
ദേശീയ
സീനിയര്‍ അത്‌ലറ്റിക് മീറ്റ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ദാ ഇപ്പോള്‍
കഴിഞ്ഞു. കേരളം ചാംപ്യന്മാരാകുകയും ചെയ്തു. ഏഴുകോടി മുടക്കി നിര്‍മ്മിച്ച
നാഗാര്‍ജുന യൂണിവേഴ്സിറ്റിയുടെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കിലെ
ആദ്യമത്സരമായിരുന്നു ഇത്. ആന്ധ്രയും തെലങ്കാനയുമായി പിരിഞ്ഞശേഷം ആന്ധ്രക്ക്
സ്വന്തമായുള്ള ഏക സിന്തറ്റിക് ട്രാക്കാണിത്. എന്നാല്‍ ട്രാക്കൊഴികെ
മറ്റൊന്നും സൂപ്പറായിരുന്നില്ല. കേരളത്തിന്റെ ആണ്‍-പെണ്‍ സംഘവും
ഒഫീഷ്യലുകളും താമസിച്ച സ്ഥലത്തു കിടക്കാന്‍ ബെഡ് കിട്ടാത്തവന്‍ ഒട്ടേറെ.
വാങ്ങിക്കൊണ്ടുവരണമെങ്കില്‍ 15 കിലോമീറ്റര്‍ അപ്പുറം പോകണം. താരങ്ങളുടെ
ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുള്ള സ്ത്രീകള്‍ മൊബൈല്‍
കുത്തിക്കളിച്ചശേഷം സ്ഥലംവിടും. പല്ലുതേച്ചിട്ടു തുപ്പാനുള്ള
വാഷ്ബെയ്സനാണെങ്കില്‍ കഴുകിയിട്ടു മാസങ്ങളായി. കൊതുകുശല്യത്തിനു
കുറവൊന്നുമില്ലെങ്കിലും ഈച്ചശല്യത്തിനും പഞ്ഞമില്ല. ഇത്രയുമൊക്കെ
താമസസ്ഥലത്തു അനുഭവിച്ചശേഷം മൈതാനിയില്‍ എത്തിയാലോ, പരിശീലനമൈതാനമില്ല.
വേണമെങ്കില്‍ മീഡിയാ റൂം, ടെക്നിക്കല്‍ ഒഫീഷ്യല്‍ റൂം, സ്പോര്‍ട്സ് ഗുഡ്സ്
ഗോഡൗണ്‍, കാള്‍റൂം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ വാം അപ്
ചെയ്യാം. ശുദ്ധവായുവോ വെളിച്ചമോ ഇല്ലെങ്കിലും ഹാളിനുള്ളില്‍
കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളില്‍ തട്ടിവീഴാതെ പരിശീലനം നടത്താന്‍
പ്രത്യേക കഴിവുനേടാം. ഇനി മൈതാനിയിലേക്ക് പോകണമെങ്കിലോ
ചെളിക്കുളത്തിനിടയിലൂടെ ഇട്ടിരിക്കുന്ന കല്ലിലും പലകയിലുമൊക്കെ ബാലന്‍സ്
ചെയ്തുവേണം യാത്രയാകാന്‍. പലകയില്‍ ചിലയിടത്തൊക്കെ ആണിയുണ്ട്. അതില്‍
ചവിട്ടാതെ പ്രത്യേക നടത്തവും ശീലിക്കാം. ഷോട്ട്പുട്ടും ഹാമര്‍ത്രോയുമൊക്കെ
നടക്കുമ്പോള്‍ അത് വന്നുവീഴുന്ന സ്ഥലം കണ്ണിമയ്ക്കാതെ മാര്‍ക്കുചെയ്യാന്‍
ബുദ്ധിമുട്ടുന്ന ഒഫീഷ്യല്‍സിനു ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. ഷോട്ടും
ഡിസ്ക്കും ഹാമറുമൊക്കെ വീഴുന്ന വഴി ചെളിയില്‍ താഴ്ന്നുപൊയ്ക്കൊള്ളും
അവിടെനിന്നും കയ്യിട്ടു വലിച്ചുകയറ്റിയാല്‍ മതി. ഏതായാലും തുടര്‍ച്ചയായി
പെയ്ത മഴയാണ് ഞങ്ങളുടെ താളം തെറ്റിച്ചതെന്ന് ഇടക്കിടെ കളിക്കാരെയും
കാഴ്ചക്കാരെയും ഓര്‍മ്മിപ്പിക്കാനും സംഘാടകര്‍ മറന്നില്ല.
