2018, ജൂലൈ 19, വ്യാഴാഴ്‌ച

പാവം മൂര്‍ഖന്‍

കഴിഞ്ഞദിവസം റേഡിയോ മാംഗോയിലെ ഒരു ഫോണിന്‍ പരിപാടിക്കിടെ എനിക്കൊരു വിളിവന്നു. സാഹസികമായി എടുത്ത ഏതെങ്കിലും ചിത്രത്തിനു പിന്നിലെ ഒരു കഥപറയാമോ എന്നുചോദിച്ചു. കണ്ണൂരില്‍ ജോലിചെയ്ത അവസരത്തില്‍ രാഷ്ട്രീയ  കൊലപാതക ദിനങ്ങളിലെ യാത്രയും ബോംബ് വേട്ടയുമൊക്കെയാണ്  ഏറ്റവും സാഹസിക കാലയളവെങ്കിലും ആ അനുഭവങ്ങളൊന്നും റേഡിയോ കേഴ്‌വിക്കാര്‍ക്കത്ര സുഖകരമാകില്ലെന്ന് അറിയാം. അതിനാല്‍ കൊച്ചിയിലെത്തിയ ശേഷമുള്ളൊരു അനുഭവമാണ് പങ്കുവച്ചത്. അത് കേള്‍ക്കാത്തവര്‍ക്കായി അക്ഷരങ്ങളിലൂടെ ഇവിടെ കുറിക്കുന്നു.

തൃപ്പൂണിത്തുറ പാലസില്‍ (മണിച്ചിത്രത്താഴ് സിനിമയിലെ വീട്) ഇഴജന്തുക്കളുടെ ശല്യം കൂടിയെന്ന വാര്‍ത്ത ചെയ്യുകയായിരുന്നു ലക്ഷ്യം. അവിടെയുള്ള സന്ദര്‍ശകരില്‍ പലരും പാമ്പിനെകണ്ടുപേടിച്ച അനുഭവങ്ങള്‍ തൃപ്പൂണിത്തുറയിലെ ലേഖകനോട് വിവരിച്ചിരുന്നു. ഉഗ്രന്‍ മൂര്‍ഖനൊക്കെ ധാരാളം ഈ ക്യാംപസിലുണ്ട്. എന്നാല്‍ നല്ലൊരു മൂര്‍ഖനെത്തന്നെ കിട്ടിയാലോ എന്ന ഡയലോഗൊക്കെയിട്ട് പാലസിന്റെ നീളമുള്ള പടവുകള്‍ ഇറങ്ങി ചെല്ലുമ്പോഴതാ മറിഞ്ഞുവീണ് നശിച്ചുകിടക്കുന്ന തടിയില്‍ വെയില്‍ കാഞ്ഞ് എന്തോ കിടക്കുന്നു. കണ്ടിട്ടൊരു മൂര്‍ഖന്റെ ലുക്കൊക്കെയുണ്ട്. പക്ഷേ ക്ഷീണിച്ച് അവശനായി കിടക്കുന്നപോലൊരു തോന്നല്‍. ജീവനുണ്ടോ ഇല്ലയോ എന്നൊരു സംശയവും. സൂം ലെന്‍സിലൂടെ നോക്കിയപ്പോള്‍ കണ്ണുരുട്ടി അത് ഞങ്ങളെത്തന്നെ നോക്കുന്നു. അപ്പോള്‍ ജീവനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. കുറച്ചുകൂടി അടുത്തുപോയാലേ നല്ല ചിത്രം കിട്ടൂ. ‘മൂര്‍ഖനാണവന്‍! അവന്റെ ബന്ധുജനങ്ങളൊക്കെ സമീപത്തെ പൊന്തക്കാട്ടില്‍ത്തന്നെയുണ്ടാകും’; ലേഖകന്റെ മുന്നറിയിപ്പും ചെവിയില്‍ മുഴങ്ങി.

 ലെന്‍സില്‍ മികച്ച ചിത്രം കിട്ടാവുന്ന അടുക്കലെത്തി പതുക്കെ നിലത്തേക്ക് കുത്തിയിരുന്നു. ലക്ഷ്യം കൈവിറച്ചാലും കാല്‍മുട്ടില്‍ താങ്ങി ചിത്രം എടുക്കുക. മൂന്നുനാലു ചിത്രങ്ങള്‍ എടുത്തതും കാലില്‍ ഒരു കടി കിട്ടിയതും ഒാര്‍മ്മയുണ്ട്. ചാടിത്തെറിച്ചെഴുന്നേറ്റ് കാല്‍കുടഞ്ഞ് ഹയ്യോ! എന്നൊരു വിളിയും. തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന ലേഖകനും പരിഭ്രമിച്ച് രണ്ടുചാട്ടം ചാടി. മൂര്‍ഖന്റെ ചിത്രം എടുക്കുമ്പോള്‍ മറ്റൊരു ജീവിക്കും കടിക്കാനുളള അവസരം നമ്മള്‍ കൊടുക്കില്ലല്ലോ.  വെപ്രാളത്തില്‍ കാല് പരിശോധിക്കുമ്പോള്‍ കടിവിടാതെ അതാ ഇരിക്കുന്നു ഭീകരനൊരു കട്ടുറുമ്പ്. ഇവന്മാരെന്തിന് വെറുതെ വെപ്രാളം കാട്ടുന്നുവെന്ന ഭാവത്തില്‍ ബോറടിച്ചുകിടന്ന മൂര്‍ഖനും ചെറുതായൊന്ന് തലഉയര്‍ത്തി നോക്കി അവിടെത്തന്നെ കിടന്നു.
By Josekutty Panackal

