2013, ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്മസ് മംഗളങ്ങള്‍

പ്രിയരേ, ക്രിസ്മസ് മംഗളങ്ങള്‍. കുറച്ചുദിവസം മുന്‍പ് കൊച്ചി രാജ്യാന്തര മാരത്തണില്‍ ഞാന്‍ ഒാടാന്‍ പോകുന്നുവെന്ന് അറിയിച്ചിരുന്നുവല്ലോ. അതിനായുള്ള കഠിന പരിശീലനം തുടരുകയാണ്. സ്കൂള്‍ കായികമേള വിട്ടതിന് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മാരത്തണിലെ 21 കിലോമീറ്റര്‍ ഒാട്ടത്തില്‍ പങ്കെടുക്കുന്നത്. എട്ടുദിവസത്തെ പരിശീലനം കൊണ്ട് ഇന്ന് 20.5 കിലോമീറ്റര്‍ ദൂരം കടന്നു. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് ശരീരം പറയുന്നു. ഇനി മാരത്തണ്‍ ദിനംവരെ അസുഖമൊന്നും വരാതെ കിട്ടിയാല്‍ ആശ്വാസം. ഇതിനായി ഞാന്‍ എസ്എംഎസ് അഭ്യര്‍ഥിക്കുന്നില്ല. നിങ്ങളുടെ പ്രാര്‍ഥനവേണം വഴിയില്‍ വീണുപോകാതിരിക്കാനും... മാരത്തണ്‍ പൂര്‍ത്തിയാക്കാനും... സ്നേഹത്തോടെ ജോസ്കുട്ടി പനയ്ക്കല്‍.


2013, ഡിസംബർ 23, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം: ഒന്‍പതാം ദിനം:ഡിസംബര്‍ 23, 2013

ഒാഫീസ് ഫീഡുകള്‍...
ഇന്ന് 19 കിലോമീറ്റര്‍ തികയ്ക്കണം. പതിവ് റൂട്ട് വിട്ട് ഗാന്ധിനഗറില്‍ നിന്നും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്ത് സമീപത്തുകൂടി പനമ്പിള്ളി നഗറിലേക്ക് കടന്നു. പാസ്പോട്ട് ഒാഫിസിന് സമീപമെത്തി തിരികെ ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വഴി എളമക്കരയിലേക്ക്. 19 കിലോമീറ്റര്‍ എന്ന ലക്ഷ്യവും കൈപ്പിടിയില്‍. ഇനി വെറും രണ്ട് കിലോമീറ്റര്‍ അത് നാളെ തീര്‍ക്കും. ഒാഫിസില്‍ രാവിലെ മീറ്റിങ്ങിനെത്തുമ്പോള്‍ കാലിന് വേദനയും സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ടും. റിസപ്ഷനിലെ വനിതകള്‍ ചോദിച്ചു ഇതും വച്ച് ഇനി ഒാടാന്‍ പറ്റുമോ? മീറ്റിങ്ങിന് കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ക്ക് സംശയം 21 കിലോമീറ്റര്‍ എന്നത് പറ്റുന്ന പരിപാടിയാണോ? പറയുമ്പോള്‍ 21 തീരുമെങ്കിലും ഒാടിയാല്‍ തീരില്ലല്ലോ. ഇത്രയും ദിവസത്തെ പരിശീലനത്തിന്റെ കഥകള്‍ വിവരിച്ചതോടെ അദ്ദേഹം പറഞ്ഞു ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സാധിക്കും. അപ്പോള്‍ മറ്റൊരാള്‍ക്ക് സംശയം എന്തിനാണ് ഇത്ര വിഷമിച്ച് ഒാടുന്നത്? കമ്പനി നല്‍കുന്ന പതിനായിരം രൂപക്ക് വേണ്ടിയോ? അതോ മിടുക്കനാണെന്ന് തെളിയിക്കാന്‍ വേണ്ടിയോ? ' രണ്ടിനും വേണ്ടി.. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടി. ' ഞാന്‍ മറുപടി നല്‍കി. 

