2018, മാർച്ച് 25, ഞായറാഴ്‌ച

ആ മുഖത്തുണ്ട് ഓശാന

ഓശാന തിരുനാള്‍ വീണ്ടുമെത്തി. പത്രങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയുമെല്ലാം ചിത്രങ്ങളായി കുട്ടികളും വയോധികരുമെല്ലാം വീണ്ടും എത്തും. ചില ദോഷൈകദൃക്കുകള്‍ ഇതെന്താ കുട്ടികളും വൃദ്ധരും മാത്രമേ പള്ളിയിലുള്ളോയെന്ന് ചോദിച്ചേക്കാം. കാരണം തപ്പിനോക്കിയാല്‍ മനസിലാകുന്നൊരു കാര്യമുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന രണ്ടു വിഭാഗമാണ് കുട്ടികളും വയോധികരും. എന്നാല്‍ പള്ളിയിലെത്തിയാല്‍ പ്രായമായവര്‍ വളരെ അടക്കത്തോടെ അതിനുള്ളില്‍ത്തന്നെ കൂടും. കുഞ്ഞുകുട്ടികളില്‍ പലരും പള്ളിക്ക് പുറത്തിറങ്ങി പലരീതിയില്‍ ഓല മടക്കിയും കറക്കിയുമൊക്കെ കളി തുടങ്ങും. കാരണവന്മാര്‍ ഇവരെനോക്കി കണ്ണുരുട്ടിയാലും ‘അതൊക്കെ വീട്ടില്‍ മതി പള്ളീല്‍ വേണ്ട’ എന്ന ഭാവത്തില്‍ കുട്ടികള്‍ കളി തുടരും. ഇവിടെയാണ് പള്ളിക്കു പുറത്ത് ഫോട്ടോയെടുക്കുന്ന ഫൊട്ടോഗ്രഫര്‍മാരുടെ സാധ്യതകള്‍ തെളിയുന്നത്. ഒാല കൊടുക്കുന്നതുമുതല്‍ വ്യത്യസ്തമായ ചിത്രം പകര്‍ത്താന്‍ നിലയുറപ്പിക്കുന്ന ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് പള്ളിയകത്ത് കയറി ഒട്ടേറെ നേരം നില്‍ക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സേഫ് സോണ്‍ ആയ ‘പള്ളിപ്പുറം’ തന്നെയാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കാറ്. അവിടെയുള്ള കൂട്ടമാകട്ടെ കുട്ടിക്കൂട്ടവും. അപ്പോള്‍ സ്വാഭാവികമായും കുട്ടികളുടെ ചിത്രം കൂടുതലായി പകര്‍ത്തുകയും ചെയ്യും. പ്രദക്ഷിണത്തിലും ആരാധനക്ക് ശേഷം ഇറങ്ങിവരുമ്പോഴുമെല്ലാം മുഖം ചുളിഞ്ഞ അമ്മാമ്മമാരും ചിത്രത്തില്‍ പെടാറുണ്ട്. എന്നാല്‍ കുട്ടിത്തത്തിന്റെ കൗതുകവും നിഷ്കളങ്കതയുമുള്ള ചിത്രത്തോടാണ് ഈ മുഖ ചിത്രങ്ങള്‍ ന്യൂസ് ഡെസ്കില്‍ മത്സരിക്കേണ്ടിവരുന്നത്. ഇപ്പോള്‍ ഇതെഴുതാന്‍ കാരണം 2012ലെ ഓശാന നാളില്‍ ജനക്കൂട്ടത്തിന്റെയും കുട്ടിയുടെയും ചിത്രമെടുത്തശേഷം ഞാന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത് കുട്ടിയുടെ ചിത്രമാണ്. ആ തീരുമാനം തെറ്റാണോ എന്നറിയാന്‍ രണ്ടുദിവസത്തിനുശേഷം ഈ രണ്ട് ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ ഏതാണ് ഉത്തമം എന്ന ചോദ്യവും ചോദിച്ചിരുന്നു. 
https://www.facebook.com/photo.php?fbid=353917794658628&set=a.184773054906437.64030.100001212323304&type=3&theater കൂടുതല്‍ ആളുകളും പിന്‍താങ്ങിയത് കുട്ടിചിത്രംതന്നെ. പക്ഷേ അവിടെനിന്നും ആ ചിത്രം കോപ്പിചെയ്ത് പിന്നീടുള്ള എല്ലാ ഓശാന ഞായറുകളിലും അവരവരുടെ പേരും വാട്ടര്‍മാര്‍ക്കുമൊക്കെയായി എനിക്കുതന്നെ ലഭിക്കാറുണ്ട്. ഇന്നും കിട്ടി മൂന്നുതവണ. കേസുകൊടുക്കണോ പിള്ളേച്ചാ!!! ?



