2014 നവംബർ 30, ഞായറാഴ്‌ച

ഇടത്തോ.. വലത്തോ... ?


ഇരുപത് കിലോമീറ്റർ പിന്നിട്ട പലർക്കും ഇടത്തുകാലിനുമാത്രം വേദന ഉണ്ടാകുന്ന അവസ്ഥ അനുഭവപ്പെട്ടിരിക്കും. ചിലർക്കാകട്ടെ ഇത് വലത്തേക്കാലിനായിരിക്കും. നമ്മൾ റോഡിലൂടെ നടന്നുപോകുമ്പോൾ വഴിയിലൊരു പ്ലാസ്റ്റിക് കുപ്പികി‌ടക്കുന്നുവെന്ന് കരുതുക. നിങ്ങൾ അത് തൊഴിച്ചുതെറുപ്പിക്കാൻ തീരുമാനിച്ചു. ഏത് കാലിന് തൊഴിച്ചുമാറ്റും?  വലത്തുകാലിന് തൊഴിച്ചുമാറ്റുന്നവർക്ക് ഇടത്തുകാലിനായിരിക്കും മാരത്തൺ പരിശീലനത്തിനിടെ വേദന വരുന്നത്. ഇടത്തുകാലാണ് തൊഴിച്ചുമാറ്റാൻ നിങ്ങൾ അറിയാതെതന്നെ ഉപയോഗിക്കുന്നതെങ്കിൽ ഓട്ടത്തിന്റെ പരിശീലനത്തിൽ വലത്തുകാലിനും വേദന ഉണ്ടായേക്കാം. ഓടുമ്പോൾ രണ്ടുകാലിനും തുല്യമായി നിങ്ങളുടെ ശരീരഭാരം താങ്ങേണ്ടിവരുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതലായി ഉപയോഗിക്കാത്ത അല്ലെങ്കിൽ ബലം കൂടുതൽ നൽകാത്ത കാലിന് വേദന ഉണ്ടാകും. ഈ വേദന പരിഹരിക്കാൻ എത്രയും വേഗം ശ്രമിക്കുക. ശരിയായി വാം അപ് ചെയ്യാതെ ഓട്ടം തുടങ്ങരുതെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇനിയുള്ള ഒരാഴ്ച നിങ്ങൾ അധികബലം നൽകാത്ത ആ കാൽ കൂടുതൽ ഉപയോഗിക്കൂ... ഈ വേദന തനിയെ കുറഞ്ഞുവരും. നാളെ 21 എന്ന ലക്ഷ്യം കൈവരിക്കാനുള്ളതാണ്. വേഗം ഒരുങ്ങിക്കോളൂ..

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014 നവംബർ 29, ശനിയാഴ്‌ച

വിയർപ്പൊരു പ്രശ്നമാണോ?



ഇരുപത് കിലോമീറ്ററെന്ന ലക്ഷ്യം ഇതാ ചാരെ.  വിയർപ്പുതുള്ളികൾ തലയിൽ നിന്നും ഒഴുകിയിറങ്ങി നിങ്ങൾക്ക് ഓട്ടത്തിനിടയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടാകാം. വിയർപ്പുവലിച്ചെടുക്കുന്ന ഹെയർബാൻഡ് കടയിൽ ലഭ്യമാണ് ഇത് വാങ്ങാൻ കഴിയാത്തവർ നീളം കൂടിയൊരു തൂവാല നീളത്തിൽ ചുരുട്ടിയെടുത്ത് തലക്ക് ചുറ്റും കെട്ടിയും ഈ പ്രശ്നത്തിനൊരു നാടൻ തടയിടാം. തലവിയർത്ത് അസുഖം ബാധിക്കാൻ സാധ്യതയുള്ളവർ മുടി വളരെ ചെറുതാക്കി മുറിക്കുക. തലമുടിയുടെ ഭാരം വരെ ഒഴിവായിക്കിട്ടുന്നത് ദീർഘദൂര ഓട്ടക്കാർക്ക് വളരെ ആശ്വാസം നൽകുന്നു.  മാരത്തൺ ദിനത്തിൽ വഴിയരികിൽ നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. പക്ഷേ പരിശീലന സമയത്ത് ഇവയൊന്നും ലഭ്യമല്ലല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014 നവംബർ 28, വെള്ളിയാഴ്‌ച

ഡോക്ടറെ കണ്ടോ?



