2023, ഡിസംബർ 23, ശനിയാഴ്‌ച

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...


 

12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ നിലവിളി ശബ്ദത്തിനിടയിലും അലിഞ്ഞു പോയവർ. ചെറു പുഞ്ചിരിയോടെ തങ്ങളുടെ സഹജീവികളെ രക്ഷിച്ച സന്തോഷത്തിൽ വീടുകളിലേക്ക് മടങ്ങിയവർ. ദൗത്യം വിജയിച്ചയുടൻ ഇവർക്ക് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ച 50000 രൂപ മാധ്യമ വാർത്തകളെത്തുടർന്ന് വൈകി ലഭിക്കുകയും ആ ചെക്ക് ഇതുവരെ മാറാതിരിക്കുകയും ചെയ്തവർ. ഇന്നവർക്ക് ഇന്ത്യയിൽ അങ്ങോളമിങ്ങോളം സ്വീകരണങ്ങൾ നൽകുന്നു. അവരുടെ ശ്രമങ്ങളെ വാഴ്ത്തിപ്പാടുന്നു. റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിരോധിച്ചെങ്കിലും ഇന്നും അപകടഘട്ടങ്ങളിൽ സ്വന്തം  ജീവൻ പണയംവച്ചെത്തുന്ന ഇവർ രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഉദിച്ചു നിൽക്കുന്ന സമയമാണ്. ട്രെഞ്ച്‌ലെസ് എന്ന കമ്പനിയും യന്ത്രങ്ങളും, ദേശീയ– സംസ്ഥാന ദുരന്ത നിവാരണ സേനകളും, വിദേശ വിദഗ്ധന്മാരും, റെയിൽവേയുടെയും ദേശീയ പാതയുടെയും എഞ്ചിനീയർമാരും, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മറ്റു തൊഴിലാളികൾ, ഡോക്ടർമാർ, കൗൺസിലർമാർ, കര–വ്യോമ സേനകൾ എന്നിവർക്കെല്ലാമുള്ള ശ്രമത്തിനൊപ്പം ഈ 12 പേർ കൈകൊണ്ടു തുരന്നെത്തിയ 10 മീറ്റർ ദൂരം മറ്റുള്ളവർക്കു പിന്നിടാനാകാത്തതായിരുന്നു. ഡൽഹിയിലെ ഖജൂരിഖാസിൽ നിന്നും യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുമെത്തിയ ആ 12  ഹീറോകളെ അടുത്തറിയാം. അവരെ ഇവിടെ പരിചയപ്പെടുത്തിയ ശേഷം മാത്രം ഓരോ ദിവസത്തെയും അനുഭവങ്ങളിലേക്കു കടക്കാം.

 

ഡൽഹി സ്വദേശികൾ

നസീം മാലിക് – വയസ് 33

മുഹമ്മദ് ഇർഷാദ് അൻസാരി  – വയസ് 43

മുന്ന ഖുറേഷി  – വയസ് 33

ഫിറോസ് ഖുറേഷി  – വയസ് 34

മുഹമ്മദ് റാഷിദ് അൻസാരി  – വയസ് 37

വക്വീൽ ഹസൻ  – വയസ് 37

 

ഉത്തർപ്രദേശ് സ്വദേശികൾ

നാസിർ ഖാൻ  – വയസ് 25

 ദേവേന്ദ്ര കുമാർ  – വയസ് 35

ജാറ്റിൻ കശ്യപ്  – വയസ് 18

മോനു കുമാർ   – വയസ് 26

ഷോരബ് കശ്യപ്  – വയസ് 22

അങ്കുർ കുമാർ  – വയസ് 28

ഡൽഹി സർക്കാർ 25000 രൂപ പ്രഖ്യാപിച്ചപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു ലക്ഷം രൂപ വീതം നൽകി. മുംബൈയിലെ സംഗീത റിയാലിറ്റി ഷോയിൽ ഉൾപ്പടെ വിശിഷ്ട വ്യക്തികളായി ഇവരെയാണ് ആദരിക്കുന്നത്. ഡിസംബർ 23 വരെ എല്ലാദിവസവും ഇവർക്ക് സ്വീകരണങ്ങളുണ്ട്. എന്നാൽ ഈ ഹീറോ പരിവേഷം ഉടൻ തീരുമെന്നും ഞങ്ങൾ‌ പഴയ രീതിയിലേക്ക് ഉടൻ തിരിച്ചു പോകേണ്ടിവരുമെന്നുമാണ് സംഘാംഗം മുന്ന ഖുറേഷിയുടെ സങ്കടം.

 

 ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന സ്ഥലത്തിനു പുറത്ത് 14 ദിവസം കാവൽ നിന്ന മാധ്യമ പ്രവർത്തകനെന്ന രീതിയിലെ വിവരണമാണിത്. രാജ്യാന്തര കായികമേള എടുക്കാൻ പോകുമ്പോൾ ഒരു നഗരത്തിൽ വ്യത്യസ്ത മൈതാനങ്ങളിലായി ഇത്രയും ദിനം ചിലവഴിക്കേണ്ടിവരാറുണ്ടെങ്കിലും ഒരു  സംഭവം കവർ ചെയ്യാൻ ഇത്രനാൾ ഒരേയിടത്ത് കാത്തിരിക്കേണ്ടിവന്നത് ആദ്യ അനുഭവം.  തുരങ്കത്തിനകത്ത് നടക്കുന്നതൊക്കെ എന്തെന്ന് സൂം ലെൻസിലൂടെയോ ദൂരദർശിനിയിലൂടെയോ നോക്കിയാലും കാണുന്നതിന് പരിമിതിയുണ്ട്. എന്നാൽ പതിനേഴാം ദിനം തുരങ്കത്തിനുള്ളിലേക്ക് കയറിപ്പോയ ആംബുലൻസുകൾ ഇരുൾവെളിച്ചത്തിൽ പുറത്തിറങ്ങി നിരയായി നീങ്ങുമ്പോൾ അതിനുള്ളിൽ കണ്ട മുഖങ്ങളിൽ ആശ്വാസ വെളിച്ചം തെളിഞ്ഞുതന്നെ നിന്നിരുന്നു. 

 

ഒന്നാം ദിനം

തൊഴിലാളികൾ കുടുങ്ങി മൂന്നാം ദിനമാണ് ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡ് യാത്രക്ക് നിർദേശം ലഭിക്കുന്നത്. ആദ്യ ദിനം വൈകുന്നേരമാണ് വാർത്ത പുറത്തു വന്നത്. അന്നുതന്നെ വാർത്ത കൊടുത്തെങ്കിലും ഉടൻ ഇവരെ രക്ഷിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രണ്ടാംദിനവും ഇവരെ രക്ഷിക്കാൻ കഴിയാതായതോടെയാണ് ഹിമാലയൻ മലമടക്കുകൾക്കപ്പുറം 400 കിലോമീറ്റർ അകലെയുള്ള സിൽക്യാരാ എന്ന സ്ഥലത്തേക്ക് പോകാൻ തീരുമാനിക്കുന്നത്. ഡൽഹി ബ്യൂറോയിലെ സഹപ്രവർത്തകൻ ചീഫ് റിപ്പോർട്ടർ മിഥുൻ കുര്യാക്കോസും ഞാനും റോഡ്മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചു. കാരണം കാലാവസ്ഥയുടെ മാറ്റങ്ങൾക്കനുസരിച്ച് ഡെറാഡൂണിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രൊപ്പല്ലർ വിമാനത്തേക്കാൾ ഉറപ്പിക്കാവുന്നത് റോഡുവഴിയുള്ള 10 മണിക്കൂർ യാത്രയായിരുന്നു.

 

ദേവഭൂമിയായ ഋഷികേശ് വഴി  രാത്രി 10.30നാണ് സിൽക്യാരയിലെ ടണൽ മുഖത്ത് നേപ്പാളുകാരനായ സാരഥി സുനിലിന്റെ കാറിൽ എത്തുന്നത്. കനത്ത ഇരുട്ടായതിനാൽ തുരങ്കത്തിലെ ജനറേറ്ററിന്റെ ശബ്ദവും അതിനുള്ളിൽ ട്യൂബ് ലൈറ്റിലൂടെ കാണുന്ന വെളിച്ചവുമല്ലാതെ മറ്റൊന്നും മനസിലാകുന്നില്ല. തുരങ്കമുഖത്തിനു 100 മീറ്റർ മുൻപായി ഉത്തരാഖണ്ഡ് പൊലീസ് ബാരിക്കേഡ് വച്ച് ആളുകളെ തടയുന്നുണ്ട്. ഇത് അറിയാതെ ചെന്ന ഞങ്ങളെയും തടഞ്ഞു. പ്രത്യേക പാസ് ഉള്ളവരെ മാത്രമേ തുരങ്കത്തിനുള്ളിലേക്ക് വിടൂ എന്നും മാധ്യമപ്രവർത്തകരെ ഒരു കാരണവശാലും അകത്തേക്ക് വിടില്ലെന്നും അവരുടെ മുന്നറിയിപ്പ്.  കനത്ത തണുപ്പാണ് ഞങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ആ തീയ്ക്കു ചുറ്റും ഇത്തിരി ചൂട് കൊണ്ട് മടങ്ങിക്കൊള്ളൂ എന്നൊരു ഉപദേശവും. ഇരുട്ടായതിനാൽ ചിത്രമെടുക്കാൻ സാധ്യതയുള്ള സ്ഥലമൊന്നും മനസിലാകുന്നില്ല. മറ്റ് മാധ്യമപ്രവർത്തകരാരും സ്ഥലത്തില്ലതാനും. ഇതിനു പുറമേ മൊബൈൽ ഫോണിന് റേഞ്ചും ഇല്ല. 


പൊലീസ് ഉദ്യോഗസ്ഥർ തീകായുന്നത് ഉൾപ്പെടുത്തി പശ്ചാത്തലത്തിൽ തുരങ്കവും ചേർത്തൊരു ചിത്രം പകർത്തി. ഇനി താമസിക്കാനുള്ള ഹോട്ടൽ കണ്ടുപിടിക്കണം. അതിനായി വന്ന വഴിയിലൂടെ 10 കിലോമീറ്റർ തിരികെ സഞ്ചരിക്കണം. അവിടെ ബ്രഹ്മ്കാൽ എന്നൊരു കൊച്ചു മലയോര ‘സിറ്റി’യിൽ  കുറച്ച് ലോഡ്ജുകളും ഹോം സ്റ്റേകളുമുണ്ട്. രാത്രി 11 മണിക്ക് താമസ സ്ഥലം  അന്വേഷിച്ചുള്ള ‘ഓട്ടം’ തുടങ്ങി. ആദ്യ രണ്ട് സ്ഥലങ്ങളിലും നിറയെ താമസക്കാരാണെന്നും ഒരു മുറിപോലും ഒഴിവില്ലെന്ന് മറുപടി കിട്ടി. രക്ഷാപ്രവർത്തനത്തിനെത്തിയ എൻജിനീയർമാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം സർക്കാർ തന്നെ എല്ലാ മുറികളും ബുക്ക് ചെയ്തുകഴിഞ്ഞു. ദ് ഹിന്ദു പത്രത്തിന്റെ ഫോട്ടോ ജേണലിസ്റ്റ് ശശിശേഖർ കശ്യപ് നൽകിയ ലോഡ്ജ് നമ്പരിൽ വിളിച്ചു നോക്കി. അവിടെ ഒരു മുറി ഒഴിവുണ്ടെന്നും വേഗം വരാനും അറിയിച്ചു. ചെന്നു നോക്കിയപ്പോൾ മനസിൽ ഉൾക്കൊള്ളാനാകാത്ത മുറി. ചൂടുവെള്ളം പൈപ്പിൽ വരുന്നുണ്ട് എന്ന ഒറ്റക്കാരണത്താൽ ആ രാത്രി അവിടെ തങ്ങാമെന്നും അടുത്ത ദിനം വേറെ ഹോട്ടൽ കിട്ടിയാൽ അവിടേയ്ക്കു മാറാമെന്നുമുള്ള കണക്കുകൂട്ടലോടെ രാത്രി കഴിച്ചുകൂട്ടി.

 

രണ്ടാം ദിനം.

