2005, ഒക്‌ടോബർ 9, ഞായറാഴ്‌ച

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ളസ് 2005 ഒക്ടോബർ 09


ഒാടിയോടി ഓട്ടക്കാരനായ കഥയാണ് ഇടുക്കിയിലെ എന്റെ ഓർമകൾക്കു വേരോട്ടം നൽകുന്നത്. ഓർമകളെ പിന്നോട്ടോടിക്കുമ്പോൾ അവ്യക്‍തതയിൽ എനിക്കു വയസ്സു മൂന്ന്. കാഞ്ഞിരപ്പള്ളിയിൽനിന്നു 'പ്രമുഖ സിറ്റി'യായ ഉടുമ്പന്നൂരിലേക്ക്. തെക്കൻ – വടക്കൻ കൂറുകളുടെ അതിർത്തികളായി കിടങ്ങുകൾ തീർത്തതെന്നു വിശ്വസിക്കപ്പെടുന്ന കോട്ടറോഡിലെ പാടശേഖരങ്ങൾക്കു സമീപം ഞാനും അച്‍ഛനും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ചേക്കേറുന്നു. അടുത്തെങ്ങും നഴ്‍സറി ഇല്ലാത്തതിനാൽ ഒന്നാം ക്ളാസിൽ ചേരുന്നതുവരെ പഠനം വീട്ടുമുറ്റത്തെ പേരമരത്തിൽ. ചൂരൽ വളച്ച് ഉണ്ടാക്കിയ വില്ലുകൊണ്ട് കുടക്കമ്പി അമ്പാക്കി പറമ്പിലെ പനമരത്തിൽ എയ്‍തു പഠിക്കുകയായിരുന്നു പ്രധാന വിനോദം. പള്ളിക്കാമുറി ലിറ്റിൽ ഫ്‍ളവർ എൽ. പി. സ്‍കൂളിലേക്കുള്ള യാത്രയിൽ ഒന്നര കിലോമീറ്റർ പാടവരമ്പിലൂടെ നടക്കേണ്ടതുണ്ട്. ഒഴുകുന്ന കൈത്തോട്ടിൽനിന്നു ചെറുമീനുകളെ ചോറ്റുപാത്രത്തിലാക്കിയായിരുന്നു യാത്ര. സ്‍കൂളിനു മുൻപിലെ തൊമ്മൻ ചേട്ടന്റെ പെട്ടിക്കടയിൽനിന്നു നാരങ്ങാ മിഠായിയും സിനിമാ നോട്ടീസും വാങ്ങും. നോട്ടീസിലെ നടന്മാരെ കൂട്ടുകാർക്കു പരിചയപ്പെടുത്തുകയാണു പ്രധാന ഉദ്ദേശ്യം.

