2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ ഇത്രക്ക് പ്രസ്സ് ചെയ്യപ്പെടണോ?


ഇതാ വീണ്ടുമൊരു ഫൊട്ടോഗ്രഫി ദിനം. ഫൊട്ടോഗ്രഫറും, പ്രസ് ഫൊട്ടോഗ്രഫറും, ന്യൂസ് ഫൊട്ടോഗ്രഫറും, ഫോട്ടോ ജേണലിസ്റ്റുമായി മാറിയ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കും ആഘോഷിക്കാം ഈ ദിനം. കാരണം സയന്‍സിന്റെ ഇരുട്ടുമുറിയില്‍ നിന്നും വാര്‍ത്തയുടെ തെളിച്ചത്തിലേക്ക് ചിത്രങ്ങള്‍ക്ക് സംസാര ശക്തി നല്‍കി പറഞ്ഞയച്ചത് ഇവരാണ് ഫൊട്ടോഗ്രഫര്‍മാര്‍.... 


ഇപ്പോഴാണോ എത്തുന്നത്? 

ഏതെങ്കിലും അപകടം അറിഞ്ഞ് ഒാടിക്കിതച്ചെത്തുന്ന ഒരു ന്യൂസ് ഫൊട്ടോഗ്രാഫര്‍ ഏറ്റവും ആദ്യം നേരിടുന്നൊരു ചോദ്യമാണ് 'ഇപ്പോഴാണോ എത്തുന്നത്' എന്ന്. അപകടം ഉണ്ടാകുന്നതിനും മുന്‍പ് കണക്ക് കൂട്ടി അവിടെ വന്ന് നില്‍ക്കാന്‍ കഴിയില്ല എന്ന    സാധാരണ ചിന്തയെങ്കിലും ഈ ചോദ്യകര്‍ത്താവിന് ഉണ്ടാകില്ല. തീപിടിച്ച സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തും മുന്‍പേ പാഞ്ഞെത്തുമ്പോഴും വാഹനാപകടം ഉണ്ടായ സ്ഥലത്ത് തിരക്കുകളെ തട്ടിമാറ്റി പാഞ്ഞെത്തുമ്പോഴും കള്ളന്‍ കയറിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്ന ചിത്രം എടുക്കാന്‍ ചെല്ലുമ്പോഴും ഈ ചോദ്യം കുറച്ചൊന്നുമല്ല ഒരു ഫോട്ടോ ജേണലിസ്റ്റിനെ വിഷമിപ്പിക്കുക. ഇതെല്ലാം നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കാതെ തടയിടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നല്ലോ. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ ഉള്‍പ്പെട്ടുകിടക്കുന്നു എന്ന സന്ദേശപ്രകാരം അതിന്റെ ചിത്രം പകര്‍ത്താന്‍ പോകുന്ന ഫൊട്ടോഗ്രഫര്‍ ഈ ഗതാഗതക്കുരുക്കിലൂടെത്തന്നെയാണ് അത് പകര്‍ത്താന്‍ എത്തേണ്ടത് എന്നത് മറ്റൊരു വസ്തുത. 

