
ക്യമാറയിലെ ഫ്ലാഷ് ഉപയോഗിക്കുന്നതില്‍ ഏറ്റവും പിശുക്ക്കാണിക്കുന്ന ഒരു വിഭാഗമാണ് പത്രഫൊട്ടോഗ്രഫര്‍മാര്‍. അനര്‍ഘ നിമിഷങ്ങളെ അതിന്റെ യഥാര്‍ഥ വെളിച്ചത്തില്‍ അവതരിപ്പിക്കാനാണ് അവര്‍ ഈ കൃത്രിമവെളിച്ചത്തെ ഒഴിവാക്കി നിറുത്തുന്നത്. പ്രളയദുരിതത്തിലാഴ്ന്നവരെ കാണാന്‍ കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ ഫ്ലാഷുണ്ടാക്കിയ പൊല്ലാപ്പാണ് ഈ കുറിപ്പില്‍.
കൊച്ചി നെടുമ്പാശേരി അത്താണി അസീസി സ്കൂളാണ് എനിക്ക് ചിത്രം എടുക്കാന്‍ അനുവദിച്ചുകിട്ടിയ സ്ഥലം. അവിടെ അദ്ദേഹം എത്തുന്നതിന് വളരെമുന്‍പേ പൊലീസ് നല്‍കിയ പ്രത്യേക പാസൊക്കെ കരസ്ഥമാക്കി ചെന്നു. ഗേറ്റില്‍ പതിവുപോലെ ശരീരവും ക്യാമറാബാഗുമൊക്കെ പരിശോധിക്കുന്നുണ്ട്. എന്റെ ഊഴം എത്തിയപ്പോള്‍ എസ്പിജി ഉദ്യോഗസ്ഥന്‍ ഫ്ലാഷ് അടിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടു. ബാഗില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന ഫ്ലാഷ് ക്യാമറയിലേക്ക് ഘടിപ്പിച്ച് ഫ്ലാഷ് അടിച്ചു. ഒന്നടിച്ചു രണ്ടടിച്ചു മൂന്നടിച്ചു. ഫ്ലാഷ് കത്തുന്നില്ല. ബാറ്ററി ചാര്‍ജു തീര്‍ന്നതാണോയെന്ന് ശങ്കിച്ചെങ്കിലും അതിന്റെ പവര്‍ നല്ലരീതിയില്‍ കത്തിനില്‍ക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആകെ രണ്ടുദിവസം മാത്രമാണ് ഫ്ലാഷ് പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. പ്രളയദിനങ്ങളിലൊന്നും ഫ്ലാഷ് പുറംലോകം കണ്ടിട്ടില്ല. സംഗതി തകരാറിലായെന്ന് മനസിലായി. ‘ഫ്ലാഷ് നോട്ട് വര്‍ക്കിങ്’ മറുപടിയില്‍ ഹിന്ദിക്കാരന്‍ എസ്പിജിക്ക് ആകെ സംശയം. കത്താത്ത ഫ്ലാഷുമായി പത്രക്കാരന്‍ ചിത്രം എടുക്കാന്‍ വരികയോ? കേരള പൊലീസിലെ ഉദ്യോഗസ്ഥനോട് ബാഗ് ആകെ പരതാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പരിശോധനക്കിടെയാണ് ഹൈബി ഈഡന്‍ എംഎല്‍എ അതുവഴി വരുന്നത്. ‘വിട്... വിട്…മനോരമയുടെ ആളാണ്…’ എംഎല്‍എ പറഞ്ഞപ്പോള്‍ ചെറു ചിരിയോടെ അദ്ദേഹം പരിശോധന അവസാനിപ്പിച്ചു. വൈകീട്ട് ആറിനുശേഷമേ രാഹുല്‍ അവിടെയെത്തുകയുള്ളുവെന്ന് അറിവുകിട്ടി. ഫ്ലാഷിന്റെ ആവശ്യം ഏറിവരുന്ന അവസരം. പരിപാടി സ്കൂളിനുള്ളിലെ ഹാളിലാണ്. വീണ്ടും കേരള പൊലീസിന്റെ ഒരു സംഘത്തെക്കൂടി മറികടക്കേണ്ടതുണ്ട്. അവരോട് ആദ്യമേ തന്നെ പറഞ്ഞു ‘ഫ്ലാഷ് അടിക്കാന്‍ പറയരുത് അത് കത്തുന്നില്ല, വേണമെങ്കില്‍ ഫോട്ടോയെടുത്തു കാണിക്കാം. ’( ഫ്ലാഷിലൂടെ പൊട്ടുന്ന ബോംബ് എവിടെയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോയെന്തോ!!) വീണ്ടും പരിശോധനക്കുശേഷം ഹാളിനകത്തേക്ക്.
മറ്റുപത്രത്തില്‍നിന്നും എത്തിയ ഫൊട്ടോജേണലിസ്റ്റുകളുടെ ക്യാമറയില്‍ എന്റെ ഫ്ലാഷ് ഫിറ്റ്ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. ഇല്ല! ഫ്ലാഷ് തകരാര്‍ തന്നെ. ഇനി ഹാളിലെ ട്യൂബ് വെളിച്ചത്തില്‍ ചിത്രം എടുക്കുകയേ നിര്‍വാഹമുള്ളു. ആദ്യപടിയായി വെളിച്ചത്തെ ചിത്രത്തിലാക്കുമ്പോള്‍ വര്‍ദ്ധിപ്പിക്കുന്ന ഐഎസ്ഒ സംവിധാനം ഉയര്‍ത്തി. ഷട്ടര്‍സ്പീഡ് താഴ്ത്തി ആരെങ്കിലും ഫ്ലാഷടിക്കുമ്പോള്‍ അതിന്റെ ഗുണം എനിക്കുകൂടി കിട്ടത്തക്ക രീതിയിലേക്ക് ക്യാമറയെ സജ്ജമാക്കി. ആറരയോടെ രാഹുല്‍ എത്തി. ക്യാംപിലെ കുറച്ചുപേരോടു കുശലമൊക്കെ ചോദിച്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തിന് തൊട്ടുമുന്‍പായി മടങ്ങി പോകാനൊരുങ്ങി. സദസിന്റെ ഏറ്റവും പിന്നിലിരുന്ന വരിയിലെ ഒരു വയോധിക മോനേ.. മോനേ.. എന്ന് ഉറക്കെ വിളിച്ചു. ആ വിളി രാഹുല്‍ കേട്ടു. ഏറ്റവും പിന്നിലായതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ തൊട്ടടുത്ത്. പിന്നെ തള്ളല്‍, വലിക്കല്‍ എസ്പിജി വക പ്രകടനം. ഇതിനിടയില്‍ ആരൊക്കെയോ ചറപറാ അടിച്ച ഫ്ലാഷിന്റെ ബലത്തില്‍ ആ മുത്തശ്ശിയുടെ പരിവേദനത്തിന്റെ പാരമ്യത്തിലെ ചിത്രംതന്നെ എന്റെ ഫ്രെയിമില്‍.
ജോസ്കുട്ടി പനയ്ക്കല്‍
02.09.2018
#MyLifeBook #BehindThePhoto #BehindThePicture