കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച
2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
മനുഷ്യര്‍ക്ക് നന്ദി... യന്ത്രങ്ങള്‍ക്കും...
![]() |
http://www.manoramaonline.com/advt/Astrology/birth-sign-2014/August-11.html |
![]() |
My Google home page today |
ഒാഗസ്റ്റ് 11ന് ജനിച്ചവര്‍ ഇങ്ങനെയൊക്കെയാണെന്ന് പ്രഫ.ദേശികം രഘുനാഥന്‍ പറയുന്നു. എന്നെ അറിയാവുന്നവര്‍ ഇതിനെക്കുറിച്ച് എന്തുപറയുന്നു...?
(http://www.manoramaonline.com/advt/Astrology/birth-sign-2014/August-11.html)
തികഞ്ഞ നിരീക്ഷകര്‍
ഓഗസ്റ്റ് 11ന് ജനിച്ചവര്‍
തികഞ്ഞ നിരീക്ഷകരാണ് ഓഗസ്റ്റ് 11ന് ജനിച്ചവര്‍. മികച്ച ആശയവിനിമയശേഷിയും ഈ ദിനക്കാര്‍ക്കുണ്ട്. സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ശക്തമായി ആഗ്രഹിക്കുന്നവരാണിവര്‍. വീട്ടിലായാലും ജോലിസ്ഥലത്തായാലും പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കിറങ്ങി ചെല്ലാന്‍ ഇക്കൂട്ടര്‍ക്കാകുന്നു. കെട്ടിച്ചമച്ച കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ ഇവര്‍ക്കാകുന്നു. അപ്രിയസത്യങ്ങളും തുറന്നുപറയാന്‍ ഒരു മടിയും കാണിക്കുന്നില്ല. കടുത്ത വിമര്‍ശകരാണിവര്‍. ഈ സ്വഭാവം ഇവരെ മറ്റുള്ളവരില്‍ നിന്നകറ്റാന്‍ കാരണമാകുന്നു. എന്നിരുന്നാലും മറ്റുള്ളവരിലെ നന്മ കണ്ടെത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള മനസും കൂടിയുണ്ടിവര്‍ക്ക്. തികഞ്ഞ നിരീക്ഷണബുദ്ധിയും ധൈര്യവും ഉറച്ചുനില്‍ക്കാനുള്ള ശേഷിയും ചേര്‍ന്ന് ഇവര്‍ക്ക് വിജയം പ്രദാനം ചെയ്യുന്നു. ആളുകളെ മുഖവിലയ്ക്കെടുക്കാനുള്ള വൈമനസ്യം ഇവരുടെ ബന്ധങ്ങള്‍ക്ക് വിള്ളല്‍ സംഭവിക്കാന്‍ ഇടയാക്കുന്നു. 41 വയസുവരെ പ്രാവര്‍ത്തികതയും പ്രാപ്തിയും പ്രാധാന്യം നല്‍കുന്നു. വിമര്‍ശനം കൂടുന്നില്ലെന്ന് ഈ ദിനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
സ്നേഹബന്ധം
തങ്ങളിലെ വൈകാരികത തുറക്കാന്‍ വൈമനസ്യമുള്ളവരാണ് ഓഗസ്റ്റ് 11ന് ജനിച്ചവര്‍. പക്ഷേ ഒരിക്കലൊരാളെ കണ്ടെത്തിയാല്‍ ഇവര്‍ വിശ്വസ്തരും സഹൃദയരും പ്രണയലോലുപരുമായ പങ്കാളികളാവും. തങ്ങളെപ്പോലെ തന്നെയുള്ള ബുദ്ധിശക്തിയും കരുത്തും ഒത്തവരിലേക്കാണ് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നത്. സ്നേഹഭാജനവുമായി അമിതമായ വാദപ്രതിവാദങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടിവര്‍.
ആരോഗ്യം
സ്വഭാവങ്ങളും ശീലങ്ങളും ഉറച്ചുകഴിഞ്ഞാല്‍ മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസക്കാരാണിവര്‍. ശീലങ്ങള്‍ക്ക് മാറ്റം വരുത്താനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകണം. ഭാവിയില്‍ എന്ത് ചെയ്യാനാകുമെന്നതിനെക്കുറിച്ച് തലപുണ്ണാക്കുന്നവരാണിവര്‍. തര്‍ക്കങ്ങളിലും അപകടങ്ങളിലും പെടാനുള്ള പ്രവണത ഈ ദിനക്കാരില്‍ കൂടുതലാണ്. പ്രവര്‍ത്തിക്കും മുന്‍പ് ചിന്തിക്കാന്‍ ശീലിക്കണം ഇവര്‍. കൃത്യമായ വ്യായാമം നിര്‍ബന്ധമാക്കണം. പച്ചനിറം നല്ലതാണ്.