പരിമിതം എഡിറ്റിങ് 

ഒരു ജേണലിസ്റ്റ് തയ്യാറാക്കിയ വാര്‍ത്തക്ക് മേല്‍ പേജ് ചെയ്യുന്ന സബ് എഡിറ്റര്‍ക്കും അതിന് മേലെയുള്ള മൂന്നോ നാലോ ആളുകള്‍ക്കും പത്രാധിപര്‍ക്ക് വരെയും കൈവച്ച് മികച്ചതാക്കാന്‍ അവസരവും സമയവും ലഭിക്കും. സമയമെടുത്ത് തയ്യാറാക്കുന്ന പല സ്റ്റോറികളും മികച്ചതാകുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍ നിമിഷാര്‍ദ്ധങ്ങളെ കീറിമുറിച്ച് തലയില്‍ മിന്നിയ ഒരു ഐഡിയ ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുമ്പോള്‍ അത് എടുക്കാനെടുത്ത സമയവും അതിനൊപ്പം പതിഞ്ഞിട്ടുണ്ടാകും. മിക്കവാറും അത് സെക്കന്‍ഡിന്റെ ഇരുന്നൂറ്റന്‍പതില്‍ ഒരു അംശം മാത്രമായിരിക്കും. ഇതിനെ പിന്നീട് മാറ്റിയെഴുതാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ചെയ്യാവുന്ന ഒരു കാര്യം ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചുമാറ്റുക, അടിക്കുറിപ്പ് മികച്ചതാക്കുക എന്നതൊക്കെയാണ്. പല ആളുകളും ഇപ്പോഴും വിചാരിച്ചുവച്ചിരിക്കുന്നത് ചിത്രം എടുക്കുന്നതോടെ ന്യൂസ് ഫൊട്ടോഗ്രഫറുടെ ജോലി കഴിഞ്ഞു എന്നതാണ്. എന്നാല്‍ ആധുനിക ന്യൂസ് റൂമുകളില്‍ കേവലം ഒരു ക്ളിക്കില്‍ അവസാനിക്കുന്നില്ല അദ്ദേഹത്തിന്റെ ജോലി. എടുത്ത ചിത്രത്തിന് മികച്ച അടിക്കുറിപ്പ് തയ്യാറാക്കാനുള്ള മുഴുവന്‍ ചുമതലയും ഒരു ന്യൂസ് ഫൊട്ടോഗ്രഫറില്‍ അധിഷ്ഠിതമാണ്. ഇത് തന്നെയാണ് ചെയ്യേണ്ടതും. കാരണം സംഭവ സ്ഥലത്ത് 'ഫിസിക്കല്‍ പ്രസന്‍സ്' എന്നത് ഫൊട്ടോഗ്രഫര്‍മാരുടെ വകുപ്പില്‍ പെടുന്നു. റിപ്പോര്‍ട്ടര്‍ക്ക് ഇത് മൂന്നാമതൊരാളില്‍ നിന്നും ശേഖരിച്ച് തന്റേതാക്കി അവതരിപ്പിക്കാന്‍ കഴിയും. പക്ഷേ തന്റെ ചിത്രം എന്ന് അവകാശപ്പെടാന്‍ ഒരു ഫൊട്ടോഗ്രഫര്‍ സംഭവസ്ഥലത്ത് ഉണ്ടായേ തീരൂ. അതുകൊണ്ടുതന്നെ ചിത്രത്തില്‍ ആരൊക്കെയുണ്ട്, എന്താണ് അവരുടെ അപ്പോഴത്തെ ഭാവങ്ങള്‍ എന്നെല്ലാം സംഭവത്തെ നേരിട്ടുകണ്ട വ്യക്തി എന്നനിലയില്‍ ആ ഫൊട്ടോഗ്രഫര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്.  പിറ്റേന്ന് ഇതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ടിവന്നാല്‍ അതും ഇദ്ദേഹത്തിന്റെ ചുമതലയാണെന്ന മുന്‍കാഴ്ചകൂടി ഒാരോ ചുവട് വയ്ക്കുമ്പോഴും ഉണ്ടാകുകയും വേണം. ചിത്രത്തിന്റെ അടിക്കുറിപ്പ് മറ്റുവല്ലവരും കൈകാര്യം ചെയ്തതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതും ന്യൂസ് ഫൊട്ടോഗ്രഫര്‍ തന്നെ. എടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയാല്‍ അത് ഭാവിയിലേക്ക് സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുക, സ്ഥാപനത്തിന്റെ മറ്റ് മാധ്യമ സംവിധാനങ്ങളിലേക്ക് ഈ ചിത്രത്തെ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ പോകുന്നു ഒരു വാര്‍ത്താ ചിത്രകാരന്റെ ചുമതലകള്‍. 

ജീവിതം ഉഴിഞ്ഞുവച്ചവര്‍

ലക്ഷങ്ങള്‍ സമ്പാദിക്കാവുന്ന ഫൊട്ടോഗ്രഫി മേഖലയില്‍ ന്യൂസ് ഫൊട്ടോഗ്രഫിയില്‍ ചിലര്‍ ഒതുങ്ങുന്നത് അതിനോടുള്ള താത്പര്യം ഒന്നുകൊണ്ടുമാത്രമാണ്. ഈ താത്പര്യം തീരുമ്പോഴോ ജീവിതം ഇനി ഈ രീതിയില്‍ മുന്നോട്ട് പോകില്ല എന്നു തോന്നുമ്പോഴോ ചിലര്‍ ഇതില്‍ നിന്നും മുക്തി നേടി മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നു. കേരളത്തില്‍ വെറും 200 പേര്‍ മാത്രമാണ് പത്രങ്ങളില്‍ സ്റ്റാഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍മാരായി ഉള്ളൂ എന്നുകേള്‍ക്കുമ്പോള്‍ അറിയാം ഈ ജോലിയുടെ സാധ്യതകളും അവസരങ്ങളും. എന്നാല്‍ മറ്റ് പലമേഖലകളിലും ഫൊട്ടോഗ്രഫി സാധ്യതകള്‍ വളര്‍ന്നുവരുന്നു എന്നത് ഏറെ ആശാവഹവുമാണ്. 

