2014, നവംബർ 17, തിങ്കളാഴ്‌ച

ഉപ്പുവെള്ളത്തിലൊരു കുളി

ഇന്ന് വാം അപ് ചെയ്യേണ്ടത് സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്താണ്. സ്ട്രെച്ചിങ് എങ്ങിനെ ചെയ്യണം എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ഇതെല്ലാം ചെയ്തശേഷം അൽപം ഉപ്പിട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിച്ചുനോക്കൂ.. എന്തൊരു ഉന്മേഷം കിട്ടുമെന്ന് അറിയാമോ. നാളത്തേക്കുള്ള പാത അളന്ന് തിട്ടപ്പെടുത്തി വച്ചിരിക്കണം. നീന്താൻ സൗകര്യം ഒത്തുകിട്ടുമെങ്കിൽ അതും ചെയ്യുക. ഇനി കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അൽപം ബാം തേച്ച് പരീക്ഷിക്കാം. ഇന്ന് എത്തണം ഹാഫ്മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരമായ പതിനാല് കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 16, ഞായറാഴ്‌ച

ഭക്ഷണം എങ്ങനെ?

പഴയരീതിയിലെ ഭക്ഷണം തന്നെയാണോ പരിശീലനം തുടങ്ങിയിട്ടും കഴിക്കുന്നത്. അതോ പോരാതെ വരുന്നുണ്ടോ? കാർബോഹൈഡ്രേറ്റ് കൂടുതലായുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ ശീലങ്ങൾ പാലിക്കാതെയും മാരത്തൺ ഓടാൻ കഴിയും പക്ഷേ ഉന്തിന് പുറമെ ഒരു തള്ളുകൂടി എന്ന് പറയാറുള്ളതുപോലെ ഇതുവഴി നമുക്ക് കുറച്ചെങ്കിലും ഗുണം കിട്ടുന്നെങ്കിൽ അത് നല്ലതല്ലേ? പച്ചക്കറികളിൽ ഇലകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കാം. കാബേജ്, മുരിങ്ങയില എന്നിവ ഉൾപ്പെടുത്താം. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പരിശീലനത്തിന് മുൻപ് ശീലമാക്കണം. കാൽസ്യം കൂടുതൽ ശരീരത്തിന് ലഭിക്കാനും ശ്രദ്ധിക്കണം. വെള്ളം പതിവായി കുടിക്കുന്നതിൽക്കൂടുതൽ ശരീരത്തിലെത്തണം. കരിക്ക് കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇതെല്ലാമായാലും ശരീരം മെലിയുമെന്ന് ഉറപ്പ്. കാരണം മാരത്തൺ എന്നത് എല്ലാ കൊഴുപ്പിനെയും എരിച്ചുകളയുന്നൊരു മാസ്മരിക ശക്തിയാണ്. ഈ ആഴ്ച ശരീരത്തിന് അവധി കൊടുക്കേണ്ട ദിനം ഇതാ എത്തിയിരിക്കുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 15, ശനിയാഴ്‌ച

