2013, ഡിസംബർ 18, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം  നാലാം ദിനം: ഡിസംബര്‍ 18, 2013

മനസ് പാതിയാക്കിയ ഒാട്ടം... 
ഇനി റോഡിലേക്കിറങ്ങി പരിശീലനം നടത്തണം. കൊച്ചി കീര്‍ത്തി നഗറില്‍ നിന്നും രാവിലെ ആറിന് ഒാട്ടം തുടങ്ങി. പനമ്പിള്ളി നഗറാണ് ലക്ഷ്യം. അവിടെ എത്തിയാല്‍ ഏഴ് കിലോമീറ്റര്‍ തികയ്ക്കാം. തിരിച്ചെത്തുമ്പോള്‍ 14 കിലോമീറ്റര്‍. പക്ഷേ കലൂരിലെത്തി കടവന്ത്ര പാലത്തിലേക്ക് കയറും മുന്‍പ് തിരിച്ച് പോകണമെന്ന ആഗ്രഹം കലശലായി. ലക്ഷ്യത്തിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്റര്‍കൂടിയുണ്ട്. വന്‍ തളര്‍ച്ച അനുഭവപ്പെടുന്നു. തിരിച്ച് ഒാട്ടോ റിക്ഷ വിളിച്ചാലോ എന്നുപോലും ആലോചിച്ചു. മനസ് പറഞ്ഞു ഇവിടെനിന്നുതിരിച്ചാല്‍ ഒാടിത്തന്നെ വീട്ടിലെത്താനാകുമെന്ന്. ആസാദ് റോഡിലൂടെ തിരിച്ച് മാതൃഭൂമി ഒാഫിസിന് സമീപമെത്തിയതോടെ ആകെ തളര്‍ന്നു. ഇനി വയ്യ. നടക്കാം... അര കിലോമീറ്റര്‍ നടന്നതോടെ കുറച്ച് ഊര്‍ജം കിട്ടി അതുമുതലാക്കി ഒാടി ഫ്ളാറ്റിലെത്തി. സമയം 7.35 ഭാര്യ കോളജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുന്നു. തളര്‍ച്ചയോടെ വന്നപ്പോള്‍ ഭാര്യ വക കമന്റ് 'ഇത് ജോസ്കുട്ടിക്ക് താത്പര്യമുള്ളതുകൊണ്ടുമാത്രം ഞാന്‍ സമ്മതിക്കുന്നതാണ്. എന്തൊരു ക്ഷീണമാണ് മുഖത്ത്? രക്തമെല്ലാം വലിഞ്ഞുപോയതുപോലെ...' ഒാഫീസിലേക്ക് പോകാന്‍ ഫ്ളാറ്റിലെ സ്റ്റെപ്പുകള്‍ ഇറങ്ങിയപ്പോള്‍ കാല്‍ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു. ഇനിയും രണ്ടുകിലോമീറ്റര്‍ നാളെ കൂട്ടി ഒാടേണ്ടതാണ് സാധിക്കുമോ എന്തോ..! 

2013, ഡിസംബർ 17, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം  മൂന്നാം ദിനം: ഡിസംബര്‍ 17, 2013

മാരത്തണ്‍ കാറോട്ടം... 
ദുരന്തവാര്‍ത്തയുമായി ഒരു പ്രഭാതം. പുലര്‍ച്ചെ എന്റെ വല്യച്ഛന്‍ മരിച്ചതായി സന്ദേശം ലഭിച്ചു. ചെറുപ്പത്തില്‍ സ്നേഹത്തോടെ എടുത്തുകൊണ്ടുനടന്നയാളാണ്. അദ്ദേഹത്തിന്റെ ജീവിത മാരത്തണ്‍ ഇവിടെ അവസാനിച്ചു. പാലായ്ക്കടുത്ത് ഇളങ്ങുളത്താണ് വീട്. കുടുംബത്തെയും കൂട്ടി രാവിലെതന്നെ അവിടേക്ക് തിരിച്ചു. ഇന്ന് ഇനി പരിശീലനം സാധ്യമല്ല. രാവിലെ ഭാര്യയുടെ അമ്മയെകൂട്ടാന്‍ ചാലക്കുടിയിലേക്കും തുടര്‍ന്ന് മൂവാറ്റുപുഴ - തൊടുപുഴ-പാലാ വഴി ഇളങ്ങുളത്തേക്കും അവിടെനിന്നു തിരിച്ചും മാരത്തണ്‍ കാറോട്ടത്തോടെ ഇന്നത്തെ ദിനത്തിന് സമാപ്തി. 