ജീവിതം വ്യവസ്ഥയില്ലാത്തതോ? 

ഒരു ന്യൂസ് ഫൊട്ടോഗ്രഫര്‍ രാവിലെ തന്റെ ഉറക്കമുണര്‍ന്നാല്‍ ആദ്യം തേടുക താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണം തന്നെയാകും. അതിലെ വാര്‍ത്തകളും ചിത്രങ്ങളും പരിശോധിച്ചശേഷം തന്നോട് മല്‍സരിക്കുന്ന മറ്റ് ഒന്നോ രണ്ടോ പ്രസിദ്ധീകരണങ്ങള്‍ക്കൂടി വായിക്കാന്‍ ശ്രമിക്കും. നിലവില്‍ മലയാളത്തിലെ ഒരു പത്രം പോലും അടിമുടി വായിക്കണമെങ്കില്‍ രണ്ട് മണിക്കൂറോളം വേണ്ടിവരും. അതിനാല്‍ത്തന്നെ വാര്‍ത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു 'സര്‍ഫിങ്' നടത്തി ഒാഫിസിലേക്ക് ഒാടാന്‍ തയ്യാറാകുന്നു. ഒാഫിസിലെ പ്രതിദിന ഷെഡ്യൂള്‍ തയ്യാറാക്കലിന് ശേഷം തനിക്ക് ലഭിച്ച നാലോ അഞ്ചോ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉടന്‍ ഇറങ്ങുകയായി. 3:1 എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തിലെ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍ ഫൊട്ടോഗ്രഫര്‍ അനുപാതം. മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന ഒന്‍പത് സ്റ്റോറികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഒരു ദിവസം മതിയാകില്ല എന്നത് മറ്റൊരു വസ്തുത. പക്ഷേ ഇതിനെയെല്ലാം 'മാനേജ് ' ചെയ്യുന്നവരാണ് ഇന്നത്തെ ഫൊട്ടോ ജേണലിസ്റ്റുകള്‍ എന്നത് ഏറെ അഭിമാനകരമാണ്. ഇതിനിടയില്‍ ഉച്ചഭക്ഷണവും ലഘുഭക്ഷണവും കഴിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ ഒരു പരിപാടികളും നടക്കുന്നില്ല എന്നതിനാല്‍ത്തന്നെ ഒരിക്കല്‍ പോലും ആശ്വാസകരമായി ഷെഡ്യൂളുകള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുമില്ല. 

പൊലീസ് ലാത്തിചാര്‍ജിലും സമരക്കാരുടെ കല്ലേറിനും ഇടയില്‍ മികച്ച ചിത്രങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ പത്ര ഫൊട്ടോഗ്രഫര്‍ എന്ന പരിഗണന കല്ലിനോ ലാത്തിക്കോ ഉണ്ടാകാറില്ലതാനും. അതുകൊണ്ടുതന്നെ പത്ര ഫൊട്ടോഗ്രഫറുടെ ക്യാമറ  മറ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയെ തുലനം ചെയ്യുമ്പോള്‍ ആയുസ് നന്നേ കുറവായിരിക്കും. ഇതിനിടെ ഏതെങ്കിലും അത്യാഹിതങ്ങളോ അപകടങ്ങളോ സംഭവിച്ചാല്‍ അതിന് പിന്നാലെ പായാനുള്ള വിധിയും വന്നുചേരും. അതോടെ ഷെഡ്യൂളുകളെല്ലാം താറുമാറാകുകയും ചെയ്യും. ഈ പാച്ചിലുകള്‍ക്കെല്ലാം ശേഷം വൈകീട്ട് ചിത്രങ്ങളും അടിക്കുറിപ്പും മറ്റ് ജേലികളും തീര്‍ത്ത് വീട്ടിലെത്തുമ്പോള്‍, വിവാഹിതരല്ലെങ്കില്‍ മാതാപിതാക്കളുടെയും വിവാഹിതരാണെങ്കില്‍ ഭാര്യയുടെയും, 'ലേറ്റായതെന്ത്?'എന്നുള്ള ചോദ്യത്തിനുള്ള മറുപടികൂടി കണ്ടെത്തി വേണം ഉമ്മറം കടക്കാന്‍. ഇതിനിടെ റോഡിലെ പുകയും പൊടിയും അടിച്ചതിന്റെ തിരുശേഷിപ്പുകള്‍ ആഞ്ഞൊന്നുമൂക്ക് ചീറ്റിയാല്‍ വാഷ് ബേസിനില്‍ കാണാം. 

