2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

പ്രളയദിന കുറിപ്പുകള്‍


ഈ പ്രളയത്തില്‍ ഞാന്‍ കണ്ടത്.

* ആര്‍ക്കും എപ്പോഴും വാഹനത്തില്‍ സൗജന്യമായി ലിഫ്ട് നല്‍കാന്‍ തയ്യാറായ നൂറുകണക്കിനു വാഹനഉടമകളെ...

* ഡ്യൂട്ടി ടൈം എന്നത് എത്രമണിക്കൂറെന്ന് ഓര്‍മ്മയില്‍ പോലുമില്ലാതെ ജോലിചെയ്ത സേവന മേഖലയിലെ ഉദ്യോഗസ്ഥരെ..

* പട്ടാളമോ പൊലീസോ എത്തുംമുന്‍പ് തന്റെ കുടുംബത്തിലുള്ളവരെ പ്രളയത്തില്‍ നിന്നും കരകയറ്റുന്നതിനൊപ്പം അയല്‍ക്കാരനെയും രക്ഷിക്കുന്ന മനുഷ്യരെ..കൂടെ കൂടിയ മത്സ്യതൊഴിലാളികളെ…

* നാട് മുങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ വെള്ളം കയറിയില്ല,  അതിനാല്‍ വൈദ്യുതിയും ഫോണും പത്രവുമൊക്കെ തനിക്ക് കൃത്യമായി  ലഭിക്കണമെന്ന് പ്രളയദിനത്തില്‍ വാശിപിടിച്ചവരെ…


* ഉന്നത ജാതിക്കാരനായതിനാല്‍ മറ്റുള്ളവര്‍ക്കൊപ്പം രക്ഷാബോട്ടില്‍ കയറാതെ രണ്ടുദിനം പട്ടിണികിടന്നശേഷം ഏതെങ്കിലും ബോട്ടില്‍ രക്ഷപെടുത്തൂ… എന്ന് കേണവരെ...

* കയ്യില്‍ എടിഎം കാര്‍ഡും അക്കൗണ്ടില്‍ കാശും മൊബൈലിന് റേഞ്ചും ഉള്ളതിനാല്‍  ദുരിതാശ്വാസക്യാംപിലെ ഭക്ഷണത്തിന് പകരം ഊബര്‍ ഈറ്റ്സിലും സ്വിഗ്ഗിയിലും ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണം എത്തുമെന്ന് വിശ്വസിച്ചവരെ...

* പുതിയ തുണിത്തരങ്ങള്‍ ക്യാംപില്‍ എത്തിയപ്പോള്‍ തനിക്ക് ചുവന്ന ജീന്‍സ് തന്നെ വേണമെന്ന് വാശിപിടിച്ചവരെ...



2018 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍  ദുരിതത്തിലാഴ്ന്നവരുടെയും അതിജീവിച്ചവരുടെയുംഅവരെ കൈപിടിച്ചുയര്‍ത്തിയവരെയും എല്ലാം നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനിയും ദുരിതങ്ങളുടെ വ്യാപ്തി പുറത്തുവരാനുമിരിക്കുന്നു. ഈ ദുരിതദിനങ്ങളുടെ വാര്‍ത്താചിത്രങ്ങള്‍  എടുക്കാന്‍  കഴിഞ്ഞ ഒരാഴ്ച പേരാടിയത് ന്യൂസ് ഫൊട്ടോഗ്രഫി ജീവിതത്തിലെ മറ്റൊരു അധ്യായം തന്നെയായിരുന്നു.  ദുരിതങ്ങള്‍ കടന്നുവരാത്ത ‘സേഫ് സോണിലിരുന്ന്’ ടിവിയിലൂടെയും പത്രത്തിലൂടെയും മൊബൈലിലൂടെയുമെല്ലാം ഇത് കണ്ടവരില്‍ ചിലരെങ്കിലും ഇത് പകര്‍ത്താനെത്തിയവരെയും സ്മരിച്ചിരിക്കുമെന്ന് തീര്‍ച്ച. ആ അനുഭവ നാളുകളിലൂടെ ഒരു യാത്ര.

ഒന്നാംദിനം ഓഗസ്റ്റ് 16:

ഓഗസ്റ്റ് 15ലെ അവധിദിനം കഴിഞ്ഞ് ഓഫിസിലേക്ക് പോകുംവഴിയാണ് വെളളപ്പൊക്കത്തിന്റെ ഭീകരത മനസിലായിത്തുടങ്ങിയത്. മുന്നേതുറന്ന ചെറുതോണിഡാമിന്റെ വെള്ളം ഇടമലയാര്‍ കയറിയിറങ്ങി ആലുവയെ ചെറുതായൊന്ന് കുലുക്കി പോയത് കുറച്ച് ദിനങ്ങളായി എടുത്തുവരികയായിരുന്നു. എന്നാല്‍ ഇത്തവണ ചില താഴ്ന്നയിടങ്ങളില്‍ വെള്ളം കയറിയത് പകര്‍ത്തിയെങ്കിലും പിറ്റേന്ന് പത്രമില്ലാത്തതിനാല്‍ ഓണ്‍ലൈനിലേക്ക് മാത്രം ചിത്രം നല്‍കി വീട്ടിലേക്ക് തിരിക്കുകയായിരുന്നു. 16ന് രാവിലെ ബസുകളെല്ലാം പതിവില്‍ക്കഴിഞ്ഞ  തിരക്കുള്ളതിനാല്‍ ഓഫിസിലേക്ക് സാധാരണ പോകാറുള്ള ബസ്- മെട്രോ ട്രെയിന്‍ യാത്രക്ക് പകരമായി സ്കൂട്ടറില്‍ത്തന്നെ പോകാന്‍ തീരുമാനിച്ചു. അങ്കമാലിയില്‍ നിന്നും ദേശീയപാതയിലെ നെടുമ്പാശേരി അത്താണി കവലയില്‍ എത്തിയപ്പോള്‍ റോഡ് കവിഞ്ഞൊഴുകി വെള്ളം കടന്നുപോകുന്നു. അത് കാര്യമാക്കാതെ സ്കൂട്ടറിന്റെ സൈലന്‍സര്‍ കുഴലിലേക്ക് തുണി തിരുകിക്കയറ്റി ഉന്തി അപ്പുറം കടത്തി. ഏതാനും കിലോമീറ്റര്‍ പിന്നിട്ട് ആലുവ പറവൂര്‍ കവലയില്‍ എത്തിയപ്പോഴതാ വീണ്ടും ഒരു കിലോമീറ്ററോളം നീളത്തില്‍ ദേശീയപാത കവിഞ്ഞൊഴുകുന്നു. ഒരു അരികിലൂടെ അതും പഴയപടി ഉന്തിക്കടത്തി. കുറച്ചാളുകള്‍ പൊങ്ങിയ വെള്ളത്തിലൂടെ അതിലെയും ഇതിലെയുമൊക്കെ കടന്നുവരുന്നുണ്ട്. ചില പ്രൈവറ്റ് ബസുകളും കാറുമൊക്കെ ഒരു അരിക് പിടിച്ചു പോകുന്നുമുണ്ട്.  അതിന്റെ കുറച്ച്  ചിത്രങ്ങളൊക്കെ എടുത്ത്  ക്യാമറ തിരിച്ചുവയ്ക്കുമ്പോഴേക്കും വീട്ടിലേക്ക് ക്യാമറ കൊണ്ടുപോകാറുള്ള കൊച്ചു ബാഗിന്റെ സിപ് ഇളകിത്തെറിച്ചു. ദേശീയപാതയില്‍ ആലുവക്കും കളമശേരിക്കുമിടയിലെ കമ്പനിപ്പടിയില്‍ വലിയവെള്ളക്കെട്ടായെന്നും പുഴ ഗതിമാറി റോഡിലൂടെ ഒഴുകുന്നുവെന്നും മെട്രോ സര്‍വീസ് നിറുത്തിവച്ചെന്നും കേട്ടതോടെ ഇത് ചെറിയ നിലക്കൊന്നും ഒതുങ്ങില്ലെന്ന് തീര്‍ച്ചയാക്കി. ഏതായാലും മുന്‍പ് രണ്ട് വെള്ളക്കെട്ടും കടന്ന എക്സ്പീരിയന്‍സ് ഉപയോഗിച്ച് കമ്പനിപ്പടിയും കടക്കാം എന്ന കണക്കുകൂട്ടല്‍ പാളി. ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവ മാത്രമേ അവിടെ അപ്പോള്‍ കടക്കാനാകുന്നുള്ളു. ഇനി മുന്നോട്ട് യാത്ര നടക്കില്ല. വേണമെങ്കില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി അപ്പുറം കടക്കാം. പക്ഷേ ഈ ദുരന്തമുഖത്തുനിന്നും ഓഫിസിലേക്കുള്ള പോക്കല്ല പ്രധാനം എന്ന തീരുമാനം അപ്പോള്‍ത്തന്നെയെടുത്തു. ഓഫിസിലേക്ക് ഫോണ്‍ചെയ്ത് ക്യാമറബാഗും മറ്റ് ലെന്‍സുകളും കാറില്‍ കൊടുത്തയക്കാന്‍ പറഞ്ഞു. പതിവുപോലെ തമാശനിറഞ്ഞൊരു കാഴ്ചയാണ് ആദ്യം കണ്ണിലുടക്കിയത്. ‘മരുഭൂമിയിലെ ചായക്കട’ എന്ന ബോര്‍ഡിനു താഴെ പ്രളയജലം പൊങ്ങിനില്‍ക്കുന്നു. അവിടെ തുടങ്ങുകയായി ഇനിയും പൂര്‍ണമായും തീരാത്ത പ്രളയമാധ്യമപ്രവര്‍ത്തനം.

ഒരുമണിക്കൂര്‍ അവിടെ ചിലവഴിച്ചപ്പോഴേക്കും കമ്പനിപ്പടിയുടെ അങ്ങേക്കരയില്‍ നിന്നും മറ്റ് മാധ്യമങ്ങളിലെ ചിലര്‍ ഇങ്ങേക്കരയിലേക്ക് ബസില്‍ കയറിയെത്തി. ഇപ്പുറം കടക്കാതെ ചിലര്‍ മറുവശത്തുതന്നെ നില്‍ക്കുകയാണെന്ന് ഇവരില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ചിലയുവാക്കള്‍ അപ്പോഴേക്കും വള്ളവും വലിയ ക്യാനുകള്‍  കൂട്ടിക്കെട്ടിയ ചങ്ങാടവുമൊക്കെയായി രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിലൊന്നും കയറിക്കൂടി രക്ഷായാത്രക്ക് പോകേണ്ടതില്ല എന്ന തീരുമാനവും എടുത്തു. കാരണം എന്റെ സ്ഥലംകൂടി രക്ഷതേടിയെത്തുന്ന ഒരു വ്യക്തിക്ക് ഉപകരിച്ചേക്കാം. രക്ഷപെട്ടെത്തുന്ന ഒരു ജീവനാണ് വലുത് ചിത്രമല്ലല്ലോ.