2018, മാർച്ച് 16, വെള്ളിയാഴ്‌ച

അതാണ് ആ ‘സിംപിള്‍’ മെഗാസ്റ്റാര്‍

           വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 1972ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത്രമുരിഞ്ഞെറിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ലോക ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ അതേ നിക് ഉട്ട്. തന്റെ ഇരുപതാം വയസില്‍ കിം ഫുക്കെന്ന ഒന്‍പതു വയസുകാരിയുടെ ജീവിതം മാറ്റിമറിച്ച നിക്ക് ഉട്ടിന് ഇപ്പോള്‍ 67 വയസുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പ്രസ് ഫോട്ടോ ഫെസ്റ്റിവലിനും അക്കാദമി അവാര്‍ഡ് സ്വീകരിക്കാനുമാണ് നിക് ആദ്യമായി ഇന്ത്യയിലും കേരളത്തിലും എത്തിയത്.

ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തില്‍ തന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനത ഇത്രത്തോളമുണ്ടെന്ന് കേരളത്തിലെത്തിയതുമുതല്‍ നിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്രയേറെ പത്രം വായിക്കുന്ന ജനതയായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതങ്ങളിലൊന്ന്. മീന്‍ ചന്തയില്‍ ചിത്രമെടുക്കാന്‍ ചെന്നപ്പോഴും അന്നത്തെ പത്രം ഉയര്‍ത്തിക്കാട്ടി ‘ഈ ചിത്രത്തില്‍ കാണുന്ന നിക് ഉട്ടല്ലേ’ താങ്കള്‍ എന്ന് ചേദിക്കുന്ന തൊഴിലാളികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ സ്നേഹം കണ്ടാണ് ഈ സംസ്ഥാനം തന്നെ കണ്ടുകളയാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും, വാഗമണ്ണിലുമൊക്കെ സന്ദര്‍ശനം നടത്തി ഇന്നലെ കൊച്ചി മീഡിയ അക്കാദമിയിലുമെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുരാരേഖാ ശേഖരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാറും എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ പുലിറ്റ്സര്‍- വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡുകളൊക്കെ തന്റെ ചിത്രത്തിനു നേടിയനിക് ഉട്ട് , വഴിയില്‍ നിന്നൊരാള്‍ ഒപ്പം സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചാല്‍ പോലും എപ്പോഴും റെഡി. തന്നെ തഴുകുന്നവര്‍ക്കും തൊടുന്നവര്‍ക്കും ഉമ്മവയ്ക്കുന്നവര്‍ക്കുമൊക്കെ അതുതന്നെ തിരിച്ചും സമ്മാനിച്ചാണ് ഈ ‘സിംപിള്‍’ മനുഷ്യന്റെ കേരളയാത്ര. ഈ യാത്രയിലെടുത്ത ചിത്രങ്ങളില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ഇന്നലെ വൈകീട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും അദ്ദേഹം എടുത്ത ഒരു ചിത്രം ഇന്ന് കൊച്ചിയിലെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചതും ഇതോടൊപ്പം കാണുക.
By Josekutty Panackal 16.03.2018


അതാണ് താരം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി എറണാകുളം ബോട്ടുജെട്ടിയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് തിരക്കിനൊപ്പം നീങ്ങുമ്പോള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുന്ന നടന്‍ മമ്മൂട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ  

ഈ വിരലില്‍ വിരിഞ്ഞ ചരിത്രം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ക്കൊപ്പം കയറിയ ലോക പ്രശസ്ത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശുന്നത് വീക്ഷിക്കുന്ന സഹയാത്രികരായ കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ 


2018, ഫെബ്രുവരി 25, ഞായറാഴ്‌ച

ആ ശാപം ഏതുവഴി പോകും?