മാരത്തൺ ഓടാൻ മനസിനൊപ്പം ശരീരവും തയ്യാറായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വാശിക്ക് ഓടിത്തീർക്കാവുന്നതല്ല 21 കിലോമീറ്റർ ദൂരം. അങ്ങനെയെങ്കിൽ ഇത് വലിയൊരു കാര്യമായിത്തീരുകയും ഇല്ല. ഇത്രനാളായും പരിശീലനം നടത്തി പകുതിദൂരമെങ്കിലും പിന്നിടാത്തവർക്ക് ഇനിയുള്ള നാളുകൾകൊണ്ട് 21 തികയ്ക്കാനുമാകില്ല. പക്ഷേ ശരീരത്തിനുള്ളിൽ ഇതിനുള്ള കരുത്ത് ബാക്കിനിൽക്കുന്നുവെങ്കിൽ തീർച്ചയായും സാധിക്കും. ശരീരത്തിനുണ്ടാകുന്ന ഏതൊരു അസുഖവും നമ്മുടെ ഓട്ടത്തിലും പ്രതിഫലിക്കും. വെറും എട്ടുദിവസം മാത്രം മുന്നിൽ നിൽക്കുന്ന രണ്ടാമത് കൊച്ചി രാജ്യാന്തര ഹാഫ് മാരത്തൺ ഇങ്ങടുത്തെത്തുകയാണ്. മുൻപ് പറഞ്ഞ പരിശീലന രീതികൾ പിന്തുടർന്നവരും അല്ലാത്തവരും നിങ്ങളു‌ടെ ഡോക്ടറെ കണ്ട് ശരീരത്തിന്റെ സ്ഥിതിയൊന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ചിലപ്പോൾ നിങ്ങളെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കാൻ ഈ മാരത്തണിന് കഴിഞ്ഞേക്കും. ഒരുകാര്യം ഉറപ്പാണ് ഹൃദയസംബന്ധമായ രോഗമുള്ളവർ മുൻപ് പറഞ്ഞ രീതിയിൽ പരിശീലനം നടത്തിവന്നിട്ടുണ്ടെങ്കിൽ ഇതിനകം അവർ താഴെ വീണിട്ടുണ്ടാകും. എന്നാൽ ശരീരത്തിന് ഇനിയും ഇത്തരം രോഗങ്ങൾക്ക് വിദൂര സാധ്യതയുണ്ടെങ്കിൽ അത് മുന്നേ കണ്ടുപിടിച്ച് അപകടം ഒഴിവാക്കുന്നതല്ലേ നല്ലത്? ഇന്ന് ഓട്ടത്തിന് അവധി കൊടുത്ത ദിനമാണല്ലോ. കുറച്ച് പരിശോധനകൾ നടത്തി ശരീരം സജ്ജമാണോയെന്ന് ഉറപ്പുവരുത്തൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014 നവംബർ 27, വ്യാഴാഴ്‌ച

കുന്നും മലയും കരുത്തേകും



ഹ്രസ്വദൂര ഓട്ടക്കാരായ കായികതാരങ്ങൾ പരിശീലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നിൽ ടയറൊക്കെ കെട്ടിയിട്ടുകുതിച്ചുപായും.  ചിലരൊക്കെ കടൽത്തീരത്തെ മണലിലൂടെ കുതിക്കാൻ ശ്രമിക്കും. എന്തിനാണത്?പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഓടുമ്പോഴാണ് അതില്ലാതെ വരുമ്പോഴത്തെ സുഖം നമുക്ക് കൂടുതലായി അനുഭവപ്പെടുക. ടയർ പിന്നിൽ കൊളുത്തിയിട്ട് ഓടുന്നയാൾക്ക് അത് ഇല്ലാതാകുമ്പോൾ വലിയൊരു ആശ്വാസമാണ് കിട്ടുക. അതുപോലെ കടൽത്തീരത്തെ മണലിൽ നിന്നും മൈതാനിയിലേക്കോ റോഡിലേക്കോ മാറുമ്പോഴും ഈ കരുത്ത് ഗുണമേകും. മാരത്തൺ പരിശീലനത്തിലെ പ്രതിബന്ധങ്ങളും ഇതുപോലെതന്നെ എടുക്കുക. റോഡിൽ കയറ്റമുണ്ടെങ്കിലും വീതികുറഞ്ഞ ഒരു ഇടുക്കിലൂടെ ശ്രദ്ധയോടെ പോകേണ്ടിവരുമ്പോഴും കുഴി ചാ‌ടിക്കടന്ന് കുതിക്കേണ്ടിവരുമ്പോഴും ഓർമ്മിക്കുക... ഇതിലും നല്ല വഴികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ ഈ പ്രതിബന്ധങ്ങളൊക്കെ നിങ്ങൾക്കു കരുത്തേകാൻ കാരണമാകുന്നവയാണ്. ഇനി തുടർന്നോളൂ 19 കിലോമീറ്റർ എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ. വെറും രണ്ട് കിലോമീറ്റർ മാത്രമാണ് മുന്നിലുള്ളതെന്ന് മറക്കേണ്ട.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014 നവംബർ 26, ബുധനാഴ്‌ച

