2017, ഡിസംബർ 26, ചൊവ്വാഴ്ച

ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!


ചില ചിത്രങ്ങള്‍ അങ്ങിനെയാണ് പ്രതീക്ഷിക്കാത്തതാകും ആ നിമിഷത്തില്‍ സംഭവിക്കുക. ന്യൂ ഇയര്‍ കാര്‍ണിവലിനൊരുങ്ങിയ ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ ചിത്രം എന്തെങ്കിലും എടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്മസ് തലേന്ന് അവിടെയൊന്നു കറങ്ങിയത്. വിവിധരാജ്യങ്ങളില്‍ നിന്നും എത്തിയ ഒട്ടേറെ വിദേശികള്‍ നടപ്പാതകളിലൂടെ അങ്ങിങ്ങായി നടക്കുന്നുണ്ട്. കൂട്ടത്തില്‍ ഭേദപ്പെട്ടൊരു സംഘത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അലങ്കരിച്ച തോരണങ്ങളും മുകളില്‍ തൂങ്ങുന്ന നക്ഷത്രവും ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന് വിചാരിച്ച് അല്‍പം മുന്‍പിലായി വാഹനം നിറുത്തി. അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച് സിഗരറ്റൊക്കെ വലിച്ചു നില്‍ക്കുന്നുണ്ട്. വിദേശികള്‍ ഇതുവഴി നടന്നുവരുമ്പോള്‍ ഇദ്ദേഹം കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ വയ്ക്കുമോ എന്നതായിരുന്നു എന്റെ ശ്രദ്ധ. അവര്‍ നടന്ന് അവിടെയെത്തിയപ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന ദൃശ്യമാണ് തെളിഞ്ഞത്. അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത ഒരു ചിത്രവുമായി മടങ്ങി. By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto 



2017, ഡിസംബർ 12, ചൊവ്വാഴ്ച

കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!!


ര്‍ത്താവേമിന്നിച്ചേക്കണേ.... !!! ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ളൊരു വാക്കുകളാണിത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടി എത്തിയ കാലത്താണ് ശരിക്കും കര്‍ത്താവ് മിന്നിച്ചു സഹായിച്ച അനുഭവം ഉണ്ടായത്. ഇരുട്ടുകനത്ത രാത്രികളിലൊന്നില്‍ ബാര്‍ജ് (ചരക്കുമായി പോകുന്ന ചെറുകപ്പല്‍) കൊച്ചി വെണ്ടുരുത്തി പാലത്തില്‍ വന്നിടിച്ചു. അറിവുകിട്ടിയപാടെ നേരെ പാലത്തിലേക്ക് കുതിച്ചു. സ്ഥലത്ത് തീരെ വെളിച്ചമില്ല രണ്ട് പാലത്തില്‍ ഏതിലാണ് ഇടിച്ചതെന്ന്കനത്ത മഴയ്ക്കിടെ അങ്ങുമിങ്ങുമെല്ലാം നോക്കി. അവസാനം ഇടിച്ച സ്ഥലമൊക്കെ കണ്ടെത്തി കൂറ്റാക്കൂറ്റിരുട്ടത്ത് ഫ്ലാഷൊക്കെയിട്ടു പടമെടുത്തു. മഴത്തുള്ളിക്കും ഇരുട്ടിനുമൊക്കെ അപ്പുറം കടന്ന് ബാര്‍ജിനെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ പാവം ഫ്ലാഷിന് കരുത്തില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ വക ഡയലോഗ് എത്തിയത്. ‘എന്തൊരു മിന്നലാ കര്‍ത്താവേ’ പാലത്തില്‍ നിന്ന് ഞങ്ങളെ ഇടിവെട്ടാതെ കാത്തോണേ’. എന്നാല്‍പിന്നെ കര്‍ത്താവു തന്ന ഫ്ലാഷാകട്ടെ പടം പിടിക്കാന്‍ എന്നുകരുതി ക്യാമറയിലെ ഐഎസ്ഒ സംവിധാനമൊന്ന് കയറ്റിപിടിച്ചു. പിന്നീടെത്തിയ മിന്നലില്‍ ബാര്‍ജുമാത്രമല്ല കൊച്ചി കായലും അങ്ങേക്കരയും വരെ തെളിഞ്ഞുവന്നു. അതില്‍ ക്ലിക്കും വീണു. അങ്ങനെ മിന്നുന്നതിനു മുന്‍പും പിന്‍പും എടുത്ത ചിത്രങ്ങളില്‍ കര്‍ത്താവു മിന്നിച്ച പടമാണ് പിറ്റേന്നത്തെ പത്രത്തില്‍ കയറിയത്. By Josekutty Panackal