2013, ഡിസംബർ 16, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം  രണ്ടാം ദിനം: ഡിസംബര്‍ 16, 2013

ഏഴാം സ്വര്‍ഗം... 
ഇന്ന് പത്ത് മിനിറ്റുകൂടി നേരത്തെ എഴുന്നേറ്റു. ഏഴ് കിലോമീറ്റര്‍ ഒാടണമെന്നാണ് ആഗ്രഹം. പതിനഞ്ച് റൌണ്ട് കടുംപിടുത്തത്തിലൂടെ മൈതാനിക്ക് ചുറ്റും ഒാടിത്തീര്‍ത്തു. ഷൂവും കാലും തമ്മില്‍ അത്ര രസത്തിലല്ലാതെയാണ് ഇന്ന് പരിശീലനം തീര്‍ന്നത്. കാലിന്റെ പെരുവിരലുകളില്‍ പതുക്കെ ഒാരോ കുമിളകള്‍ രൂപപ്പെട്ടുതുടങ്ങി. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആകെയൊരുതളര്‍ച്ച പോലെ. തറയില്‍ കിടന്ന് മുപ്പത് മിനിറ്റോളം വിശ്രമിച്ചു. പിന്നീട് ഒാഫീസിലേക്ക് പോകാന്‍ തയ്യാറായി. കുളിക്കാന്‍ പച്ചവെള്ളം എടുത്തപ്പോഴാണ് ഒാര്‍ത്തത്. ഇനി 11 ദിനങ്ങള്‍ അസുഖമുണ്ടാകാതെ സൂക്ഷിക്കണം. അതിനാല്‍ കുളി ചൂടുവെള്ളത്തിലേക്ക് മാറ്റാം. അങ്ങനെ തുളസിയിലയും ഉപ്പുമിട്ട് ചൂടാക്കിയ വെള്ളത്തിലേക്ക് കുളി മാറുന്നു. വൈകീട്ട് അറിയുന്നു എന്റെ വല്യച്ഛന് വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്. 

2013, ഡിസംബർ 15, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം  ഒന്നാം ദിനം: ഡിസംബര്‍ 15, 2013

കൊച്ചി രാജ്യാന്തര മാരത്തണ്‍ എനിക്കായി സമ്മാനിച്ചത്...
പരിശീലന സമയം 13 ദിവസം... 

ഒന്നാം ദിനം: ഡിസംബര്‍ 15, 2013
തുടക്കം അഞ്ചില്‍നിന്ന്...
ഇന്ന് രാവിലെ 6മണിക്ക് എഴുന്നേറ്റു അഞ്ച് കിലോമീറ്റര്‍ ഒാടാന്‍ ശ്രമിച്ചു. കൊച്ചി എളമക്കരയിലെ ഫ്ളാറ്റില്‍ നിന്നും 300 മീറ്റര്‍ നടന്ന് ഒരുകിലോമീറ്റര്‍ ഒാടി മൈതാനത്തിലെത്തി. നാളുകള്‍ക്ക് മുന്‍പ് കോര്‍പറേഷന്‍ വക മൈതാനം കണ്ടിരുന്നുവെങ്കിലും ഇറങ്ങിനോക്കിയിട്ടില്ല. മൈതാനം ക്രിക്കറ്റുകളിക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.. പുറത്തുകൂടിയുള്ള ടാറിങ് വഴികളിലൂടെയും കോണ്‍ക്രീറ്റ് കട്ടപ്പുറത്തുകൂടിയും മണലിലൂടെയും ഏഴ് വലയം ഒാടിയതോടെ ഒരു പരുവമായി. തിരിച്ച് വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ ഒാടണമെന്നുണ്ടെങ്കിലും നടന്നാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഒാട്ടം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. 