ജോലിയുടെ ഭാഗമായി ചിലയവസരങ്ങളില്‍ ശാപവാക്കുകളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ കൊച്ചിയിലെ സിബിഐ സ്പെഷല്‍ കോടതിമുറ്റത്താണ് അങ്ങനെയൊരു ശാപവാക്ക് എന്റെ കാതില്‍ക്കൂടി കയറി പോയത്. ദുബായ് മനുഷ്യക്കടത്തു കേസില്‍ ശിക്ഷലഭിച്ചവര്‍ പുറത്തിറങ്ങുന്നതു കാത്ത് രാവിലെ 11 മുതല്‍ കോടതി പരിസരത്തു മാധ്യമ സംഘം കാത്തുനിന്നിരുന്നു. ഏഴുപേര്‍ക്ക് ശിക്ഷലഭിച്ചതായി ഉടന്‍ അറിഞ്ഞെങ്കിലും തുടര്‍നടപടികള്‍ കഴിഞ്ഞു പുറത്തിറങ്ങാന്‍ മണിക്കൂറുകളെടുക്കും. ഉച്ചഭക്ഷണം കഴിക്കാന്‍ പൊലീസ് അകമ്പടിയോടെ പ്രതികള്‍ പുറത്തു വരുമെന്ന് കരുതിയെങ്കിലും അവര്‍ പുറത്തേക്ക് വന്നില്ല. അഞ്ചര മണിക്കൂര്‍ കാത്തുനില്‍പിനുശേഷം വൈകുന്നേരം നാലരയോടെ പൊലീസ് വാഹനത്തില്‍ കയറ്റാനായി അവരെ പുറത്തിറക്കി. പ്രതികളുടെ മുഖം കാണാതിരിക്കാന്‍ പുത്തന്‍ തോര്‍ത്തുകള്‍തന്നെ ആരോ ‘സ്പോണ്‍സര്‍’ ചെയ്തിട്ടുണ്ട്.


ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രതികളിലെ വനിതകളിലൊരാള്‍ ‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട് തിന്ന്...’ എന്ന ശാപവാക്കില്‍ തുടങ്ങിയത്.. ‘ഞങ്ങള്‍ക്കും കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും നിങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയാല്‍ നാട്ടിലൊക്കെ പാട്ടായി അതിനു കോട്ടം തട്ടുമെന്നു’മൊക്കെയായിരുന്നു ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ ചുരുക്കം. ഇത്തരം വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും തിരിച്ചൊരു അക്ഷരം പോലും മിണ്ടിയില്ല. പകരം ക്യാമറ ക്ലിക്കുകളുടെ വേഗം കൂട്ടിയതേയുള്ളു. ഇനി എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി അറിയുക. വെറുതെ മനുഷ്യരെ ദുബായ്ക്കു കടത്തിയതിനല്ല. മറിച്ച് കേരളത്തില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ യാത്രാരേഖകളില്‍ കൃത്രിമം കാണിച്ചു കയറ്റി അയക്കുകയും ദുബായിലെ മുറികളില്‍ പൂട്ടിയിട്ടു ലൈംഗീക കച്ചവടം നടത്തി പണം സമ്പാദിച്ചതിനുമാണ്. രക്ഷപെടാനൊരുങ്ങിയവരെയെല്ലാം യാത്രാരേഖകള്‍ കൃത്രിമമെന്നു കാണിച്ചു ഭീഷണിപ്പെടുത്തി രാജ്യം വിടാനാകാതെ കുടുക്കിയിട്ടു. വീട്ടിലെ കഷ്ടപ്പാടുമൂലം അന്യദേശത്തു കൂലിവേലക്കെത്തിയ ഇവരില്‍ പലര്‍ക്കും ഭര്‍ത്താവും മക്കളും കുടുംബവും ഉണ്ടെന്നുപോലും ഇക്കൂട്ടര്‍ വിസ്മരിച്ചു. അവരാണ് ഇപ്പോള്‍ തന്റെ മാനം കപ്പലിലേറുമെന്ന് വിലപിക്കുന്നത്. കോടതിമുറ്റത്തെ ഇവരുടെ ശാപത്തിന്റെ അഗ്നി അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ സ്ത്രീകളുടെയും അവരുടെ കുടുംബക്കാരുടെയും കണ്ണീരിന്റെ ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.  

