2014, നവംബർ 26, ബുധനാഴ്‌ച

കൂടുതൽ കരുത്തരാകാം


രാവിലെ തന്നെ കരിക്ക് എവിടെ കിട്ടുമെന്ന് അന്വേഷണം നടത്തിക്കൊള്ളൂ. ഓട്ടത്തിനുശക്തിപകരാൻ വളരെ ഉത്തമമാണ് കരിക്ക്. ഭക്ഷണശീലത്തിനൊപ്പം ഉൾപ്പെടുത്തേണ്ടവയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിൽ കരിക്കിനെ ശ്രദ്ധിക്കാതെ പോയവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. 18 കിലോമീറ്ററിൽ എരിഞ്ഞുതീരുന്ന കലോറിക്കൊപ്പം അതിനുതക്കതായ ഭക്ഷണം കൂടി അകത്തേക്ക് ചെല്ലുന്നുണ്ടെന്ന് ഓട്ടക്കാർ ഉറപ്പാക്കുക. ഓടിയെത്തുമ്പോൾ കഴിക്കാൻ  പഞ്ചസാരയും അൽപം ഉപ്പും ചേർത്ത നാരങ്ങവെള്ളവും വീട്ടിൽ കരുതണം. ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന വെള്ളം ഇതിന് ഒഴിവാക്കുകയാണ് നല്ലത് എന്നകാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. ഇന്ന് വിശ്രമദിനമാണല്ലോ. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യാനും സ്ട്രെച്ചിങ് എക്സർസൈസും നടപ്പും നിർവഹിക്കാനും മറക്കേണ്ട.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 25, ചൊവ്വാഴ്ച

പിന്നാലെ രോഗങ്ങളും വരുന്നുണ്ടോ?


മധുരപതിനേഴ് കഴിഞ്ഞു. ഇതാ പതിനെട്ടിന്റെ പ‌ടിവാതിലിലേക്ക് എത്തിനോക്കുന്നു. ഇനിമുതൽ തീരാനുള്ള കിലോമീറ്ററുകളെക്കുറിച്ച് മാത്രമായിരിക്കട്ടെ ചിന്ത. ഇന്നത്തെ പരിശീലനവുംകൂടി കഴിഞ്ഞാൽ ഇനി വെറും മൂന്ന് കിലോമീറ്ററുകൾ മാത്രമേയുള്ളു  ഹാഫ് മാരത്തൺ പൂർത്തീകരിക്കാൻ. മുന്നിലുള്ളതോ 11 ദിവസങ്ങളും. ഡിസംബർ ഏഴിനാണ് രണ്ടാമത് കൊച്ചി രാജ്യാന്തര മാരത്തൺ. ഇപ്പോഴത്തെ നിലയിൽ നമ്മൾ പരിശീലനം തുടർന്നാൽ ആറ് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എത്തിച്ചേരും 21 കിലോമീറ്റർ എന്നുള്ള നമ്മുടെ മഹത്തായ  ലക്ഷ്യത്തിൽ. തണുപ്പ് അരിച്ചിറങ്ങുന്ന ഡിസംബറിന്റെ മഞ്ഞുതുള്ളികളെ വകഞ്ഞുമാറ്റിയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. ജലദോഷം, പനി, കഫക്കെട്ട്, തുമ്മൽ ഇവയെല്ലാം പിടിപെടാനുള്ള സാധ്യത മുന്നിൽ കാണണം. പൊടി അലർജിയുള്ളവർ അതിനുള്ള മുൻകരുതൽ എടുക്കണം. രാവിലെ പരിശീലനം തുടങ്ങും മുൻപ് കുറച്ചുനേരം ആവി പിടിക്കുന്നത് മൂക്കടപ്പ് ഒഴിവാക്കാൻ ഉപകരിക്കും. പരിശീലനത്തിനിടെ ശ്വാസം വലിക്കുന്നത് വലിയ തോതിലായതിനാൽ ചെറിയ തോതിലുള്ള മൂക്കടപ്പ് പോലും നമുക്ക് വലിയ വിഷമം സൃഷ്ടിക്കും.  പരിശീലനത്തിന് ശേഷം വീണ്ടും ആവി പിടിക്കുക. പനി, ജലദോഷം എന്നിവ പിടികൂടിയാൽ രോഗം മാറുന്നതിനായി കാത്തിരിക്കുക. ഇതുവച്ച് ഓടിയാൽ വീണ്ടും ശരീരം പ്രതികരിക്കാൻ സാധ്യതയുണ്ട്. രോഗം മാറിയ ശേഷം ആദ്യ രണ്ടുദിനം നിങ്ങൾക്ക് മുൻപ് ഓടി പൂർത്തിയാക്കിയ ദൂരം അതേവേഗതയിൽ പൂർത്തീകരിക്കാനായെന്ന് വരില്ല. പക്ഷേ രണ്ടോ മൂന്നോ ദിനംകൊണ്ട് അത് തിരിച്ചുപിടിക്കാവുന്നതേയുള്ളു. മഞ്ഞ് പ്രശ്നമുള്ളവർ തലയിൽ ഒരു തൊപ്പികൂടി ഫിറ്റുചെയ്ത് ഓടുക. അത്യാവശ്യം കാറ്റുകയറുന്ന തൊപ്പി ആയാൽ നന്നായി. അല്ലെങ്കിൽ തല വിയർത്ത് മറ്റ് രോഗങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതെല്ലാം കേട്ട് ഭയപ്പെടേണ്ടതില്ല. കാരണം 18 കിലോമീറ്റർ ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളെ പെട്ടെന്നൊന്നും രോഗങ്ങൾക്ക് എത്തിപ്പിടിക്കാനാവില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 24, തിങ്കളാഴ്‌ച