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

എയ്‍തുവീഴ്‍ത്തിയ സ്വർണ്ണം


ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം നാൾ. വനിതകളുടെ ടീം റീകർവ് അമ്പെയ്‍ത്ത് മൽസരം യമുന സ്‍പോർട്‍സ് കോംപ്ലക്‍സിൽ നടക്കുന്നു. രാവിലെ 10.12നാണ് മൽസര സമയമെന്ന് രാവിലെ ഇന്റർനെറ്റിൽ പരതിയപ്പോൾ മനസിലായി. താമസ സ്‍ഥലത്തുനിന്നും മെയിൻ പ്രസ് സെന്ററിലേക്ക് പോയി അവിടെനിന്നുമുള്ള മീഡിയ ബസിൽ കയറി പോയാൽ ഒരു പ്രാവശ്യത്തെ സെക്യൂരിറ്റി പരിശോധന ഒഴിവാക്കാം. പക്ഷേ മീഡിയ ബസ് പിടിക്കാനായി എംപിസിയിൽ എത്തണമെങ്കിൽ വീണ്ടും ഒരു മണിക്കൂർ നഷ്‍ടപ്പെടും. രണ്ടും കൽപിച്ച് നേരെ സ്‍പോർട്‍സ് കോംപ്ലക്‍സിലേക്ക് വിട്ടു. പതിവുപോലെ ഹിന്ദിക്കാരൻ ടാക്‍സി ഡ്രൈവർ മൽസര വേദിക്ക് ഒരു കിലോമീറ്റർ അകലെ വണ്ടി നിറുത്തി. 'സെക്യൂരിറ്റി ചെക്ക് സാർ' എന്നൊരു കമന്റും പാസാക്കി പൈസയും വാങ്ങി സ്‍ഥലം കാലിയാക്കി.

                                        20 കിലോതൂക്കമുള്ള ക്യാമറാ ബാഗും പീരങ്കി പോലുള്ള ലെൻസും തേളിലേന്തി ഞാൻ അമ്പെയ്‍ത്ത് മൽസര വേദി ലക്ഷ്യമാക്കി ഓടി. വഴിയരികിൽ തോക്കുമായി നിൽക്കുന്ന പൊലീസ് ഉദ്യാഗസ്‍ഥന്മാരിലൊരാൾ കൂടെ ഓടിയെത്തി സാവധാനത്തിൽ പോകുവാൻ നിർദേശിച്ചു. തോക്കുപോലുള്ള യന്ത്രവുമായി ഇത്ര വേഗത്തിൽ പോകുന്നത് പുള്ളിക്കാരന് അത്ര പിടിച്ചില്ല. ഗേറ്റ് കടക്കുന്നതിന് മുൻപ് അക്രഡിറ്റേഷൻ കാർഡിൽ ലേസർ ബീം അടിച്ച് പരിശോധിക്കുന്നതിനിടെ സിആർപിഎഫ് ഉദ്യാഗസ്‍ഥൻ അമ്പെയ്‍ത്തിനാണോ ടേബിൾ ടെന്നീസിനാണോ പോകുന്നതെന്ന് ചോദിച്ചു. മനസിൽ വെള്ളിടിവെട്ടി. ടേബിൾ ടെന്നീസിന്റെ മൽസര വേദി ഇവിടെത്തന്നെയുണ്ടെന്നുള്ള കാര്യം അപ്പോൾ മാത്രമാണ് ഓർത്തത്. അമ്പെയ്‍ത്തിനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഓടി വന്ന വഴിയൊക്കെയും തിരിച്ചുപോകണമെന്നായി ഉദ്യാഗസ്‍ഥൻ. ടേബിൾ ടെന്നീസ് വേദി വഴി അമ്പെയ്‍ത്ത് വേദിയിലേക്ക് പൊയ്‍ക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ടേബിൾ ടെന്നീസിന് വന്നവരെ മാത്രമേ ഇതുവഴി കടത്തുകയുള്ളുവെന്നായി അദ്ദേഹം. എങ്കിൽ ഞാൻ ടേബിൾ ടെന്നീസാണ് എടുക്കുന്നതെന്ന് പറഞ്ഞ് അകത്തുകടന്നു.
                        ഇതേ കോമ്പൗണ്ടിൽത്തന്നെയാണ് അമ്പെയ്‍ത്ത് വേദിയെങ്കിലും ഇനിയും ഒരു കിലോമീറ്ററോളം വളഞ്ഞുചുറ്റിവേണം അവിടെയെത്താൻ. പത്തര കഴിഞ്ഞ നേരത്ത് അമ്പെയ്‍ത്ത് വേദിയിൽ വിയർത്തുകുളിച്ച് എത്തുമ്പോൾ കാണുന്ന കാഴ്‍ച ഇന്ത്യൻ സംഘത്തിലെ ഡോലാ ബാനർജി, ദീപിക കുമാരി, ബൊംബയാല ദേവി എന്നിവർ അമ്പെയ്‍ത്ത് നിറുത്തി പിന്നിലേക്ക് നീങ്ങി നിൽക്കുന്നു. ഇഞ്ചോടിഞ്ച് പേരാടി നേരിയ മുൻതൂക്കവുമായി ഇംഗ്ലണ്ട് സംഘം അവസാന വട്ട എയ്‍ത്തിന് ഒരുങ്ങുന്നു. ഫോട്ടോഗ്രാഫർമാർക്കായി നിശ്‍ചയിച്ചിട്ടുള്ള സ്‍ഥലത്തേക്ക് കടന്നുപോകാൻ വേദിയിലെ ഫോട്ടോ മാനേജർ സമ്മതിച്ചില്ല. കാരണം അമ്പ് എയ്യുന്ന താരങ്ങൾക്ക് തൊട്ടടുത്തുകൂടിയാണ് ഫോട്ടോഗ്രാഫർമാർ പോകേണ്ടത്. അത് കളിക്കാർക്ക് ഉന്നം തെറ്റാൻ ഇടയാക്കുമെത്രെ.  കാണികൾക്ക് അനുവദിച്ചിട്ടുള്ള സ്‍ഥലത്തിന് തൊട്ടുമുൻപിലായി നിൽക്കുമ്പോൾ മൽസരത്തിലെ അവസാന കളിക്കാരിയും അമ്പെയുന്നു. എട്ടുപോയിന്റ് നേടിയ ആ അമ്പ് തറച്ചപ്പോഴേക്കും ഇന്ത്യസ്വർണ്ണത്തിലെത്തിയിരുന്നു. 207 പോയിന്റ് നേടിയ ഇന്ത്യക്ക് പിന്നിൽ 206 പോയിന്റാണ് ഇംഗ്ലണ്ട് വനിതകൾ നേടിയത്. ഇത് വേദിയിലെ കൂറ്റൻ ബോർഡിൽ തെളിഞ്ഞതോടെ ഇന്ത്യൻ താരം ഡോല ബാനർജി ആവേശത്തോടെ എടുത്തുചാടി ബൊംബയാല ദേവിയെ കെട്ടിപ്പിടിച്ചു.  അതും എനിക്ക് മുൻപിൽ.  മറ്റു ഫോട്ടോഗ്രാഫർമാർ ഡോലയുടെയും ബൊംബയാല ദേവിയുടെയും ശ്രദ്ധ അവർക്കുനേരെ തിരിക്കാൻ കൂവി വിളിക്കുന്നുണ്ട്. പക്ഷേ ഇന്ത്യക്ക് ലഭിച്ച സ്വർണ്ണം ആഘോഷിക്കുന്ന ഗ്യാലറിയുടെ ആർപ്പുവിളിക്കിടെ അതൊന്നും കേൾക്കുമായിരുന്നില്ല.

