2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കടമിഴിയിലെ കള്ളച്ചിരികണ്ടോ?

കഴിഞ്ഞദിവസമാണ് കേരള സര്‍ക്കാരിന്‍റെ സംസ്ഥാന ഫൊട്ടോഗ്രഫി അവാര്‍ഡ് വിതരണ ചടങ്ങില്‍ അതിഥിയായി പോയത്. പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇതിലെ ചിത്രങ്ങള്‍ കാണുവാന്‍ ആകാംഷ ഉണ്ടായിരുന്നുതാനും. എന്നാല്‍ സെമിനാറും ഉദ്ഘാടനവും കഴിഞ്ഞ് ചിത്രങ്ങള്‍ കണ്ടതോടെ ആകെ സങ്കടം തോന്നി. മദ്യത്തിനും മയക്കുമരുന്നിനും എതിരെ (മനുഷ്യരാശിയുടെ വിപത്തുകള്‍) എന്നതായിരുന്നു കൊടുത്തിരുന്ന വിഷയം. സാധാരണ കാടും പ്രകൃതിയും വെള്ളവുമൊക്കെ കൊടുത്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വകുപ്പ് മന്ത്രി കെ.സി. ജോസഫ് തന്നെയാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്ന്  പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. 98 ശതമാനം ചിത്രങ്ങളും പോസ് ചെയ്ത് എടുത്തവയായിരുന്നു. ചിലതൊക്കെ കണ്ടപ്പോള്‍ മികച്ച സീരിയലോ സിനിമയോ നിര്‍മ്മിക്കാന്‍ ഈ ഫൊട്ടോഗ്രഫര്‍മാര്‍ക്ക് കഴിയുമെന്നും തോന്നാതിരുന്നില്ല. പതിവുപോലെ വിഷയം കിട്ടിയപ്പോള്‍ ക്യാമറയുമായി "എന്നാലൊരു അവാര്‍ഡ് പടം എടുത്തുകളയാം" എന്നുകരുതി പോയവര്‍ക്കാണ് അക്കിടി പറ്റിയത്. കിട്ടിയതുവച്ച് വിധി പ്രഖ്യാപിക്കാന്‍ വിധികര്‍ത്താക്കളും നിര്‍ബന്ധിതരായി.

"മദ്യപിച്ച് അടിതെറ്റി"ക്കിടക്കുന്ന ഗൃഹനാഥന്‍റെ ചിത്രമെടുക്കുമ്പോള്‍ വീട്ടമ്മ ക്യാമറയില്‍ ഒളികണ്ണിട്ടുനോക്കി ചിരിക്കുന്ന ചിത്രം വരെ അക്കൂട്ടത്തിലുണ്ട്.കൂടാതെ "അടിതെറ്റി"ക്കിടക്കുന്നയാളുടെ ചുണ്ടിലും ചെറുചിരി തത്തിക്കളിക്കുന്നു.  അതുപോലെ തന്നെ സംഘം ചേര്‍ന്ന് മദ്യവിപത്തിനെതിരെ ചിത്രമെടുക്കാന്‍ പോയി ഒരു ഭവനത്തിന്‍റെ തന്നെ വ്യത്യസ്ത ആംഗിളില്‍ നിന്നും വീട്ടുകാരെ പകര്‍ത്തിയവരും ഉണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ മുഖങ്ങളെ ശരിയായരീതിയില്‍ത്തന്നെ ഒപ്പിയെടുക്കുന്നതില്‍ പത്രഫൊട്ടോഗ്രഫര്‍മാരെപ്പോലെ തന്നെ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരും ഉയരട്ടെ.

സമൂഹത്തിലെ യഥാര്‍ത്ഥ ദൃശ്യം കലര്‍പ്പില്ലാതെ ക്യാമറയില്‍ ഒപ്പിയെടുത്തവര്‍ക്ക് പ്രത്യേക അഭിവാദ്യം. അടുത്ത തവണയെങ്കിലും ഒരു വിഷയം കിട്ടുമ്പോള്‍ വിഷയാനുസൃതമായി അപ്പോള്‍ പോസ് ചെയ്യിക്കാന്‍ പോകാതെ കയ്യിലൊരു ചിത്രം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഫൊട്ടോഗ്രഫിയിലെ തനിമ എന്നും നിലനിറുത്താന്‍ നിങ്ങള്‍ക്കും ബാധ്യതയുണ്ട്. കാരണം നിങ്ങള്‍ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരാണ്.


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ആ ക്ലിക്കിന് ബിഗ് സല്യൂട്ട്

ഇതാ കുറച്ചുപേർ അംഗീകരിക്കുകയും മറ്റുചിലർ മുഖം തിരിക്കുകയും ചെയ്യുന്ന ഫൊട്ടോഗ്രഫി ദിനം വീണ്ടുമെത്തിയിരിക്കുന്നു. ദിനം ആചരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ഫൊട്ടോഗ്രഫർമാർക്കും ആശംസകൾ. കൊതുകിനുവരെ ഒരു ദിനമുള്ളപ്പോൾ ഫൊട്ടോഗ്രഫർമാർക്കൊരു ദിനം എന്നത് മാറ്റിനിറുത്തേണ്ട കാര്യമല്ലതാനും. 

വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്ന ഇക്കാലത്ത് മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നവരും ഫൊട്ടൊഗ്രഫർമാരുടെ പട്ടികയിൽ വരും. എന്നാൽ പാട്ടുപാടുന്ന എല്ലാവരും യേശുദാസായി മാറാറില്ല എന്നതും ഇതിനോടനുബന്ധിച്ച് ഓർമ്മിക്കാവുന്നതാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് കൊച്ചി മരടിലെ വെടിക്കെട്ടെടുക്കാൻ  രാത്രി നേരത്ത് ക്യാമറക്കൊപ്പം ട്രൈപ്പോഡും റിമോട്ടുമൊക്കെയായി ഞാൻ പോയത്.  ഈ വെടിക്കെ‌ട്ട് ഒരു ഫ്ലാറ്റിനുമുകളിൽ നിന്നാണ് പകർത്തിക്കൊണ്ടിരുന്നത്. അടുത്തുതന്നെ വിലകൂടിയൊരു മൊബൈൽ ഫോണിൽ ഫ്ലാറ്റിലെ താമസക്കാരിലൊരാളും ഇതു പകർത്തുന്നുണ്ട്. അദ്ദേഹം കുറച്ച് ചിത്രങ്ങൾ പകർത്തുകയും വിഡിയോ എടുക്കുകയുമൊക്കെ ചെയ്തശേഷം അടുത്തെത്തി എന്തിനാണ് റിമോട്ട് ഉപയോഗിച്ച് ഞാൻ ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് സംശയം ചോദിച്ചു. ക്യാമറ അൽപം പോലും കുലുങ്ങാതിരിക്കാനെന്ന് മറുപടിയും നൽകി. പിറ്റേന്ന് പത്രത്തിൽ പടം അച്ചടിച്ചുവന്നശേഷം അദ്ദേഹം എന്നെ വിളിച്ച് വീണ്ടുമൊരു സംശയം ചോദിച്ചു. ഞാൻ മൊബൈൽ ഫോണിലെടുത്ത ചിത്രത്തിൽ വെടിക്കെട്ടിന്റെ ഏതാനും വരകളും നിറങ്ങളും മാത്രമേയുള്ളു, പക്ഷേ നിങ്ങളുടെ ചിത്രത്തിൽ ഒന്നിനുമേലെ ഒന്നായി വിരിയുന്ന വർണ വിസ്മയമുണ്ട്.. ഇത് എങ്ങനെ പകർത്തി? 