നെഞ്ചൊപ്പം വെള്ളത്തില്‍ ഫയര്‍ഫോഴ്സ് നല്‍കിയ വായുനിറച്ച കൊച്ചുബോട്ടില്‍ അടുത്തുള്ള ഫ്ലാറ്റില്‍ നിന്നും സിനിമ നടന്‍ അടക്കമുള്ളവരെ  സമീപവാസികള്‍ കൊണ്ടുവരുന്ന ചിത്രം പകര്‍ത്തി. അപ്പോഴേക്കും ക്യാമറബാഗുമായി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ വിളിയെത്തി. കാറുകള്‍ അപ്പുറം കടക്കാനാവില്ലെന്നും വെള്ളക്കെട്ടിന് ഇപ്പുറം വരണമെന്നുമായിരുന്നു ആവശ്യം. കളമശേരിയില്‍ നിന്നുതന്നെ വാഹനങ്ങള്‍ കടത്തിവിടാതായെന്നും ഒരു വിധത്തിലാണ് ഇവിടംവരെ എത്തിയതെന്നും അദ്ദേഹത്തിന്റെ ശങ്കനിറഞ്ഞ ശബ്ദം.  അതിലെവന്നൊരു ലോറിയുടെ പിന്നില്‍ തൂങ്ങി ക്യാമറവാങ്ങാന്‍ മറുകരയ്ക്ക്. പ്രളയത്തിലെ ആദ്യ ലോറിയാത്ര അവിടെ തുടങ്ങുകയായി. ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്‍പെട്ടു അരകിലോമീറ്ററോളം അകലെ കിടക്കുന്ന കാറിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും മറുകരയിലെയും സ്ഥിതി വഷളാണെന്ന് മനസിലായി. ബസില്‍കുടുങ്ങിയവരുടെ ശാപവും ദേഷ്യവുമെല്ലാം  ജീവനക്കാര്‍ക്കുനേരെ പലരും ചൊരിയുന്നുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ‘വലിയ റിസ്ക്’ എടുത്താണ് പലരെയും മറുകര കടത്തിയത്. അതിന്റെ ജീവനക്കാരോട് വലിയ ബഹുമാനം തോന്നിയ നിമിഷംകൂടിയായിരുന്നു അത്. രക്ഷാപ്രവര്‍ത്തനത്തില്‍ രസത്തിനു പങ്കുചേര്‍ന്ന പലരും നെഞ്ചിനുമുകളിലേക്ക്  വെള്ളമുയര്‍ന്നതോടെ പതിയെ വലിഞ്ഞുതുടങ്ങി. ക്യാമറയുടെ മറ്റുപകരണങ്ങള്‍ കൈപ്പറ്റി ഡ്രൈവറോട് തിരിച്ചുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ലോറിയില്‍ മറുകരകടന്ന് സ്കൂട്ടറില്‍ കയറി നേരെ ആലുവക്ക് വച്ചുപിടിച്ചു. ഒട്ടേറെ സ്കൂട്ടറുകളും കാറുമൊക്കെ വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന കാഴ്ച ആലുവയിലെത്തിയപ്പോള്‍ കാണാനായി. നേരെ ആലുവയിലെ ഫ്ലൈ ഓവറിന്റെ മധ്യഭാഗത്ത് അരികുചേര്‍ന്ന് സ്കൂട്ടര്‍ നിറുത്തിയിട്ടു. വാഹനഗതാഗതം ഇല്ലാതായതോടെ ആംബുലന്‍സുകളുടെ സൈറന്‍ ശബ്ദവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരുടെ കൂക്കിവിളികളും മാത്രമായി അവിടമാകെ പ്രത്യേക അന്തരീക്ഷമായി.

ആശുപത്രിയിലെ തീവ്രപരിചരണവിഭാഗം ഒഴിപ്പിച്ചുകൊണ്ടുവരുന്ന ആളുകളുടെ ചിത്രമാണ് അവിടെനിന്നും ആദ്യംപകര്‍ത്തിയത്. നേവിയിലെ ചില ഉദ്യോഗസ്ഥരും നാട്ടുകാരും മാത്രമാണ്  അപ്പോഴുള്ളത്. മറ്റുള്ളവരൊക്കെ മറ്റുസ്ഥലങ്ങളിലേക്ക് നീങ്ങിയിരുന്നു. അവസ്ഥ ഓഫിസില്‍ അറിയിക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് അവിടെ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന കാര്യം അറിയുന്നത്. ഹോട്ടല്‍ പെരിയാറിന്റെ താഴത്തെ നിലയൊക്കെ മുക്കി നദി ഭീമാകാരനായി ഒഴുകുന്നു.  എല്ലാദിവസവും ഇതിനുമുകളിലൂടെ കടന്നുപോകുമെങ്കിലും ഇത്രയേറെ വെള്ളം കണ്ടിട്ടില്ല. വീട്ടില്‍ ഇരിക്കുന്നവര്‍ വാര്‍ത്ത കാണുന്നുണ്ടെങ്കില്‍ പരിഭ്രമിക്കുന്നുണ്ടാകുമെന്ന് ഉറപ്പ്. എത്രയും വേഗം ഓഫിസിലേക്കും വീട്ടിലേക്കും ഞാന്‍ സുരക്ഷിതസ്ഥാനത്താണെന്ന് അറിയിക്കണം. തോട്ടയ്ക്കാട്ടുകര ജംക്ഷനിലേക്ക് ചെന്ന് വേറെ മൊബൈല്‍ ടവറില്‍ നിന്നും റേഞ്ച് കിട്ടുമോയെന്ന് പരിശോധിച്ചു. അതും പരാജയപ്പെട്ടപ്പോള്‍ മറ്റൊരു കമ്പനിയുടെ ഡാറ്റാകാര്‍ഡ് ഓണാക്കി വാട്സാപ് കോളിലൂടെ കാര്യങ്ങള്‍ ഇരുകൂട്ടരെയും അറിയിച്ചു. ഇതിനിടെ ആ സ്ഥലത്തും സ്ഥിതി ഗുരുതരമായിത്തുടങ്ങിയിരുന്നു. വെള്ളത്തിലൂടെ ലോറി, ബസ് എന്നിവ മാത്രമാക്കി ഗതാഗതം പരിമിതപ്പെടുത്തി. ഇവിടെ നിന്നപ്പോള്‍ വീണ്ടും കമ്പനിപ്പടിയിലെന്തു സംഭവിക്കുന്നുവെന്നറിയാന്‍ ആകാംക്ഷ. സ്കൂട്ടറെടുത്ത് ഇനി അവിടേയ്ക്ക് പോകുക പ്രായോഗികമല്ല. അടുത്തെത്തിയ തമിഴ്നാട് ലോറിയില്‍ ചാടിക്കറി കമ്പനിപ്പടിയിലേക്ക്…

തലക്കുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്തിലൂടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരായ അഞ്ചുപേര്‍ ചെറിയൊരു വഞ്ചിയില്‍ ഇടറോഡുകളില്‍ കുടുങ്ങിയ സ്ത്രീകളെ കൊണ്ടുവരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ച. ആലുവവരെയുള്ള ദൂരം ഓടി തിരിച്ചെത്തി. രാവിലത്തെ ഭക്ഷണം കഴിക്കാതെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത് കടകളെല്ലാം അടച്ചിരിക്കുന്നു. രക്ഷാപ്രവര്‍ത്തകരിലൊരാള്‍ തന്ന ഒരു ചെറിയ കുപ്പി വെള്ളം അല്‍പം ആശ്വാസമേകി. കനത്ത മഴയില്‍ ആലുവ ബൈപാസ് ജംക്ഷനില്‍ കുറച്ചുകൂടി വെള്ളം ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്കുപുറമെ ഫ്ലാറ്റുകളില്‍ നിന്നും ഉള്ളവരെക്കൂടി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലേക്ക് നല്‍കാന്‍ ഫോണില്‍ റേഞ്ചില്ല. ഡാറ്റാകാര്‍ഡ് ഓണ്‍ചെയ്തപ്പോള്‍  അതും നിശ്ചലം. ടവറുകള്‍ ഒന്നാകെ പോകുകയാണെന്ന് മനസിലായി.

ഇതിനിടെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ അലങ്കാര പക്ഷിയെ കയ്യിലെടുത്തൊരാള്‍ കടന്നുവന്നു. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. മഴ ശമിക്കുന്നില്ല. ജലം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ സമയം എവിടെനിന്നോ എത്തിയ ഫോണ്‍റേഞ്ചില്‍ മിസ്ഡ് കോള്‍ അലെര്‍ട്ടുകള്‍ മുപ്പതിലേറെ നമ്പരുകളില്‍ നിന്നും മെസേജായി എത്തി. തിരിച്ചു വിളിക്കാന്‍ നോക്കിയപ്പോള്‍ കണക്ഷനും കിട്ടുന്നില്ല. വീട്ടിലെ നമ്പരില്‍ നിന്നും മൂന്നുപ്രാവശ്യം വിളിച്ചതായി കാണാനുണ്ട്. ചെറിയ ഭയം മനസില്‍ തോന്നിത്തുടങ്ങി. അങ്കമാലിയിലെ വീട്ടില്‍ വെള്ളം എത്തിത്തുടങ്ങിയിരിക്കുമോ? തൊടുപുഴയില്‍ അച്ഛനും അമ്മയും താമസിക്കുന്നിടത്ത് എന്താണ് സ്ഥിതി? റേഞ്ച് കിട്ടുന്ന കമ്പനിപ്പടിയിലേക്ക് വീണ്ടും തിരിച്ചോടി. പാന്റ്സും ഷര്‍ട്ടുമെല്ലാം നനഞ്ഞൊട്ടി കുടയും പിടിച്ച് 15കിലോ ബാഗും താങ്ങിയുള്ള ആ ദീര്‍ഘദൂര ഓട്ടത്തിന് കൊച്ചി മാരത്തണില്‍ 21 കിലോമീറ്റര്‍ ഓടിയതിന്റെ ആയാസമാണ് തോന്നിയത്. റേഞ്ച് കിട്ടിയതോടെ ഇരു സ്ഥലങ്ങളിലും നിലവില്‍ സ്ഥിതി സുരക്ഷിതമെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ട്രെയിന്‍ സര്‍വീസ് നിറുത്തിയതിനാല്‍ ആളുകളൊക്കെ റെയില്‍വേ ട്രാക്കുവഴി നടന്ന് ആലുവ കടക്കാനുള്ള ശ്രമം നടക്കുന്നതായി ഇതിനകം അറിഞ്ഞു. നേരെ ട്രാക്കിലൂടെ നടന്ന് ആലുവയിലെ പാലത്തിലൂടെ ഭയചകിതരായി കടന്നുവരുന്നവരുടെ ചിത്രം എടുക്കുമ്പോഴേക്കും സമയം അഞ്ചുമണിയോടടുക്കുന്നു. ഇനി ചിത്രം അയക്കാനുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. മെട്രോ സര്‍വീസ് കൊച്ചിയിലേക്ക് പ്രളയബാധിതരെയുമായി സര്‍വീസ് ആരംഭിച്ച വിവരവും അറിഞ്ഞു. അതില്‍ കയറി കൊച്ചിയിലേക്ക് പോയാല്‍ തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഏതെങ്കിലും വാഹനം കിട്ടുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ബസ് സര്‍വീസ് നിലച്ചു, ട്രെയിനില്ല, ആകെയുള്ളത് ടോറസ്, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ മാത്രം. വീടിനു സമീപ പ്രദേശങ്ങളിലൊക്കെ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യയുടെ  ഭീതിനിറഞ്ഞ എസ്എംഎസ് സന്ദേശം വന്നുകിടപ്പുണ്ട്. നാട്ടുകാരുടെ ദുരിതങ്ങള്‍ക്കിടയില്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതാകുന്ന  എല്ലാ മാധ്യമപ്രവര്‍ത്തകരെയും വലക്കുന്ന വലിയ പ്രശ്നത്തിലേക്ക് ഞാനും കൂപ്പുകുത്തി.