ഈ ചിത്രം എനിക്ക് ലഭിച്ചെന്നറിഞ്ഞ അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫർ ചിത്രം തരുമോയെന്ന് വെറുതെ ചോദിച്ചുനോക്കി. പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ 'നേടി നമ്മൾ' എന്ന തലവാചകത്തോടെ അച്ചടിച്ചുവന്ന ചിത്രം കോട്ടയം കേന്ദ്ര ഓഫീസിലേക്ക് അയക്കുമ്പോൾ ഞാൻ ഓർമ്മിച്ചു എനിക്കായി മാത്രം കരുതി വച്ച ഈ ചിത്രം ലഭിക്കാൻ ദൈവം ഒരുക്കിയ തടസങ്ങളെക്കുറിച്ച്.


ജോസ്കുട്ടി പനയ്ക്കൽ ന്യൂ ഡൽഹി 2010 ഒക്ടോബർ 08

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

വഴിതിരിച്ച വാർത്താഗതി

2010ലെ ഓണത്തിരക്കിലേക്ക് തൃശൂർ നഗരം അമരുന്നു. രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് നഗരത്തിലെ റോഡിൽ പശുപ്രസവിച്ചെന്നും ഗതാഗതക്കുരുക്കെന്നും അറിയിച്ച് ഫോൺ വന്നത്. നേരെ അവിടേക്ക്...അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളക്കൂറ്റന്റെ ചവിട്ടേറ്റ്, പരുക്കേറ്റ കിടാവ് സമീപത്തെ പോസ്‍റ്റോഫീസിനോട് ചേർന്നുള്ള മതിലിനരികിൽ കിടക്കുന്നതാണ് ചെന്നപ്പോൾ കാണുന്നത്. ഇതിൽ അരിശംമൂത്ത് തള്ളപശു സമീപ പ്രദേശത്തെത്തുന്നവരെയെല്ലാം ഓടിച്ചുകൊണ്ടിരിക്കുന്നു.

