2014 നവംബർ 2, ഞായറാഴ്‌ച

ഇന്ന് വിശ്രമിക്കാം...

ദാ! ഒരു തിങ്കളാഴ്ച എത്തുന്നു. ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിനം. ശനിയും ഞായറും കഴിഞ്ഞുള്ള അവധിയിൽ നിന്നും ആളുകൾ തിരക്കിലേക്ക് അലിയുന്ന ദിവസം. റോഡിലെ ഗതാഗതം ശ്രദ്ധിക്കുന്ന ഏവരും കാണുന്ന ഒരു കാര്യമുണ്ട്, തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങും. ഫലത്തിൽ ഏറ്റവുമധികം പുകയും പൊടിയും അന്തരീക്ഷത്തിൽ ഉണ്ടാകും. കൂടാതെ പലരും നല്ലൊരു തുടക്കമാകട്ടെയെന്നുകരുതി ഡ്രൈവിങ് പഠിക്കാനും തിരഞ്ഞെടുക്കുന്ന ദിനം. ഡ്രൈവിങ് പഠിക്കുന്ന ആൾക്കൊഴികെ മറ്റാർക്കും അവരുടെ ഡ്രൈവിങ് നല്ലതായി തോന്നാറില്ല.  ഞായറാഴ്ചയുടെ ആലസ്യത്തിൽ കഴിഞ്ഞ ഏവരും 'സ്റ്റാർട്ടിങ് ട്രബിളിന്' ശേഷം ധൃതിപിടിച്ച് പ‍ായുന്ന ദിനമായതിനാൽ റോഡപകടങ്ങളുടെ ഉയർന്ന തോതും പൊതുവെ തിങ്കളാഴ്ചയുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളെ നമുക്ക് മാരത്തോൺ പരിശീലനത്തിന്റെ അവധിദിനമായി പ്രഖ്യാപിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിനം വിശ്രമിക്കുന്നത് നിങ്ങളുടെ പരിശീലനത്തിന് ബലം കൂട്ടുകയേ ഉള്ളൂ. ഈ വിശ്രമ ദിനത്തിൽ ഒരു കാര്യംകൂടി ചെയ്തോളൂ.. നിങ്ങളുടെ ശരീരഭാരം അളന്ന് അത് കുറിച്ചുവയ്ക്കുക. പത്തുദിവസത്തിനുശേഷം വീണ്ടും നമുക്കൊന്ന് അളക്കാം... അപ്പോഴറിയാം പരിശീലനത്തിന്റെ മികവ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.   

2014 നവംബർ 1, ശനിയാഴ്‌ച

മനസിലുണ്ടോ ഒാട്ടത്തിനുള്ള പാത...?


 മാരത്തണിന് ഇനി കുറച്ച് ദിവസമല്ലേയുള്ളൂ അപ്പോൾ ഒട്ടും സമയം കളയാനില്ലെന്നു കരുതി ഉറക്കം തെളിഞ്ഞപാടെ അന്തംവിട്ട് ഒാടരുത്. അത് നിങ്ങളുടെ ശരീരത്തിന്റെ നിലയാകെ തകരാറിലാക്കും. ഉറക്കം തെളിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ മിനിറ്റ് സമാധാനത്തോടെ കിടക്കയിലിരിക്കുക. ഈ സമയത്ത് ഇന്ന് ഒാടാനുള്ള വഴിയൊന്ന് ഒാർമ്മയിലേക്ക് കൊണ്ടുവന്നോളൂ. നിങ്ങൾ ഒാടുന്ന പാതയുടെ ദൂരം കുറക്കാൻ ഈ ധ്യാനം ഉപകരിക്കും.  എഴുന്നേറ്റശേഷം  ദന്തശുദ്ധിയും ശുചിമുറിലെ പരിചിതമല്ലാത്ത സമയത്തെ പ്രഭാതകൃത്യങ്ങളും അത്യാവശ്യം തിടുക്കത്തിൽത്തന്നെ ചെയ്യുക. കാരണം അധികനേരം ശുചിമുറിയിൽ തങ്ങുന്നത് നമ്മുടെ ഒാട്ടത്തിന്റെ സമയത്തെ ബാധിക്കും. ഇന്ന് ഒാടേണ്ടദൂരം ഒന്നര കിലോമീറ്ററാണ്. അര കിലോമീറ്റർ ദൂരം പതിയെ നടന്ന് പിന്നീടൊരു അരകിലോമീറ്റർ വേഗത്തിലാക്കുക.  ഒരു കിലോമീറ്റർ തികയുന്ന സ്ഥലത്തുനിന്നും പതിയെ ജോഗിങ് തുടങ്ങുക, അത് 500മീറ്റർ പിന്നിടുമ്പോൾ തിരിച്ച് ഒാടുക. വീട്ടിലെ‌ത്തുമ്പോൾ ഒാടിയ ദൂരം ഒന്നര കിലോമീറ്ററും നടന്ന ദൂരം ഒരു കിലോമീറ്ററും. ഒാർമ്മിക്കുക നിങ്ങൾ രണ്ടര കിലോമീറ്റർ ദൂരം മാരത്തണിനായി പിന്നിട്ടുകഴിഞ്ഞു. നേരം പുലർന്നുകഴിയുമ്പോൾ നാളത്തേക്കുള്ള 500 മീറ്റർ കൂടി കണ്ടെത്തണം. ഇപ്പോൾ ഒാടുന്ന പാത മൈതാനമായാലും പ്രശ്നമില്ല. പക്ഷേ ദൂരം കൂടുമ്പോൾ നമുക്ക് റോഡിലിറങ്ങിത്തന്നെ പരിശീലിക്കണം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