കാലിനും കൊ‌ടുക്കൂ ഒരു 'ട്രീറ്റ്'


ഇന്ന് വീണ്ടും ഇടവേളയുടെ ദിനം. കാലുകൾക്ക് വേദനയുണ്ടെങ്കിൽ തനിയെയോ മറ്റാൾക്കാരുടെയോ സഹായത്തോടെ മസാജ് ചെയ്ത് വേദനക്ക് അറുതിവരുത്തുക. ഓട്ടത്തിലുള്ള നമ്മുടെ ദൂരം കൂട്ടിക്കൊണ്ടിരിക്കുന്നതിനാലാണ് വേദന മാറാതെ നിൽക്കുന്നത് എന്നുകൂടി മനസിലാക്കുക. ഇപ്പോൾ നിങ്ങൾ അഞ്ചുകിലോമീറ്ററാണ് ഓടുന്നതെങ്കിൽ അൽപം പോലും ബുദ്ധിമുട്ടോ കാൽവേദനയോ ഇല്ലാതെ അത് പൂർത്തീകരിക്കാൻ കഴിയും. വേദനയുണ്ടെങ്കിലും ഓട്ടത്തിന് അവധി നൽകിയ ദിവസങ്ങളിലെ ചെറുവ്യായാമം മുടക്കേണ്ട; മാരത്തൺ ഇങ്ങടുത്തെത്തുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 23, ഞായറാഴ്‌ച

ശരീരം പറയുന്നതും കേൾക്കണേ...!



പതിനേഴ് കിലോമീറ്റർ എന്നലക്ഷ്യത്തിലേക്ക് ഇന്ന് ഓടിക്കയറണം. ഇന്നലെ കരുതിവച്ച കരുത്ത് ഇന്നത്തേക്ക് കൂട്ടായുണ്ട് എന്നത് കാലുകൾക്ക് കൂടുതൽ ബലം നൽകും. അതിനാൽത്തന്നെ ഈ ദൂരം നിങ്ങൾക്ക് അന്യമല്ല. പത്തുകിലോമീറ്റർ കഴിയുമ്പോഴേക്കും വായിലെ ഉമിനീരൊക്കെ വറ്റി വെള്ളം കു‌ടിക്കാൻ അതിയായ ആഗ്രഹം ഉണ്ടായേക്കാം. പുലർച്ചെയുള്ള പരിശീലനത്തിനിടെ ഇത്തിരി വെള്ളം കുടിക്കാൻ സൗകര്യം ലഭിക്കുമെങ്കിൽ വളരെ നല്ലത്. ഏതായാലും വെള്ളം നിറച്ച കുപ്പിയുമായി നമുക്ക് റോഡിലൂടെ ഓടാനാവില്ല. പക്ഷേ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ സൈക്കിളുമായി ഒരു സഹയാത്രികൻ നമുക്കുണ്ടെങ്കിൽ ഈ ജോലി അദ്ദേഹത്തെ ഏൽപിക്കാം. ഓടുന്നതിനിടയിൽ ശരീരം തണുപ്പിച്ചുകൊടുക്കാൻ പറ്റുമെങ്കിൽ അതും ചെയ്യുക. ഡിസംബർ അടുത്തെത്തുന്നതിനാൽ പ്രകൃതി തന്നെ തണുപ്പിന്റെ ആവരണം പുതച്ചിട്ടുണ്ടെങ്കിലും കാറിന്റെ ചൂ‌ടായ റേഡിയേറ്റർ പോലെയാണല്ലോ മാരത്തൺ ഓട്ടക്കാരന്റെ ശരീരം. വെള്ളം അധികം കുടിക്കാൻ തോന്നുമെങ്കിലും മുന്നോട്ടുള്ള ദൂരത്തിന് തടസം സൃഷ്ടിക്കുന്നരീതിയിൽ കുടിക്കാതിരിക്കുക. തനിയെയാണ് പരിശീലനം നടത്തുന്നതെങ്കിൽ  മുക്കാൽ പങ്കും തൊലി കളഞ്ഞൊരു ചെറുനാരങ്ങ പോക്കറ്റിൽ കരുതുക. ഇടക്ക് അതെടുത്ത് ചുണ്ടുകളിൽ നീര് പുരട്ടുക. അവിടെനിന്നും നാക്കിലേക്ക് നുണഞ്ഞിറക്കുക. ഒറ്റയടിക്ക് നാരങ്ങ പിഴിഞ്ഞ് വായിലേക്ക് ഒഴിച്ചാൽ വറ്റിയിരിക്കുന്ന തൊണ്ടയിൽ തങ്ങി ചുമച്ച് വശക്കേടാകാൻ സാധ്യതയുണ്ട്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 22, ശനിയാഴ്‌ച