ഈ ചോദ്യമാണ് ഫൊട്ടൊഗ്രഫി കൂടുതൽ ജനകീയമാകുന്നു എന്നതിന്റെ തെളിവ്. ഓരോരുത്തരും ചിത്രം എടുക്കാൻ തുടങ്ങിയ ശേഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ ചർച്ചകളും പഠനങ്ങളും നടക്കുന്നതെന്നത് ഓരോ പ്രഫഷനൽ ഫൊട്ടോഗ്രഫർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 19 ഫൊട്ടോഗ്രഫി ദിനമായി ആരെങ്കിലും ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ആചരിക്കുന്നവർ ആചരിക്കട്ടെ. ഇനി മറ്റൊരു ദിനം അതിനായി നീക്കി വയ്ക്കുന്നെങ്കിൽ അങ്ങനെയുമാകട്ടെ. 

സമൂഹമാധ്യമങ്ങളുടെ വളർച്ചയോടെയാണ് ഓരോ ഫോട്ടോയുടെയും തലനാരിഴ കീറി പരിശോധിച്ചുള്ള വിമർശനങ്ങളും കയ്യടികളും ഫൊട്ടോഗ്രഫറെ തേ‌ടിയെത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. എടുത്ത ചിത്രം ഏതെങ്കിലും പ്രദർശനത്തിനു വയ്ക്കുമ്പോഴോ, എവിടെയെങ്കിലും അച്ചടിച്ചുവരുമ്പോഴോ മാത്രമാണ് മുൻപ് ഈ കയ്യടിയും വിമർശനവും കിട്ടിയിരുന്നത്. പക്ഷേ ഇന്ന് സ്ഥിതിയാകെ മാറി. ലൈക്കുകൾക്കായി മാത്രം ചിത്രം എടുത്തിടുന്നവരും കുറവല്ല. ഉദ്ദേശിച്ച ലൈക്ക് കിട്ടാതെ അസ്വസ്ഥരാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. അവസാനം സ്വന്തം പടമെങ്കിലും പോസ്റ്റുചെയ്ത് ഇതിനെങ്കിലും ലൈക്കടിക്കൂ കൂട്ടുകാരേ എന്ന് കെഞ്ചുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. വിമർശിച്ചവരെ ശത്രുക്കളുടെ പട്ടികയിൽപെടുത്തി അൺഫ്രണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്ന പരിപാടികളും സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്നു. ലൈക്കുകളല്ല ഒരു ഫോട്ടോയുടെ നിലവാരം അളക്കുന്ന യന്ത്രം എന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫൊട്ടോഗ്രഫർമാർ മനസിലാക്കുന്നത് വളരെ ഗുണകരമാണ്. 

ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫറായതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെടുത്തിയുള്ള ഒരു സംഭവം കൂടി പറയട്ടെ. അടുത്തിടെയാണ് ക്രിക്കറ്റുതാരം ശ്രീശാന്ത് കേസിൽ നിന്നും വിമുക്തനായി നാട്ടിലെത്തിയത്. വീട്ടിലെത്തി കുഞ്ഞിനും കുടുംബത്തിനുമൊപ്പം ഈ ആഹ്ലാദം പങ്കിടുന്ന അദ്ദേഹത്തിന്റെ ചിത്രം നിരന്നുനിൽക്കുന്ന വാർത്താചിത്ര ഛായാഗ്രഹകന്മാരെല്ലാം ഒരേ മുറിക്കുള്ളിൽ നിന്നാണ് പകർത്തിയത്. എല്ലാവരുടെയും ക്യാമറയിൽ ഏകദേശം ഒരേ പോലുള്ള ചിത്രങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. പക്ഷേ പിന്നീടുള്ള കടമ്പയായിരുന്നു അതിലേറെ കഠിനം. നിരവധി ചിത്രങ്ങൾ ക്യാമറയിൽ ഉള്ളതിനാൽ ശ്രീശാന്തും കുട്ടിയും മാത്രം മതിയോ? അതോ കുട്ടിയും ഭാര്യയും വേണോ? ഇതിനുമപ്പുറം അച്ഛനെയും അമ്മയെയും ഉൾപ്പെടുത്തണോ എന്നിങ്ങനെയെല്ലാം ചിന്തകൾ അവരിലൂടെ കടന്നുപോയിരിക്കാം. ഇതിനുപുറമെയാണ് ശ്രീശാന്തിന്റെ സുഹൃത്തുക്കളടങ്ങിയ സംഘത്തിനൊപ്പം അദ്ദേഹത്തിന്റെ ആഘോഷവും കൂടി എത്തിയത്. താൻ നേരിട്ടുകണ്ട ദൃശ്യത്തിൽനിന്ന്  പൊതുജനത്തിനുമുൻപിൽ ഏതിനെ പ്രദർശിപ്പിക്കണം എന്നുള്ള ഒരു ഫൊട്ടോഗ്രഫറുടെ തീരുമാനമാണ് അതിൽ പ്രധാനം. ആ തീരുമാനം പലർക്കും തെറ്റിപ്പോകുകയും ചിലർ നല്ല തീരുമാനം എടുക്കുകയും ചെയ്തു. നല്ല തീരുമാനം എന്നത് പിറ്റേന്ന് വായനക്കാരിൽ നിന്നും സ്ഥാപനത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കിട്ടുന്ന പ്രതികരണത്തെ ആശ്രയിച്ചിരിക്കും. അതിനെ മുൻകൂട്ടി കാണാനുള്ള കഴിവാണ് ഓരോ ന്യൂസ് ഫൊട്ടോഗ്രഫർക്കും ഉണ്ടാകേണ്ടത്, അല്ലെങ്കിൽ പരിശീലനത്തിലൂടെയുംസൂക്ഷ്മനിരീക്ഷണത്തിലൂടെയും സമൂഹത്തിന്റെ മനസറിയാനുള്ള ഈ കഴിവ് നേടിയെടുക്കുകയും വേണം. നിമിഷനേരം കൊണ്ടെടുക്കേണ്ടിവരുന്ന തീരുമാനത്തെക്കുറിച്ചോർത്ത് പിന്നീട് ദുഖിച്ചിട്ടുകാര്യമില്ലതാനും. 
ചിത്രത്തിന് കടപ്പാട് ടോണി ഡൊമിനിക് മനോരമ 


ചിത്രത്തിന് കടപ്പാട് സിദ്ദിഖുല്‍ അക്ബര്‍ മാതൃഭൂമി












ചിത്രത്തിന് കടപ്പാട് പ്രകാശ് എളമക്കര മെട്രൊ വാര്‍ത്ത


എന്തുതന്നെ ആയാലും സമൂഹത്തിലെ ഓരോ ചലനവും ചരിത്രത്തിന്റെ താളിലേക്ക് മായാതെ ചേർക്കുന്ന ഓരോ ക്യാമറക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കും വിരലമർത്തുന്നവർക്കും ‘ബിഗ് സല്യൂട്ട്’. 