അപ്പോൾ ഇനി തുടങ്ങാം....


മാരത്തോണ്‍ ലക്ഷ്യം വച്ചുള്ള നമ്മുടെ ചെറുതയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. നാളെ രാവിലെ മുതല്‍ നമുക്ക് ആരംഭിക്കാം ശരിയായ പരിശീലനം. 
ഇവ ഓര്‍മ്മിക്കാന്‍ .... 
1. കഴിഞ്ഞ ദിവസം  നടന്ന അതേ വഴിയില്‍ ഒരു കിലോമീറ്റർ നടക്കുക. തിരിച്ച് വീട്ടിലേക്ക് ഓടിപ്പോരുക. 
2. വീട്ടില്‍ എത്തുമ്പോൾ തളര്‍ച്ച തോന്നിയാലും വെട്ടിയിട്ടപോലെ കിടക്കരുത്. മുറ്റത്തുകൂടി വിയര്‍പ്പ് ഒതുങ്ങുന്നതുവരെ പതിയെ നടക്കുക. 
3. മറ്റന്നാളത്തേക്കായി 500 മീറ്റര്‍കൂടി ദൂരം അളന്നു വയ്ക്കുക. 

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...


കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...  
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞ തന്ത്രങ്ങൾ  ഉപയോഗിച്ച് നിങ്ങൾ പരിശീലനം തുടങ്ങിയെന്ന് വിചാരിക്കുന്നു. 'ഇതെല്ലാം എന്ത് പരിശീലനം..? അപ്പുറത്തെ വീട്ടിൽ പോയിവരുന്നതും പല്ലുതേച്ച് വീടിന്റെ പടികൾ കയറുന്നതുമാണോ തന്ത്രങ്ങൾ' എന്ന് മനസിൽ പറയാൻ വരട്ടെ.  ജീവിതചര്യകളാണ് പലപ്പോഴും നമ്മെ പലതും പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രഥമ മാരത്തോണിൽ 21 കിലോമീറ്റർ ഒാട്ടം തികച്ച ഞാൻ പിന്നീട് ആലോചിച്ചു എന്റെ ജീവിതത്തിൽ ഇതിനുള്ള ഊർജം എങ്ങനെ കിട്ടിയെന്ന്? വളരെ പിന്നിലേക്ക് പോയപ്പോൾ രസകരമായ ഒരു കാര്യം പിടികിട്ടി. അതും സ്കൂളിൽ സ്പോർട്സ് താരമാകുന്നതിന് മുൻപ്.