മറഞ്ഞിരുന്നിട്ടും തിരിച്ചെത്തിയ ചിത്രം.


ചില കാര്യങ്ങൾ അങ്ങിനെയാണ്. വരാനുള്ളതൊന്നും വഴിയിൽത്തങ്ങില്ല എന്നുപറയുംപോലെ ഇൗ ചിത്രത്തിനായി കാലം ഒരുപുരസ്ക്കാരം കരുതി വച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ക്യാമറയുടെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്യേണ്ടിവന്നിട്ടും തിരിച്ചെത്തിയ ഈ ചിത്രം പുറം ലോകം കാണില്ലായിരുന്നു.

ചിത്രത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ ....
2013 മാർച്ച് മൂന്ന് ഞായറാഴ്ച. സന്തോഷ് ട്രോഫിയുടെ ഫൈനൽ മൽസരം കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്നു. കേരളവും സർവീസസുമാണ് ഫൈനലിൽ. മലയാളി കോച്ചും ക്യാപ്റ്റനും ഉൾപ്പടെ ഏഴ് മലയാളികളാണ് പട്ടാളക്കാരുടെ സംഘത്തിൽ ഉള്ളത്. നാൽപതിനായിരം വരുന്ന കാണികളെ സാക്ഷിനിറുത്തി മൽസരം തുടങ്ങി. 90 മിനിറ്റിലും അധികസമയത്തും  സമനിലയിൽ നീങ്ങിയ മൽസരം ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുടുങ്ങി. ആദ്യം കേരളം 2-0ന് മുന്നേറിയെങ്കിലും പിന്നീട് മൂന്നുകിക്ക് കേരളം പാഴാക്കിയതോടെ സർവീസസ് 4-3ന് ജയിച്ചു. കളി അധികസമയവും കഴിഞ്ഞ് നീണ്ടതോടെ പത്രത്തിന്റെ പേജിൽ ചിത്രം കയറാനുള്ള സാധ്യത കുറഞ്ഞുകൊണ്ടുമിരിക്കുന്നു. രാത്രി 9.18ന് സഡൻഡെത്തിനുശേഷം താരമായ ഗോളി നാനേ‍ാ സിങ്ങിനെ അനുമോദിക്കാനായി ഓടിയെത്തുന്ന സഹതാരങ്ങളുടെ ചിത്രം പകർത്തി.

ചിത്രം കാണാനില്ല...
അത്രനേരം പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് സംവിധാനങ്ങൾ പൊടുന്നനെ തകരാറിലായി. ഇനി നാല് കിലോമീറ്റർ അകലെയുള്ള ഓഫീസിലെത്തിവേണം ചിത്രം നൽകാൻ. കൂടാതെ സമ്മാനദാനവും എടുക്കണം. അതും കഴിഞ്ഞപ്പോൾ സമയം രാത്രി 10 കഴിഞ്ഞു. സ്റ്റേഡിയത്തിന് പുറത്തേക്കിറങ്ങിയ ജനങ്ങളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് വച്ചുപിടിച്ചു. എനിക്ക് മുന്നേ ഓഫിസിലെത്തിയ ഫൊട്ടോഗ്രഫർ ടോണി ഡൊമിനിക് വിഷാദിച്ചിരിക്കുന്നതുകണ്ട് കാര്യം ചോദിച്ചു. അദ്ദേഹം ക്യാമറയുടെ കാർഡ് ഓഫിസിലെ കംപ്യൂട്ടറിൽ കണക്ടുചെയ്തിട്ട് ചിത്രം ഒന്നുപോലും കാണുന്നില്ലെത്രെ. വൈറസ് കയറാൻ സാധ്യത വളരെ കുറവ് കാരണം ലക്ഷങ്ങൾ വിലകൊടുത്താണ് കോർപറേറ്റ് വൈറസ് സ്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ആ ബലത്തിൽ ഞാൻ എന്റെ കാർഡ് കണക്ടുചെയ്തു. അതാ എന്റെ കാർഡിലും ചിത്രങ്ങൾ ഒന്നുപോലുമില്ല. ഒരു നിമിഷം കൊണ്ട് ആകെ വിയർത്തു.