#BehindThePhoto #BehindTheImage #MyLifeBook #Snake #ThrippunithuraPalace #Cobra #PhotoJournalism #Experience 

2018, ജൂലൈ 13, വെള്ളിയാഴ്‌ച

എന്നാലുമെന്റെ അപ്പാപ്പാ....



കഴിഞ്ഞദിവസം കേരളത്തില്‍ കനത്ത മഴയായിരുന്നല്ലോ. പതിവുപോലെ കൊച്ചിയും പശ്ചിമകൊച്ചിയുമൊക്കെ വെള്ളക്കെട്ടില്‍ മുങ്ങി. കുറച്ച് മഴ ചിത്രം എടുക്കാമെന്നുവച്ച് പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകളിലൊന്നാണ് ഇതോടൊപ്പമുള്ളത്. സ്ഥലം തോപ്പുംപടി- കരുവേലിപ്പടി റോഡിലാണ്. പ്രായമേറിയൊരാള്‍ വളരെ കഷ്ടപ്പെട്ട് വെള്ളത്തിലൂടെ വടിയും കുടയുമൊക്കെയായി പോകുന്നു... വാഹനങ്ങള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വെള്ളം തെറിക്കാതെ പ്രത്യേക പരിഗണനയൊക്കെ നല്‍കിയാണ് പോകുന്നത്. വെള്ളക്കെട്ടിനപ്പുറം കടന്ന് ഇദ്ദേഹത്തിന്റെ ഈ യാത്ര എങ്ങോട്ടാണെന്ന് അന്വേഷിക്കാമെന്ന തരത്തില്‍ ഞാനും ഡ്രൈവറും നിലയുറപ്പിച്ചു. പതിയെ നടന്ന് ഞങ്ങള്‍ക്കടുത്തെത്തിയ അദ്ദേഹം ഇങ്ങോട്ടുകയറി ഒരു കാര്യം ചോദിച്ചു. അതു കേട്ടപാടെ ചിരിക്കണോ അത്ഭുതപ്പെടണോ എന്നതരത്തില്‍ ഞാനും എന്റെ സാരഥിയും തമ്മില്‍ നോക്കിചിരിച്ചു. അദ്ദേഹത്തിന്റെ ചോദ്യം ഇതായിരുന്നു.. ‘തമ്പീ ബ്രാണ്ടി ഷാപ്പ് എങ്കെയിരുക്കെ?’

#FunnyExperience #WaterLoggedRoad #Karuvelippady #Kochi 

2018, ജൂൺ 5, ചൊവ്വാഴ്ച

കിളിപോയേനെ!!! പക്ഷേ അത് ഈച്ചയിലൊതുങ്ങി…

ജോലിചെയ്യുന്ന സ്ഥാപനത്തിന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണംകൂടിയുണ്ട്; ദ് വീക്ക് മാഗസിന്‍. പത്രത്തില്‍ ലോക്കല്‍ മുതല്‍ രാജ്യാന്തരം വരെ ചിത്രമെടുക്കുമെങ്കിലും ദേശീയ ശ്രദ്ധ വരുന്നവ മുതലേ മാഗസിന്‍ കൈകാര്യം ചെയ്യൂ. അതായത് ലോക്കല്‍ വേണ്ടെന്ന് അര്‍ത്ഥം. ഇത്തവണ അതില്‍ എന്റെ വക ഒരു സംഭാവനയുണ്ട്. അതിനു പിന്നിലെ കഥപറയാം.

കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞചെയ്ത ദിനം മറ്റൊന്നുകൂടി സംഭവിച്ചു. സത്യപ്രതിജ്ഞചെയ്യാന്‍ അദ്ദേഹം ബെംഗളൂരുവിലെ രാജ്ഭവനില്‍ കയറിയ നേരത്ത് വിധാന്‍സൗധക്ക് സമീപത്തെ മഹാത്മാഗാന്ധി പ്രതിമയുടെ ചുവട്ടില്‍‌ കോണ്‍ഗ്രസുകാരും ജെഡിഎസുകാരും പ്രതിഷേധത്തിനെത്തി.  പ്രാദേശികം മുതല്‍ രാജ്യാന്തര മാധ്യമങ്ങള്‍  വരെ സ്ഥലത്തുണ്ട്. അപ്പോള്‍‌ തിരക്കിന് പഞ്ഞമില്ലെന്ന് അര്‍ത്ഥം.  ഇതിനിടയില്‍ ഗാന്ധിപ്രതിമക്ക് മുന്‍പിലെ പടികളില്‍ ആഘോഷമായി ഇരിക്കാന്‍ സ്ഥലമില്ലാതെയും കനത്ത വെയിലേറ്റും എംഎല്‍എമാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. പ്രായത്തിന്റെ വിഷമങ്ങളുണ്ടെങ്കിലും  പ്രാര്‍ഥനയും പരിത്യാഗവുമൊക്കെയായി പൊരിവെയിലത്ത് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനും കൂടിയായ ദേവെഗൗഡയും സമരത്തിനെത്തി.  

മുടിപോയ അദ്ദേഹത്തിന്റെ  തലയില്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടുന്ന ചിത്രമെടുക്കാന്‍ സൂം ചെയ്തപ്പോഴതാ എന്തോ പറന്നുപോകുന്നു. തലയില്‍ പൊന്നീച്ച പറന്നു എന്നൊക്കെ പറയുന്ന അവസ്ഥയാണെങ്കിലും ഇത് ശരിക്കും ഈച്ചതന്നെയാണോ പറന്നതെന്ന് സംശയം. വീണ്ടും പരിശോധിച്ചു. അതെ അദ്ദേഹത്തിന്റെ ചെവിയില്‍ വച്ചിരിക്കുന്ന പൂവില്‍ തേനുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമവുമായി എത്തിയതാണ് ആ ചെറുതേനീച്ച.  അടുത്ത് ചെല്ലാനാകാത്ത ദൂരത്തിലാണ് മാധ്യമപ്രവര്‍ത്തകരെ നിറുത്തിയിരിക്കുന്നത്. അതിനാല്‍ പരമാവധി സൂം ചെയ്യുകയേ നിവൃത്തിയുള്ളു. അവിടെ നിന്നാല്‍ കാണാന്‍ കഴിയാത്തതും സൂം ലെന്‍സിലൂടെ നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്നതുമായ ആ നിമിഷമാണ് ദ് വീക്ക് മാഗസില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം. ഈ മാഗസിന്‍ കാണുംവരെ ദേവെഗൗഡ പോലും ഇത് അറിഞ്ഞിട്ടുണ്ടാകില്ല. വേറെ പ്രസിദ്ധീകരണത്തിലൊന്നും ആ ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ പണ്ട് ബാലാമണി പറഞ്ഞപോലെ പറയാം… ഞാനേ കണ്ടുള്ളു… ഞാന്‍ മാത്രമേ കണ്ടുള്ളു.
By Josekutty Panackal  05.06.2018




2018, മേയ് 24, വ്യാഴാഴ്‌ച

ഒരു ‘വര’വൂടി വരേണ്ടിവരും..

                                         ഒരു വരകടന്നാല്‍ സംഭവമാകുന്ന ലക്ഷ്മണരേഖയെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ വര പോയാല്‍ തലവേദനയാകുന്നൊരു കാര്യം ഇന്നലെ ഉണ്ടായി. സംഭവം കര്‍ണാടക മുഖ്യമന്ത്രിയായി ഇന്നലെ ചുമതലയേറ്റ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ബെംഗളൂരുവിലെ സ്ഥാനാരോഹണ ചടങ്ങ്. വിധാന്‍സൗധയെന്ന് അറിയപ്പെടുന്ന മന്ദിരത്തിന്റെ മുന്‍പില്‍ പ്രത്യേക വേദിയൊരുക്കി വൈകീട്ട് 4.30നാണ് ചടങ്ങുവച്ചിരുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ത്താചിത്രമെടുപ്പിന് ഒരുമാസക്കാലമായി കര്‍ണാടകമാകെ ചുറ്റിത്തിരിഞ്ഞ എനിക്ക് ഈ സ്ഥാനാരോഹണംകൂടി പകര്‍ത്തിയശേഷമേ കേരളത്തിലേക്ക് മടങ്ങാനാകൂ. ഇത്രനാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളെയൊക്കെ പകര്‍ത്താന്‍ പാര്‍ട്ടി ഓഫിസുകള്‍ വഴി സജ്ജമാക്കിയ പാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി മാറുന്ന കുമാരസ്വാമിയുടെ ചിത്രം ഇനി പകര്‍ത്തണമെങ്കില്‍ സംസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന ക്ഷണപത്രം തന്നെ വേണം. ചടങ്ങിന് മൂന്നുനാള്‍ മുന്നേതന്നെ പ്രസ്തുത ഓഫിസിലെത്തി കാര്യം അറിയിച്ചു. പരിപാടിയുടെ സമയത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും പിറ്റേന്ന് വരാനും പറഞ്ഞു മടക്കി അയച്ചു. രണ്ടാം നാള്‍ പറയുന്നു ഇന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കേ പാസ് അനുവദിക്കൂയെന്ന്. ബാക്കി വരുകയാണെങ്കില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും അനുവദിക്കുമെത്രെ. ഈ പരിപാടിക്കായി മാത്രം ഇവിടെ തങ്ങുന്നതാണെന്നും ഇല്ലെങ്കില്‍ പണ്ടേ മടങ്ങിയേനെയെന്നും അറിയിച്ചപ്പോള്‍ കേരള സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉണ്ടോയെന്നായി ചോദ്യം. ഉണ്ടെന്നറിയിച്ചപ്പോള്‍ അതിന്റെ കോപ്പിയും ഈ ചടങ്ങെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് അറിയിച്ച് സ്ഥാപനത്തില്‍ നിന്നുള്ള കത്തുമായി പിറ്റേന്ന് വരാന്‍ അറിയിച്ചു. അങ്ങനെ സ്ഥാനാരോഹണ ദിനം രാവിലെ വരെയായി കാര്യങ്ങള്‍.

