2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഇവിടെ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയില്ല...

ചിങ്ങം ഒന്നിനു കേരളത്തിലെ മാധ്യമങ്ങളിൽ നെൽപാടത്തുനിന്നുള്ള ചിത്രങ്ങൾ പ്രധാനമായും വരുന്നത് എന്തുകൊണ്ടാണ്? കൃഷി എന്നുപറഞ്ഞാൽ നെൽകൃഷി മാത്രമേയുള്ളോ? റബർ, തെങ്ങ്, കൊക്കോ, വാഴ, പൈനാപ്പിൾ, ഇഞ്ചി... എന്നിങ്ങനെയെല്ലാം  കൃഷിയുള്ളപ്പോൾ പാടത്തു കൃഷിചെയ്യുന്നവർ  മാത്രം എന്തുകൊണ്ട് കർഷകരായി മാറുന്നു? കാരണങ്ങൾ പലതാണ്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ മറ്റുനിറങ്ങളേക്കാൾ വളരെ നന്നായി അച്ചടി മാധ്യമങ്ങളിൽ അച്ചടിച്ചുവരും.... പച്ചപ്പ് എന്നത് കണ്ണിനു കുളിർമ നൽകും... ചിങ്ങം എത്തുന്ന സമയത്ത് ചിത്രമെടുക്കാൻ  പോകുന്നയാൾക്ക്  അത്യാവശ്യം ഏത് ആംഗിളിലും ചിത്രമെടുക്കാൻ  നെൽ‌പാടത്തുനിന്നും കഴിയും... എന്നിങ്ങനെ പോകുന്നു പാടത്തെ പേജിലെത്തിക്കുന്ന രഹസ്യങ്ങൾ. 

എന്നാൽ ഇത് ഇരുണ്ടുമൂടിക്കിടക്കുന്ന റബർ തോട്ടത്തിലേക്കോ, ഉയരത്തിൽ മാത്രം പച്ചപ്പുമായി നിൽക്കുന്ന തെങ്ങിൻ തോപ്പിലോ  മറ്റുകൃഷിയിടത്തിലോ ഒക്കെ നിറഞ്ഞൊരു ഫ്രെയിമിനുള്ള സാധ്യത നെൽപാടത്തെ വച്ചതുലനം ചെയ്യുമ്പോൾ തീരെ കുറവാണ്. മാത്രമല്ല 98 ശതമാനം മലയാളികളും എന്നും സ്പർശിക്കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാകുന്നത് നെല്ലും പാടവും മലയാളിയെ കൂടുതൽ ചിത്രത്തെ മനസിലേക്ക് ആവാഹിക്കാൻ സാധിക്കും എന്നൊക്കെയാണ് കണക്കുകൂട്ടപ്പെടുന്നത്. 

ഇനി ഇന്നലെ വരമ്പത്ത് കൂലിയില്ലാത്ത പാടത്ത് പോയ അനുഭവം പറയാം. മഠത്തിലെ കന്യ‍ാസ്ത്രീകൾ  കരനെൽകൃഷി നടത്തുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. ആലുവ അശോകപുരത്തെ  കോൺവെന്റിന്റെ  പറമ്പിലാണ് കൃഷി. അവർ ആദ്യമായാണ് ഈ കൃഷി നടത്തുന്നതെങ്കിലും  കഴിഞ്ഞവർഷം പച്ചക്കറി കൃഷിക്കു കിട്ടിയ ജില്ലാതല സമ്മാനമാണ് ഇത്തവണ പുതിയ കൃഷി പരീക്ഷിക്കാൻ ഇവരുടെ ഊർജം. ആകെ അഞ്ചു കന്യകാസ്ത്രീകൾ മാത്രമുള്ള ഇവിടെ രണ്ടേക്കറിലാണ് കൃഷി. ഒരു സഹായിയെക്കൂടി ഇവർ ജോലിക്കായി വച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ഇവർക്ക് ദിവസക്കൂലിയൊന്നും കിട്ടില്ല, പക്ഷേ കന്യാസ്ത്രീ വേഷവും കൊന്തയുമായി ഇവരുടെ പാടത്തെ വേല കാഴ്ചയിലും ക്യാമറയിലും കൗതുകം തന്നെ. 

