2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...


കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...  
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞ തന്ത്രങ്ങൾ  ഉപയോഗിച്ച് നിങ്ങൾ പരിശീലനം തുടങ്ങിയെന്ന് വിചാരിക്കുന്നു. 'ഇതെല്ലാം എന്ത് പരിശീലനം..? അപ്പുറത്തെ വീട്ടിൽ പോയിവരുന്നതും പല്ലുതേച്ച് വീടിന്റെ പടികൾ കയറുന്നതുമാണോ തന്ത്രങ്ങൾ' എന്ന് മനസിൽ പറയാൻ വരട്ടെ.  ജീവിതചര്യകളാണ് പലപ്പോഴും നമ്മെ പലതും പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രഥമ മാരത്തോണിൽ 21 കിലോമീറ്റർ ഒാട്ടം തികച്ച ഞാൻ പിന്നീട് ആലോചിച്ചു എന്റെ ജീവിതത്തിൽ ഇതിനുള്ള ഊർജം എങ്ങനെ കിട്ടിയെന്ന്? വളരെ പിന്നിലേക്ക് പോയപ്പോൾ രസകരമായ ഒരു കാര്യം പിടികിട്ടി. അതും സ്കൂളിൽ സ്പോർട്സ് താരമാകുന്നതിന് മുൻപ്.

ആ കഥയിലേക്ക്:
തൊടുപുഴക്കടുത്ത് ഉടുമ്പന്നൂർ എന്ന ഗ്രാമത്തിലാണ് അന്ന് എന്റെ കുടുംബത്തിന്റെ താമസം. ധാരാളം സ്ഥലം ഉള്ളതിനാൽ  നിരവധി കോഴിയെയും അമ്മ വളർത്തുന്നുണ്ട്. ചിക്കൻ സ്റ്റാളുകൾ കേരളത്തിൽ വളരെ കുറവെയുള്ളു. ഉള്ളതാകട്ടെ കോൾഡ് സ്റ്റോറേജുകളും. അവിടെനിന്നും തണുപ്പടിച്ച് വിറങ്ങലിച്ച ഇറച്ചി വീട്ടിൽ വാങ്ങാറില്ല. പകരമായി ആഴ്ചയുടെ അവസാനം അമ്മ പറയും ' തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെ തട്ടാം'. പക്ഷേ ഇതു പറയുന്നത് പകൽ പതിനൊന്നുമണിയോടെയായിരിക്കും. സ്വന്തമായുള്ളതും അയൽക്കാരുടേതുമായ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് പത്തുമുപ്പത് കോഴികൾ എവിടെയൊക്കെയൊ ആയിരിക്കും. ആദ്യം  തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെത്തേടി ഒാട്ടപ്രദക്ഷിണം നടത്തും. കണ്ടുപിടിച്ചാൽ പിന്നാലെയോടിത്തന്നെ കോഴിയെ തളർത്തും. ഇതിനിടെ ചിലപ്പോൾ അയൽവീട്ടുകാരുടെ  മുള്ളുവേലിയൊക്കെ ചാടി കടക്കേണ്ടിവരും. അവസാനം  'ഇനിയെന്നെയങ്ങ് കൊല്ല്' എന്ന തരത്തിൽ കോഴി ഒാടിത്തളർന്ന്  നിലത്തിരിക്കും. ഏകദേശം അരമണിക്കൂർകൊണ്ടായിരിക്കും ഈ യുദ്ധം അവസാനിക്കുക. അറിഞ്ഞോ അറിയാതെയോ ഇത് മാസത്തിൽ മൂന്നുതവണയെങ്കിലും ചെയ്തിട്ടുണ്ട്. വീട്ടിൽ വിരുന്നുകാർ വന്നാൽ ഈ ഒാട്ടത്തിന്റെ എണ്ണവും കൂടും. ഇതായിരുന്നു മാരത്തോണിൽ എനിക്ക് കിട്ടിയ പ്രഥമ പരിശീലനം.

ഇനി കാര്യത്തിലേക്ക്:
ഇന്നലെ 500 മീറ്റർ നടന്നവർ തിരിച്ചെത്തിയപ്പോൾ ഒരു കിലോമീറ്റർ തികച്ചുവെന്ന് അവർക്ക് ആശ്വസിക്കാം. ഇന്ന് നേരെ ഒരു കിലോമീറ്റർ നടന്ന് തിരിച്ചുവന്നോളൂ. രാവിലെ 5ന് തന്നെ എഴുന്നേൽക്കുക, അടുത്ത ദിവസംമുതൽ നമുക്ക് ഒാടിത്തുടങ്ങേണ്ടതാണ്. രണ്ടുകിലോമീറ്റർ നടക്കാൻ നിങ്ങൾക്ക് കരുത്തുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാമല്ലോ. പറ്റുമെങ്കിൽ കോഴിപി‌ടിക്കാൻ ഒാടിയ ഏഴുവയസുകാരനെ മനസിൽ സങ്കൽപിച്ചുകൊള്ളൂ....

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...