ചിങ്ങം ഒന്നിനു കേരളത്തിലെ മാധ്യമങ്ങളിൽ നെൽപാടത്തുനിന്നുള്ള ചിത്രങ്ങൾ പ്രധാനമായും വരുന്നത് എന്തുകൊണ്ടാണ്? കൃഷി എന്നുപറഞ്ഞാൽ നെൽകൃഷി മാത്രമേയുള്ളോ? റബർ, തെങ്ങ്, കൊക്കോ, വാഴ, പൈനാപ്പിൾ, ഇഞ്ചി... എന്നിങ്ങനെയെല്ലാം കൃഷിയുള്ളപ്പോൾ പാടത്തു കൃഷിചെയ്യുന്നവർ മാത്രം എന്തുകൊണ്ട് കർഷകരായി മാറുന്നു? കാരണങ്ങൾ പലതാണ്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ മറ്റുനിറങ്ങളേക്കാൾ വളരെ നന്നായി അച്ചടി മാധ്യമങ്ങളിൽ അച്ചടിച്ചുവരും.... പച്ചപ്പ് എന്നത് കണ്ണിനു കുളിർമ നൽകും... ചിങ്ങം എത്തുന്ന സമയത്ത് ചിത്രമെടുക്കാൻ പോകുന്നയാൾക്ക് അത്യാവശ്യം ഏത് ആംഗിളിലും ചിത്രമെടുക്കാൻ നെൽപാടത്തുനിന്നും കഴിയും... എന്നിങ്ങനെ പോകുന്നു പാടത്തെ പേജിലെത്തിക്കുന്ന രഹസ്യങ്ങൾ. എന്നാൽ ഇത് ഇരുണ്ടുമൂടിക്കിടക്കുന്ന റബർ തോട്ടത്തിലേക്കോ, ഉയരത്തിൽ മാത്രം പച്ചപ്പുമായി നിൽക്കുന്ന തെങ്ങിൻ തോപ്പിലോ മറ്റുകൃഷിയിടത്തിലോ ഒക്കെ നിറഞ്ഞൊരു ഫ്രെയിമിനുള്ള സാധ്യത നെൽപാടത്തെ വച്ചതുലനം ചെയ്യുമ്പോൾ തീരെ കുറവാണ്. മാത്രമല്ല 98 ശതമാനം മലയാളികളും എന്നും സ്പർശിക്കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാകുന്നത് നെല്ലും പാടവും മലയാളിയെ കൂടുതൽ ചിത്രത്തെ മനസിലേക്ക് ആവാഹിക്കാൻ സാധിക്കും എന്നൊക്കെയാണ് കണക്കുകൂട്ടപ്പെടുന്നത്.
ഇനി ഇന്നലെ വരമ്പത്ത് കൂലിയില്ലാത്ത പാടത്ത് പോയ അനുഭവം പറയാം. മഠത്തിലെ കന്യാസ്ത്രീകൾ കരനെൽകൃഷി നടത്തുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. ആലുവ അശോകപുരത്തെ കോൺവെന്റിന്റെ പറമ്പിലാണ് കൃഷി. അവർ ആദ്യമായാണ് ഈ കൃഷി നടത്തുന്നതെങ്കിലും കഴിഞ്ഞവർഷം പച്ചക്കറി കൃഷിക്കു കിട്ടിയ ജില്ലാതല സമ്മാനമാണ് ഇത്തവണ പുതിയ കൃഷി പരീക്ഷിക്കാൻ ഇവരുടെ ഊർജം. ആകെ അഞ്ചു കന്യകാസ്ത്രീകൾ മാത്രമുള്ള ഇവിടെ രണ്ടേക്കറിലാണ് കൃഷി. ഒരു സഹായിയെക്കൂടി ഇവർ ജോലിക്കായി വച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ഇവർക്ക് ദിവസക്കൂലിയൊന്നും കിട്ടില്ല, പക്ഷേ കന്യാസ്ത്രീ വേഷവും കൊന്തയുമായി ഇവരുടെ പാടത്തെ വേല കാഴ്ചയിലും ക്യാമറയിലും കൗതുകം തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