ന്യൂസ് ഫൊട്ടോഗ്രഫറും ഭാഗ്യവും 

എത്ര മികച്ച സംവിധാനങ്ങള്‍ ഉണ്ടായാലും ഭാഗ്യം എന്നത് ന്യൂസ് ഫൊട്ടോഗ്രഫിയില്‍ വലിയൊരു ഘടകം തന്നെയാണ്. ചടങ്ങുകള്‍ക്ക് താമസിച്ചെത്തി മികച്ച ചിത്രം ലഭിച്ചതും മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായി യാത്രമുടങ്ങിയപ്പോള്‍ റോഡില്‍ നടന്നൊരു സംഭവം ലഭിക്കുന്നതുമെല്ലാം ഭാഗ്യത്തിന്റെ ബലത്തിലാണ്. ക്യാമറയെന്ന യന്ത്രത്തില്‍ ഫൊട്ടോഗ്രഫര്‍ വിരലമര്‍ത്തുമ്പോള്‍ ഫോക്കസ്, ലൈറ്റ്, ഡെപ്ത് ഒാഫ് ഫീല്‍ഡ് എന്നിവയുടെ മികച്ച സമ്മേളനം നടന്നെങ്കില്‍ മാത്രമേ നല്ലൊരു ചിത്രം ലഭിക്കൂ. വാര്‍ത്താ ചിത്രമാകുമ്പോള്‍ സബ്ജക്ടിന്റെ  ഭാവംകൂടി മികവിന്റെ പട്ടികയില്‍ വരും.

 കഴിഞ്ഞ ദിവസം റോഡരികിലെ സമരത്തിന്റെ ചിത്രം പകര്‍ത്തുന്നതിനിടെ അപകടത്തിന്റെ സ്പോട്ട് ചിത്രം പകര്‍ത്താന്‍ കഴിഞ്ഞ മെട്രോ വാര്‍ത്ത ഫൊട്ടോഗ്രഫര്‍ മനു ഷെല്ലിയുടെ ഈ ചിത്രവും മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെടുത്താം. സ്പോട്ട് ചിത്രങ്ങളെല്ലാം തന്നെ ഫൊട്ടോഗ്രഫറുടെ മുന്നില്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നവയാണ്. അതിനായി തയ്യാറെടുത്ത് ചെന്നാല്‍ ഇതൊന്നും സംഭവിക്കില്ലതാനും. 

photo courtesy: Manu Shelly

ജീവിതത്തിലെ ദുരന്തങ്ങള്‍...

അപകടങ്ങള്‍ പകര്‍ത്തുന്ന ഒാരോ ന്യൂസ് ഫൊട്ടോഗ്രഫറും മനസില്‍ കരഞ്ഞുകൊണ്ടാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കാഴ്ചക്കാരില്‍ പലരും നിന്റെ അമ്മക്കോ, അച്ഛനോ, സഹോദരനോ, സഹോദരിക്കോ ആണ് ഇത് സംഭവിച്ചതെങ്കില്‍ നിങ്ങള്‍  ചിത്രം എടുക്കുമോ എന്ന ചോദ്യം എറിയാറുണ്ട്. ഇദ്ദേഹമല്ലെങ്കില്‍ മറ്റൊരാളിലേക്ക് ആ ചുമതല ഈ വാര്‍ത്താലോകത്തില്‍ എത്തിച്ചേരും എന്നത് മറക്കാന്‍ കഴിയാത്ത സത്യം. ഉടുതുണി മാത്രം ബാക്കിവച്ച് സ്വന്തം വീട് കത്തിയമര്‍ന്നത് ചിത്രീകരിക്കേണ്ടി വന്ന അനുഭവം ഒാരോ തീ പിടുത്ത സ്ഥലത്ത് എത്തുമ്പോഴും എന്റെ ഒാര്‍മ്മയില്‍ തികട്ടിയെത്തും.


എപ്പോഴും എന്തും സംഭവിക്കാവുന്ന ഈ ലോകത്ത് കണ്ണിന് അനുബന്ധമായി നിരന്തരം തുറന്ന ക്യാമറക്കണ്ണുമായി അലയുന്നവരേ നിങ്ങള്‍ക്കെന്റെ അഭിവാദ്യം. കാഴ്ചകളെ ചരിത്രമാക്കുന്നവരേ നിങ്ങള്‍ക്കെന്റെ പ്രണാമം. 

