2014, നവംബർ 6, വ്യാഴാഴ്‌ച

റേഡിയോക്കെന്താ ഓട്ടത്തിൽ കാര്യം..



സംഗീതം ഏവരെയും ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. അമ്മയുടെ താരാട്ടുപാട്ടുമുതല്‍ വിടപിരിയുന്ന നിമിഷത്തിലെ വിതുമ്പൽ  ഗാനംവരെയെത്തുന്നു നമ്മുടെ സംഗീത യാത്ര. കായികരംഗവുമായും പാട്ടിന് തീരാത്ത ബന്ധമുണ്ട്. മലയാളത്തിലെ ഒരു സിനിമയില്‍ നടൻ ഇന്നസെന്‍റ് മ്യൂസിക് വിത്ത് ബോഡിമസിൽ കാണിക്കാമെന്ന് പറഞ്ഞപ്പോ ചിരിച്ചുമറിഞ്ഞവരാണ് നമ്മള്‍. ക്രിക്കറ്റ് താരങ്ങളെല്ലാം ഹെഡ്ഫോണ്‍ ചെവിയില്‍ത്തിരുകി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രം നമ്മള്‍ എപ്പോഴും കാണാറുണ്ട്. ടെന്‍ഷന്‍ അകറ്റാനാണ് ഈ സംഗീത മരുന്നെന്ന് അവര്‍ പറയുന്നു.

നമ്മുടെ മാരത്തണ്‍ പരിശീലനത്തിനും ഈ സംഗീത മരുന്ന് പ്രയോജനപ്പെടും. മൂന്നുകിലോമീറ്റര്‍ ഒാടിത്തീര്‍ത്ത നിങ്ങള്‍ക്കിനി മുന്നോട്ടേയ്ക്കുള്ള ഒാരോ കിലോമീറ്ററും ചിലപ്പോള്‍ വന്‍ വിഷമം നേരിട്ടേക്കാം. ഇതിനെ പ്രതിരേ‍ാധിക്കാന്‍ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ എഫ്എം റേഡിയോ വയ്ക്കുക. എന്തുകൊണ്ട് റേഡിയോ വയ്ക്കണം എന്നൊരു ചോദ്യം വന്നേക്കാം. നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചെവിയിലെത്തുന്ന സംഭാഷണങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധ കൊടുത്ത് ഒാടിയാല്‍ ക്ഷീണചിന്തകള്‍ ഒഴിവാകും.  നിങ്ങള്‍ ഇഷ്ടപ്പെടുന്ന മികച്ച ഗാനങ്ങളുടെ റെക്കോര്‍ഡ് ചെയ്ത രൂപവും കേട്ടുകൊണ്ട് ഒാടാം. പക്ഷേ തുടര്‍ച്ചയായി ഇത് കേള്‍ക്കുമ്പോള്‍ അടുത്ത ഗാനം ഏതെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാവുന്നത് ഒാട്ടത്തിന്‍റെ ക്ഷീണ ചിന്തയിലേക്ക് നിങ്ങളെ വലിച്ചിടും. അതിനാല്‍ റേഡിയോ കേട്ടുകൊണ്ട് ഒാടുന്നത് കൂടുതല്‍ ഉത്തമം. ശോകഗാനങ്ങളടക്കം ചിന്തയെ വലിച്ചുനീട്ടുന്ന എന്തെങ്കിലും പരിപാടി ഉണ്ടായാല്‍ അപ്പോള്‍ സ്റ്റേഷന്‍ മാറ്റാനുള്ള സംവിധാനവും നിങ്ങളുടെ വിരല്‍പ്പിടിയില്‍ ഉണ്ടാകണം. മറ്റൊന്നുകൂടി ഹെഡ്ഫോണ്‍ ഇടത്തേചെവിയില്‍ മാത്രം തിരുകി ഒാടുക. മറ്റേചെവി റോഡിലെ ശബ്ദങ്ങള്‍ക്കായി വിട്ടുകൊടുക്കുക. ഇന്ന് പാട്ടുകേട്ട് വച്ചുപിടിച്ചോളൂ നാലാമത്തെ കിലോമീറ്ററിലേക്ക്...

മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in/ എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi#Cochin #Run #Race #LetsRunAgain #JosekuttyPanackal#ജോസ്കുട്ടിപനയ്ക്കല്








2014, നവംബർ 5, ബുധനാഴ്‌ച

ആരെങ്കിലും നിങ്ങളെ നോക്കുന്നുണ്ടോ?