                 രാവിലെ 10നുതന്നെ ഓഫിസിലെത്തിയപ്പോള്‍ കര്‍ണാടക ഇതര സംസ്ഥാനക്കാരായ മാധ്യമപ്രവര്‍ത്തകരുടെ നിരതന്നെയുണ്ട്. അതാത് സംസ്ഥാനങ്ങളുടെ അക്രഡിറ്റേഷനില്ലാത്തവരെ അവിടുത്തെ ഓഫിസര്‍ മാറ്റിനിറുത്തുന്നുണ്ട്. എന്റെ ഊഴവുമെത്തി. തൊട്ടുപിന്നാലെ മാതൃഭൂമിയുടെ ഫൊട്ടോഗ്രഫര്‍ പി. മനോജുമുണ്ട്. മലയാള മനോരമയിലെ കത്തും കേരള അക്രഡിറ്റേഷനും കൈമാറിയതോടെ അദ്ദേഹം എവിടേയ്ക്കോ ഫോണ്‍വിളിച്ചു കന്നഡയില്‍ എന്തൊക്കെയോ ചോദിച്ചു. അവിടെനിന്നും പോസിറ്റീവായ മറുപടിയാണ് കിട്ടുന്നതെന്ന് ഓഫിസറുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരാള്‍ക്കേ പാസ് അനുവദിക്കൂവെന്ന മറുപടിയോടെ എനിക്കും പിന്നാലെ

                               എട്ടുവര്‍ഷത്തോളമായി ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മാതൃഭൂമി ഫൊട്ടോഗ്രഫര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ക്ഷണപത്രം കൈമാറി. പാസ് എന്നുപറയാനാകില്ല, കുമാരസ്വാമി സ്ഥാനാരോഹണം ചെയ്യുന്ന സ്ഥലത്തേക്ക് നിങ്ങളെ ക്ഷണിക്കുന്ന ഒരു ക്ഷണപത്രം. ഒപ്പം അകത്തേക്ക് പോകാനുള്ള കാര്‍ പാസും. മൂന്നുദിവസത്തെ ശ്രമഫലമായി കിട്ടിയ രണ്ട് കടലാസുകള്‍ ഉടന്‍തന്നെ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബന്ധപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അയച്ചു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ സ്ഥാനാരോഹണ ചടങ്ങിനുള്ളു. ഉച്ചഭക്ഷണം കഴിച്ച് വിധാന്‍സൗധയിലേക്ക് പോകാനൊരുങ്ങുമ്പോഴതാ കനത്ത മഴയെത്തുന്നു. കാര്‍പാസിന്റെ ബലത്തില്‍ ചടങ്ങുനടക്കുന്നതിന് അടുത്തുവരെ എത്തിയാലും മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെത്താന്‍ കുടയില്ലാത്തതിനാല്‍ നനയേണ്ടിവരുമെന്ന് ഉറപ്പ്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന മഴ തീരുമ്പോള്‍ നനഞ്ഞുകുളിച്ച് ഒട്ടേറെ ആളുകള്‍ സമ്മേളനസ്ഥലത്തേക്ക് പോകുന്നുണ്ട്. റോഡിലാകെ ഗതാഗതക്കുരുക്ക്. ഈ കുരുക്ക് അഴിയണമെങ്കില്‍ ഇനി മണിക്കൂറുകള്‍ വേണ്ടിവന്നേക്കാം. കാറുകാരനെ പറഞ്ഞുവിട്ടശേഷം ഒരു കിലോമീറ്ററോളം ദൂരം ഒറ്റ ഓട്ടം വച്ചുകൊടുത്തു. ലക്ഷ്യം വിധാന്‍സൗധയുടെ രണ്ടാം നമ്പര്‍ ഗേറ്റാണ്. അതിലൂടെ പ്രവേശിക്കാനാണ് ക്ഷണപത്രത്തില്‍ എഴുതിയിരിക്കുന്നത്.