ഈ ദിനം പകൽ വെളിച്ചത്തിലാണ് തുരങ്കത്തിനു സമീപമുള്ള സ്ഥലമെല്ലാം വിശദമായി പഠിക്കുന്നത്. ചൂളമരക്കാടുകൾ പോലെതോന്നിക്കുന്ന മരക്കൂട്ടങ്ങളാണ് തുരങ്കത്തിനു മുകളിൽ മുഴുവൻ. തലേന്ന് രാത്രി തുരങ്കത്തിനുള്ളിൽ ഇടിഞ്ഞു വീണുകിടക്കുന്ന സ്ഥലം വ്യക്തമായി 300 മീറ്റർ അകലെനിന്നു കാണാൻ കഴിഞ്ഞെങ്കിലും പകൽ വെളിച്ചത്തിൽ വ്യക്തമാകുന്നില്ല. പകൽ പുറത്ത് പ്രകാശമെത്തിയാൽ അകത്തെ കാഴ്ചകൾ മങ്ങും. ഇരുട്ടുപരന്നാൽ തുരങ്കത്തിനകത്തെ ദൃശ്യങ്ങൾ അവിടെയുള്ള വെളിച്ചത്തിൽ കാണുകയും ചെയ്യാം. അതായത് പകൽ പുറത്തുനിന്നും തുരങ്കത്തിനകത്തെ ദൃശ്യം ഫോട്ടോയെടുത്താൽ വ്യക്തമാകില്ലെന്ന് മനസിലായി. മാധ്യമ പ്രവർത്തകർക്കു നിൽക്കാനും ഇടയ്ക്ക് രക്ഷാപദ്ധതിയുടെ പുരോഗതി മാധ്യമങ്ങളെ അറിയിക്കാനെത്തുന്ന ഉദ്യോഗസ്ഥർക്കിരിക്കാനുമൊക്കെ ഒരു കൊച്ചു കൂടാരം താൽക്കാലികമായി അവിടെ സ്ഥാപിച്ചു. ആകെ 10ൽ താഴെ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളേ  അപ്പോൾ അവിടുള്ളൂ. മനോരമ ന്യൂസ് ചാനലിനു വിഡിയോ വേണമെന്ന് അറിയിച്ചതോടെ അതിനുള്ള തയാറെടുപ്പുകളും തുടങ്ങി. മലയാള മാധ്യമങ്ങൾ ഒന്നുംതന്നെ എത്തിയിട്ടില്ല.  വിവിധ കുന്നുകളിൽ കയറി ടണലിന്റെ വ്യത്യസ്ത മുഖങ്ങൾ പകർത്തിക്കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചയാകാറായി. വിഡിയോയും ഫോട്ടോയും അയക്കണമെങ്കിൽ തിരിച്ചു പോകണം. ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് ഒരു കമ്പനിയുടേത് മാത്രമാണ് അൽപമെങ്കിലും ലഭിക്കുന്നത്. അതാകട്ടെ എനിക്ക് കണക്ഷനില്ലാത്ത സിമ്മും. ഉച്ചഭക്ഷണം കഴിക്കുന്നതിനു മുൻപ് വിഡിയോ അയക്കാൻ കാറിനു പുറത്തേക്ക് ഫോൺ നീട്ടിപ്പിടിച്ചു മലനിരകൾക്കിടയിലൂടെ വാഹനം അടിവാരത്തേക്ക് കുതിച്ചു പാഞ്ഞു. 7 കിലോമീറ്റർ വാഹനം ഓടിയപ്പോൾ വിഡിയോ അയക്കാനുള്ള റേഞ്ച് ലഭിച്ചു. ഇതിനിടെ മനോരമ ഓൺലൈനിനും കുറേയെറെ ചിത്രങ്ങൾ വേണമെന്നറിയിച്ചുള്ള സന്ദേശം വന്നുകിടപ്പുണ്ട്. വഴിയിലിരുന്ന് വിഡിയോകളും ഫോട്ടോകളും അയച്ചശേഷം ഉച്ചഭക്ഷണത്തിനു തിരിച്ചു. ശേഷം വീണ്ടും ടണൽ മുഖത്തേക്ക് 

മഹാരാജ് സിങ് തുരങ്കത്തിനു മുന്നിൽ. 




ഇതിനിടെയാണ് അകത്ത് കുടുങ്ങിക്കിടക്കുന്ന ഗബ്ബാർസിങ് എന്ന തൊഴിലാളിയുടെ സഹോദരൻ മഹാരാജ് സിങിനെ കാണുന്നത്. ഗബ്ബാർ മുൻപും കുടുങ്ങി പരിചയമുള്ള ആളാണെന്നും അവൻ തിരിച്ചുവരുമെന്നും കുഴലിലൂടെ സംസാരിച്ചുവെന്നും മഹാരാജിന്റെ അഭിപ്രായം. വൈകീട്ട് 5 കഴിഞ്ഞതോടെ പതിയെ ഇരുളിനും തണുപ്പിനും കനംവച്ചുതുടങ്ങി. 5.30 ആയപ്പോഴേക്കും എങ്ങും ഇരുട്ട് പരന്നു. അതോടെ തുരങ്കത്തിനുള്ളിലെ ദൃശ്യങ്ങൾ പതിയെ തെളിഞ്ഞു തുടങ്ങി. തലേന്ന് രാത്രി കണ്ടതിനേക്കാൾ ഉപകരണങ്ങൾ അകത്തുണ്ട്. കൂടാതെ വലിയ പൈപ്പുകൾ ലോറിയിൽ അകത്തേക്ക് കൊണ്ടുപോകുന്നു. ഇനി ഇതുവഴിയാണ് രക്ഷാമാർഗം എന്ന വാർത്തയും കേട്ടു. തണുപ്പ് ഏറിവരുന്നു. എങ്ങും തീക്കുണ്ഠങ്ങൾ തെളിഞ്ഞുതുടങ്ങി. ഇന്നിനി അവരെ പുറത്തെത്തിക്കാനാകില്ലെന്നറിഞ്ഞതോടെ ഉച്ചകഴിഞ്ഞ് എടുത്ത വാർത്തയും ചിത്രങ്ങളും വിഡിയോയുമെല്ലാം അയക്കാൻ  താമസ സ്ഥലത്തേക്ക് തിരിച്ചു.

 

മൂന്നാം നാൾ

രാവിലെതന്നെ തുരങ്കത്തിലേക്ക് പുറപ്പെട്ടു. ഇന്നെങ്കിലും അവരെ പുറത്തെത്തിക്കണേയെന്നാണ് പ്രാർഥന. 3 ദിവസത്തിനുള്ളിൽ മിഷൻ പൂർത്തിയാക്കി തിരികെ ഡൽഹിയിൽ എത്താമെന്നായിരുന്നു പ്രതീക്ഷ. തുരങ്കമുഖത്തെത്തിയപ്പോൾ കണ്ട ആദ്യ കാഴ്ച ബിഹാറിൽ നിന്നും എത്തിയ  ബന്ധുക്കൾ അകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു.  പല ഉദ്യോഗസ്ഥരോടും കാര്യങ്ങൾ വിവരിക്കാൻ അവർ  അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. അവസാനം അവരെ കയറ്റിവിട്ടു. പിന്നാലെ ഇന്ത്യക്കുവേണ്ടി ജോലിചെയ്യുന്ന മൈക്രോ ടണലിങ് വിദഗ്ധൻ യുകെക്കാരൻ ക്രിസ് കൂപ്പർ വന്നിറങ്ങി. ആദ്യമെത്തുന്ന വിദേശ വിദഗ്ധൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണമെടുക്കാൻ മാധ്യമങ്ങൾ അദ്ദേഹത്തിനു ചുറ്റും കൂടിയെങ്കിലും തീരെ സംസാരിക്കാതെ അദ്ദേഹം നടന്നകന്നു. ഇതിനിടെ അദ്ദേഹത്തിന്റെ മൂന്നുനാലു ചിത്രങ്ങളും ക്ലിക് ചെയ്തു. ഇതിനിടെ തുരങ്കത്തിന്റെ ഇടതുഭാഗത്തെ കല്ലും മണ്ണുമെല്ലാം യന്ത്രമുപയോഗിച്ച് വലിച്ചു താഴേക്കിടുന്നു. ഇവിടെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് യാതൊരു രൂപവുമില്ലതാനും. പലരോടും ചോദിച്ചിട്ടും എന്തിനെന്ന് അറിയുന്നുമില്ല. പുതിയ പദ്ധതികൾ വല്ലതുമാണോയെന്ന് ശങ്കിച്ചു നിൽക്കുമ്പോഴതാ ഇരുമ്പ് ചട്ടക്കൂടുള്ള ഒരു ക്ഷേത്ര മാതൃക അവിടെ കൊണ്ടുവന്നു സ്ഥാപിക്കുന്നു. തൊട്ടുപിന്നാലെ തുരങ്കത്തിലേക്ക് കയറാനെത്തിയ യന്ത്രത്തിനു മുന്നിൽ പൂജ ചെയ്ത ശേഷമാണ് അകത്തേക്ക് വിട്ടത്.

 

തൊഴിലാളികളുടെ പ്രതിഷേധം. 



ഇതിനിടെയാണ് 200 മീറ്ററോളം അകലെ തുരങ്ക നിർമാണ സൈറ്റ് ഓഫിസ് പരിസരത്തുനിന്നും തൊഴിലാളികളുടെ വലിയ ശബ്ദമൊക്കെ കേട്ടത്. അവിടേയ്ക്ക് ചെന്നുനോക്കിയപ്പോൾ തൊഴിലാളികൾ വലിയ കൂട്ടം ചേർന്നിട്ടുണ്ട്. ഇത്ര ദിവസമായിട്ടും തങ്ങളുടെ സഹപ്രവർത്തകരെ പുറത്തിറക്കാൻ കഴിയാത്തതിനു പ്രതികരിക്കുകയാണവർ. പൊലീസ് ഉദ്യോഗസ്ഥരൊക്കെ അവരെ സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നു. ഇതിനിടെ രാഷ്ട്രീയ നേതാക്കളിൽ ചിലരും രംഗത്തെത്തുന്നുണ്ട്. പക്ഷേ ചൂടുകയറിനിൽക്കുന്ന തൊഴിലാളികൾക്കു മുന്നിലേക്ക് അവരൊന്നും വാദിക്കാനായി നിന്നു കൊടുത്തില്ല. ഏകദേശം 3 മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിന് പതിയെ തിരിതാണു.

 

വീണ്ടും കാത്തിരിപ്പ് തുടരുന്നതിനിടെയാണ് മുകളിൽ നിന്നും തുരന്നിറങ്ങി രക്ഷിക്കാനുള്ള അടുത്ത പദ്ധതി വരുന്നുണ്ടെന്നും അതിനായി മലമുകളിലേക്ക് റോഡ് നിർമിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു കേട്ടത്. തുരങ്കത്തിലേക്കുള്ള പാതയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒരു പാത പോകുന്നുണ്ട്. ആ വഴിയരികിൽ ചില വീടുകളൊക്കെ ദൂരെനിന്നു കാണാം. അതിലൂടെ ഒന്ന് പോയാൽ ഇവിടേയ്ക്കുള്ള വഴി നിർമാണത്തിന്റെ ചിത്രം എടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ പൊലീസ് ബാരിക്കേഡ് കടന്നുവേണം അതുവഴി പോകാൻ. തുരങ്കപാതയിൽ പോകില്ലെന്നും എതിർ വഴിയിലൂടെ പോയി ഒരു ചിത്രം പകർത്താനാണെന്നും പറഞ്ഞപ്പോൾ അതുവഴി മാത്രമേ പോകാവൂ എന്ന നിർദേശത്തോടെ ഒരു ഉദ്യോഗസ്ഥൻ കടത്തിവിട്ടു. ഞാൻ തുരങ്കമുഖത്തേക്ക് പോകുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു മറയുന്നതുവരെ പരിശോധിച്ചുകൊണ്ടുമിരുന്നു. ഏകദേശം അര കിലോമീറ്റർ നടന്ന് മരങ്ങൾക്കിടയിലൂടെ തുരങ്കത്തിനു മുകളിലെ ഭാഗത്തേക്കുള്ള കയറ്റം തുടങ്ങി. കുറച്ചു കയറിക്കഴിഞ്ഞപ്പോൾ താഴെനിന്നും മണ്ണുമാന്തി യന്ത്രങ്ങൾ വരുന്നതുകണ്ടു. വഴിവെട്ടാനുള്ള വരവാണ്. കയറിപ്പോയതുപോലെ എളുപ്പമായിരുന്നില്ല തിരിച്ചിറങ്ങൽ. ചൂളമരങ്ങളുടെ ഇലകൾക്കു സമാനമായ ഇലകൾ മുഴുവൻ നിരന്നു കിടക്കുകയാണ്. എവിടെ ചവിട്ടിയാലും തെന്നി വീഴുന്ന അവസ്ഥ. ഇരുന്നും നിരങ്ങിയും ചാടിയും ഓടിയുമെല്ലാം ഒരുവിധത്തിൽ താഴേയ്ക്കെത്തി. പതിയെ ഇരുൾ പരക്കാൻ തുടങ്ങുന്നു. യന്ത്രങ്ങൾ റോഡുപണി ആരംഭിച്ച ചിത്രം എടുത്ത് പൊലീസ് ബാരിക്കേഡിനടുത്ത് എത്തുമ്പോഴേക്കും ഇരുട്ട് കനത്തിരുന്നു. മുൻപ് കണ്ടുവച്ച ഒരു സ്ഥലത്തേക്ക് പോയി രാത്രി ദൃശ്യം പകർത്താൻ നടക്കുമ്പോൾ പുറത്ത് കെട്ടിയ കുട്ടയിൽ വിറകുമായെത്തിയ സ്ത്രീ ഈ സമയത്ത് അങ്ങോട്ട് പോകരുതെന്ന് മുന്നറിയിപ്പു നൽകി. കാരണം അവിടെ കരടിയും കടുവയുമൊക്കെ ഉണ്ടെത്രെ.