കനത്തുപെയ്യുന്ന മഴയ്ക്ക് ഒരു ശമനവും വന്നിട്ടില്ല. ആദ്യം നിറുത്തിയ ലോറിയില്‍ കയറി. പിന്നാലെ ഒട്ടേറെപേര്‍ ഓടിയെത്തുന്നുണ്ട്. വലിയലോറി ആയതിനാല്‍ മിക്കവര്‍ക്കും ലോഡ് കയറ്റുന്ന  സ്ഥലത്തേക്ക് കയറാന്‍ കഴിയുന്നില്ല. ക്യാമറ ബാഗിലേക്കിട്ട് ഇരുപതോളം പേരെ വലിച്ചുകയറ്റി. ആ ലോറി നെടുമ്പാശേരി കവലയിലെത്തിയതോടെ എല്ലാവരോടും ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു.  ഇനി അടുത്ത ലോറി പിടിക്കണം.  നേരം ഇരുട്ടിത്തുടങ്ങി. ഏതോ തമിഴ്നാട് ലോറി കുറെ ആളുകളെക്കയറ്റി എത്തി, കൊരട്ടിവരെ ഉണ്ടാകുമെന്ന് മുന്‍പില്‍നില്‍ക്കുന്നയാള്‍ പറഞ്ഞു. അങ്കമാലിയില്‍ എത്തിയപ്പോഴതാ രാവിലെ പോയപ്പോള്‍ ഇല്ലാതിരുന്നു മറ്റൊരു വൈതരണികൂടി. ദേശീയപാതയില്‍ കോതകുളങ്ങരയില്‍ 200മീറ്റര്‍നീളത്തില്‍ വെള്ളക്കെട്ടും കനത്ത ഒഴുക്കും. അതും ഇതേലോറിയുടെ ബലത്തില്‍ മറികടന്ന് താഴെയിറങ്ങി 100രൂപയുടെ നോട്ട് ഡ്രൈവറുടെ കയ്യില്‍ പിടിപ്പിച്ചെങ്കിലും അദ്ദേഹം കൈകൂപ്പി അത് തിരികെ തന്നു. ആ തമിഴ് ഡ്രൈവറും മലയാളി മക്കളെ ചേര്‍ത്തുപിടിച്ചു തന്റെ കടമ നിര്‍വഹിക്കുകയായിരുന്നു. വീട്ടില്‍ കറന്റുപോയിരിക്കുന്നു. ഇന്‍വെര്‍ട്ടറിന്റെയും ഡാറ്റാകാര്‍ഡിന്റെയും ബലത്തില്‍ രാത്രി ഒന്‍പതുമണിയോടെ ചിത്രങ്ങള്‍ ഓഫിസിലെത്തിച്ചു.

രണ്ടാംദിനം: ഓഗസ്റ്റ് 17
മഴ ഇനിയും തോര്‍ന്നിട്ടില്ല. വീക്ക്‌ലി ഓഫ്ദിനമായ  വെള്ളിയാഴ്ചയാണിന്ന്. ഓഫിസില്‍ വേണമെങ്കില്‍ പോകാതിരിക്കാം. പക്ഷേ കേരളം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വീട്ടിലിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാകുമോ? വീട്ടിലെ സാധനങ്ങളെല്ലാം രാത്രിതന്നെ മുകളിലത്തെ നിലയിലേക്ക് മാറ്റി. കാറില്‍ അവശ്യവസ്തുക്കള്‍ കയറ്റി ഏതുനിമിഷം വെള്ളം വീടിനെ തൊടാനെത്തിയാലും പോകാവുന്നതരത്തില്‍ സജ്ജമാക്കി. ദേശീയപാതയില്‍ ചാലക്കുടിയില്‍ വാഹനങ്ങള്‍  കുടുങ്ങിയതോടെ റോഡില്‍ വാഹനങ്ങള്‍ തീരെ ഇല്ലാതായി. ഹൈവേയിലേക്ക് നടന്നെത്തി ക്യാമറ പുറത്തെടുത്ത വഴിയെ തലേന്നത്തെ ഈര്‍പ്പമെല്ലാം കടന്നുകൂടിയ ലെന്‍സിലൂടെ ഒന്നും കാണുന്നില്ല. ആദ്യ കടമ്പ കടക്കാനുള്ള കോതകുളങ്ങര ലക്ഷ്യമാക്കി നടന്നപ്പോഴേക്കും ലെന്‍സ് അല്‍പം തെളിഞ്ഞു. ടോറസ് ലോറിയില്‍ കയറി അപ്പുറം കടന്നശേഷം ആദ്യം കണ്ട ബൈക്കിന് കൈകാണിച്ചു. അത്താണി കവലയിലേക്കാണെങ്കില്‍ ഇല്ലെന്നു പറഞ്ഞ് അദ്ദേഹം വേറെ വഴിക്കുപോയി. നടപ്പുതന്നെ ശരണം രണ്ടുകിലോമീറ്റര്‍ നടന്നപ്പോഴേക്കും മറ്റൊരു  സ്കൂട്ടര്‍ കിട്ടി. അദ്ദേഹത്തിനൊപ്പം കരിയാട് വരെയെത്തി. വീണ്ടും നടന്ന് അത്താണിയിലേക്ക്. അവിടെ മറ്റൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകനും കുടുംബവും ഹോട്ടലില്‍ കുടുങ്ങിയിട്ടുണ്ട്. ആ ഹോട്ടലില്‍ തുഴഞ്ഞെത്തി അങ്കമാലിയിലേക്ക് മാറാനുള്ള വഴികള്‍ നിര്‍ദേശിച്ചു. കൊച്ചിയിലെ സഹപ്രവര്‍ത്തകനോട് മെട്രോയില്‍ കയറി ആലുവയിലെത്തി അവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്താമോയെന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചതിനാല്‍ അങ്കമാലി അത്താണി പ്രദേശങ്ങളിലെ ദുരിതപ്രദേശങ്ങളിലെ ദൃശ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി.

വരുന്ന വഴിയില്‍ വെള്ളം പൊങ്ങിയെത്തുന്നതിന് സമീപം മൂന്ന് ആടുകളെ കെട്ടിയിട്ടിരിക്കുന്നത് കണ്ടിരുന്നു. നേരെപോയി അവയുടെ കയര്‍ അഴിച്ചുവിട്ടു. ഹെലികോപ്റ്റുകള്‍ തലങ്ങുംവിലങ്ങും പായുന്നുണ്ട്. ഇന്ന് വീട്ടില്‍ നിന്നും ഇറങ്ങിയതുതന്നെ ബര്‍മുഡയും വള്ളിച്ചെരുപ്പുമിട്ടാണ്. അതിനാല്‍ പാന്റ്സ്- ഷൂസ് നനയലൊന്നും പ്രശ്നങ്ങളില്‍ പെടില്ല. പക്ഷേ കാലിലെ മുറിവ് ഈ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന എന്തുവസ്തുവിനോടാണ് പ്രതികരിക്കുക എന്ന പേടി മനസില്‍ ഇല്ലാതിരുന്നില്ല. നെടുമ്പാശേരി പ്രദേശത്തെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍കൂടി കയറിയതോടെ വൈകുന്നേരമായി. കടതുറപ്പിച്ച് ഉള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവരുടെയും എടിഎമ്മില്‍ പണമില്ലാതെ കാര്‍ഡുമായി നെട്ടോട്ടമോടുന്നവരെയുമെല്ലാം ആ ദിനത്തില്‍ കണ്ടു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ പാലും മറ്റ് ചില സാമഗ്രികളുമൊക്കെ വാങ്ങണമെന്ന് കരുതിയെങ്കിലും കടകളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വീട്ടില്‍ പാല്‍ ഇല്ലാതായിട്ടു മൂന്നുദിനമായി. ഏതെങ്കിലും കടതുറക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ വന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുകയും ചെയ്യും. കോതകുളങ്ങര കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു രോഗിയെ വള്ളത്തില്‍ ചേര്‍ത്തുബന്ധിച്ചു മറുകര കടത്തുന്ന ദൃശ്യത്തിനും സാക്ഷിയായി. ഇന്നത്തെ ചിത്രങ്ങള്‍ ഓഫിസിലേക്ക് അയക്കാന്‍ വീട്ടിലെത്തി നോക്കുമ്പോള്‍ തലേന്ന് പ്രവര്‍ത്തിച്ചിരുന്ന 4ജി കാര്‍ഡിന്റെ റേഞ്ചും നഷ്ടപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനിന്റെ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തിച്ചുതുടങ്ങി. സ്വകാര്യ കമ്പനികള്‍ തകരാറിലായെങ്കിലും  ബിഎസ്എന്‍എല്‍ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ അവരോടുള്ള സ്നേഹം കൂടുതല്‍ തോന്നിയ നിമിഷമായിരുന്നു അത്.