അത്രക്ക് ഓടിക്കയറാമോ?


മനസിൽ സന്തോഷം തോന്നിത്തുടങ്ങുന്നില്ലേ? രണ്ട് കിലോമീറ്റർ പോലും നടന്നാൽ തളർന്നിരുന്ന നിങ്ങളാണ് പതിനാറ് കിലോമീറ്റർ കിതച്ചും തളർന്നുമാണെങ്കിലും ഓടിത്തീർത്തിരിക്കുന്നത്. പലർക്കും കഴിയാത്തൊരു കാര്യമാണ് നിങ്ങൾ സാധിച്ചിരിക്കുന്നതെന്നുകൂടി ഓർമ്മിക്കുക. ശരീര പേശികൾക്ക് കുറച്ച് വേദനയും വലിവുമൊക്കെ വന്നിട്ടുണ്ടാകാം. എന്നാൽ അത് താൽക്കാലികം മാത്രമാണ്. മാരത്തൺ എന്നത് മൽസരയോട്ടം മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ വളർന്നുവന്ന വിദേശത്തെയും സ്വദേശത്തെയും രാജ്യാന്തര താരങ്ങളെ നമുക്ക് ഓടിത്തോൽപ്പിക്കാനുമാകില്ല. പക്ഷേ അവരും നമ്മളും തമ്മിൽ ഓട്ടത്തിലെ അന്തരം എത്രയെന്ന് പരിശോധിക്കുന്നത് ഞാനും അത്ര മോശക്കാരനോ മോശക്കാരിയോ അല്ലെന്ന് അവനവനിൽത്തന്നെ അഭിമാനം വളർത്താൻ ഉപകരിക്കും. കൂടാതെ ഇത്രയേറെ കിലോമീറ്ററുകളൊന്നും തുടർന്നില്ലെങ്കിലും മൂന്നോ നാലോ കിലോമീറ്റർ മാരത്തൺ കഴിഞ്ഞും പരിശീലിക്കുന്നത് ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യും.

കഴിഞ്ഞയിടെ സംസ്ഥാന പൊലീസ് കായികമേളയിൽ കണ്ടൊരു കാര്യംകൂടി പറഞ്ഞ് ഓട്ടത്തിന് അവധി നൽകിയിട്ടുള്ള ഈ ദിവസത്തിലെ കുറിപ്പ് അവസാനിപ്പിക്കാം. ആ കായികമേളയിൽ മെഡൽവേട്ടക്കാർ എസ്ഐ റാങ്കിൽ താഴെയുള്ളവരായിരുന്നു. സിഐ,ഡിവൈസ്പി,എസിപി,ഡിസിപി, എസ്പി... എന്നിങ്ങനെ ഐജി വരെയുള്ളവരെ സാക്ഷിയാക്കിയാണ് ഇവരെല്ലാം ഓടിയത്. പക്ഷേ വെറ്ററൻ താരങ്ങളായ ചിലരൊഴികെ മേൽറാങ്കിലുള്ള ഓഫീസർമാർ ആരും തന്നെ മൽസരത്തിന് ഇറങ്ങിയില്ല. കാരണങ്ങൾ പലതുണ്ടെങ്കിലും എടുത്തുപറയാവുന്നവ ഇവയാണ്. 1. താഴെ റാങ്കിലുള്ളവരോട് തോൽക്കാൻ മനസ് അനുവദിക്കുന്നില്ല. 2. പുതുതായി സർവീസിലെത്തിയ യുവാക്കളോട് ഏറ്റുമുട്ടാൻ വർഷങ്ങളോളം സീനിയറായ ശരീരവും അനുവദിക്കുന്നില്ല. ഈ മനസെല്ലാം മാറ്റിവച്ച് നമുക്ക് ഇറങ്ങാം പുതിയൊരു കായിക– ആരോഗ്യ സംസ്ക്കാരത്തിനായി. വേണമെങ്കിൽ വെല്ലുവിളിച്ചുകൊള്ളൂ നിങ്ങളുടെ വീട്ടിലെയൊ ഓഫിസിലെയോ ബോസിനെ...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കല്‍