സാവധാനം മതി

പരിശീലനം അത്ര പോരാ എന്നു തോന്നിത്തുടങ്ങിയോ? വേഗം പഴയതുപോലെ സൂക്ഷിക്കാൻ സാധിക്കുന്നില്ലെന്നും തോന്നുന്നുണ്ടോ? ആദ്യ കിലോമീറ്ററുകൾക്കുശേഷം പിന്നീട് തളർച്ച പിടിപെടുന്നുണ്ടോ?  ആശ്വാസത്തിനായി ശരീരഭാരം ഒന്നുകൂടി അളക്കാൻ സമയമായിരിക്കുന്നു. കഴിഞ്ഞപ്രാവശ്യം അളന്നതിൽനിന്നും രണ്ട് കിലോയെങ്കിലും പറഞ്ഞരീതിയിൽ പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ കുറഞ്ഞിരിക്കും. ഇനി തളർച്ച; അത് തുടക്കത്തിന്റെ കുഴപ്പം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ സർവശക്തിയുമെടുത്ത് ഓടരുത്. ഹൃദയമിടിപ്പ് വളരെയധികം വർദ്ധിക്കുന്ന തോതിലും ഓടരുത്.  എപ്പോഴും  മുന്നിൽ രണ്ട് കിലോമീറ്റർ ദൂരംകൂടി ഓടാനുള്ള ഊർജം കരുതി വയ്ക്കുക. അത് 21 കിലോമീറ്റർ തികയുന്ന അവസരത്തിലും ഉണ്ടായിരിക്കണം. തുടക്കത്തിലേ സർവ ശക്തിയുമെടുത്ത് ഓടിയാൽ പൂർത്തിയാക്കാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകില്ല. ഇടയ്ക്കു നിറുത്തി 'റീ സ്റ്റാർട്ട്' ചെയ്യാമെന്ന് വച്ചാൽ പലർക്കും സാധിക്കുകയുമില്ല.  നിങ്ങൾ അഞ്ചുകിലോമീറ്റർ കഴിഞ്ഞ് ഏത് സ്പീഡിൽ ഓടുമോ അതേ സ്പീഡിൽത്തന്നെ ഓട്ടത്തിന് തുടക്കമിടുക. ഓട്ടത്തിൽ പരിചയമുള്ള പലരും സ്പീഡ് മാറ്റിയും മറിച്ചുമെല്ലാം പലവിധ പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ തുടക്കക്കാർ ഒരേ സ്പീഡിൽ ഓട്ടം പരമാവധി നിലനിറുത്തിക്കൊണ്ടുപോകുകയാണ് നല്ലത്. ഈ സ്പീഡിൽ തുടർന്നോളൂ പതിമൂന്ന് കിലോമീറ്റർ എന്ന ലക്ഷ്യത്തിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

2014, നവംബർ 14, വെള്ളിയാഴ്‌ച

ഇനി വസ്ത്രത്തിലും ശ്രദ്ധവേണം

ഓടുമ്പോൾ നിങ്ങളുടെ വസ്ത്രം നേരിയ തോതിലെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോ? ട്രാക്ക് സ്യൂട്ടോ, പാന്റ്സോ, കൈ നീളം കൂടിയ ടീ ഷർട്ടോ ഉപയോഗിച്ചാൽ അതെല്ലാം നിങ്ങളുടെ മാരത്തൺ പരിശീലനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. കാൽ മുട്ടിന് താഴേക്ക് ഇറക്കമില്ലാത്ത ഷോട്സും സ്ലീവ്‌ലെസ് ടീ ഷർട്ടുമാണ് ഓട്ടത്തിന് ഉത്തമം. പക്ഷേ കായികതാരങ്ങളല്ലാത്ത വനിതകൾക്ക് ഈ വേഷം ധരിക്കാൻ വൈമനസ്യം ഉണ്ടായേക്കാം. അത്തരക്കാർ ത്രീഫോർത്ത് പാന്റ്സും കൈനീളം കുറഞ്ഞ ടീ ഷർട്ടും ധരിക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന കടകളിൽ നിന്നും യോജിക്കുന്ന അടിവസ്ത്രങ്ങളും തിരഞ്ഞെടുക്കണം. പരിശീലനത്തിലും മാരത്തണിലും മണിക്കൂറുകളോളം വസ്ത്രങ്ങളുമായി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന ഉരസലും വിയർപ്പും കുഴപ്പമില്ലാതെ കൊണ്ടുപോകാൻ മികച്ചവ തന്നെ തിരഞ്ഞെടുക്കുക. ഇവ ഇട്ടുനോക്കി കുറച്ചുനാൾ ഓടി പരീക്ഷിച്ചതിന് ശേഷം നിങ്ങൾക്ക് ഏറ്റവും സുഖപ്രദമെന്ന് കരുതുന്നത് മാരത്തണിനായി പ്രത്യേകം കരുതി വയ്ക്കുക. മാരത്തണിന് മൂന്ന് ദിവസം മുൻപെങ്കിലും നിങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട ഈ വസ്ത്രങ്ങൾ ഉണക്കി മാറ്റിവച്ചിരിക്കണം. സോക്സ് തിരഞ്ഞെടുത്തതുപോലെ തന്നെ തികച്ചും കോട്ടണായവ ഈ തിരഞ്ഞെടുപ്പിലും ഒഴിവാക്കാം. കാരണം വിയർപ്പ് നനഞ്ഞ് വസ്ത്രത്തിന് കനം വയ്ക്കുമെന്നത് തന്നെ. രണ്ടു ജോഡി വസ്ത്രങ്ങളെങ്കിലും കരുതുന്നത് പരിശീലനത്തിന് നല്ലതാണ്. അപ്പോൾ ഇനി പന്ത്രണ്ടാം കിലോമീറ്ററിലേക്ക് ചലിക്കട്ടെ കാലുകൾ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

2014, നവംബർ 13, വ്യാഴാഴ്‌ച

കൂടെ ഓടാൻ ആളുണ്ടോ?