മൂന്നാംദിനം: ഓഗസ്റ്റ് 18

ക്യാമറയുടെ ബാറ്ററി ചാര്‍ജൊക്കെ തീര്‍ന്നുതുടങ്ങി. ഇന്ന് ഓഫിസില്‍ എത്തിയേ തീരൂ. മൂന്ന് വെള്ളക്കെട്ടുകളും ലോറിയില്‍ കടന്ന് ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്തെത്തി.  സ്റ്റേഷന്‍ പരിസരം അഭയാര്‍ഥിക്യാംപ് പോലെയായി. വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന തുണിത്തരങ്ങള്‍ അവിടെ തരം തിരിക്കുന്നു. പലരും മൊബൈല്‍ ചാര്‍ജുചെയ്യുന്നതുപോലും അവിടെയുള്ള വൈദ്യുതിയെ ആശ്രയിച്ചാണ്. കൂടുതല്‍ ലോറികളും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. കാറുകളില്‍ മാത്രം സഞ്ചരിച്ചിരുന്നവര്‍ ലോറികളില്‍ നനഞ്ഞൊട്ടി പോകുന്നു. ബല്‍ജിയത്തില്‍ നിന്നും കേരളം കാണാനെത്തി നെടുമ്പാശേരിയില്‍ കുടുങ്ങിയ സഞ്ചാരികളെ ആ സമയത്താണ് മെട്രോ സ്റ്റേഷനില്‍ എത്തിച്ചത്. അവരോട് ഇനി എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. തിരുവനന്തപുരം വഴി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും രക്ഷപെടാനാണ് പദ്ധതി. മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് കൊച്ചിയില്‍ നിന്നും പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് സേഫ് ആണോ എന്നായി അവരുടെ സംശയം. റെയില്‍പാത ഇപ്പോഴും സുരക്ഷിതമാണെന്ന് പറഞ്ഞ് ജീവനുംകൊണ്ട് കൊച്ചിയിലേക്ക് പായുന്നവര്‍ക്കൊപ്പം ഞാനും മെട്രോയില്‍ കയറി. കയ്യിലെ മെട്രോ കാര്‍ഡൊന്നും മെഷിനില്‍ വയ്ക്കേണ്ടിവന്നില്ല. സൗജന്യമായി എല്ലാവര്‍ക്കും മെട്രോ ആ സമയത്ത് യാത്രയൊരുക്കിയിരുന്നു. കോടികള്‍ മുടക്കി മെട്രോ സംവിധാനം കൊണ്ടുവന്നപ്പോള്‍ കട്ടയ്ക്കുനിന്ന് എതിര്‍ത്തവര്‍ പോലും മെട്രോയെ പുകഴ്ത്തിയ ദിനങ്ങള്‍. ജനം തിങ്ങിനിറഞ്ഞുനീങ്ങുന്ന മെട്രോയുടെ  സീറ്റിനുതാഴെ ഒരു നായ തണുത്ത് വിറച്ച് ഇരിക്കുന്നു. അതിന്റെ കഴുത്തില്‍ ചുറ്റിയ വള്ളിയുടെ അറ്റത്തേക്ക് നോക്കി. ആലുവയില്‍ നിന്നും കലൂരിലെ ബന്ധുവീട്ടിലേക്ക് തന്റെ പ്രിയ നായയുമായി രക്ഷപെടുന്ന ഒരു യുവാവ്. എങ്ങനെ നായയെ മെട്രോയില്‍ കയറ്റി? അതൊക്കെ  കയറ്റി ചേട്ടാ. ഫോട്ടോ പത്രത്തില്‍ കൊടുത്ത് കുഴപ്പമാക്കരുത്. വേണമെങ്കില്‍ അവളെ മാത്രം എടുത്തോളൂ..  കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.   കലൂര്‍ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകുന്ന അദ്ദേഹത്തെ സെക്യൂരിറ്റി ഓഫിസര്‍മാര്‍ നായയെ എങ്ങനെ മെട്രോയില്‍ കയറ്റിയെന്ന് അന്വേഷിക്കാന്‍ പാഞ്ഞെത്തി. വളരെ വേഗത്തില്‍ എന്തോ മറുപടി നല്‍കി അദ്ദേഹം പുറത്തിറങ്ങി തിരക്കില്‍ മറഞ്ഞു.    മഴ കുറഞ്ഞ് ചാറ്റല്‍ മഴയിലേക്ക് നീങ്ങിയിരിക്കുന്നു. പക്ഷേ വെള്ളം പഴയരീതിയില്‍ത്തന്നെ എങ്ങും നിറഞ്ഞുകിടക്കുന്നുവെന്ന് മെട്രോയിലൂടെ സഞ്ചരിക്കുമ്പോഴുള്ള കാഴ്ചകളില്‍ നിന്നു വ്യക്തം. അതുവരെയുള്ള എല്ലാ ചിത്രങ്ങളും ഓഫിസ് സംവിധാനത്തിലേക്ക് പകര്‍ത്തി. തിരിച്ചുള്ള യാത്രയും മെട്രോ - ലോറി സംവിധാനത്തിലൂടെത്തന്നെ.

നാലാംദിനം: ഓഗസ്റ്റ് 19

രാവിലെ പെട്രോള്‍ പമ്പുകളിലെ വലിയ തിരക്ക് എടുത്താണ് തുടക്കമിട്ടത്. നെടുമ്പാശേരി പ്രദേശത്താകെ മൃഗങ്ങള്‍ ചത്തുപൊങ്ങിക്കിടക്കുന്നു. ഞാന്‍ മുന്‍പ് അഴിച്ചുവിട്ട ആടുകള്‍ രക്ഷപെട്ടിരിക്കാമെന്ന് വെറുതെ ആശ്വസിച്ചു. (അതോ ഉടമ ആടിനെകാണാതെ അഴിച്ചുവിട്ടവനെ ശപിച്ചുകൊണ്ടുനടക്കുന്നുണ്ടാകുമോയെന്തോ).  വിമാനത്താവളത്തിനു സമീപത്ത് എത്തിയപ്പോഴാണ്  ആടിനെയുമെടുത്ത് പോകുന്ന ഒരു കര്‍ഷകനെ കണ്ടത്. തന്റെ 5 ആടുകള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടെന്നും ഈ ഒരെണ്ണത്തിനെ ജീവനോടെ കിട്ടിയെന്നും സന്തോഷത്തില്‍ അദ്ദേഹം പറഞ്ഞു. ആ സന്തോഷം ചിത്രത്തിലാക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  വെള്ളമിറങ്ങിയ വീടുകളിലൊക്കെ ക്ലീനിങ് നടക്കുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ കാണുമ്പോള്‍ ഇത്രദിനം ഭക്ഷണം കഴിക്കാതെ നടന്നതൊന്നും ഒന്നുമല്ലാതായിത്തീരുന്നു. ദേശം കവലയിലെത്തിയപ്പോള്‍ ഇനിയും ഇറങ്ങാത്ത വെളളക്കെട്ടിനപ്പുറം ഒരു ഫ്ലാറ്റില്‍ നിന്നും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തയാറാകുന്നു. അതില്‍ കയറി ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ ഒരു ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുകയാണ്. തിരിച്ച് മൂന്ന് കിലോമീറ്ററോളം നടന്നു വെള്ളക്കെട്ട് എത്താറായപ്പോഴേക്കും ഒരു പിക്അപ് വാന്‍ എത്തി അപ്പുറം കടത്തിത്തന്നു. പറവൂരിലേക്ക് ഇതുവരെയും പോകാനായിട്ടില്ല അതിനായി ഒരു ശ്രമം നടത്തിനോക്കേണ്ടിയിരിക്കുന്നു. ആലുവ യുസി കോളജ് വഴിയിലൂടെ പോയിനോക്കി. രണ്ടുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വലിയ വെള്ളക്കെട്ടിലെത്തി. ക്യാമറബാഗ് തലയില്‍ കയറ്റിവച്ചു ഇറങ്ങി നീന്തിനോക്കി. ഇടക്കിടെ എത്തുന്ന ലോറികളില്‍ നിന്നും തിരമാല ഉയര്‍ന്ന് തലക്ക് മുകളിലേക്കെത്തുന്നു. ലോറി വരുന്നത് കാണുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറും. പോയിക്കഴിയുമ്പോള്‍ താഴെയിറങ്ങും. അങ്ങനെ ഒന്നര കിലോമീറ്റര്‍ പോയെങ്കിലും എവിടെയും എത്തുന്നില്ല. ഇനിയും പറവൂര്‍ക്ക് കടക്കാനാകാത്ത സ്ഥിതി. ആ ശ്രമം ഉപേക്ഷിച്ചു ആലുവ യുസി കോളജിലെ ക്യാംപിലേക്ക് തിരിച്ചെത്തി. ഭക്ഷണത്തിനും മരുന്നിനുമെല്ലാം ധാരാളംപേര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ട്. വസ്ത്രങ്ങളുമായി വാഹനം എത്തുമ്പോള്‍ വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഓടിയെത്തുന്നു. വൊളന്റിയര്‍മാര്‍ അവരെയെല്ലാം നിയന്ത്രിക്കാന്‍ പാടുപെടുന്നു. ഇതിനിടെ ക്യാംപില്‍ ലഭിക്കുന്ന  ഭക്ഷണത്തിന് ഉപ്പും മുളകുമൊന്നുമില്ലെന്നു പരാതിയുമായി ഒരാളെത്തി. ഭക്ഷണം പോലും ലഭിക്കാത്ത ക്യാംപുകളിലെ അനുഭവം വിവരിച്ച് അദ്ദേഹത്തെ ഈ ക്യാംപാണ് മികച്ചതെന്ന് ബോധവല്‍ക്കരിച്ചാണ് യാത്രയാക്കിയത്. കനത്ത വിശപ്പ് ഉള്ളില്‍ കത്തുന്നുണ്ടെങ്കിലും ക്യാംപ് നിവാസികളുടെ ഭക്ഷണം കഴിക്കാനുള്ള കുറ്റബോധമോര്‍ത്ത് അതിനെ കടിച്ചമര്‍ത്തി. അങ്ങനെ ഉച്ചപട്ടിണിയുടെ നാലാം ദിനവും കടന്നുപോയി.