തൊഴില്‍
വിമര്‍ശകരാകാന്‍ വേണ്ടി ജനിച്ചവരാണിവര്‍. കൂടാതെ ജേര്‍ണലിസ്റ്റ്, നിയമപാലകര്‍, സെയില്‍സ്, വിമര്‍ശകര്‍, ലേലം, ഫിനാന്‍സ്, കച്ചവടം, എഴുത്ത്, പാട്ട് തുടങ്ങിയ മേഖലകളില്‍ വിജയിക്കും.
2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച
യന്ത്രങ്ങൾ തരുമോ ജീവൻ...?
യന്ത്രങ്ങൾ ശിലായുഗം മുതൽ മനുഷ്യന്റെ കൂടപ്പിറപ്പാണ്. മനുഷ്യനെ വേട്ടയാടാൻ സഹായിച്ച കൽച്ചീളുമുതൽ തുടങ്ങുന്നു യന്ത്രങ്ങളുമായുള്ള നമ്മുടെ കൂട്ടുകെട്ട്. ഇപ്പോഴത് കവണ മുതൽ റോക്കറ്റ് വരെ എത്തിനിൽക്കുന്നു. തലമുറകളിലേക്ക് സ്നേഹം പകരുമ്പോൾ ഈ യന്ത്രങ്ങളും പിൻതലമുറക്കാരന് നൽകിവരുന്നത് നമ്മുടെ ശൈലി. പുതിയത് വാങ്ങി വരും തലമുറക്ക് നൽകുമ്പോൾ അതിനൊപ്പം പഴമയുടെ അറിവും കൂടി പകർന്നു നൽകേണ്ടതുണ്ട്.
ഇന്ന് പലകുട്ടികളും മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നത് സാദാ സൈക്കിൾ ഉപയോഗിക്കാതെയാണ്. ബാലൻസ് ചെയ്യുന്നതിനൊപ്പം പെഡൽ ചവിട്ടുകയും റോഡിൽ സിഗ്നൽ കാണിക്കാനും മറ്റൊരാളെ പിന്നിലിരുത്തി കയറ്റം ചവിട്ടിക്കയറ്റാനുമെല്ലാം നല്ല കരുത്തും കരുതലും വേണം. ഈ ബാല പാഠങ്ങൾ അഭ്യസിക്കാതെ 250 സിസി മോട്ടോർ സൈക്കിൾ ആദ്യമായി കിട്ടുന്ന ഒരു കുട്ടിക്ക് മാതാപിതാക്കൾ വാങ്ങിനൽകിയ ഈ സ്നേഹം പൂർണമാകുമോയെന്ന് എനിക്ക് സംശയം.
കഴിഞ്ഞദിവസമാണ് അങ്കമാലി കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ വിദ്യാർഥികളായ രണ്ടുപേർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്. രാത്രി 11ന് ഉണ്ടായ ഈ അപകടത്തിൽ വഴിയാത്രക്കാരനായ ഒരാളും മരിച്ചിരുന്നു. പിറ്റേന്ന് വാർത്താസംബന്ധമായി അവരുടെ കോളജിൽ എത്തിയ എനിക്ക് ഈ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജ് പരിശോധിക്കേണ്ടിവന്നു. അതിൽ കാണാൻ കഴിഞ്ഞതെല്ലാം വാഹനത്തോടുള്ള സ്നേഹകാഴ്ചകളാണ്. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഇവരുടെ കൂട്ടുകാരെയും കടന്ന് ഈ യന്ത്രം അവരെ മരണത്തിന്റെ പിടിയിലേക്ക് തള്ളിവിട്ടപ്പോൾ നഷ്ടപ്പെട്ടത് ഇതുവാങ്ങാൻ പണം നൽകിയ മാതാപിതാക്കൾക്കാണ്. അതുപോലെ തന്നെ ഫേസ്ബുക്കിൽ തന്റെ ഇഷ്ടങ്ങളൊന്നും കുറിക്കാത്ത സെബാസ്റ്റ്യൻ പി. മാനുവൽ എന്ന ഒരു സാധുമനുഷ്യനും ഇതിൽപ്പെട്ട് ജീവൻ കളയേണ്ടിവന്നു എന്നത് വേദനയുടെ ആഴം വർദ്ധിപ്പിക്കുന്നു.