ജോസ്കുട്ടി പനയ്ക്കൽ 
19.08.2015

2015, ജൂലൈ 28, ചൊവ്വാഴ്ച

ക്യാമറയിലെ കലാം

 

ക്യാമറയുടെ ഫ്രെയിമുകളില്‍ എപിജെ അബ്ദുല്‍ കലാമിന്റെ മുടിക്കിടയിലെ സുസ്മിതം എപ്പോഴും വേറിട്ടൊരു കാഴ്ചയായിരുന്നു. ഇന്ത്യയുടെ നാല് രാഷ്ട്രപതിമാര്‍ ഞാന്‍ വിരലമര്‍ത്തിയ ക്യാമറയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഒരാള്‍ മലയാളി ആയിരുന്നുവെന്നത് കൂടുതല്‍ അഭിമാനകരം. പക്ഷേ ക്യാമറക്ക് കൂടുതലിഷ്ടം ഈ തമിഴ്നാട്ടുകാരന്‍ അബൂര്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാമിനെയായിരുന്നോയെന്ന് ഇപ്പോള്‍ സംശയം. ലക്ഷക്കണക്കിന് ചിത്രങ്ങളുടെ ശേഖരത്തില്‍ 120 ചിത്രങ്ങളാണ് തിരഞ്ഞെടുത്ത് ഞാന്‍ പലകാലങ്ങളിലായി പുനരുപയോഗത്തിനു സജ്ജീകരിച്ചിരുന്നത്. അതില്‍ ഇന്ന് പ്രധാനപേജില്‍ ഉപയോഗിച്ച ചിരിയും ഉണ്ടായിരുന്നു.

കലാമിന്റെ പരിപാടി കവര്‍ ചെയ്യാന്‍ പോകുകയെന്നത് രസകരമായ കാര്യമാണ്. മറ്റ് ഇന്ത്യന്‍ പ്രസിഡന്റുമാരുടെ ചടങ്ങുകള്‍പോലെയല്ല അത്. കനത്ത സുരക്ഷാവലയത്തിലെത്തി എഴുതിവച്ച പ്രസംഗം ബലംപിടിച്ച് വായിച്ച് കൈകൂപ്പിത്തൊഴുത് വേദിവിടുന്ന രാഷ്ട്രപതിമാരുടെ രീതിയായിരുന്നില്ല  അദ്ദേഹത്തിന്റേത്. കുട്ടികള്‍ സദസിലുണ്ടെങ്കില്‍ അദ്ദേഹം കുട്ടിയാകും. ശാസ്ത്രജ്ഞരുണ്ടെങ്കില്‍ അദ്ദേഹം അതാകും. എന്തായി മാറിയാലും അദ്ദേഹം അവര്‍ക്കെല്ലാം ഉരുവിടാന്‍ കുറച്ചു വിജയമന്ത്രങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതെല്ലാം ഏറ്റുചൊല്ലിപ്പിച്ചിട്ടേ അദ്ദേഹം വേദി വിടൂ. ഇതിനിടയിടയില്‍ രാഷ്ട്രപതിയുടെ പരിപാടി എന്നുള്ള ബലമെല്ലാം എല്ലാവരും വി‌ട്ടിട്ടുണ്ടാകും.

അദ്ദേഹത്തിന്റെ നിരവധി പരിപാടികള്‍ ഞാന്‍ എടുത്തെങ്കിലും കൊച്ചി സേക്രട്ട്ഹാര്‍ട്ട് കോളജില്‍ 2012 സെപ്റ്റംബര്‍ 6ന് എത്തിയപ്പോഴത്തെ പരിപാടി ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.  അന്ന് അദ്ദേഹം രാഷ്ട്രപതിയല്ല. പക്ഷേ രാഷ്ട്രപതിയെ കാണാനെന്നപോലെ കുട്ടികളും വലിയവരും ഇടിച്ചുനില്‍ക്കുന്നു. ഒപ്പം നിന്നുഫോട്ടോയെടുക്കാന്‍... ഓട്ടോഗ്രാഫ് വാങ്ങാന്‍.. കാലിന്‍ വീഴാന്‍.. എന്നിങ്ങനെ ആവശ്യക്കാര്‍ ഏറെയാണ്. ഇവരെയെല്ലാം ഒരുവിധം തൃപ്തിപ്പെടുത്തി അദ്ദേഹം വേദിയില്‍ കയറി. തമിഴ്നാട്ടിലെ മുന്‍ബിഷപ്പും ഇപ്പോള്‍  കത്തോലിക്കാ സഭയുടെ കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആഴഞ്ചേരിയും വേദിയിലുണ്ട്. മറ്റ് ബിഷപ്പുമാരില്‍ നിന്നും വ്യത്യസ്തമായ കുരിശുമാലയാണ് ആലഞ്ചേരിക്കുള്ളത്. ഭാരതസംസ്ക്കാരം മുന്‍നിറുത്തി അദ്ദേഹം രുദ്രാക്ഷമാലയിലാണ് ക്രൂശിതരൂപം അണിഞ്ഞിരിക്കുന്നത്. അടുത്തടുത്ത സീറ്റിലിരുന്ന ഇവര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇതിനിടെ കലാം കര്‍ദ്ദിനാളിന്റെ കഴുത്തിലെ മാലയില്‍ ശ്രദ്ധിക്കുന്നു.. അത് കയ്യിലെടുക്കുന്നു.. എന്തോ ചോദിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇതെല്ലാം കഴിഞ്ഞു. ചിത്രവും ക്യാമറയില്‍ പതിഞ്ഞു.

തിരക്കെല്ലാം കഴിഞ്ഞ് അദ്ദേഹം കാറില്‍ കയറി യാത്രയായി. പക്ഷേ കര്‍ദിനാളിനോട് മാലയില്‍ പിടിച്ച് ചോദിച്ചതെന്ത് എന്നുള്ള സംശയം ബാക്കിനില്‍ക്കുന്നു. ഇനി അതും ഒരു വാര്‍ത്താബിന്ദു ആണെങ്കിലോ? താമസിച്ചില്ല കാറില്‍ മടങ്ങിയ കര്‍ദിനാളിനെത്തന്നെ വിളിച്ചു. ഇത് ഒറിജിനല്‍ രുദ്രാക്ഷം തന്നെയാണോയെന്ന് അന്വേഷിച്ചതാണെന്ന് അദ്ദേഹത്തിന്റെ മറുപടി. സമാധാനമായി ആ പോയിന്റും ചേര്‍ത്ത് അടിക്കുറിപ്പുനല്‍കാനുള്ള തീരുമാനവുമായി ‍ഓഫിസിലേക്ക് തിരിച്ചു.
ജോസ്കുട്ടി പനയ്ക്കല്‍ 28.07.2015
Morepictures...  http://english.manoramaonline.com/multimedia.nation.apj-in-memories.html 

2015, ജൂലൈ 4, ശനിയാഴ്‌ച

പാവയ്ക്കുമുണ്ടാകും കഥപറയാൻ...


