ഡൽഹിയിൽ രണ്ട് തരം കാലാവസ്ഥയേ ഉള്ളൂ എന്നാണ് കേരളത്തിൽ നിന്നു പേരുമ്പോൾ കേട്ടിട്ടുള്ളത്. അത് കനത്ത ചൂടും കനത്ത തണുപ്പുമാണ്. കൊച്ചിയിൽ നിന്നും സ്ഥലംമാറ്റത്തെത്തുടർന്ന് ഈ ബോധ്യവുമായി മേയ് 4ന് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ തുടങ്ങിയതാണ് മഴ. പിന്നെ ഈ കുറിപ്പ് എഴുതും വരെയും പല ദിവസങ്ങളിലും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ ഡൽഹിയിൽ മഴ പെയ്യാറില്ലെന്നും നിങ്ങൾ കേരളത്തിൽ നിന്നും കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.
2023 ജൂലൈ 7ന്
പതിവിലും മഴ പെയ്തു തുടങ്ങിയ ഡൽഹിയിൽ
ആദ്യമൊക്കെ ആഘോഷ കാഴ്ചകളായിരുന്നു.
ഇന്ത്യാ ഗേറ്റുമുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന കർത്തവ്യപഥിൽ ആളുകൾ
കൂട്ടത്തോടെ മഴ നനഞ്ഞു നടക്കുന്നു. കുടയെടുക്കാൻ താത്പര്യമില്ലാത്തവരാണ് ഡൽഹി ജനത.
വർഷത്തിൽ ഏതാനും ദിനം ഏതാനും മിനിറ്റു പെയ്യുന്ന മഴയ്ക്കായി എന്തിന് കുടയെന്ന
വസ്തു വാങ്ങണം? അതെന്തിനു താങ്ങി നടക്കണം? എന്തൊരു അസൗകര്യമുളവാക്കുന്ന വസ്തു... എന്നിങ്ങനെയെല്ലാം കുടപ്രശ്നങ്ങളാണ്
ഇവിടുള്ളവർക്ക് പറയാനുള്ളത്. മഴയെങ്കിൽ അത് നനഞ്ഞു പോകുക എന്നതാണ് ഇവിടത്തെ
സ്റ്റൈൽ. കുടപിടിച്ചു നടക്കുന്നവരെ കണ്ടാൽ ഏകദേശം ഉറപ്പിക്കാം അതൊരു
മലയാളിയായിരിക്കും.
ആദ്യത്തെ ആഘോഷമൊക്കെ കഴിഞ്ഞതോടെ നഗരത്തിൽ പതിയെ
വെള്ളക്കെട്ടു തുടങ്ങി. അതീവ സുരക്ഷയുള്ള മേഖലയായ പാർലമെന്റ് പരിസരമൊക്കെ
വെള്ളക്കെട്ടിലായി. അങ്ങിങ്ങായി റോഡ് ഇടിഞ്ഞു താഴുന്ന സംഭവമൊക്കെ റിപ്പോട്ടുചെയ്തു
തുടങ്ങി. ആ സ്ഥലങ്ങളിലൊക്കെ പോയി വെള്ളത്തിലുള്ള ആഘോഷമൊക്കെ പകർത്തി തിരിച്ചെത്തി.
ഡൽഹിയിൽ വന്ന് സ്ഥലങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ മുൻപ്
കൊച്ചിയിലേതു പോലെ മഴപെയ്താൽ എവിടെയൊക്കെ വെള്ളം കയറും എന്നൊന്നും ധാരണയില്ല.
അതിനാൽ പലരും ട്വീറ്റ് ചെയ്യുമ്പോഴൊക്കെയാണ് സ്ഥലത്തെക്കുറിച്ച് അറിയുന്നതുപോലും. 2018ലെ കേരളത്തിലെ പ്രളയത്തിൽ എറണാകുളം
ജില്ലയിലെ വിവിധ സ്ഥലങ്ങളെ പകർത്തിയതൊക്കെ ഈ സമയത്ത് ഓർമിച്ചെങ്കിലും ഡൽഹിയിലും
അങ്ങനൊന്ന് സംഭവിക്കാൻ പോകുന്നുവെന്ന് കരുതിയതേയില്ല.