2013, ഡിസംബർ 22, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം:എട്ടാം ദിനം: ഡിസംബര്‍ 22, 2013

ഇലാസ്റ്റിക് മുട്ട്... 
കാല്‍മുട്ടിലെ വേദന കടുത്തുവരുന്നു. ഇലാസ്റ്റിക് ബാന്‍ഡ് എയ്ഡ് തലേന്ന് വാങ്ങിയതും മുട്ടിന് താഴെയായി ചുറ്റിയാണ് ഇന്ന് ഒാട്ടം തുടങ്ങിയത്. തുടക്കത്തില്‍ ഇതുമായി അഡ്ജസ്റ്റാകാന്‍ കുറച്ച് വിഷമിച്ചുവെങ്കിലും മൂന്നുനാലു കിലോമീറ്റര്‍ കഴിഞ്ഞതോടെ പ്രശ്നമില്ലാതായി. ഇനി ഇതുകൊണ്ടു പുതിയ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നായി അടുത്ത ചിന്ത. പനമ്പിള്ളി നഗറും കടന്ന് ഒരു കിലോമീറ്റര്‍ കൂടി ഒാട്ടം ഇന്ന് നീട്ടി. 17 കിലോമീറ്റര്‍ തികച്ചിരിക്കുന്നു. ഇനി 4 കിലോമീറ്റര്‍ കൂടിയുണ്ട് 21 എന്ന ലക്ഷ്യത്തിലേക്ക്. മുന്നിലുള്ളതോ ഏഴ് ദിനങ്ങള്‍ മാത്രം. 

2013, ഡിസംബർ 21, ശനിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ഏഴാം ദിനം: ഡിസംബര്‍ 21, 2013

ജലമേറെ.. ഒഴുകിപ്പോയ്... 
കാലിലെ കുമിള വലുതായതോടെ അതിലെ ജലം ഒഴുക്കിക്കളഞ്ഞില്ലെങ്കില്‍ ഇനി ഷൂസിടുന്നത് പ്രശ്നമാകും. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിലെ ഫിസിഷ്യനെ വിളിച്ചു. അദ്ദേഹം കാലും ഷൂസുമായി ഉച്ചയോടെ എത്താന്‍ പറഞ്ഞു. ഇന്ന് തല്‍ക്കാലം ഇതിന് മുകളിലേക്ക് തുണികെട്ടാം. പത്ത് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുകാല്‍ മുട്ടുകളുടെയും അരികില്‍ വേദന അനുഭവപ്പെട്ടുതുടങ്ങി. ഇനി ഒാട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ഒപ്പമെത്തി. ഒാട്ടത്തില്‍ ശ്രദ്ധകൊടുക്കാതെ റേഡിയോയില്‍ മാത്രം ശ്രദ്ധിച്ച് വിഷമിച്ച് അന്നും 16 കിലോമീറ്റര്‍ തികച്ചു. ഒാഫിസ് ജോലിക്കിടെ ഉച്ചക്ക് മെഡിക്കല്‍ ട്രസ്റ്റിലെത്തി ഷൂ-ബെറ്റിനുള്ളിലെ ജലം വലിച്ചുകളഞ്ഞു. ചില്‍ഡ് ഐസ് പാക്കും വാങ്ങി തിരിച്ച് ജോലിയിലേക്ക്.. 

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ആറാം ദിനം: ഡിസംബര്‍ 20, 2013