ആ കഥയിലേക്ക്:
തൊടുപുഴക്കടുത്ത് ഉടുമ്പന്നൂർ എന്ന ഗ്രാമത്തിലാണ് അന്ന് എന്റെ കുടുംബത്തിന്റെ താമസം. ധാരാളം സ്ഥലം ഉള്ളതിനാൽ  നിരവധി കോഴിയെയും അമ്മ വളർത്തുന്നുണ്ട്. ചിക്കൻ സ്റ്റാളുകൾ കേരളത്തിൽ വളരെ കുറവെയുള്ളു. ഉള്ളതാകട്ടെ കോൾഡ് സ്റ്റോറേജുകളും. അവിടെനിന്നും തണുപ്പടിച്ച് വിറങ്ങലിച്ച ഇറച്ചി വീട്ടിൽ വാങ്ങാറില്ല. പകരമായി ആഴ്ചയുടെ അവസാനം അമ്മ പറയും ' തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെ തട്ടാം'. പക്ഷേ ഇതു പറയുന്നത് പകൽ പതിനൊന്നുമണിയോടെയായിരിക്കും. സ്വന്തമായുള്ളതും അയൽക്കാരുടേതുമായ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് പത്തുമുപ്പത് കോഴികൾ എവിടെയൊക്കെയൊ ആയിരിക്കും. ആദ്യം  തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെത്തേടി ഒാട്ടപ്രദക്ഷിണം നടത്തും. കണ്ടുപിടിച്ചാൽ പിന്നാലെയോടിത്തന്നെ കോഴിയെ തളർത്തും. ഇതിനിടെ ചിലപ്പോൾ അയൽവീട്ടുകാരുടെ  മുള്ളുവേലിയൊക്കെ ചാടി കടക്കേണ്ടിവരും. അവസാനം  'ഇനിയെന്നെയങ്ങ് കൊല്ല്' എന്ന തരത്തിൽ കോഴി ഒാടിത്തളർന്ന്  നിലത്തിരിക്കും. ഏകദേശം അരമണിക്കൂർകൊണ്ടായിരിക്കും ഈ യുദ്ധം അവസാനിക്കുക. അറിഞ്ഞോ അറിയാതെയോ ഇത് മാസത്തിൽ മൂന്നുതവണയെങ്കിലും ചെയ്തിട്ടുണ്ട്. വീട്ടിൽ വിരുന്നുകാർ വന്നാൽ ഈ ഒാട്ടത്തിന്റെ എണ്ണവും കൂടും. ഇതായിരുന്നു മാരത്തോണിൽ എനിക്ക് കിട്ടിയ പ്രഥമ പരിശീലനം.

ഇനി കാര്യത്തിലേക്ക്:
ഇന്നലെ 500 മീറ്റർ നടന്നവർ തിരിച്ചെത്തിയപ്പോൾ ഒരു കിലോമീറ്റർ തികച്ചുവെന്ന് അവർക്ക് ആശ്വസിക്കാം. ഇന്ന് നേരെ ഒരു കിലോമീറ്റർ നടന്ന് തിരിച്ചുവന്നോളൂ. രാവിലെ 5ന് തന്നെ എഴുന്നേൽക്കുക, അടുത്ത ദിവസംമുതൽ നമുക്ക് ഒാടിത്തുടങ്ങേണ്ടതാണ്. രണ്ടുകിലോമീറ്റർ നടക്കാൻ നിങ്ങൾക്ക് കരുത്തുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാമല്ലോ. പറ്റുമെങ്കിൽ കോഴിപി‌ടിക്കാൻ ഒാടിയ ഏഴുവയസുകാരനെ മനസിൽ സങ്കൽപിച്ചുകൊള്ളൂ....

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

വെറും അഞ്ഞൂറ് മീറ്റർ നടക്കാൻ കരുത്തുണ്ടോ?


തൊട്ടപ്പുറത്തെ കടയിൽ തീപ്പെട്ടി വാങ്ങാനും എന്തിനേറെ 100മീറ്റർ അകലെയുള്ള ഹെൽത്ത് ക്ലബ്ബിൽ പോകാൻ പോലും സ്കൂട്ടറിൽ യാത്രയാകുന്നവരെ കണ്ടിട്ടില്ല? അക്കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ? എങ്കിൽ ഈ ശീലം ഇനി മുപ്പത്തൊൻപത് നാൾ മാറ്റിവയ്ക്കാമോ? നിങ്ങൾക്കുമാകാം ഒരു കായികതാരം. മാരത്തോൺ ലക്ഷ്യംവച്ചുള്ള പരിശീലന ഭാഗമായി നിങ്ങളുടെ ഭവനത്തിൽ നിന്നും വെറും 500മീറ്റർ ദൂരേക്ക് പതുക്കെ നടന്നുപോകുക. മടക്കയാത്രയിലെ 500മീറ്റർ പോയതിലും അൽപംകൂടി വേഗത്തിലാവട്ടെ. അഞ്ഞൂറ് മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്താൻ വീട്ടിലെ സ്കൂട്ടറോ, ബൈക്കോ കാറോ ഉപയോഗിക്കാം. പക്ഷേ അത് തലേന്ന് വേണം.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

നിങ്ങളുടെ പത്ത് വീടിനപ്പുറം ആരാണ്?