അഞ്ചാംദിനം: ഓഗസ്റ്റ് 20
ഓഫിസിലെ പ്രത്യേക നിര്‍ദേശപ്രകാരം ഇന്ന് ചാലക്കുടി കുറ്റിക്കാട് ക്യാംപിലേക്കായിരുന്നു യാത്ര. വനിതാ റിപ്പോര്‍ട്ടറാണ് ഒപ്പമുള്ളത്. വനിതകളുടെ പ്രശ്നങ്ങളാണ് സ്റ്റോറിയുടെ ഹൈലൈറ്റ്. 98കാരിയായ കുറ്റിക്കാട് സ്വദേശി ലക്ഷ്മി 1924ലെയും ഇപ്പോഴത്തെയും വെള്ളപ്പൊക്കത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മുഖത്തെ ചുളിവുകളിലൂടെ കണ്ണുനീര്‍ അരിച്ചിറങ്ങി. ഇന്ന് വെള്ളത്തിലിറങ്ങി നീന്തല്‍ പരിപാടിയില്ല. നാലുദിനം വെള്ളത്തില്‍ നീന്തിയതിന്റെ ക്ഷീണം കനത്തതാണ്. കാല്‍ വിരലുകള്‍ക്കിടയില്‍ വളംകടി മൂത്ത് ത്വക്ക് പൊളിഞ്ഞിരിക്കുന്നു. മടക്കയാത്രയില്‍ വീണ്ടും പറവൂര്‍ പുത്തന്‍വേലിക്കരക്കു  പോകാനുള്ള ശ്രമം നടത്തി. പക്ഷേ അത് ജില്ലാ അതിര്‍ത്തിയിലെ തിരുത്തൂര്‍ ക്യാംപിലെത്തി അവസാനിച്ചു. അവിടുത്തെ വനിതകളുടെ പരിഭവങ്ങളെല്ലാം എടുക്കുന്നതിനിടെയാണ് മറ്റൊരു ദുരന്തത്തില്‍ പെട്ട സ്ത്രീയെ കൊണ്ടുവരുന്നത്.  ഹൈലികോപ്റ്റര്‍ പറന്നപ്പോഴത്തെ കാറ്റില്‍ തകിട് ഷീറ്റ് പറന്നുവീണ് കാലിനു പരുക്കേറ്റ തുരുത്തിപ്പുറം സ്വദേശി മേരി ജോസഫിനെ കുറെപേര്‍ താങ്ങിപ്പിടിച്ചെത്തി. ദുരന്തങ്ങളില്‍ നിന്നും രക്ഷപെട്ടുവന്നിട്ട് വീണ്ടും ദുരന്തങ്ങളിലേക്ക്. ഈ അനുഭവങ്ങളെല്ലാം പകര്‍ത്തിയതോടെ തളര്‍ന്നു.
അവിടുത്തെ ക്യാംപില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകാം ചോറും കടലയും കപ്പയും ചേര്‍ത്ത വിഭവം പേപ്പര്‍ പ്ലേറ്റിലാക്കി തന്നു. അടുത്തകാലത്ത് കഴിച്ചതിലെ ഏറ്റവും രുചിയേറിയതായി അതു തോന്നി. കഴിഞ്ഞദിനങ്ങളിലെല്ലാം കാലിലെ മുറിവുമായി പ്രളയജലത്തില്‍ നിന്നതു വിവരിച്ചപ്പോള്‍ അവിടുത്തെ  ഡോക്ടര്‍ രണ്ട്  എലിപ്പനി ഗുളിക കൂടി നല്‍കി.  മാള, അന്നമനട എന്നീവഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ഓഫിസിലെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു.





 ആറാംദിനം: ഓഗസ്റ്റ് 21 
കഴിഞ്ഞ അഞ്ചുദിനത്തിലെ അസാധാരണ ജോലികളുടെ ഫലം ശരീരത്തില്‍ പ്രതിഫലിച്ചുതുടങ്ങി. രാവിലെ ബാഗ് പുറത്തേക്കിടുമ്പോള്‍ ശരീരത്തിന്റെ ഇടതുഭാഗത്തുകൂടി ഒരു മിന്നല്‍പിണര്‍ കടന്നുപോയി. കണ്ണിലാകെ ഇരുട്ടുപടര്‍ന്നു. കുറെനേരം അവിടെത്തന്നെയിരുന്നു.  ലോറികളിലെല്ലാം ഭാരമേറിയ  ബാഗും, ക്യാമറയും കുടയുമൊക്കെയായി വലി‍ഞ്ഞുകയറി വെള്ളത്തിലൂടെ നീന്തിക്കടന്നതിന്റെ ബാക്കിപത്രം. വേദനസംഹാരിയായ സ്പ്രേ സഹപ്രവര്‍ത്തകന്‍ അടിച്ചുതന്നതിന്റെ ബലത്തില്‍ പറവൂരിലെ ദുരിതാശ്വാസ ക്യാംപിലേക്കു തിരിച്ചു. പറവൂര്‍ ടൗണ്‍ഹാളിലെയും ബോയ്സ് സ്കൂളിലെയും ക്യാംപില്‍ കുട്ടികളുടെ ചിരിയും വലിയവരുടെ ദുരിതങ്ങളും ക്യാമറയില്‍ പകര്‍ത്തി ഇനിയും പോകാത്ത സ്ഥലങ്ങളിലേക്ക് തിരിച്ചു. ചെറിയവല്ലംതുരുത്ത് പ്രദേശമാകെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തതുപോലെ കിടക്കുന്നു. വിവിധ ജില്ലകളിലുള്ള ബന്ധുക്കള്‍ അവിടുത്തെ വീടുകളിലെത്തി പാത്രങ്ങളടക്കം കഴുകിക്കൊടുക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വേദനയാണ് ഏറ്റവും വലുതെന്ന തരത്തില്‍ ഞങ്ങളെക്കാണുമ്പോള്‍ പറയുന്നുമുണ്ട്. ചേന്ദമംഗലത്തെ ഒരു പച്ചക്കറിക്കട തകര്‍ന്നുകിടക്കുന്നതുകണ്ട് വാഹനം അവിടെ നിറുത്തി. പെട്ടെന്ന് ഒരാള്‍ ഓടിയെത്തി കൈകൂപ്പി ഒരു ചിത്രം എടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചു.  തന്റെ കടതകര്‍ന്ന ഒരു ചിത്രം എടുക്കാന്‍ ഫൊട്ടോഗ്രഫറെ തേടി നാടുമുഴുക്കെ അദ്ദേഹം ഈ ദിവസങ്ങളില്‍ അലയുകയായിരുന്നെത്രെ. പേര് കെ.എ. ബേബി. തന്റെ ജീവനും ജീവിതവുമായിരുന്ന കടയില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് മന്ത്രിയെത്തി തന്നെ അഭിനന്ദിക്കുന്ന ചിത്രം ചെളിയില്‍ നിന്നും അദ്ദേഹം ഉയര്‍ത്തിയെടുത്തു. ചിത്രം ഫ്രെയിം ചെയ്ത ചില്ലില്‍  പ്രളയത്തില്‍ ചീഞ്ഞുകിടക്കുന്ന മത്തങ്ങ തേച്ച് ഫോട്ടോയുടെ ഒരു ഭാഗം ഞങ്ങളെ കാണിച്ചു. പുത്തന്‍വേലിക്കരയായിരുന്നു അടുത്ത ലക്ഷ്യം. അവിടെ ഏതോ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കാറിലെത്തി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മറ്റൊരു കെട്ടിടത്തിനു മുകളില്‍ കയറി ഇതിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ വെറുതെ റോഡിലൂടെ പോയവരും ഈ പൊതിക്കായി തള്ളിക്കയറുന്നതും കാണാനായി.  പ്രളയദുരിതാശ്വാസകേന്ദ്രമായിരുന്ന കുത്തിയതോട് പള്ളിമുറി ഇടിഞ്ഞുവീണ് മരിച്ച ആറുപേരെ സംസ്ക്കരിക്കുന്നത് അപ്പോഴാണെന്ന് ഓര്‍മ്മിപ്പിച്ചത് അവിടെയുള്ളൊരു ഫൊട്ടോഗ്രഫി സുഹൃത്താണ്. സംസ്കാരം നടക്കുന്ന പള്ളിയിലേക്ക്  ചെന്നപ്പോള്‍ അവിടമാകെ ദുഖപ്രളയം. അപകടത്തിന്റെ തീവ്രത  സൂചിപ്പിച്ച് തകര്‍ന്നുവീണ പള്ളിമുറിയുടെ അടിയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു നാല്‍ക്കാലിയും ഏതാനും വാഹനങ്ങളും അപ്പോഴും കിടക്കുന്നു. പള്ളിയകത്തുനിന്നും കൂട്ടക്കരച്ചിലിന്റെ അലയൊലികള്‍. പ്രളയത്തിനുശേഷം തെളിഞ്ഞ സൂര്യന്റെ കാഠിന്യത്തില്‍ മാറുപിളര്‍ന്നുനില്‍ക്കുന്ന ചെളി സെമിത്തേരിയിലെങ്ങും കാണാം. മാറുപിളര്‍ക്കുന്ന കരച്ചിലുമായി ബന്ധുക്കള്‍ ഓരോ ശവപ്പെട്ടിക്കും പിന്നാലെ സെമിത്തേരിയിലേക്ക് നീങ്ങുന്നു. ആശ്വാസത്തിന്റെ കരയണയാന്‍ വെമ്പിയവര്‍ക്ക് വിധിയൊരുക്കിയ ക്ലൈമാക്സ് കൂട്ടദുരന്തമായിരുന്നു. ബന്ധുക്കളുടെ വേദനയുടെ ഭാരവും പേറി തിരിച്ച് ഓഫിസിലേക്ക്. ഈ ദിനത്തിലെ പ്രളയദുരിത കാഴ്ചകള്‍ക്കും അതോടെ അസ്തമയം.





ജോസ്കുട്ടി പനയ്ക്കല്‍
ചീഫ് ഫൊട്ടോഗ്രഫര്‍,
മലയാള മനോരമ. 22.08.2018






















































































2018, ജൂലൈ 19, വ്യാഴാഴ്‌ച

പാവം മൂര്‍ഖന്‍

കഴിഞ്ഞദിവസം റേഡിയോ മാംഗോയിലെ ഒരു ഫോണിന്‍ പരിപാടിക്കിടെ എനിക്കൊരു വിളിവന്നു. സാഹസികമായി എടുത്ത ഏതെങ്കിലും ചിത്രത്തിനു പിന്നിലെ ഒരു കഥപറയാമോ എന്നുചോദിച്ചു. കണ്ണൂരില്‍ ജോലിചെയ്ത അവസരത്തില്‍ രാഷ്ട്രീയ  കൊലപാതക ദിനങ്ങളിലെ യാത്രയും ബോംബ് വേട്ടയുമൊക്കെയാണ്  ഏറ്റവും സാഹസിക കാലയളവെങ്കിലും ആ അനുഭവങ്ങളൊന്നും റേഡിയോ കേഴ്‌വിക്കാര്‍ക്കത്ര സുഖകരമാകില്ലെന്ന് അറിയാം. അതിനാല്‍ കൊച്ചിയിലെത്തിയ ശേഷമുള്ളൊരു അനുഭവമാണ് പങ്കുവച്ചത്. അത് കേള്‍ക്കാത്തവര്‍ക്കായി അക്ഷരങ്ങളിലൂടെ ഇവിടെ കുറിക്കുന്നു.

