2013, ഡിസംബർ 29, ഞായറാഴ്‌ച

ഇതാ! മാരത്തണ്‍... ഡിസംബര്‍ 29, 2013

രാവിലെ 4.30ന് തന്നെ ഉണര്‍ന്നു. കുട്ടിക്ക് നല്ല പനിയുണ്ട്. എന്റെ തൊണ്ടയിലും ചെറിയൊരു കഫം തടയല്‍പോലെ... പക്ഷേ വിട്ടുകൊടുക്കാനാവില്ല. ഈ കഠിന അവസ്ഥകളെയെല്ലാം തരണം ചെയ്ത് ഇത്രയും വരെ എത്തിച്ചിട്ട് പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കാനോ...? സാധ്യമല്ല. തുളസിയിലയില്‍ ആവിപിടിച്ച്, ഉപ്പുവെള്ളം തൊണ്ടയില്‍ കൊണ്ട്... മഹാരാജാസ് കോളജ് മൈതാനിയിലേക്ക് കുതിച്ചു. 

അവിടെ ചെല്ലുന്നതിന് മുന്‍പുതന്നെ ആയിരക്കണക്കിന് ആളുകള്‍ എത്തിയതിന്റെ തിരക്കുകള്‍ റോഡില്‍ ദൃശ്യമായിരുന്നു. ടീം മനോരമയുടെ സ്റ്റാളിലെത്തി. ഏഴ് കിലോമീറ്റര്‍ ഒാടാനുള്ള മനോരമ സംഘത്തിലെ ചിലരൊക്കെ എത്തിയിട്ടുണ്ട്. 21 കിലോമീറ്റര്‍ ഒാടാനുള്ളവര്‍ മനോരമ സംഘത്തിലെ ആളുകളെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഏതായാലും 21 കിലോമീറ്റര്‍ ആദ്യം ആരംഭിക്കുന്നതിനാല്‍ വാം അപ് ഏരിയയിലേക്ക് പൊയ്ക്കൊള്ളാന്‍ വൊളന്റിയര്‍ നിര്‍ദേശിച്ചു. വിദേശത്തെയും സ്വദേശത്തെയു ഗ്ളാമര്‍ താരങ്ങള്‍ക്ക് പിന്നിലായി ആയിരങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിന്നില്‍ 35 വയസില്‍ താഴെയുള്ളവരും തൊട്ടുപിന്നിലായി 35-45 പ്രായവിഭാഗത്തിലുള്ളവരും. വാം അപ് ഏരിയയില്‍ നിന്നുകൊണ്ട് എയറോബിക്സ് ചെയ്യിക്കുന്ന സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കുറച്ചൊക്കെ എക്സര്‍സൈസ് ചെയ്തു. കൂടുതല്‍ ചെയ്താല്‍ കുഴപ്പമാകും ഒാടാനുള്ള ഊര്‍ജം ഇല്ലാതായാലോ? കൃത്യം 6.15ന് തന്നെ ആദ്യ സംഘം പുറപ്പെട്ടു. പിന്നാലെ 35 വയസില്‍ താഴെയുള്ളവരും അതിനും പിന്നാലെ ഞാനടങ്ങുന്ന 35 വയസിന് മേലെയുള്ളവരുടെ സംഘവും. നേവിക്കാരാണ് എന്റെ സംഘത്തില്‍ കൂടുതലായുള്ളത്. സ്റ്റേഡിയത്തെ പകുതി വലംവച്ച് റോഡിലേക്കിറങ്ങിയതോടെ ഉത്സവപ്പറമ്പിലേതുപോലെ ജനം. ഒാവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ല. മുന്‍പില്‍പ്പോയ 35 വയസില്‍ താഴെയുള്ള പലരും കിതയ്ക്കുന്നു... നേവിക്കാരാകട്ടെ വഴി നിറഞ്ഞോടി എനിക്ക് മറികടക്കാന്‍ സ്ഥലവും കിട്ടുന്നില്ല. കിട്ടിയ ഒഴിവുകള്‍ മുതലാക്കി രണ്ട് കിലോമീറ്റര്‍ കടന്നതോടെ ആളുകളെല്ലാം ചിതറി.. നിരന്നു.. തേവരയിലെ ഐഎന്‍സ് വിക്രാന്ത് പാലവും കടന്ന് വാതുരുത്തിയിലെത്തിയതോടെ അവസ്ഥമാറി... വഴിയിലെ ശ്വാസം മുഴുവന്‍ വലിച്ചെടുക്കുന്ന ഒാട്ടക്കാരുടെ മൂക്കിലേക്ക് വാതുരുത്തിയിലെ തമിഴര്‍ രാവിലെ റോഡരികിലിരുന്ന് സ്ഥാപിച്ച 'ചില സംഗതികളുടെ' മണം തുളച്ച് കയറി. സത്യം പറയട്ടെ ഈ രണ്ട് കിലോമീറ്റര്‍ ദുര്‍ഗന്ധം സഹിച്ച് കടന്നുകൂടാന്‍ പെട്ട പാട് ചെറുതല്ല. തോപ്പുംപടി പാലത്തിലെ കയറ്റം ഇത്രയേറെ തോന്നിച്ച മറ്റൊരു ദിനമില്ല. തോപ്പുംപടികടന്ന് എസ്ബിടിയുടെ മുന്നിലെത്തിയപ്പോള്‍ ദേശീയപതാകയുമായി അവിടുത്തെ സ്റ്റാഫ് വരവേല്‍ക്കുന്നു. തൊട്ടുപിന്നാലെ മീഡിയ വാഹനത്തില്‍ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ എതിരെ കടന്നുവരുന്നു. അവരെ കൈകാട്ടിയപ്പോള്‍ തിരിച്ചറിഞ്ഞവര്‍ വളരെ വേഗത്തില്‍ ക്ളിക്കില്‍ വിരലമര്‍ത്തുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ജംങ്ഷനിലെത്തിയപ്പോള്‍ മുന്നേ പുറപ്പെട്ട ആഫ്രിക്കന്‍ ഒാട്ടക്കാര്‍ അഞ്ചുകിലോമീറ്ററോളം മുന്നിലോടി തിരിച്ചെത്തുന്നു. സന്തോഷമായി... ഞാനും അത്രയൊന്നും പിന്നിലല്ലല്ലോ? മാത്രമല്ല നേവിയിലെയും എക്സൈസിലെയും പൊലീസിലെയുമൊക്കെ സംഘത്തിലെ പലരെയും ഞാന്‍ ഇതിനകം കവര്‍ ചെയ്തുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ വഴിയരികിലെല്ലാം രാവിലെ തന്നെ ജനം തിങ്ങിനിറഞ്ഞുനില്‍പ്പുണ്ട്. പാണ്ടിക്കുടിയിലെ വളവിലെത്തി തിരിഞ്ഞ് ഒാടുമ്പോള്‍ പകുതി തീര്‍ന്നല്ലോയെന്ന ആശ്വാസം മനസിലെത്തി. 
വീണ്ടും തോപ്പുംപടി ജംങ്ഷനിലെത്തി പൌരാണിക പാലത്തിലൂടെ കടക്കുമ്പോള്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. ചിത്രത്തില്‍ ക്ഷീണം വരാതിരിക്കാന്‍ മുഖം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചു. 

