2014, നവംബർ 20, വ്യാഴാഴ്‌ച

വെറും ആറുകൂടി മാത്രം.

ഹാഫ് മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരവും നമ്മൾ പിന്നിട്ടുകഴിഞ്ഞു. ഇനി നമുക്ക് മുന്നിലുള്ളത് വെറും ആറ് കിലോമീറ്റർ മാത്രം. വെറുതെ മനസിലൊന്ന് സങ്കൽപിച്ചുനോക്കൂ നിങ്ങളുടെ പരിശീലന പാതയിലെ ആ ആറ് കിലോമീറ്റർ ദൂരം. പല ദിവസങ്ങളിലായി 15 കിലോമീറ്റർ അളന്ന് പരിശീലിച്ചവർക്ക് ഇനിയുള്ള ആറ് കിലോമീറ്റർ വെറും നിസാരം. പക്ഷേ 15 കിലോമീറ്റർ ഒാടിയെത്തിക്കഴിയുമ്പോൾ പിന്നീടുള്ള 6 കിലോമീറ്ററിനെക്കുറിച്ച് ഓർക്കുമ്പോൾ കഷ്ടമെന്ന് എന്നുതോന്നിയേക്കാം. ഏതായാലും നമ്മൾ ഇനി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണല്ലോ പരിശീലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി ഓടാനുള്ള ആറുകിലോമീറ്റർ ദൂരം ഇന്നൊന്ന് നടന്ന് പരിശോധിക്കുക. വീട്ടിൽ നിന്നും തുടങ്ങി വീട്ടിലേക്ക് തന്നെ വരുന്ന പാത ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ വീടിനും ആറ് കിലോമീറ്റർ ദൂരെയായിരിക്കുമല്ലോ ഈ സ്ഥലം. ഈ ആറ് കിലോമീറ്റർ വഴിയിലൂടെ നടന്ന് വാം അപ് ആയിക്കൊള്ളൂ. നാളെ 16 കിലോമീറ്റർ ഓടാനുള്ളതാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 19, ബുധനാഴ്‌ച

ഇനിയൊരു ചേഞ്ചാവാം...

ഇതാ പതിനഞ്ചുകിലോമീറ്റർ പിന്നിട്ടിരിക്കുന്നു. കുറച്ചുനാളുകളായി തുടർന്നുവന്ന ഒരു കിലോമീറ്റർ കൂട്ടുന്ന രീതിയിൽ നിന്നും ഇനി വ്യത്യാസം വരുത്താം. ഒരു ദിവസം ഒാടുകയും പിറ്റേന്ന് വാം അപ്പുകളിൽ ഒതുങ്ങുകയും അതിന്റെ പിറ്റേന്ന് ഒാടുകയും ചെയ്യുന്ന രീതിയിലേക്ക് ഇനി ശൈലി മാറ്റാം. തുടക്കക്കാരായ ഓട്ടക്കാർക്ക് ഇനിയുള്ള ദൂരത്തിലുണ്ടാകുന്ന ക്ഷീണം ഒരുദിവസംകൊണ്ട് തീർക്കാനാവില്ല. ഇനിയുള്ള ഏഴുകിലോമീറ്റർ പതിനാലുദിവസംകൊണ്ട് തീർത്താൽ മതി. മാരത്തണിന് മുന്നോടിയായി രണ്ടുദിവസം തുടർച്ചയായുള്ള വിശ്രമവും ആവശ്യമാണ്.
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 18, ചൊവ്വാഴ്ച

