2006, ഡിസംബർ 15, വെള്ളിയാഴ്‌ച

വരൻ മനോരമയിലാണ്...


കൊല്ലം പതിപ്പിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. വധുവാകട്ടെ തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും. ഭാവി വരന്റെ സ്വഭാവത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം അന്വേഷിക്കുവാൻ മാർഗ്ഗമൊന്നുമില്ലാതെ അലഞ്ഞ എന്റെ അമ്മായിഅപ്പന് മുന്നിലേക്ക് മലയാള മനോരമ 'സുകൃത കേരളം' പരിപാടിയുടെ റോഡ്‍ ഷോയുടെ വാഹനം എത്തുന്നു. പഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരും  സീനിയർ ഫോട്ടോഗ്രഫർ അരുൺ ശ്രീധറുമാണ് സംഘത്തിനൊപ്പമുള്ളത്.  മാനേജരോട് ജോസ്‍കുട്ടി പനയ്‍ക്കലിനെ അറിയുമോ എന്നൊരു ചോദ്യം അമ്മായിഅപ്പൻ എറിഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങനെ അറിയുമെന്ന് പറയുമെന്ന ചിന്തയോടെ അറിയില്ല അന്ന മറുപടി അദ്ദേഹം നൽകി. 'അപ്പോൾ ജോസ്‍കുട്ടി മനോരമയിൽ ഇല്ലേ?' അടുത്ത ചോദ്യത്തിന് താമസമുണ്ടായില്ല. 'ഇവിടെയില്ല' മാനേജർ തീർത്തുപറഞ്ഞു. 

മനോരമയെന്ന സ്‍ഥാപനം ഒരു വലിയ പ്രസ്‍ഥാനമാണെന്നും ഇതിലെ ആളുകൾ തമ്മിൽത്തമ്മിൽ അറിയുന്ന ദൂരത്തിലല്ല കഴിയുന്നതെന്നും അറിയാത്ത പാവം അമ്മായിഅപ്പൻ നേരെ മൊബൈൽ ഫോൺ കയ്യിലെടുത്ത് വീട്ടിലേക്ക് ഡയൽ ചെയ്‍തു. ' നമ്മുടെ മകളെ കാണാൻ വന്നയാൾ ജോലിക്കാര്യം നുണയാണ് പറഞ്ഞതെന്ന് തോന്നുന്നു. തൃശൂരിൽ നിന്നും വലിയ വണ്ടിയുമായെത്തിയ ഒറിജിനൽ മനോരമ സംഘത്തോട് ഞാൻ നേരിട്ട് അന്വേഷിച്ചു കഴിഞ്ഞു' – കൊലപാതകം സ്വന്തം കഴിവുകൊണ്ട് തെളിയിച്ച പൊലീസ് കോൺസ്‍റ്റബിളിനെപ്പോലെ അദ്ദേഹം വിളിച്ചുപറഞ്ഞു. ഫോണെടുത്ത അമ്മായിഅമ്മക്ക് നെഞ്ചിൽ വെള്ളിടിവെട്ടി. ഉറപ്പിക്കാമെന്ന് വച്ച കല്യാണമാണ്... ഇനിയെങ്ങനെ?.. പെട്ടെന്നാണ് അരുൺ ശ്രീധറിന്റെ കടന്നുവരവ്. ജോസ്‍കുട്ടി പനയ്‍ക്കൽ തൃശൂർ യൂണിറ്റിൽ അല്ല ജോലി ചെയ്യുന്നത്, എനിക്കറിയാവുന്ന ആളാണെന്നും ഞങ്ങൾ കണ്ണൂരിൽ ഒരുമിച്ച് ജോലി ചെയ്‍തിട്ടുള്ളവരാണെന്നും ഉള്ള സർട്ടിഫിക്കറ്റിൽ അടുത്ത ഫോൺകോൾ വീട്ടിലേക്ക് പോയി. 'ചെക്കൻ മനോരമയിൽത്തന്നെ ഉണ്ടെടീ' ഫോൺ ഡിസ്‍കണക്‍ടഡ്– ബന്ധം റീ–കണക്‍ടഡ്.

                                                                 ജോസ്കുട്ടി പനയ്ക്കൽ 2006 ഡിസംബർ 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...