കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ വയ്ക്കുമോ എന്നതായിരുന്നു എന്റെ ശ്രദ്ധ. അവര്‍ നടന്ന് അവിടെയെത്തിയപ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന ദൃശ്യമാണ് തെളിഞ്ഞത്. അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത ഒരു ചിത്രവുമായി മടങ്ങി. By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto 



2017, ഡിസംബർ 1, വെള്ളിയാഴ്‌ച

ദൈവത്തോടു മറുചോദ്യം ചോദിക്കാമോ?


തെയ്യം കലാകാരന്മാര്‍ മലബാറുകാരായതുകൊണ്ടും പ്രത്യേക തരത്തില്‍ സംസാരിക്കുന്നതുകൊണ്ടും ഇങ്ങനെയൊരു രസകരമായ സംഭവം ഉണ്ടായി. തെയ്യം ആട്ടത്തിനുശേഷം തന്റെ അരികില്‍ അനുഗൃഹംതേടി എത്തുന്നവരോട് പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും ഉള്ള പലര്‍ക്കും മനസിലാകാറില്ല. വേഷം കെട്ടിയ തെയ്യം ദൈവത്തിന്റെ പ്രതിപുരുഷനാകയാലും ദൈവത്തോട് മറുചോദ്യം പാടില്ലാത്തതിനാലും ഭക്തര്‍ മനസിലാകാത്തതൊന്നും തിരിച്ചു ചോദിക്കാറില്ല. ഇന്നലെ കൊച്ചി എളമക്കര ഭവന്‍സ് സ്കൂളില്‍ തെയ്യംകെട്ടിയാടിയിരുന്നു. അതിനുശേഷം അരികിലെത്തിയ ഇംഗ്ലീഷ് മീഡിയം കുട്ടികളോട് തനി മലബാര്‍ ഭാഷകലര്‍ന്ന തെയ്യത്തിന്റെ പ്രത്യേക ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു. പലര്‍ക്കും പലതും മനസിലായില്ലെങ്കിലും എല്ലാം മൂളിക്കേട്ടു. പക്ഷേ അതിനിടെയെത്തിയ എല്‍കെജി ടീച്ചര്‍ തെയ്യക്കോലക്കാരനെ ചെറുതായൊന്ന് കുഴപ്പത്തിലാക്കി. ‘ഏറെയേറെ ഗുണം വരും...ഗുണംവരുത്തും ദൈവങ്ങളേ, മകളേ! എല്ലാ അനുഗൃഹങ്ങളും ഈ വേളയിലുണ്ട് കേട്ടോ… ദേവിയെയൊക്കെ പൂജിക്കുന്നില്ലേ… ’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനിടെ ടീച്ചറുടെ മറുചോദ്യം ‘എനിക്ക് ഒന്നും മനസിലായില്ല കേട്ടോ!!!’. ഇതില്‍ തെയ്യക്കോലക്കാരന്‍ അമ്പരന്നു. പറഞ്ഞവാക്കുകളൊക്കെ ഇനി എറണാകുളം ഭാഷയിലാക്കി മാറ്റാനൊന്നും കഴിയില്ല. ഇതിനിടെ തെയ്യത്തിന്റെ മുഖംമൂടിയാണോ തനിക്ക് കേട്ടതൊന്നും മനസിലാകാത്തതിനു കാരണമെന്നും ടീച്ചറിനു സംശയം. മുഖംമൂടി മറക്കാത്ത കോലക്കാരന്റെ ചെവിക്കരികിലൂടെ എന്താണ് പറഞ്ഞതെന്ന് വീണ്ടും അന്വേഷിക്കാനുള്ള ശ്രമവും ടീച്ചര്‍ നടത്തി. എന്നാല്‍ ദൈവം വളരെ വേഗം അനുഗൃഹിച്ച് അവരെ പറഞ്ഞുവിട്ടു.  

2017, ഒക്‌ടോബർ 11, ബുധനാഴ്‌ച

ആരും അറിഞ്ഞില്ല... എന്റമ്മേ!!!




