#JosekuttyPanackal #malayalamanorama #sports #football #photo #award #mushtaq എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#JosekuttyPanackal #malayalamanorama #sports #football #photo #award #mushtaq എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, നവംബർ 26, ബുധനാഴ്‌ച

മറഞ്ഞിരുന്നിട്ടും തിരിച്ചെത്തിയ ചിത്രം.


ചില കാര്യങ്ങൾ അങ്ങിനെയാണ്. വരാനുള്ളതൊന്നും വഴിയിൽത്തങ്ങില്ല എന്നുപറയുംപോലെ ഇൗ ചിത്രത്തിനായി കാലം ഒരുപുരസ്ക്കാരം കരുതി വച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ക്യാമറയുടെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്യേണ്ടിവന്നിട്ടും തിരിച്ചെത്തിയ ഈ ചിത്രം പുറം ലോകം കാണില്ലായിരുന്നു.

ചിത്രത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ ....
2013 മാർച്ച് മൂന്ന് ഞായറാഴ്ച. സന്തോഷ് ട്രോഫിയുടെ ഫൈനൽ മൽസരം കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്നു. കേരളവും സർവീസസുമാണ് ഫൈനലിൽ. മലയാളി കോച്ചും ക്യാപ്റ്റനും ഉൾപ്പടെ ഏഴ് മലയാളികളാണ് പട്ടാളക്കാരുടെ സംഘത്തിൽ ഉള്ളത്. നാൽപതിനായിരം വരുന്ന കാണികളെ സാക്ഷിനിറുത്തി മൽസരം തുടങ്ങി. 90 മിനിറ്റിലും അധികസമയത്തും  സമനിലയിൽ നീങ്ങിയ മൽസരം ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുടുങ്ങി. ആദ്യം കേരളം 2-0ന് മുന്നേറിയെങ്കിലും പിന്നീട് മൂന്നുകിക്ക് കേരളം പാഴാക്കിയതോടെ സർവീസസ് 4-3ന് ജയിച്ചു. കളി അധികസമയവും കഴിഞ്ഞ് നീണ്ടതോടെ പത്രത്തിന്റെ പേജിൽ ചിത്രം കയറാനുള്ള സാധ്യത കുറഞ്ഞുകൊണ്ടുമിരിക്കുന്നു. രാത്രി 9.18ന് സഡൻഡെത്തിനുശേഷം താരമായ ഗോളി നാനേ‍ാ സിങ്ങിനെ അനുമോദിക്കാനായി ഓടിയെത്തുന്ന സഹതാരങ്ങളുടെ ചിത്രം പകർത്തി.

ചിത്രം കാണാനില്ല...
അത്രനേരം പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് സംവിധാനങ്ങൾ പൊടുന്നനെ തകരാറിലായി. ഇനി നാല് കിലോമീറ്റർ അകലെയുള്ള ഓഫീസിലെത്തിവേണം ചിത്രം നൽകാൻ. കൂടാതെ സമ്മാനദാനവും എടുക്കണം. അതും കഴിഞ്ഞപ്പോൾ സമയം രാത്രി 10 കഴിഞ്ഞു. സ്റ്റേഡിയത്തിന് പുറത്തേക്കിറങ്ങിയ ജനങ്ങളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് വച്ചുപിടിച്ചു. എനിക്ക് മുന്നേ ഓഫിസിലെത്തിയ ഫൊട്ടോഗ്രഫർ ടോണി ഡൊമിനിക് വിഷാദിച്ചിരിക്കുന്നതുകണ്ട് കാര്യം ചോദിച്ചു. അദ്ദേഹം ക്യാമറയുടെ കാർഡ് ഓഫിസിലെ കംപ്യൂട്ടറിൽ കണക്ടുചെയ്തിട്ട് ചിത്രം ഒന്നുപോലും കാണുന്നില്ലെത്രെ. വൈറസ് കയറാൻ സാധ്യത വളരെ കുറവ് കാരണം ലക്ഷങ്ങൾ വിലകൊടുത്താണ് കോർപറേറ്റ് വൈറസ് സ്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ആ ബലത്തിൽ ഞാൻ എന്റെ കാർഡ് കണക്ടുചെയ്തു. അതാ എന്റെ കാർഡിലും ചിത്രങ്ങൾ ഒന്നുപോലുമില്ല. ഒരു നിമിഷം കൊണ്ട് ആകെ വിയർത്തു.

35 മിനിറ്റ് 350 ചിത്രങ്ങൾ...
 സ്പോർട്സ് ഡെസ്ക്കിലേക്കുവിളിച്ചു ചിത്രങ്ങൾ കാർഡിൽ നിന്നും ഫോർമാറ്റായെന്നും റിക്കവറി സോഫ്ട്‍വെയർ ഉപയോഗിച്ച് തിരിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും അരമണിക്കൂർകൂടി നൽകണമെന്നും അഭ്യർഥിച്ചു. ഫസ്റ്റ് എഡിഷൻ പേജ് പോയിക്കഴിഞ്ഞു. ഇനി സെക്കൻഡിലേക്ക് ശ്രമിക്കാം. കോർപറേറ്റ് കണക്ഷനിൽപ്പെട്ട ഒരു കംപ്യൂട്ടറിലും ഐഎസ്ഒ പ്രകാരം  ലിസ്റ്റിൽപ്പെടാത്ത ഒരു സോഫ്ട്‌വെയർപോലും ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്തതിനാൽ ഓഫിസ് മെഷിനുകളിൽ റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. അതിനാൽ സിസ്റ്റംസ് ഡിവിഷനിലെ സംഘം ഉടൻ ഒരു ലാപ്ടോപ്പ് സംഘടിപ്പിച്ച് റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്തു. പിന്നെ പതിയെ കാർഡിലെ ചിത്രങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി. മെമ്മറി കാർഡിന്റെ പുരാതന കാലം മുതലുള്ള ചിത്രങ്ങൾ ക്രമം തെറ്റി വന്നുതുടങ്ങി. 35 മിനിറ്റുശ്രമത്തിനുശേഷം ഏറെ ആവശ്യമെന്ന് തോന്നിയ ഫുട്ബോൾ ചിത്രങ്ങളെ കോപ്പിചെയ്ത് ഉടൻ കോട്ടയത്തെ സ്പോർട്സ് ഡെസ്ക്കിലേക്ക് അയച്ചു. വൈകിയെങ്കിലും പേജിലെ സ്ഥലപരിമിതിക്കിടയിൽ ഈ ആഘോഷ ചിത്രംകൂ‌ടി അവസാനം തിരുകിക്കയറി. അങ്ങനെ റിക്കവറി സോഫ്ട്‍‌വെയറിനും ഓഫിസിലെ സിസ്റ്റംസ് വിഭാഗത്തോടും സ്പോർട്സ് ഡെസ്ക്കിനോടും ഈ ചിത്രം ഏറെ ക‌ടപ്പെട്ടിരിക്കുന്നു
* 2013ലെ കാലിക്കറ്റ്‌ പ്രസ്ക്ലബ്ബിന്റെ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി പുരസ്ക്കാരം ഈ ചിത്രത്തിനാണ്.

#JosekuttyPanackal #malayalamanorama #sports #football #photo #award #mushtaq 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...