തൃപ്പൂണിത്തുറ പാലസില്‍ (മണിച്ചിത്രത്താഴ് സിനിമയിലെ വീട്) ഇഴജന്തുക്കളുടെ ശല്യം കൂടിയെന്ന വാര്‍ത്ത ചെയ്യുകയായിരുന്നു ലക്ഷ്യം. അവിടെയുള്ള സന്ദര്‍ശകരില്‍ പലരും പാമ്പിനെകണ്ടുപേടിച്ച അനുഭവങ്ങള്‍ തൃപ്പൂണിത്തുറയിലെ ലേഖകനോട് വിവരിച്ചിരുന്നു. ഉഗ്രന്‍ മൂര്‍ഖനൊക്കെ ധാരാളം ഈ ക്യാംപസിലുണ്ട്. എന്നാല്‍ നല്ലൊരു മൂര്‍ഖനെത്തന്നെ കിട്ടിയാലോ എന്ന ഡയലോഗൊക്കെയിട്ട് പാലസിന്റെ നീളമുള്ള പടവുകള്‍ ഇറങ്ങി ചെല്ലുമ്പോഴതാ മറിഞ്ഞുവീണ് നശിച്ചുകിടക്കുന്ന തടിയില്‍ വെയില്‍ കാഞ്ഞ് എന്തോ കിടക്കുന്നു. കണ്ടിട്ടൊരു മൂര്‍ഖന്റെ ലുക്കൊക്കെയുണ്ട്. പക്ഷേ ക്ഷീണിച്ച് അവശനായി കിടക്കുന്നപോലൊരു തോന്നല്‍. ജീവനുണ്ടോ ഇല്ലയോ എന്നൊരു സംശയവും. സൂം ലെന്‍സിലൂടെ നോക്കിയപ്പോള്‍ കണ്ണുരുട്ടി അത് ഞങ്ങളെത്തന്നെ നോക്കുന്നു. അപ്പോള്‍ ജീവനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. കുറച്ചുകൂടി അടുത്തുപോയാലേ നല്ല ചിത്രം കിട്ടൂ. ‘മൂര്‍ഖനാണവന്‍! അവന്റെ ബന്ധുജനങ്ങളൊക്കെ സമീപത്തെ പൊന്തക്കാട്ടില്‍ത്തന്നെയുണ്ടാകും’; ലേഖകന്റെ മുന്നറിയിപ്പും ചെവിയില്‍ മുഴങ്ങി.

 ലെന്‍സില്‍ മികച്ച ചിത്രം കിട്ടാവുന്ന അടുക്കലെത്തി പതുക്കെ നിലത്തേക്ക് കുത്തിയിരുന്നു. ലക്ഷ്യം കൈവിറച്ചാലും കാല്‍മുട്ടില്‍ താങ്ങി ചിത്രം എടുക്കുക. മൂന്നുനാലു ചിത്രങ്ങള്‍ എടുത്തതും കാലില്‍ ഒരു കടി കിട്ടിയതും ഒാര്‍മ്മയുണ്ട്. ചാടിത്തെറിച്ചെഴുന്നേറ്റ് കാല്‍കുടഞ്ഞ് ഹയ്യോ! എന്നൊരു വിളിയും. തൊട്ടുപിന്നില്‍ നില്‍ക്കുകയായിരുന്ന ലേഖകനും പരിഭ്രമിച്ച് രണ്ടുചാട്ടം ചാടി. മൂര്‍ഖന്റെ ചിത്രം എടുക്കുമ്പോള്‍ മറ്റൊരു ജീവിക്കും കടിക്കാനുളള അവസരം നമ്മള്‍ കൊടുക്കില്ലല്ലോ.  വെപ്രാളത്തില്‍ കാല് പരിശോധിക്കുമ്പോള്‍ കടിവിടാതെ അതാ ഇരിക്കുന്നു ഭീകരനൊരു കട്ടുറുമ്പ്. ഇവന്മാരെന്തിന് വെറുതെ വെപ്രാളം കാട്ടുന്നുവെന്ന ഭാവത്തില്‍ ബോറടിച്ചുകിടന്ന മൂര്‍ഖനും ചെറുതായൊന്ന് തലഉയര്‍ത്തി നോക്കി അവിടെത്തന്നെ കിടന്നു.
By Josekutty Panackal

#BehindThePhoto #BehindTheImage #MyLifeBook #Snake #ThrippunithuraPalace #Cobra #PhotoJournalism #Experience 

2018, ജൂലൈ 13, വെള്ളിയാഴ്‌ച

എന്നാലുമെന്റെ അപ്പാപ്പാ....



കഴിഞ്ഞദിവസം കേരളത്തില്‍ കനത്ത മഴയായിരുന്നല്ലോ. പതിവുപോലെ കൊച്ചിയും പശ്ചിമകൊച്ചിയുമൊക്കെ വെള്ളക്കെട്ടില്‍ മുങ്ങി. കുറച്ച് മഴ ചിത്രം എടുക്കാമെന്നുവച്ച് പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകളിലൊന്നാണ് ഇതോടൊപ്പമുള്ളത്. സ്ഥലം തോപ്പുംപടി- കരുവേലിപ്പടി റോഡിലാണ്. പ്രായമേറിയൊരാള്‍ വളരെ കഷ്ടപ്പെട്ട് വെള്ളത്തിലൂടെ വടിയും കുടയുമൊക്കെയായി പോകുന്നു... വാഹനങ്ങള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വെള്ളം തെറിക്കാതെ പ്രത്യേക പരിഗണനയൊക്കെ നല്‍കിയാണ് പോകുന്നത്. വെള്ളക്കെട്ടിനപ്പുറം കടന്ന് ഇദ്ദേഹത്തിന്റെ ഈ യാത്ര എങ്ങോട്ടാണെന്ന് അന്വേഷിക്കാമെന്ന തരത്തില്‍ ഞാനും ഡ്രൈവറും നിലയുറപ്പിച്ചു. പതിയെ നടന്ന് ഞങ്ങള്‍ക്കടുത്തെത്തിയ അദ്ദേഹം ഇങ്ങോട്ടുകയറി ഒരു കാര്യം ചോദിച്ചു. അതു കേട്ടപാടെ ചിരിക്കണോ അത്ഭുതപ്പെടണോ എന്നതരത്തില്‍ ഞാനും എന്റെ സാരഥിയും തമ്മില്‍ നോക്കിചിരിച്ചു. അദ്ദേഹത്തിന്റെ ചോദ്യം ഇതായിരുന്നു.. ‘തമ്പീ ബ്രാണ്ടി ഷാപ്പ് എങ്കെയിരുക്കെ?’

#FunnyExperience #WaterLoggedRoad #Karuvelippady #Kochi 

2018, ജൂൺ 5, ചൊവ്വാഴ്ച

കിളിപോയേനെ!!! പക്ഷേ അത് ഈച്ചയിലൊതുങ്ങി…

ജോലിചെയ്യുന്ന സ്ഥാപനത്തിന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണംകൂടിയുണ്ട്; ദ് വീക്ക് മാഗസിന്‍. പത്രത്തില്‍ ലോക്കല്‍ മുതല്‍ രാജ്യാന്തരം വരെ ചിത്രമെടുക്കുമെങ്കിലും ദേശീയ ശ്രദ്ധ വരുന്നവ മുതലേ മാഗസിന്‍ കൈകാര്യം ചെയ്യൂ. അതായത് ലോക്കല്‍ വേണ്ടെന്ന് അര്‍ത്ഥം. ഇത്തവണ അതില്‍ എന്റെ വക ഒരു സംഭാവനയുണ്ട്. അതിനു പിന്നിലെ കഥപറയാം.

കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞചെയ്ത ദിനം മറ്റൊന്നുകൂടി സംഭവിച്ചു. സത്യപ്രതിജ്ഞചെയ്യാന്‍ അദ്ദേഹം ബെംഗളൂരുവിലെ രാജ്ഭവനില്‍ കയറിയ നേരത്ത് വിധാന്‍സൗധക്ക് സമീപത്തെ മഹാത്മാഗാന്ധി പ്രതിമയുടെ ചുവട്ടില്‍‌ കോണ്‍ഗ്രസുകാരും ജെഡിഎസുകാരും പ്രതിഷേധത്തിനെത്തി.  പ്രാദേശികം മുതല്‍ രാജ്യാന്തര മാധ്യമങ്ങള്‍  വരെ സ്ഥലത്തുണ്ട്. അപ്പോള്‍‌ തിരക്കിന് പഞ്ഞമില്ലെന്ന് അര്‍ത്ഥം.  ഇതിനിടയില്‍ ഗാന്ധിപ്രതിമക്ക് മുന്‍പിലെ പടികളില്‍ ആഘോഷമായി ഇരിക്കാന്‍ സ്ഥലമില്ലാതെയും കനത്ത വെയിലേറ്റും എംഎല്‍എമാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. പ്രായത്തിന്റെ വിഷമങ്ങളുണ്ടെങ്കിലും  പ്രാര്‍ഥനയും പരിത്യാഗവുമൊക്കെയായി പൊരിവെയിലത്ത് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനും കൂടിയായ ദേവെഗൗഡയും സമരത്തിനെത്തി.  

മുടിപോയ അദ്ദേഹത്തിന്റെ  തലയില്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടുന്ന ചിത്രമെടുക്കാന്‍ സൂം ചെയ്തപ്പോഴതാ എന്തോ പറന്നുപോകുന്നു. തലയില്‍ പൊന്നീച്ച പറന്നു എന്നൊക്കെ പറയുന്ന അവസ്ഥയാണെങ്കിലും ഇത് ശരിക്കും ഈച്ചതന്നെയാണോ പറന്നതെന്ന് സംശയം. വീണ്ടും പരിശോധിച്ചു. അതെ അദ്ദേഹത്തിന്റെ ചെവിയില്‍ വച്ചിരിക്കുന്ന പൂവില്‍ തേനുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമവുമായി എത്തിയതാണ് ആ ചെറുതേനീച്ച.  അടുത്ത് ചെല്ലാനാകാത്ത ദൂരത്തിലാണ് മാധ്യമപ്രവര്‍ത്തകരെ നിറുത്തിയിരിക്കുന്നത്. അതിനാല്‍ പരമാവധി സൂം ചെയ്യുകയേ നിവൃത്തിയുള്ളു. അവിടെ നിന്നാല്‍ കാണാന്‍ കഴിയാത്തതും സൂം ലെന്‍സിലൂടെ നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്നതുമായ ആ നിമിഷമാണ് ദ് വീക്ക് മാഗസില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം. ഈ മാഗസിന്‍ കാണുംവരെ ദേവെഗൗഡ പോലും ഇത് അറിഞ്ഞിട്ടുണ്ടാകില്ല. വേറെ പ്രസിദ്ധീകരണത്തിലൊന്നും ആ ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ പണ്ട് ബാലാമണി പറഞ്ഞപോലെ പറയാം… ഞാനേ കണ്ടുള്ളു… ഞാന്‍ മാത്രമേ കണ്ടുള്ളു.
By Josekutty Panackal  05.06.2018




2018, മേയ് 24, വ്യാഴാഴ്‌ച

ഒരു ‘വര’വൂടി വരേണ്ടിവരും..