                             ചില അവസരങ്ങള്‍ ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. മറ്റുചിലതാകട്ടെ കണ്ണുനനയിപ്പിക്കും.  പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേന, ആതുരസേവന രംഗത്തുള്ളവര്‍ എന്നിവരെപ്പോലെതന്നെ പലപ്പോഴും മാധ്യമപ്രവര്‍ത്തകരും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മരണങ്ങളിലും അപകട സ്ഥലങ്ങളിലും റിപ്പോര്‍ട്ടിങ്ങിനായി എത്തേണ്ടിവരും. ദുഖം തളം കെട്ടിനില്‍ക്കുന്ന ആ സ്ഥലങ്ങളില്‍ പതുങ്ങിനിന്നുചിത്രമെടുക്കുകയും അകന്ന ബന്ധുക്കളോടും അയൽക്കാരോടും സുഹൃത്തുക്കളോടും കാര്യങ്ങള്‍ തിരക്കി വാര്‍ത്ത തയ്യാറാക്കുകയും ചെയ്യുന്ന പഴയ തലമുറ മാധ്യമ സംസ്ക്കാരത്തിന് ഇന്ന് മാറ്റം ഏറെയായി. സ്ഥലത്തുനിന്നും ലൈവായി റിപ്പോര്‍ട്ടിങ് തുടങ്ങിയതോടെ ന്യൂസ് റൂമില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ കണ്ടെത്തേണ്ടസ്ഥിതി വന്നു. അതുകൊണ്ടുതന്നെ മൈക്കുകള്‍ ദുരന്തസ്ഥലത്തും കരച്ചില്‍ക്കാര്‍ക്കിടയിലും എന്തിനേറെ മരിച്ച വൃക്തിയുടെ അടുത്ത ബന്ധുവിലേക്ക് പോലും നീണ്ടുചെന്നു. ഇതിനിടെ സാമൂഹ്യമാധ്യമ ജ്വരം ബാധിച്ചവര്‍ മിനിറ്റുതോറും നല്‍കുന്ന ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ക്കായി  മൊബൈല്‍ ഫോണുകള്‍ മൃതദേഹത്തിലേക്ക് പോലും നീളുന്നു. 
                       ഐങ്കൊമ്പ് ബസ് അപകടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വാഴയിലയില്‍ നിരത്തിയിട്ടിരിക്കുന്ന ഭയാനകമായ ഒരു ദൃശ്യമാണ് എന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ മനസില്‍ ആദ്യമായി ആഴത്തില്‍ പതിഞ്ഞൊരു സംഭവം. ആ ഭയാനകദൃശ്യങ്ങൾക്കിടയിലും പ്രശസ്ത ന്യൂസ് ഫൊട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജ് എടുത്ത ചിത്രം പിന്നീടാണ് ചര്‍ച്ചാവിഷയമായത്.   മരിച്ചവരുടെദൃശ്യങ്ങൾ കാണാന്‍ ചെറിയൊരു മരക്കമ്പില്‍ പിടിച്ചിരിക്കുന്ന നിരവധി ആളുകളുടെ കൈകളും ഒരാളുടെ മുഖവും മാത്രമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. സംസാരശേഷി ഏറെയുള്ളൊരു ചിത്രം പക്ഷേ പതിയെയാണ് ചര്‍ച്ചാവിഷയമായത്. 
​​
              കണ്ണൂര്‍ കൊലപാതക പരമ്പരയുടെ സമയത്താണ്  മലയാള മനോരമയില്‍ കരച്ചിലും ബഹളവുമില്ലാതെ പി.ആർ‍. ദേവദാസ് എടുത്ത ഒരു ചിത്രം എത്തിയത്. മകൻ മരിച്ചതറിയാതെ അമ്മ അടുക്കളയില്‍ അദ്ദേഹത്തിനായി വിളമ്പിവച്ച കഞ്ഞിയും കപ്പപുഴുക്കായിരുന്നു ആ ദിവസത്തെ വാര്‍ത്താ ചിത്രം. അത് ഒരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു. ജോലിയുടെ ഭാഗമായി കണ്ണൂരില്‍  ഞാനും തൊട്ടുപിന്നാലെ എത്തിച്ചേര്‍ന്നു. രാഷ്ട്രീയ മരണങ്ങള്‍ ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടുചെയ്യാന്‍ പോകുമ്പോള്‍ ബന്ധുക്കളുടെ മനം തകര്‍ന്നുള്ള കരച്ചില്‍ പത്രത്തിന്‍റെ പ്രധാനപേജില്‍ ഇടംപിടിക്കാതെ മറ്റുചിത്രത്തിലേക്ക് പോകാന്‍ പ്രത്യേക ശ്രദ്ധഞാനും നൽകി.