                                                                                  @ജോസ്കുട്ടി പനയ്ക്കല്‍. 19.08.2014 


2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

മനുഷ്യര്‍ക്ക് നന്ദി... യന്ത്രങ്ങള്‍ക്കും...

http://www.manoramaonline.com/advt/Astrology/birth-sign-2014/August-11.html
ദാ! വീണ്ടും എനിക്ക് ഒരുവയസ് കൂടി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇന്നാണ് നിന്റെ പിറന്നാള്‍ എന്ന് ഒാര്‍മ്മിപ്പിക്കുകയും പച്ച നിറത്തിലുള്ള പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ'പാരീസ്' മിഠായിയുടെ ഒരു പായ്ക്കറ്റ് തന്ന് ഇത് സ്കൂളില്‍ കൊണ്ടുപോയി വിതരണം ചെയ്തുകൊള്ളൂ എന്നുപറയുന്ന മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന ജന്മദിനം ഇന്നില്ല. പകരം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, ജിമെയില്‍, ഗൂഗിള്‍ പ്ളസ്, എസ്എംഎസ് എന്നിവയിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പേ 'അഡ്വാന്‍സ് വിഷസുമായി' അക്ഷരങ്ങളും ചിത്രങ്ങളും നിറച്ച ആശംസകള്‍ എത്തുകയായി. ആഗോള ഭീമനായ ഗൂഗിളിന്റെ യന്ത്രം മുതല്‍ ലോണെടുത്ത ബാങ്കുകളിലെ സംവിധാനങ്ങള്‍ വരെ   'ഹാപ്പി ബെര്‍ത്ത് ഡേ' സന്ദേശം അയക്കുമ്പോള്‍ ഇതിനൊക്കെ മറുപടി അയക്കാന്‍ കംപ്യൂട്ടറിനും ഫോണിനും മുന്‍പില്‍ വളരെ നേരം ചിലവഴിക്കേണ്ടിവരും. ലഭിക്കുന്ന ജന്മദിനാശംസകള്‍ക്കെല്ലാം 'നന്ദി' എന്നൊരു മറുപടി സന്ദേശം അയക്കാന്‍ മനുഷ്യനായ ഞാന്‍ ദിവസങ്ങളോളം ചിലവഴിക്കേണ്ടി വരും. കുറെയേറെപ്പേര്‍ക്കെല്ലാം മറുപടി സന്ദേശം അയച്ചുകഴിഞ്ഞു. പക്ഷേ എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുമോയെന്ന് ശങ്കയും ഉണ്ട്. എന്തായാലും ആശംസകള്‍ അയച്ചവര്‍ക്കും അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അയക്കാത്തവര്‍ക്കുമായി എന്റെ 'അഡ്വാന്‍സ് നന്ദി'.  ഒരു പിറന്നാള്‍ കഴിഞ്ഞാല്‍ അടുത്ത പിറന്നാളിലേക്ക് എത്രദൂരമുണ്ടെന്ന് ദിനങ്ങളെണ്ണിക്കഴിയുന്ന എന്റെ മോള്‍ക്കും കുടുംബത്തിനും ഒപ്പം കൊച്ചി എളമക്കരയിലെ ഫ്ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കും ഒപ്പമല്ലാതെ നിങ്ങളുടെ സ്വന്തം ജോസ്കുട്ടി പനയ്ക്കല്‍. 11.08.2014