വാതുരുത്തിയിലെ 'ഗന്ധസ്ഥലവും' കടന്ന് തേവര പാലം കടക്കുമ്പോള്‍ ഒളിംപ്യന്‍ മേഴ്സികുട്ടന്‍, ജോസ്കുട്ടിയും ഉണ്ടോയെന്ന് ചോദിച്ച് അവിടെ നില്‍ക്കുന്നു. പള്ളിമുക്കിലെത്തിയപ്പോള്‍ ഇനി രണ്ട് കിലോമീറ്റര്‍ മാത്രമെന്ന ബോര്‍ഡ് കണ്ടു. വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. പരിശീലനത്തേക്കാള്‍ വേഗത്തിലാണ് ഒാടിയതെന്ന് ഉറപ്പ്. സ്റ്റേഡിയത്തിന് അടുത്തെത്താറായതോടെ വഴിയുടെ ഇരുവശവും ആളുകളുടെ തിരക്ക് കൂടിവരുന്നു. മനോരമ സംഘം ആശംസയറിയിക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെ 21 കിലോമീറ്റര്‍ തികച്ച ആദ്യ മനോരമക്കാരനായി സ്റ്റേഡിയത്തിലേക്ക് കയറി ഫിനിഷിങ് ലൈനിലെ ഹംപില്‍ ബീപ് ശബ്ദം കേള്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഒാടിയെത്തി ആശംസയറിയിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം മെഡലും സമ്മാനത്തുകയും ഏറ്റുവാങ്ങുമ്പോള്‍ രാജ്യാന്തര താരമായ പ്രതീതിയായിരുന്നു എനിക്ക്. നന്ദി... എല്ലാവര്‍ക്കും... 

ഈ കഠിന പ്രയത്നത്തിലൂടെ എനിക്ക് ലഭിച്ചത്: 
1) സിക്സ് പാക്ക് തിരിച്ചെത്തി...
2) 32 ല്‍ നിന്നും അരയളവ് 28ലേക്ക് ചുരുങ്ങി
3) മാരത്തണ്‍ മെഡല്‍
4) സമ്മാനത്തുക
5) ഇടതുകാലിലെ ഒരു നഖം തകരാറിലായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...