അടിച്ചവഴിയേ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കും

'തെളിച്ചവഴിയേ പോയില്ലെങ്കിൽ പോകുന്നവഴിയെ തെളിക്കും' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ. ഇതുതന്നെ നമ്മുടെ ശരീരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചെറിയ വേദനകളൊക്കെ കൊണ്ടുനടക്കുന്നവർക്ക് അത്  ശീലമാകുമ്പോൾ വേദനയൊരു പ്രശ്നമായി തോന്നാറില്ല. എന്നാൽ ഇത് ശരിയായൊരു കാര്യവുമല്ല. എന്തിന് ഇക്കാര്യം മാരത്തൺ പരിശീലനത്തിനിടയിൽ പറയുന്നു എന്ന് ചിന്തിച്ചോ? കാര്യമുണ്ട്. നമ്മുടെ പരിശീലനത്തിൽ  പരുക്ക് എന്നത് പ്രധാന ഘടകങ്ങളിലൊന്നാണ്. ശരീരം മുറിഞ്ഞ് രക്തം പുറത്തുവരുന്നത് മാത്രമല്ല പരുക്ക്. മസിലുകൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലും പരുക്കിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  പരിശീലനത്തിനിടെ മസിൽ കോച്ചിപ്പിടുത്തവും കാൽവേദനയുമെല്ലാം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകുമല്ലോ. പ്രത്യേകിച്ചും ഇത്രനാൾ കഠിനമായ ജോലികളൊന്നും ചെയ്യാതിരുന്നവർക്ക് ഈ വേദനകൾ ഉറപ്പ്.  വേദനകൾ കഠിനമായി പരിശീലനസമയത്ത് തോന്നുകയും അത് രണ്ടുദിവസംകൊണ്ട് മാറാതിരിക്കുകയും ചെയ്താൽ ഉറപ്പായും നിങ്ങളൊരു ഡോക്ടറെ കാണണം. സ്പോർട്സ് മെഡിസിൻ സൗകര്യമുള്ള ആശുപത്രിയാണെങ്കിൽ കൂടുതൽ നന്നായി. 35 വയസിന് മുകളിലുള്ളവർ പരിശീലനത്തിന് മുന്നോടിയായി ശരീര പരിശോധനയൊക്കെ നടത്തി മാരത്തൺ ഓട്ടത്തിനിറങ്ങുന്നതാണ് കൂടുതൽ ഉത്തമം. പക്ഷേ ഇത്ര ദിവസവും പരിശീലിച്ച് 14 കിലോമീറ്റർ പിന്നിട്ടിട്ടും നിങ്ങളുടെ ശരീരത്തിന് സാധാരണ ക്ഷീണവും ചെറിയ മസിൽ വേദനയും മാത്രമേ ഉള്ളുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളു‌ടെ ശരീരം ഫിറ്റാണ്. സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മറക്കേണ്ടതില്ല. ഷൂസിന്റെ അകത്തുള്ള എക്സ്ട്രാഫിറ്റിങ്ങുകൾ നമ്മുടെ കാലുമായി യോജിക്കുന്നില്ലെങ്കിൽ ഇതിനെ അഡ്ജസ്റ്റ് ചെയ്യാനായി നമ്മൾ ഓട്ടത്തിനിടെ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതു പോലും നമ്മുടെ പേശികൾക്ക് അധിക ആയാസം സൃഷ്ടിക്കും. നിങ്ങളു‌ടെ ഷൂസ് പാദങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെങ്കിൽ സുഖപ്രദമായ മറ്റൊന്ന് വാങ്ങുക. വളരെ വിലയേറിയതാണെങ്കിൽ എവിടെയാണ് പാദവും ഷൂസും യോജിക്കാത്തതെന്ന് സ്പോർട്സ് മെഡിസിൻ വിഭാഗക്കാരുടെ സഹായത്തോടെ കണ്ടെത്തി പ്രതിവിധി ഉണ്ടാക്കുക. ഇനി ഓട്ടം തുടരട്ടെ പതിനഞ്ചാം കിലോമീറ്ററിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 17, തിങ്കളാഴ്‌ച

ഉപ്പുവെള്ളത്തിലൊരു കുളി


ഇന്ന് വാം അപ് ചെയ്യേണ്ടത് സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്താണ്. സ്ട്രെച്ചിങ് എങ്ങിനെ ചെയ്യണം എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ഇതെല്ലാം ചെയ്തശേഷം അൽപം ഉപ്പിട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിച്ചുനോക്കൂ.. എന്തൊരു ഉന്മേഷം കിട്ടുമെന്ന് അറിയാമോ. നാളത്തേക്കുള്ള പാത അളന്ന് തിട്ടപ്പെടുത്തി വച്ചിരിക്കണം. നീന്താൻ സൗകര്യം ഒത്തുകിട്ടുമെങ്കിൽ അതും ചെയ്യുക. ഇനി കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അൽപം ബാം തേച്ച് പരീക്ഷിക്കാം. ഇന്ന് എത്തണം ഹാഫ്മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരമായ പതിനാല് കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 16, ഞായറാഴ്‌ച

ഭക്ഷണം എങ്ങനെ?