തനിയെ ഓടുമ്പോൾ നമ്മളിലുള്ള ആവേശം കുറവായിരിക്കും എന്നാൽ കൂടെ ഒരാളുണ്ടെങ്കിലോ? നമുക്കൊപ്പം ഓടാൻ  ഒരാളെക്കൂടി കണ്ടുപിടിച്ചാൽ അത് നല്ലതാണ്. അദ്ദേഹത്തിനൊപ്പം ഓടുമ്പോൾ രണ്ടുപേരുടെയും പെർഫോമൻസ് കുടുമെന്ന് ഉറപ്പിക്കാം. പക്ഷേ നമ്മുടെ  ലെവലിനും വളരെയധികം മുകളിലോ താഴെയോ ആണ് കൂടെ ഓടുന്നയാളുടെ പ്രക‌ടനമെങ്കിൽ അത് നമുക്ക് ഗുണം ചെയ്യില്ല. തുടക്കത്തിലേതന്നെ അദ്ദേഹം ഓടി കിലോമീറ്ററുകൾ മുന്നിൽ പോയാൽ നമുക്ക് ഒപ്പമെത്താൻ കഴിയില്ല. അതുപോലെ തന്നെ നമ്മൾ പരിശീലിച്ച് എത്തിയ ഈ പത്തുകിലോമീറ്റർ സ്റ്റാമിന ഇല്ലാത്ത ആളാണ് നമുക്കൊപ്പം എത്തുന്നതെങ്കിൽ നമ്മുടെ പ്രകടനം താഴേക്ക് പോകാനും അതുമതി. ഇനി ഓടാൻ ആളെ കിട്ടുന്നില്ലെങ്കിൽ ഒപ്പം സൈക്കിൾ ചവിട്ടിയെത്താൻ തയ്യാറുള്ള കുട്ടികളെ കൂട്ടിയാലും മതി. സൈക്കിൾ ചവിട്ടാനാകുമ്പോൾ അവർക്കും അത്ര ബുദ്ധിമുട്ട് അനുഭവപ്പെടില്ലല്ലോ. നമ്മുടെ മുന്നിലായി അധികം സ്പീഡിൽ അല്ലാതെ സൈക്കിൾ ഓടിച്ചുകൊണ്ടുപോകുവാൻ അവരോട് ആവശ്യപ്പെടുക. ഇതിനൊപ്പമെത്താനുള്ള നിങ്ങളുടെ ശ്രമം മാരത്തൺ പരിശീലനത്തിന് ഗുണം ചെയ്യും. കുതിച്ചോളൂ പതിനൊന്നാം കിലോമീറ്ററിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 12, ബുധനാഴ്‌ച

മടുത്തോ..?

ഇന്ന് ഒന്നര കിലോമീറ്റർ ദൂരം കൂടി പിന്നിട്ട് 10 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ എത്തണം. മനസുണ്ടെങ്കിലും കാൽ എത്തുന്നില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാകുന്നുണ്ടോ? അതിനെ മറികടക്കാൻ ഒരു വഴി പറയാം. റേഡിയോ സംഗീതം കേൾക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിനൊപ്പം മറ്റൊന്നുകൂടി പരീക്ഷിക്കൂ. പുലർച്ചെ വീ‌ട്ടിൽനിന്നും ഇറങ്ങി നടന്ന് സ്ട്രെച്ചിങ് എക്സർസൈസൊക്കെ ചെയ്തുവേണം ഓട്ടത്തിന് തുടക്കമി‌ടാൻ. ഒരു കിലോമീറ്ററെങ്കിലും മിനിമം നടക്കണം നമ്മുടെ ഓട്ടത്തിന് മുൻപ്. ശരീരത്തിൽ ചൂട് അനുഭവപ്പെട്ട് വിയർപ്പുതുള്ളികൾ പ്രത്യക്ഷപ്പെടുന്നതുവരെ വാം അപ് ചെയ്യുക. അതിനുശേഷമേ ഓടാവൂ. വലിയ സ്പീഡിൽ ഓടിത്തുടങ്ങരുതെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. വെളിച്ചം വീണിട്ടില്ലെങ്കിൽ അകലെയുള്ള ഏതെങ്കിലും പ്രകാശ ബിന്ദുവിലേക്ക് നിങ്ങളുടെ മിഴികളെ ഉറപ്പിക്കുക. വഴിയിൽ മറ്റ് പ്രതിബന്ധങ്ങളിലൊന്നും തട്ടിവീഴാതെ നോക്കുകയും വേണം. തീർച്ചായായും ഈ ബിന്ദുവിലേക്ക് നിങ്ങൾ അറിയാതെതന്നെ എത്തിച്ചേരും. അവിടെ എത്തിയാൽ ഏറ്റവും അകലെയുള്ള മറ്റൊന്നിൽ ദൃഷ്ടി ഉറപ്പിക്കുക. ഇങ്ങനെ നിങ്ങളുടെ പരിശീലനത്തിന്റെ അവസാനം വരെ കൊണ്ടുപോകുക. പകൽ വെളിച്ചം വന്നാൽ പരസ്യബോർഡുകളിലെ അക്ഷരങ്ങൾ എത്രത്തോളം അടുത്തുവന്നതിന് ശേഷമാണ് നിങ്ങൾക്ക് വായിക്കാനാകുന്നത് എന്നുപരിശോധിച്ചുകൊണ്ടും ഓടാം. ഇത് നമ്മളറിയാതെ തന്നെ ആ ദൂരത്തിലേക്ക് നമ്മളെ എത്തിക്കുന്നൊരു കാര്യമാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 11, ചൊവ്വാഴ്ച