കാറില്ലെങ്കിലും കാര്‍പാസില്ലാതെ കയറ്റിയില്ലെങ്കിലോ എന്നുകരുതി അതുകൂടി കയ്യില്‍ പിടിച്ചിട്ടുണ്ട്. ഗേറ്റിലെ ആദ്യപരിശോധനാ സ്ഥലത്തെ പൊലീസ് ഓഫിസര്‍ കാര്‍പാസും ക്ഷണപത്രവും ഒരുമിച്ച് വച്ച് ഒരു അരിക് ചീന്തിയെടുത്ത് കളഞ്ഞശേഷം അകത്തേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഏകദേശം പത്തുമീറ്റര്‍ പിന്നിട്ടപ്പോള്‍ അടുത്ത ഓഫിസര്‍ പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാനാവശ്യപ്പെട്ടു. രണ്ടും വച്ചുനീട്ടിയപ്പോള്‍ ആരാണിത് കീറിയതെന്ന് ചോദ്യം. ‘ദാ നില്‍ക്കുന്നു കീറിയ ആള്‍’ എന്ന് ചൂണ്ടിക്കാണിച്ചതോടെ അവിടെനിന്നും അകത്തേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവ്. ആകെയൊരു വശപ്പിശക് മണത്തുതുടങ്ങി. ഇനി മൂന്നാം പരിശോധനാസ്ഥലം; അവിടെയെത്തി ക്ഷണപത്രം കാണിച്ചവഴിയേ ചോദ്യം ‘ഇതിലെ വര ഏത് നിറമാണ്? എന്തിനാണ് കീറിയത്? ’അപ്പോഴാണ് അതില്‍ ഒരു വര ഉണ്ടായിരുന്നെന്നും ആ വരയുടെ നിറം നോക്കിയാണ് ഏത് സോണിലേക്ക് ക്ഷണപത്രവുമായി എത്തുന്നയാളെ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കുകയുള്ളുവെന്നും അറിയുന്നത്. കൃത്യമായി പൊലീസുകാരന്‍ കീറിക്കളഞ്ഞത് ഈ വരയുള്ള ഭാഗമായിരുന്നു. നിങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് അവിടെനിന്ന ഓഫിസര്‍ തീര്‍ത്തുപറഞ്ഞു.

              കേരളത്തിലായിരുന്നെങ്കില്‍ പാസ് നല്‍കിയ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ അവിടെ വരുത്തിച്ചു കാര്യങ്ങള്‍ അവരെ മനസിലാക്കിക്കാമായിരുന്നു. മൂന്നുദിനം ഓഫിസില്‍ കയറിയിറങ്ങി കിട്ടിയ പാസ് അരികു കീറി പുറത്തുനിറുത്തിയിരിക്കുകയാണെന്നു പിആര്‍ഡി ഓഫിസില്‍ പറഞ്ഞിട്ടു കാര്യമില്ലെന്ന് തോന്നി. തിരിച്ചു ഗേറ്റില്‍പോയി തിരഞ്ഞാല്‍ ഇതിന്റെ ബാക്കിയുള്ള കഷണം എങ്ങിനെ കണ്ടുപിടിക്കാം എന്നുള്ള ചിന്തയായി അടുത്തത്. ഇതിനുമുന്‍പ് ഒട്ടേറെ ആളുകളുടേത് ഇങ്ങനെ ചീന്തിയെടുത്തിട്ടുണ്ടെങ്കില്‍ ആ മുറിപേപ്പറുകളില്‍ നിന്നും ഇതിന്റെ കൃത്യം കഷണം കണ്ടെത്തുക കഠിനവുമാണ്. പൊലീസുകാരന്റെ കയ്യിലെ പിഴവിന് ഞാനെന്തിന് സഹിക്കണം എന്ന വാദവുമായി വീണ്ടും മൂന്നാം പരിശോധനാ കേന്ദ്രത്തിലേക്ക് എത്തി. നിങ്ങള്‍ ഒന്നാം കവാടത്തിലെ ഉദ്യോഗസ്ഥന് കൃത്യമായി നിര്‍ദേശം കൊടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും എന്റെ പിഴവില്‍ വന്നതല്ലെന്നുമായിരുന്നു വാദമുഖം. ഇതില്‍ ഏത് നിറത്തിലുള്ള വരയായിരുന്നു ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ മനസിലാക്കണമായിരുന്നു എന്ന് അവരും തിരിച്ചുവാദിച്ചു. ഇതു പറഞ്ഞുകൊണ്ടിരിക്കെയാണ് രാവിലെ ഫോണിലെടുത്ത ക്ഷണപത്രത്തിന്റെ ഫോട്ടോയെക്കുറിച്ച് ഓര്‍മ്മ വന്നത്. കീറുന്നതിനു മുന്‍പെടുത്ത പാസിന്റെ ചിത്രം പരിശോധിച്ചപ്പോഴതാ വലത്തേ മൂലയില്‍ ചുവന്നൊരു വര. ‘ഇതാണാ രേഖ…’ വിയറ്റ്നാം കോളനി സിനിമയില്‍ നടന്‍ ശങ്കരാടി കൈവെള്ളയിലെ രേഖ കാണിച്ചപോലെ ഞാന്‍ ഫോണുയര്‍ത്തി ഓഫിസറെ കാണിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഫോണ്‍ പരിശോധിച്ചു. പാസിന്റെ ബാക്കിവന്ന കഷണവുമായി ഒത്തുനോക്കിയശേഷം അദ്ദേഹംതന്നെ മറ്റ് ഉദ്യോഗസ്ഥരെ പറഞ്ഞുബോധ്യപ്പെടുത്തി എന്നെ അകത്തേക്ക് കടത്തിവിട്ടു. ആ ഓഫിസര്‍ക്ക് നന്ദി പറയുന്നതിനൊപ്പം, എന്ത് രേഖകള്‍ കിട്ടിയാലും ഉടന്‍തന്നെ അതിന്റെ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാറുള്ള ശീലത്തിന് സ്വയം ആശ്വാസവും രേഖപ്പെടുത്തി അകത്തേക്ക് കുതിച്ചു. എന്നാലുമെന്റെ ‘കുമാരണ്ണാ’ നിങ്ങളറിയുന്നുണ്ടോ ഇതുവല്ലതും? #JosekuttyPanackal 24.05.2018