ഹാവൂ! മാരത്തണിനായി മൂന്നുകിലോമീറ്റർ തികച്ചല്ലോ എന്ന ആശ്വാസം നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരം കരുത്താർജിക്കുന്നുവെന്ന് ഉറപ്പിക്കാം. ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് എല്ലാവർക്കുമുണ്ട്. പക്ഷേ ഉപയോഗിക്കാതെ ഈ കഴിവുകൾ കാലക്രമേണ നമ്മളെ കുഴിയിലേക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവർക്ക് 'അൽഷിമേഴ്സ്' എന്ന അസുഖം പിടിപെടാനുള്ള സാധ്യത വളരെ കുറവെന്ന് പഠനങ്ങൾ പറയുന്നു.  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലെന്ന് പറഞ്ഞ് പുതപ്പിനടിയിൽ ആശ്വസിക്കുന്നവരോട് ഒരു വാക്ക് 'ചിലപ്പോൾ വരുന്നതിനെ വഴി തിരിച്ചുവിടാനും നിങ്ങൾക്ക് കഴിയും.'

ഇന്ന് 500 മീറ്റർകൂടി മാത്രം ദൂരം വർദ്ധിപ്പിക്കുക. പുതിയ ഷൂസുമായി കാൽ ഉരസി ഷൂ ബൈറ്റ് ഉണ്ടാകുന്നുണ്ടെങ്കിൽ അവിടൊക്കെ ഐസ് പാക്ക് വച്ച് തണുപ്പിക്കുക. ഇനി നിങ്ങൾ ഒാടുന്ന വഴികൾ ജനവാസമുള്ള സ്ഥലത്തുകൂടിത്തന്നെ ആകണം. അതിനുമുണ്ട് കാരണങ്ങൾ വഴിയിൽ പെട്ടെന്ന് നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ സഹായത്തിന് ഒരാളെ കണ്ടെത്താൻ കഴിയണം. മറ്റൊന്ന് ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നതിൽ നിന്നും രക്ഷപെടാനായി നിങ്ങൾ എപ്പോഴും വേഗത്തിൽ ആ സ്ഥലത്തെ മറികടക്കാൻ ശ്രമിക്കും. അത് നിങ്ങളുടെ പരിശീലനത്തിന് ഗുണം ചെയ്യും.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 4, ചൊവ്വാഴ്ച

പാദങ്ങൾക്കുജീവൻ വയ്ക്കട്ടെ..

