ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫര് ആയതിനാല് ചപ്പും ചവറും മുതല് പുലിയും സിംഹവും വരെ എടുക്കേണ്ടി വരും. ഇന്നലെ അതിന് ഭാഗ്യം ലഭിച്ചത് കാട്ടാനകള്ക്കാണ്. അതും നാട്ടിലിറങ്ങിയപ്പോള്. കാട്ടാനക്കൂട്ടത്തിനിടയില് ഒരു കുഞ്ഞുകുട്ടിയുള്ളതായിരുന്നു അതിലെ ആകര്ഷണം. കോവിഡുകാലത്തിനുശേഷം കോളജ് തുറന്നത് പകര്ത്തിക്കൊണ്ടിരിക്കെയാണ് അങ്കമാലി മൂക്കന്നൂരിനപ്പുറം ഒലിവ്മൗണ്ടില് കാട്ടാനക്കൂട്ടം എത്തിയെന്നറിയുന്നത്. കോളജ് വിദ്യാര്ഥികളെ വിട്ട് നേരെ അവിടേക്ക് വിട്ടു. ഗൂഗിള് മാപ്പില് ആനയെ കാണിക്കാത്തതിനാല് പലവഴി തെറ്റിയാണ് സംഭവ സ്ഥലത്തെത്തിയത്. കാട്ടാന വന്നാല് എന്റെ കാര് ചവിട്ടി മെതിക്കാതിരിക്കാന് ബുദ്ധിപരമായി ഒരു ഇടവഴിയില് ഒതുക്കിയിട്ട് സമീപത്തുകണ്ട 13 വയസുകാരനെയും കൂട്ടി ആന പോയ വഴിയെ നടന്നു. വേണമെങ്കില് എന്റെ ഫോട്ടോയെടുത്ത് ‘ആനയെ കണ്ടയാള് ’എന്ന അടിക്കുറിപ്പോടെ പത്രത്തില് കൊടുത്തോളൂ കേട്ടോ എന്ന സരസകമന്റുമായി അവന് ഒപ്പം കൂടി. കുറെ നടന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര് നില്ക്കുന്ന സ്ഥലത്തെത്തി. വെയില് താഴുമ്പോള് ആനയെ തിരിച്ചയക്കാനുള്ള പദ്ധതികള് ആവിഷ്കരിക്കുകയാണവര്. ‘ദേ! മുകളില് കുറച്ചുമുന്പുണ്ടായിരുന്നു...’ എന്നു കാണുന്നവരൊക്കെ പറയുന്നതല്ലാതെ ഒന്നും കാണുന്നില്ല. ചെറിയൊരു മലയില് 100 ഏക്കറിലേറെ പരന്നുകിടക്കുന്ന റബര്തോട്ടത്തിന്റെ ഏതോ ഭാഗത്ത് ആനയുണ്ട്. അവിടേക്ക് പോകുന്ന ഫോറസ്റ്റ് വാച്ചര്മാര്ക്കൊപ്പമായി പിന്നീടുള്ള യാത്ര. നടപ്പുവഴി പോലുമില്ലാത്ത ഏതൊക്കെയോ കുറ്റിക്കാടിനിടയിലൂടെ ആന നില്ക്കുന്ന സ്ഥലത്തെത്തി. മൂന്ന് ആനകളുടെ മുതുകുമാത്രം കുറ്റിക്കാടിനുമുകളില് കാണാനുണ്ട്. ഇടക്കിടെ അവര് നില്ക്കുന്ന സ്ഥലത്തെ മുള്വേലി തകര്ത്ത് കാണാനെത്തിയവര്ക്കുനേരെ കുതിക്കാന് ശ്രമിക്കുന്നു. അടിക്കാടും മുള്വേലിയും തീര്ത്ത പ്രതിബന്ധങ്ങളില്ലാതെ ചിത്രമെടുക്കാനും ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കുട്ടിയാനയെ കിട്ടാനുമുള്ള ശ്രമത്തില് ആനയുടെ സഞ്ചാരം വീക്ഷിച്ചു ദൂരം കുറെ കടന്നുപോയി. വൈകുന്നേരത്തോടെയാണ് കുട്ടിയെക്കൂടി