By Josekutty Panackal 25.02.2018



2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ചന്ദ്രനിലേക്ക് ടോര്‍ച്ചടിക്കാമോ?

ഇന്നലെ ചന്ദ്രനെതപ്പി ലോകം മേലോട്ടു നോക്കുന്ന ദിനമായിരുന്നല്ലോ. അപ്പോള്‍ വാര്‍ത്താചിത്രഛായാഗ്രാഹകന്‍ എന്ന നിലയില്‍ വെറുതെയിരിക്കാനാകുമോ? ഗ്രഹണം, റെഡ്മൂണ്‍, ബ്ലൂമൂണ്‍ എന്നീ പ്രതിഭാസങ്ങളെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസടക്കം പകര്‍ത്താമെന്നാണ് മനസില്‍ കണ്ടത്. അതിനുള്ള തയാറെടുപ്പോടെ വൈകുന്നേരം 5.20 മുതല്‍ അവിടെ കാത്തുനില്‍പു തുടങ്ങി. ബീച്ചിനോടു ചേര്‍ന്നായതിനാല്‍ എവിടെ ചന്ദ്രന്റെ പൊടി കണ്ടാലും അപ്പോള്‍ത്തന്നെ ഒപ്പിയെടുക്കാന്‍ സ്റ്റാന്‍ഡില്‍ ക്യാമറയും വലിയ ലെന്‍സുമൊക്കെ ഉറപ്പിച്ചാണ് കാത്തുനില്‍പ്. 6.25 കഴിഞ്ഞതോടെ സൂര്യന്‍ കടലില്‍ മുങ്ങി. എന്നിട്ടും ചന്ദ്രികയെ കാണാനില്ല. ഗ്രഹണമാണെങ്കിലും നാണത്താല്‍ മുഖംമറച്ച ആ മുഖം കാണുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തില്‍ മറ്റുസ്ഥലങ്ങളിലൊന്നും കാണുന്നില്ലെന്ന് സഹപ്രവര്‍ത്തകരുടെ വാട്സാപ് സന്ദേശങ്ങളിലൂടെ അറിയുന്നുണ്ട്. ഏകദേശം 7.15 ആയപ്പോള്‍ വളരെ മങ്ങിയതെങ്കിലും കണ്ണില്‍ കാണാവുന്നതരത്തില്‍ ലൈറ്റ് ഹൗസിനും വളരെ ദൂരത്തിലായി ചന്ദ്രന്റെ പൊടി തെളിഞ്ഞു. പക്ഷേ ഫോട്ടോയില്‍ തെളിയാനുള്ള തെളിച്ചമൊന്നുമില്ല എന്നതിനു പുറമെ ലൈറ്റ്ഹൗസ് ഉള്‍പ്പെടുത്താനുള്ള നിലയിലുമല്ല. ക്യാമറയും വലിയ ലെന്‍സുമൊക്കെ വലിച്ചെടുത്ത് മറ്റൊരു സ്ഥലം തേടി ഇനി ഓടാനുമാകില്ല. സമീപത്ത് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍ പ്ലാന്റ് മുതല്‍ സര്‍വ സംരക്ഷണമേഖലയാണ്. ഇതൊക്കെയായി ഇരുട്ടത്ത് ഓടിനടന്നാല്‍ വെടിവച്ചു കൊല്ലുമോയെന്നുപോലും പേടിക്കണം. ബീച്ചില്‍ത്തന്നെ നിന്നും ഇരുന്നും കിടന്നുമൊക്കെ പരീക്ഷണം തുടരുന്നതിനിടെയാണ് എന്തു ചിത്രമാണ് എടുക്കുന്നതെന്നു ചോദിച്ചൊരു കുടുംബം എത്തിയത്. ഇന്ന് ഗ്രഹണം മൂലം ചന്ദ്രനെ കാണാനില്ലാത്തതിനാല്‍ ലൈറ്റടിച്ചു നോക്കുന്നൊരു ദൃശ്യം ഇവിടെ കാണാമെന്ന് മറുപടി നല്‍കി. തമാശയാണെന്ന് മനസിലായെങ്കിലും കൂട്ടത്തിലെ കുട്ടി ഇത് കാര്യമായെടുത്തു. ‘നമ്മള്‍ താഴെ നിന്ന് ലൈറ്റടിച്ചാല്‍ അത് എവിടെവരെയെത്തും?’ എന്ന സംശയവുമായി അവന്‍ അച്ഛനുനേരെ തിരിഞ്ഞു. അദ്ദേഹം ദയനീയമായി എന്നെ നോക്കി. നല്ല ജീപ്പാസിന്റെ ലൈറ്റൊക്കെയാണെങ്കില്‍ ഉദ്ദേശം 5 കിലോമീറ്ററൊക്കെ പോകുമായിരിക്കും ഏതായാലും ചന്ദ്രന്‍വരെ എത്തില്ല എന്ന മറുപടിയിലൊന്നും അവന്‍ തൃപ്തനായില്ല. ഇതിനിടെ ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചപാതയും ഗ്രഹണചിത്രവുമായി അടുത്ത ആംഗിള്‍ തേടാന്‍ ഞാന്‍ സ്ഥലം വിട്ടു. ആ കുട്ടിയുടെ പോക്കുകണ്ടിട്ട് ഇന്ന് അവന്‍ അച്ഛനെക്കൊണ്ടു ജീപ്പാസിന്റെ ടോര്‍ച്ചു വാങ്ങിപ്പിച്ചിട്ടുണ്ടാകും തീര്‍ച്ച…