2018, മാർച്ച് 25, ഞായറാഴ്‌ച

ആ മുഖത്തുണ്ട് ഓശാന

ഓശാന തിരുനാള്‍ വീണ്ടുമെത്തി. പത്രങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയുമെല്ലാം ചിത്രങ്ങളായി കുട്ടികളും വയോധികരുമെല്ലാം വീണ്ടും എത്തും. ചില ദോഷൈകദൃക്കുകള്‍ ഇതെന്താ കുട്ടികളും വൃദ്ധരും മാത്രമേ പള്ളിയിലുള്ളോയെന്ന് ചോദിച്ചേക്കാം. കാരണം തപ്പിനോക്കിയാല്‍ മനസിലാകുന്നൊരു കാര്യമുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന രണ്ടു വിഭാഗമാണ് കുട്ടികളും വയോധികരും. എന്നാല്‍ പള്ളിയിലെത്തിയാല്‍ പ്രായമായവര്‍ വളരെ അടക്കത്തോടെ അതിനുള്ളില്‍ത്തന്നെ കൂടും. കുഞ്ഞുകുട്ടികളില്‍ പലരും പള്ളിക്ക് പുറത്തിറങ്ങി പലരീതിയില്‍ ഓല മടക്കിയും കറക്കിയുമൊക്കെ കളി തുടങ്ങും. കാരണവന്മാര്‍ ഇവരെനോക്കി കണ്ണുരുട്ടിയാലും ‘അതൊക്കെ വീട്ടില്‍ മതി പള്ളീല്‍ വേണ്ട’ എന്ന ഭാവത്തില്‍ കുട്ടികള്‍ കളി തുടരും. ഇവിടെയാണ് പള്ളിക്കു പുറത്ത് ഫോട്ടോയെടുക്കുന്ന ഫൊട്ടോഗ്രഫര്‍മാരുടെ സാധ്യതകള്‍ തെളിയുന്നത്. ഒാല കൊടുക്കുന്നതുമുതല്‍ വ്യത്യസ്തമായ ചിത്രം പകര്‍ത്താന്‍ നിലയുറപ്പിക്കുന്ന ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് പള്ളിയകത്ത് കയറി ഒട്ടേറെ നേരം നില്‍ക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സേഫ് സോണ്‍ ആയ ‘പള്ളിപ്പുറം’ തന്നെയാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കാറ്. അവിടെയുള്ള കൂട്ടമാകട്ടെ കുട്ടിക്കൂട്ടവും. അപ്പോള്‍ സ്വാഭാവികമായും കുട്ടികളുടെ ചിത്രം കൂടുതലായി പകര്‍ത്തുകയും ചെയ്യും. പ്രദക്ഷിണത്തിലും ആരാധനക്ക് ശേഷം ഇറങ്ങിവരുമ്പോഴുമെല്ലാം മുഖം ചുളിഞ്ഞ അമ്മാമ്മമാരും ചിത്രത്തില്‍ പെടാറുണ്ട്. എന്നാല്‍ കുട്ടിത്തത്തിന്റെ കൗതുകവും നിഷ്കളങ്കതയുമുള്ള ചിത്രത്തോടാണ് ഈ മുഖ ചിത്രങ്ങള്‍ ന്യൂസ് ഡെസ്കില്‍ മത്സരിക്കേണ്ടിവരുന്നത്. ഇപ്പോള്‍ ഇതെഴുതാന്‍ കാരണം 2012ലെ ഓശാന നാളില്‍ ജനക്കൂട്ടത്തിന്റെയും കുട്ടിയുടെയും ചിത്രമെടുത്തശേഷം ഞാന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത് കുട്ടിയുടെ ചിത്രമാണ്. ആ തീരുമാനം തെറ്റാണോ എന്നറിയാന്‍ രണ്ടുദിവസത്തിനുശേഷം ഈ രണ്ട് ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ ഏതാണ് ഉത്തമം എന്ന ചോദ്യവും ചോദിച്ചിരുന്നു. 
https://www.facebook.com/photo.php?fbid=353917794658628&set=a.184773054906437.64030.100001212323304&type=3&theater കൂടുതല്‍ ആളുകളും പിന്‍താങ്ങിയത് കുട്ടിചിത്രംതന്നെ. പക്ഷേ അവിടെനിന്നും ആ ചിത്രം കോപ്പിചെയ്ത് പിന്നീടുള്ള എല്ലാ ഓശാന ഞായറുകളിലും അവരവരുടെ പേരും വാട്ടര്‍മാര്‍ക്കുമൊക്കെയായി എനിക്കുതന്നെ ലഭിക്കാറുണ്ട്. ഇന്നും കിട്ടി മൂന്നുതവണ. കേസുകൊടുക്കണോ പിള്ളേച്ചാ!!! ?