                ഈ പോസ്‍റ്റോഫീസിന്റെ ഇടവഴിയിലൂടെയാണ് മറ്റ് പല സർക്കാർ ഓഫീസുകളിലേക്കുമുള്ള കുറുക്കുവഴി. കഥയറിയാതെ ഇതുവഴി കടന്നുവരുന്നവർക്ക് തള്ള പശുവിന്റെ കൂർത്തകൊമ്പിനുള്ള 'സമ്മാനവും' കിട്ടുന്നുണ്ട്. ജനങ്ങളെ ഓടിക്കാനുള്ള അമ്മ പശുവിന്റെ തിരക്കിൽ പാലുകിട്ടാതെ കിടാവിന്റെ അവസ്‍ഥ മോശമായി. എനിക്കൊപ്പം മറ്റ് പത്ര ഫോട്ടോഗ്രാഫർമാരും സംഭവമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഈ വഴിയുടെ രണ്ട് പ്രവേശന സ്‍ഥലങ്ങളിലും കയർകെട്ടി ആളുകൾ പ്രതിബന്ധം സൃഷ്‍ടിച്ചു. കൂടാതെ രണ്ട് അരികിലും 'പശുവിന്റെ കുത്തുകിട്ടും' എന്ന് അനൗൺസ് ചെയ്യാൻ യുവാക്കളും നിരന്നു. പതിനൊന്നുമണി ആയതോടെ പല ഫോട്ടോഗ്രാഫർമാരും സ്‍ഥലംവിട്ടു.

                        ഇനി ഞങ്ങൾ മൂന്നുപേർ മാത്രം. ഇടവഴിയിൽ നിന്നും കിടാവിനെ ആരെങ്കിലും എടുത്ത് അപ്പുറത്തേക്ക് കിടത്തിയാൽ സംഗതി ഓകെ. പക്ഷേ തള്ള പശുവിന്റെ കുത്തുപേടിച്ച് ആരും അടുക്കുന്നില്ല. ഞാൻ ഫയർഫോഴ്‍സിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ പശു നഗരത്തിലിറങ്ങി ആളുകൾക്ക് കൂടുതൽ പ്രശ്‍നമുണ്ടാക്കുമെന്നും കോർപറേഷനാണ് ഇതിന്റെ നടപടിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷനിലാകട്ടെ ഫോൺ എടുക്കുന്നതുപോലുമില്ല.

                        ഇതിനിടെ ഒരാൾ വന്ന് പത്രഫോട്ടോഗ്രാഫർമാരോടായി 'ഫോട്ടോഷ്‍ടാറ്റ് ... കഠയുടെ... ഫടം... ഫത്രത്തിൽ കൊടുക്കണം' എന്നു പറഞ്ഞു. സംഗതി അറിയാതെ കണ്ണുതള്ളി നിന്നവരോട്  ഓണത്തിന്റെ 'സ്‍പിരിറ്റിലാണ്'് കക്ഷി എന്ന് മറ്റൊരാൾ അടക്കം പറഞ്ഞു. വിശന്നുവലഞ്ഞ് സംഭവത്തിന് ഒരു അന്ത്യം കണ്ടശേഷം ഇവിടെനിന്നും ഒഴിവാകാൻ കാത്തിരിക്കുന്ന ഞങ്ങൾക്കൊരു തീപ്പൊരി കത്തി. ഫോട്ടോസ്‍റ്റാറ്റ് കടക്ക് പകരം ചേട്ടന്റെ പടം കൊടുക്കാം പക്ഷേ ഈ കിടാവിനെ എടുത്ത് അപ്പുറത്ത് കിടത്തണം. സംഗതി ഏറ്റു. വലിയൊരു വടിയൊക്കെ സംഘടിപ്പിച്ച് കക്ഷിയെത്തി തള്ള പശുവിനെ ഓടിച്ചു. കുട്ടിയെ എടുത്ത് വഴിതടസം സൃഷ്‍ടിക്കാത്ത സ്‍ഥലത്ത് കിടത്തി. തിരിച്ച് പാഞ്ഞെത്തിയ തള്ളപശു വടിയൊക്കെ പിടിച്ചുനിൽക്കുന്ന കക്ഷിയെ കുത്താൻ ആഞ്ഞെങ്കിലും കുട്ടിയെ കണ്ട് ആശ്വസിച്ച് അവിടേക്ക് തിരിഞ്ഞു. ഉച്ചയായെങ്കിലും ഇനിയെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്ന ആശ്വാസത്തോടെ രാവിലെ മുതലുള്ള ചിത്രങ്ങളുടെ ഫോട്ടോ സ്‍റ്റോറിയുമായി ഞങ്ങളും പിരിഞ്ഞു.

ജോസ്കുട്ടി പനയ്ക്കൽ . ഒാഗസ്റ്റ് 2010

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...