ജൂലൈ 8ന് കനത്ത മഴയിൽ അണ്ടർപാസുകളിലൊക്കെ പതിയെ വെള്ളം
കയറിത്തുടങ്ങി. റോഡിനടിയിലേക്ക് പോകുന്ന അണ്ടർപാസുകളിൽ വെള്ളം സ്വാഭാവികമായും
കയറാവുന്നതാണല്ലോ എന്ന ചിന്ത മനസിൽ തോന്നുകയും ചെയ്തു. ഇടവിട്ടു ഒളിഞ്ഞും
തെളിഞ്ഞും പെയ്ത മഴയിൽ പിറ്റേന്നായതോടെ കർത്തവ്യപഥിലെ റോഡും പുൽത്തകിടിയുമെല്ലാം
വെള്ളക്കെട്ടിലമർന്നു. അവിടെ ചാടിക്കളിക്കാനും സോഷ്യൽ മീഡിയ റീൽസ്
എടുക്കാനുമെല്ലാം ആളുകളുടെ ബഹളം.
രാവിലെ താമസ സ്ഥലത്തുനിന്നും മെട്രോ ട്രെയിനിൽ വരുമ്പോൾ
യമുനാനദിയെ കുറുകെ കടക്കേണ്ടതുണ്ട്. മാലിന്യം നിറഞ്ഞു കറുത്ത് ഒഴുകിയിരുന്ന നദി പതിയെ നിറം മാറി കലങ്ങി ഒഴുകിത്തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുതിയ പാർലമെന്റിനു മുന്നിലെ അമൻ സർക്കിളിനു ചുറ്റും
വെള്ളം കയറിയിരിക്കുന്നു. മനോരമ ഓഫിസ് സ്ഥിതി ചെയ്യുന്ന റാഫി മാർഗിലെ ഐഎൻഎസ്
ബിൽഡിങ്ങിൽ നിന്നും ഇവിടേയ്ക്ക് നടന്നു പോകാവുന്ന
ദൂരമേയുള്ളൂ, പക്ഷേ ഫുട്പാത്തിൽ ഉൾപ്പടെ വെള്ളം
നിറഞ്ഞിരിക്കുന്നു. അതിന്റെ അരികു ചേർന്ന് ഷൂസ് നനയാതെ നടന്നു പോകാൻ പരമാവധി
ശ്രമിച്ചു. പക്ഷേ തിരമാലപോലെ വെള്ളം പറത്തിവിട്ടു വന്ന സിറ്റി സർവീസ് ബസ്, മുട്ടിനുതാഴെയുള്ള ഭാഗമെല്ലാം
നനച്ചു. ഇനി രക്ഷയില്ല! ഷൂസ് നനയ്ക്കാതെ നടക്കാൻ നോക്കിയ ഞാനിതാ ജീൻസടക്കം നനഞ്ഞു
നിൽക്കുന്നു. പിന്നെ നേരെ വച്ചുപിടിച്ചു
അമൻ സർക്കിളിലേക്ക്. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്തുനിന്നും
കനത്ത ചെളി വെള്ളം ഒഴുകിവരുന്നുണ്ട്. ഇതിൽ ചവിട്ടേണ്ടെന്നു കരുതി എതിർഭാഗത്തെ
റോഡിലേക്ക് കടന്നതും ചവിട്ടിയിരുന്ന റോഡിലെ മധ്യഭാഗം താഴേക്ക് ഇരുന്നതുപോലെയൊരു
തോന്നൽ. അതുവരെ കാണാത്ത പുതിയൊരു കുഴി അവിടെ രൂപപ്പെട്ടിരിക്കുന്നു. കഴിഞ്ഞ
ദിവസങ്ങളിൽ ചിത്രമെടുത്ത റോഡ് ഇടിഞ്ഞുതാഴൽ പെട്ടെന്ന് ഓർമയിലെത്തി. വളരെ വേഗം
അവിടെനിന്നും കരകയറി. റെയ്സീന റോഡിലെ പ്രസ്ക്ലബ്ബ് ഓഫ് ഇന്ത്യയുടെ മുൻവശത്തെ