2018, മാർച്ച് 16, വെള്ളിയാഴ്‌ച

അതാണ് ആ ‘സിംപിള്‍’ മെഗാസ്റ്റാര്‍

           വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 1972ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത്രമുരിഞ്ഞെറിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ലോക ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ അതേ നിക് ഉട്ട്. തന്റെ ഇരുപതാം വയസില്‍ കിം ഫുക്കെന്ന ഒന്‍പതു വയസുകാരിയുടെ ജീവിതം മാറ്റിമറിച്ച നിക്ക് ഉട്ടിന് ഇപ്പോള്‍ 67 വയസുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പ്രസ് ഫോട്ടോ ഫെസ്റ്റിവലിനും അക്കാദമി അവാര്‍ഡ് സ്വീകരിക്കാനുമാണ് നിക് ആദ്യമായി ഇന്ത്യയിലും കേരളത്തിലും എത്തിയത്.

ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തില്‍ തന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനത ഇത്രത്തോളമുണ്ടെന്ന് കേരളത്തിലെത്തിയതുമുതല്‍ നിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്രയേറെ പത്രം വായിക്കുന്ന ജനതയായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതങ്ങളിലൊന്ന്. മീന്‍ ചന്തയില്‍ ചിത്രമെടുക്കാന്‍ ചെന്നപ്പോഴും അന്നത്തെ പത്രം ഉയര്‍ത്തിക്കാട്ടി ‘ഈ ചിത്രത്തില്‍ കാണുന്ന നിക് ഉട്ടല്ലേ’ താങ്കള്‍ എന്ന് ചേദിക്കുന്ന തൊഴിലാളികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ സ്നേഹം കണ്ടാണ് ഈ സംസ്ഥാനം തന്നെ കണ്ടുകളയാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും, വാഗമണ്ണിലുമൊക്കെ സന്ദര്‍ശനം നടത്തി ഇന്നലെ കൊച്ചി മീഡിയ അക്കാദമിയിലുമെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുരാരേഖാ ശേഖരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാറും എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ പുലിറ്റ്സര്‍- വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡുകളൊക്കെ തന്റെ ചിത്രത്തിനു നേടിയനിക് ഉട്ട് , വഴിയില്‍ നിന്നൊരാള്‍ ഒപ്പം സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചാല്‍ പോലും എപ്പോഴും റെഡി. തന്നെ തഴുകുന്നവര്‍ക്കും തൊടുന്നവര്‍ക്കും ഉമ്മവയ്ക്കുന്നവര്‍ക്കുമൊക്കെ അതുതന്നെ തിരിച്ചും സമ്മാനിച്ചാണ് ഈ ‘സിംപിള്‍’ മനുഷ്യന്റെ കേരളയാത്ര. ഈ യാത്രയിലെടുത്ത ചിത്രങ്ങളില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ഇന്നലെ വൈകീട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും അദ്ദേഹം എടുത്ത ഒരു ചിത്രം ഇന്ന് കൊച്ചിയിലെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചതും ഇതോടൊപ്പം കാണുക.
By Josekutty Panackal 16.03.2018


അതാണ് താരം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി എറണാകുളം ബോട്ടുജെട്ടിയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് തിരക്കിനൊപ്പം നീങ്ങുമ്പോള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുന്ന നടന്‍ മമ്മൂട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ  

ഈ വിരലില്‍ വിരിഞ്ഞ ചരിത്രം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ക്കൊപ്പം കയറിയ ലോക പ്രശസ്ത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശുന്നത് വീക്ഷിക്കുന്ന സഹയാത്രികരായ കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ 


2018, ഫെബ്രുവരി 25, ഞായറാഴ്‌ച

ആ ശാപം ഏതുവഴി പോകും?