നിങ്ങളുടെ 10 വീടിനപ്പുറം ആരാണ്...?
മാരത്തോൺ ലക്ഷ്യം വച്ച് നാളെ രാവിലെയുള്ള പരിശീലനം ഇങ്ങനെയാകട്ടെ. കഴിഞ്ഞ ദിവസം അഞ്ചുമണിക്ക് ഉണരാനും വീടിനെ പടികൾ കയറാനുമാണ് പറഞ്ഞിരുന്നതെങ്കിൽ ഇന്ന് നമ്മുടെ വീട്ടിൽ നിന്നും 10 വീടുകൾ അകലെയുള്ളൊരു വീട്ടിൽ രാവിലെ 5നും 6നും ഇടയിൽ എന്തുസംഭവിക്കുന്നുവെന്ന് മതിൽക്കെട്ടിന് പുറത്തുനിന്നൊന്ന് നോക്കി വരിക. (വീട്ടുവളപ്പിലോ, മതിൽക്കെട്ടിലോ കയറി എത്തിനോക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ഫ്ലാറ്റിൽ താമസിക്കുന്നവർ 10 വീട് ഒരേ ഫ്ലോറിൽ ഉണ്ടെങ്കിൽ അത് ഉപേക്ഷിച്ച് 10 നിലക്കപ്പുറമുള്ള കാര്യം അന്വേഷിക്കുക. കയറ്റം ലിഫ്റ്റിലാകരുത് പടികയറിതന്നെ വേണം. രാവിലെ 5ന്  ഉണർന്ന് പല്ലുതേപ്പും പ്രഭാതകൃത്യങ്ങളും ചെയ്തതിന് ശേഷം ഒരുകവിൾ ചൂടുവെള്ളവും കുടിച്ചാകട്ടെ ഈ യാത്ര.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.




2014 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

നിങ്ങൾക്ക് എല്ലാ അവയവവും ഉണ്ടോ...?



നിങ്ങൾക്ക് എല്ലാ അവയവവും ഉണ്ടോ...?

എല്ലാ അവയവവും ഇല്ലാത്തവരും അവയവം ദാനം ചെയ്തവരും വരെ ഒാടാൻ തീരുമാനിച്ചു. പിന്നെ നിങ്ങൾക്ക് പ്രശ്നമുണ്ടോ..? ഇനി 41 നാളുകൾ ഓടിപ്പഠിക്കാൻ നമുക്കുമുന്നിലുണ്ട്. ഇന്നലത്തെ പോസ്റ്റുകണ്ട് തീരുമാനമെടുത്തവർക്ക് ഇനിയുള്ള നാളുകളിൽ ഈ കൂടെകൂടാം... നവംബർ ഒന്നുമുതൽ ഡിസംബർ ആറുവരെ അതിനുള്ള 'ടിപ്സുമായി' ഞാൻ നിങ്ങൾക്കൊപ്പം ഉണ്ട്. ഇന്നുരാവിലെ അഞ്ചിന് ഉണരാനായിരുന്നു ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. അതിൽ വിജയിച്ചവർക്കായി നാളത്തേക്ക് മാറ്റാനുള്ള ചെറിയൊരു ശീലം ഇതാ...

നിങ്ങളുടെ വീടിനോ ഫ്ലാറ്റിനോ 10 പടികളെങ്കിലും (സ്റ്റെയർകേസ്) ഉണ്ടോ.. ഉണ്ടെങ്കിൽ നാളെ രാവിലെ ഉണർന്ന് ഈ പടികളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ട് പല്ലുതേയ്ക്കാമോയെന്ന് പരിശ്രമിക്കുക. ഇനി പടികളില്ലെങ്കിൽ മുറ്റത്ത് നടന്നുകൊണ്ട് പല്ലുതേയ്ക്കാം. (ഇരുൾ മാറാത്തസമയമാണെങ്കിൽ തട്ടിവീഴാതെ നോക്കണേ..) പത്തുമിനിറ്റെങ്കിലും ഈ നടപ്പ് തുടരുക. ഇതിനെത്തുടർന്ന് മറ്റ് പ്രഭാതകൃത്യങ്ങളും മുറപോലെ നടക്കട്ടെ... ഇത്രയുമേ നാളെ ചെയ്യേണ്ടതുള്ളു.

മുൻപോസ്റ്റുകൾ www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...