#KissOfLove #Cochin #Marinedrive #Kochi #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#KissOfLove #Cochin #Marinedrive #Kochi #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, നവംബർ 3, തിങ്കളാഴ്‌ച

ലൈക്കുകളിൽ വിരിഞ്ഞ ചുംബനോൽസവം

ഹൊ! അങ്ങനെ അതങ്ങ് കഴിഞ്ഞു. എന്തൊക്കെ പുലിവാലായിരുന്നു... നഗ്നയോട്ടത്തിന് പേരുകേട്ട കൊച്ചിയിൽ ഇതാ കഴിഞ്ഞു പുതുതലമുറയുടെ ഫേസ്ബുക്ക് വിപ്ലവത്തിലൂടെ രൂപംകൊണ്ട ചുംബനസമരം. നടൻ മമ്മൂട്ടി കോളജിൽ പഠിച്ചിരുന്ന കാലത്തെ നഗനയോട്ടത്തിന്റെ കഥ പണ്ട് വായിച്ചിട്ടുണ്ട്. ഞാൻ ജോലി സംബന്ധമായി കൊച്ചിയിലെത്തിയപ്പോഴും വീണ്ടുമൊരു നഗ്നയോട്ടം നടന്നു. 2012ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ വിദ്യാർഥി നടത്തിയ ഒാട്ടം. ഈ ഒാട്ടത്തിനിടെ ഇദ്ദേഹത്തെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി രക്ഷപെടുത്തിയ കൂട്ടുകാരനും കേസിൽ കുടുങ്ങിയിരുന്നു. പിന്നീട് എന്തായി എന്ന് അറിയില്ല.  എന്നാൽ ഇന്നലത്തെ ചുംബന സമരം കൊച്ചിയെ ആകെ ഇളക്കിമറിച്ചു. ഊർജിതമായി പങ്കുകൊള്ളാനെത്തിയത് മുപ്പതോളം ആളുകൾ. പിന്തുണയുമായി ഇരുന്നൂറുമുതൽ 300 വരെ ആളുകൾ പലസ്ഥലത്തായി ചിതറി നിന്നിരുന്നു. പക്ഷേ കാഴ്ചക്കാരോ... പതിനായിരത്തിന് മേൽവരും...

കിസ് ഒാഫ് ലൗ എന്ന സംഭവത്തെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചതായതിനാൽ എത്രപേർ എത്തുമെന്ന് പൊലീസിനോ മാധ്യമങ്ങൾക്കോ ശരിയായ ഒരു കണക്ക് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈക്കുകൾ എന്നത് ശരിയായ ഒരു പിന്തുണ അല്ലാത്തതിനാൽ മൗസിൽ വിരലമർത്തിയവരൊക്കെ ഇതിന്റെ സ്നേഹിതരെന്ന് കണക്കാക്കാനുമാകില്ല. പക്ഷേ സംഭവം നടന്നപ്പോൾ ആകെ പിടിവിട്ടുപോയി... ആർക്ക്... കാഴ്ചക്കാർക്ക്.

വൈകുന്നേരം നാലുമണിയോടെയാണ് ഈ സംഭവം ക്യാമറയിൽ പകർത്താൻ ഞാൻ മറൈൻഡ്രൈവിലെത്തുന്നത്  . അഞ്ചുമണിക്കാണ് സംഘാടകർ ചുംബനസമരം പറഞ്ഞിരുന്നതെങ്കിലും എന്റെ ഒപ്പം ജോലിചെയ്യുന്ന ശ്രീ. റോബർട്ട് വിനോദിന് തനിയെ ഈ പരിപാടി കവർ ചെയ്യാൻ കഴിയില്ലെങ്കിൽ സഹായമായിക്കോട്ടെയെന്നുകരുതിയാണ് ഞാനും എത്തിയത്. അവിടെ എത്തിയപാടെ മനസിലായി 'ഇത് ഒരു നടയ്ക്ക് പോകില്ല.'  റോബർട്ടിനെ ഈ കൂട്ടത്തിനിടയിൽ നിന്നും കണ്ടെത്തുമ്പോഴേക്കും മറൈൻഡ്രൈവ് ജനസാഗരമായിരുന്നു. പ്രതിഷേധ റാലികൾ തലങ്ങുംവിലങ്ങും നടക്കുന്നു. മോട്ടോർസൈക്കിളുകളിലും മറ്റുവാഹനങ്ങളിലുമായി ജനങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു. മറൈൻഡ്രൈവിലെ ഫുട്പാത്ത്, വോക്ക് വേ, ഹെലിപാഡ്, മൈതാനം, റോഡിലെ ഡിവൈഡർ... എന്തിനേറെ മരച്ചില്ലയിൽപോലും ജനം. ഇതിന് മുൻപ് ഇങ്ങനെ കണ്ടത് തൃശൂർ പൂരത്തിന് മാത്രം. പക്ഷേ സമരക്കാരെ ആരെയും കണ്ടെത്തിയില്ല. ഇതിനിടെ സമരക്കാർ ലോ കോളജിന് സമീപം പ്രതിഷേധം നടത്തി പിരിയുമെന്ന് അറിഞ്ഞു. എന്നാൽ അതൊന്ന് നോക്കിവരാമെന്ന് കരുതി ജനസാഗരത്തിലൂടെ നീന്തി എന്റെ ബൈക്ക് ഇരിക്കുന്ന സ്ഥലത്തെത്തി. പിന്നാലെ വന്ന് ഹാൻഡിൽ ലോക്കിട്ടുനിറുത്തിയിരിക്കുന്ന മോട്ടോർസൈക്കിൾ കൂമ്പാരത്തിൽ നിന്ന് ഒരു വിധം എന്റേതിനെ തിരഞ്ഞെടുത്ത് പുറത്തുകടത്തി.