                                         ഒരു വരകടന്നാല്‍ സംഭവമാകുന്ന ലക്ഷ്മണരേഖയെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ വര പോയാല്‍ തലവേദനയാകുന്നൊരു കാര്യം ഇന്നലെ ഉണ്ടായി. സംഭവം കര്‍ണാടക മുഖ്യമന്ത്രിയായി ഇന്നലെ ചുമതലയേറ്റ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ബെംഗളൂരുവിലെ സ്ഥാനാരോഹണ ചടങ്ങ്. വിധാന്‍സൗധയെന്ന് അറിയപ്പെടുന്ന മന്ദിരത്തിന്റെ മുന്‍പില്‍ പ്രത്യേക വേദിയൊരുക്കി വൈകീട്ട് 4.30നാണ് ചടങ്ങുവച്ചിരുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ത്താചിത്രമെടുപ്പിന് ഒരുമാസക്കാലമായി കര്‍ണാടകമാകെ ചുറ്റിത്തിരിഞ്ഞ എനിക്ക് ഈ സ്ഥാനാരോഹണംകൂടി പകര്‍ത്തിയശേഷമേ കേരളത്തിലേക്ക് മടങ്ങാനാകൂ. ഇത്രനാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളെയൊക്കെ പകര്‍ത്താന്‍ പാര്‍ട്ടി ഓഫിസുകള്‍ വഴി സജ്ജമാക്കിയ പാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി മാറുന്ന കുമാരസ്വാമിയുടെ ചിത്രം ഇനി പകര്‍ത്തണമെങ്കില്‍ സംസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന ക്ഷണപത്രം തന്നെ വേണം. ചടങ്ങിന് മൂന്നുനാള്‍ മുന്നേതന്നെ പ്രസ്തുത ഓഫിസിലെത്തി കാര്യം അറിയിച്ചു. പരിപാടിയുടെ സമയത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും പിറ്റേന്ന് വരാനും പറഞ്ഞു മടക്കി അയച്ചു. രണ്ടാം നാള്‍ പറയുന്നു ഇന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കേ പാസ് അനുവദിക്കൂയെന്ന്. ബാക്കി വരുകയാണെങ്കില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും അനുവദിക്കുമെത്രെ. ഈ പരിപാടിക്കായി മാത്രം ഇവിടെ തങ്ങുന്നതാണെന്നും ഇല്ലെങ്കില്‍ പണ്ടേ മടങ്ങിയേനെയെന്നും അറിയിച്ചപ്പോള്‍ കേരള സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉണ്ടോയെന്നായി ചോദ്യം. ഉണ്ടെന്നറിയിച്ചപ്പോള്‍ അതിന്റെ കോപ്പിയും ഈ ചടങ്ങെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് അറിയിച്ച് സ്ഥാപനത്തില്‍ നിന്നുള്ള കത്തുമായി പിറ്റേന്ന് വരാന്‍ അറിയിച്ചു. അങ്ങനെ സ്ഥാനാരോഹണ ദിനം രാവിലെ വരെയായി കാര്യങ്ങള്‍.

                 രാവിലെ 10നുതന്നെ ഓഫിസിലെത്തിയപ്പോള്‍ കര്‍ണാടക ഇതര സംസ്ഥാനക്കാരായ മാധ്യമപ്രവര്‍ത്തകരുടെ നിരതന്നെയുണ്ട്. അതാത് സംസ്ഥാനങ്ങളുടെ അക്രഡിറ്റേഷനില്ലാത്തവരെ അവിടുത്തെ ഓഫിസര്‍ മാറ്റിനിറുത്തുന്നുണ്ട്. എന്റെ ഊഴവുമെത്തി. തൊട്ടുപിന്നാലെ മാതൃഭൂമിയുടെ ഫൊട്ടോഗ്രഫര്‍ പി. മനോജുമുണ്ട്. മലയാള മനോരമയിലെ കത്തും കേരള അക്രഡിറ്റേഷനും കൈമാറിയതോടെ അദ്ദേഹം എവിടേയ്ക്കോ ഫോണ്‍വിളിച്ചു കന്നഡയില്‍ എന്തൊക്കെയോ ചോദിച്ചു. അവിടെനിന്നും പോസിറ്റീവായ മറുപടിയാണ് കിട്ടുന്നതെന്ന് ഓഫിസറുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരാള്‍ക്കേ പാസ് അനുവദിക്കൂവെന്ന മറുപടിയോടെ എനിക്കും പിന്നാലെ

                               എട്ടുവര്‍ഷത്തോളമായി ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മാതൃഭൂമി ഫൊട്ടോഗ്രഫര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ക്ഷണപത്രം കൈമാറി. പാസ് എന്നുപറയാനാകില്ല, കുമാരസ്വാമി സ്ഥാനാരോഹണം ചെയ്യുന്ന സ്ഥലത്തേക്ക് നിങ്ങളെ ക്ഷണിക്കുന്ന ഒരു ക്ഷണപത്രം. ഒപ്പം അകത്തേക്ക് പോകാനുള്ള കാര്‍ പാസും. മൂന്നുദിവസത്തെ ശ്രമഫലമായി കിട്ടിയ രണ്ട് കടലാസുകള്‍ ഉടന്‍തന്നെ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബന്ധപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അയച്ചു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ സ്ഥാനാരോഹണ ചടങ്ങിനുള്ളു. ഉച്ചഭക്ഷണം കഴിച്ച് വിധാന്‍സൗധയിലേക്ക് പോകാനൊരുങ്ങുമ്പോഴതാ കനത്ത മഴയെത്തുന്നു. കാര്‍പാസിന്റെ ബലത്തില്‍ ചടങ്ങുനടക്കുന്നതിന് അടുത്തുവരെ എത്തിയാലും മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെത്താന്‍ കുടയില്ലാത്തതിനാല്‍ നനയേണ്ടിവരുമെന്ന് ഉറപ്പ്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന മഴ തീരുമ്പോള്‍ നനഞ്ഞുകുളിച്ച് ഒട്ടേറെ ആളുകള്‍ സമ്മേളനസ്ഥലത്തേക്ക് പോകുന്നുണ്ട്. റോഡിലാകെ ഗതാഗതക്കുരുക്ക്. ഈ കുരുക്ക് അഴിയണമെങ്കില്‍ ഇനി മണിക്കൂറുകള്‍ വേണ്ടിവന്നേക്കാം. കാറുകാരനെ പറഞ്ഞുവിട്ടശേഷം ഒരു കിലോമീറ്ററോളം ദൂരം ഒറ്റ ഓട്ടം വച്ചുകൊടുത്തു. ലക്ഷ്യം വിധാന്‍സൗധയുടെ രണ്ടാം നമ്പര്‍ ഗേറ്റാണ്. അതിലൂടെ പ്രവേശിക്കാനാണ് ക്ഷണപത്രത്തില്‍ എഴുതിയിരിക്കുന്നത്.

കാറില്ലെങ്കിലും കാര്‍പാസില്ലാതെ കയറ്റിയില്ലെങ്കിലോ എന്നുകരുതി അതുകൂടി കയ്യില്‍ പിടിച്ചിട്ടുണ്ട്. ഗേറ്റിലെ ആദ്യപരിശോധനാ സ്ഥലത്തെ പൊലീസ് ഓഫിസര്‍ കാര്‍പാസും ക്ഷണപത്രവും ഒരുമിച്ച് വച്ച് ഒരു അരിക് ചീന്തിയെടുത്ത് കളഞ്ഞശേഷം അകത്തേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഏകദേശം പത്തുമീറ്റര്‍ പിന്നിട്ടപ്പോള്‍ അടുത്ത ഓഫിസര്‍ പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാനാവശ്യപ്പെട്ടു. രണ്ടും വച്ചുനീട്ടിയപ്പോള്‍ ആരാണിത് കീറിയതെന്ന് ചോദ്യം. ‘ദാ നില്‍ക്കുന്നു കീറിയ ആള്‍’ എന്ന് ചൂണ്ടിക്കാണിച്ചതോടെ അവിടെനിന്നും അകത്തേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവ്. ആകെയൊരു വശപ്പിശക് മണത്തുതുടങ്ങി. ഇനി മൂന്നാം പരിശോധനാസ്ഥലം; അവിടെയെത്തി ക്ഷണപത്രം കാണിച്ചവഴിയേ ചോദ്യം ‘ഇതിലെ വര ഏത് നിറമാണ്? എന്തിനാണ് കീറിയത്? ’അപ്പോഴാണ് അതില്‍ ഒരു വര ഉണ്ടായിരുന്നെന്നും ആ വരയുടെ നിറം നോക്കിയാണ് ഏത് സോണിലേക്ക് ക്ഷണപത്രവുമായി എത്തുന്നയാളെ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കുകയുള്ളുവെന്നും അറിയുന്നത്. കൃത്യമായി പൊലീസുകാരന്‍ കീറിക്കളഞ്ഞത് ഈ വരയുള്ള ഭാഗമായിരുന്നു. നിങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് അവിടെനിന്ന ഓഫിസര്‍ തീര്‍ത്തുപറഞ്ഞു.