                        ലിറ്റിൽ ഫ്‍ളവർ സ്‍കൂളിൽ നാലാം ക്ളാസ് ഇല്ലാത്തതിനാൽ കരിമണ്ണൂരിൽ നാലാം ക്ളാസ് പഠനത്തിനായി ബസിൽ യാത്ര. അങ്ങനെ ഇരുപത് പൈസ സ്‍ഥിരമായി കയ്യിലെത്തിത്തുടങ്ങി. മിഠായി മേടിച്ചാലും പ്രശ്‍നമില്ല. എട്ടു കിലോമീറ്ററോളം ഓടിയാൽ ബസിന്റെ സമയത്തുതന്നെ വീട്ടിലെത്താം. ഇവിടെയും ഓട്ടം നിന്നില്ല. അഞ്ചാം ക്ളാസ് പഠിക്കാൻ ഉടുമ്പന്നൂരിലെ മങ്കുഴി സെന്റ് ജോർജ് സ്‍കൂളിലേക്കും പിറ്റേവർഷം ഓടി. ഓടിയോടി ഓട്ടക്കാരനായ ഞാൻ അവിടെ കായികതാരമായി മാറി. ഓട്ടത്തിന് ഇവിടെയും അന്ത്യമായില്ല. എട്ടാം ക്ളാസ് കഴിഞ്ഞതോടെ ഉടുമ്പന്നൂരിലെ സ്‍ഥലം വിറ്റു വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തേക്ക്. ഉടുമ്പന്നൂരിനെ അപേക്ഷിച്ച് ഇവിടെ മലയും വെള്ളച്ചാട്ടവുമെല്ലാം ഉണ്ട്. പക്ഷേ, പത്താം ക്ളാസ് എന്ന ഭീഷണി അകലെ അല്ലാത്തതിനാൽ കലയന്താനി സെന്‍റ്  ജോർജ് സ്‍കൂളിലെ പഠനത്തിലേക്ക് ഒതുങ്ങിക്കൂടി. പേരമരത്തിൽ തുടങ്ങിയ സ്‍കൂൾ വിദ്യാഭ്യാസം കലയന്താനിയിൽ അവസാനിപ്പിക്കുമ്പോൾ പഠിച്ച സ്‍കൂളുകളുടെ എണ്ണം നാല്. ഇതിനിടെയാണു ഞങ്ങളുടെ സമീപത്തെ അനവധി ഏക്കർ റബർമരങ്ങൾ വെട്ടിക്കളഞ്ഞു പൈനാപ്പിൾ കൃഷി തുടങ്ങിയത്. ഇവിടെ പണിചെയ്യാൻ കൂവക്കണ്ടം, നാളിയാനി മേഖലകളിലെ നൂറുകണക്കിന് ആദിവാസികൾ എത്തിയിരുന്നു. ഇവരിലായിരുന്നു എന്റെ ഫൊട്ടോഗ്രഫി പരിശീലനം. പൈനാപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്ന ഇവരുടെ ചിത്രങ്ങൾ പത്തുരൂപയ്‍ക്കു വിൽക്കുകയായിരുന്നു പ്രധാന ഹോബി.

                ഓട്ടത്തിന്റെ അടുത്ത ഘട്ടമായി മൂലമറ്റം സെന്റ് ജോസഫ്‍സ് കോളജിൽ പ്രീഡിഗ്രി പഠനത്തിനായി യാത്ര. പിന്നീടു ഡിഗ്രി പഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിലേക്കും. അവിടത്തെ എല്ലാ ചലനങ്ങളിലും ഞാനും എന്റെ പെന്റാക്‍സ് എസ്. എൽ. ആർ. ക്യാമറയും സാന്നിധ്യമറിയിച്ചു. കോളജ് യൂണിയൻ ഉദ്‍ഘാടനങ്ങൾ മുതൽ കൊച്ചുകൊച്ചു ശണ്ഠകൾവരെ എന്റെ ക്യാമറയ്‍ക്കു വിഷയമായി.

മലയോരഗ്രാമവാസികളുടെ കൂട്ടായ്‍മ തെളിയിക്കുന്ന ഒരു സംഭവവും ഇതിനിടെ ഉണ്ടായി. കടുത്ത വേനൽ കത്തിനിൽക്കുന്ന സമയം. എന്റെ വീടിനുള്ളിൽ ആരുമില്ലാത്ത നേരത്ത് അടുക്കളയിൽനിന്നു പടർന്ന തീ വീടിനെ മുഴുവൻ എരിക്കുന്നു. കൊന്നത്തെങ്ങിനും മുകളിലേക്ക് ഉയർന്ന അഗ്നിനാളങ്ങൾക്കു ദാഹം ശമിപ്പിക്കാൻ വീടിനുള്ളിൽ കരുതിവച്ചിരുന്ന കുടിവെള്ളവുമായി ആളുകൾ പാഞ്ഞെത്തി. പക്ഷേ, ഒഴിക്കുന്ന വെള്ളമൊന്നും താഴെ എത്താൻ അഗ്നിനാളങ്ങൾ സമ്മതിച്ചില്ല. സംഭവം അറിഞ്ഞ് ഞാൻ തൊടുപുഴയിൽ നിന്നും എത്തുമ്പോൾ തടിനിർമിതമായ അലമാരിയുടെ കഷണങ്ങൾ മാത്രം തറയിൽ നീറിക്കത്തുന്നുണ്ടായിരുന്നു. എന്റെ സർട്ടിഫിക്കറ്റുകൾ മാത്രം രക്ഷപ്പെടുത്തി പുറത്തെത്തിയ അച്‍ഛൻ അതിന്റെ സമാധാനത്തിലായിരുന്നു. ശരീരം മുഴുവൻ പൊടിയും കരിയുമായി അനവധി ആളുകൾ അമ്മയ്‍ക്കു ചുറ്റിനും കൂടി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരുംകൂടി തീരുമാനമെടുത്തു താൽക്കാലികമായി ഒരു വീടു നിർമിച്ചു - അതും മണിക്കൂറുകൾക്കുള്ളിൽ. സ്‍നേഹത്തിന്റെ സാന്ത്വനങ്ങൾ ഉരുവിട്ട് രാത്രി അവർ തിരിച്ചുപോയി. പട്ടണത്തിന്റെ മാലിന്യമേൽക്കാത്ത ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്.