2016, ജൂലൈ 7, വ്യാഴാഴ്‌ച

ഓർമയിലെ വിക്ടർ


എന്നാണ് എനിക്ക് ന്യൂസ് ഫൊട്ടോഗ്രഫിയിൽ താത്പര്യം തോന്നിയത്? ആ തീയതി ഓർമ്മയില്ലെങ്കിലും വിക്ടർ ജോർജെന്ന പേരും ചിത്രവും ഓർമ്മയുണ്ട്. എന്റെ ചെറുപ്പത്തിൽ വീട്ടിലെ പത്രം ദീപികയായിരുന്നു. സ്കൂളിൽ പഠിക്കാനുള്ള ഒരു പംക്തി അതിലുണ്ട് എന്നാണ് ആ പത്രം വരുത്തുന്നതിന് അച്ഛൻ പറഞ്ഞിരുന്ന ന്യായം. പിന്നീട് പത്താം ക്ലാസ് കാലഘട്ടത്തിലാണ് മറ്റുപത്രങ്ങളും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത്. ഫൊട്ടോഗ്രഫിയിൽ പരീക്ഷണങ്ങളുമായി നടക്കുന്ന കാലമായിരുന്നതുകൊണ്ടുതന്നെ ആദ്യം മനസിലേക്കിടിച്ചു കയറിയത് മനോരമയിലെ വിക്ടർ ചിത്രങ്ങളായിരുന്നു. ആ പ്രചോദനമാണ് തുടർന്നുള്ള എന്റെ വഴിയിൽ വെളിച്ചമായതും. പിന്നീട് പഠനത്തിനൊപ്പം കോളജിലെയും നാട്ടിലെയുമെല്ലാം വാർത്താ ചിത്രങ്ങൾ പത്രങ്ങളിലെത്തിച്ച് എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫറെ തേച്ചുമിനുക്കി. പത്രങ്ങളിൽ ഫൊട്ടോഗ്രഫറെ ആവശ്യമുണ്ടെന്നറിയിച്ചുവരുന്ന പരസ്യത്തിനായി ഞാൻ കാത്തിരുന്നു. മുഖ്യധാരാ പത്രങ്ങൾ ആവശ്യപ്പെട്ടിരുന്ന മിനിമം യോഗ്യതയായ ബിരുദം എന്ന കടമ്പ എത്രയും വേഗം കടന്നുകിട്ടാൻ ഞാൻ തിടുക്കപ്പെട്ടതും ഓർമ്മിക്കുന്നു.

ഇനി വിക്ടറിലേക്ക്... തൊടുപുഴയിലെ ജില്ലാ ബ്യൂറോയിൽ മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് കരാറടിസ്ഥാനത്തിൽ ചിത്രം എടുത്തിരുന്നത് ഞാനായിരുന്നു. തികച്ചും മാതൃഭൂമിക്കാരനാകാൻ അന്നുഞാൻ മനോരമക്കുമാത്രം ചിത്രങ്ങൾ നൽകിയിരുന്നില്ല. അതിനാൽത്തന്നെ മനോരമയിൽ വരുന്ന വാർത്താ ചിത്രങ്ങൾ കാണുവാനുള്ള ആകാംക്ഷ കൂടുതലായിരുന്നുതാനും. ഡൽഹിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് കോട്ടയത്ത് എത്തിയതോടെയാണ് വിക്ടർ തൊടുപുഴയിൽ ചിത്രങ്ങളെടുക്കാൻ എത്തിത്തുടങ്ങിയത്. വിക്ടർ ചിത്രം എടുക്കാൻ തൊടുപുഴയിലെത്തി എന്നറിഞ്ഞാൻ പിന്നെ എനിക്കു ഭ്രാന്തായി... വിക്ടറിനെ ‘ചേസ്’ ചെയ്തു അദ്ദേഹം പകർത്തുന്ന എല്ലാ ദൃശ്യങ്ങളും എനിക്കുമുണ്ട് എന്നുറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം.