നമ്മുടെ രണ്ടുകിലോമീറ്റർ പരിശീലനം കഴിഞ്ഞ ഈ വേളയിൽ നിങ്ങൾക്കൊരു കാര്യം മനസിലായിക്കാണും. അതെ! നിങ്ങളേക്ക‍ാൾ ആരോഗ്യവും ശരീരക്കുറവുമുള്ള ആളുകളൊക്കെ ഓടുന്നെങ്കിൽ നിങ്ങൾക്കും പറ്റും. അതിനായി കടുത്ത പരിശീലനമൊന്നും ആവശ്യമില്ല, മനസുറപ്പിച്ചാൽ പകുതിയായി. മനസുറപ്പിക്കുന്നതിനൊപ്പം ഇനി പാദംകൂടി ഉറപ്പിക്കണം. അതിനായി നല്ലൊരു ഷൂസ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നഗ്നപാദരായും, വള്ളിച്ചെരുപ്പിട്ടുമൊക്കെ ഓടിയെങ്കിൽ ഇനി ആ രീതി മാറ്റണം. നമ്മൾ റോഡിലേക്കിറങ്ങി പരിശീലനം ആരംഭിക്കുകയാണ്. ടാറും പാദവും തമ്മിൽ അത്രനല്ല രസത്തിൽ പോകില്ലാത്തതിനാൽ മികച്ച ഷൂസ് തന്നെ തിരഞ്ഞെടുക്കുക. ഭാരക്കുറവുള്ളതും ചെറുതായി നനഞ്ഞാൽ വെള്ളം തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കാത്തതുമായ ഷൂസ് തിരഞ്ഞെടുക്കുക. തറയിൽ നിന്ന് തെന്നിമാറാത്ത 'ഗ്രിപ്പും' ഷൂസിനുണ്ടാകണം. റണ്ണിങ് ഷൂസ് എന്നുപറഞ്ഞുതന്നെ വിവിധ ബ്രാൻഡുകൾ നിലവിലുണ്ട്. ഹസ്വദൂര ഓട്ടങ്ങൾക്ക് ഉപയോഗിക്കുന്ന അടിയിൽ ആണിയുള്ള സ്പൈക്സ് തിരഞ്ഞെടുക്കരുത്. ഇതുമായി റോഡിൽ ഓടാനാകില്ല. വള്ളിയില്ലാത്തവ ഒഴിവാക്കി ലെയ്സ് ഉപയോഗിക്കുന്ന ഷൂസ് തന്നെ തിരഞ്ഞെടുക്കുക. കാരണം ദീർഘദൂര ഓട്ടത്തിനായി നമ്മുടെ കാലിനെ സജ്ജമാക്കുമ്പോൾ ഷൂസിനും കാലിനുമിടയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ വള്ളിയുള്ള ഷൂസ് തന്നെയാണ് നല്ലത്. ഒപ്പം നല്ലൊരു സോക്സും തിരഞ്ഞെടുക്കുക. കോട്ടൺ സോക്സാണ് സാധാരണ ഉപയോഗിക്കാൻ നല്ലതെന്ന് നമ്മൾ കരുതുന്നതെങ്കിലും വിയർപ്പ് തങ്ങി ട്ടത്തിനിടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സോക്സുകളെ ഒഴിവാക്കുക. ഫുട്ബോൾ താരങ്ങൾ ധരിക്കുന്ന നീളം കൂടിയ സോക്സും ഒഴിവാക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന പ്രത്യേക കടകളിൽ നിന്നുതന്നെ ഇവ തിരഞ്ഞെടുത്താൽ കൂടുതൽ 'ചോയ്സ്' നമുക്ക് ലഭിക്കും.

 നാളത്തെ പരിശീലനം മൂന്നുകിലോമീറ്ററിലേക്ക് ഉയർത്തുക. ഒരു കിലോമീറ്റർ ഒറ്റയടിക്ക് കൂട്ടണോ എന്ന് വിചാരിച്ച് വിഷമിക്കേണ്ട. പുതിയ പാതയിൽ നിങ്ങൾക്ക് ഈ ഒരു കിലോമീറ്റർ എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല. തിരിച്ചെത്തിയാൽ ഉടൻ തന്നെ ഷൂസും സോക്സും അഴിച്ചുവച്ച് കാലിനെ സ്വതന്ത്രമാക്കിയിടുക. വീട്ടിലെ സോഫയിലോ കസേരയിലോ കയറിയിരിക്കാതെ തറയിൽത്തന്നെ കാലുകൾ മുന്നോട്ടുനീട്ടിയിട്ട് ഇരിക്കുക. ഇതിൽ രണ്ടുണ്ട് കാര്യം. ഒന്ന്: തറയിലിരുന്നാൽ തണുപ്പ് ലഭിച്ച് നിങ്ങളുടെ കാലുകൾ വേഗത്തിൽ പൂർവ അവസ്ഥയിലേക്ക് എത്തും. മാത്രമല്ല ഇഷ്ടമുള്ള രീതിയിൽ നമുക്ക് നിലത്ത് ഇരിക്കുകയും ചെയ്യാം.  രണ്ട്: തികച്ചും രഹസ്യമായത്... വിയർപ്പുപറ്റി വീട്ടിലെ കസേരയും സോഫയുമൊന്നും വൃത്തികേടാവില്ല.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 3, തിങ്കളാഴ്‌ച

വീടുമുതൽ വീടുവരെ...