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ലസ് 2005 ഒക്ടോബർ 09

2005, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഞെട്ടിച്ച അടിക്കുറിപ്പ്


2005ൽ സംസ്‍ഥാന സ്‍കൂൾ കായികമേള കണ്ണൂരിൽ നടക്കുന്ന സമയം. സ്‍പോർട്‍സ് ഡിവിഷൻ താരങ്ങളുടെ ഹൈജംപ് മൽസരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഇറങ്ങുന്ന പത്രങ്ങൾ മാറ്റി നിറുത്തിയാൽ മധ്യാഹ്‍ന– സായാഹ്‍ന ദിനപത്രങ്ങളുടെ ഒരു നിരതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലുണ്ട്. ഫോട്ടോ അച്ചടിക്കുന്ന പത്രത്തിനെല്ലാം സ്വന്തമായോ , കരാറടിസ്‍ഥാനത്തിലോ ഫോട്ടോഗ്രഫർമാരും ഉണ്ട്. തലേ ദിവസം സായാഹ്‍നത്തിന്റെ 'കെട്ട്' വിടാത്തൊരു മധ്യാഹ്ന പത്രത്തിന്റെ ഫോട്ടോഗ്രാഫർ പെട്ടെന്നാണ് കൊടുങ്കാറ്റ് പോലെ അവിടെ എത്തിയത്. ഫൈനൽ പൊസിഷനിലേക്ക് എത്തുന്ന ഹൈജംപിന്റെ ചിത്രങ്ങൾ വളരെ നേരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന എനിക്കരികിലേക്ക് അദ്ദേഹം പറന്നെത്തി. അടുത്തതായി ചാടിയ കുട്ടിയുടെ ചിത്രം പകർത്തി എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹം യാത്രയായി. പിന്നീട് കുട്ടികൾ ചാടുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മറ്റൊന്നായിരുന്നു.
                       
                                സ്‍കൂൾ കായികമേളയുടെ ചിത്രമെടുക്കുമ്പോൾ പല കാര്യങ്ങളും മത്സരാർത്ഥിയിൽ നിന്നും നമ്മൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് : കുട്ടിയുടെ ഇനിഷ്യൽ അടക്കമുള്ള പേര്, രണ്ട്: പഠിക്കുന്ന സ്‍കൂളും സ്ഥലവും, മൂന്ന്: ഏത് വിഭാഗത്തിൽ (ജൂണിയർ, സീനിയർ) മൽസരിക്കുന്നു? നാല്: മൽസര ഇനം. ഇതിൽ മൂന്നും നാലും കാര്യങ്ങൾ നമുക്ക് തന്നെ മനസിലാക്കാം. പക്ഷേ കുട്ടിയുടെ പേരും സ്‍കൂളും നമ്മൾ ചോദിച്ച് മനസിലാക്കിയേ തീരൂ. ഇതൊന്നും ചോദിക്കാതെ ചിത്രം ക്ളിക്ക് ചെയ്‍ത് ഉടൻ യാത്രയായ ഈ മധ്യാഹ്‍നക്കാരനെക്കുറിച്ച് ചിന്തിച്ച് ഹൈജംപ് മൽസരം കടന്നുപോയി. ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പത്രം പ്രിന്റ് ചെയ്‍ത് വരുന്നത് കാത്ത് ഞാൻ മൈതാനിയിൽ ഇരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം എങ്ങിനെ അടിക്കുറിപ്പ് കൊടുത്തിരിക്കും എന്നതായിരുന്നു. അച്ചടിച്ചെത്തിയ പത്രത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അന്നേവരെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്റെ ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല.