കാണാവുന്ന തരത്തില് ചിത്രമെടുക്കാവുന്ന ഒരു പൊസിഷനില് ഇവരെ കിട്ടിയത്. പലയിടത്തും ആളും ബഹളവുമായതിനാല് ഈ മലഞ്ചെരുവിലെ റബര് തോട്ടത്തിലൂടെ ആന അങ്ങോട്ടും ഇങ്ങോട്ടും പരക്കംപായല് മാത്രം. വലിയൊരു പാറക്കൂട്ടത്തിന്റെ വിടവ് കിട്ടിയപ്പോള് അതിനുള്ളിലൂടെ പകര്ത്തിയതാണ് ഈ ചിത്രം. കുറച്ചു നേരം കൂടി കാത്തുനിന്നെങ്കിലും ആനയെ വന്നവഴിയിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം പൂര്ണമായും ശരിയാകുന്നില്ല. ഇനി ചിത്രം അയക്കണം എന്നതിനാല് തിരിച്ചുപോകാന് തീരുമാനിച്ചു. കണ്ടൊരു വഴിയിലൂടെ താഴേക്കിറങ്ങിയപ്പോഴാണ് പുതിയൊരു പ്രശ്നം ഉദിച്ചത്. ആനക്കൊപ്പം അങ്ങോട്ടും ഇങ്ങോട്ടും പലവഴികളിലൂടെ ഓടിയതിനാല് ഇവിടം തീര്ത്തും അപരിചിതമായ എനിക്ക് വാഹനത്തിനടുത്തേക്കുള്ള വഴി ഓര്മ്മയില്ല. രാവിലെ മുതല് ഓടിയ പാതകള് ഏതെന്ന് വീണ്ടും ഒാര്മിച്ചുനോക്കി. ആകെ ‘സിഗ്സാഗ്’ രീതിയിലാണ് പോയിരിക്കുന്നത്. നമുക്കുതന്നെ വഴി ഓര്മയില്ലെങ്കില് ആന ഇനി എങ്ങനെ വഴി കണ്ടുപിടിക്കുമോയെന്തോ? എന്ന ചിന്തയോടെ നാട്ടുകാരിലൊരാളുടെ സഹായം തേടി. രാവിലെ വഴിതെറ്റി വന്നപ്പോള് അവസാനം വന്നുചേര്ന്ന വഴിയുടെ പ്രത്യേകതയൊക്കെ പുള്ളിയോട് വിവരിച്ചു. ആ സ്ഥലത്തെത്താന് ഏകദേശം ഒന്നര കിലോമീറ്റര് ദൂരമുണ്ടെന്നും അത് ഈ മലയുടെ മറുവശത്താണെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞുകിടക്കുന്ന വഴികള് താണ്ടി അവിടെയെത്തിയപ്പോള് ദാ കിടക്കുന്നു എന്റെ കാര് ഒന്നും മിണ്ടാതെ.
NB: ഒരു ആന ക്യാമറ തള്ളി മറിക്കുന്ന ലോഗോ ഫോട്ടോ അടിക്കുറിപ്പിനൊപ്പമുള്ളത് ഈ തള്ളിനെ ഉദ്ദേശിച്ചല്ല കേട്ടോ. അത് ‘നുമ്മടെ’ ഒരു ശൈലിയാണ്.
#WildElephant #Elephant #Calf #Edalakkad #Mookkannur #Angamaly #MyLifeBook #PhotoJournalism #NewsPhotography
Josekutty Panackal
Manorama
NB: ഒരു ആന ക്യാമറ തള്ളി മറിക്കുന്ന ലോഗോ ഫോട്ടോ അടിക്കുറിപ്പിനൊപ്പമുള്ളത് ഈ തള്ളിനെ ഉദ്ദേശിച്ചല്ല കേട്ടോ. അത് ‘നുമ്മടെ’ ഒരു ശൈലിയാണ്.

#WildElephant #Elephant #Calf #Edalakkad #Mookkannur #Angamaly #MyLifeBook #PhotoJournalism #NewsPhotography
Josekutty Panackal