പഴയരീതിയിലെ ഭക്ഷണം തന്നെയാണോ പരിശീലനം തുടങ്ങിയിട്ടും കഴിക്കുന്നത്. അതോ പോരാതെ വരുന്നുണ്ടോ? കാർബോഹൈഡ്രേറ്റ് കൂടുതലായുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ ശീലങ്ങൾ പാലിക്കാതെയും മാരത്തൺ ഓടാൻ കഴിയും പക്ഷേ ഉന്തിന് പുറമെ ഒരു തള്ളുകൂടി എന്ന് പറയാറുള്ളതുപോലെ ഇതുവഴി നമുക്ക് കുറച്ചെങ്കിലും ഗുണം കിട്ടുന്നെങ്കിൽ അത് നല്ലതല്ലേ? പച്ചക്കറികളിൽ ഇലകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കാം. കാബേജ്, മുരിങ്ങയില എന്നിവ ഉൾപ്പെടുത്താം. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പരിശീലനത്തിന് മുൻപ് ശീലമാക്കണം. കാൽസ്യം കൂടുതൽ ശരീരത്തിന് ലഭിക്കാനും ശ്രദ്ധിക്കണം. വെള്ളം പതിവായി കുടിക്കുന്നതിൽക്കൂടുതൽ ശരീരത്തിലെത്തണം. കരിക്ക് കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇതെല്ലാമായാലും ശരീരം മെലിയുമെന്ന് ഉറപ്പ്. കാരണം മാരത്തൺ എന്നത് എല്ലാ കൊഴുപ്പിനെയും എരിച്ചുകളയുന്നൊരു മാസ്മരിക ശക്തിയാണ്. ഈ ആഴ്ച ശരീരത്തിന് അവധി കൊടുക്കേണ്ട ദിനം ഇതാ എത്തിയിരിക്കുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 15, ശനിയാഴ്‌ച

സാവധാനം മതി



പരിശീലനം അത്ര പോരാ എന്നു തോന്നിത്തുടങ്ങിയോ? വേഗം പഴയതുപോലെ സൂക്ഷിക്കാൻ സാധിക്കുന്നില്ലെന്നും തോന്നുന്നുണ്ടോ? ആദ്യ കിലോമീറ്ററുകൾക്കുശേഷം പിന്നീട് തളർച്ച പിടിപെടുന്നുണ്ടോ?  ആശ്വാസത്തിനായി ശരീരഭാരം ഒന്നുകൂടി അളക്കാൻ സമയമായിരിക്കുന്നു. കഴിഞ്ഞപ്രാവശ്യം അളന്നതിൽനിന്നും രണ്ട് കിലോയെങ്കിലും പറഞ്ഞരീതിയിൽ പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ കുറഞ്ഞിരിക്കും. ഇനി തളർച്ച; അത് തുടക്കത്തിന്റെ കുഴപ്പം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ സർവശക്തിയുമെടുത്ത് ഓടരുത്. ഹൃദയമിടിപ്പ് വളരെയധികം വർദ്ധിക്കുന്ന തോതിലും ഓടരുത്.  എപ്പോഴും  മുന്നിൽ രണ്ട് കിലോമീറ്റർ ദൂരംകൂടി ഓടാനുള്ള ഊർജം കരുതി വയ്ക്കുക. അത് 21 കിലോമീറ്റർ തികയുന്ന അവസരത്തിലും ഉണ്ടായിരിക്കണം. തുടക്കത്തിലേ സർവ ശക്തിയുമെടുത്ത് ഓടിയാൽ പൂർത്തിയാക്കാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകില്ല. ഇടയ്ക്കു നിറുത്തി 'റീ സ്റ്റാർട്ട്' ചെയ്യാമെന്ന് വച്ചാൽ പലർക്കും സാധിക്കുകയുമില്ല.  നിങ്ങൾ അഞ്ചുകിലോമീറ്റർ കഴിഞ്ഞ് ഏത് സ്പീഡിൽ ഓടുമോ അതേ സ്പീഡിൽത്തന്നെ ഓട്ടത്തിന് തുടക്കമിടുക. ഓട്ടത്തിൽ പരിചയമുള്ള പലരും സ്പീഡ് മാറ്റിയും മറിച്ചുമെല്ലാം പലവിധ പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ തുടക്കക്കാർ ഒരേ സ്പീഡിൽ ഓട്ടം പരമാവധി നിലനിറുത്തിക്കൊണ്ടുപോകുകയാണ് നല്ലത്. ഈ സ്പീഡിൽ തുടർന്നോളൂ പതിമൂന്ന് കിലോമീറ്റർ എന്ന ലക്ഷ്യത്തിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014, നവംബർ 14, വെള്ളിയാഴ്‌ച