റോഡിലൂടെ കയറുന്ന വെള്ളം പിന്നിലെ
വാതിലിലൂടെ അടുത്ത റോഡിലേക്ക് പോകുന്നു, സെൻട്രൽ
സെക്രട്ടറിയറ്റ് മെട്രോ സ്റ്റേഷന്റെ മുൻപിൽ വലിയ വെള്ളക്കെട്ടായി
മെട്രോയിറങ്ങുന്നവർ റോഡിലേക്കിറങ്ങാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്നു, റാഫി മാർഗിൽ ചെറുമഴ വന്നപ്പോൾ നനയാതിരിക്കാൻ ബസ് കാത്തിരിപ്പു
കേന്ദ്രത്തിൽ കയറിയ ഇരുചക്രവാഹനയാത്രക്കാർ വെള്ളത്തിൽ മുങ്ങിയ സ്കൂട്ടര്‍
ഇനിയെങ്ങനെയെടുക്കും എന്ന ശങ്കയോടെ നിൽക്കുന്നു... അങ്ങനെ മഴക്കാഴ്ചകൾ ഡൽഹിയുടെ
ഏറ്റവും സംരക്ഷിത മേഖലകളിലൊന്നിൽ വിചിത്രമായിക്കൊണ്ടിരിക്കുന്നു.
യമുനയുടെ സംഹാര താണ്ഡവം ഏറെ അടുത്ത് കാണാവുന്നതും
വാഹനത്തിലെത്താവുന്നതുമായ സ്ഥലം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഓൾഡ് യമുനാ ബ്രിജ് എന്ന
പേരായിരുന്നു. ‘ലോഹാ പുൽ’ എന്നറിയപ്പെടുന്ന 1867ൽ ഗതാഗതം തുടങ്ങിയ ഒന്നര
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പു
പാലം. ഇരുമ്പു ചട്ടക്കിടയിലൂടെ തിങ്ങി
ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങളും മുകളിലൂടെ ട്രെയിനും. അതിനടിയിൽ കുത്തിയൊഴുകുന്ന
യമുന. അവിടെ എത്തുമ്പോൾ വെള്ളം ഉയരുന്ന ഭീതിയിൽ പാലത്തിനടിയിൽ
താമസിച്ചിരുന്നവരൊക്കെ തങ്ങളുടെ വസ്തുക്കളെല്ലാമെടുത്ത് സ്ഥലം വിടാനൊരുങ്ങുകയാണ്.
ഇതിനോടു ചേർന്ന് കൊച്ചുകൊച്ചു ക്ഷേത്രങ്ങളുമുണ്ട്. അതിന്റെ തറയോടുചേർന്ന് വെള്ളം
ശക്തമായി ഒഴുകിയെത്തുന്നുണ്ട്. ഐഎസ്ബിടി കശ്മീരി ഗേറ്റ് എന്നറിയപ്പെടുന്ന മെട്രോ
സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിൻ നദിക്ക് കുറുകെ കടക്കുന്ന ദൃശ്യം ഇവിടെ നിന്ന്
പകർത്താം. ഒപ്പം നദി മധ്യത്തിൽ ഒരു കൊച്ചു ക്ഷേത്രവും മുങ്ങി നിൽക്കുന്നുണ്ട്.
കേരളത്തിലെ പ്രളയത്തിൽ കാലടി പെരിയാർ മധ്യത്തിലെ കൊച്ചു ക്ഷേത്രം മുങ്ങി
നിൽക്കുന്നതും പെരിയാർ ആർത്തലച്ച് ഒഴുകുന്നതുമായ ദൃശ്യം എന്റെ ഓർമയിൽ ഓടിയെത്തി.