കാർഗിൽ യുദ്ധത്തിൽ മരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാൻസ്നായിക് പി.കെ. സന്തോഷ്കുമാറിന്റെ ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവരുന്നത് 1999 ജൂലൈ മാസത്തിലാണ്. ദേശസ്നേഹം ജ്വലിച്ചുനിൽക്കുന്ന ഈ സമയം ആയിരങ്ങൾ തൊടുപുഴയിൽ അദ്ദേഹത്തിനു അന്ത്യഞ്ജലി അർപ്പിക്കാൻ കൂടിനിൽക്കുന്നു. തൊടുപുഴക്കാരനെന്ന സ്വാതന്ത്രത്തോടെ അന്നത്തെ ടൗൺഹാളിന്റെ മതിലിനുമുകളിൽ ജനക്കൂട്ടത്തിന്റെ ചിത്രമെടുക്കാൻ കയറി നിൽക്കുമ്പോൾ മറുവശത്തെ മതിലിൽ അതാ സാക്ഷാൽ വിക്ടർ ജോർജ്. നെഞ്ചൊന്നുകാളി, ഇനി ശ്രദ്ധയോടെ ചിത്രം എടുത്തില്ലെങ്കിൽ പിറ്റേന്ന് ‘മനോരമയിലെ ചിത്രം കണ്ടില്ലേ ജോസ്കുട്ടീ’ എന്ന വാക്കുകൾ കേൾക്കേണ്ടിവരുമെന്ന് ഉറപ്പ്. പിന്നെ താമസിച്ചില്ല ‘ചേസിങ് വിക്ടർ’ പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ പൊതുദർശനവും സന്തോഷ് കുമാറിന്റെ വെട്ടിമറ്റത്തെ വീട്ടിലെ ചടങ്ങുകളിലുമെല്ലാം ഈ ചേസിങ് തുടർന്നു. ജവാന്റെ ഭാര്യയെ മാത്രം മൃതദേഹം അടങ്ങിയ പെട്ടി തുറന്നുകാണിക്കുന്ന ദൃശ്യം പകർത്താൻ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വീടിനുള്ളിലേക്ക് വിക്ടറെ മാത്രം ക്ഷണിച്ചു. ഇത് കേട്ടമാത്രയിൽ ഞാനും ചാടിക്കയറി പക്ഷേ അകത്തുകയറിയ വിക്ടർ അതേ വേഗതയിൽ തിരിച്ചിറങ്ങി. ജവാന്റെ ചെറിയ കുട്ടി ചിതക്ക് തീകൊളുത്തുന്ന ദൃശ്യമാണ് പത്രത്തിലേക്ക് ഏറ്റവും മൂല്യമുള്ള ചിത്രം എന്ന ധാരണ ഇതിനു പോകുമ്പോഴേ മനസിലുണ്ട്. ആ ദൃശ്യത്തിലേക്ക് ഇനി ഏതാനും നിമിഷമേയുള്ളു. ചിതക്ക് സമീപത്തുനിന്നും ബന്ധുക്കളും മാധ്യമപ്രവർത്തകരും ഒഴികെയുള്ളവരെ പട്ടാളക്കാർ മാറ്റി. ആൾക്കൂട്ടം സമീപത്തെ പറമ്പുകളിലും റബർ മരത്തിനുമുകളിലുമൊക്കെയായി ഇരിക്കുന്നുണ്ട്. ചിലരാകട്ടെ സമീപത്തെ കാലിത്തൊഴുത്തിന്റെ ഓടുപൊളിച്ച് തലമാത്രം മുകളിലാക്കി ചിതകത്തുന്ന ദൃശ്യം കാണാൻ കാത്തുനിൽക്കുന്നു. ഈ ചിത്രങ്ങളെല്ലാം ഞാൻ ക്യാമറയിലേക്ക് പകർത്തിക്കൊണ്ടുമിരുന്നു. പക്ഷേ ഇതൊന്നുമെടുക്കാൻ വിക്ടർ അവിടേക്ക് വന്നതേയില്ല. പ്രതീക്ഷിച്ചപോലെ തന്നെ ജവാന്റെ കുട്ടി അഗ്നിപകരുന്ന ദൃശ്യവുമെടുത്ത് ആയിരങ്ങൾ തിങ്ങിക്കൂടിയ ആ സ്ഥലത്തുനിന്നും ഞാൻ യാത്രയായി. മടക്കയാത്രയിൽ വിക്ടറെ കണ്ടതേയില്ല.