#LunarEclipse #RedMoon #BlueMoon #BehindThePhoto #BehindThePicture

ചന്ദ്രേട്ടന്‍ എവിടെയാ? ചന്ദ്രഗ്രഹണം നടക്കുന്നതിനിടെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചം ചന്ദ്രനുനേരെ തിരിഞ്ഞപ്പോള്‍. By Josekutty Panackal

2018, ജനുവരി 29, തിങ്കളാഴ്‌ച

"ഗുഡ് " ജോന്‍

ഇനി നമ്മള്‍ പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama 
ചില അവസരങ്ങള്‍ അങ്ങിനെയാണ് സ്വാതന്ത്രമുള്ളവര്‍ക്കും അതില്ലാതാകുന്ന അവസ്ഥ. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനു പുതുതായി എത്തിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസൻ ആരാധകര്‍ക്കായി കയ്യടിച്ചു ഫ്ലെക്സ് പൊളിക്കുന്ന കാഴ്ചയും ആ പട്ടികയില്‍ പെട്ടതാണ്. ഐഎസ്എല്ലിന്റെ സ്വന്തം ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് കളിനടക്കുന്ന മൈതാനിയിലെ പുല്ലില്‍ കയറി ചിത്രം എടുക്കാന്‍ അനുവാദമുള്ളത്. ഗോള്‍പോസ്റ്റിനു പിന്നില്‍ പരസ്യങ്ങള്‍ ഒഴുകി നീങ്ങുന്ന ബോര്‍ഡിനും പിന്നില്‍ ഇരു കോര്‍ണറുകളിലുമായാണ് പത്രഫൊട്ടോഗ്രഫര്‍മാരുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും നായകന്‍ ജിങ്കാന്റെ നേതൃത്വത്തില്‍ ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ച ഈ സീസന്റെ പ്രത്യേകതയാണ്. കളിയിലില്ലാത്ത നല്ല ചിത്രങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഡല്‍ഹിയുമായുള്ള കളിക്കുശേഷം ഈ അവസരം വന്നപ്പോള്‍ ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ പുല്‍മൈതാനിക്കുള്ളിലേക്ക് ചാടിക്കയറി. പത്രഫൊട്ടോഗ്രഫര്‍മാര്‍ ബോര്‍ഡിനു പിന്നിലായി തയാറായി നില്‍ക്കുന്നു. ഇവിടുത്തെ ‘ആചാരങ്ങളൊന്നും’ പരിചയമില്ലാത്ത ഇന്നലെ വന്ന കളിക്കാരന്‍ ബാഡ്‌വിസനിനെയും ഗോളടിച്ച പയ്യന്‍ ദീപേന്ദ്രസിങ് നെഗിയെയും സന്ദേശ് ജിങ്കാന്‍ തള്ളിക്കയറ്റി മുന്നിലേക്ക് വിട്ടു. ബാഡ്‌വിസനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ നേരെവന്നു പരസ്യബോര്‍ഡിനു പിന്നിലെ ഫ്ലെക്സ് ബോര്‍ഡില്‍ കയ്യടിച്ചടിച്ചു ബോര്‍ഡുവരെ പൊളിച്ചു. കളത്തിനുള്ളിലുള്ള ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ക്ക് ഇത് എടുക്കണമെങ്കില്‍ പരസ്യബോര്‍ഡുകളെ ചാടിക്കടക്കണം. അദ്ദേഹം അതിനായി പുറത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെങ്കിലും അതിനിടെ സംഭവമെല്ലാം കഴിഞ്ഞിരുന്നു.