പുതുതലമുറ മാധ്യമങ്ങള്‍ നാഴികക്ക് നാല്‍പത് വട്ടം അപ്ഡേറ്റ് ചെയ്ത് ആദ്യം ഉണ്ടായിരുന്നതിനെ വീണ്ടും മാറ്റിയെഴുതി ചിലപ്പോൾ പിൻവലിക്കുകയും ചെയ്യുമ്പോൾ അച്ചടി മാധ്യമത്തിന് ഒരു വാക്കേയുള്ളു. അച്ചടിച്ചത് അച്ചടിച്ചതുതന്നെ. അതുകൊണ്ടുതന്നെയാണ് ആധികാരികതയുടെ വിലയിരുത്തലായി ഇന്നും അച്ചടിമാധ്യമങ്ങള്‍ പരിഗണിക്കപ്പെടുന്നതും. പക്ഷേ പുതുതലമുറ മാധ്യമങ്ങളുടെ വെപ്രാളം ഇന്ന് അച്ചടി മാധ്യമ പ്രവര്‍ത്തകനിലേക്കും കുടിയേറിയിട്ടുണ്ട്. ഒഴുക്കിനൊത്തുനീന്തുമ്പോള്‍ അദ്ദേഹവും വെപ്രാളത്തിന്‍റെ ആള്‍രൂപമായി മാറുന്നു. ആ വെപ്രാളത്തിനിടയിലും സമചിത്തതയും അവസരോചിതമായ പെരുമാറ്റവുമാണ് പൊതുജനങ്ങള്‍ എല്ലാ മാധ്യമപ്രവര്‍ത്തരിൽ നിന്നും പ്രതീക്ഷിക്കുന്നതും. അതിന് ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമമെന്നൊരു വേർതിരിവ് പൊതുജനത്തിനില്ല.  അതിന് ഭംഗം വരുമ്പോഴാണ് വിമര്‍ശനശരങ്ങള്‍ അവനിലേക്കോ അവളിലേക്കോ നീളുന്നതും.  
കഴിഞ്ഞ ആഴ്ചയാണ് കോതമംഗലം അടിമാലി റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ മരം മറിഞ്ഞുവീണ് അഞ്ച് കുട്ടികള്‍ മരിച്ചത്. കേരളക്കരയാകെ വേദനിച്ചതിനൊപ്പം കുട്ടികളുള്ളവരെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിച്ച  അപകടവാര്‍ത്ത. ആദ്യദിനത്തില്‍ അപകടം നടന്ന സ്ഥലം മുതല്‍ ആശുപത്രി,സ്കൂൾ,  ബന്ധുജനങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണവും ചോദ്യവും വിശകലനവും നീണ്ടു. പിറ്റേന്ന് നാല് കുട്ടികളുടെ മൃതസംസ്ക്കാര ചടങ്ങ് നടക്കുന്നു. അതിന്‍റെ വാര്‍ത്താചിത്രങ്ങൾ പകർത്താനുള്ള ചുമതല എന്നിലേക്ക് വന്നുചേര്‍ന്നു. സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട് വിനോദ് രണ്ടുകുടുംബങ്ങളില്‍ പോകാമെന്നേറ്റു.   മരിച്ച കുട്ടിയുടെ പ്രായത്തിലുള്ള  കുട്ടികള്‍ എനിക്കുമുണ്ട്. മുന്‍പ് റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടിട്ടുള്ള മറ്റ് മരണങ്ങളെപ്പോലെ തീര്‍ത്തും വികാരമില്ലാതെ ഇതിനെ കാണാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ആദ്യവീട്ടില്‍ സഹപാഠികൾ സന്ദര്‍ശിക്കുന്ന ഒരു ചിത്രം തിടുക്കത്തില്‍ പകര്‍ത്തി അടുത്തവീട്ടിലേക്ക് തിരിച്ചു.
                        ഇനി ഏകമകള്‍ മരിച്ച വീട്ടിലേക്കാണ് പോകേണ്ടത്. കാത്തിരുന്ന് കിട്ടിയ ഏക മകള്‍ ആറാം ക്ലാസ് പ്രായംവരെ എത്തുമ്പോള്‍ തങ്ങളെ തനിച്ചാക്കി പോകുന്ന മാതാപിതാക്കളുടെ മുഖം ആലോചിച്ചപ്പോഴേ കണ്‍കോണില്‍ ചെറിയ നനവ്. വീടിനടുത്ത് എന്നെ ഇറക്കി വണ്ടി മാറ്റിയിട്ടുവരാമെന്നറിയിച്ച് കാറുമായി ഡ്രൈവര്‍ പോയി. കുറച്ചുനേരം അവിടെത്തന്നെ നിന്നു. വിഷാദമുഖവുമായി വീട്ടിലേക്ക് പോയവര്‍ നനഞ്ഞ കണ്‍പീലിയുമായി തിരിച്ചുപോകുന്നതും ശ്രദ്ധിച്ചു. ഇത് എന്‍റെ ആരുമല്ല.. വെറും ജോലി മാത്രം...  എന്ന് മനസില്‍ ഉരുവിട്ട് വീട്ടുമുറ്റത്തുകെട്ടിയ പന്തലിലേക്ക് കയറി.  പന്തലില്‍കിടത്തിയ കുഞ്ഞുശരീരത്തിനടുത്തിരുന്ന് ആരൊക്കെയോ കരയുന്നുണ്ട്. അവിടേക്കൊന്നും ശ്രദ്ധിക്കാനേപോയില്ല. വീടിന്‍റെ പ്രധാനവാതിലിനോടുചേര്‍ന്ന ജനലില്‍ ഒരു പാവക്കുട്ടി മുറ്റത്തേക്കുനോക്കി കിടക്കുന്നുണ്ട്. ഒരു കൈപുറത്തിട്ട് മറു കൈ ജനല്‍ക്കമ്പിയില്‍ പിടിച്ചാണ് അവളുടെ കിടപ്പ്. കണ്ടാല്‍ തന്‍റെ കൂട്ടുകാരിക്ക് അന്തിമയാത്ര പറയുന്ന അതേ പ്രതീതി.  ജനലിന്‍റെ അടുത്ത പാളിക്കിടയിലൂടെയും മുന്നിലും  അരികിലുമൊക്കെയായി ആ കുഞ്ഞുദേഹം വീക്ഷിച്ച് വിഷണ്ണരായി നില്‍ക്കുന്നവരുടെ മുഖത്തേക്കും കണ്ണോടിച്ചു. എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കുതന്നെ. താമസിച്ചില്ല അതേ വികാരങ്ങളുമായി ആ ഫ്രെയിം ക്യാമറയിലാക്കി മാറിനിന്നു. മരിച്ച കുട്ടിയുടെ അമ്മയുടെയും അച്ഛന്‍റെയും കരഞ്ഞുതളര്‍ന്ന മുഖം ജനക്കൂട്ടത്തിനിടയില്‍ കത്തുന്ന മെഴുകുതിരികള്‍ക്കിടയിലൂടെ കാണുന്നുണ്ട്. ഈ എരിച്ചില്‍ അവരുടെ മനസിലെരിയുന്നതിനേക്കാള്‍ തുലോം തുച്ഛമെന്ന് സൂം ലെന്‍സ് എനിക്ക് കാണിച്ചുതന്നു. ആരുടെയും ശ്രദ്ധയില്‍പെടാതെ മറ്റൊരുചിത്രംകൂടി. പിന്നെ അവിടെ നിന്നില്ല പുറത്തേക്ക്  തിടുക്കത്തില്‍ ഇറങ്ങി. പാവക്കുട്ടിയെ തിരിഞ്ഞൊന്നുനോക്കി. ഇല്ല! ജനല്‍ക്കമ്പിയില്‍ നിന്നും ആരോ അതിനെ എടുത്തുമാറ്റിയിരിക്കുന്നു. അതോ തന്‍റെ കൂട്ടുകാരിയുടെ അന്ത്യയാത്ര കാണാന്‍ കഴിയാതെ ഈ കൂട്ടവിലാപത്തില്‍ നിന്നും അവധിയെടുത്ത് അവള്‍ താഴേക്ക് വീണുവോ?



വിടനല്‍കുന്നു കൂട്ടുകാരീ... കോതമംഗലത്ത് സ്കൂള്‍ ബസില്‍ മരം വീണ് മരിച്ച വിദ്യാവികാസ് സ്കൂള്‍ വിദ്യാര്‍ഥി ഈസ സാറാ എല്‍ദോയുടെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ജനല്‍കമ്പിയില്‍ മൃതദേഹത്തിലേക്ക് നോക്കിയെന്നവണ്ണം തൂങ്ങിക്കിടക്കുന്ന ഈസയുടെ പ്രിയ പാവക്കുട്ടി. ചിത്രം.ജോസ്കുട്ടി പനയ്ക്കൽ 










2015, ജൂൺ 26, വെള്ളിയാഴ്‌ച

മറ്റൊരു സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകനാകുന്നത് ഇത്ര വെറുക്കപ്പെടേണ്ടതാണോ?