പുകയഭിഷേകം... 
5.45ന് എഴുന്നേറ്റു കലൂര്‍ - കടവന്ത്ര ഗാന്ധിനഗര്‍ വഴി സൌത്ത് റെയില്‍വെ സ്റ്റേഷന് പിന്നിലൂടെ പനമ്പിള്ളി നഗറിലേക്ക്... പനമ്പിള്ളി നഗറിലൂടെ രണ്ടുകിലോമീറ്റര്‍ കൂടി കൂടുതലോടി 16 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. തിരിച്ച് ഒാഫിസിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ സെക്യൂരിറ്റി ശങ്കിച്ചു നോക്കുന്നുണ്ട്. മങ്കിക്യാപ്പ് വച്ചോടുന്ന ഇദ്ദേഹം തന്നെയാണോ ഇവിടെ ജോലി ചെയ്യുന്നയാള്‍..? ഏതായാലും കയ്യുയര്‍ത്തിക്കാണിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത് ചിരി തെളിഞ്ഞുവന്നു. തിരിച്ച് സൌത്തിലെ കര്‍ഷക റോഡിലൂടെ ഒാടുമ്പോള്‍ പെട്ടിക്കടക്ക് മുന്നില്‍ പുകവലിച്ച് നിന്നിരുന്നയാള്‍ പുക എനിക്ക് മുന്നിലേക്ക് ഊതിവിട്ടു. സമീപത്തെ എല്ലാ വായുവും ആവാഹിച്ച് ഒാടുന്ന എന്റെ നെഞ്ചിന്‍കൂട്ടിലേക്കും പുക ഇരച്ചുകയറി. അപ്പോള്‍ തീരുമാനിച്ചു എന്റെ മാരത്തണ്‍ ഒാട്ടത്തിന്റെ സന്ദേശം പുകവലിക്കെതിരെ.... 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:അഞ്ചാം ദിനം: ഡിസംബര്‍ 19, 2013

പിന്‍തുടരുന്ന നായ്ക്കൂട്ടം... 
എല്ലാദിവസവും പരിശീലനത്തിനായി രണ്ടുകിലോമീറ്റര്‍ കൂട്ടുന്നതിനാല്‍ പത്തുമിനിറ്റുവീതം നേരത്തെ എഴുന്നേല്‍ക്കണം. എങ്ങിനെ ആയാലും 7.35ന് ഭാര്യ ജോലിക്ക് പോകുംമുന്‍പ് ഫ്ളാറ്റില്‍ തിരിച്ചെത്തണം. അതിനാല്‍ ഇന്ന് 5.50ന് എഴുന്നേറ്റു. ഒാടുന്ന ചിന്ത ഒഴിവാക്കാന്‍ മൊബൈല്‍ ഫോണില്‍ റേഡിയോ വച്ചു. സ്പീക്കര്‍ ചെവിയില്‍ തിരുകി. ഡിസംബര്‍ മാസത്തിലെ കനത്ത തണുപ്പ് ചെവിയിലേക്ക് അടിച്ചുകയറുന്നു. പനി പിടിക്കാന്‍ വന്‍ സാധ്യതയുണ്ട്. തുളസിയിലയിട്ട് ആവി പിടിച്ചു. മങ്കി ക്യാപ്പും തലയില്‍ വച്ച് കുളിരിലേക്കിറങ്ങി. തലേന്നത്തെ വഴിയിലൂടെത്തന്നെ വച്ചുപിടിച്ചു. ഇന്ന് ഏതായാലും പനമ്പിള്ളി നഗറില്‍ എത്തിയിട്ടേയുള്ളു. പൊറ്റക്കുഴി പള്ളി ജങ്ഷന്‍ കഴിഞ്ഞതോടെ മൂന്നുനാലു തെരുവുപട്ടികള്‍ ഒപ്പമെത്തി. സ്പീഡില്‍ ഒാടിയാല്‍ ഇവന്മാരുടെ കടിയേല്‍ക്കേണ്ടിവരും. പെട്ടെന്നാരു വണ്ടി വന്നതോടെ അതിന് പിന്നാലെ പാഞ്ഞു നായ്ക്കള്‍. ഈ തക്കത്തിന് കലൂരിലേക്ക് വച്ചുപിടിച്ചു. പനമ്പിള്ളിനഗറിലെത്തി മനോരമ ഫ്രണ്ട് ഒാഫിസിലെ പ്രമോദിന് സമീപം 30 സെക്കന്‍ഡോളം നിന്നു. ഇതാ മാരത്തണ്‍ പരിശീലനം 14 കിലോമീറ്ററിലേക്ക് കടക്കുന്നു. തിരിച്ച് വീട്ടിലെത്തുമ്പോള്‍ അത് തികയും. സംഭവം അറിയിച്ചതോടെ പ്രമോദും ആവേശഭരിതനായി... നമ്മുടെ സ്ഥാപനത്തില്‍ നിന്നും നൂറിലേറെപ്പേര്‍ ഒാടുന്നുണ്ട്. പക്ഷേ 21 കിലോമീറ്റര്‍ എത്രപേര്‍ ഒാടുമെന്ന് കണ്ടറിയാം. ഏതായാലും ഫസ്റ്റ് ജോസ്കുട്ടിക്ക് തന്നെ! പ്രമോദ് ഉറപ്പിച്ചുപറഞ്ഞു. കാത്തിരുന്നുകാണാം... യാത്രപറഞ്ഞ് ഞാന്‍ തിരിച്ചോടി എളമക്കരയിലേക്ക്... 