ഓഫിസിലെത്തിയപ്പോൾ വിക്ടർ എത്തിയ കാര്യവും ചിത ദഹിപ്പിച്ച സ്ഥലത്തേക്ക് അദ്ദേഹം വരാതിരുന്ന കാര്യവുമെല്ലാം ഞാൻ വിവരിച്ചു. അപ്പോൾ അതിലും മികച്ചൊരു ചിത്രം വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് ആരോ ഒരാൾ പറഞ്ഞു. ഈശ്വരാ അതെന്തുചിത്രം? ഇത്രനേരവും വിക്ടർ ചേസിങ് നടത്തിയിട്ടും അങ്ങനെയൊരു ദൃശ്യമോ? ഏതായാലും പിറ്റേന്ന് മലയാള മനോരമ എത്താൻ കാത്തിരുന്നു. അതെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള അരപേജ് ചിത്രം. ഭൗതികശരീരം ചിതയിലേക്ക് കൊണ്ടുപോയ അവസരത്തിൽ നെഞ്ചുവിങ്ങിക്കരയുന്ന ജവാന്റെ ഭാര്യയുടെയും അവരുടെ ചുമലിൽ ഈറനണിഞ്ഞ കണ്ണുമായി കൈവച്ചുനിൽക്കുന്ന ബന്ധുക്കളും അയൽപക്കക്കാരുമായ സ്ര്തീകളുടെയും ചിത്രം. എന്റെ എല്ലാ ചിത്രങ്ങളുടെയും മാറ്റിനെ ഈ ഒരൊറ്റ ചിത്രം തകർത്തുകളഞ്ഞു. അതെ അതായിരുന്നു വിക്ടർ... അതായിരുന്നു വിക്ടർ ടച്ച്.


പിന്നീട് പല അവസരങ്ങളിലും വിക്ടറിനൊപ്പം ഒരേ സംഭവങ്ങൾ ക്യാമറയിലാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുശേഷം മലയാള മനോരമയിൽ ന്യൂസ് ഫൊട്ടോഗ്രഫർമാരുടെ പരീക്ഷക്കുള്ള വിളംബരം വന്നു. അപേക്ഷ അയച്ചെങ്കിലും പരിചയം എന്നത് കുഴപ്പമാകുമോ എന്ന ഭയത്തിൽ വിക്ടറിനോട് ഇതെക്കുറിച്ചു പറയാൻ പോയില്ല. അവസാനം ടെസ്റ്റിനുള്ള ടെലിഗ്രാം കിട്ടി, കോട്ടയം മനോരമയുടെ കേന്ദ്ര ഓഫിസിൽ ചെല്ലുമ്പോൾ നിറഞ്ഞ ചിരിയുമായി വിക്ടർ സ്വീകരിച്ചു. പരീക്ഷക്കുള്ള വിഭവങ്ങൾ മറ്റുള്ളവർക്കും എനിക്കും ഒരുക്കിത്തരുന്നതിനിടയിൽ കൂടുതൽ പരിചിതഭാവമൊന്നും നടിച്ചില്ല. മാതൃഭൂമിക്കാരനായി അത്രകാലം മനോരമക്ക് ഒരു ചിത്രം പോലും നൽകാതിരുന്ന എനിക്ക് ഇത്രയെങ്കിലും പരിഗണന നൽകുന്നുണ്ടല്ലോയെന്ന് ഞാൻ ആശ്വസിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം നടന്ന ഇന്റർവ്യൂ ബോർഡിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ നിങ്ങളെ മലയാള മനോരമ ഫൊട്ടോഗ്രഫർ ട്രെയിനിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അച്ചടിച്ച ടെലിഗ്രാമിന്റെ മഷിയുണങ്ങുംമുൻപേ അഭിനന്ദനം അറിയിച്ചുകൊണ്ട് ലഭിച്ച ഫോൺകോൾ വിക്ടറിന്റേതായിരുന്നു. ഇപ്പോൾ പതിനാറ് വർഷത്തിനിപ്പുറം അദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിൽ അതേ ഉദ്യോഗസ്ഥാനത്തിൽത്തന്നെ ഞാനും എത്തിനിൽക്കുമ്പോൾ ഓർമ്മിക്കുന്നു നിറചിരിയുമായി വഴികാട്ടിയ വിക്ടർ ജോർജെന്ന മുൻഗാമിയെ... അദ്ദേഹം തെളിച്ചുതന്ന കാഴ്ചയുടെ പുതിയ മാനങ്ങളെ... ഈ മഴയിൽ ആർത്തലച്ചുവരുന്ന ഓരോ വെള്ളപ്പാച്ചിലിനും വിക്ടറിന്റെ അന്വേഷണ ത്വരയുണ്ട്... പുതിയ സ്ഥലവും പുതിയ കാഴ്ചയും കാണാനുള്ള ത്വര.