 

 

 

നാലാം നാൾ

മലമുകളിലേക്കുള്ള റോഡ് നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. തുരങ്കത്തിന്റെ നേരെ മുകളിൽ വരെ റോഡ് എത്തിയിട്ടുണ്ട്. ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. അതിനിടെ പുതിയ മെഷീനുകൾ എത്തിക്കൊണ്ടിരിക്കുന്നു. ഒരു ഡ്യൂട്ടിയും കിട്ടാതെ ബോറടിച്ചിരിക്കുന്ന പൊലീസുകാർ വെയിൽ കാഞ്ഞ് ചെറുകല്ലുകൾ താഴ്‌വാരത്തേക്ക് എറിഞ്ഞു ‘കളിക്കുന്നു’. തലേന്ന് സ്ഥാപിച്ച കൊച്ചു ക്ഷേത്രത്തിനു മുന്നിൽ പൂജ നടത്തിയശേഷം പൂജാരി ചന്ദനവുമായി സുരക്ഷാ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും അരികിലെത്തുന്നു. അവരെല്ലാം ഭയഭക്തി ബഹുമാനത്തോടെ തൊപ്പി ഊരി നെറ്റിയിൽ അത് തൊടുവിക്കുന്നു. ഇതിനിടെ കുറച്ച് തൊഴിലാളികൾ തുരങ്കത്തിൽ നിന്നു പുറത്തിറങ്ങി തൊട്ടപ്പുറത്തെ പാറപ്പുറത്ത് കിടന്നു മൊബൈൽ ഫോൺ പരിശോധിക്കുകയും ബീഡി വലിക്കുകയുമൊക്കെ ചെയ്യുന്നു. ദീർഘനേരം തുരങ്കത്തിൽ പണിയെടുത്ത് തളർന്ന് കുറച്ച് വിശ്രമത്തിനു പുറത്തിറങ്ങിയതാണവർ. പിന്നാലെ പൊടിയിൽ കുളിച്ച ചില മണ്ണുമാന്തിയന്ത്രങ്ങളും പുറത്തിറക്കി കഴുകുന്നുണ്ട്. പൊടിമൂലം ഡ്രൈവർമാർക്ക് കണ്ണുകാണാൻ‌ കഴിയാത്തതിനാൽ വാഹനം കഴുകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണത്.

മുൻപ് കാണാത്തതിനെക്കാൾ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ അവിടെ നിരക്കുന്നുണ്ട്. പ്രധാന വ്യക്തികളിലാരോ വരുന്നുണ്ടെന്ന് ആ നീക്കത്തിൽ നിന്ന് അനുമാനിച്ചു. അതുവഴി ഇന്ന് തൊഴിലാളികൾ പുറത്തിറങ്ങുമെന്നും പ്രത്യാശിച്ചു. ദേശീയ പതാക വഹിച്ച ഒരു വാഹനം പൊലീസ് ബാരിക്കേഡും കടന്ന് തുരങ്കത്തിനു മുന്നിലേക്ക് പോയി നിന്നു. കാഴ്ചയുടെ മറുവശത്തുള്ള വാതിലിലൂടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറങ്ങി. തൊട്ടു പിന്നാലെ പൊടി പറത്തി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ കാറും വന്നുനിന്നു. ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥർ 2 ‘ചട്ടിത്തൊപ്പികൾ’ സമ്മാനിച്ചു. തുരങ്കത്തിൽ കടക്കുന്ന ഏവരെയും അത് ധരിച്ചേ ഉള്ളിലേക്ക് കടത്തിവിടൂ. അതോടെ അവിടെ നടന്നു വന്നിരുന്ന പണികളെല്ലാം നിർത്തി വച്ചു. അധികം താമസിയാതെ അകത്തു കയറിയ വിഐപികൾ പുറത്തെത്തി. 

നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും


പിന്നെ മാധ്യമങ്ങൾക്കായി കെട്ടിയ കൂടാരത്തിനു മുൻപിലേക്ക് നടന്നെത്തി. ഇടയിൽ കെട്ടിയ വടത്തിൽ കുരുങ്ങാതെ സുരക്ഷാ ഉദ്യോഗസ്ഥർ അത് ഉയർത്തിപ്പിടിച്ചിരുന്നു. അരമണിക്കൂർ നീണ്ട മാധ്യമ കൂടിക്കാഴ്ചക്കു ശേഷം ഇരുവരും തിരികെപ്പോയി. പിന്നാലെ ഭക്ഷണം കഴിക്കാൻ ഞങ്ങളും തിരിച്ചു. ഉച്ചവരെയുള്ള വാർത്താ ഐറ്റങ്ങളെല്ലാം അയക്കേണ്ടതുമുണ്ട്. തിരിച്ചു താമസ സ്ഥലത്തേക്കുള്ള വഴിയിൽ അഖിലേഷ് എന്നയാളുടെ കൊച്ചു കടയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ മാഗി ചൂടുവെള്ളത്തിൽ ചാലിച്ചു തരും. അൽപം തക്കാളികൂടി അതിലുള്ളതാണ് ആകർഷണം. ചാർധാം പാതയിലെ തീർഥയാത്രക്കാരാണ് ഈ വഴി സാധാരണ പോകുന്നതെന്നതിനാൽ അവിടെ സസ്യേതര വിഭവങ്ങളൊന്നും ഉണ്ടാക്കാറില്ല. ആവശ്യക്കാരില്ല എന്നതുതന്നെ കാര്യം. ചിക്കൻ വല്ലതും കിട്ടുമോയെന്ന് വെറുതെയൊന്നു ചോദിച്ചുനോക്കി. ആവശ്യമെങ്കിൽ കോഴിയെ വാങ്ങാമെന്നായി കടക്കാരൻ അഖിലേഷ്. എന്നാൽ വാങ്ങിക്കൊള്ളൂ എന്ന് ഞങ്ങളും മറുപടി പറഞ്ഞു. പക്ഷേ മറ്റ് ആവശ്യക്കാർ ഇല്ലെങ്കിൽ മുഴു കോഴിയെത്തന്നെ ഞങ്ങൾ കഴിക്കേണ്ടിവരും എന്ന ആശങ്കയും മനസിലുദിച്ചു. രാത്രി വൈകിയും മലമുകളിലേക്കുള്ള റോഡ് നിർമാണം നടക്കുന്നുണ്ട്. അത് എവിടെവരെയെത്തും എന്നറിയാൻ രാത്രി വൈകി കുറച്ചുനേരം കൂടി ചിലവഴിച്ചു. പക്ഷേ 5 ഡിഗ്രി തണുപ്പ് ജാക്കറ്റും ഷൂസുമെല്ലാം കടന്ന് ശരീരത്തെ മരവിപ്പിക്കാൻ തുടങ്ങിയതോടെ തിരിച്ചു താമസ സ്ഥലത്തേക്ക് പോകാൻ നിർബന്ധിതരായിത്തീർന്നു. അവിടെയെത്തിയപ്പോഴാണ് പുതിയ പ്രശ്നം ഉരുത്തിരിഞ്ഞത്. 4 വസ്ത്രങ്ങൾ മാത്രമാണ് കൊണ്ടുവന്നത്, കനത്ത പൊടിയിൽ ഈ ദിവസങ്ങളിലെല്ലാം പോയതോടെ ഇനി വസ്ത്രങ്ങൾ അലക്കിയേ മതിയാകൂ. പക്ഷേ താമസ സ്ഥലത്ത് അലക്കാനുള്ള സംവിധാനങ്ങളില്ല. ഷർട്ടും പാന്റ്സുമെല്ലാം ബക്കറ്റിനുള്ളിലിട്ടു കുലുക്കിപ്പിഴിഞ്ഞു ഹോട്ടലിന്റെ ബാൽക്കണിയിൽ തൂക്കാനെത്തിയപ്പോഴതാ മറ്റു താമസക്കാരുടെ അലക്കിപ്പിഴിയൽ കാരണം അവിടെ തൂക്കാൻ സ്ഥലമില്ല. അത്യാവശ്യം അഡ്ജസ്റ്റ് ചെയ്ത് തൽക്കാലം ഒരു വസ്ത്രം ഉണങ്ങാനിട്ടു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഈ ജോലി തുടരേണ്ടിയും വന്നു.

 

അഞ്ചാം ദിനം

രക്ഷാദൗത്യത്തിനെത്തിയ ഓസ്ട്രേലിയക്കാരനും രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ് സ്ഥലത്തെത്തിയ വിവരമാണ് ഇന്നേ ദിവസം രാവിലെ അറിയുന്നത്. മലമുകളിൽ നിന്നും ലംബമായി തുരന്നിറങ്ങാനുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. മലമുകളിലേക്ക് പോയ ഈ സംഘത്തിനൊപ്പം ഞാനും റിപ്പോർട്ടർ മിഥുനും ചേർന്നു. വഴിവെട്ടൽ അപ്പോഴും നടക്കുന്നുണ്ട്. കുറച്ചുദൂരം പുതുതായി വെട്ടിയ വഴിയിലൂടെയും പിന്നീട് കൊഴിഞ്ഞു വീണ ഇലകൾക്കിടയിലൂടെ ബലം പിടിച്ചു നീങ്ങിയും ഡിക്സിനും സംഘത്തിനും അടുത്തെത്തി. തുരക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്ഥലത്തിനു സമീപത്തെ കല്ലുകളിലൊക്കെ ചുറ്റികപോലൊരു ഉപകരണമുപയോഗിച്ച് കൊട്ടി നോക്കുന്നുണ്ട്. ഓരോ കല്ലുകളിൽ നിന്നും പലവിധ ശബ്ദം പുറത്തേക്ക് വരുന്നു. ആ ശബ്ദം കേട്ട് അവിടത്തെ ഘടനയൊക്കെ ഇന്ത്യൻ ഓഫിസർമാരോട് അദ്ദേഹം വിവരിക്കുന്നുമുണ്ട്. മലമുകളിൽ നിന്നും ഒഴുകിയെത്തി വെള്ളം കെട്ടിക്കിടക്കുന്ന ചെറിയൊരു കുളത്തിനു സമീപം ഡിക്സ് നിന്നു. ഇവിടെനിന്നും കുഴിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തി. മഴ പെയ്താൽ അതുവഴി ഈ ടണലിൽ വെള്ളം കയറുകയും അതുവഴി രക്ഷാ പ്രവർത്തനത്തിനുണ്ടാകുന്ന തടസ്സവുമൊക്കെ അവിടെ ചർച്ചയായി. പിന്നീട് കുറച്ചുനേരം കാലും കയ്യും കുത്തിപ്പിടിച്ചു മറ്റൊരു മലയിലേക്ക് അദ്ദേഹം കയറി. തെന്നി വീഴാതിരിക്കാൻ കുരങ്ങന്മാർ നടക്കുന്നതുപോലെയുള്ള നടപ്പാണ് ഏറ്റവും ഉത്തമമെന്ന് അദ്ദേഹം മനസിലാക്കിയിരിക്കണം.

 

ഒരു മണിക്കൂറിലേറെ അവിടെ ചിലവഴിച്ച ശേഷം തനിക്ക് ഒരു ഓഫിസ് സെറ്റ് ചെയ്യാൻ അദ്ദേഹം മലയിറങ്ങി. എത്ര താമസിച്ചാലും എല്ലാവരെയും പുറത്തിറക്കിയിട്ടേ താൻ ഇവിടെനിന്നു തിരിച്ചു പോകൂ എന്ന്  വാർത്താ ഏജൻസിയോട് അദ്ദേഹം പ്രതികരിച്ചു. ഡിക്സ് മലയിറങ്ങിയതോടെ ഞങ്ങളും തിരിച്ചിറങ്ങാൻ തുടങ്ങി. വഴിയിൽ തൂമ്പയിൽ വള്ളി കെട്ടി വലിച്ച് റോഡ് ഉണ്ടാക്കുന്ന പണിക്കാരുടെയൊക്കെ ചിത്രമെടുത്ത് മടങ്ങുന്നതിനിടെയാണ് ഫോൺ ബെല്ലടിച്ചത്. റേഞ്ചില്ലാത്ത ഈ സ്ഥലത്ത് എങ്ങനെ ബെല്ലടിച്ചെന്ന് അത്ഭുതപ്പെട്ട് നോക്കുമ്പോഴതാ മൊബൈലിൽ ഫുൾ സിഗ്നൽ കാണിക്കുന്നു. ഈ സ്ഥലത്ത് എങ്ങിനെയോ റേഞ്ച് വന്നതാകാം എന്ന് കരുതിയതെങ്കിലും കാരണം മറ്റൊന്നായിരുന്നു. ഏതായാലും റേഞ്ച് കിട്ടിയ സ്ഥിതിക്ക് ഇപ്പോഴെടുത്ത  ചിത്രവും വിഡിയോയുമൊക്കെ അവിടെനിന്നു തന്നെ അയക്കാൻ തീരുമാനിച്ചു. കാരണം താഴെയിറങ്ങിയാൽ വീണ്ടും പോയാലോ എന്ന ആശങ്കതന്നെ. കൂടാതെ ഇനി താഴെയിറങ്ങിയാൽ ഈ സ്ഥലത്തേക്ക് പോരാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കുകയുമില്ല. പുതിയ രക്ഷാദൗത്യ തലവൻ വന്ന കൂട്ടത്തിനൊപ്പം കയറിപ്പോന്നതിനാലാണ് ഇങ്ങനെ ഒരു അവസരം ഒത്തുകിട്ടിയതും. താഴ്‌വാരത്ത് എത്തിയതോടെ വീണ്ടും റേഞ്ചിന്റെ സ്ഥിതി പരുങ്ങലിലായി.

 

ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലനം ലഭിച്ചിട്ടുള്ള മലയാളി രഞ്ജിത് ഇസ്രയേൽ ഇവിടേയ്ക്ക് വരാൻ കേരളത്തിൽ നിന്നു തിരിക്കുന്ന വിവരം മനോരമ ന്യൂസ് ചാനലിൽ നിന്നു അറിയിച്ചു. മുൻപ് ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠിൽ ഉണ്ടായ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനും രഞ്ജിത്തിന്റെ കരങ്ങൾ ഉണ്ടായിരുന്നു. കുറെ ദിവസങ്ങളായി ഇവിടെ ക്യാംപ് ചെയ്യുന്ന എൻഡിആർഎഫ് സംഘാംഗങ്ങൾക്ക് പ്രത്യേകമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കാരണം രക്ഷിക്കാനുള്ള പദ്ധതിക്കായി തുരങ്കം നിർമിച്ചാൽ  മാത്രമേ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ.  ഇടിഞ്ഞു വീണ കോൺക്രീറ്റ് അവശിഷ്ടങ്ങളും കല്ലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്യാനുള്ള പദ്ധതി പരാജയപ്പെട്ടതോടെ മനുഷ്യന് നുഴഞ്ഞുകയറി തൊഴിലാളികളിലേക്ക് എത്താവുന്ന കുഴൽ സ്ഥാപിക്കുന്ന പരിപാടിയാണ് നിലവിൽ തുരങ്കത്തിനുള്ളിൽ നടക്കുന്നത്. പക്ഷേ അതിനായി യന്ത്രമുപയോഗിച്ചു തുരക്കുമ്പോൾ അതിന്റെ പ്രകമ്പനം മൂലം കൂടുതൽ മണ്ണിടിച്ചിലുണ്ടാകുന്നു. അതിനാൽ തുരങ്കത്തെ കൂടുതൽ ബലപ്പെടുത്താനും രക്ഷാപ്രവർത്തകർക്കുകൂടി അപകടം സംഭവിക്കാതിരിക്കാൻ കോൺക്രീറ്റ് ഫ്രെയിമുകൾ നിരയായി ഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് തുരങ്കത്തിനുള്ളിൽ നിലവിൽ നടക്കുന്നത്. ഇതിനായി കോൺക്രീറ്റ് ഫ്രെയിമുകളും കുഴലുകളും ഒട്ടേറെയെണ്ണം ക്രെയിനുകളിലും ലോറികളിലുമായി ഉള്ളിലേക്ക് കയറ്റുന്നുണ്ട്. ഇനി ഇന്നും തൊഴിലാളികളുടെ രക്ഷാവാതിൽ തുറക്കില്ല. തിരിച്ചു പോകുന്ന വഴിയിൽ മലയിടിഞ്ഞു കിടക്കുന്നു. 

വഴിയിലെ മണ്ണിടിച്ചിൽ 

എല്ലാദിവസവും വഴിയിൽ മണ്ണിടിച്ചിൽ പതിവാണ്. അതിനാൽത്തന്നെ മണ്ണുമാന്തി യന്ത്രങ്ങൾ പലയിടത്തായി കിടപ്പുണ്ടാകും. മണ്ണുമാന്തിയന്ത്രം ഓപ്പറേറ്റ് ചെയ്യുകയാകും ഇവിടെ ഏറ്റവും നല്ല ബിസിനസെന്ന് ഡ്രൈവർ സുനിലിന്റെ വക കമന്റും ഉണ്ടായിരുന്നു.

 



ആറാം ദിനം

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകിയ കുഴലിലൂടെ രാത്രി കടത്തിവിട്ട കൊച്ചു ക്യാമറയിൽ അവരുടെ ദൃശ്യം ലഭിച്ച സന്തോഷവാർത്തയുമായാണ് ഈ പുലരി ഹിമാലയൻ മലനിരയിലൂടെ പുഞ്ചിരി തൂകിയത്. എല്ലാവരും ആരോഗ്യവാന്മാരാണെന്നും പൈപ്പിലൂടെ മാനസികാരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും ക്യാമറയിലൂടെയും അവർ‌ പറഞ്ഞു. തലയിൽ സുരക്ഷാ തൊപ്പിയും വച്ച് ക്യാമറ കുഴലിലൂടെ എത്തുമ്പോൾ കണ്ണടയ്ക്കാതെ നോക്കി നിൽക്കുന്ന തൊഴിലാളിയുടെ ദൃശ്യം രക്ഷാപ്രവർത്തകർക്കും മാധ്യമങ്ങൾക്കുമെല്ലാം സന്തോഷം നൽകിയ ഒന്നായിരുന്നു. ക്യാമറയിലൂടെ കണ്ട് സംസാരിക്കാൻ അന്നും തൊളിലാളികളുടെ ബന്ധുക്കളെത്തി.

 

തുരങ്കത്തിന്റെ പലയിടങ്ങളിലുള്ള ദൃശ്യം പല ദിനങ്ങളിലായി പകർത്തിയതോടെ ഏറ്റവും നല്ല ചിത്രത്തിനുള്ള സ്ഥലം ഹൃദിസ്ഥമായി. ഇതിന്റെ എതിർവശത്തായി പണിതുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം. അതിന്റെ രണ്ടാം നിലയിൽ കയറിയാൽ 180 ഡിഗ്രിയിലുള്ള കാഴ്ചകളൊക്കെ കാണാം. വിശിഷ്ടവ്യക്തികളുടെ വരവും, തൊഴിലാളികളുടെ താമസ സ്ഥലവും, പൊലീസ്–എൻഡിആർഎഫ്– എസ്ഡിആർഎഫ് സേനകളുടെ നീക്കവും കൂടാതെ തുരങ്കത്തിലേക്ക് കയറുന്ന വ്യക്തികളെയും സൂം ലെൻസിട്ടു നോക്കിയാൽ വ്യക്തമായി കാണാം. ആകെയുള്ള ഒരു പ്രശ്നം തുരങ്കത്തിലെ വെറും 50 മീറ്റർ ദൂരം മാത്രമേ ഇവിടെനിന്നു കാണാനാകൂ. നിലത്തിറങ്ങിയാൽ 200മീറ്ററോളം അരണ്ടവെളിച്ചത്തിൽ കാഴ്ചയെത്തും. ഈ സ്ഥലം താൽക്കാലിക താവളമാക്കി അവിടെ മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്. നിർമാണം നടക്കുന്ന കെട്ടിടമായതിനാൽ ആണിയും കമ്പിയും മുട്ടുകൊടുക്കാനുള്ള പലകയും എല്ലാം നിരന്നു കിടക്കുന്നുണ്ട്. ഇതിലൊരു പലക പിടിച്ചിട്ടു അതിൽ ഇരുന്നു.

 

രക്ഷാപ്രവർത്തനത്തിനുള്ള കുഴലുകൾ തുരങ്കത്തിലേക്ക് കയറ്റുന്നു. 


 കാത്തുനിൽപിനിടെയാണ് തലേന്ന് എത്തിയ അർനോൾഡ് ഡിക്സ് തുരങ്ക കവാടത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊച്ച് അമ്പലത്തിലേക്ക് കയറുന്നത് കണ്ടത്. ഓസ്ട്രേലിയക്കാരൻ അമ്പലത്തിനു മുൻപിൽ എന്തു ചെയ്യും എന്നതായി ആകാംക്ഷ. ക്യാമറ അവിടേയ്ക്കു സൂം ചെയ്തപ്പോൾ കണ്ട കാഴ്ച കൗതുകമുണർത്തുന്നതായിരുന്നു. മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന പുൽക്കെട്ടിൽ അദ്ദേഹം പള്ളിയിൽ നിൽക്കുന്നതുപോലെ മുട്ടു കുത്തി. പിന്നെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് ക്ഷേത്രത്തിനടിയിൽ വച്ചു. അതെന്തെന്ന് പിന്നിൽ നിന്നു നോക്കിയിട്ടു മനസിലായില്ല. പണമാകും എന്ന് കരുതുകയും ചെയ്തു. പിന്നെ കാൽ മടക്കിവച്ചു കുറച്ചു നേരം പ്രാർഥിച്ചു. അതിനുശേഷം താഴേയ്ക്കിറങ്ങി. നല്ലൊരു ചിത്രം പിറന്നതായി ആ നേരം തന്നെ മനസിലായി. കൂടാതെ മറ്റു ഫൊട്ടോഗ്രഫർമാരോ വിഡിയോഗ്രഫർമാരോ ആ ദൃശ്യം കണ്ടിട്ടുമില്ല. ഈ കെട്ടിടത്തിനു മുകളിൽ നിന്നതിനാൽ മാത്രമാണ് അത് കാണാനായത്. കുഴലിനുള്ളിലൂടെ കയറ്റി തുരക്കാനുള്ള കൂടുതൽ പങ്കകൾ ലോറിയിൽ എത്തിക്കുന്നുണ്ട്. വെറും 60 മീറ്റർ ദൂരം എന്നത് കടക്കാൻ ഇന്ത്യയുടെ ഇത്രയേറെ സംവിധാനങ്ങൾ  പ്രവർത്തിച്ചിട്ടും കഴിയാത്തത് എന്തെന്ന് പലപ്രാവശ്യം മനസിൽ അത്ഭുതപ്പെടുകയും ചെയ്തു. സന്ധ്യയായതോടെ അകത്ത് കുഴലുകൾ യോജിപ്പിക്കുന്ന ജോലിയുടെ വെൽഡിങ് പ്രകാശം പുറത്തേക്കെത്തി. അതും നല്ലൊരു ചിത്രമായി മാറി.

 

 

ഏഴാം ദിനം

ഇന്ന് പതിവില്ലാത്ത രീതിയിൽ എല്ലാ സേനകളിലും മാറ്റം പ്രകടമാകുന്നുണ്ട്. ഇന്ന് വൈകീട്ടോടെ ഇവരിലേക്ക് കുഴൽ എത്തുമെന്നും എല്ലാവരും പുറത്തിറങ്ങുമെന്നും വാർത്ത പരന്നു. സമീപത്തു സജ്ജമാക്കിയ താൽക്കാലിക ‌ഡിസ്പൻസറിയിൽ ഡോക്ടർമാരും നഴ്സുമാരുമെത്തി, ആംബുലൻസുകൾ ഇടയ്ക്കിടെ വന്നുപോകുന്നു എൻഡിആർഎഫ് സംഘം സ്ട്രെച്ചറുമായി തലങ്ങും വിലങ്ങും ഓടി ട്രയൽ ചെയ്യുന്നു. എല്ലാ വിഭാഗത്തിനും ആകെയൊരു ഉഷാർ. ഇതിനിടെ മൊബൈൽ ഫോണിൽ വീണ്ടും ഫുൾ റേഞ്ച് കാണിക്കുന്നു. സമീപം മൊബൈൽ കമ്പനിയുടെ ഐഡന്റിറ്റി കാർഡ് ധരിച്ച കുറച്ചുപേരെ കാണുന്നു. എങ്ങനെ റേഞ്ച് എത്തിയെന്ന് അന്വേഷിച്ചപ്പോൾ സമീപം തുരുമ്പു പിടിച്ചു നിൽക്കുന്ന പോസ്റ്റിൽ ഘടിപ്പിച്ചിരിക്കുന്ന ചില ബോക്സുകളിലേക്ക് അവർ വിരൽ ചൂണ്ടി. താൽക്കാലികമായി അവർ സ്ഥാപിച്ച ടവറാണിത്. ലോക ശ്രദ്ധ ഇവിടേയ്ക്കെത്തിയപ്പോൾ ഇനി കമ്മ്യൂണിക്കേഷൻ മുടങ്ങേണ്ട എന്നു കരുതി സ്ഥാപിച്ചതാണ്. ഫോൺ വിളിക്കാൻ റേഞ്ച് കിട്ടിയെങ്കിലും ഇന്റർനെറ്റ് സംവിധാനം പലപ്പോഴും വന്നും പോയുമിരുന്നു.