എന്റെ അമ്മേ!! അതൊരു പോക്കായിരുന്നു... ഇലക്ട്രിക് കമ്പിയില്‍ തല തട്ടാതെ ബസിനുമുകളില്‍ പമ്മിയിരുന്നുള്ള യാത്രഗുണനിലവാരമില്ലാത്ത ഡീസല്‍ വിതരണത്തില്‍ പ്രതിഷേധിച്ചു കേരളാ സ്റ്റേറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ചിത്രമെടുക്കാനെത്തിയപ്പോള്‍ ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചില്ലഎഞ്ചിന്‍ ഓഫ് ചെയ്ത ബസ് തള്ളിയാണ് പ്രതിഷേധം നടത്തുന്നതെന്ന് പിന്നീടാണറിഞ്ഞത്പ്രതിഷേധറാലിക്കാരുടെ ചിത്രം താഴെ നിന്നെടുത്തിട്ടൊരു ‘ഗുമ്മ്’ പോരാന്നു തോന്നിയതിനെത്തുടര്‍ന്നാണ് തള്ളാനായി നിറുത്തിയിട്ടിരുന്ന ബസിനു മുകളില്‍ കയറിയത്അത്രനേരം പുറപ്പെടാതിരുന്ന റാലി ഞാന്‍ ബസിനുമുകളില്‍ കയറിയതോടെ പുറപ്പെട്ടുതൊട്ടുപിന്നാലെ ബസും തള്ളിത്തുടങ്ങിമുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ തലമുട്ടാതെ കുനിഞ്ഞിരിക്കുകയാണ് സുരക്ഷയുടെ ഭാഗമായി ആദ്യം ചെയ്തത്കൂടാതെ സമീപത്തെ കടകളില്‍ നിന്നും കടന്നുപോകുന്ന മറ്റുവാഹനങ്ങളില്‍ നിന്നുമൊക്കെയായി ബസിനുമുകളില്‍ ഫൊട്ടോഗ്രഫറെ ഇരുത്തി തള്ളിനീക്കുന്നവര്‍ക്കും മുകളിലിരിക്കുന്നവനുമൊക്കെ മുന്നറിയിപ്പും കിട്ടുന്നുണ്ട്അവസാനം അരകിലോമീറ്റര്‍ യാത്രക്കിടെ ബസ് മറ്റൊരു വാഹനത്തിനായി അരികു ചേര്‍ക്കേണ്ടിവന്നപ്പോള്‍ ഉന്തുന്ന സഹോദരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി ഗോവണിയിലൂടെ ഊര്‍ന്നിറങ്ങി തടി രക്ഷിച്ചുചുമ്മാ ഒരു റാലി എടുക്കാന്‍ ഇതിന്റെയൊക്കെ മുകളില്‍ വലിഞ്ഞുകയറേണ്ട ആവശ്യമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാംചിത്രത്തില്‍ രണ്ടുപേരുടെകൂടിയെങ്കിലും തല കൂടുതല്‍ കാട്ടാന്‍‌ പറ്റിയെങ്കില്‍ അത്രയുമാകട്ടെ എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യംവെള്ളത്തിനടിയിലേക്ക് ക്യാമറയുമായി ഊളിയിടുന്നതുംബലൂണില്‍ കയറി മുകളിലേക്ക് പോകുന്നതുംമൊബൈല്‍ ടവറില്‍ വരെ വലിഞ്ഞുകയറിയുമുള്ള ചിത്ര പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ ബസിനുമുകളൊക്കെ എന്ത്...? പിന്നെ ഇതാരും അറിയാത്തതുകൊണ്ട് ഒരു റിലാക്സേഷനുണ്ട്.... ചിത്രം എടുത്ത ജയനും നന്ദി. BY Josekutty Panackal



2017, ജൂലൈ 5, ബുധനാഴ്‌ച

നന്ദിയുടെ വാക്കുകള്‍


വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു  പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ  നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ.  ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal 

**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം. 
CLICK HERE TO OPEN PDF






2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

"എരിപൊരി" സായാഹ്നം


 "എരിപൊരി" സായാഹ്നം: അവധി ദിനങ്ങളുടെ ആഘോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ തുടരുന്നു. സായാഹ്നസൂര്യനു മുളകുമാലതീര്‍ത്തു കൊച്ചി പുതുവൈപ്പ് ബീച്ചില്‍ നിന്നൊരു ദൃശ്യം. ചിത്രം. #JOSEKUTTY PANACKAL