ഇനി വസ്ത്രത്തിലും ശ്രദ്ധവേണം



ഓടുമ്പോൾ നിങ്ങളുടെ വസ്ത്രം നേരിയ തോതിലെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോ? ട്രാക്ക് സ്യൂട്ടോ, പാന്റ്സോ, കൈ നീളം കൂടിയ ടീ ഷർട്ടോ ഉപയോഗിച്ചാൽ അതെല്ലാം നിങ്ങളുടെ മാരത്തൺ പരിശീലനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. കാൽ മുട്ടിന് താഴേക്ക് ഇറക്കമില്ലാത്ത ഷോട്സും സ്ലീവ്‌ലെസ് ടീ ഷർട്ടുമാണ് ഓട്ടത്തിന് ഉത്തമം. പക്ഷേ കായികതാരങ്ങളല്ലാത്ത വനിതകൾക്ക് ഈ വേഷം ധരിക്കാൻ വൈമനസ്യം ഉണ്ടായേക്കാം. അത്തരക്കാർ ത്രീഫോർത്ത് പാന്റ്സും കൈനീളം കുറഞ്ഞ ടീ ഷർട്ടും ധരിക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന കടകളിൽ നിന്നും യോജിക്കുന്ന അടിവസ്ത്രങ്ങളും തിരഞ്ഞെടുക്കണം. പരിശീലനത്തിലും മാരത്തണിലും മണിക്കൂറുകളോളം വസ്ത്രങ്ങളുമായി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന ഉരസലും വിയർപ്പും കുഴപ്പമില്ലാതെ കൊണ്ടുപോകാൻ മികച്ചവ തന്നെ തിരഞ്ഞെടുക്കുക. ഇവ ഇട്ടുനോക്കി കുറച്ചുനാൾ ഓടി പരീക്ഷിച്ചതിന് ശേഷം നിങ്ങൾക്ക് ഏറ്റവും സുഖപ്രദമെന്ന് കരുതുന്നത് മാരത്തണിനായി പ്രത്യേകം കരുതി വയ്ക്കുക. മാരത്തണിന് മൂന്ന് ദിവസം മുൻപെങ്കിലും നിങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട ഈ വസ്ത്രങ്ങൾ ഉണക്കി മാറ്റിവച്ചിരിക്കണം. സോക്സ് തിരഞ്ഞെടുത്തതുപോലെ തന്നെ തികച്ചും കോട്ടണായവ ഈ തിരഞ്ഞെടുപ്പിലും ഒഴിവാക്കാം. കാരണം വിയർപ്പ് നനഞ്ഞ് വസ്ത്രത്തിന് കനം വയ്ക്കുമെന്നത് തന്നെ. രണ്ടു ജോഡി വസ്ത്രങ്ങളെങ്കിലും കരുതുന്നത് പരിശീലനത്തിന് നല്ലതാണ്. അപ്പോൾ ഇനി പന്ത്രണ്ടാം കിലോമീറ്ററിലേക്ക് ചലിക്കട്ടെ കാലുകൾ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...