ചിത്രമെടുത്ത് ഓഫിസിലെത്തി അടിക്കുറിപ്പ് തയാറാക്കുമ്പോഴേക്കും നദിയിലെ ജലനിരപ്പ് 205.33 എന്ന അപകട നിലയ്ക്കും
മുകളിലെത്തിയെന്ന് കേന്ദ്ര ജല കമ്മിഷൻ
മുന്നറിയിപ്പെത്തി.
ഇന്ത്യാഗേറ്റിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു എന്ന സന്ദേശം
പിറ്റേന്ന് ഡൽഹിയിലെ ഒരു ഫോട്ടോ ജേണലിസ്റ്റ് അയച്ചു തന്നതിനു പിന്നാലെ അവിടേക്ക്
പോകാൻ തീരുമാനിച്ചു. കൊച്ചിയേക്കാൾ അടിത്തറയില്ലാത്ത സ്ഥലമാണോ ഡൽഹിയെന്ന് മനസിൽ
കരുതുകയും ചെയ്തു. കാരണം ചതുപ്പിനു മേലെയാണ് കൊച്ചി നഗരം. 2018ലെ പ്രളയത്തിൽ
കൊച്ചി നഗരത്തിനു ഓടകൾ നിറഞ്ഞുണ്ടായ പ്രശ്നമല്ലാതെ ഏറെ ദുരിതങ്ങളൊന്നും
ബാധിക്കപ്പെട്ടില്ല. എന്നാൽ ആലുവയും, പെരുമ്പാവൂരും,
മൂവാറ്റുപുഴയും, നെടുമ്പാശേരിയും, ഏലൂർ, പാതാളം മേഖലകളുമൊക്കെ വെള്ളത്തിനടിയിലാകുകയും
ചെയ്തു. അതുപോലെ തന്നെ ന്യൂഡൽഹിയുടെ ഭാഗങ്ങളിലെല്ലാം മഴ കനത്തു
പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടല്ലാതെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല, എന്നാൽ യമുന തൊട്ടുരുമ്മുന്ന ഓൾഡ് ഡൽഹിയിൽ സ്ഥിതി വ്യത്യസ്ഥവുമാണ്. റോഡ്
താഴ്ന്ന സ്ഥലത്തിനു സമീപം വലിയ ഗതാഗതക്കുരുക്കുണ്ട്. റോഡിൽ മണ്ണുമാന്തി യന്ത്രം
ഉപയോഗിച്ച് ഉടൻ തന്നെ പണിയും ആരംഭിച്ചു. നഗരത്തിൽ അപ്പോഴേക്കും മഴയൊഴിഞ്ഞിരുന്നു.
വൈകുന്നേരമായപ്പോൾ വേറൊരു സന്ദേശംകൂടിയെത്തി. ഡൽഹിയിൽ
മലയാളികൾ ഏറെ വസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ. അതിനോടു ചേർന്നുള്ള ഫ്ലൈഓവറിനടിയിൽ
യമുനാ നദിയോട് ചേർന്നു താമസിച്ചിരുന്നവരെല്ലാം താമസമാക്കിയിരിക്കുന്നു. എന്നാൽ
അവിടെയൊന്നു പോയി നോക്കാൻ തീരുമാനിക്കുന്നു. ഗതാഗതക്കുരുക്കുകൾ കടക്കാൻ ഏറ്റവും
നല്ല യാത്രാ രീതി മെട്രോ ട്രെയിൻ തന്നെയാണ്. മയൂർ വിഹാർ സ്റ്റേഷനിലിറങ്ങിപ്പോഴേ
കാണാം പാലത്തിനടിയിൽ താമസക്കാരുടെയും അവരുടെ വളർത്തു മൃഗങ്ങളുടെയുമൊക്കെ ബഹളം.