                                        ഇനി അദ്ദേഹത്തിന്റെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞശേഷം അടിക്കുറിപ്പ് എന്താണെന്ന് പറയാം. ചിത്രവുമായി ഓഫീസിലെത്തിയ ഇദ്ദേഹം പേജ് ചെയ്യുന്ന ആളുടെ അടുത്തെത്തി ഒരു ചിത്രമുണ്ടെന്ന് പറഞ്ഞു. പുതുതായി ഈ സ്‍ഥാപനത്തിലെത്തിയ പേജ് എഡിറ്റർക്ക് പരിചയക്കുറവും സമയക്കുറവും പ്രതികൂലമായിരുന്നു. സ്‍കൂൾ കായിക മേളയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ നാല് പേജ് മാത്രമുള്ള ഈ പത്രത്തിന്റെ ഒന്നാം പേജിൽത്തന്നെ ഇതിനെ പ്രതിഷ്‍ഠിക്കുവാൻ തീരുമാനിക്കുന്നു. ഫോട്ടോഗ്രഫറോടായി ചില ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. കുട്ടിയുടെ പേര്?, സ്‍കൂൾ? സ്‍ഥലം? മൽസരഇനം? ഇതിനെല്ലാം അദ്ദേഹം കൈമലർത്തി. ഇനി എന്ത് അടിക്കുറിപ്പ് നൽകും? ഈ ചോദ്യത്തിന് മറുപടിയായി ഫോട്ടോഗ്രഫർ ഒരു അടിക്കുറിപ്പെഴുതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഇതാണ് പത്രത്തിൽ അച്ചടിച്ച് വന്നത് – 'സ്‍കൂൾ കായികമേളാ മൈതാനിയിൽ കണ്ടത്'

ജോസ്കുട്ടി പനയ്ക്കൽ , കണ്ണൂർ 2005 ഏപ്രിൽ 08

2004, ജനുവരി 20, ചൊവ്വാഴ്ച

ടിക്കറ്റ് എക്‍സാമിനർ


2004 ൽ കണ്ണൂർ പതിപ്പിൽ ജോലിചെയ്യുന്ന സമയം. തൃശൂരിലായിരുന്നു അക്കൊല്ലത്തെ സംസ്‍ഥാന സ്‍കൂൾ കലോത്സവം. ഇതിന്റെ പ്രത്യേക ഡ്യൂട്ടിക്കായി കെട്ടും കെട്ടി നേരത്തെ തന്നെ തൃശൂർ യൂണിറ്റിലെത്തി. കലോത്സവം ഭംഗിയാക്കി. അഞ്ചുദിവസത്തെ ഉറക്കക്ഷീണവുമായി പാതിരായ്‍ക്കെത്തുന്ന മലബാർ എക്‍സ്‍പ്രസിൽ തിരിച്ച് കണ്ണൂരിലേക്ക് പോകാൻ തൃശൂർ റെയിൽവേ സ്‍റ്റേഷനിൽ എത്തി. രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് ടിക്കറ്റുമായി ഞാൻ ബോഗി പൊസിഷൻ നോക്കി പ്ലാറ്റ്‍ഫോമിലൂടെ നടന്നു. അവസാനം ഒരു പെൺകുട്ടി മാത്രം വിശ്രമിക്കുന്ന ബെഞ്ചിന് സമീപം എന്റെ ബോഡി നിലയുറപ്പിച്ചു. അവിടെയാണ്  രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് എത്തുകയെന്ന് ചോക്കിലെഴുതിയ ബോർഡിൽ കാണിച്ചിട്ടുണ്ട്. നട്ടാപാതിരക്ക് ആരുമില്ലാതെ ഈ പെൺകുട്ടി മാത്രം എങ്ങോട്ടു പോകുന്നു? ക്യാമറാബാഗ്, ലാപ്‍ടോപ്പ്, വസ്‍ത്രങ്ങൾ അടങ്ങിയ ബാഗ് എന്നിവയെല്ലാം ഇറക്കിവെക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു. ബാഗ് എണ്ണത്തിന്റെ കാര്യത്തിൽ പെൺകുട്ടിയും ഒട്ടും പിന്നിലല്ല. അവൾക്കുമുണ്ട് മൂന്ന് ബാഗ്. താമസിയാതെ ട്രെയിനെത്തി. ലേഡീസ് ഫസ്‍റ്റ് നിയമം മനസിൽ കിടക്കുന്നതുകൊണ്ട് ഞാൻ പിന്നാലെ കയറാൻ തീരുമാനിച്ചു.