'പുകവലിയരുത്...!'

പുകവലി എന്നുകേട്ടപാടെ 'ഞാൻ വലിക്കുന്നയാളാണ് എന്നാൽപ്പിന്നെ മാരത്തൺ ഉപേക്ഷിച്ചു' എന്നുപറയാൻ വരട്ടെ. ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്നുള്ള പരസ്യംകണ്ട് കണ്ണീർ പിഴിഞ്ഞവർക്കും മാരത്തണിൽ പങ്കെടുക്കാം. പക്ഷേ പുകവലി ഒഴിവാക്കി വരികയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റാമിന ഉണ്ടാകുമെന്ന്  ഉറപ്പ്. ഏതായാലും  പറഞ്ഞുവരുന്നത് സ്വന്തമായി പുകവലിക്കാത്തവരും ശ്രദ്ധിക്കേണ്ടകാര്യമാണ്. നമ്മൾ ഏതെങ്കിലും മൈതാനിയിൽ പരിശീലിക്കുകയാണെങ്കിൽ അവിടെ പുകവലിക്കാരുണ്ടാകില്ല. പക്ഷേ ഇപ്പോഴത്തെ നമ്മുടെ പരിശീലനം റോഡിലായതിനാൽ രാവിലെ 'കാലിച്ചായ' കുടിച്ച് രണ്ടുപുകയുമെടുത്ത് നിൽക്കുന്ന നിരവധിപേരെ നമുക്ക് കാണേണ്ടിവരും. ഇതിനൊക്കെ പുറമെ മാലിന്യം വഴിയരികിലിട്ട് കത്തിക്കുന്നതും കണ്ടേക്കാം. ഇതിന്റെയെല്ലാം പുക വലിച്ചെടുത്ത് ഓടാതെ പരമാവധി ശ്രദ്ധിക്കുക. മുന്നിൽ ഒരാൾ പുകവലിച്ചുനീങ്ങുന്നതുകണ്ടാൽ റോഡിന്റെ മറുവശത്തേക്ക് ഓട്ടം മാറ്റുക. അതുപോലെ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നമ്മുടെ ഓട്ടത്തിന്റെ വഴിയിൽ എവിടെയെങ്കിലും ജ്വലിപ്പിക്കുന്നത് കണ്ടാൽ പരമാവധി അതിന്റെ പുകയിൽനിന്നും രക്ഷതേടി ഓടുക. ശക്തിയായി ശ്വാസം വലിച്ച് ഓടുന്ന നമ്മൾ ഈ പുക വലിച്ചുകയറ്റുന്നത് ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.  വിശ്രമം കഴിഞ്ഞുള്ള ഈ ദിനത്തിൽ എട്ടുകിലോമീറ്റർ എന്നുള്ളദൂരത്തിനൊപ്പം 500 മീറ്റർ കൂടി വർദ്ധിപ്പിച്ച് 8,500 മീറ്റർ ഓടിക്കൊള്ളൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...