ലോ-കോളജിലേക്കുള്ള യാത്രയിൽ പൊലീസ് തടച്ചിലുകളും, നാല് പ്രതിഷേധ റാലികളെയും മറികടക്കാൻ കുറെ സമയമെടുത്തു. കോളജിന് അടുത്തെത്താറായപ്പോൾ പൊലീസ് വഴിതിരിച്ചുവിടുന്നു. വാഹനത്തിലെ വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സ്റ്റിക്കർ കോളജിന് അടുത്തുവരെ മോട്ടർസൈക്കിളിനെ കൊണ്ടുപോകാൻ സഹായിച്ചു. ചിൽഡ്രൻസ് പാർക്കിൽ ഞായറാഴ്ച കുടുംബത്തോടെ എത്തിയവർ അഴികൾക്കിടിയിലൂടെ ചുംബനം കാണാൻ എത്തിനോക്കുന്നുണ്ട്. ആകെ മുപ്പതോളം പേർ പ്ലക്കാർഡുമായി കോളജിന് മുന്നിൽ മിണ്ടാതെ നിൽക്കുന്നുണ്ട്. അതിൽ പകുതിയിലേറെ പേരും നാൽപതിന് മേലെ പ്രായമുള്ളവർ. 'സ്നേഹ ചുംബനത്തിന് ഐക്യദാർഢ്യം, പുരോഗമന ജനാധിപത്യ കൂട്ടായ്മ' എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. ഇടക്കിടെ തമ്മിൽത്തമ്മിൽ തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. അവരുടെ പടമൊക്കെ എടുക്കുമ്പോഴേക്കും മുദ്രാവാക്യം വിളിയായി അതോടെ കമ്മിഷണറുടെയും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ പൊലീസ് ഇവരെ പിടിച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമമായി. ഇടക്കിടെ പൊലീസ് കമ്മീഷണർ നിങ്ങൾ എന്താണ് കാണിക്കുന്നത് എന്നുചോദിച്ച് പടമെടുക്കുന്നത് തടയുന്നുമുണ്ട്. ഇതിനിടെ ഒരു ചാറ്റൽ മഴയും പെയ്തുതുടങ്ങി. പൊലീസ് കമ്മിഷണറുടെ ചോദ്യംകേട്ട് ആവേശഭരിതനായ ഒരു കോൺസ്റ്റബിൾ മാധ്യമം പത്രത്തിന്റെ ഫൊട്ടോഗ്രഫർ ദിലീപ് പുരയ്ക്കന്റെ കോളറിൽ പിടുത്തമിട്ടു. എല്ലാ ക്യാമറകളും അവിടേക്ക് തിരിഞ്ഞതോടെ പുള്ളി പിടിവിട്ടു. പിന്നെ ദിലീപിന്റെ വക 'വാക്പോര്' കഴിഞ്ഞതോടെ സ്ഥിതി ശാന്തം.
Dileep Purackan and Police. Photo By Sreejith Sreedhar

ഇതിനിടെ വാഹനത്തിൽ കയറ്റിയ കിസ് ഒാഫ് ലൗ സംഘാടകരും ഭാര്യാഭർത്താക്കന്മാരുമായ രശ്മി നായരും രാഹുൽ പശുപാലനും ചുംബിക്കുന്നു. ദാ! ഒരു വാർത്താചിത്രം. ഭാര്യാഭർത്താക്കന്മാരായതിനാൽ ഈ ചിത്രത്തിന് കുറ്റം പറയാനും ആവില്ലല്ലോ. പൊലീസ് വാനിന്റെ സീറ്റിലിരിക്കുന്ന പ്രായം ചെന്ന ചേട്ടന്റെ എക്സ്പ്രഷൻകൂട്ടി ചിത്രത്തിലാക്കാൻ പരമാവധി ശ്രമിച്ചു. അപ്പോൾ ചിത്രത്തിന് കൂടുതൽ ജീവൻ വരുമല്ലോ. മഴയും മരത്തിന്റെ അടിയിൽക്കിടക്കുന്ന വാഹനത്തിലെ ഇരുട്ടും, ജനാലയുടെ ഗ്രില്ലും  എല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പ്രതിബന്ധമാകുന്നുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും വഴിയിലൂടെ പോയവരുമെല്ലാം വന്ന് തള്ളുന്നുമുണ്ട്. ക്യാമറ സ്ലോ ഷട്ടറിലിട്ടാൽ ചിത്രം ഷേക്ക് ആകുമെന്ന് ഉറപ്പ്. എങ്കിലും വർഷങ്ങളായുള്ള ഈ മേഖലയിലെ പരിചയം ഫ്ലാഷില്ലാതെതന്നെ ചിത്രത്തെ ക്യാമറയിൽ പകർത്തി. അഞ്ചു സെക്കൻഡിനുള്ളിൽ ചുംബനം കഴിഞ്ഞു.