35 മിനിറ്റ് 350 ചിത്രങ്ങൾ...
 സ്പോർട്സ് ഡെസ്ക്കിലേക്കുവിളിച്ചു ചിത്രങ്ങൾ കാർഡിൽ നിന്നും ഫോർമാറ്റായെന്നും റിക്കവറി സോഫ്ട്‍വെയർ ഉപയോഗിച്ച് തിരിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും അരമണിക്കൂർകൂടി നൽകണമെന്നും അഭ്യർഥിച്ചു. ഫസ്റ്റ് എഡിഷൻ പേജ് പോയിക്കഴിഞ്ഞു. ഇനി സെക്കൻഡിലേക്ക് ശ്രമിക്കാം. കോർപറേറ്റ് കണക്ഷനിൽപ്പെട്ട ഒരു കംപ്യൂട്ടറിലും ഐഎസ്ഒ പ്രകാരം  ലിസ്റ്റിൽപ്പെടാത്ത ഒരു സോഫ്ട്‌വെയർപോലും ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്തതിനാൽ ഓഫിസ് മെഷിനുകളിൽ റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. അതിനാൽ സിസ്റ്റംസ് ഡിവിഷനിലെ സംഘം ഉടൻ ഒരു ലാപ്ടോപ്പ് സംഘടിപ്പിച്ച് റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്തു. പിന്നെ പതിയെ കാർഡിലെ ചിത്രങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി. മെമ്മറി കാർഡിന്റെ പുരാതന കാലം മുതലുള്ള ചിത്രങ്ങൾ ക്രമം തെറ്റി വന്നുതുടങ്ങി. 35 മിനിറ്റുശ്രമത്തിനുശേഷം ഏറെ ആവശ്യമെന്ന് തോന്നിയ ഫുട്ബോൾ ചിത്രങ്ങളെ കോപ്പിചെയ്ത് ഉടൻ കോട്ടയത്തെ സ്പോർട്സ് ഡെസ്ക്കിലേക്ക് അയച്ചു. വൈകിയെങ്കിലും പേജിലെ സ്ഥലപരിമിതിക്കിടയിൽ ഈ ആഘോഷ ചിത്രംകൂ‌ടി അവസാനം തിരുകിക്കയറി. അങ്ങനെ റിക്കവറി സോഫ്ട്‍‌വെയറിനും ഓഫിസിലെ സിസ്റ്റംസ് വിഭാഗത്തോടും സ്പോർട്സ് ഡെസ്ക്കിനോടും ഈ ചിത്രം ഏറെ ക‌ടപ്പെട്ടിരിക്കുന്നു
* 2013ലെ കാലിക്കറ്റ്‌ പ്രസ്ക്ലബ്ബിന്റെ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി പുരസ്ക്കാരം ഈ ചിത്രത്തിനാണ്.

#JosekuttyPanackal #malayalamanorama #sports #football #photo #award #mushtaq 

കൂടുതൽ കരുത്തരാകാം


രാവിലെ തന്നെ കരിക്ക് എവിടെ കിട്ടുമെന്ന് അന്വേഷണം നടത്തിക്കൊള്ളൂ. ഓട്ടത്തിനുശക്തിപകരാൻ വളരെ ഉത്തമമാണ് കരിക്ക്. ഭക്ഷണശീലത്തിനൊപ്പം ഉൾപ്പെടുത്തേണ്ടവയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിൽ കരിക്കിനെ ശ്രദ്ധിക്കാതെ പോയവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. 18 കിലോമീറ്ററിൽ എരിഞ്ഞുതീരുന്ന കലോറിക്കൊപ്പം അതിനുതക്കതായ ഭക്ഷണം കൂടി അകത്തേക്ക് ചെല്ലുന്നുണ്ടെന്ന് ഓട്ടക്കാർ ഉറപ്പാക്കുക. ഓടിയെത്തുമ്പോൾ കഴിക്കാൻ  പഞ്ചസാരയും അൽപം ഉപ്പും ചേർത്ത നാരങ്ങവെള്ളവും വീട്ടിൽ കരുതണം. ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന വെള്ളം ഇതിന് ഒഴിവാക്കുകയാണ് നല്ലത് എന്നകാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. ഇന്ന് വിശ്രമദിനമാണല്ലോ. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യാനും സ്ട്രെച്ചിങ് എക്സർസൈസും നടപ്പും നിർവഹിക്കാനും മറക്കേണ്ട.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014 നവംബർ 25, ചൊവ്വാഴ്ച

പിന്നാലെ രോഗങ്ങളും വരുന്നുണ്ടോ?


