എലിമട കൽക്കരി ഖനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എലിമട കൽക്കരി ഖനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഫെബ്രുവരി 7, ശനിയാഴ്‌ച

മേഘാലയയിലെ എലിമട ഖനിയിൽ

IMAGE 

ഡൽഹിയിലെ തിരക്കുകളിൽനിന്ന് 2026 ഫെബ്രുവരി 6-ാം തീയതി ഉച്ചയ്ക്കുള്ള വിമാനത്തിൽ കയറുമ്പോൾ ലക്ഷ്യം അസമിലെ ഗുവാഹത്തിയായിരുന്നു. കൊൽക്കത്തയിൽനിന്ന് വിമാനമാർഗം എത്തിയ റിപ്പോർട്ടർ ജാവേദ് പർവേഷ് ഗുവാഹത്തി വിമാനത്താവളത്തിൽവച്ച് എനിക്കൊപ്പം ചേർന്നു. അവിടുന്ന് മേഘാലയയുടെ ഹൃദയമായ ഷില്ലോങ്ങിലേക്ക് കാറിൽ ഒരു ദീർഘയാത്ര. രാത്രി 11 മണിയോടെ തണുപ്പിന്റെ പുതപ്പിനടിയിലായ ഷില്ലോങ്ങിലെത്തുമ്പോഴും എന്റെ മനസ്സ് ഇനിയും കണ്ടിട്ടില്ലാത്ത ഈസ്റ്റ് ജയന്തിയാ ഹിൽസിലെ ആ കൽക്കരി ഖനിക്കു ചുറ്റുമായിരുന്നു. അവിടെ ഒരുകൂട്ടം മനുഷ്യർ അപകടത്തിൽപ്പെട്ട വിവരം അപ്പോഴും അധികം ആളുകളൊന്നും അറിഞ്ഞിരുന്നില്ല.


പിറ്റേന്ന് രാവിലെ 6 മണിക്ക് തന്നെ ഞങ്ങൾ ഷില്ലോങ്ങിൽ നിന്നുള്ള മറ്റൊരു കാറിൽ  യാത്ര തിരിച്ചു. എത്തിപ്പെടാൻ കൈവശമുള്ളത് ഗൂഗിൾ മാപ്പിലെ ഒരു ലൊക്കേഷൻ മാത്രം. ജയന്തിയ ഹില്ലിനോട് ചേർന്നുള്ള 'മൈന്ദിഹട്ടി സിമന്റ് ബസാർ' എന്ന സ്ഥലത്തെത്തിയപ്പോൾ മാപ്പിന്റെ താളം തെറ്റി. വഴി ചോദിച്ചവരാകട്ടെ വ്യത്യസ്ത ദിശകൾ കാട്ടി. വനത്തിനുള്ളിലൂടെ മൂന്ന് മണിക്കൂറോളം സഞ്ചരിക്കണമെന്നും ഒരു ഫോർവീൽ ഡ്രൈവ് വാഹനം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മനസ്സിലാക്കാൻ അധികനേരം വേണ്ടി വന്നില്ല. ജാവേദ് പല കടകളിലും കയറിയിറങ്ങി ഖനിയിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടിരുന്നു. വനത്തിലേക്കുള്ള യാത്രയായതിനാൽ വഴിയിൽ കരുതാൻ ഞാൻ കുറച്ച് പഴങ്ങളും വാങ്ങി.


വാഹനത്തിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നീട്. സിമന്റ് ബസാറിലെ ഖാസി ഭാഷ മാത്രം സംസാരിക്കുന്നവരുടെ ഇടയിൽ ഞങ്ങളുടെ ഇംഗ്ലീഷും ഹിന്ദിയും കലർന്ന ചോദ്യങ്ങൾ പലപ്പോഴും ഉത്തരമില്ലാതെ അവശേഷിച്ചു. ഒടുവിൽ അതുവഴി വന്ന ഒരു ബൊലേറോ വാഹനം കൈകാട്ടി നിർത്തി. 7500 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. എത്ര ദൂരം ഉണ്ടെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല.  "കാശ് ദൂരത്തിനല്ല സർ, ആ വനത്തിനുള്ളിലെ കല്ലും മണ്ണും നിറഞ്ഞ വഴികളിലൂടെ പോയി വന്നാൽ വണ്ടിക്ക് ചുരുങ്ങിയത് അയ്യായിരം രൂപയുടെ പണിയുണ്ടാകും." ഇതായിരുന്നു ഞങ്ങളുടെ കാർ ഡ്രൈവറോട് ഫോർവീൽ ഡ്രൈവ് വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞ ന്യായം. ആ വാക്കുകളിലെ ന്യായം  യാത്ര തുടങ്ങിയപ്പോഴാണ് ബോധ്യപ്പെട്ടത്.


മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകളില്ലാത്ത ഒരു 'തല്ലിപ്പൊളി' വണ്ടി. അകത്ത് മ്യൂസിക് സിസ്റ്റം ഇരിക്കേണ്ട പഴുതിലൂടെ റോഡിലെ പൊടി ഒരു പ്രളയം പോലെ അകത്തേക്ക് അടിച്ചു കയറുന്നു. സൈപുങ് (SAIPUNG) റിസർവ് വനം ലക്ഷ്യമാക്കി ആ വണ്ടി കുതിച്ചു എന്ന് പറയാനാവില്ല, കല്ലുകളിൽനിന്ന് കല്ലുകളിലേക്ക് ആ ജീപ്പ് ആഞ്ഞാഞ്ഞ് ചാടുകയായിരുന്നു. ഓരോ കല്ലിൽ ചാടുമ്പോഴും വണ്ടി മറിയുമെന്ന് തോന്നിപ്പോകും. അത്തരമൊരു ചാട്ടത്തിനിടെ ജാവേദിന്റെ തല മുകളിലെ കമ്പിയിലിടിച്ച് മുറിഞ്ഞു. ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിനോടൊപ്പം സീറ്റിൽ നിന്ന് തെറിച്ചുപോകുന്ന ക്യാമറാ ബാഗ് കൈവിടാതെ പിടിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഏകദേശം രണ്ടര മണിക്കൂർ നീണ്ട ഈ നരകയാത്രയ്ക്കൊടുവിലാണ് 'തങ്സ്കു' മേഖലയിലെ ആ അപകട ഖനിയുടെ പരിസരത്തെത്തുന്നത്.


അവിടെ ആദ്യമായി കണ്ണിൽപ്പെട്ടത് എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും യൂണിഫോമുകളാണ്. സാധാരണ ഇത്തരം വലിയ ദുരന്തമുഖങ്ങളിൽ കാണാറുള്ള മാധ്യമക്കൂട്ടമോ,  ജനക്കൂട്ടമോ അവിടെയില്ല. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഏതാണ്ട് അറുപതോളം പേർ മാത്രം അടങ്ങുന്ന ഒരു സംഘം ആ വനമധ്യത്തിലുണ്ട്. 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണെങ്കിലും രാഷ്ട്രീയക്കാരുടെയും സ്വാധീനമുള്ളവരുടെയും ഒത്താശയോടെ ഇവിടെ ഖനനം നിർബാധം നടക്കുന്നുണ്ടായിരുന്നു. മേഘാലയയിൽ ഇതുപോലെ ഉപേക്ഷിക്കപ്പെട്ട 22,000-ത്തോളം എലിമട ഖനികളുണ്ടെന്നാണ് കണക്ക്.


അധികം വൈകാതെ വലിയൊരു ക്രെയിൻ ഒരു ഇരുമ്പ് തൊട്ടി താഴെനിന്നും മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. അതിൽ കൽക്കരിയുടെ കറുപ്പിൽ കുളിച്ച് രണ്ട് എസ്ഡിആർഎഫ് ഉദ്യോഗസ്ഥരായിരുന്നു. ഏകദേശം 30 മീറ്റർ താഴ്ചയിലേക്കാണ് ആ ഇരുമ്പ് തൊട്ടിയിൽ അവർ ഇറങ്ങുന്നത്. അവിടെ നിന്നങ്ങോട്ട് അഞ്ച് വലിയ തുരങ്കങ്ങൾ വേർപിരിയുന്നു. ആ തുരങ്കങ്ങളിൽ നിന്ന്  മനുഷ്യന് കഷ്ടിച്ച് നുഴഞ്ഞു കയറാൻ മാത്രം വലിപ്പമുള്ള നൂറുകണക്കിന് ഉപതുരങ്കങ്ങൾ! പ്രാണവായു ഇല്ലാത്ത ആ എലിമടകളിലെ ഇരുട്ടിനോട് പൊരുതിയതിന്റെ നിസ്സഹായാവസ്ഥ ആ ഉദ്യോഗസ്ഥരുടെ മുഖത്തുണ്ടായിരുന്നു.