ഒന്നര കിലോമീറ്റർ തുടർച്ചയായി ഒാ‌ടിയ നിങ്ങൾ മറ്റൊരു 500 മീറ്റർ കൂടി കണ്ടെത്തി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആ പാത നിങ്ങളുടെ വീട്ടിൽ തുടങ്ങി വീട്ടിൽത്തന്നെ അവസാനിക്കുന്നതായിരിക്കണം. കാരണം പകുതി ദൂരം പിന്നിട്ട് തളർന്ന് തിരികെ പോരുമ്പോൾ ഉടൻ വീട്ടിലെത്തും എന്നുള്ള ചിന്ത നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും. മറിച്ച് മറ്റേതെങ്കിലും സ്ഥലത്ത് ഒാടി തളരുമ്പോൾ വീണ്ടും രണ്ടുകിലോമീറ്റർ യാത്ര ചെയ്തുവേണമല്ലോ വീട്ടിലെത്താൻ എന്നുള്ള ചിന്ത നിങ്ങളുടെ കാലുകളെ കൂടുതൽ തളർത്തും. ഒരു ദിവസത്തെ അവധി കഴിഞ്ഞുവന്നതിനാൽ നിങ്ങളുടെ കാലുകൾക്ക് കൂടുതൽ കരുത്തുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസത്തേതുപോലെ തന്നെ വീട്ടിൽ നിന്നും പതിയെ 500മീറ്റർ നടന്ന് അടുത്ത അര കിലോമീറ്റർ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാക്കി ഒരു കിലോമീറ്റർ പതിയെ ഒാടി, തിരിച്ചും അതേ വേഗതയിൽ ഒാടാൻ ശ്രമിക്കുക. രണ്ടു കിലോമീറ്ററാകുമ്പോൾ നിറുത്തി വീട്ടിലേക്ക് നടക്കുക. വീടുവരെ ഒാടാനുള്ള ഊർജം നിങ്ങൾക്കുണ്ടെങ്കിൽ അതും പരീക്ഷിക്കാം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ


ലൈക്കുകളിൽ വിരിഞ്ഞ ചുംബനോൽസവം

ഹൊ! അങ്ങനെ അതങ്ങ് കഴിഞ്ഞു. എന്തൊക്കെ പുലിവാലായിരുന്നു... നഗ്നയോട്ടത്തിന് പേരുകേട്ട കൊച്ചിയിൽ ഇതാ കഴിഞ്ഞു പുതുതലമുറയുടെ ഫേസ്ബുക്ക് വിപ്ലവത്തിലൂടെ രൂപംകൊണ്ട ചുംബനസമരം. നടൻ മമ്മൂട്ടി കോളജിൽ പഠിച്ചിരുന്ന കാലത്തെ നഗനയോട്ടത്തിന്റെ കഥ പണ്ട് വായിച്ചിട്ടുണ്ട്. ഞാൻ ജോലി സംബന്ധമായി കൊച്ചിയിലെത്തിയപ്പോഴും വീണ്ടുമൊരു നഗ്നയോട്ടം നടന്നു. 2012ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ വിദ്യാർഥി നടത്തിയ ഒാട്ടം. ഈ ഒാട്ടത്തിനിടെ ഇദ്ദേഹത്തെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി രക്ഷപെടുത്തിയ കൂട്ടുകാരനും കേസിൽ കുടുങ്ങിയിരുന്നു. പിന്നീട് എന്തായി എന്ന് അറിയില്ല.  എന്നാൽ ഇന്നലത്തെ ചുംബന സമരം കൊച്ചിയെ ആകെ ഇളക്കിമറിച്ചു. ഊർജിതമായി പങ്കുകൊള്ളാനെത്തിയത് മുപ്പതോളം ആളുകൾ. പിന്തുണയുമായി ഇരുന്നൂറുമുതൽ 300 വരെ ആളുകൾ പലസ്ഥലത്തായി ചിതറി നിന്നിരുന്നു. പക്ഷേ കാഴ്ചക്കാരോ... പതിനായിരത്തിന് മേൽവരും...

കിസ് ഒാഫ് ലൗ എന്ന സംഭവത്തെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചതായതിനാൽ എത്രപേർ എത്തുമെന്ന് പൊലീസിനോ മാധ്യമങ്ങൾക്കോ ശരിയായ ഒരു കണക്ക് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈക്കുകൾ എന്നത് ശരിയായ ഒരു പിന്തുണ അല്ലാത്തതിനാൽ മൗസിൽ വിരലമർത്തിയവരൊക്കെ ഇതിന്റെ സ്നേഹിതരെന്ന് കണക്കാക്കാനുമാകില്ല. പക്ഷേ സംഭവം നടന്നപ്പോൾ ആകെ പിടിവിട്ടുപോയി... ആർക്ക്... കാഴ്ചക്കാർക്ക്.