 

താൽക്കാലിക ഡിസ്പൻസറിയിലെ സാമഗ്രികളുമായി പോകുന്ന 
ആരോഗ്യ പ്രവർത്തകർ. 

വൈകുന്നേരം ഏതു സമയത്തും പുറത്തിറങ്ങുമെന്നുള്ള പ്രതീക്ഷയിൽ ഏറെനേരം കാത്തുനിന്നു. വൈകീട്ട്് 5.30ന് ഇരുൾ പരന്നതോടെ എങ്ങും തീക്കുണ്ഠങ്ങളും കത്തിത്തുടങ്ങി. ഇനി കാവലിരിക്കുന്ന കെട്ടിടത്തിനു മുകളിൽ ഇരിക്കാനാവില്ല. തണുപ്പ് കഠിനമായിത്തുടങ്ങിയിരിക്കുന്നു. താഴെ പൊലീസ് ടീം കത്തിക്കുന്ന തീക്കുണ്ഠത്തിന്റെ വലയത്തിലേക്ക് നുഴഞ്ഞു കയറി ശരീരം കുറച്ച് ചൂട് പിടിപ്പിച്ചു. ഇതിനിടെ എൻഡിആർഎഫ് സംഘം എന്തൊക്കെയോ ഉപകരണങ്ങളുമായി തുരങ്കത്തിലേക്ക് പോകുന്നു. ഇതാ മിഷൻ പൂർത്തിയായിരിക്കുന്നു തൊഴിലാളികൾ ഉടൻ പുറത്തെത്തുമെന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നു. ആകെ ഇരുട്ടിൽ മുങ്ങിയ തുരങ്ക കവാടത്തിലൂടെ പുറത്ത് കെട്ടിവച്ച ടാങ്കുമായി കുറച്ച് ഉദ്യോഗസ്ഥർ കയറിപ്പോകുന്നു. ചിത്രത്തിന് ആവശ്യമായ ലൈറ്റൊന്നുമില്ല. പക്ഷേ വലിയ വാർത്താ ചിത്രമാണ് എടുത്തേ മതിയാകൂ. ഓക്സിജൻ ടാങ്കാണ് അതെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ചിത്രം വലുതാക്കി നോക്കിയപ്പോഴാണ് അതല്ലെന്ന് മനസിലായത്. പിന്നാലെ മറ്റൊരു വാർത്തയുമെത്തി. 54 മീറ്റർ തുരന്ന് തൊഴിലാളികൾക്കടുത്തെത്തിയ കുഴലിനു തടസമായി ഏതോ ഇരുമ്പ് പാളി എത്തിയിരിക്കുന്നു. ഇതിൽ തട്ടി മുന്നോട്ടു പോകാനാകാതെ രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുന്നു. ആ പാളി മുറിച്ചെടുക്കാൻ ഗ്യാസ് കട്ടറും സംവിധാനങ്ങളുമായി പോകുന്ന ദൃശ്യമാണ് പകർത്തിയിരിക്കുന്നത്. ഇനി വെറും 6 മീറ്റർ അതായത് വെറും ഒരു കുഴൽ ദൂരം മാത്രമാണുള്ളത്. രാത്രി തന്നെ ഇവരെ പുറത്തിറക്കിയേക്കാം. ഭക്ഷണം കഴിച്ച ശേഷം വീണ്ടും തിരികെയെത്തി കാവൽ നിന്നു. പുലർച്ചെ 3 മണിയായിട്ടും അകത്തുനിന്നും പോസിറ്റീവായ വാർത്ത പുറത്തുവന്നില്ല. ഇതിനൊപ്പം ഏഷ്യാനെറ്റിൽ നിന്നും എത്തിയ റോബിൻ മാത്യുവും ഷിജോയും, 24 ന്യൂസിലെ നിതിനും ജോഗിയും മാധ്യമത്തിലെ ഹസനുൽ ബന്നയും കൂടി. മലയാള മാധ്യമ പ്രവർത്തകർ മാത്രം പാതിരയ്ക്കും കാവൽ നിൽക്കുന്നതുകണ്ട് പൊലീസ് ഉദ്യോഗസ്ഥർ അത്ഭുതത്തോടെ നോക്കി.

 

എട്ടാം ദിനം.

ഇന്നും രാവിലെ പതിവുപോലെ കാട്ടുപൂക്കളർപ്പിച്ചു ഡിക്സിന്റെ പ്രാർഥന നടക്കുന്നുണ്ട്. ക്രിസ്മസിനു മുൻപ് അവരെല്ലാം വീട്ടിലെത്തിയിരിക്കുമെന്ന് വാർത്താ ഏജൻസിയോടു പുള്ളിക്കാരൻ നടത്തിയ പ്രസ്താവന പലരെയും ആശങ്കയുടെ  നിഴലിലാക്കിയിരുന്നു. പുൽക്കൂടിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന വിശ്വാസിയുടെ ദൃശ്യമാണ് ഡിക്സിനെ കാണുമ്പോൾ തോന്നുക. ഡിക്സിനു പിന്നാലെ പല ഇന്ത്യൻ എൻജിനിയർമാരും ആ കൊച്ചു ക്ഷേത്രത്തിനു മുന്നിൽ പ്രാർഥിക്കുന്നുണ്ട്.  കേന്ദ്രമന്ത്രി വി.കെ. സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഒരുമിച്ചു തുരങ്കത്തിലേക്ക് കയറാനെത്തി. ധാമി കൽക്കൂട്ടങ്ങൾക്കു താഴെ നിന്നു ക്ഷേത്രത്തെ നോക്കി വണങ്ങി. എന്നാൽ സിങ് നേരിട്ട് തുരങ്ക കവാടത്തിലേക്ക് പോയി.

 

യമുനോത്രി തീർഥാടകരുടെ പാതയോടു ചേർന്നാണ് ഈ തുരങ്കം. ആ വഴി യാത്രപോയി മടങ്ങുന്നവരൊക്കെ വാർത്തയറിഞ്ഞ് ഇവിടെ വാഹനത്തിന്റെ വേഗം കുറയ്ക്കും. ചിലർ ഇറങ്ങി അൽപനേരം തുരങ്കത്തിലേക്ക് നോക്കി നിൽക്കും. വഴിയരികിൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും വാഹനങ്ങളെല്ലാം നിർത്തിയിട്ടതോടെ പലപ്പോഴും ഗതാഗതക്കുരുക്കുമുണ്ടായി. തുരങ്കത്തിലേക്ക് കടക്കുന്ന വഴി കഴിഞ്ഞതിനു ശേഷമാണ് ഈ വാഹനങ്ങളെല്ലാം നിർത്തിയിടുന്നത്. അല്ലെങ്കിൽ ഇവിടേയ്ക്കു വലിയ മെഷിനുകളുമായി എത്തുന്ന ലോറികൾ പോലും ഈ കുരുക്കിൽ പെട്ടേനെ. അതിനാൽത്തന്നെ പൊലീസ് വിഐപി വാഹനങ്ങളും യന്ത്രങ്ങളുമായ വരുന്ന വാഹനങ്ങളും മാത്രം സ്ഥലത്ത് പ്രവേശിക്കാവുന്ന തരത്തിൽ ഗതാഗതം ക്രമീകരിച്ചു.

കല്യാണ വണ്ടി പൊലീസ് ബാരിക്കേഡ് കടന്നു പോകുന്നു. 



 ഇതിനിടയിലാണ് തുരങ്ക കവാടത്തിനു സമീപത്തുകൂടി മലയരികിലെ വീട്ടിലേക്ക് പോകേണ്ട കല്യാണവണ്ടി എത്തിയത്. അകത്ത് ശരിക്കും വരനും വധുവും തന്നെയാണോ എന്ന് പരിശോധിച്ച ശേഷം വാഹനം കടത്തിവിട്ടു. വിഐപികളുടെ വരവ് വർദ്ധിച്ചതോടെ 7 കിലോമീറ്റർ അപ്പുറം താൽക്കാലിക ഹെലിപാഡും സജ്ജീകരിച്ചിട്ടുണ്ട്. അതിനു സമീപമാണ് ഏത് അവസരത്തിലും ഇവിടേയ്ക്കു കുതിച്ചെത്താനുള്ള ആംബുലൻസുകൾ റെഡിയായിക്കിടക്കുന്നത്. അവിടെയുള്ള 2 നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ എൻഡിആർഎഫ് കൂടാരവും അതിനു താഴെ പൊലീസും ഏറ്റവും താഴെ താൽക്കാലിക ഡിസ്പെൻസറിയും രാത്രിയും സജ്ജമായി നിൽക്കുന്ന ചിത്രവുമെടുത്താണ് രാത്രി മടങ്ങിയത്.

 

ഒൻപതാം ദിനം.

മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ ചിത്രമെടുത്താണ് ഇൗ ദിവസത്തെ ജോലി ആരംഭിച്ചത്. തുരങ്കത്തിനുള്ളിലേക്ക് പോകും മുൻപ് രഞ്ജിത് മുൻപ് നടത്തിയ ഇത്തരം പ്രവർത്തനങ്ങളുടെ വിശേഷങ്ങളും പങ്കുവച്ചിരുന്നു. തുരങ്കത്തിൽ തൊഴിലാളികളിലേക്കെത്തിച്ച ക്യാമറ സ്ഥാപിച്ചതിൽ തന്റെ പങ്കും രഞ്ജിത് വിവരിച്ചു. തുരങ്കത്തിന് അഭിമുഖമായി ഒരു കൊച്ചു കുടിലുണ്ട്. പ്ലൈവുഡ് പാളികൾകൊണ്ട് മറയിട്ട ഈ ഒറ്റമുറി വീട്ടിൽ അച്ഛനും അമ്മയും ഒരു ആൺകുട്ടിയും, പെൺകുട്ടിയുമുണ്ട്. വീടിനോടു ചേർന്നു അതുപോലെ തന്നെ ഒരു കാലിത്തൊഴുത്തുമുണ്ട്. വീടിനേക്കാൾ അൽപംകൂടി വലുപ്പം ആ തൊഴുത്തിനാണ്. അതിൽ വലിയൊരു എരുമയുമുണ്ട്. സ്കൂൾ യൂണിഫോമണിഞ്ഞ് എല്ലാ ദിവസവും ഇവർ പോകുന്നതും വൈകീട്ട് കോലിൽ കുത്തിയ മിഠായി നുണഞ്ഞ് വീട്ടിലേക്ക് തിരികെ കയറിപ്പോകുന്നതും പല ദിവസങ്ങളിലും ശ്രദ്ധിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ കുന്നിൽമുകളിൽ മേയാൻ വിട്ട എരുമയും തിരിച്ചെത്തും. എരുമയുടെ വലതു കണ്ണിന് അത്ര കാഴ്ച പോരാ എന്നുള്ള കാര്യവും ഇതിനകം ഞാൻ മനസിലാക്കിയിരുന്നു. കണ്ണിനുള്ളിലെ വെള്ള നിറം കണ്ടാണ് സംശയം തോന്നിയിരുന്നത്. ഇന്ന് രാവിലെ പയ്യൻ എനിക്കരികിലെത്തി. ഞാൻ നിരീക്ഷിക്കാറുള്ളതുപോലെ തന്നെ എന്നെയും പുള്ളി നിരീക്ഷിക്കാറുണ്ടായിരുന്നു. പേര് ബിരു എന്നാണെന്നും താൻ 6ലും സഹോദരി എട്ടിലുമാണ് പഠിക്കുന്നതെന്നും പറഞ്ഞു. അങ്കിളിന് എന്തിനാണ് 2 ക്യാമറ എന്നതായിരുന്നു കുട്ടിയുടെ സംശയം. രണ്ടിനും രണ്ടുതരത്തിലുള്ള ഉപയോഗമാണെന്നു പറഞ്ഞിട്ടും അതിലൊന്നും തൃപ്തനാകാതെ അതിലൂടെ ഒന്ന് തുരങ്കം കാണിച്ചു തരുമോ എന്നായി കുട്ടി. സൂം ലെൻസിട്ട ക്യാമറ ആദ്യം കാണിച്ചു കൊടുത്തു. ഇത്രയും അടുത്ത് കണ്ട സന്തോഷത്തിൽ അടുത്തതിലെ വൈഡ് ദൃശ്യം കണ്ടപ്പോൾ അത്ര തൃപ്തിയില്ലായ്മ ആ മുഖത്ത് തെളിഞ്ഞു.