അവർക്ക് പിന്നാലെ അതേ തൊട്ടിയിൽ ചില പ്രാദേശിക റാറ്റ്മൈനർമാരും മുകളിലെത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു തദ്ദേശവാസിയുടെ മുഖത്തെ വിഷമം അവിടെ കണ്ട മറ്റാരിലും ഉണ്ടായിരുന്നില്ല. ഞങ്ങൾ എത്തുന്നതിന് തൊട്ടുമുൻപ് രണ്ട് മൃതദേഹങ്ങൾ കൂടി പുറത്തെടുത്തിരുന്നു. അതോടെ ആ ദുരന്തത്തിലെ ഔദ്യോഗിക മരണസംഖ്യ 27 ആയി. എന്നാൽ 50-ൽ പരം ആളുകൾ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അവിടെയുള്ളവർ നൽകിയ സൂചന. 800 രൂപ ദിവസക്കൂലിക്കായി സ്വന്തം ജീവൻ പണയപ്പെടുത്തി ഈ എലിമടകളിൽ നുഴഞ്ഞിറങ്ങുന്ന അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് ഇരകളിൽ ഭൂരിഭാഗവും.


തൊട്ടടുത്ത ഖനിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് മീഥേൻ വാതകത്തിന് തീ പിടിച്ചതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ഭൂമിക്കടിയിൽ നൂറടിക്കപ്പുറം പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന ഈ മാളങ്ങളിലൂടെ തീ പടരുകയായിരുന്നു. ഖനിയുടെ പ്രധാന തുരങ്കത്തിൽ നിന്ന് 750 മീറ്റർ അകലെ വരെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരുക്കേറ്റ പലർക്കും 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ ഖനി നടത്തിപ്പുകാർ തൊഴിലാളികളുമായി കടന്നുകളഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ അറസ്റ്റിലായെങ്കിലും ഇതിനു പിന്നിലെ യഥാർത്ഥ 'സ്പോൺസർമാർ' ഇപ്പോഴും കാണാമറയത്താണ്.


സമയം വൈകുന്നേരം 4.30 കഴിഞ്ഞതോടെ ആ കാട്ടിനുള്ളിൽ പതിയെ ഇരുട്ട് പടർന്നു തുടങ്ങി. മൊബൈൽ ഇന്റർനെറ്റ് റേഞ്ച് അവിടെ തീരെയില്ല. ചില സർവീസ് പ്രൊവൈഡർമാരുടെ സിഗ്നലുകൾ ഫോൺ വിളികൾക്ക് മാത്രമായി ഇടയ്ക്കിടെ മിന്നിമറയുന്നു. നന്നായൊന്ന് കുളിച്ച് ശരീരത്തിലെ കൽക്കരിപ്പൊടിയും യാത്രാക്ഷീണവും മാറ്റണം, അതിലുപരി ഈ വാർത്തയും ചിത്രവും ഓഫീസിലേക്ക് അയച്ചു നൽകണം. അതിനായി ഹോട്ടൽ ലക്ഷ്യമാക്കി ഞങ്ങൾ തിരികെ യാത്ര തിരിക്കുമ്പോൾ, ആ വലിയ വനത്തിന് നടുവിൽ തങ്സ്കു എന്ന പ്രദേശം ഒരു വലിയ ശവപ്പറമ്പുപോലെ നിശബ്ദമായിരുന്നു. ആ മണ്ണിൽ നിന്ന് പണ്ട് കറുപ്പിന്റെ കരിമ്പടം പുതച്ച കൽക്കരിയായിരുന്നു പുറത്തെത്തിയിരുന്നതെങ്കിൽ, ഈ ദിനങ്ങളിൽ വെളുത്ത കവറിൽ പൊതിഞ്ഞ മനുഷ്യ ശരീരങ്ങളാണ് പുറത്തെത്തിയിരുന്നത്.

Read  In ENGLISH

മേഘാലയയിലെ എലിമട ഖനിയിൽ

IMAGE   ഡൽഹിയിലെ തിരക്കുകളിൽനിന്ന് 2026 ഫെബ്രുവരി 6-ാം തീയതി ഉച്ചയ്ക്കുള്ള വിമാനത്തിൽ കയറുമ്പോൾ ലക്ഷ്യം അസമിലെ ഗുവാഹത്തിയായിരുന്നു. കൊൽക്കത്...