My Google home page today

ഒാഗസ്റ്റ് 11ന് ജനിച്ചവര്‍ ഇങ്ങനെയൊക്കെയാണെന്ന് പ്രഫ.ദേശികം രഘുനാഥന്‍ പറയുന്നു. എന്നെ അറിയാവുന്നവര്‍ ഇതിനെക്കുറിച്ച് എന്തുപറയുന്നു...? 
(http://www.manoramaonline.com/advt/Astrology/birth-sign-2014/August-11.html)
തികഞ്ഞ നിരീക്ഷകര്‍
ഓഗസ്റ്റ് 11ന്  ജനിച്ചവര്‍
തികഞ്ഞ നിരീക്ഷകരാണ് ഓഗസ്റ്റ് 11ന് ജനിച്ചവര്‍. മികച്ച ആശയവിനിമയശേഷിയും ഈ ദിനക്കാര്‍ക്കുണ്ട്. സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ശക്തമായി ആഗ്രഹിക്കുന്നവരാണിവര്‍. വീട്ടിലായാലും ജോലിസ്ഥലത്തായാലും പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കിറങ്ങി ചെല്ലാന്‍ ഇക്കൂട്ടര്‍ക്കാകുന്നു. കെട്ടിച്ചമച്ച കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ ഇവര്‍ക്കാകുന്നു. അപ്രിയസത്യങ്ങളും തുറന്നുപറയാന്‍ ഒരു മടിയും കാണിക്കുന്നില്ല. കടുത്ത വിമര്‍ശകരാണിവര്‍. ഈ സ്വഭാവം ഇവരെ മറ്റുള്ളവരില്‍ നിന്നകറ്റാന്‍ കാരണമാകുന്നു. എന്നിരുന്നാലും മറ്റുള്ളവരിലെ നന്മ കണ്ടെത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള മനസും കൂടിയുണ്ടിവര്‍ക്ക്. തികഞ്ഞ നിരീക്ഷണബുദ്ധിയും ധൈര്യവും ഉറച്ചുനില്‍ക്കാനുള്ള ശേഷിയും ചേര്‍ന്ന് ഇവര്‍ക്ക് വിജയം പ്രദാനം ചെയ്യുന്നു. ആളുകളെ മുഖവിലയ്ക്കെടുക്കാനുള്ള വൈമനസ്യം ഇവരുടെ ബന്ധങ്ങള്‍ക്ക് വിള്ളല്‍ സംഭവിക്കാന്‍ ഇടയാക്കുന്നു. 41 വയസുവരെ പ്രാവര്‍ത്തികതയും പ്രാപ്തിയും പ്രാധാന്യം നല്‍കുന്നു. വിമര്‍ശനം കൂടുന്നില്ലെന്ന് ഈ ദിനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

സ്നേഹബന്ധം
തങ്ങളിലെ വൈകാരികത തുറക്കാന്‍ വൈമനസ്യമുള്ളവരാണ് ഓഗസ്റ്റ് 11ന് ജനിച്ചവര്‍. പക്ഷേ ഒരിക്കലൊരാളെ കണ്ടെത്തിയാല്‍ ഇവര്‍ വിശ്വസ്തരും സഹൃദയരും പ്രണയലോലുപരുമായ പങ്കാളികളാവും. തങ്ങളെപ്പോലെ തന്നെയുള്ള ബുദ്ധിശക്തിയും കരുത്തും ഒത്തവരിലേക്കാണ് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നത്. സ്നേഹഭാജനവുമായി അമിതമായ വാദപ്രതിവാദങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടിവര്‍.

ആരോഗ്യം
സ്വഭാവങ്ങളും ശീലങ്ങളും ഉറച്ചുകഴിഞ്ഞാല്‍ മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസക്കാരാണിവര്‍. ശീലങ്ങള്‍ക്ക് മാറ്റം വരുത്താനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകണം. ഭാവിയില്‍ എന്ത് ചെയ്യാനാകുമെന്നതിനെക്കുറിച്ച് തലപുണ്ണാക്കുന്നവരാണിവര്‍. തര്‍ക്കങ്ങളിലും അപകടങ്ങളിലും പെടാനുള്ള പ്രവണത ഈ ദിനക്കാരില്‍ കൂടുതലാണ്. പ്രവര്‍ത്തിക്കും മുന്‍പ് ചിന്തിക്കാന്‍ ശീലിക്കണം ഇവര്‍. കൃത്യമായ വ്യായാമം നിര്‍ബന്ധമാക്കണം. പച്ചനിറം നല്ലതാണ്.

തൊഴില്‍
വിമര്‍ശകരാകാന്‍ വേണ്ടി ജനിച്ചവരാണിവര്‍. കൂടാതെ ജേര്‍ണലിസ്റ്റ്, നിയമപാലകര്‍, സെയില്‍സ്, വിമര്‍ശകര്‍, ലേലം, ഫിനാന്‍സ്, കച്ചവടം, എഴുത്ത്, പാട്ട് തുടങ്ങിയ മേഖലകളില്‍ വിജയിക്കും.


2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

യന്ത്രങ്ങൾ തരുമോ ജീവൻ...?