വൈകുന്നേരം നാലുമണിയോടെയാണ് ഈ സംഭവം ക്യാമറയിൽ പകർത്താൻ ഞാൻ മറൈൻഡ്രൈവിലെത്തുന്നത്  . അഞ്ചുമണിക്കാണ് സംഘാടകർ ചുംബനസമരം പറഞ്ഞിരുന്നതെങ്കിലും എന്റെ ഒപ്പം ജോലിചെയ്യുന്ന ശ്രീ. റോബർട്ട് വിനോദിന് തനിയെ ഈ പരിപാടി കവർ ചെയ്യാൻ കഴിയില്ലെങ്കിൽ സഹായമായിക്കോട്ടെയെന്നുകരുതിയാണ് ഞാനും എത്തിയത്. അവിടെ എത്തിയപാടെ മനസിലായി 'ഇത് ഒരു നടയ്ക്ക് പോകില്ല.'  റോബർട്ടിനെ ഈ കൂട്ടത്തിനിടയിൽ നിന്നും കണ്ടെത്തുമ്പോഴേക്കും മറൈൻഡ്രൈവ് ജനസാഗരമായിരുന്നു. പ്രതിഷേധ റാലികൾ തലങ്ങുംവിലങ്ങും നടക്കുന്നു. മോട്ടോർസൈക്കിളുകളിലും മറ്റുവാഹനങ്ങളിലുമായി ജനങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു. മറൈൻഡ്രൈവിലെ ഫുട്പാത്ത്, വോക്ക് വേ, ഹെലിപാഡ്, മൈതാനം, റോഡിലെ ഡിവൈഡർ... എന്തിനേറെ മരച്ചില്ലയിൽപോലും ജനം. ഇതിന് മുൻപ് ഇങ്ങനെ കണ്ടത് തൃശൂർ പൂരത്തിന് മാത്രം. പക്ഷേ സമരക്കാരെ ആരെയും കണ്ടെത്തിയില്ല. ഇതിനിടെ സമരക്കാർ ലോ കോളജിന് സമീപം പ്രതിഷേധം നടത്തി പിരിയുമെന്ന് അറിഞ്ഞു. എന്നാൽ അതൊന്ന് നോക്കിവരാമെന്ന് കരുതി ജനസാഗരത്തിലൂടെ നീന്തി എന്റെ ബൈക്ക് ഇരിക്കുന്ന സ്ഥലത്തെത്തി. പിന്നാലെ വന്ന് ഹാൻഡിൽ ലോക്കിട്ടുനിറുത്തിയിരിക്കുന്ന മോട്ടോർസൈക്കിൾ കൂമ്പാരത്തിൽ നിന്ന് ഒരു വിധം എന്റേതിനെ തിരഞ്ഞെടുത്ത് പുറത്തുകടത്തി.

ലോ-കോളജിലേക്കുള്ള യാത്രയിൽ പൊലീസ് തടച്ചിലുകളും, നാല് പ്രതിഷേധ റാലികളെയും മറികടക്കാൻ കുറെ സമയമെടുത്തു. കോളജിന് അടുത്തെത്താറായപ്പോൾ പൊലീസ് വഴിതിരിച്ചുവിടുന്നു. വാഹനത്തിലെ വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സ്റ്റിക്കർ കോളജിന് അടുത്തുവരെ മോട്ടർസൈക്കിളിനെ കൊണ്ടുപോകാൻ സഹായിച്ചു. ചിൽഡ്രൻസ് പാർക്കിൽ ഞായറാഴ്ച കുടുംബത്തോടെ എത്തിയവർ അഴികൾക്കിടിയിലൂടെ ചുംബനം കാണാൻ എത്തിനോക്കുന്നുണ്ട്. ആകെ മുപ്പതോളം പേർ പ്ലക്കാർഡുമായി കോളജിന് മുന്നിൽ മിണ്ടാതെ നിൽക്കുന്നുണ്ട്. അതിൽ പകുതിയിലേറെ പേരും നാൽപതിന് മേലെ പ്രായമുള്ളവർ. 'സ്നേഹ ചുംബനത്തിന് ഐക്യദാർഢ്യം, പുരോഗമന ജനാധിപത്യ കൂട്ടായ്മ' എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. ഇടക്കിടെ തമ്മിൽത്തമ്മിൽ തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. അവരുടെ പടമൊക്കെ എടുക്കുമ്പോഴേക്കും മുദ്രാവാക്യം വിളിയായി അതോടെ കമ്മിഷണറുടെയും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ പൊലീസ് ഇവരെ പിടിച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമമായി. ഇടക്കിടെ പൊലീസ് കമ്മീഷണർ നിങ്ങൾ എന്താണ് കാണിക്കുന്നത് എന്നുചോദിച്ച് പടമെടുക്കുന്നത് തടയുന്നുമുണ്ട്. ഇതിനിടെ ഒരു ചാറ്റൽ മഴയും പെയ്തുതുടങ്ങി. പൊലീസ് കമ്മിഷണറുടെ ചോദ്യംകേട്ട് ആവേശഭരിതനായ ഒരു കോൺസ്റ്റബിൾ മാധ്യമം പത്രത്തിന്റെ ഫൊട്ടോഗ്രഫർ ദിലീപ് പുരയ്ക്കന്റെ കോളറിൽ പിടുത്തമിട്ടു. എല്ലാ ക്യാമറകളും അവിടേക്ക് തിരിഞ്ഞതോടെ പുള്ളി പിടിവിട്ടു. പിന്നെ ദിലീപിന്റെ വക 'വാക്പോര്' കഴിഞ്ഞതോടെ സ്ഥിതി ശാന്തം.
Dileep Purackan and Police. Photo By Sreejith Sreedhar