സ്വന്തം വീട്ടുകാരോട് സ്നേഹം വേണം ശരിതന്നെ. പക്ഷേ അയല്‍ക്കാരനുണ്ടാകുന്ന നേട്ടം കണ്ടില്ലെന്നുനടിക്കാമോ? കഴിഞ്ഞദിവസം പത്രപ്രവര്‍ത്തക മികവിനു പുരസ്ക്കാരം കിട്ടിയൊരു മാധ്യമപ്രവര്‍ത്തകന്‍  വാര്‍ത്തയോ ചിത്രമോ തന്‍റെ സ്ഥാപനത്തിലൊഴികെയുള്ള അച്ചടി - ദൃശ്യമാധ്യമങ്ങളിലൊന്നും കാണാത്തതില്‍  സമൂഹമാധ്യമത്തിലൂടെ കുണ്ഠിതപ്പെടുന്നതുകണ്ടു. അദ്ദേഹത്തിന്‍റെ ചിത്രം കാണാതായപ്പോള്‍ മാത്രമാണ് അദ്ദേഹം ഇതിനെക്കുറിച്ച് ബോധവാനായത് എന്നത് മറ്റൊരുവശം. അദ്ദേഹത്തിന്‍റെ സ്ഥാപനവും ഈ ഗണത്തില്‍ത്തന്നെ മറ്റ് പത്രപ്രവര്‍ത്തകരെ അവഗണിക്കുന്ന പോളിസി സ്വീകരിക്കുന്നൊരു സ്ഥാപനമാണ് എന്നത് അന്നേവരെ അദ്ദേഹം ഓര്‍ത്തിരുന്നില്ല.

ഓരോ സ്ഥാപനത്തിനും ഓരോ പോളിസിയുണ്ട് എന്നത്  കുറച്ചുപേര്‍ക്കെങ്കിലും അറിയാവുന്നതാണ്. എന്നാല്‍ ഒരു അവാര്‍ഡ് കമ്മിറ്റി പല മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ ഞങ്ങള്‍ക്കുമാത്രമേ ഇത് കിട്ടിയിട്ടുള്ളു,  ഞങ്ങളുടെ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കിയുടെ പടം ഈ കാണുന്നതാണ് എന്നുപറഞ്ഞു നല്‍കുന്ന രീതി വളരെ മോശം തന്നെ. അവാര്‍ഡുകമ്മിറ്റി എല്ലാവരുടെയും ചിത്രം നല്‍കിയിട്ടുണ്ടെങ്കില്‍ അത് നല്‍കുന്നതല്ലേ നല്ലത്. ഇനി മറ്റുള്ളവരെ അത്രക്ക് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വീട്ടുകാരനെ പ്രധാനപേജിലോ സ്ലോട്ടിലോ നല്‍കിയിട്ട് മറ്റുള്ളവരെ പ്രാദേശികം പേജിലെങ്കിലും ചേര്‍ത്തുകൂടെ?
ആര്‍ക്കെങ്കിലും ചെറിയൊരു നേട്ടമുണ്ടാകുമ്പോള്‍ (കിട്ടുന്നയാള്‍ക്ക് അത് ഏറ്റവും വലുതാണ്) അത് മാധ്യമപ്രവര്‍ത്തകനല്ലെങ്കില്‍ ബ്രേക്കിങ് ന്യൂസ് കൊടുക്കുന്നൊരു സംസ്ക്കാരമാണ് ഇന്നുള്ളത്. പക്ഷേ അവനോ അവളോ മാധ്യമപ്രവര്‍ത്തകനായിപോയെങ്കില്‍ തീര്‍ന്നു. പിന്നെ ഒരു സമാധാനം സ്വന്തം സ്ഥാപനത്തിന്‍റെ മാധ്യമത്തിലെങ്കിലും വരുമെന്ന് ആശ്വസിക്കുക എന്നതാണ്.

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ഓ! ആണ്‍കുട്ടികളും എഴുതുന്നുണ്ട് പരീക്ഷ... പക്ഷേ...!

മാധ്യമങ്ങളുടെ വെബ് പേജിലെ പത്താംക്ലാസ് പരീക്ഷയോടനുബന്ധിച്ചുള്ള ചിത്രം നല്‍കുമ്പോള്‍ സാധാരണയായി പെണ്‍കുട്ടികള്‍  പഠിക്കുന്നതോ ആഘോഷിക്കുന്നതോ ആയ ചിത്രങ്ങളാണ് കാണാറുള്ളത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പലപ്പോഴും ഉയരുന്നൊരു കമന്റാണ് ‘എന്താ ആണ്‍കുട്ടികളാരും എസ്എസ്എല്‍സി പരീക്ഷ എഴുതാറില്ലേ?’ എന്നുള്ളത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി  പത്താം ക്ലാസ് പരീക്ഷയുടെ തുടക്കവും ഒടുക്കവും ഫലപ്രഖ്യാപന ആഘോഷങ്ങളുമെല്ലാം പത്രത്തിനായി ക്യാമറയില്‍ പകര്‍ത്തിയ എനിക്ക് കൗതുകകരമായി തോന്നിയതും വായനക്കാര്‍ക്ക് താത്പര്യമെന്ന് ഞാന്‍ മനസിലാക്കിയതുമായ ചിത്രങ്ങളെല്ലാം  പെണ്‍കുട്ടികളുടേതായിരുന്നു.