അകാലത്തിൽ പൊലിഞ്ഞ ആ മൂന്നുപേരുടെയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഇനി അപ്ഡേറ്റുകൾ നൽകാൻ കഴിയാത്ത ആ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജും താഴെ ചേർക്കുന്നു.
2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച
വിനയത്തിന്റെ ആൾരൂപങ്ങൾ
മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിനയം കാണിക്കുന്നവരാണ് പൊതുവെ ആളുകളെല്ലാം. പക്ഷേ അവരെ തെറിവിളിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അത് പ്രയോഗിക്കുന്നവരും ചുരുക്കമല്ല. കഴിഞ്ഞയാഴ്ച എന്റെ ക്യാമറയിൽ പതിഞ്ഞ രണ്ട് വ്യക്തിത്വങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഒന്ന്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരൾ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടർ സുധീന്ദ്രൻ, രണ്ട്: തമിഴ് നടൻ സൂര്യ.

ആദ്യം ഡോ.സുധീന്ദ്രനിലേക്ക്.. 29.07.2014ൽ കൊച്ചി അമൃത ആശുപത്രിയിൽ നടന്ന കരൾ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും സംഗമവേദിയിൽ ജൂനിയർ ഡോക്ടറുടെ ചുറുചുറുക്കോടെ ഒാടി നടക്കുകയും, ഒാരോ കരൾ രോഗിയുടെയും ബന്ധുക്കളുടെയും കരൾ കവരുന്ന ചിരിയോടെ അവരുടെ എല്ലാക്കാര്യങ്ങളും അന്വേഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിനയം നാട്യമല്ലെന്ന് അകലെ മാറി നിന്ന് കുറച്ചുനേരം വിലയിരുത്തിയ എനിക്ക് മനസിലായി. ക്യാമറക്ക് മുന്നിലും അദ്ദേഹം വിനയാന്വിതനായിരുന്നു. ഡോക്ടറുടെ ഗൗരവം കാണിക്കാതെ സാധാരണക്കാരെപ്പോലെ തന്നെ പൊട്ടിച്ചിരിച്ചും അതിഥിയായെത്തിയ മോഹൻലാലിനൊപ്പം തന്റെ ഫോണിൽ 'സെൽഫി' എടുത്തും അദ്ദേഹം ഈ സംഗമത്തെ ആഘോഷമാക്കി.

ഇനി നടൻ സൂര്യയിലേക്ക്... തന്റെ പുതിയ സിനിമ 'അൻജാന്റെ' പ്രചരണാർഥമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. മഴമൂലം നെടുമ്പാശേരിയിൽ വൈകിയിറങ്ങിയ വിമാനത്തിൽ നിന്നും ഉറക്കച്ചടവോടെ കൊച്ചിയിലേക്ക്. രാവിലെ തന്നെ മൂന്ന് മാധ്യമങ്ങൾക്ക് എക്സ്ക്ലൂസീവ് ഇന്റർവ്യൂ, തുടർന്ന് കവിത തീയേറ്ററിൽ തന്നെക്കാണാനെത്തിയവർക്ക് അരികിലേക്ക്. തീയേറ്ററിനുള്ളിൽ തിങ്ങിനിറഞ്ഞ ആരാധകർക്കിടയിലേക്ക് കയറുമ്പോൾ നിരവധി ആളുകൾ പിച്ചുകയും തള്ളുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്. പല പ്രമുഖ നടന്മാരും ആരാധകരുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുമ്പോൾ രൂക്ഷമായി പ്രതികരിക്കുകയും ബോഡി ഗാർഡിനെ ഉപയോഗിച്ച് അവരെ 'കൈകാര്യം' ചെയ്യുന്നതുമെല്ലാം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ സൂര്യ ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. തള്ളൽത്തിരയിൽ നിന്നും വേദിയിലെത്തി ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിങ്ങളാണെന്റെ ദൈവം എന്ന് ഡയലോഗും വിട്ടാണ് തിരിച്ചു പോയത്. തിരിച്ചിറങ്ങുമ്പോൾ പെയ്ത കനത്ത മഴയിലും സൂര്യയുടെ മുഖത്തെ ചിരി തണുത്തിരുന്നില്ല. ഇതിനു ശേഷമാണ് കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച. അവിടെ എത്തിയ മലയാളത്തിലെ അത്രയൊന്നും വലുതല്ലാത്ത ഒരു നടനെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റാണ് സൂര്യ ഹസ്തദാനം ചെയ്തത്. മാധ്യമ പ്രവർത്തകരെ പരമാവധി തൃപ്തിപ്പെടുത്തുന്ന തരത്തിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞു. തന്റെ വിമാനം പുറപ്പെടുന്നതിനും ഏതാനും മിനിറ്റുകൾ വരെ ഞാനടക്കമുള്ള മാധ്യമപ്രവർത്തകരുടെ ചിത്രമെടുപ്പിനും നിരവധി ചാനൽ, റേഡിയോ പ്രവർത്തകർക്ക് മാറി മാറി ഇന്റർവ്യൂവും നൽകാനും മനസുകാണിച്ചു. അന്യഭാഷയിലെ പല നടന്മാരും കേരളത്തിലെത്തുമ്പോൾ ഉന്തും തള്ളും ആക്രോശവും കണ്ടുശീലിച്ച എനിക്ക് സൂര്യയുടെ മുഖത്തെ ശാന്തത നാട്യമല്ലെന്ന് മനസിലാക്കാൻ കഴിയുന്നതായിരുന്നു.
© ജോസ്കുട്ടി പനയ്ക്കൽ 2014 ഒാഗസ്റ്റ്
ലൊക്കേഷന്‍:
Kochi, Kerala, India
2014, ജൂലൈ 29, ചൊവ്വാഴ്ച
വൈകീട്ടെന്താ പരിപാടി...?
അടുത്തിടെ പത്രപ്രവർത്തകനായ ഒരാൾ എന്നോട് ചോദിച്ചു എന്തിനാണ് കൊച്ചിയിൽ മാത്രം നിങ്ങൾക്ക് നാല് ഫൊട്ടോഗ്രഫർമാരെന്ന്? ഈ ചിന്ത പുള്ളിക്കാരൻ കുറെ നാളായി ചോദിക്കണമെന്ന് വിചാരിച്ചിരുന്നുവെത്രെ.
അദ്ദേഹം ഇങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങൾ: 1) അദ്ദേഹം കാണുന്ന പത്രത്തിന്റെ ലോക്കൽ പേജിൽ ഞങ്ങൾ നാലു പേരിൽ ആരുടെയും പേര് ചിത്രത്തിനൊപ്പം കാണാറില്ല.
2) അദ്ദേഹം കാണുന്ന ലോക്കൽ പേജിൽ വല്ലപ്പോഴും മാത്രമേ പത്ര ഫൊട്ടോഗ്രഫർ എടുത്ത ചിത്രം കാണാറുള്ളു. അല്ലാത്തപ്പോഴെല്ലാം സ്റ്റുഡിയോ ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളാണ് കാണാറ്.
കാരണങ്ങൾ
1) ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം എല്ലാ ചിത്രങ്ങൾക്കും ബൈലൈൻ നൽകുന്ന സ്ഥാപനമല്ല. മികച്ചതെന്ന് ഫോട്ടോഗ്രാഫർക്കും ഇതിന് പേര് കൊടുത്താൽ ഫൊട്ടോഗ്രഫർക്ക് മാനക്കേടുണ്ടാവില്ല എന്ന് എഡിറ്റർക്കും ഉറപ്പുള്ളവയ്ക്കുമാത്രമേ പേര് നൽകാറുള്ളു.
2) അദ്ദേഹം കാണുന്ന ലോക്കൽ പേജ് ഏരിയയിൽ മിക്കവാറും ഞങ്ങൾ ആരും ചിത്രം എടുക്കാൻ പോകാറില്ല. അഥവാ പോയാൽ മറ്റേതെങ്കിലും പേജുകളിലേക്ക് ചിത്രം മാറ്റപ്പെടുകയും അദ്ദേഹം ശ്രദ്ധയോടെ വീക്ഷിക്കുന്ന ലോക്കൽ പേജിൽ ചിത്രം ഇല്ലാതാകുകയും ചെയ്യും.