              കേരളത്തിലായിരുന്നെങ്കില്‍ പാസ് നല്‍കിയ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ അവിടെ വരുത്തിച്ചു കാര്യങ്ങള്‍ അവരെ മനസിലാക്കിക്കാമായിരുന്നു. മൂന്നുദിനം ഓഫിസില്‍ കയറിയിറങ്ങി കിട്ടിയ പാസ് അരികു കീറി പുറത്തുനിറുത്തിയിരിക്കുകയാണെന്നു പിആര്‍ഡി ഓഫിസില്‍ പറഞ്ഞിട്ടു കാര്യമില്ലെന്ന് തോന്നി. തിരിച്ചു ഗേറ്റില്‍പോയി തിരഞ്ഞാല്‍ ഇതിന്റെ ബാക്കിയുള്ള കഷണം എങ്ങിനെ കണ്ടുപിടിക്കാം എന്നുള്ള ചിന്തയായി അടുത്തത്. ഇതിനുമുന്‍പ് ഒട്ടേറെ ആളുകളുടേത് ഇങ്ങനെ ചീന്തിയെടുത്തിട്ടുണ്ടെങ്കില്‍ ആ മുറിപേപ്പറുകളില്‍ നിന്നും ഇതിന്റെ കൃത്യം കഷണം കണ്ടെത്തുക കഠിനവുമാണ്. പൊലീസുകാരന്റെ കയ്യിലെ പിഴവിന് ഞാനെന്തിന് സഹിക്കണം എന്ന വാദവുമായി വീണ്ടും മൂന്നാം പരിശോധനാ കേന്ദ്രത്തിലേക്ക് എത്തി. നിങ്ങള്‍ ഒന്നാം കവാടത്തിലെ ഉദ്യോഗസ്ഥന് കൃത്യമായി നിര്‍ദേശം കൊടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും എന്റെ പിഴവില്‍ വന്നതല്ലെന്നുമായിരുന്നു വാദമുഖം. ഇതില്‍ ഏത് നിറത്തിലുള്ള വരയായിരുന്നു ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ മനസിലാക്കണമായിരുന്നു എന്ന് അവരും തിരിച്ചുവാദിച്ചു. ഇതു പറഞ്ഞുകൊണ്ടിരിക്കെയാണ് രാവിലെ ഫോണിലെടുത്ത ക്ഷണപത്രത്തിന്റെ ഫോട്ടോയെക്കുറിച്ച് ഓര്‍മ്മ വന്നത്. കീറുന്നതിനു മുന്‍പെടുത്ത പാസിന്റെ ചിത്രം പരിശോധിച്ചപ്പോഴതാ വലത്തേ മൂലയില്‍ ചുവന്നൊരു വര. ‘ഇതാണാ രേഖ…’ വിയറ്റ്നാം കോളനി സിനിമയില്‍ നടന്‍ ശങ്കരാടി കൈവെള്ളയിലെ രേഖ കാണിച്ചപോലെ ഞാന്‍ ഫോണുയര്‍ത്തി ഓഫിസറെ കാണിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഫോണ്‍ പരിശോധിച്ചു. പാസിന്റെ ബാക്കിവന്ന കഷണവുമായി ഒത്തുനോക്കിയശേഷം അദ്ദേഹംതന്നെ മറ്റ് ഉദ്യോഗസ്ഥരെ പറഞ്ഞുബോധ്യപ്പെടുത്തി എന്നെ അകത്തേക്ക് കടത്തിവിട്ടു. ആ ഓഫിസര്‍ക്ക് നന്ദി പറയുന്നതിനൊപ്പം, എന്ത് രേഖകള്‍ കിട്ടിയാലും ഉടന്‍തന്നെ അതിന്റെ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാറുള്ള ശീലത്തിന് സ്വയം ആശ്വാസവും രേഖപ്പെടുത്തി അകത്തേക്ക് കുതിച്ചു. എന്നാലുമെന്റെ ‘കുമാരണ്ണാ’ നിങ്ങളറിയുന്നുണ്ടോ ഇതുവല്ലതും? #JosekuttyPanackal 24.05.2018



2018, മാർച്ച് 25, ഞായറാഴ്‌ച

ആ മുഖത്തുണ്ട് ഓശാന

ഓശാന തിരുനാള്‍ വീണ്ടുമെത്തി. പത്രങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയുമെല്ലാം ചിത്രങ്ങളായി കുട്ടികളും വയോധികരുമെല്ലാം വീണ്ടും എത്തും. ചില ദോഷൈകദൃക്കുകള്‍ ഇതെന്താ കുട്ടികളും വൃദ്ധരും മാത്രമേ പള്ളിയിലുള്ളോയെന്ന് ചോദിച്ചേക്കാം. കാരണം തപ്പിനോക്കിയാല്‍ മനസിലാകുന്നൊരു കാര്യമുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന രണ്ടു വിഭാഗമാണ് കുട്ടികളും വയോധികരും. എന്നാല്‍ പള്ളിയിലെത്തിയാല്‍ പ്രായമായവര്‍ വളരെ അടക്കത്തോടെ അതിനുള്ളില്‍ത്തന്നെ കൂടും. കുഞ്ഞുകുട്ടികളില്‍ പലരും പള്ളിക്ക് പുറത്തിറങ്ങി പലരീതിയില്‍ ഓല മടക്കിയും കറക്കിയുമൊക്കെ കളി തുടങ്ങും. കാരണവന്മാര്‍ ഇവരെനോക്കി കണ്ണുരുട്ടിയാലും ‘അതൊക്കെ വീട്ടില്‍ മതി പള്ളീല്‍ വേണ്ട’ എന്ന ഭാവത്തില്‍ കുട്ടികള്‍ കളി തുടരും. ഇവിടെയാണ് പള്ളിക്കു പുറത്ത് ഫോട്ടോയെടുക്കുന്ന ഫൊട്ടോഗ്രഫര്‍മാരുടെ സാധ്യതകള്‍ തെളിയുന്നത്. ഒാല കൊടുക്കുന്നതുമുതല്‍ വ്യത്യസ്തമായ ചിത്രം പകര്‍ത്താന്‍ നിലയുറപ്പിക്കുന്ന ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് പള്ളിയകത്ത് കയറി ഒട്ടേറെ നേരം നില്‍ക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സേഫ് സോണ്‍ ആയ ‘പള്ളിപ്പുറം’ തന്നെയാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കാറ്. അവിടെയുള്ള കൂട്ടമാകട്ടെ കുട്ടിക്കൂട്ടവും. അപ്പോള്‍ സ്വാഭാവികമായും കുട്ടികളുടെ ചിത്രം കൂടുതലായി പകര്‍ത്തുകയും ചെയ്യും. പ്രദക്ഷിണത്തിലും ആരാധനക്ക് ശേഷം ഇറങ്ങിവരുമ്പോഴുമെല്ലാം മുഖം ചുളിഞ്ഞ അമ്മാമ്മമാരും ചിത്രത്തില്‍ പെടാറുണ്ട്. എന്നാല്‍ കുട്ടിത്തത്തിന്റെ കൗതുകവും നിഷ്കളങ്കതയുമുള്ള ചിത്രത്തോടാണ് ഈ മുഖ ചിത്രങ്ങള്‍ ന്യൂസ് ഡെസ്കില്‍ മത്സരിക്കേണ്ടിവരുന്നത്. ഇപ്പോള്‍ ഇതെഴുതാന്‍ കാരണം 2012ലെ ഓശാന നാളില്‍ ജനക്കൂട്ടത്തിന്റെയും കുട്ടിയുടെയും ചിത്രമെടുത്തശേഷം ഞാന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത് കുട്ടിയുടെ ചിത്രമാണ്. ആ തീരുമാനം തെറ്റാണോ എന്നറിയാന്‍ രണ്ടുദിവസത്തിനുശേഷം ഈ രണ്ട് ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ ഏതാണ് ഉത്തമം എന്ന ചോദ്യവും ചോദിച്ചിരുന്നു. 
https://www.facebook.com/photo.php?fbid=353917794658628&set=a.184773054906437.64030.100001212323304&type=3&theater കൂടുതല്‍ ആളുകളും പിന്‍താങ്ങിയത് കുട്ടിചിത്രംതന്നെ. പക്ഷേ അവിടെനിന്നും ആ ചിത്രം കോപ്പിചെയ്ത് പിന്നീടുള്ള എല്ലാ ഓശാന ഞായറുകളിലും അവരവരുടെ പേരും വാട്ടര്‍മാര്‍ക്കുമൊക്കെയായി എനിക്കുതന്നെ ലഭിക്കാറുണ്ട്. ഇന്നും കിട്ടി മൂന്നുതവണ. കേസുകൊടുക്കണോ പിള്ളേച്ചാ!!! ?



2018, മാർച്ച് 16, വെള്ളിയാഴ്‌ച

അതാണ് ആ ‘സിംപിള്‍’ മെഗാസ്റ്റാര്‍

           വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 1972ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത്രമുരിഞ്ഞെറിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ലോക ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ അതേ നിക് ഉട്ട്. തന്റെ ഇരുപതാം വയസില്‍ കിം ഫുക്കെന്ന ഒന്‍പതു വയസുകാരിയുടെ ജീവിതം മാറ്റിമറിച്ച നിക്ക് ഉട്ടിന് ഇപ്പോള്‍ 67 വയസുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പ്രസ് ഫോട്ടോ ഫെസ്റ്റിവലിനും അക്കാദമി അവാര്‍ഡ് സ്വീകരിക്കാനുമാണ് നിക് ആദ്യമായി ഇന്ത്യയിലും കേരളത്തിലും എത്തിയത്.

ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തില്‍ തന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനത ഇത്രത്തോളമുണ്ടെന്ന് കേരളത്തിലെത്തിയതുമുതല്‍ നിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്രയേറെ പത്രം വായിക്കുന്ന ജനതയായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതങ്ങളിലൊന്ന്. മീന്‍ ചന്തയില്‍ ചിത്രമെടുക്കാന്‍ ചെന്നപ്പോഴും അന്നത്തെ പത്രം ഉയര്‍ത്തിക്കാട്ടി ‘ഈ ചിത്രത്തില്‍ കാണുന്ന നിക് ഉട്ടല്ലേ’ താങ്കള്‍ എന്ന് ചേദിക്കുന്ന തൊഴിലാളികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ സ്നേഹം കണ്ടാണ് ഈ സംസ്ഥാനം തന്നെ കണ്ടുകളയാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും, വാഗമണ്ണിലുമൊക്കെ സന്ദര്‍ശനം നടത്തി ഇന്നലെ കൊച്ചി മീഡിയ അക്കാദമിയിലുമെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുരാരേഖാ ശേഖരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാറും എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ പുലിറ്റ്സര്‍- വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡുകളൊക്കെ തന്റെ ചിത്രത്തിനു നേടിയനിക് ഉട്ട് , വഴിയില്‍ നിന്നൊരാള്‍ ഒപ്പം സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചാല്‍ പോലും എപ്പോഴും റെഡി. തന്നെ തഴുകുന്നവര്‍ക്കും തൊടുന്നവര്‍ക്കും ഉമ്മവയ്ക്കുന്നവര്‍ക്കുമൊക്കെ അതുതന്നെ തിരിച്ചും സമ്മാനിച്ചാണ് ഈ ‘സിംപിള്‍’ മനുഷ്യന്റെ കേരളയാത്ര. ഈ യാത്രയിലെടുത്ത ചിത്രങ്ങളില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ഇന്നലെ വൈകീട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും അദ്ദേഹം എടുത്ത ഒരു ചിത്രം ഇന്ന് കൊച്ചിയിലെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചതും ഇതോടൊപ്പം കാണുക.
By Josekutty Panackal 16.03.2018


അതാണ് താരം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി എറണാകുളം ബോട്ടുജെട്ടിയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് തിരക്കിനൊപ്പം നീങ്ങുമ്പോള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുന്ന നടന്‍ മമ്മൂട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ  

ഈ വിരലില്‍ വിരിഞ്ഞ ചരിത്രം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ക്കൊപ്പം കയറിയ ലോക പ്രശസ്ത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശുന്നത് വീക്ഷിക്കുന്ന സഹയാത്രികരായ കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...