 എന്നാല്‍ ആണ്‍കുട്ടികളുടെ പരീക്ഷാ ചിത്രം എടുക്കുക പോലും ചെയ്യുന്നില്ല എന്നുകരുതരുത്. എടുക്കുന്നുണ്ടെന്നുമാത്രമല്ല പരമാവധി നന്നായിത്തന്നെ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷേ വാര്‍ത്താ ചിത്രത്തിന്റെ തന്മയത്വം നഷ്ടപ്പെടുന്ന രീതിയില്‍ ക്യാമറക്ക് മുന്നില്‍  കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇത്തരം ചിത്രങ്ങള്‍ പുറന്തള്ളപ്പെടാന്‍ കാരണം. വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ചലനങ്ങള്‍  ഒപ്പിയെടുക്കാന്‍ പരമാവധി അവരില്‍ നിന്നും അകന്ന് സൂം ലെന്‍സിലാണ്  പൊതുവെ പത്രഫോട്ടോഗ്രാഫര്‍മാര്‍  ഇത്തരം ചിത്രം പകര്‍ത്തുക. എന്നാല്‍ ഈ വിദ്യാര്‍ഥികളാരും ക്യാമറ കാണുന്നേയില്ല എന്നുകരുതരുത്... കണ്ടാലും സ്വാഭാവികമായ ചലനത്തിനോ ഭാവത്തിനോ മാറ്റമുണ്ടാകാതെ പെണ്‍കുട്ടികള്‍ പൊതുവെ പെരുമാറും. എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമറകണ്ടാല്‍ തിമിര്‍ത്തുമറിയും... വിരല്‍ പൊക്കി പലവിധ ആംഗ്യങ്ങള്‍ കാണിക്കും... ( ഈ കാണിക്കുന്ന പല ആംഗ്യങ്ങളുടെയും അര്‍ഥം പിന്നീടായിരിക്കും അവര്‍ മനസിലാക്കുന്നതുപോലും) ക്യാമറക്കരികിലേക്ക് ഓടിയെത്തി ചേട്ടന്‍ ഏത് പത്രത്തിലാണ് ഇത് കൊടുക്കുകയെന്ന് അന്വേഷിക്കും... ആകെക്കൂടി എടുത്ത ചിത്രങ്ങള്‍ താറുമാറാകും. ഇതോടെ മര്യാദക്കാരായ പെണ്‍കുട്ടികളുടെ ചിത്രം നല്‍കാന്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പരീക്ഷക്കാലത്തെ ഈ അങ്കം ഏതെങ്കിലും സ്കൂള്‍ പരിസരത്തുചെന്ന് വെറുതെയൊന്ന് വീക്ഷിച്ചുകൊള്ളൂ. അപ്പോള്‍ ലൈവായി കാണാം ഇപ്പറഞ്ഞ സംഗതിയെല്ലാം.

100 ശതമാനം ആളുകളെയും തൃപ്തിപ്പെടുത്തി ലോകത്ത് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നതുപോലെ മലയാളികള്‍ക്കിടയില്‍  വിമര്‍ശനമില്ലാതെ യാതൊരു കാര്യവും സാധ്യമാകില്ലെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. വായനക്കാരുടെയും കാഴ്ചക്കാരുടെയും താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എല്ലാ മാധ്യമങ്ങളും പരിശ്രമിക്കാറ്. പഴയകാലത്ത് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കത്തിലൂടെ എത്തിയിരുന്നെങ്കില്‍ പിന്നീടത് ഫോണിനും എസ്എംഎസിനും വഴിമാറി. പിന്നാലെ സോഷ്യല്‍ മീഡിയ വിപ്ലവം എത്തിയതോടെ അഭിപ്രായ പ്രകടനങ്ങളുടെ പെരുമഴയായി.  പെണ്‍പേരിലെ ഫേക് ഐഡികള്‍ക്കുപോലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്താണ് ആണ്‍ ചിത്രം കാണിച്ചുതരൂ എന്നുള്ള ഈ വിലാപമെന്നതാണ് വളരെ കഷ്ടം. എന്നാല്‍ ആണ്‍ ചിത്രം നല്കി‍യാലോ ‘അതിന് അത്രക്കങ്ട് ഗുമ്മ് പോര’ എന്നതാണ് പൊതുവിലുള്ള അഭിപ്രായവും. ഇത് ചിത്രം എടുക്കുന്ന ആളുടെയോ എഡിറ്ററുടെയോ അഭിപ്രായമായി മാത്രം കണക്കാക്കേണ്ടതുമില്ല.

അച്ചടി മാധ്യമങ്ങളുടെ പെണ്‍ ചിത്രത്തിന് പേരുകേട്ടവയാണ് ആഴ്ചപ്പതിപ്പുകള്‍. നിരത്തിലോ റെയില്‍വേ സ്റ്റേഷനിലോ എവിടെയെങ്കിലുമാകട്ടെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ഇവയുടെ പുറം താളില്‍  പ്രമുഖ നടന്മാരുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ നടിയുടെ ചിത്രം മുഖചിത്രമായി അച്ചടിച്ച മാഗസിനിലേക്കേ മലയാളിയുടെ കണ്ണ് ആദ്യം പോകൂ. ഒരേ മാസികതന്നെ ആണ്‍-പെണ്‍ താരങ്ങളുടെ മുഖചിത്രമായി ഇറക്കുന്ന പതിപ്പുകളില്‍ പെണ്‍ ചിത്രം വന്നിട്ടുള്ള പതിപ്പുകള്‍ക്കാണ് വില്‍പന കൂടുതല്‍ എന്ന് പ്രചരണ വിഭാഗം ജോലിക്കാര്‍ എപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കാണ്.

ഇനി അച്ചടിവിട്ട് ദൃശ്യമാധ്യമത്തെ പരിശോധിക്കാം. പെണ്‍ വിപ്ലവം സൃഷ്ടിച്ച് പ്രശസ്തമായ എന്‍ഡിടിവിയില്‍ ക്യാമറ കൈകാര്യം ചെയ്യാന്‍ വരെ പെണ്ണുങ്ങള്‍ എത്തിയപ്പോള്‍ ആളുകള്‍ മിഴിച്ചുനിന്നു. കരയാതെ ബലം പിടിച്ചുനിന്ന നേതാക്കള്‍ വരെ ആ ക്യാമറക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വാര്‍ത്തവായിക്കുന്ന സ്ത്രീകളുടെ സാരിയും ചാന്തും പൊട്ടും കണ്ണടയും  എന്തിനേറെ അവരുടെ കുടുംബത്തെക്കുറിച്ചുവരെ ആളുകള്‍ ചര്‍ച്ചചെയ്തു. ഇതൊക്കെയുള്ള ആണുങ്ങള്‍ ഈ പണി കാലങ്ങളായി ചെയ്തിട്ടും ആരും അതൊന്നും ചര്‍ച്ചചെയ്യാന്‍ പോയിട്ട് മൈന്‍ഡ് ചെയ്തോയെന്ന് സംശയം.

പിന്നെയതാ സോഷ്യല്‍ മീഡിയ വിപ്ലവം. ഇവിടെ മറപിടിക്കാത്ത പെണ്ണുങ്ങള്‍ വളരെ കുറവെങ്കിലും ഉള്ളവര്‍ക്ക് ചാകരയാണ്. ലൈക്കോടു ലൈക്ക്. ഇതുകണ്ട് സഹിക്കവയ്യാതായ പുരുഷ കേസരികള്‍ പെണ്ണിന്റെ പടം പ്രൊഫൈല്‍ പടമാക്കി ചുവടുമാറ്റിയപ്പോള്‍  അവിടെയും ലൈക്കിന്റെ പെരുമഴ. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവന്‍ ഒബാമക്കുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ കോടി ഇഷ്ടങ്ങളുണ്ട് ബെല്ലി ഡാന്‍സിലൂടെ ലോകത്തിന്റെ മനം ഇളക്കിയ ഷക്കീറക്ക്.