അനുബന്ധം: കൊച്ചി പോലെ തിരക്കുള്ള ഒരു നഗരത്തിൽ ഒരു പത്ര ഫോട്ടോഗ്രാഫർക്ക് പരമാവധി കവർ ചെയ്യാവുന്ന പരിപാടികളുടെ എണ്ണം നാല് ആണ്. രാവിലെ 10നും 12 നും ഉച്ചകഴിഞ്ഞ് 2നും 5നും ഒാരോ പരിപാടികൾ എടുക്കാൻ പോയാൽ സാധാരണ ഗതിയിൽ വിധി താഴെപ്പറയും പ്രകാരമായിരിക്കും.
പത്തിനുള്ള പരിപാടിയുടെ സ്വാഗതവും അധ്യക്ഷനും കഴിഞ്ഞ് ഉദ്ഘാടകൻ തട്ടിലെത്തുമ്പോൾ സമയം 11.30, വല്ല വിധേനയും ചിത്രമാക്കി അടുത്ത പരിപാടിക്ക് കുതിക്കുമ്പോൾ റോഡ് ബ്ലോക്ക്. അതിനിടയിൽ നിന്നും തിരുവില്വാമലയിലെ പുനർജനി നൂഴൽ പോലെ കടന്നു കിട്ടിയാൽ 12.30ന് അടുത്ത സ്ഥലത്തെത്താം. ഭാഗ്യം ഇതും വൈകി തുടങ്ങി എന്നതിനാൽ പരിപാടി ഇനിയും ആരംഭിച്ചിട്ടില്ല. സംഘാടകരോട് ചോദിച്ചാൽ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്പോലെ ‘ഇപ്പ ശരിയാകും’ എന്ന് മറുപടി. സംഗതി ഒന്നരയോടെ ആരംഭിച്ച് വലിച്ചുനീട്ടി 2.30ന് ഉദ്ഘാടനം നടത്തിയാൽ അടുത്ത പരിപാടി തുടങ്ങിയോയെന്ന് ശങ്ക. ഈ ശങ്കയിൽ ഊണ് നഷ്ടപ്പെടുത്തി അവിടേക്ക് ഒാടുന്നു. അവിടെ എത്തുമ്പോഴാണ് പരിപാടിക്കെത്തേണ്ട വിെഎപി ഊണ് കഴിച്ച് മയക്കത്തിലാണ് സമയം വൈകിയേ പരിപാടി തുടങ്ങൂ എന്ന് അറിയിപ്പ് കിട്ടുക. ഇനി തിരിച്ചുപോകാനും ഊണ് കഴിക്കാനുമുള്ള സമയമില്ലാത്തതിനാൽ സംഭവസ്ഥലത്തുതന്നെ പറ്റിക്കൂടുന്നു. രണ്ടിനുള്ള പരിപാടി 3.30ന് വിെഎപി ഉറക്കച്ചടവോടെ ഉദ്ഘാടനം ചെയ്താൽ അടുത്ത സ്ഥലത്തേക്ക് കുതിക്കുകയായി. ഇതിനിടയിൽ റോഡ് ബ്ലോക്കിൽ നിന്നും രക്ഷപെടാൻ വിെഎപി വാഹനത്തിന്റെ പിന്നാലെ കുതിക്കാമെന്ന് വച്ചാൽ പൊലീസ് മാമൻ നോക്കി കണ്ണുരുട്ടും. വഴിയിലെ കടയിൽ നിന്നും എന്തെങ്കിലും കഴിച്ച് കയ്യിലെ കാശുകളഞ്ഞ് വയറ്റിൽ നേടിയ അജിനോമോട്ടോയുമായി അടുത്ത സ്ഥലത്തെത്തുമ്പോഴേക്കും അവിടെയും സ്ഥിതി തഥൈവ. ‘ എന്റെ മാഷേ അഞ്ചിനുള്ള പരിപാടിയെന്നു പറഞ്ഞാൽ ഒരു അഞ്ചഞ്ചര ആറ് ഒക്കെ ആകില്ലേ...? എന്നാലല്ലേ ഭാവം വരൂ... ’ എന്നുള്ള മറുചോദ്യമായിരിക്കും മറുപടി. ഇതിനിടെ ഒാഫിസിൽ നിന്നും ചിത്രം തരാറായോ എന്ന് അന്വേഷിച്ചുള്ള വിളിയെത്തും. ഇരുട്ടിന്റെ മറപറ്റി തിരിച്ച് ഒാഫിസ് പടികൾ കയറുമ്പോൾ സമയം ഏഴുമണിയോടടുക്കും. ഇന്നത്തെ വേട്ടയുടെ ഫോട്ടോയും അടിക്കുറിപ്പും തയ്യാറാക്കി അയക്കുമ്പോഴേക്കും സമയം വീണ്ടും ഒരു മണിക്കൂർകൂടി കടന്നിട്ടുണ്ടാകും. ഈ പകലിൽ മറ്റുപലതും പല സ്ഥലത്തും സംഭവിച്ചിട്ടുണ്ടാകും. എല്ലാം അപ്പപ്പോൾ അറിയുന്നുണ്ടാകുമെന്നുകരുതി വീട്ടുകാരും നാട്ടുകാരും ഫോൺ ചെയ്ത് അന്വേഷിക്കുമ്പോൾ അവരറിയുന്നുണ്ടോ ഈ നോൺ സ്റ്റോപ്പ് ഒാട്ടം.