 

ഇനി എരുമയെ മേയാൻ മലമുകളിൽ വിടാൻ പോകണമെന്ന് പറഞ്ഞു അവൻ വീട്ടിലേക്ക് പോയി. ഇന്ന് ക്ലാസില്ലാത്തതിനാൽ തനിക്കാണ് മൃഗത്തെ മേയാൻ വിടാനുള്ള ചുമതലയെത്രെ. അപകടത്തെത്തുടർന്ന് ആളുകളുടെ സഞ്ചാരം ഒഴിവാക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കടന്നാണ് എരുമയെ കൊണ്ടുപോകേണ്ടത്. അതിലെ കടത്തി വിടുമോയെന്ന് കുട്ടിയോട് ചോദിച്ചു. വിട്ടില്ലെങ്കിൽ എരുമ തനിയെ പോകുമെന്ന് മറുപടിയും കിട്ടി. ബാരിക്കേഡിനു മുന്നിൽ ഒരു ടെലിവിഷൻ ചാനൽ ടീം ലൈവ് റിപ്പോട്ടിങ് നടത്തുന്നതിനിടെയാണ് എരുമയുമായി കുട്ടിയുടെ വരവ്. 

ടിവി ചാനൽ ടീമിനെ നേരിടുന്ന എരുമ


തന്റെ സ്ഥിരം വഴിയിൽ തടസമായി നിന്ന വനിതാ റിപ്പോർട്ടറെ ഇഷ്ടപ്പെടാഞ്ഞിട്ടോയെന്തോ വെറുതെയൊരു തട്ട് കൊടുത്തു. അവർ ഭയന്ന് ശബ്ദിച്ചു ക്യാമറാമാന്റെ വശത്തേക്ക് ചാടി. ക്യാമറയും മോണോപ്പോടുമായി നിൽക്കുന്ന ക്യാമറാമാനാകട്ടെ ഓടാനും ഒഴിയാനും കഴിയാത്ത അവസ്ഥ. ആ സമയത്ത് ടിവിയിൽ എന്താണാവോ കാണിച്ചിരിക്കുക
? ഏതായാലും ആ കൊച്ചു തട്ട് കണ്ടിട്ടാകണം ബാരിക്കേഡ് തുറന്ന് കുട്ടിയെയും ‘ഇടിക്കാരത്തിയെയും’ പൊലീസ് കടത്തിവിട്ടു. അകത്തുള്ള രക്ഷാപ്രവർത്തകർ കഴിക്കുന്ന ഭക്ഷണത്തിന്റെ കവറുകളെല്ലാം തുരങ്കത്തിനു പുറത്തുകൊണ്ടുവന്ന് കിടങ്ങിലേക്ക് തട്ടുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഇത് ഏതോ ഉദ്യോഗസ്ഥന് മോശമായി തോന്നിയതിനാലാകണം, ഇത്രനാൾ താഴേയ്ക്കു തള്ളിവിട്ട എല്ലാ കവറുകളും തിരിച്ചു പെറുക്കിയെടുത്തുവരാൻ ആളെ വിട്ടു. വളരെ ശ്രമകരമായി അവർ മണ്ണും കല്ലും കൂടിക്കിടക്കുന്ന അതിലൂടെ ഊർന്നിറങ്ങി ചാക്കുകളിൽ മാലിന്യം ശേഖരിച്ചു.

 

നിരന്തരം ലൈവുകൾ കൊടുക്കേണ്ട ടെലിവിഷൻ ചാനലുകൾ പല രീതിയിൽ ഇതിനെ വിശദീകരിക്കാൻ നോക്കുന്നുണ്ട്. പറഞ്ഞതു തന്നെ പറഞ്ഞു മടുത്ത റിപ്പോർട്ടർമാർ ആംഗിളുകൾ മാറ്റി പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിറക്കും.. ഇപ്പോഴിറക്കും എന്നെല്ലാം പറഞ്ഞ് എപ്പോഴിറക്കും എന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു. അവിടെ കെട്ടിടം പണിക്കായി കൂട്ടിയിട്ട പൈപ്പുകളിൽ ഒന്നെടുത്ത് ടൈംസ് നൗ റിപ്പോർട്ടർ ലൈവിൽ കാര്യങ്ങൾ വിവരിക്കുന്നു. അതെ ന്യൂസ് ഡെസ്ക് ഗ്രാഫിക്സ് ഉണ്ടാക്കി വിശദീകരിക്കുന്നതിനേക്കാൾ മനോഹരമായി കയ്യിലെ കുഴലിലൂടെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുകയാണ്. ഇതുകണ്ട റിപ്പബ്ലിക് ടിവിയും വിട്ടുകൊടുത്തില്ല, അവിടെ കിടന്ന ഹാർഡ്ബോർഡ് പേപ്പറിൽ എസ്കേപ്പ് പ്ലാൻ എന്ന രീതിയിൽ വരച്ചെടുത്ത് അതിനെ വിശദീകരിക്കുന്നുണ്ട്.

 

പത്താം ദിനം.

ഇന്നുരാവിലെ സൂര്യരശ്മികൾ അരിച്ചെത്തുന്ന നേരത്തുതന്നെ മലമുകളിൽ നിന്നു തുരന്ന് താഴേക്കിറങ്ങാനുള്ള പദ്ധതിക്കുള്ള കൂറ്റൻ യന്ത്രം വെർട്ടിക്കൽ ഡ്രില്ലിങ് റിഗ്  എത്തി. സിൽക്യാര റോഡിനിരുവശത്തും യന്ത്രങ്ങളുമായി നിർത്തിയിട്ടിരിക്കുന്ന ലോറികളുടെ എണ്ണം ഓരോദിനവും ഏറിവരികയാണ്. ഇതിനിടെ യന്ത്രവുമായി വന്ന ഒരു ലോറി വഴിയിൽ മറിഞ്ഞത് 5 മണിക്കൂറിലേറെ ഗതാഗത സ്തംഭനവുമുണ്ടാക്കി. എല്ലാം വേഗത്തിൽ നടക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും ദിനമായിട്ടും ഒന്നും നടക്കാത്തതിലെ വിഷമം ഏവരുടെയും മുഖത്തുനിന്നു വായിച്ചെടുക്കാം.  തിരിച്ചുപോക്കിനെക്കുറിച്ച് ചോദ്യങ്ങളൊന്നും ഡ്രൈവർ സുനിൽ ഇതുവരെയും ചോദിച്ചില്ലെങ്കിലും എന്ന് തിരികെ പോകാനാകുമെന്ന് ഇന്ന് ചോദിച്ചു. തിരിച്ചു എന്ന്  ഡൽഹിയിലെത്തുമെന്ന് അദ്ദേഹത്തിന്റെ കാമുകി വിഡിയോ കോളിൽ വന്നു ചോദിക്കുന്നു. അവരോട് മറുപടി കൊടുക്കേണ്ടതിനാണ് ഞങ്ങളോടുള്ള ചോദ്യം. എല്ലാം തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ ഭാഗ്യം പോലെ നടക്കുമെന്ന് പറയാൻ പറഞ്ഞു ഞങ്ങൾ അതിൽ നിന്നു ഒഴിവായി. സുനിൽ പിന്നീട് കാമുകിയെ എന്തുപറഞ്ഞ് ആശ്വസിപ്പിച്ചെന്നറിയില്ല. തിരികെ പോരും വരെ പിന്നെ അന്വേഷണം ഉണ്ടായില്ല.

 

രാവിലെ യന്ത്രത്തിന്റെ ചിത്രം എടുത്തെങ്കിലും അതിന്റെ മുന്നോട്ടുള്ള ചലനം വളരെ സാവധാനത്തിലായിരുന്നു. പുതുതായി വെട്ടിയ റോഡിലൂടെ മലമുകളിലേക്കുള്ള യാത്ര രാവിലെ തുടങ്ങിയെങ്കിലും വൈകുന്നേരമായിട്ടും മുകളിലെത്താൻ യന്ത്രത്തിനു കഴിഞ്ഞില്ല. യന്ത്രം വഹിക്കുന്ന വാഹനത്തിനു തടസമായി ഒട്ടേറെക്കാര്യങ്ങൾ റോഡിലുള്ളതായിരുന്നു കാരണം. മുന്നിലും പിന്നിലും എസ്കവേറ്ററുകളുടെ ‘എക്സ്കോർട്ടോടെയാണ്’ ഇതിന്റെ യാത്ര. കാരണം വഴിയിലെ തടസങ്ങളൊക്കെ മുന്നിലും പിന്നിലുമുള്ള ഈ യന്ത്രങ്ങൾവഴി മാറ്റിയാണ് യാത്ര.  ആറു മീറ്റർ നീളമുള്ള 10 പൈപ്പുകൾ കൂട്ടിയോജിപ്പിച്ചാണ് അവശിഷ്ടങ്ങൾ ഇടിഞ്ഞു വീണു കിടക്കുന്ന 60മീറ്റർ ദൂരം പിന്നിടുക. ഈ പൈപ്പിലൂടെ തൊഴിലാളികളെ വലിച്ചെടുക്കാനാണ് പ്രഥമ പദ്ധതിയിട്ടിരുന്നത്. ഇത് പാളിയാൽ മുകളിൽ നിന്നുള്ള തുരക്കൽ പദ്ധതി. പക്ഷേ താഴെക്കൂടിയുള്ള തുരക്കലിൽ യന്ത്രത്തിന്റെ ഭാഗങ്ങൾ  കുഴലിനുള്ളിൽ കുടുങ്ങിയതോടെ ആ പണി അനിശ്ചിതത്വത്തിലായി. ഇനി അത് തിരിച്ചെടുത്തിട്ടുവേണം പണി പുനരാരംഭിക്കാൻ. 

കുടുങ്ങിയ ഡ്രില്ലിങ് ഭാഗവുമായി എത്തിയ 
 യന്ത്രത്തിന്റെ ദൃശ്യം പകർത്തുന്നവർ



കുടുങ്ങിയ ഡ്രില്ലിങ് ഭാഗവുമായി ഉച്ചയോടെ യന്ത്രം പുറത്തെത്തി. നിർത്തിവച്ച ജോലികൾ വീണ്ടും ആരംഭിച്ചു. പക്ഷേ മലമുകളിലേക്കുള്ള യന്ത്രത്തിന്റെ ഗതി അപ്പോഴും ഒച്ചിഴയുന്ന വേഗത്തിൽത്തന്നെ. ഇതിനിടെ ബിഎസ്എൻഎൽ കമ്പനി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധുക്കൾക്കു സംസാരിക്കാൻ ലാൻഡ് ഫോൺ കണക്ഷൻ ഏർപ്പെടുത്തുന്നുവെന്ന് കേട്ടു. അതിനായി എഞ്ചിനിയർമാർ സമീപമുള്ള കെട്ടിടത്തിനു മുകളിൽ സജ്ജീകരണങ്ങൾ നടത്തുന്നുമുണ്ട്. കടുത്ത തണുപ്പിൽ ഏറെ ദിനമായതിന്റെ പ്രശ്നം ശരീരം കാണിച്ചു തുടങ്ങി. കൈകൾ വിണ്ടുകീറിത്തുടങ്ങി. റിപ്പോർട്ടർ മിഥുന്റെ മൂക്കിൽ നിന്നു ത്വക്ക് അടർന്നു മാറുന്നു. മരുന്നുകട തപ്പി ബ്രഹ്മ്കാൽ സിറ്റിയിലെത്തി മോയിസ്ചറൈസർ ക്രീം എന്ന്  പറഞ്ഞെങ്കിലും ഇല്ലെന്നു പറഞ്ഞ് ആദ്യം 2 കടകളിൽ നിന്നും ഒഴിവാക്കി. ഇത്രയും തണുപ്പുള്ളിടത്ത് ഇത് ഇല്ലാതിരിക്കുമോയെന്ന സംശയത്തിൽ മൂന്നാം കടയിൽ ചോദിച്ചപ്പോഴും മറുപടി ഒന്നുതന്നെ. തണുപ്പിൽ ത്വക്കിൽ തേക്കാൻ ഉപയോഗിക്കുന്നതെന്ന് പറഞ്ഞപ്പോൾ ‘ഓ കോൾഡ് ക്രീം’ എന്ന് പറഞ്ഞ് എടുത്തുതന്നു.