ഇത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ലോകം അങ്ങിനെയല്ല എന്നുപറഞ്ഞ് മേല്‍പറഞ്ഞ വാദഗതികള്‍ തള്ളാന്‍ വരട്ടെ. സാംപിള്‍  സര്‍വേ എന്നത് കണക്കില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ. അങ്ങിനെയെങ്കില്‍ ഒരേ സമയം സോഷ്യല്‍  മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുള്ള ഇതോടൊപ്പമുള്ള താഴെ കാണുന്ന രണ്ട് ചിത്രങ്ങളും അവക്ക് ‘കാഴ്ചക്കാര്‍’ നല്‍കിയ ഇഷ്ടങ്ങളും പരിശോധിക്കുക. അപ്പോള്‍ ലഭിക്കും എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇത്തരം ചിത്രം നല്‍കുന്നു എന്നതിനുള്ള ഉത്തരം. കുളിക്കടവില്‍  ഒളിഞ്ഞുനിന്ന് പെണ്‍ നഗ്നത ആസ്വദിക്കുന്നവന്‍, സാരിയുടുത്ത പെണ്ണിന്റെ വയറ് കാണുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സാദാചാരം വിളമ്പുന്നതുപോലെയാണ് ഈ ആണ്‍ സ്നേഹക്കാരില്‍ പലരും. എന്നുവച്ച് നിങ്ങള്‍ അത്തരക്കാരനാണെന്ന് ഉദ്ദേശിച്ചിട്ടില്ല കേട്ടോ.



2015, മാർച്ച് 29, ഞായറാഴ്‌ച

റോഡ് ആരുടെ സ്വത്താണ്?








നമുക്ക് ആചാരവും ആര്‍ഭാടവും ശക്തിയും എല്ലാം പ്രകടിപ്പിക്കാന്‍ റോഡ്തന്നെശരണം. പലപ്പോഴും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് ചിന്തിക്കാറുണ്ട് ഇതൊക്കെവേറെ എവിടെയെങ്കിലും നടത്തിയിരുന്നെങ്കിലെന്ന്. ആ പ്രകടനങ്ങളിലോ റാലിയിലോ പങ്കെടുക്കുന്നവരൊഴികെ റോഡിലിറങ്ങുന്ന മറ്റൊരാളും വഴിതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികളെ അംഗീകരിക്കാറുമില്ല.

റാലി എന്ന വാക്കിന് ഒത്തുചേരല്‍ അന്ന അര്‍ത്ഥമാണ് ആംഗലേയ നിഖണ്ഡുവില്‍ കാണുന്നത്. അതിനാല്‍ത്തന്നെ റാലിയാകണമെങ്കില്‍ വഴിക്കിറങ്ങി വാഹനം തടഞ്ഞ് നീങ്ങി ശക്തികാണിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലതാനും. റോഡില്‍  നടന്നുവന്നിരുന്ന രാഷ്ട്രീയപ്രകടനങ്ങള്‍ക്ക് പിന്നാലെ ഭക്തിമാര്‍ഗത്തിലും ഇന്ന് നിരവധി പ്രകടനങ്ങള്‍ റോഡിലേക്കിറങ്ങുന്നുണ്ട്. വലിയ സംഖ്യ ജനത്തിന് ഒത്തുചേരാന്‍ നമ്മുടെ നാട്ടില്‍ എത്രയോ സ്ഥലങ്ങളുണ്ട്. മൈതാനങ്ങള്‍, ബീച്ചുകള്‍, കോടികള്‍ മുടക്കി പണികഴിപ്പിച്ചിട്ടുള്ള സ്റ്റേഡിയങ്ങള്‍ ... എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.

ഇതൊക്കെ പറയാന്‍ കാരണം ഇന്ന് എനിക്കും മനസില്ലാമനസോടെ ഒരു റാലിയില്‍ പങ്കെടുക്കേണ്ടിവന്നു. മാതാപിതാക്കള്‍  വിശ്വസിച്ചുപോന്നിരുന്ന മതത്തിന്റെ പിന്തുടര്‍ച്ചക്കാരനാകേണ്ടിവന്നതിനാല്‍ ഓശാന ഞായറെന്ന ഈ പരിപാടിയുടെ ഭാഗമാകേണ്ടിവന്നു. (മറ്റ് മതത്തിലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നൊരു അര്‍ഥം ഇതിനില്ല).  ജോലി സംബന്ധമായി പലയിടത്തും മാറി താമസിക്കേണ്ടി വന്നപ്പോഴും മനസിലുള്ള വിശ്വാസം  റോഡില്‍ പ്രകടിപ്പിക്കാന്‍ നിന്നുകൊടുത്തിട്ടില്ല. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം മൂലം ഗതാഗതക്കുരുക്കും വഴിതിരിച്ചുവിടലിലും പൊറുതിമുട്ടി പലരും ഇന്ന് ഈ നഗരത്തിലേക്ക് വരാറുപോലുമില്ല. ആകെ ആശ്വാസം ഇടവഴികളാണ്. അവിടെ ഇത്തരം ഓരോ റാലികളുമായി രണ്ടുദിനം കൂടുമ്പോഴെങ്കിലും ആളുകള്‍ ബുദ്ധിമുട്ടുന്ന കാഴ്ച ഞാന്‍ നിരന്തരം കാണുന്നുണ്ട്. പലരും റാലിയിലുള്ളവരോടുള്ള വിദ്വേഷം പല്ലുഞെരിച്ച് അടക്കും. ഇതുകണ്ട് ചിരിക്കുകയാണെന്ന് സംഘാടകര്‍ അറിഞ്ഞോ അറിയാതെയോ ധരിക്കുകയും ചെയ്യും.

റോഡിലിറങ്ങി കരുത്ത് കാണിക്കുന്ന എല്ലാ മതക്കാരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടന നേതാക്കളും ക്ഷമിക്കണം. വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് അടക്കുന്നത് ഇത്തരം റാലികളില്‍ കുടുങ്ങി ഇന്ധനം കത്തിച്ച് സാമൂഹിക വിപത്ത് സൃഷ്ടിക്കാനല്ല. മതവും ജാതിയും രാഷ്ട്രീയവുമെല്ലാം നല്ലതുതന്നെ പക്ഷേ മനുഷ്യന്‍ എന്ന ജീവിയെ ബുദ്ധിമുട്ടിച്ച് ഇത്തരം പ്രഹസനങ്ങള്‍ നടത്തിയിട്ട് കാര്യമുണ്ടോ? ദൈവത്തിനും നേതാക്കള്‍ക്കും അതുകൊണ്ട് തൃപ്തിയുണ്ടാകുമോ? ഇനി റോഡില്‍ത്തന്നെ വേണമെന്നുണ്ടെങ്കില്‍ ഒരു വരിയായി ഫുട്പാത്തിലൂടെ പോകട്ടെ. അപ്പോള്‍ സംഘാടകര്‍ക്ക് പറയുകയും ചെയ്യാമല്ലോ 'ഞങ്ങളുടെ റാലിയുടെ മുന്‍നിര കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തിയെങ്കിലും പിന്നിലുള്ളവര്‍ ഇപ്പോഴും കട്ടപ്പന ബസ് സ്റ്റാന്‍ഡിലാണെന്ന്'.

 #JosekuttyPanackal #Road

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...