യന്ത്രങ്ങൾ ശിലായുഗം മുതൽ മനുഷ്യന്റെ കൂടപ്പിറപ്പാണ്. മനുഷ്യനെ വേട്ടയാടാൻ സഹായിച്ച കൽച്ചീളുമുതൽ തുടങ്ങുന്നു യന്ത്രങ്ങളുമായുള്ള നമ്മുടെ കൂട്ടുകെട്ട്. ഇപ്പോഴത് കവണ മുതൽ റോക്കറ്റ് വരെ എത്തിനിൽക്കുന്നു. തലമുറകളിലേക്ക് സ്നേഹം പകരുമ്പോൾ ഈ യന്ത്രങ്ങളും പിൻതലമുറക്കാരന് നൽകിവരുന്നത് നമ്മുടെ ശൈലി. പുതിയത് വാങ്ങി വരും തലമുറക്ക് നൽകുമ്പോൾ അതിനൊപ്പം പഴമയുടെ  അറിവും കൂടി പകർന്നു നൽകേണ്ടതുണ്ട്.

ഇന്ന് പലകുട്ടികളും മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നത് സാദാ സൈക്കിൾ ഉപയോഗിക്കാതെയാണ്. ബാലൻസ് ചെയ്യുന്നതിനൊപ്പം പെഡൽ ചവിട്ടുകയും റോഡിൽ സിഗ്നൽ കാണിക്കാനും മറ്റൊരാളെ പിന്നിലിരുത്തി കയറ്റം ചവിട്ടിക്കയറ്റാനുമെല്ലാം നല്ല കരുത്തും കരുതലും വേണം. ഈ ബാല പാഠങ്ങൾ അഭ്യസിക്കാതെ 250 സിസി മോട്ടോർ സൈക്കിൾ ആദ്യമായി കിട്ടുന്ന ഒരു കുട്ടിക്ക് മാതാപിതാക്കൾ വാങ്ങിനൽകിയ ഈ സ്നേഹം പൂർണമാകുമോയെന്ന് എനിക്ക് സംശയം.

കഴിഞ്ഞദിവസമാണ് അങ്കമാലി കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ വിദ്യാർഥികളായ രണ്ടുപേർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്. രാത്രി 11ന് ഉണ്ടായ ഈ അപകടത്തിൽ വഴിയാത്രക്കാരനായ ഒരാളും മരിച്ചിരുന്നു. പിറ്റേന്ന് വാർത്താസംബന്ധമായി അവരുടെ കോളജിൽ എത്തിയ എനിക്ക് ഈ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജ് പരിശോധിക്കേണ്ടിവന്നു. അതിൽ കാണാൻ കഴിഞ്ഞതെല്ലാം  വാഹനത്തോടുള്ള സ്നേഹകാഴ്ചകളാണ്. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഇവരുടെ കൂട്ടുകാരെയും കടന്ന്  ഈ യന്ത്രം അവരെ മരണത്തിന്റെ പിടിയിലേക്ക് തള്ളിവിട്ടപ്പോൾ നഷ്ടപ്പെട്ടത് ഇതുവാങ്ങാൻ പണം നൽകിയ മാതാപിതാക്കൾക്കാണ്. അതുപോലെ തന്നെ ഫേസ്ബുക്കിൽ തന്റെ ഇഷ്ടങ്ങളെ‍ാന്നും കുറിക്കാത്ത സെബാസ്റ്റ്യൻ പി. മാനുവൽ എന്ന ഒരു സാധുമനുഷ്യനും ഇതിൽപ്പെട്ട് ജീവൻ കളയേണ്ടിവന്നു എന്നത് വേദനയുടെ ആഴം വർദ്ധിപ്പിക്കുന്നു.

അകാലത്തിൽ പൊലിഞ്ഞ ആ മൂന്നുപേരുടെയും  കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഇനി അപ്ഡേറ്റുകൾ നൽകാൻ കഴിയാത്ത ആ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജും താഴെ ചേർക്കുന്നു. 







2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

വിനയത്തിന്റെ ആൾരൂപങ്ങൾ

മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിനയം കാണിക്കുന്നവരാണ് പൊതുവെ ആളുകളെല്ലാം. പക്ഷേ അവരെ തെറിവിളിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അത് പ്രയോഗിക്കുന്നവരും ചുരുക്കമല്ല. കഴിഞ്ഞയാഴ്ച എന്റെ ക്യാമറയിൽ പതിഞ്ഞ രണ്ട് വ്യക്തിത്വങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഒന്ന്:  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരൾ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടർ സുധീന്ദ്രൻ, രണ്ട്: തമിഴ് നടൻ സൂര്യ.