2014, നവംബർ 21, വെള്ളിയാഴ്‌ച

സമയം ബാധകമല്ല

ദാ ഇന്ന് വീണ്ടും നമ്മൾ പരിശീലനത്തിനിറങ്ങുന്നു. ലക്ഷ്യം പതിനാറ് കിലോമീറ്റർ. നന്നായിത്തന്നെ വാം അപ് ചെയ്യണം. എട്ടുകിലോമീറ്ററിനപ്പുറം തിരിച്ച് ഓടേണ്ട ലക്ഷ്യത്തെ ആദ്യം മനസിലേക്കൊന്ന് കൊണ്ടുവരിക. ആ ലക്ഷ്യത്തിലേക്ക് പതിയെ പാട്ടുകേട്ട് ഓടിത്തുടങ്ങിക്കൊള്ളൂ. ആദ്യമായി മാരത്തണിൽ പങ്കെടുക്കാൻ പരിശീലിക്കുന്നവർ കഴിഞ്ഞ ദിവസത്തെ സമയത്തെ ഓർത്ത് വ്യാകുലപ്പെടേണ്ട. ചില ദിവസങ്ങളിൽ ചിട്ടയായ പരിശീലനം ലഭിച്ചവർക്കുപോലും പഴയ സമയം സൂക്ഷിക്കാൻ സാധിക്കില്ല. ഇതിനുള്ള തെളിവാണ് എപ്പോഴും കായികമൽസരങ്ങളുടെ ഫലം മാറി മറിഞ്ഞുവരുന്നത്. അല്ലെങ്കിൽ ഒരാൾ തന്നെ എപ്പോഴും ജയിക്കേണ്ടതല്ലേ? എട്ടുകിലോമീറ്റർ കഴിഞ്ഞ് തിരിയുമ്പോൾ ഇനി പറയുന്ന കാര്യംകൂടി മനസിൽ ഓർമ്മിച്ചുകൊള്ളൂ ഇനി ലക്ഷ്യം വീടാണ് അവിടെയെത്തിയാൽ നിങ്ങൾക്ക് വിശ്രമിക്കാം. കൂടാതെ രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ തലേന്ന് നടപ്പിന് ഉപയോഗിച്ച പാതയിലെത്തും തലേന്ന് നടന്നതിനേക്കാൽ വേഗത്തിൽ ഈ പാതയിലൂടെ പോകാൻ എനിക്ക് കഴിയും...
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 20, വ്യാഴാഴ്‌ച

വെറും ആറുകൂടി മാത്രം.

ഹാഫ് മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരവും നമ്മൾ പിന്നിട്ടുകഴിഞ്ഞു. ഇനി നമുക്ക് മുന്നിലുള്ളത് വെറും ആറ് കിലോമീറ്റർ മാത്രം. വെറുതെ മനസിലൊന്ന് സങ്കൽപിച്ചുനോക്കൂ നിങ്ങളുടെ പരിശീലന പാതയിലെ ആ ആറ് കിലോമീറ്റർ ദൂരം. പല ദിവസങ്ങളിലായി 15 കിലോമീറ്റർ അളന്ന് പരിശീലിച്ചവർക്ക് ഇനിയുള്ള ആറ് കിലോമീറ്റർ വെറും നിസാരം. പക്ഷേ 15 കിലോമീറ്റർ ഒാടിയെത്തിക്കഴിയുമ്പോൾ പിന്നീടുള്ള 6 കിലോമീറ്ററിനെക്കുറിച്ച് ഓർക്കുമ്പോൾ കഷ്ടമെന്ന് എന്നുതോന്നിയേക്കാം. ഏതായാലും നമ്മൾ ഇനി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണല്ലോ പരിശീലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി ഓടാനുള്ള ആറുകിലോമീറ്റർ ദൂരം ഇന്നൊന്ന് നടന്ന് പരിശോധിക്കുക. വീട്ടിൽ നിന്നും തുടങ്ങി വീട്ടിലേക്ക് തന്നെ വരുന്ന പാത ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ വീടിനും ആറ് കിലോമീറ്റർ ദൂരെയായിരിക്കുമല്ലോ ഈ സ്ഥലം. ഈ ആറ് കിലോമീറ്റർ വഴിയിലൂടെ നടന്ന് വാം അപ് ആയിക്കൊള്ളൂ. നാളെ 16 കിലോമീറ്റർ ഓടാനുള്ളതാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...