ഇതിനിടെ വാഹനത്തിൽ കയറ്റിയ കിസ് ഒാഫ് ലൗ സംഘാടകരും ഭാര്യാഭർത്താക്കന്മാരുമായ രശ്മി നായരും രാഹുൽ പശുപാലനും ചുംബിക്കുന്നു. ദാ! ഒരു വാർത്താചിത്രം. ഭാര്യാഭർത്താക്കന്മാരായതിനാൽ ഈ ചിത്രത്തിന് കുറ്റം പറയാനും ആവില്ലല്ലോ. പൊലീസ് വാനിന്റെ സീറ്റിലിരിക്കുന്ന പ്രായം ചെന്ന ചേട്ടന്റെ എക്സ്പ്രഷൻകൂട്ടി ചിത്രത്തിലാക്കാൻ പരമാവധി ശ്രമിച്ചു. അപ്പോൾ ചിത്രത്തിന് കൂടുതൽ ജീവൻ വരുമല്ലോ. മഴയും മരത്തിന്റെ അടിയിൽക്കിടക്കുന്ന വാഹനത്തിലെ ഇരുട്ടും, ജനാലയുടെ ഗ്രില്ലും  എല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പ്രതിബന്ധമാകുന്നുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും വഴിയിലൂടെ പോയവരുമെല്ലാം വന്ന് തള്ളുന്നുമുണ്ട്. ക്യാമറ സ്ലോ ഷട്ടറിലിട്ടാൽ ചിത്രം ഷേക്ക് ആകുമെന്ന് ഉറപ്പ്. എങ്കിലും വർഷങ്ങളായുള്ള ഈ മേഖലയിലെ പരിചയം ഫ്ലാഷില്ലാതെതന്നെ ചിത്രത്തെ ക്യാമറയിൽ പകർത്തി. അഞ്ചു സെക്കൻഡിനുള്ളിൽ ചുംബനം കഴിഞ്ഞു.

