2008, മേയ് 23, വെള്ളിയാഴ്‌ച

നാസയിലെ സയന്റിസ്‍റ്റ്


തൃശൂർ പതിപ്പിൽ മെട്രോ മനോരമയുടെ പതിപ്പ് ഇറക്കുന്നതുപ്രമാണിച്ച്  ഡെസ്‍ക്കിലേക്ക് ട്രെയിനിമാർ എത്തിക്കൊണ്ടിരിക്കുന്നു. എഡിറ്റോറിയൽ ക്വാർട്ടേഴ്‍സിൽ പ്രത്യേക കട്ടിൽ ഇട്ടാണ് ഇവർക്കെല്ലാം സ്‍ഥലം ഒരുക്കിയിരിക്കുന്നത്. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞ് വൈകി വരുന്ന പലരും മെയിൻ ഹാളിൽത്തന്നെ താവളമടിക്കും. രാവിലെ ഒഴിഞ്ഞ കട്ടിൽ നോക്കി ചേക്കേറും. ഒരു ദിവസം രാവിലെ എട്ടരയോടെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു കാഴ്‍ച കണ്ടു. തലേന്ന് രാത്രി പേജ് ചെയ്‍ത ഭാരത്തോടെ ട്രെയിനികളിലൊരാൾ പ്രധാന വാതിലിലൂടെയുള്ള സഞ്ചാരംമുടക്കി തറയിലെ പായയിൽ വീണ് ഉറങ്ങുന്നു. അടുത്തുതന്നെ അന്നത്തെ പത്രവും കിടപ്പുണ്ട്. ഫസ്‍റ്റ് എഡിഷൻ അടിച്ച ശേഷം ആ പത്രവും കയ്യിൽ പിടിച്ച് ക്വാർട്ടേഴ്‍സിലെത്തി ഉറങ്ങുകയായിരുന്നു ഇദ്ദേഹം. പ്രധാന വാർത്തകളിലൊന്നിലേക്ക് എന്റെ കണ്ണുടക്കി. 'നാസ വിക്ഷേപിച്ച ഫീനിക്‍സ് ചൊവ്വയിൽ ഇറങ്ങി' – ചിത്രം സഹിതം പത്രത്തിൽ അച്ചടിച്ചിട്ടുണ്ട്. ഹെൽമെറ്റും ക്യാമറാ ബാഗും കയ്യിലുള്ളതിനാൽ ഇദ്ദേഹത്തെ തോണ്ടിവിളിക്കാൻ ഒരു കൈ ഒഴിവാക്കണം. എന്റെ കയ്യിലിരുന്ന ഹെൽമറ്റ് തലയിൽ വച്ച് ഇദ്ദേഹത്തെ തോണ്ടിവിളിച്ചു. ഉറക്കച്ചടവോടെ കൺമിഴിച്ച ഇദ്ദേഹത്തിന് ടാറ്റാനൽകി യാത്രയായി. വൈകീട്ടാണ് ഇക്കഥക്ക് ക്ലൈമാക്‍സ് ഉണ്ടാകുന്നത്. കുളിച്ച് ഉഷാറായി ഓഫീസിലെത്തിയ ഇദ്ദേഹം നാസയുടെ ചൊവ്വായാത്രയെക്കുറിച്ച് താൻ സ്വപ്നം കണ്ടെന്നും അതിൽ മാസ്കണിഞ്ഞ് ഹെൽമെറ്റ് ധരിച്ചയാൾ തനിക്ക് സ്വപ്നത്തിൽ ടാറ്റാ തന്നെന്നും വിവരിച്ചു. നീല നിറത്തിലുള്ള ഹെൽമെറ്റും ഓക്‍സിജൻ മാസ്‍ക്കും ധരിച്ച് തനിക്ക് ടാറ്റാ നൽകിയ നാസ സയന്റിസ്‍റ്റിനെ അദ്ദേഹം പ്രത്യേകം സ്‍മരിച്ചു. ആ ഹെൽമെറ്റ് ഇങ്ങനെയിരിക്കുമോയെന്ന് ചോദിച്ചുകൊണ്ടുള്ള എന്റെ ക‌ടന്നുവരവിനിടെ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കൂട്ടച്ചിരിക്കായി നിരവധി ആളുകൾ ഒപ്പം കൂടി.

ജോസ്കുട്ടി പനയ്ക്കൽ 2008 മെയ് 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...