എല്ലാ ചിത്രത്തിനുപിന്നിലും എന്തെങ്കിലും കഥകളുണ്ടാകും. പല ചിത്രങ്ങളുടെയും കഥ മുന്‍പ് ഇവിടെത്തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതോടൊപ്പമുള്ള  ചിത്രം എടുത്ത ശേഷമുള്ള കഥ ചിരിക്കാനുള്ള വകനല്‍കി. മറ്റൊരു വാര്‍ത്താ സന്ദര്‍ഭം പകര്‍ത്തി ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് പേജില്‍ ഒരു ഓഫ്ബീറ്റ് ചിത്രം വയ്ക്കാനുള്ള സ്ഥലം ഉണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. മുന്‍പ് എടുത്തുവച്ചിരിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി അവധിക്കാലമായതിനാല്‍ അതിന്‍റെ ഒരു ചിത്രം കൊടുക്കാമെന്ന ചിന്തയോടെയാണ് ഇതുവരെ പോകാത്ത കൊച്ചി പുതുവൈപ്പ് ബീച്ചിലെത്തിയത്. തിരയില്‍ കളിക്കുന്ന കുട്ടികള്‍,  പ്രണയം പങ്കിടുന്ന യുവമിഥുനങ്ങള്‍, പ്രായഭേദമെന്യെ പട്ടം പറത്തുന്നവര്‍, അസ്തമയം വീക്ഷിക്കുന്ന പ്രായമേറിയവര്‍, ബീച്ചിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവര്‍...  എന്നിങ്ങനെപോകുന്നു അവിടത്തെ സായാഹ്ന ദൃശ്യം. ഇരുപത് മിനിറ്റിനുള്ളില്‍ ചിത്രം ഓഫിസിലേക്ക് അയക്കുകയും വേണം. ഇതിനിടെ ഏതോ മദാമ്മയെ കറക്കിയെടുത്ത് ഒരു യുവ കോമളനും അവിടെയെത്തി. ക്യാമറ അവര്‍ക്കുനേരെ തിരിച്ചപാടെ പുള്ളിയൊന്ന് പരുങ്ങി. അതോടെ "ഉടായ്പ്പ് മണി" മനസില്‍ മുഴങ്ങി. വെറുതെ ചിത്രമെടുത്ത് അവനെയും മദാമ്മയെയും ടെന്‍ഷനാക്കേണ്ടെന്നുകരുതി മറ്റുദൃശ്യങ്ങളെടുക്കാന്‍ ക്യാമറ തിരിച്ചെങ്കിലും "പതുങ്ങിയ പുലിക്ക്" ചിത്രം എടുത്തോയെന്ന് സംശയം. എല്ലാവരുടെയും മുഖങ്ങളെ ഒഴിവാക്കി ഒരു നിഴല്‍ചിത്രം (സില്ലൗട്ട്‌ - silhouette) ചിത്രം എടുക്കാന്‍ പെട്ടെന്നാണ് ആശയമുദിച്ചത്. അതിനായി ഉടന്‍ മുളകുബജി വില്‍പനക്കാരന്‍റെ പിന്നിലേക്ക് നീങ്ങി. സൂര്യന്‍ അസ്തമിക്കുകയോ മേഘത്തിനുള്ളില്‍ മറയുകയോ ചെയ്താല്‍ ഉദ്ദേശിച്ച ചിത്രം കിട്ടാതാകും. യുവ കോമളനും പിന്നാലെ കൂടി. സൂര്യനെ മുളകുമാലയുടെ അകത്താക്കി പൊസിഷന്‍ ചെയ്ത് ക്യാമറയിലെ കെല്‍വിന്‍ സംവിധാനമൊക്കെ ഉപയോഗപ്പെടുത്തി ചിത്രം എടുത്തു. മോണിറ്ററില്‍ ചിത്രം പരിശോധിക്കാനായി ബട്ടന്‍ ഞെക്കിയതും യുവകോമളന്‍റെയും തലയും കണ്ണും അവിടേക്ക് നീണ്ടെത്തി. (ഉദ്ദേശം മദാമ്മപ്പടം പരിശോധന തന്നെ). ഇരുട്ടുമൂടിയ ചിത്രം കണ്ടതും അദ്ദേഹത്തിന്‍റെ ചോദ്യമെത്തി-  "ഇതൊക്കെ ഇനി ഫോട്ടോഷോപ്പില്‍ നിങ്ങള്‍ തെളിച്ചെടുക്കുമായിരിക്കും അല്ലേ ബ്രോ?"  പകച്ചുപോയ എന്‍റെ ഫോട്ടോഗ്രാഫിയുടെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയായി " ഇങ്ങനെ നിഴല്‍ചിത്രം ഉദ്ദേശിച്ചുതന്നെയാണ് ഇത് എടുത്തതെന്നും തെളിച്ചെടുക്കാന്‍  ക്യാമറ നേരെ ഞെക്കിയാല്‍ മതി"യെന്നും  പറഞ്ഞു. ഉടന്‍ അദ്ദേഹം നമ്പര്‍ മാറ്റിപ്പിടിച്ചു... "അതെ! അതെ!  ഇതാണ് ഗംഭീരഫോട്ടോ... ചുമ്മാ ബീച്ചിലെ കാഴ്ചയൊക്കെ ആര്‍ക്കും എടുക്കാമല്ലോ... മറ്റു ഫോട്ടോകളൊക്കെയൊന്ന് കാണിക്കാമോ?"  ഉദ്ദേശം മനസിലാക്കിയ അദ്ദേഹത്തോട് നിങ്ങളുടെ ചിത്രം എടുത്തെന്നുള്ള ഭയമാണെങ്കില്‍ അത് എടുത്തിട്ടില്ലെന്നും മറ്റുചിത്രങ്ങളില്‍ നിന്നും അതുപരിശോധിക്കാനുള്ള തന്ത്രമാണെങ്കില്‍ ആ നമ്പര്‍ വേണ്ടെന്നും അറിയിച്ചു ഉടന്‍ തന്നെ വണ്ടിയില്‍ കയറി. അപ്പോഴേക്കും സൂര്യനും മുങ്ങിത്താണിരുന്നു.








ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...