2013, ഡിസംബർ 18, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം  നാലാം ദിനം: ഡിസംബര്‍ 18, 2013

മനസ് പാതിയാക്കിയ ഒാട്ടം... 
ഇനി റോഡിലേക്കിറങ്ങി പരിശീലനം നടത്തണം. കൊച്ചി കീര്‍ത്തി നഗറില്‍ നിന്നും രാവിലെ ആറിന് ഒാട്ടം തുടങ്ങി. പനമ്പിള്ളി നഗറാണ് ലക്ഷ്യം. അവിടെ എത്തിയാല്‍ ഏഴ് കിലോമീറ്റര്‍ തികയ്ക്കാം. തിരിച്ചെത്തുമ്പോള്‍ 14 കിലോമീറ്റര്‍. പക്ഷേ കലൂരിലെത്തി കടവന്ത്ര പാലത്തിലേക്ക് കയറും മുന്‍പ് തിരിച്ച് പോകണമെന്ന ആഗ്രഹം കലശലായി. ലക്ഷ്യത്തിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്റര്‍കൂടിയുണ്ട്. വന്‍ തളര്‍ച്ച അനുഭവപ്പെടുന്നു. തിരിച്ച് ഒാട്ടോ റിക്ഷ വിളിച്ചാലോ എന്നുപോലും ആലോചിച്ചു. മനസ് പറഞ്ഞു ഇവിടെനിന്നുതിരിച്ചാല്‍ ഒാടിത്തന്നെ വീട്ടിലെത്താനാകുമെന്ന്. ആസാദ് റോഡിലൂടെ തിരിച്ച് മാതൃഭൂമി ഒാഫിസിന് സമീപമെത്തിയതോടെ ആകെ തളര്‍ന്നു. ഇനി വയ്യ. നടക്കാം... അര കിലോമീറ്റര്‍ നടന്നതോടെ കുറച്ച് ഊര്‍ജം കിട്ടി അതുമുതലാക്കി ഒാടി ഫ്ളാറ്റിലെത്തി. സമയം 7.35 ഭാര്യ കോളജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുന്നു. തളര്‍ച്ചയോടെ വന്നപ്പോള്‍ ഭാര്യ വക കമന്റ് 'ഇത് ജോസ്കുട്ടിക്ക് താത്പര്യമുള്ളതുകൊണ്ടുമാത്രം ഞാന്‍ സമ്മതിക്കുന്നതാണ്. എന്തൊരു ക്ഷീണമാണ് മുഖത്ത്? രക്തമെല്ലാം വലിഞ്ഞുപോയതുപോലെ...' ഒാഫീസിലേക്ക് പോകാന്‍ ഫ്ളാറ്റിലെ സ്റ്റെപ്പുകള്‍ ഇറങ്ങിയപ്പോള്‍ കാല്‍ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു. ഇനിയും രണ്ടുകിലോമീറ്റര്‍ നാളെ കൂട്ടി ഒാടേണ്ടതാണ് സാധിക്കുമോ എന്തോ..! 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...