 

പതിനൊന്നാം ദിനം.

ഇന്ന് വന്നവഴിയെതന്നെ ലാൻഡ് ലൈൻ കണക്ഷൻ കൊടുത്തത് എന്തായി എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ഫോൺ വച്ചിരിക്കുന്ന കെട്ടിടത്തിനു മുകളിൽ കയറി നോക്കിയപ്പോൾ ഫോണിനു സമീപം ഒരാൾ ഇരിപ്പുണ്ട്. അദ്ദേഹത്തോട് കണക്ഷൻ ഓകെയായോ എന്ന് ചേദിച്ചപ്പോൾ സംഗതി ഇവിടെ ഓക്കെയാണെന്നും പക്ഷേ കുടുങ്ങിക്കിടക്കുന്നവർക്ക് കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഫോൺ എടുത്ത് നോക്കിയപ്പോൾ ഡയൽടോണൊക്കെയുണ്ട്. പക്ഷേ അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ കിട്ടിയില്ലെങ്കിൽ എന്തുകാര്യം?.

 

ടെലിഫോൺ ലൈൻ പരിശോധിക്കുന്നയാൾ



പരിസ്ഥിതി വളരെ ശുദ്ധമായതിനാലും തണുപ്പ് കാലാവസ്ഥയുള്ളതിനാലും ഇവിടെ ആകാശം വളരെ നീലനിറത്തിലുള്ളതാണ്. ഡൽഹിയിൽ ആകാശം പതിയുന്ന ചിത്രമെടുത്ത അതേ ക്യാമറ ഇവിടെ ചിത്രമെടുത്തപ്പോൾ അത്ഭുതപ്പെടുത്തുന്ന നിറമാണ് കാണുന്നത്. പുകമഞ്ഞിൽ ആകെ നനഞ്ഞ നിറം പകർത്തിയ ക്യാമറ ഇവിടെയെത്തിയപ്പോൾ തന്റെ നിറങ്ങളെല്ലാം പ്രതിഫലിപ്പിച്ചുതുടങ്ങി. പക്ഷേ പ്രകൃതി വർണ ദൃശ്യങ്ങൾക്കൊന്നും  സ്ഥാനം കൊടുക്കാവുന്ന സംഭവമല്ലല്ലോ നടന്നിരിക്കുന്നത്. തൊഴിലാളികൾക്ക് കുഴലിലൂടെ കുപ്പിയിൽ കെട്ടിയാണ് ഭക്ഷണം കടത്തി വിടുന്നത്. അപ്പുറത്തുള്ള കയറിലൂടെ അവർ വലിച്ചെടുക്കും. ഇപ്പുറത്തുള്ള രക്ഷാപ്രവർത്തകരുടെ കൈവശവും കയറിന്റെ മറ്റേ അറ്റമുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നത് ഇതിനു സമീപമുള്ള കെട്ടിടത്തിലാണ്. ആദ്യ ദിവസങ്ങളിൽ ഉണക്ക പഴങ്ങളും ലഘുഭക്ഷണവുമൊക്കെയായിരുന്നു നൽകിയിരുന്നെങ്കിൽ അത് പിന്നീട് റൊട്ടിയിലേക്കും ദാലിലേക്കുമൊക്കെ മാറി. പക്ഷേ കുപ്പിയിലൂടെത്തന്നെയേ കയറ്റിവിടാനാകൂ. അതിനായി ഒരു ലീറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികൾ ഒരു വശം പൊളിച്ചെടുത്ത് പ്രത്യേക രീതിയിലാക്കി കുഴലിലൂടെ കടത്തും, ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് പോയെങ്കിലും അവർ ചിത്രമെടുക്കാൻ സമ്മതം നൽകിയില്ല.  കെട്ടിടത്തിന്റെ ജനലിലൂടെ ദൃശ്യം പകർത്തി തിരികെ പോന്നു. ഇന്നും രാത്രിവരെ കാത്തിരുന്നെങ്കിലും രക്ഷാവാതിൽ തുറക്കാത്ത വിഷമത്തോടെ തിരികെ പോരേണ്ടിവന്നു.

 

ദിനം പന്ത്രണ്ട്

രാവിലെതന്നെ കേന്ദ്രമന്ത്രി വി.കെ. സിങ് തുരങ്കത്തിലെത്തി. പിന്നാലെ മുഖ്യമന്ത്രിയും അതോടെ രക്ഷാപ്രവർത്തകരിൽ പലരുടെയും പണിയും തടസപ്പെട്ടു. തുരങ്കത്തിലേക്ക് കൊച്ച് യന്ത്രങ്ങളുമായി എത്തിയവരെ മന്ത്രിമാർ പോകാൻ പൊലീസ് തന്നെ തടഞ്ഞു നിർത്തിയിരുന്നു. 50 മീറ്റർവരെയെത്തിയ തുരക്കൽ പ്രവർത്തനം പിന്നീട് സെന്റീമീറ്റർ കണക്കിലാണ് മുന്നോട്ടു നീങ്ങുന്നത്. ഇരുമ്പ് –കോൺക്രീറ്റ് പാളികളെല്ലാം തുരക്കലിനു വിഘാതമാകുന്നതാണ് കാരണം. ഇതോടൊപ്പം മുകളിൽ നിന്നുള്ള തുരക്കൽകൂടി ആരംഭിച്ചതാണ് മറ്റൊരാശ്വാസം. എന്നാൽ എല്ലാത്തിന്റെയും കൂടി ആഘാതത്തിൽ മലതന്നെ ഇടിയുമോയെന്ന് ആശങ്കപ്പെട്ടവരേറെ.

 

രണ്ടുദിനം മുൻപ് ഇരുമ്പുകുഴൽ പിടിച്ചു ലൈവ് നടത്തിയ ടൈംസ് നൗ റിപ്പോർട്ടർ ഇത്തവണ മുകളിൽ തുളയിട്ട ഒരു പ്ലാസ്റ്റിക് കുപ്പിയിൽ പേപ്പറിട്ട് അതിന്റെ അരികിലൂടെ ചുള്ളിക്കമ്പ് കടത്തിയാണ് രാവിലെ മുതൽ ലൈവിൽ വിശദീകരിക്കുന്നത്. 86 മീറ്ററാണ് മലമുകളിൽ നിന്നു കുഴിച്ചിറങ്ങുന്ന ജോലിയിൽ ചെയ്യേണ്ടത്. അതിൽ 50 മീറ്റർ ഇതുവരെ കഴിഞ്ഞു. താഴെയുള്ള തിരശ്ചീനമായ കുഴൽ രക്ഷാപദ്ധതിയിലാകട്ടെ 10 മീറ്റർ ദൂരം മുന്നോട്ടുപോകാനാകാതെ ദിവസങ്ങളായി ഇഴയുകയും ചെയ്യുന്നു. വേഗതകണ്ടിട്ട് മുകളിൽനിന്നുള്ള രക്ഷാപ്രവർത്തകർ ആദ്യമെത്തുമെന്ന് ഒരുവേള ആശ്വസിച്ചു. ഇന്ത്യൻ കരസേന ചില യന്ത്രങ്ങളുമായി എത്തിയെങ്കിലും അവരെ അകത്ത് ജോലിക്ക് അനുവദിക്കാതെ കമ്പനി പുറത്ത് നിർത്തി. തുരക്കൽ യന്ത്രത്തിന്റെ ഭാഗങ്ങൾ വീണ്ടും കുടുങ്ങിയതോടെ ഇത്തരം ജോലികളിൽ വൈദഗ്ധ്യമുള്ള ‘റാറ്റ് മൈനേഴ്സ്’ എന്ന വിഭാഗക്കാരെ വിളിച്ചു വരുത്തി. യന്ത്രം തുരക്കുന്നതിനു പകരം 80 സെന്റിമീറ്റർ വ്യാസമുള്ള കുഴലിനുള്ളിൽ ഞെരുങ്ങിയിരുന്ന് കൈ കൊണ്ട് ഇഞ്ചിഞ്ചായി തുരന്ന് യന്ത്രത്തിന്റെ തള്ളലിലൂടെ കുഴലിനെ മുന്നോട്ട് നീക്കും. അത്യധികം അപകടസാധ്യതയുള്ള ഈ ജോലി നിരോധിതമെങ്കിലും തൊഴിലാളികളുടെ രക്ഷാദൗത്യത്തിൽ അവസാനം പ്രയോജനപ്രദമായത് ഈ വിദ്യയായിരുന്നു. ആധുനിക യന്ത്രങ്ങൾ പരാജയപ്പെട്ടിടത്ത് മനുഷ്യൻ ഹീറോയാകുന്ന സ്ഥിതി. ഇന്ന് ദേശാഭിമാനിയിൽ നിന്നുള്ള സഹപ്രവർത്തകർ സുജിത്തും റിഥിനും എത്തുന്നുണ്ട്. കൂടാതെ മാതൃഭൂമി ടിവിയിലെ റിപ്പോർട്ടർ അർജുനും ക്യാമറാമാൻ ജഗദീഷും എത്തി. പലർക്കും ഭക്ഷണം എവിടെ കിട്ടും എന്നാണ് അറിയേണ്ടത്. അതിനാൽ ഞങ്ങളുടെ സ്ഥിരം ‘തട്ടുകട’ക്കാരനായ അഖിലേഷിനെ ഗൂഗിളിൽ മാർക്ക് ചെയ്യാൻ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു പോയ നേരത്ത് ആ സ്ഥലം ഗൂഗിൾ മാപ്പിലേക്ക് ‘അഖിലേഷ് ധാബ’ എന്നപേരിൽ മാർക്ക് ചെയ്തു. തുടർന്ന് ആവശ്യക്കാർക്കെല്ലാം ലിങ്ക് നൽകി. അതുവഴി അഖിലേഷിന് കച്ചവടവും കൂടി.  ഓരോ ദിനവും വന്നുചേരുന്ന  വാർത്താ ഏജൻസികളുടെയും മാധ്യമങ്ങളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ആദ്യം വന്ന ചിലരാകട്ടെ ഇത്രദിവസമായപ്പോഴേക്കും ഉപേക്ഷിച്ചു മടങ്ങുകയും ചെയ്തിരിക്കുന്നു.

 

മന്ത്രി വി.കെ. സിങ് പൂജ നടക്കുന്ന
സ്ഥലത്തേക്കു കയറുന്നു. 
വൈകുന്നേരം വീണ്ടും തുരങ്കമുഖത്ത് തിരിച്ചെത്തി. നാട്ടുകാരും പൂജാരിമാരുമടങ്ങുന്ന സംഘം അവിടെ പൂജ ചെയ്യുന്നുണ്ട്. ആ കുന്നിലേക്ക് മന്ത്രി വി.കെ. സിങ്ങും വലിഞ്ഞു കയറി. ഇടയ്ക്കു വീഴാൻ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥർ താങ്ങിപ്പിടിച്ചു. ആ ചിത്രവും ദൂരെനിന്നു പകർത്തി. അകത്തുള്ള തൊഴിലാളികൾ പുറത്തെത്തുമ്പോൾ അവരുടെ മുഖം കാണാനാണ് ഇനി ലോകം കാത്തിരിക്കുന്നത്. പക്ഷേ ആ മുഖം ഒന്നെങ്കിലും എനിക്ക് പകർത്താൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. ആംബുലൻസുകൾ തുരങ്കത്തിനുള്ളിലേക്ക് പോയി അവരുമായി തിരികെയെത്തും. ആംബുലൻസുകളുടെ ഒരു കോൺവോയ് മാത്രമാണ് കാണാനാകുക. രാത്രിയായാൽ അതും എന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇങ്ങനെ ലോകം കാത്തിരുന്ന ഒരു രക്ഷപ്പെടൽ ദൗത്യം മുൻപുണ്ടായത് 2018ൽ തായ്‌ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമംഗങ്ങളുടെയും പരിശീലകന്റേതുമായിരുന്നു. അത് ഏറെക്കാലം കഴിഞ്ഞിട്ടില്ലാത്തതിനാൽ ഓർമയിൽ നിന്നു മാഞ്ഞിട്ടില്ല. അന്ന് 18 ദിവസത്തിനു ശേഷമാണ് അവർ പുറത്തെത്തിയത്. അവർ ഫുട്ബോൾ ടീമംഗങ്ങളായിരുന്നതിനാൽ 12 പേരുടെയും ചിത്രങ്ങൾ നേരത്തെതന്നെ പ്രചരിച്ചിരുന്നു. പക്ഷേ ഇവിടെ കുടുങ്ങിയ 41 പേർ തൊഴിലാളികളായതിനാൽ ചിത്രങ്ങൾ തീരെയില്ല. രക്ഷിച്ചുകൊണ്ടുവരുമ്പോൾ രക്ഷാപ്രവർത്തർ ഏതെങ്കിലും ചിത്രമെടുക്കുമെന്നാണ് പ്രതീക്ഷ. രാത്രി വീണ്ടും കനത്തു. ടെലിവിഷൻ ചാനലിനായി വിഡിയോ എടുക്കുന്നതിനിടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ തണുപ്പുമൂലം കിടുകിടാ വിറച്ച് ഷേക്ക് ആകാൻ തുടങ്ങി. ഷേക്ക് ആകാതിരിക്കാൻ അരികിൽക്കണ്ട ഒരു ഇരുമ്പ് പൈപ്പിലേക്ക് കൈ ചേർത്തുവച്ചു. അതാകട്ടെ ഐസ്കട്ട കുത്തിവച്ചിരിക്കുന്നതിന് സമവും. കയ്യുറ ധരിക്കാമെന്നുവച്ചാൽ   ‘തൊട്ടുകൂട്ടേണ്ട’ മൊബൈൽ പ്രവർത്തിക്കുകയുമില്ല. ഒരുവിധത്തിൽ ആ രാത്രി വിഡിയോ കൂടി അരൂരിലെ എംഎം ടിവി സ്റ്റുഡിയോയിലേക്ക് അയച്ചു.