അവസാനദിനം
രാത്രിയില്‍ റിലേ മത്സരത്തിനു തൊട്ടുമുന്‍പായി സ്റ്റേഡിയത്തിലെ
ലൈറ്റുകളെല്ലാം അണഞ്ഞുപോയിരുന്നു. വലിയ കൂവലോടെ കാഴ്ചക്കാര്‍ അതിനെ
വരവേറ്റു. സ്റ്റേഡിയത്തിലെ വലിയ ടവര്‍ ലൈറ്റുകള്‍ അണഞ്ഞാല്‍ എല്ലാം
തെളിഞ്ഞുശക്തിപ്രാപിക്കാന്‍ കുറച്ചുനേരം എടുക്കുന്നതിനാല്‍ മത്സരത്തിനായി
വാം അപ് ചെയ്തുനിന്നിരുന്നവര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നുണ്ടായിരുന്നു.
ഇതു പത്രത്തിലും ടിവിയിലും കൊടുത്താലോയെന്നു കരുതിയ മാധ്യമപ്രവര്‍ത്തകരെയും
ഒരു ചതി കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടിനു മത്സരം കഴിഞ്ഞശേഷം
മീഡിയ സെന്ററിലെത്തി വാര്‍ത്തയും ചിത്രങ്ങളുമൊക്കെ തയ്യാറാക്കുന്നതിനിടെ
അവിടുത്തെ വെളിച്ചം അണഞ്ഞു. തേനീച്ചക്കൂട് ഇളക്കിവിട്ടതുപോലെ ഈച്ചകള്‍
ലാപ്ടോപ് സ്ക്രീനുകളിലേക്ക് ഇരച്ചെത്തി. ആകെ വെളിച്ചം കാണുന്നതു ടാപ്ടോപ്പ്
കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ മുഖത്തുമാത്രമായതിനാല്‍ കൊതുകുകളും അവസരം
മുതലാക്കാനെത്തി. മൊബൈലിന്റെ ടോര്‍ച്ചും പവര്‍ബാങ്കിന്റെ ലൈറ്റുകളുമൊക്കെ
വച്ചു പണിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചു. സംഘാടകര്‍ ഈ
പ്രശ്നത്തില്‍ എത്തിനോക്കാനേ പോയില്ല. വാര്‍ത്ത അയക്കണോ ഈച്ചയെ ഓടിക്കണോ
കൊതുകിനെ അടിക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശങ്കിച്ചുനില്‍ക്കുമ്പോള്‍
ഇപ്പം ശരിയാക്കിത്തരാം എന്നഭാവത്തോടെ അതാ തെരുവുനായ്ക്കളും കൂട്ടത്തോടെ
ഹാളിനുള്ളില്‍. ഇനി രക്ഷയില്ല വാര്‍ത്ത അയപ്പൊക്കെ നിറുത്തി ഹാളില്‍
നിന്നും ഇറങ്ങിയോടി. ഏതായാലും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ചിത്രം നല്‍കിയ
നായ ആ സ്നേഹംകൊണ്ടാണെന്നു തോന്നുന്നു ഓടുന്ന ഓട്ടത്തില്‍ ഒപ്പമെത്തിയ ശേഷം
വാലാട്ടിക്കാട്ടിയശേഷമാണ് എന്നെ യാത്രയാക്കിയത്. അപ്പോള്‍ സലാം നാഗാര്‍ജുന
മൈതാനമേ... പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചതിന്. by Josekutty Panackal
#NationalSeniorAthleticChampionship #Gundur #ANUuniversity #SyntheticTrack