ചിത്രത്തിന്റെ നിലവാരം വെറുതെയൊന്ന് പരിശോധിച്ചു. കുഴപ്പമില്ല... നല്ലൊരു വാർത്താചിത്രംതന്നെ... ഇനി ഇതിനെ അടുത്ത നിമിഷംതന്നെ പുറം ലോകത്ത് എത്തിക്കുന്നതിലാണ് കാര്യം. കാരണം ഇ-ലോകം ചുംബനവിവരമറിയാൻ വെമ്പലോടെ കാത്തിരിക്കുകയാണ്. ടാബ്‌ലെറ്റിലേക്ക് കണക്ട് ചെയ്ത് ചിത്രം അയക്കാനുള്ള ശ്രമം അടുത്ത നിമിഷം തുടങ്ങി. ഒരേ ടവർ പരിധിയിൽ ആയിരങ്ങൾ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നം ഇവിടെയും ഉണ്ടായി.  നെറ്റ്‌വർക്ക് ചിത്രത്തെ പുറത്തേക്ക് വിടുന്നില്ല. അടിക്കുറിപ്പ് ടൈപ്പ് ചെയ്യുന്നതിനിടെ  ഒരു കണ്ണ് പൊലീസ് വാനിനടുത്തേക്കും വച്ചിട്ടുണ്ട്.  മറ്റ് വല്ലവരെയും പിടിച്ചുകൊണ്ടുപോകുന്നുണ്ടോയെന്നും ശ്രദ്ധിക്കണമല്ലോ. മറൈൻഡ്രൈവിൽ ലാത്തിചാർജ് തുടങ്ങിയെന്ന് ഇതിനിടെ ഫോൺ വന്നു.  വിദേശികൾ രണ്ടുപേരെ പൊലീസ് ഇതിനിടെ അറസ്റ്റുചെയ്തുവാഹനത്തിൽ കയറ്റുന്നു. ട‍ാബ് ബാഗിലേക്കിട്ട് ഇതിന്റെ പിന്നാലെ ഒാടി. അതും എടുത്ത് കോളജിന് മുന്നിൽ വന്നുനിന്ന് ടാബ് ഒന്നുകൂടി പരിശോധിച്ചു. ഭാഗ്യം ചിത്രം മനോരമ ഒാൺലൈൻ കണ്ടന്റ് ടീമിന് പൊയ്ക്കഴിഞ്ഞു. പിന്നെ ഫോൺവിളിച്ച് സ്പോട്ടിൽ നിന്നുള്ള ചിത്രം കിട്ടിയോ എന്ന് അന്വേഷിച്ചു. മൂന്നുതവണ അന്വേഷിച്ചിട്ടും ചിത്രം കിട്ടിയില്ല എന്നുമറുപടി. ഒാഫിസ് നെറ്റ്‌വർക്കിലെ എന്തോ തകരാറ്. അടുത്തപടി ജിമെയിൽ വഴി അയച്ചു. പിന്നാലെ വിളിയെത്തി ആദ്യം അയച്ചതും രണ്ടാമതയച്ചതും എല്ലാം കിട്ടിയെന്ന്.
ഇതിനിടെ മഴപൊ‌ടിഞ്ഞ് ടാബിലേക്ക് വെള്ളം കയറുന്നുണ്ട്. തുടച്ച് വീണ്ടും ബാഗിലാക്കി  മറൈൻഡ്രൈവിലേക്ക് കുതിച്ചു. അപ്പോഴതാ കുറെ ആളുകളെ പൊലീസ് ഒാടിച്ചുകൊണ്ടുവരുന്നു. ബൈക്കിലിരുന്നുതന്നെ ഈ ചിത്രമെടുത്ത് റോബർട്ടിനെ വിളിച്ചു. ടോണി ഡൊമിനിക്കും റോബർട്ടും പൊലീസ് ആക്ഷനും ജനങ്ങളുടെ ഒാട്ടവുമെല്ലാം എടുക്കുന്നുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി ജനങ്ങളെല്ലാം ഉടൻ പിരിഞ്ഞുപൊയ്ക്കൊള്ളു‍ം. ആശ്വാസം ഈ ചുംബന മേള മഹാമഹം കഴിഞ്ഞല്ലോ. വണ്ടിതിരിച്ചു പനമ്പിള്ളിനഗറിലെ ഒാഫിസിലേക്ക്...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

2014, നവംബർ 2, ഞായറാഴ്‌ച

ഇന്ന് വിശ്രമിക്കാം...