 

പതിമൂന്നാം ദിനം.

ഇന്ന് ഉറപ്പായും അവർ പുറത്തെത്തുമെന്നാണ് അകത്ത് യന്ത്രം പ്രവർത്തിപ്പിക്കുന്ന തമിഴ്നാട്ടുകാരൻ ഷണ്മുഖത്തിന്റെ പ്രവചനം. ഷണ്മുഖം ദിവസത്തിലൊന്ന് പുറത്തെത്തുമ്പോൾ കണ്ടുകിട്ടിയാൽ അണ്ണൻ–തമ്പി കേരള സ്നേഹം മൂലം ചിലതൊക്കെ പറയും. ഒട്ടേറെ തവണ ഇന്ന് പുറത്തിറക്കും പല്ലവി കേട്ടതിനാൽ എന്താകുമെന്ന് ഇറക്കിയാൽ പറയാം എന്ന ലൈനിൽത്തന്നെയിരുന്നു. അവർ കുടുങ്ങിയിട്ട് ഇന്ന് 17 ദിനമാകുന്നു. ഒരു ദിനംകൂടി കഴിഞ്ഞാൽ തായ്‌ലന്റ് ടീമിന്റെ രക്ഷപ്പെടൽ ദിനത്തിനൊപ്പമാകും. മുംബൈയിൽ  അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ വിഡിയോഗ്രാഫർ പെറ്റെ എത്തിയിട്ടുണ്ട്. ഇന്നലെ വന്നെങ്കിലും ഇന്നാണ് ആളെ പരിചയപ്പെട്ടത്. കക്ഷിയും തായ്‌ലന്റുകാരനാണ്. ഇന്ന് ഇറക്കുമോയെന്ന് കക്ഷി ചോദിച്ചു. ഞാൻ വന്നതിനു ശേഷം എല്ലാദിവസവും ഇറക്കും എന്ന പല്ലവിയാണ് കേൾക്കുന്നതെന്ന് മറുപടിയും നൽകി. രാവിലെ പ്രാർഥിക്കാൻ കയറിയ അർനോൾഡിന്റെ മുഖത്ത് യാതൊരു തിരക്കുമില്ലാത്ത ഭാവം. ഇനി പുള്ളി പറഞ്ഞതുപോലെ ക്രിസ്മസിനേ ഇറക്കുകയുള്ളോ എന്നൊരു ആശങ്കയും മനസിൽ ഇല്ലാതിരുന്നില്ല. പത്തുമണിയോടെ തുരങ്ക മുഖത്തേക്കുള്ള റോഡിൽ  മണ്ണുകൊണ്ടുവന്ന് നിരത്തി റോഡ് കുഴിയൊക്കെ നികത്തുന്നു. തുരങ്കത്തിനുള്ളിൽ പതിവുപോലെ വെൽഡിങ്ങുകളും രക്ഷാപ്രവർത്തകരുടെ സഞ്ചാരവുമൊക്കെ മങ്ങിക്കാണുന്നുണ്ട്. ഉച്ചയോടെ കൂടുതൽ പൊലീസെത്തി. വീണ്ടും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നപോലെ. കഴിഞ്ഞ ദിവസം കേരളത്തിലെ കൊല്ലത്തുനിന്നു തട്ടിക്കൊണ്ടുപോയ ആറുവയസുകാരി കുട്ടിയെ തിരികെ കിട്ടിയ വാർത്ത ഉച്ചയോടെ അറിഞ്ഞു. അത് വലിയ മാധ്യമ ശ്രദ്ധ കിട്ടിയ സംഭവമായിരുന്നു. കുട്ടിയെ കിട്ടിയതിനൊപ്പം ഇവരെക്കൂടി രക്ഷിച്ചാൽ ഈ ദിനം എത്ര സമ്പന്നമായിരിക്കും എന്ന് വെറുതെ മനസിൽ മോഹിക്കുകയും ചെയ്തു.

 

ഉച്ചക്ക് 1.15 ആയപ്പോൾ ആംബുലൻസുകൾ പതിയെ തുരങ്ക കവാടത്തിലേക്കുള്ള വഴിയിലൂടെ എത്തിത്തുടങ്ങി. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ കുറെ കിടക്കകളുമായി അകത്തേക്ക് പോയി. താൽക്കാലികമായി ഒരു ആശുപത്രി തുരങ്കത്തിനുള്ളിൽ തുറക്കുകയാണ്. കുഴലിലൂടെ രക്ഷപ്പെടുത്തി എത്തുന്ന തൊഴിലാളികളിൽ ശുശ്രൂഷ ഉടൻ ആവശ്യമുള്ളവർക്കുവേണ്ടിയാണത്. 10 മിനിറ്റിനുള്ളിൽ 41 പേർക്കുവേണ്ടിയുള്ള ആംബുലൻസുകളും എത്തിക്കഴിഞ്ഞു. ടിവി ചാനലുകൾ ദാ അവർ പുറത്തേക്കു വരുന്നു എന്നുള്ള രീതിയിലുള്ള റിപ്പോട്ടിങ് തുടങ്ങി. ആകെ ബഹളമയം. എല്ലാവരുടെയും ലൈവുകൾ ഒരുമിച്ചു പ്രവർത്തിച്ചു തുടങ്ങിയതോടെ തേങ്ങി തേങ്ങി നീങ്ങിയിരുന്ന മൊബൈൽ ഡാറ്റയുടെ സേവനം അവസാനിച്ചു. സാധാരണ അവിടെ കിട്ടിയിരുന്ന ജിയോ നെറ്റ്‌വർക്ക് രാവിലെ തന്നെ ഇല്ലാതായിരുന്നു. താൽക്കാലിക ടവർ സ്ഥാപിച്ച വോഡഫോണും കോളുകൾ മാത്രമായി ഒതുങ്ങി. വെർട്ടിക്കൽ ഡ്രില്ലിങ് സംഘത്തിന്റെ തലവൻ അർനോൾഡ് വന്ന് 2 പൂജാരിമാർക്കൊപ്പമിരുന്ന് പൂജ ചെയ്യുന്നു. ആകെ ആംബിയൻസ് കണ്ടിട്ട് താഴെക്കൂടിത്തന്നെ ആളുകളെ ഇറക്കുന്ന ശക്തമായസൂചന. തുരങ്കത്തിലേക്ക് എൻഡിആർഎഫും ഡോക്ടർമാരും സഹായികളുമൊക്കെ കയറുന്നുണ്ട്.

 

ഉച്ചക്ക് 2മണിയോടെ മലമുകളിലേക്കുള്ള വഴിയിൽ മുപ്പതോളം ആംബുലൻസുകൾ നിരന്നു. ബാക്കിയുള്ളവ പരിസര പ്രദേശങ്ങളിലായി നിർത്തിയിട്ടിരിക്കുന്നു. ആ   കാത്തിരുപ്പ് രാത്രി 8.15വരെ നീണ്ടു. തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ആദ്യ ആംബുലൻസ് പുറത്തെത്തിയതോടെ രാഷ്ട്രീയ പാർട്ടികളുടെ മുതലെടുപ്പുകാരും അവരവരുടെ പാർട്ടിക്ക് ജയ്‌വിളികളുമായി രംഗത്തെത്തി. ഒരു മുഖമെങ്കിലും പകർത്താൻ കിണഞ്ഞു പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. രാത്രിയിൽ പാഞ്ഞുപോകുന്ന ആംബുലൻസിലെ ഒരു മുഖം പകർത്തൽ അത്ര ഈസിയായിരുന്നില്ല. കാണാവുന്ന ഒരു ജനലിൽ പകുതി സ്റ്റിക്കർ മൂലം മറഞ്ഞ ബാക്കിയുള്ള ഭാഗത്ത് ഏതെങ്കിലും മുഖം കാണാനാനാകുമോയെന്ന് ശ്രമിച്ചുകൊണ്ടേയിരുന്നു. അതിന് ഫലമുണ്ടായി രണ്ടുമൂന്ന് ആംബുലൻസിൽ നിന്നും ചില മുഖങ്ങൾ ചിത്രത്തിൽ കിട്ടി. ഇതിനൊപ്പം ടെലിവിഷനിലേക്കും ഓൺലൈനിലേക്കും ചിത്രവും വിഡിയോയും അയക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒകെ എന്ന് ടൈപ്പ് ചെയ്ത വാക്കുപോലും വാട്സാപ് വഴി പോകുന്നില്ല. നെറ്റ്‌വർക്കുകൾ മുഴുവൻ കുടുങ്ങിക്കിടക്കുന്നു. ആ കൊച്ചു കാട്ടിൽ അരിച്ചെത്തുന്ന റേഞ്ച് ചാനലുകളുടെ ലൈവ് വ്യൂ സംവിധാനങ്ങളുടെയും അവിടെക്കൂടിയ ആളുകളുടെ  ഫേസ്ബുക്ക് ലൈവ്, വാട്സാപ് വിഡിയോ കോളുകളിലെല്ലാം കുരുങ്ങി ഇല്ലാതായി. ചിത്രമെടുത്ത് റേഞ്ച് അരിച്ചെത്തുന്ന സ്ഥലങ്ങളിലെല്ലാം ഓടിനടന്നു നോക്കി. നേരെ മൊബൈൽ ടവറിനു ചുവട്ടിൽ ചെന്ന് അതിന്റെ ആന്റിനയിൽ  മൊബൈൽ ഫോൺ മുട്ടിച്ചു നോക്കി. ഇല്ല രക്ഷയില്ല. ഇനി ഈ സ്ഥലത്തുനിന്നു രക്ഷപെടുകയേ നിവൃത്തിയുള്ളൂ. എല്ലാ ആംബുലൻസുകളും പൊയ്ക്കഴിഞ്ഞപ്പോൾ രാത്രി 09.25 ആയിരിക്കുന്നു. പിന്നെ ഓടിച്ചെന്ന് വാഹനത്തിൽ കയറി. അവിടെനിന്നു താഴ്‌വാരത്തേക്ക് ഓടിച്ചു പോകാൻ പറഞ്ഞു. ആ പോയ പോക്കിൽ ചിത്രവും ഹിമാലയൻ മലനിരകൾ കടന്നു കോട്ടയം ഓഫിസിലേക്ക് പറന്നുപോയ്.



More - https://www.manoramaonline.com/premium/news-plus/2023/11/26/uttarkashi-tunnel-collapse-rescue-operations-in-final-stage-photo-story.html

https://www.theweek.in/theweek/cover/2023/11/25/uttarakhand-tunnel-collapse-has-triggered-an-interesting-interplay-of-development-national-security-environmental-concerns-and-faith.html

https://www.manoramaonline.com/news/india/2023/11/29/41-employees-rescued-from-uttarakhand-silkyara-kandalgaon-tunnel.html

https://www.manoramaonline.com/premium/news-plus/2023/12/09/what-environmental-lessons-are-conveyed-by-the-silkyarya-tunnel-accident-in-uttarkashi.html

https://www.manoramaonline.com/news/editorial/2023/11/29/manorama-team-at-sikyara.html 

https://www.manoramaonline.com/premium/life/2023/12/15/see-the-rat-miners-uttarkashi-tunnel-collapse-rescue-operation-day-by-day-photo-story.html 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...