ജോലിയുടെ ഭാഗമായി ചിലയവസരങ്ങളില്‍ ശാപവാക്കുകളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ കൊച്ചിയിലെ സിബിഐ സ്പെഷല്‍ കോടതിമുറ്റത്താണ് അങ്ങനെയൊരു ശാപവാക്ക് എന്റെ കാതില്‍ക്കൂടി കയറി പോയത്. ദുബായ് മനുഷ്യക്കടത്തു കേസില്‍ ശിക്ഷലഭിച്ചവര്‍ പുറത്തിറങ്ങുന്നതു കാത്ത് രാവിലെ 11 മുതല്‍ കോടതി പരിസരത്തു മാധ്യമ സംഘം കാത്തുനിന്നിരുന്നു. ഏഴുപേര്‍ക്ക് ശിക്ഷലഭിച്ചതായി ഉടന്‍ അറിഞ്ഞെങ്കിലും തുടര്‍നടപടികള്‍ കഴിഞ്ഞു പുറത്തിറങ്ങാന്‍ മണിക്കൂറുകളെടുക്കും. ഉച്ചഭക്ഷണം കഴിക്കാന്‍ പൊലീസ് അകമ്പടിയോടെ പ്രതികള്‍ പുറത്തു വരുമെന്ന് കരുതിയെങ്കിലും അവര്‍ പുറത്തേക്ക് വന്നില്ല. അഞ്ചര മണിക്കൂര്‍ കാത്തുനില്‍പിനുശേഷം വൈകുന്നേരം നാലരയോടെ പൊലീസ് വാഹനത്തില്‍ കയറ്റാനായി അവരെ പുറത്തിറക്കി. പ്രതികളുടെ മുഖം കാണാതിരിക്കാന്‍ പുത്തന്‍ തോര്‍ത്തുകള്‍തന്നെ ആരോ ‘സ്പോണ്‍സര്‍’ ചെയ്തിട്ടുണ്ട്.


ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രതികളിലെ വനിതകളിലൊരാള്‍ ‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട് തിന്ന്...’ എന്ന ശാപവാക്കില്‍ തുടങ്ങിയത്.. ‘ഞങ്ങള്‍ക്കും കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും നിങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയാല്‍ നാട്ടിലൊക്കെ പാട്ടായി അതിനു കോട്ടം തട്ടുമെന്നു’മൊക്കെയായിരുന്നു ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ ചുരുക്കം. ഇത്തരം വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും തിരിച്ചൊരു അക്ഷരം പോലും മിണ്ടിയില്ല. പകരം ക്യാമറ ക്ലിക്കുകളുടെ വേഗം കൂട്ടിയതേയുള്ളു. ഇനി എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി അറിയുക. വെറുതെ മനുഷ്യരെ ദുബായ്ക്കു കടത്തിയതിനല്ല. മറിച്ച് കേരളത്തില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ യാത്രാരേഖകളില്‍ കൃത്രിമം കാണിച്ചു കയറ്റി അയക്കുകയും ദുബായിലെ മുറികളില്‍ പൂട്ടിയിട്ടു ലൈംഗീക കച്ചവടം നടത്തി പണം സമ്പാദിച്ചതിനുമാണ്. രക്ഷപെടാനൊരുങ്ങിയവരെയെല്ലാം യാത്രാരേഖകള്‍ കൃത്രിമമെന്നു കാണിച്ചു ഭീഷണിപ്പെടുത്തി രാജ്യം വിടാനാകാതെ കുടുക്കിയിട്ടു. വീട്ടിലെ കഷ്ടപ്പാടുമൂലം അന്യദേശത്തു കൂലിവേലക്കെത്തിയ ഇവരില്‍ പലര്‍ക്കും ഭര്‍ത്താവും മക്കളും കുടുംബവും ഉണ്ടെന്നുപോലും ഇക്കൂട്ടര്‍ വിസ്മരിച്ചു. അവരാണ് ഇപ്പോള്‍ തന്റെ മാനം കപ്പലിലേറുമെന്ന് വിലപിക്കുന്നത്. കോടതിമുറ്റത്തെ ഇവരുടെ ശാപത്തിന്റെ അഗ്നി അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ സ്ത്രീകളുടെയും അവരുടെ കുടുംബക്കാരുടെയും കണ്ണീരിന്റെ ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.  

By Josekutty Panackal 25.02.2018



ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...