2014, നവംബർ 4, ചൊവ്വാഴ്ച

പാദങ്ങൾക്കുജീവൻ വയ്ക്കട്ടെ..

നമ്മുടെ രണ്ടുകിലോമീറ്റർ പരിശീലനം കഴിഞ്ഞ ഈ വേളയിൽ നിങ്ങൾക്കൊരു കാര്യം മനസിലായിക്കാണും. അതെ! നിങ്ങളേക്ക‍ാൾ ആരോഗ്യവും ശരീരക്കുറവുമുള്ള ആളുകളൊക്കെ ഓടുന്നെങ്കിൽ നിങ്ങൾക്കും പറ്റും. അതിനായി കടുത്ത പരിശീലനമൊന്നും ആവശ്യമില്ല, മനസുറപ്പിച്ചാൽ പകുതിയായി. മനസുറപ്പിക്കുന്നതിനൊപ്പം ഇനി പാദംകൂടി ഉറപ്പിക്കണം. അതിനായി നല്ലൊരു ഷൂസ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നഗ്നപാദരായും, വള്ളിച്ചെരുപ്പിട്ടുമൊക്കെ ഓടിയെങ്കിൽ ഇനി ആ രീതി മാറ്റണം. നമ്മൾ റോഡിലേക്കിറങ്ങി പരിശീലനം ആരംഭിക്കുകയാണ്. ടാറും പാദവും തമ്മിൽ അത്രനല്ല രസത്തിൽ പോകില്ലാത്തതിനാൽ മികച്ച ഷൂസ് തന്നെ തിരഞ്ഞെടുക്കുക. ഭാരക്കുറവുള്ളതും ചെറുതായി നനഞ്ഞാൽ വെള്ളം തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കാത്തതുമായ ഷൂസ് തിരഞ്ഞെടുക്കുക. തറയിൽ നിന്ന് തെന്നിമാറാത്ത 'ഗ്രിപ്പും' ഷൂസിനുണ്ടാകണം. റണ്ണിങ് ഷൂസ് എന്നുപറഞ്ഞുതന്നെ വിവിധ ബ്രാൻഡുകൾ നിലവിലുണ്ട്. ഹസ്വദൂര ഓട്ടങ്ങൾക്ക് ഉപയോഗിക്കുന്ന അടിയിൽ ആണിയുള്ള സ്പൈക്സ് തിരഞ്ഞെടുക്കരുത്. ഇതുമായി റോഡിൽ ഓടാനാകില്ല. വള്ളിയില്ലാത്തവ ഒഴിവാക്കി ലെയ്സ് ഉപയോഗിക്കുന്ന ഷൂസ് തന്നെ തിരഞ്ഞെടുക്കുക. കാരണം ദീർഘദൂര ഓട്ടത്തിനായി നമ്മുടെ കാലിനെ സജ്ജമാക്കുമ്പോൾ ഷൂസിനും കാലിനുമിടയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ വള്ളിയുള്ള ഷൂസ് തന്നെയാണ് നല്ലത്. ഒപ്പം നല്ലൊരു സോക്സും തിരഞ്ഞെടുക്കുക. കോട്ടൺ സോക്സാണ് സാധാരണ ഉപയോഗിക്കാൻ നല്ലതെന്ന് നമ്മൾ കരുതുന്നതെങ്കിലും വിയർപ്പ് തങ്ങി ട്ടത്തിനിടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സോക്സുകളെ ഒഴിവാക്കുക. ഫുട്ബോൾ താരങ്ങൾ ധരിക്കുന്ന നീളം കൂടിയ സോക്സും ഒഴിവാക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന പ്രത്യേക കടകളിൽ നിന്നുതന്നെ ഇവ തിരഞ്ഞെടുത്താൽ കൂടുതൽ 'ചോയ്സ്' നമുക്ക് ലഭിക്കും.

 നാളത്തെ പരിശീലനം മൂന്നുകിലോമീറ്ററിലേക്ക് ഉയർത്തുക. ഒരു കിലോമീറ്റർ ഒറ്റയടിക്ക് കൂട്ടണോ എന്ന് വിചാരിച്ച് വിഷമിക്കേണ്ട. പുതിയ പാതയിൽ നിങ്ങൾക്ക് ഈ ഒരു കിലോമീറ്റർ എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല. തിരിച്ചെത്തിയാൽ ഉടൻ തന്നെ ഷൂസും സോക്സും അഴിച്ചുവച്ച് കാലിനെ സ്വതന്ത്രമാക്കിയിടുക. വീട്ടിലെ സോഫയിലോ കസേരയിലോ കയറിയിരിക്കാതെ തറയിൽത്തന്നെ കാലുകൾ മുന്നോട്ടുനീട്ടിയിട്ട് ഇരിക്കുക. ഇതിൽ രണ്ടുണ്ട് കാര്യം. ഒന്ന്: തറയിലിരുന്നാൽ തണുപ്പ് ലഭിച്ച് നിങ്ങളുടെ കാലുകൾ വേഗത്തിൽ പൂർവ അവസ്ഥയിലേക്ക് എത്തും. മാത്രമല്ല ഇഷ്ടമുള്ള രീതിയിൽ നമുക്ക് നിലത്ത് ഇരിക്കുകയും ചെയ്യാം.  രണ്ട്: തികച്ചും രഹസ്യമായത്... വിയർപ്പുപറ്റി വീട്ടിലെ കസേരയും സോഫയുമൊന്നും വൃത്തികേടാവില്ല.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...