ആദ്യം ഡോ.സുധീന്ദ്രനിലേക്ക്.. 29.07.2014ൽ കൊച്ചി അമൃത ആശുപത്രിയിൽ നടന്ന കരൾ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും സംഗമവേദിയിൽ ജൂനിയർ ഡോക്ടറുടെ ചുറുചുറുക്കോടെ ഒാടി നടക്കുകയും, ഒാരോ കരൾ രോഗിയുടെയും ബന്ധുക്കളുടെയും കരൾ കവരുന്ന ചിരിയോടെ അവരുടെ എല്ലാക്കാര്യങ്ങളും അന്വേഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിനയം നാട്യമല്ലെന്ന് അകലെ മാറി നിന്ന് കുറച്ചുനേരം വിലയിരുത്തിയ എനിക്ക് മനസിലായി. ക്യാമറക്ക് മുന്നിലും അദ്ദേഹം വിനയാന്വിതനായിരുന്നു. ഡോക്ടറുടെ ഗൗരവം കാണിക്കാതെ സാധാരണക്കാരെപ്പോലെ തന്നെ പൊട്ടിച്ചിരിച്ചും അതിഥിയായെത്തിയ മോഹൻലാലിനെ‍ാപ്പം തന്റെ ഫോണിൽ 'സെൽഫി' എടുത്തും അദ്ദേഹം ഈ സംഗമത്തെ ആഘോഷമാക്കി.




ഇനി നടൻ സൂര്യയിലേക്ക്... തന്റെ പുതിയ സിനിമ 'അൻജാന്റെ' പ്രചരണാർഥമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. മഴമൂലം നെടുമ്പാശേരിയിൽ വൈകിയിറങ്ങിയ വിമാനത്തിൽ നിന്നും  ഉറക്കച്ചടവോടെ കൊച്ചിയിലേക്ക്. രാവിലെ തന്നെ മൂന്ന് മാധ്യമങ്ങൾക്ക് എക്സ്ക്ല‍ൂസീവ് ഇന്റർവ്യൂ, തുടർന്ന് കവിത തീയേറ്ററിൽ തന്നെക്കാണാനെത്തിയവർക്ക് അരികിലേക്ക്. തീയേറ്ററിനുള്ളിൽ തിങ്ങിനിറഞ്ഞ ആരാധകർക്കിടയിലേക്ക് കയറുമ്പോൾ നിരവധി ആളുകൾ പിച്ചുകയും തള്ളുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്. പല പ്രമുഖ നടന്മാരും ആരാധകരുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുമ്പോൾ രൂക്ഷമായി പ്രതികരിക്കുകയും ബോഡി ഗാർഡിനെ ഉപയോഗിച്ച് അവരെ 'കൈകാര്യം' ചെയ്യുന്നതുമെല്ലാം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ സൂര്യ ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. തള്ളൽത്തിരയിൽ നിന്നും വേദിയിലെത്തി ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിങ്ങളാണെന്റെ ദൈവം എന്ന് ഡയലോഗും വിട്ടാണ് തിരിച്ചു പോയത്. തിരിച്ചിറങ്ങുമ്പോൾ പെയ്ത കനത്ത മഴയിലും സൂര്യയുടെ മുഖത്തെ ചിരി തണുത്തിരുന്നില്ല. ഇതിനു ശേഷമാണ് കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച. അവിടെ എത്തിയ മലയാളത്തിലെ അത്രയെ‍ാന്നും വലുതല്ലാത്ത ഒരു നടനെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റാണ് സൂര്യ ഹസ്തദാനം ചെയ്തത്. മാധ്യമ പ്രവർത്തകരെ പരമാവധി തൃപ്തിപ്പെടുത്തുന്ന തരത്തിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞു. തന്റെ വിമാനം പുറപ്പെടുന്നതിനും ഏതാനും മിനിറ്റുകൾ വരെ ഞാനടക്കമുള്ള മാധ്യമപ്രവർത്തകരുടെ ചിത്രമെടുപ്പിനും നിരവധി ചാനൽ, റേഡിയോ പ്രവർത്തകർക്ക് മാറി മാറി ഇന്റർവ്യൂവും നൽകാനും മനസുകാണിച്ചു. അന്യഭാഷയിലെ പല നടന്മാരും കേരളത്തിലെത്തുമ്പോൾ ഉന്തും തള്ളും ആക്രോശവും കണ്ടുശീലിച്ച എനിക്ക് സൂര്യയുടെ മുഖത്തെ ശാന്തത നാട്യമല്ലെന്ന് മനസിലാക്കാൻ കഴിയുന്നതായിരുന്നു.


 © ജോസ്കുട്ടി പനയ്ക്കൽ 2014 ഒാഗസ്റ്റ്  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...