ദാ! ഒരു തിങ്കളാഴ്ച എത്തുന്നു. ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിനം. ശനിയും ഞായറും കഴിഞ്ഞുള്ള അവധിയിൽ നിന്നും ആളുകൾ തിരക്കിലേക്ക് അലിയുന്ന ദിവസം. റോഡിലെ ഗതാഗതം ശ്രദ്ധിക്കുന്ന ഏവരും കാണുന്ന ഒരു കാര്യമുണ്ട്, തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങും. ഫലത്തിൽ ഏറ്റവുമധികം പുകയും പൊടിയും അന്തരീക്ഷത്തിൽ ഉണ്ടാകും. കൂടാതെ പലരും നല്ലൊരു തുടക്കമാകട്ടെയെന്നുകരുതി ഡ്രൈവിങ് പഠിക്കാനും തിരഞ്ഞെടുക്കുന്ന ദിനം. ഡ്രൈവിങ് പഠിക്കുന്ന ആൾക്കൊഴികെ മറ്റാർക്കും അവരുടെ ഡ്രൈവിങ് നല്ലതായി തോന്നാറില്ല.  ഞായറാഴ്ചയുടെ ആലസ്യത്തിൽ കഴിഞ്ഞ ഏവരും 'സ്റ്റാർട്ടിങ് ട്രബിളിന്' ശേഷം ധൃതിപിടിച്ച് പ‍ായുന്ന ദിനമായതിനാൽ റോഡപകടങ്ങളുടെ ഉയർന്ന തോതും പൊതുവെ തിങ്കളാഴ്ചയുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളെ നമുക്ക് മാരത്തോൺ പരിശീലനത്തിന്റെ അവധിദിനമായി പ്രഖ്യാപിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിനം വിശ്രമിക്കുന്നത് നിങ്ങളുടെ പരിശീലനത്തിന് ബലം കൂട്ടുകയേ ഉള്ളൂ. ഈ വിശ്രമ ദിനത്തിൽ ഒരു കാര്യംകൂടി ചെയ്തോളൂ.. നിങ്ങളുടെ ശരീരഭാരം അളന്ന് അത് കുറിച്ചുവയ്ക്കുക. പത്തുദിവസത്തിനുശേഷം വീണ്ടും നമുക്കൊന്ന് അളക്കാം... അപ്പോഴറിയാം പരിശീലനത്തിന്റെ മികവ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.   

2014, നവംബർ 1, ശനിയാഴ്‌ച

മനസിലുണ്ടോ ഒാട്ടത്തിനുള്ള പാത...?


 മാരത്തണിന് ഇനി കുറച്ച് ദിവസമല്ലേയുള്ളൂ അപ്പോൾ ഒട്ടും സമയം കളയാനില്ലെന്നു കരുതി ഉറക്കം തെളിഞ്ഞപാടെ അന്തംവിട്ട് ഒാടരുത്. അത് നിങ്ങളുടെ ശരീരത്തിന്റെ നിലയാകെ തകരാറിലാക്കും. ഉറക്കം തെളിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ മിനിറ്റ് സമാധാനത്തോടെ കിടക്കയിലിരിക്കുക. ഈ സമയത്ത് ഇന്ന് ഒാടാനുള്ള വഴിയൊന്ന് ഒാർമ്മയിലേക്ക് കൊണ്ടുവന്നോളൂ. നിങ്ങൾ ഒാടുന്ന പാതയുടെ ദൂരം കുറക്കാൻ ഈ ധ്യാനം ഉപകരിക്കും.  എഴുന്നേറ്റശേഷം  ദന്തശുദ്ധിയും ശുചിമുറിലെ പരിചിതമല്ലാത്ത സമയത്തെ പ്രഭാതകൃത്യങ്ങളും അത്യാവശ്യം തിടുക്കത്തിൽത്തന്നെ ചെയ്യുക. കാരണം അധികനേരം ശുചിമുറിയിൽ തങ്ങുന്നത് നമ്മുടെ ഒാട്ടത്തിന്റെ സമയത്തെ ബാധിക്കും. ഇന്ന് ഒാടേണ്ടദൂരം ഒന്നര കിലോമീറ്ററാണ്. അര കിലോമീറ്റർ ദൂരം പതിയെ നടന്ന് പിന്നീടൊരു അരകിലോമീറ്റർ വേഗത്തിലാക്കുക.  ഒരു കിലോമീറ്റർ തികയുന്ന സ്ഥലത്തുനിന്നും പതിയെ ജോഗിങ് തുടങ്ങുക, അത് 500മീറ്റർ പിന്നിടുമ്പോൾ തിരിച്ച് ഒാടുക. വീട്ടിലെ‌ത്തുമ്പോൾ ഒാടിയ ദൂരം ഒന്നര കിലോമീറ്ററും നടന്ന ദൂരം ഒരു കിലോമീറ്ററും. ഒാർമ്മിക്കുക നിങ്ങൾ രണ്ടര കിലോമീറ്റർ ദൂരം മാരത്തണിനായി പിന്നിട്ടുകഴിഞ്ഞു. നേരം പുലർന്നുകഴിയുമ്പോൾ നാളത്തേക്കുള്ള 500 മീറ്റർ കൂടി കണ്ടെത്തണം. ഇപ്പോൾ ഒാടുന്ന പാത മൈതാനമായാലും പ്രശ്നമില്ല. പക്ഷേ ദൂരം കൂടുമ്പോൾ നമുക്ക് റോഡിലിറങ്ങിത്തന്നെ പരിശീലിക്കണം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...