#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI

2018, ജനുവരി 1, തിങ്കളാഴ്‌ച

പുതുവര്‍ഷം പിറന്നപിന്നാലെ OMKV

കൊച്ചിയിലേക്ക് സ്ഥലംമാറിവന്നിട്ടിതുവരെയായിട്ടും ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷാഘോഷം എടുക്കാത്തതിന്റെ ആകാംക്ഷയോടെയാണ് ഇന്നലെ അവിടേക്ക് തിരിച്ചത്. ഒട്ടേറെ വര്‍ഷങ്ങളായി ബീച്ചില്‍ നടന്നിരുന്ന ആഘോഷം ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി പുല്ലുപിടിപ്പിച്ച മൈതാനിയിലേക്ക് മാറ്റിയിരുന്നു. ബീച്ച് കടലെടുത്തു പോയതാണ് ഈ മാറ്റത്തിനുകാരണം. ഏതായാലും വലിയ ജനസമുദ്രത്തിനിടയിലൂടെ ഒന്നരമണിക്കൂര്‍ നിരങ്ങിയുള്ള യാത്രക്കുശേഷം എന്നെയും വഹിച്ചുള്ള വാഹനം അവിടെയെത്തി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ജാം ആകാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് വളരെയേറിയാല്‍ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വാഹനം മട്ടാഞ്ചേരി വഴിയിലേക്ക് തിരിച്ചിട്ടുകൊള്ളാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പും കൊടുത്തു. വൈകീട്ട് ഏഴുമണിമുതല്‍ പടമെടുപ്പുതുടങ്ങി. ഒന്‍പതുമണി ആയതോടെ പത്രത്തിന്റെ ഫസ്റ്റ് എഡിഷനുകളിലേക്കുള്ള ചിത്രമൊക്കെ ഫയല്‍ചെയ്തു കഴിഞ്ഞു. ഇനി 12മണിക്കു ക്രിസ്മസ് സാന്റാക്ലോസിനു തീകൊളുത്തുന്ന ചടങ്ങാണുള്ളത്. ഇതിനു കാത്തിരിക്കുന്നതിനിടെ, മൈതാനിയില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍ ഇന്റര്‍നെറ്റ് ഇഴയുകയും കിട്ടാതാകുകയുമൊക്കെ ചെയ്തതോടെ അവനവന്റെ മൊബൈല്‍ കമ്പനികളെയും അംബാനിയെയുമൊക്കെ സ്മരിക്കുന്നുണ്ട്. ഇതോടെ രാത്രി 12ന് എല്ലാവരും കൂട്ടത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം എനിക്ക് ഓഫീസിലേക്ക് ചിത്രം അയക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്. അതിനെ പ്രതിരോധിക്കാനുള്ള വഴി ഇവിടെ നെറ്റ്‌വര്‍ക്ക് വരുന്ന ടവറിന്റെ സിഗ്നല്‍പരിധിയില്‍ നിന്നും മാറി ചിത്രം അയക്കുക എന്നതാണ്.