ചിത്രത്തിന്റെ നിലവാരം വെറുതെയൊന്ന് പരിശോധിച്ചു. കുഴപ്പമില്ല... നല്ലൊരു വാർത്താചിത്രംതന്നെ... ഇനി ഇതിനെ അടുത്ത നിമിഷംതന്നെ പുറം ലോകത്ത് എത്തിക്കുന്നതിലാണ് കാര്യം. കാരണം ഇ-ലോകം ചുംബനവിവരമറിയാൻ വെമ്പലോടെ കാത്തിരിക്കുകയാണ്. ടാബ്‌ലെറ്റിലേക്ക് കണക്ട് ചെയ്ത് ചിത്രം അയക്കാനുള്ള ശ്രമം അടുത്ത നിമിഷം തുടങ്ങി. ഒരേ ടവർ പരിധിയിൽ ആയിരങ്ങൾ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നം ഇവിടെയും ഉണ്ടായി.  നെറ്റ്‌വർക്ക് ചിത്രത്തെ പുറത്തേക്ക് വിടുന്നില്ല. അടിക്കുറിപ്പ് ടൈപ്പ് ചെയ്യുന്നതിനിടെ  ഒരു കണ്ണ് പൊലീസ് വാനിനടുത്തേക്കും വച്ചിട്ടുണ്ട്.  മറ്റ് വല്ലവരെയും പിടിച്ചുകൊണ്ടുപോകുന്നുണ്ടോയെന്നും ശ്രദ്ധിക്കണമല്ലോ. മറൈൻഡ്രൈവിൽ ലാത്തിചാർജ് തുടങ്ങിയെന്ന് ഇതിനിടെ ഫോൺ വന്നു.  വിദേശികൾ രണ്ടുപേരെ പൊലീസ് ഇതിനിടെ അറസ്റ്റുചെയ്തുവാഹനത്തിൽ കയറ്റുന്നു. ട‍ാബ് ബാഗിലേക്കിട്ട് ഇതിന്റെ പിന്നാലെ ഒാടി. അതും എടുത്ത് കോളജിന് മുന്നിൽ വന്നുനിന്ന് ടാബ് ഒന്നുകൂടി പരിശോധിച്ചു. ഭാഗ്യം ചിത്രം മനോരമ ഒാൺലൈൻ കണ്ടന്റ് ടീമിന് പൊയ്ക്കഴിഞ്ഞു. പിന്നെ ഫോൺവിളിച്ച് സ്പോട്ടിൽ നിന്നുള്ള ചിത്രം കിട്ടിയോ എന്ന് അന്വേഷിച്ചു. മൂന്നുതവണ അന്വേഷിച്ചിട്ടും ചിത്രം കിട്ടിയില്ല എന്നുമറുപടി. ഒാഫിസ് നെറ്റ്‌വർക്കിലെ എന്തോ തകരാറ്. അടുത്തപടി ജിമെയിൽ വഴി അയച്ചു. പിന്നാലെ വിളിയെത്തി ആദ്യം അയച്ചതും രണ്ടാമതയച്ചതും എല്ലാം കിട്ടിയെന്ന്.
ഇതിനിടെ മഴപൊ‌ടിഞ്ഞ് ടാബിലേക്ക് വെള്ളം കയറുന്നുണ്ട്. തുടച്ച് വീണ്ടും ബാഗിലാക്കി  മറൈൻഡ്രൈവിലേക്ക് കുതിച്ചു. അപ്പോഴതാ കുറെ ആളുകളെ പൊലീസ് ഒാടിച്ചുകൊണ്ടുവരുന്നു. ബൈക്കിലിരുന്നുതന്നെ ഈ ചിത്രമെടുത്ത് റോബർട്ടിനെ വിളിച്ചു. ടോണി ഡൊമിനിക്കും റോബർട്ടും പൊലീസ് ആക്ഷനും ജനങ്ങളുടെ ഒാട്ടവുമെല്ലാം എടുക്കുന്നുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി ജനങ്ങളെല്ലാം ഉടൻ പിരിഞ്ഞുപൊയ്ക്കൊള്ളു‍ം. ആശ്വാസം ഈ ചുംബന മേള മഹാമഹം കഴിഞ്ഞല്ലോ. വണ്ടിതിരിച്ചു പനമ്പിള്ളിനഗറിലെ ഒാഫിസിലേക്ക്...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...