#MyLifeBook #BehindThePicture #barge #Ship #accident #VenduruthiBridge #Kochi 


2017, ഡിസംബർ 1, വെള്ളിയാഴ്‌ച

ദൈവത്തോടു മറുചോദ്യം ചോദിക്കാമോ?


തെയ്യം കലാകാരന്മാര്‍ മലബാറുകാരായതുകൊണ്ടും പ്രത്യേക തരത്തില്‍ സംസാരിക്കുന്നതുകൊണ്ടും ഇങ്ങനെയൊരു രസകരമായ സംഭവം ഉണ്ടായി. തെയ്യം ആട്ടത്തിനുശേഷം തന്റെ അരികില്‍ അനുഗൃഹംതേടി എത്തുന്നവരോട് പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും ഉള്ള പലര്‍ക്കും മനസിലാകാറില്ല. വേഷം കെട്ടിയ തെയ്യം ദൈവത്തിന്റെ പ്രതിപുരുഷനാകയാലും ദൈവത്തോട് മറുചോദ്യം പാടില്ലാത്തതിനാലും ഭക്തര്‍ മനസിലാകാത്തതൊന്നും തിരിച്ചു ചോദിക്കാറില്ല. ഇന്നലെ കൊച്ചി എളമക്കര ഭവന്‍സ് സ്കൂളില്‍ തെയ്യംകെട്ടിയാടിയിരുന്നു. അതിനുശേഷം അരികിലെത്തിയ ഇംഗ്ലീഷ് മീഡിയം കുട്ടികളോട് തനി മലബാര്‍ ഭാഷകലര്‍ന്ന തെയ്യത്തിന്റെ പ്രത്യേക ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു. പലര്‍ക്കും പലതും മനസിലായില്ലെങ്കിലും എല്ലാം മൂളിക്കേട്ടു. പക്ഷേ അതിനിടെയെത്തിയ എല്‍കെജി ടീച്ചര്‍ തെയ്യക്കോലക്കാരനെ ചെറുതായൊന്ന് കുഴപ്പത്തിലാക്കി. ‘ഏറെയേറെ ഗുണം വരും...ഗുണംവരുത്തും ദൈവങ്ങളേ, മകളേ! എല്ലാ അനുഗൃഹങ്ങളും ഈ വേളയിലുണ്ട് കേട്ടോ… ദേവിയെയൊക്കെ പൂജിക്കുന്നില്ലേ… ’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനിടെ ടീച്ചറുടെ മറുചോദ്യം ‘എനിക്ക് ഒന്നും മനസിലായില്ല കേട്ടോ!!!’. ഇതില്‍ തെയ്യക്കോലക്കാരന്‍ അമ്പരന്നു. പറഞ്ഞവാക്കുകളൊക്കെ ഇനി എറണാകുളം ഭാഷയിലാക്കി മാറ്റാനൊന്നും കഴിയില്ല. ഇതിനിടെ തെയ്യത്തിന്റെ മുഖംമൂടിയാണോ തനിക്ക് കേട്ടതൊന്നും മനസിലാകാത്തതിനു കാരണമെന്നും ടീച്ചറിനു സംശയം. മുഖംമൂടി മറക്കാത്ത കോലക്കാരന്റെ ചെവിക്കരികിലൂടെ എന്താണ് പറഞ്ഞതെന്ന് വീണ്ടും അന്വേഷിക്കാനുള്ള ശ്രമവും ടീച്ചര്‍ നടത്തി. എന്നാല്‍ ദൈവം വളരെ വേഗം അനുഗൃഹിച്ച് അവരെ പറഞ്ഞുവിട്ടു.  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...