        അങ്ങനെ കാത്തിരുന്ന് 11.59ന് പാപ്പാഞ്ഞിക്കു തീകൊളുത്തി. ആയിരങ്ങള്‍ മൊബൈല്‍ ഫോണുയര്‍ത്തി ആ ദൃശ്യത്തെ സല്യൂട്ട് ചെയ്തു. ഒരുമിനിറ്റിനുള്ളില്‍ ചിത്രം പകര്‍ത്തിയ സ്ഥലത്തുനിന്നും പുതുവര്‍ഷപുലരി പിറന്ന വേളയില്‍ 15കിലോ ഭാരം വരുന്ന ക്യാമറാ ഉപകരണങ്ങളുമായി ജനക്കൂട്ടത്തിനിടയിലൂടെ ഓട്ടം തുടങ്ങി. ലക്ഷ്യം അടുത്ത മൊബൈല്‍ ടവര്‍ പരിധിയിലേക്ക് എത്തുക. ബിനാലെ നടക്കാറുള്ള ആസ്പിന്‍വാള്‍ ഹൗസിന് സമീപമാണ് കാറുള്ളത്. അവിടെയെത്തി കാര്‍ കണ്ടെങ്കിലും ഡ്രൈവറെ കാണാനില്ല. മൊബൈലില്‍ കിട്ടുന്നുമില്ല. പത്രത്തിന്റെ ഡെഡ്‌ലൈന്‍ സമയമാണ്. ചിത്രം എത്രയും വേഗം എത്തിച്ചേ മതിയാകൂ. അവിടെനിന്നും ഓടി കടല്‍ക്കരയിലേക്കു ചെന്ന് ഒരു ഒരു നെറ്റ്‌വര്‍ക്ക് ഓണ്‍ചെയ്തു വലിഞ്ഞുനീങ്ങി പോകുന്നതല്ലാതെ 12 എംബിയുള്ള ചിത്രം ലോഡ് ആകുന്നില്ല. അടുത്ത മൊബൈല്‍ കമ്പനിയുടെ നെ‌റ്റ്‌വര്‍ക്ക് ഇത്തിരിക്കൂടി ഭേദപ്പെട്ടതായിരുന്നു. അപ്പുറത്തെ കരയില്‍നിന്നുമെത്തുന്ന സിഗ്നല്‍ ബലത്തില്‍ ചിത്രം ഓഫീസിലെത്തി. തിരിച്ചുവീണ്ടും കാറിനടുത്തേക്ക്. അപ്പോഴും ഡ്രൈവര്‍ എത്തിയിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വിയര്‍ത്തുകുളിച്ച് അദ്ദേഹം ഓടിവരുന്നു. ‘മൊബൈല്‍ കിട്ടുന്നില്ല സാര്‍, ഞാന്‍ ജനക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി’ എന്നൊക്കെയായിരുന്നു വിശദീകരണങ്ങള്‍. ഏതായാലും നിങ്ങളെന്നെ OMKV ആക്കി. അതെ! ‘ഓടുന്ന മനുഷ്യനെ കണ്ടോ വെളുപ്പിന് ’ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചപോലെ..ശ്ശെ!.. By Josekutty Panackal 


#BehindThePhoto #BehindThePicture #MyLifeBook #CrazyPhotography 

2017, ഡിസംബർ 26, ചൊവ്വാഴ്ച

ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!


ചില ചിത്രങ്ങള്‍ അങ്ങിനെയാണ് പ്രതീക്ഷിക്കാത്തതാകും ആ നിമിഷത്തില്‍ സംഭവിക്കുക. ന്യൂ ഇയര്‍ കാര്‍ണിവലിനൊരുങ്ങിയ ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ ചിത്രം എന്തെങ്കിലും എടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്മസ് തലേന്ന് അവിടെയൊന്നു കറങ്ങിയത്. വിവിധരാജ്യങ്ങളില്‍ നിന്നും എത്തിയ ഒട്ടേറെ വിദേശികള്‍ നടപ്പാതകളിലൂടെ അങ്ങിങ്ങായി നടക്കുന്നുണ്ട്. കൂട്ടത്തില്‍ ഭേദപ്പെട്ടൊരു സംഘത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അലങ്കരിച്ച തോരണങ്ങളും മുകളില്‍ തൂങ്ങുന്ന നക്ഷത്രവും ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന് വിചാരിച്ച് അല്‍പം മുന്‍പിലായി വാഹനം നിറുത്തി. അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച് സിഗരറ്റൊക്കെ വലിച്ചു നില്‍ക്കുന്നുണ്ട്. വിദേശികള്‍ ഇതുവഴി നടന്നുവരുമ്പോള്‍ ഇദ്ദേഹം കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ വയ്ക്കുമോ എന്നതായിരുന്നു എന്റെ ശ്രദ്ധ. അവര്‍ നടന്ന് അവിടെയെത്തിയപ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന ദൃശ്യമാണ് തെളിഞ്ഞത്. അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത ഒരു ചിത്രവുമായി മടങ്ങി. By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto 



ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...