2019, മേയ് 6, തിങ്കളാഴ്‌ച

ഒരു ‘നീറ്റ്’ കുടുങ്ങല്‍!!!


നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷാ ദിനമായിരുന്നു ഇന്നലെ. പരീക്ഷ എഴുതുന്നവരുടെ വസ്ത്രധാരണത്തില്‍ മുതല്‍ ചെരുപ്പില്‍ വരെ ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിക്കുന്ന ദിനം. ആഭരണം, മൊബൈല്‍, ‘കുണുക്കിട്ട’ വസ്ത്രങ്ങള്‍, വാച്ച്... എന്നിങ്ങനെവേണ്ട പേന വരെ ഒഴിവാക്കി വേണം പരീക്ഷാഹാളില്‍ കയറാന്‍. ഈ സംഗതികളുടെ അങ്കലാപ്പും ആഘോഷവും ക്യാമറയില്‍ പകര്‍ത്താനാണ് കൊച്ചി കഠാരിബാഗിലെ (ഇതുവായിക്കുന്ന ഇതര ജില്ലക്കാര്‍ കഠാരി ബാഗിലാക്കി കൊണ്ടുവന്നുവെന്ന് തെറ്റിദ്ധരിക്കരുത്, അത് കൊച്ചിയിലെ സ്ഥലപേരാണ്) കേന്ദ്രീയ വിദ്യാലയത്തിലെത്തിയത്.  പതിവ് ആശങ്കകളും അങ്കലാപ്പുമൊക്കെ ക്യാമറയില്‍ പകര്‍ത്തി ഉച്ചക്ക് കൃത്യം 1.30ന് ക്ലോക്കിനെ സാക്ഷിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് പൂട്ടുന്ന ദൃശ്യവും എടുത്തു. ഇനി പുറത്തുനിന്നും ആരെയും സ്കൂള്‍ ക്യാംപസില്‍ പ്രവേശിപ്പിക്കില്ല. തൊട്ടുപിന്നാലെയിതാ വെപ്രാളപ്പെട്ട് രണ്ടുപേര്‍ കൂടി പരീക്ഷയെഴുതാനെത്തുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് അവര്‍ ഗേറ്റുതുറക്കാന്‍ അപേക്ഷിച്ചു നോക്കി. ഞങ്ങളല്ല മുകളില്‍ നിന്നുള്ള നിര്‍ദേശമാണ് എന്നുപറഞ്ഞ് അവര്‍ കയ്യൊഴിഞ്ഞു.  കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് താമസിച്ചെത്തിയവരെ രക്ഷാകര്‍ത്താക്കള്‍ സംഘടിച്ച് ഗേറ്റു ചാടിച്ച് അകത്തു കടത്തിയ ചരിത്രമുണ്ട്. അതിനാല്‍ത്തന്നെ രക്ഷാകര്‍ത്താക്കളെയെല്ലാം നേരത്തെ തന്നെ സ്ഥലത്തുനിന്നും പറഞ്ഞുവിടാന്‍ ഇത്തവണ അവര്‍ ശ്രമിച്ചിരുന്നു. ഇത്തവണ താമസിച്ചുവന്നവര്‍ തിരികെ പോയാലേ എനിക്ക് ഗേറ്റിനപ്പുറം കടക്കാനാകൂ. ഫലത്തില്‍ ചിത്രമെടുക്കാന്‍ വന്ന ഞാന്‍ ഈ ഗേറ്റിനിപ്പുറം കുടുങ്ങി. വൈറ്റിലയിലെ ഗതാഗതക്കുരിക്കില്‍ പെട്ട് താമസിച്ചതാണ് കാരണമെന്ന് അവരോട് ചോദിച്ചു മനസിലാക്കി. ഇനി നിന്നിട്ടു കാര്യമില്ലെന്നും താമസിച്ചുവരുന്നവര്‍ക്കായി ഗേറ്റ് തുറക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു നോക്കി. ലക്ഷ്യം ഇവരെ തിരിച്ചയച്ച് എനിക്ക് പുറത്തിറങ്ങണം. ഈ തന്ത്രമൊന്നും വിലപ്പോയില്ല, അവര്‍ പോകുന്ന ലക്ഷണവും കാണുന്നില്ല. എനിക്ക് കവര്‍ ചെയ്യാനുള്ള അടുത്ത പരിപാടിക്ക് പോകേണ്ട സമയവും അടുക്കുന്നു. അപ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അവതരിക്കുന്നത്. പുള്ളിക്കാരന് സ്കൂട്ടറില്‍  അടിയന്തിരമായി പുറത്തേക്ക് പോകേണ്ടതുണ്ട്. ആ സ്കൂട്ടറിന് പുറത്തുകടക്കാന്‍ മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് അല്‍പം തുറന്നു ആ വിടവിലൂടെ ഈ തടിയും കടത്തി ഞാനും നീറ്റായി പുറത്തേക്ക്...  By Josekutty Panackal 06.05.2019
#MyLifeBook #NEET #Examination #PhotoJournalism #NewsPhotography 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...