                തൃശൂരിൽ നിന്നും ഈ എസി കോച്ചിനുള്ളിൽ കയറാൻ ഞങ്ങൾ രണ്ടുപേർമാത്രം. പെൺകുട്ടി രണ്ട് ബാഗുകളും കോച്ചിലേക്ക് ഇട്ടു. എനിക്ക് മുൻപിൽ വഴി തടഞ്ഞിരിക്കുന്ന അവരുടെ മൂന്നാമത്തെ ബാഗ് ഞാൻ തന്നെ അകത്തേക്ക് നീട്ടി. പെൺകുട്ടി അത് വാങ്ങി. പിന്നാലെ മൂന്ന് ബാഗും താങ്ങി ഞാനും. വാതിൽക്കൽത്തന്നെ നിൽക്കുന്ന ടിക്കറ്റ് എക്‍സാമിനർ പെൺകുട്ടിയുടെ ടിക്കറ്റ് വാങ്ങി നോക്കി. പിന്നാലെ വാങ്ങിയ എന്റെ ടിക്കറ്റ് നോക്കി പുഞ്ചിരിയുടെ അകമ്പടിയോടെ പരിശോധിച്ച ശേഷം എനിക്ക് തിരികെ തന്നു. പെൺകുട്ടിക്ക് ബെർത്ത് കാണിച്ചുകൊടുക്കുവാൻ അദ്ദേഹം പിന്നാലെ പോയി. അപ്പോഴേക്കും മൊബൈലിൽ 6.30 അലാറം സെറ്റുചെയ്‍ത് എന്റെ ബെർത്തിൽ ഞാൻ കിടപ്പുറപ്പിച്ചിരുന്നു. കോച്ചിനുള്ളിലെ ചെറിയ എസി മൂളലിന്റെ ശബ്ദത്തിനൊപ്പം   തിരിച്ച് പോകുന്ന വഴിയിൽ ടിടിഇ എന്നോട് എന്തോ പറഞ്ഞു. എന്താണെന്ന് മനസിലായില്ല. ഉറക്കം കണ്ണിലേക്ക് ഇരച്ചുകയറുന്നു.

           രാവിലെ മൊബൈൽ ശബ്‍ദിക്കുന്നതിന് മുൻപേ ടിക്കറ്റ് എക്‍സാമിനർ എന്നെ വിളിച്ചുണർത്തി. 'കണ്ണൂർ എത്താറായി പുള്ളിക്കാരിയെ വിളിച്ചെഴുന്നേൽപ്പിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഏത് പുള്ളിക്കാരത്തി? ഞാൻ കൈമലർത്തി. എക്‍സാമിനറുടെ മുഖം വിളറി. അപ്പോൾ നിങ്ങൾ ഒരുമിച്ച് വന്നവരല്ലേ? അതുകൊണ്ടാണ് മറ്റൊരാളുടെ ബർത്ത് മാറ്റി താങ്കൾക്ക് കാണാവുന്നതരത്തിൽ അവരെയും കിടത്തിയിരുന്നത്. അപ്പോഴാണ് എനിക്ക് അടുത്താണെങ്കിലും ദൃശ്യമല്ലാതിരുന്ന ബർത്തിൽ (സെക്കൻഡ് എസി കമ്പാർട്ട്‍മെന്റായതിനാൽ കർട്ടനും മറ്റുമുള്ളതിനാൽ ഇവരെ കാണുവാൻ കഴിയുമായിരുന്നില്ല) പെൺകുട്ടി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒളിച്ചോടാൻ കെട്ടും കെട്ടി രണ്ടുപേരും വീട്ടുകാരെ പറ്റിച്ച് രണ്ടു സ്‍ഥലത്തുനിന്ന് ടിക്കറ്റ് വാങ്ങി യാത്ര പുറപ്പെട്ടതാണെന്നാണ് ടിക്കറ്റ് എക്‍സാമിനർ കരുതിയിരുന്നത്. തലേന്ന് രാത്രി അദ്ദേഹം എന്നോട് മന്ത്രിച്ചത് പെൺകുട്ടിയുടെ ബെർത്ത് നമ്പരാണെന്ന് പിന്നീടാണ് മനസിലായത്. പത്തുമിനിട്ടിനുള്ളിൽ ട്രെയിൻ കണ്ണൂരിലെത്തി. കൂടുതൽ തെറ്റിദ്ധാരണകൾ ഉണ്ടാകുംമുൻപ് ഞാൻ ചാടിയിറങ്ങി ഓഫീസിലേക്ക് യാത്രയായി.
                                                