ലൊക്കേഷന്‍:
Ernakulam, Kerala, India
2014, ജൂലൈ 11, വെള്ളിയാഴ്‌ച
ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..?
ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..?
വാഹനങ്ങളില്‍ ചെറുകിട തട്ടലും മുട്ടലും മൈന്‍ഡ് ചെയ്യാത്ത അവസ്ഥയിലേക്ക് കൊച്ചിയും മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ കാറുകളൊക്കെ ഉരഞ്ഞ് വലിയ കീറലുകളുമായി പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും ഉടമസ്ഥര്‍ മൈന്‍ഡ് ചെയ്യാറില്ല. ഇയ്യിടെ കൊച്ചിയിലും കണ്ടു ഇത്തരം ചളുങ്ങി ചുരുങ്ങിയൊരു കാര്‍. കാര്യം അന്വേഷിച്ചപ്പോള്‍ ഉടമയുടെ മറുപടി ഇങ്ങനെ: ഇതൊന്നും നേരെയാക്കിയിട്ട് കാര്യമില്ല. കൊച്ചിയിലെ ചെത്ത് പിള്ളാര്‍ രണ്ടാഴ്ചകൊണ്ട് വീണ്ടും ഈ പരുവത്തിലാക്കും. പിന്നെ എന്തിന് വെറുതെ അടിച്ച് നിവര്‍ത്തി പെയിന്റ് ചെയ്ത് കാശ് കളയണം?അനുബന്ധമായി ഞാന്‍ ഒാര്‍മ്മിക്കുന്ന എന്റെ ജീവിതത്തിലെ ഒരു അനുഭവം:
കാലം 1985 ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്ന സമയം. വല്ലാര്‍പാടം പള്ളിയില്‍ പോകാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയിലെത്തുന്നു. ഇടുക്കിയില്‍ നിന്നും എത്തിയ എനിക്ക് കൊച്ചി അത്ഭുതം തന്നെ. ബസിറങ്ങി മുന്നില്‍ നടക്കുന്ന മാതാപിതാക്കള്‍ക്ക് പിന്നാലെ ഞാനും നടക്കുന്നു. ഒരാള്‍ കാറ് റോഡിലിട്ട് കഴുകി തുടയ്ക്കുകയാണ്. ഇതിനെ മറികടന്ന് നീങ്ങുന്നതിനിടയില്‍ എന്റെ പ്രതിഫലനം കാറിന്റെ ബോഡിയില്‍ കാണാം. വെറുതെ ആ പ്രതിബിംബത്തിലൊന്ന് തൊട്ടു. പെട്ടെന്ന് ചെവിക്കൊരു വേദന. നോക്കുമ്പോള്‍ കാര്‍ കഴുകുന്ന ഉടമ ചേട്ടന്‍ തൊട്ടുപിന്നില്‍ എന്റെ ചെവിയില്‍ പിടിച്ച് ഞെരിക്കുന്നു. കഴുകിത്തുടച്ച കാറില്‍ വിരല്‍കൊണ്ട് സ്പര്‍ശിച്ചതുമൂലം വിരല്‍പ്പാട് വന്നതാണ് പുള്ളിയെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് പിടിവിടുവിപ്പിച്ച് ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്ന അച്ഛന് പിന്നാലെ ഒാടി. ഈശ്വരാ മാറിയ കൊച്ചിയില്‍ ഇപ്പോഴും ആ കാര്‍ പരുക്കൊന്നുമില്ലാതെ ഒാടുന്നുണ്ടാകുമോ?
ജോസ്കുട്ടി പനയ്ക്കല്‍
2014, മാർച്ച് 4, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...