മധുരപതിനേഴ് കഴിഞ്ഞു. ഇതാ പതിനെട്ടിന്റെ പ‌ടിവാതിലിലേക്ക് എത്തിനോക്കുന്നു. ഇനിമുതൽ തീരാനുള്ള കിലോമീറ്ററുകളെക്കുറിച്ച് മാത്രമായിരിക്കട്ടെ ചിന്ത. ഇന്നത്തെ പരിശീലനവുംകൂടി കഴിഞ്ഞാൽ ഇനി വെറും മൂന്ന് കിലോമീറ്ററുകൾ മാത്രമേയുള്ളു  ഹാഫ് മാരത്തൺ പൂർത്തീകരിക്കാൻ. മുന്നിലുള്ളതോ 11 ദിവസങ്ങളും. ഡിസംബർ ഏഴിനാണ് രണ്ടാമത് കൊച്ചി രാജ്യാന്തര മാരത്തൺ. ഇപ്പോഴത്തെ നിലയിൽ നമ്മൾ പരിശീലനം തുടർന്നാൽ ആറ് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എത്തിച്ചേരും 21 കിലോമീറ്റർ എന്നുള്ള നമ്മുടെ മഹത്തായ  ലക്ഷ്യത്തിൽ. തണുപ്പ് അരിച്ചിറങ്ങുന്ന ഡിസംബറിന്റെ മഞ്ഞുതുള്ളികളെ വകഞ്ഞുമാറ്റിയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. ജലദോഷം, പനി, കഫക്കെട്ട്, തുമ്മൽ ഇവയെല്ലാം പിടിപെടാനുള്ള സാധ്യത മുന്നിൽ കാണണം. പൊടി അലർജിയുള്ളവർ അതിനുള്ള മുൻകരുതൽ എടുക്കണം. രാവിലെ പരിശീലനം തുടങ്ങും മുൻപ് കുറച്ചുനേരം ആവി പിടിക്കുന്നത് മൂക്കടപ്പ് ഒഴിവാക്കാൻ ഉപകരിക്കും. പരിശീലനത്തിനിടെ ശ്വാസം വലിക്കുന്നത് വലിയ തോതിലായതിനാൽ ചെറിയ തോതിലുള്ള മൂക്കടപ്പ് പോലും നമുക്ക് വലിയ വിഷമം സൃഷ്ടിക്കും.  പരിശീലനത്തിന് ശേഷം വീണ്ടും ആവി പിടിക്കുക. പനി, ജലദോഷം എന്നിവ പിടികൂടിയാൽ രോഗം മാറുന്നതിനായി കാത്തിരിക്കുക. ഇതുവച്ച് ഓടിയാൽ വീണ്ടും ശരീരം പ്രതികരിക്കാൻ സാധ്യതയുണ്ട്. രോഗം മാറിയ ശേഷം ആദ്യ രണ്ടുദിനം നിങ്ങൾക്ക് മുൻപ് ഓടി പൂർത്തിയാക്കിയ ദൂരം അതേവേഗതയിൽ പൂർത്തീകരിക്കാനായെന്ന് വരില്ല. പക്ഷേ രണ്ടോ മൂന്നോ ദിനംകൊണ്ട് അത് തിരിച്ചുപിടിക്കാവുന്നതേയുള്ളു. മഞ്ഞ് പ്രശ്നമുള്ളവർ തലയിൽ ഒരു തൊപ്പികൂടി ഫിറ്റുചെയ്ത് ഓടുക. അത്യാവശ്യം കാറ്റുകയറുന്ന തൊപ്പി ആയാൽ നന്നായി. അല്ലെങ്കിൽ തല വിയർത്ത് മറ്റ് രോഗങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതെല്ലാം കേട്ട് ഭയപ്പെടേണ്ടതില്ല. കാരണം 18 കിലോമീറ്റർ ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളെ പെട്ടെന്നൊന്നും രോഗങ്ങൾക്ക് എത്തിപ്പിടിക്കാനാവില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...