                                                                 ജോസ്കുട്ടി പനയ്ക്കൽ 2004 ജനുവരി  

2003, ഡിസംബർ 3, ബുധനാഴ്‌ച

ദൈവത്തിന്റെ ഫോട്ടോ


തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ഇദ്ദേഹത്തിന് വളരെയേറെ തയ്യാറെടുപ്പുകളുടെ ആവശ്യമുണ്ട്. തെയ്യമായി മാറിക്കഴിഞ്ഞാൽപ്പിന്നെ ദൈവത്തിന്റെ പ്രതിരൂപമാണ് തെയ്യക്കോലക്കാരൻ. അനുഗ്രഹവും മഞ്ഞപ്പൊടി വിതരണവുമെല്ലാം തെയ്യത്തിന്റെ ( ദൈവത്തിന്റെ ) വകയായി ഉണ്ടാകും. അമ്മയോ അച്‍ഛനോ മുന്നിൽ വന്നുനിന്നാലും തെയ്യത്തിന് ഇവർ ഭക്‍തർ മാത്രം. പക്ഷേ തന്റെ ചിത്രം എടുക്കാൻ വരുന്ന പത്ര ഫോട്ടോഗ്രാഫർമാരോട് ദൈവമായി മാറിയ തെയ്യത്തിന് പ്രത്യേക മമതയുണ്ട്.
                               

2003 കാലഘട്ടം, കണ്ണൂരിലെ ഒരു ചെറിയ അമ്പലത്തിൽ തെയ്യം നടക്കുന്നു. അന്ന് ദീപികയുടെ ഫോട്ടോഗ്രാഫറായിരുന്ന എസ്.കെ. മോഹനൻ തന്റെ വീടിനടുത്തുള്ള അമ്പലമായതിനാൽ തെയ്യക്കോലത്തിന്റെ ചിത്രമെടുക്കാനെത്തി. തെയ്യം ഉറഞ്ഞുതുള്ളുന്നുണ്ട്. ഇപ്പോൾ ഇവിടെ നിൽക്കുന്ന തെയ്യം അടുത്ത നിമിഷം  ഓടി മറ്റൊരു സ്‍ഥലത്തേക്ക് മാറിയേക്കാം. അതിനാൽ തെയ്യത്തെ ബ്ലോക്ക് ചെയ്യുന്ന തരത്തിൽ വഴിമുടക്കി ചിത്രമെടുക്കാൻ മോഹനൻ തീരുമാനിച്ചു. തന്റെ വഴി തടഞ്ഞു നിൽക്കുന്ന ഫോട്ടോഗ്രാഫറെ, തെയ്യ‍ം അടിമുടിയൊന്ന് നോക്കി. ക്യാമറ ഫോക്കസ് ചെയ്യാൻ ശ്രമിച്ച മോഹന് സമീപത്തേക്ക് ദൈവം പാഞ്ഞടുത്തു. ഒരു നിമിഷം ഞടുങ്ങിയ മോഹനന് സമീപം എത്തിയ തെയ്യം ഫോട്ടോഗ്രാഫറുടെ കൈപിടിച്ച് ഉറഞ്ഞുതുള്ളി. ചെവിയിൽ അനുഗ്രഹം പോലെ മന്ത്രിച്ചു..... 'മകനേ...... എനിക്കിതിന്റെയൊരു.... കോപ്പി തരണം'.


                                                             ജോസ്കുട്ടി പനയ്ക്കൽ 2003 ഡിസംബർ 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...