തലേന്ന് രാത്രി അവരുടെ വീടുകളിൽ വെള്ളം കയറിയതോടെ
കിടക്കയും അവശ്യ സാധനങ്ങളുമെടുത്ത് ഇവിടേയ്ക്കു മാറുകയായിരുന്നു. ജി20
സമ്മേളനത്തിന്റെ ഭാഗമായി മേൽപാലത്തിലെ തൂണിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ഇതിൽ രാഷ്ട്രപതിഭവന്റെ ചിത്രത്തിനരികെ കട്ടിലിട്ട് അതിന് മുകളിൽ കൊതുകുവല
വിരിക്കാനൊരുങ്ങുന്ന ഒരുഅച്ഛന്റെയും മകന്റെയും ചിത്രമാണ് പ്രധാനമായും
ഫോക്കസ് ചെയ്തത്. കേരളത്തിൽ സ്കൂളുകൾ ക്യാംപുകളായി മാറിയ ദൃശ്യത്തിൽ നിന്നു
വ്യത്യസ്തമായി ഇവിടെ ഫ്ലൈഓവറുകളും അഭയകേന്ദ്രമായി മാറുന്ന കാഴ്ചയായിരുന്നു അത്.
അടുത്ത ദിവസം യമുനാ ബാസാർ എന്നറിയപ്പെടുന്ന സ്ഥലത്തെ വീടുകളിൽ വെള്ളം കയറുന്നതായി അറിവു കിട്ടി. ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും നദിയിലെ വെള്ളത്തിലെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്. 40 വർഷക്കാലത്തെ റെക്കോർഡും തകർത്ത് ജലത്തിന്റെ തോത് ഉയരുന്നു. ഗൂഗിൾ മാപ്പിൽ തിരഞ്ഞ് യമുനാ ബാസാർ കണ്ടെത്തി അവിടെയെത്തുമ്പോൾ പലരും വീട്ടുപകരണങ്ങളുമായി വീടിനു മുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു വീടിന്റെ ഭിത്തിയിൽ മലയാളത്തിൽ ‘യമുന ഗട്ട്’ എന്ന് എഴുതിയിരിക്കുന്നു. അതെന്താണ് അവർ മലയാളികളാണോയെന്ന് അന്വേഷിച്ചു. ഇവിടെ ഒട്ടേറെ മലയാളികൾ പൂജാ കർമ്മങ്ങൾക്കായി എത്താറുണ്ടെന്നും അവരെക്കരുതി എഴുതിയതാണെന്നും പ്രളത്തിലൂടെ ബോട്ടു തുഴഞ്ഞെത്തിയ ആൾ പറഞ്ഞു. യമുനയും വീടുകളും ഒരേ ലെവലിൽ നിൽക്കുകയാണ്. മുൻപ് ഈ സ്ഥലം കണ്ടിട്ടില്ലാത്തതിനാൽ വെള്ളം കയറുന്നതിന് മുൻപ് ഇവിടം എങ്ങിനെയായിരുന്നു എന്ന് യാതൊരു രൂപവുമില്ലതാനും. വീടുകൾക്ക് മുകളിൽ നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വീട്ടുപകരണങ്ങൾ മാറ്റുന്നതിന്റെയുമൊക്കെ ചിത്രമെടുത്തതോടെ എൻഡിആർഎഫ് സംഘവും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇവിടേക്ക് എത്തിത്തുടങ്ങി. ഏറെ അകലെയല്ലാതെ മൊണാസ്ട്രി മാർക്കറ്റ് എന്നൊരു സ്ഥലമുണ്ടെന്നും അവിടത്തെ ടിബറ്റൻ മാർക്കറ്റ് മുഴുവൻ വെള്ളത്തിലായെന്നും കേട്ട് അവിടേയ്ക്ക് പോകാനൊരുങ്ങി. പക്ഷേ വെള്ളം കയറി വഴികളൊക്കെ അടച്ചതോടെ ഗൂഗിൾ മാപ്പ് വട്ടം ചുറ്റിച്ചു. ഒട്ടേറെത്തവണ ഈ സ്ഥലങ്ങളിലെ ഫ്ലൈഓവറുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം കറങ്ങി അവസാനം മാർക്കറ്റിലും എത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ ഇന്റർനെറ്റ് മോഡമൊക്കെയായി കച്ചവടക്കാർ വരുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഇതിനുള്ളിലുണ്ടെങ്കിൽ എല്ലാം നശിച്ചിരിക്കുമെന്ന് ഉറപ്പ്.