ജൂലൈ 9ന് വിക്ടർ മരിച്ചിട്ടു 15 വർഷം.

www.josekuttymanorama.blogspot.in 


#Remembering #newsPhotographer #PhotoJournalist #VictorGeorge #Late #Chief Photographer #MalayalaManorama #JosekuttyPanackal







2016, ജൂൺ 10, വെള്ളിയാഴ്‌ച

നിങ്ങള്‍ "ലൈക്കി"യിരുന്നോ ആ പടം

അടിച്ചോ ലൈക്ക് ? എന്നാല്‍ ഇതൊന്നു വായിക്കൂ...
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഒരു "ടച്ചിങ് കുറിപ്പോടെ" കറങ്ങുന്ന ചിത്രമാണിത്. ആ കുറിപ്പ് ഇതാണ്
നാഷണല്‍ ജ്യോഗ്രഫി തിരഞ്ഞെടുത്ത 2015ലെ ഏറ്റവും മികച്ച ഫോട്ടോ...ഈ ഫോട്ടോ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കരയുകയായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍:
"എനിക്കാകെ ഷോക്ക്‌ ആയിപ്പോയി, മരിക്കുന്നതിനു മുന്‍പ്‌ ഉപവസിക്കുന്നത് പോലെ ആയിരുന്നു അവള്‍ നിന്നിരുന്നത്. മരിക്കുകയാണെങ്കില്‍ ബഹുമതിയോടു കൂടി തന്നെ മരിക്കണം എന്ന് ആ കലമാന്‍ എന്നെ നോക്കി പറയുന്നത് പോലെ എനിക്ക് തോന്നി". -മാനുവൽ ഫ്രാൻസിസ്
---
അപ്പോള്‍ ഈ മാനുവല്‍ ഫ്രാന്‍സീസെന്ന നാഷണല്‍ ജോഗ്രഫി ഫൊട്ടോഗ്രഫറുടെ ചിത്രം കാണാനുള്ള തത്രപ്പാടില്‍ ചെന്നുകയറിയത് Alison Buttigieg എന്ന വന്യജീവി ഫൊട്ടോഗ്രഫറുടെ മടയിലാണ്. അവര്‍ കോപ്പിറൈറ്റ് മാര്‍ക്കിട്ട് 500px.com എന്ന സൈറ്റില്‍ മറ്റുചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും നല്‍കിയിട്ടുണ്ട്. അത് ഈ ലിങ്കില്‍ കാണാം. https://500px.com/…/5…/the-stranglehold-by-alison-buttigieg… . കൂടാതെ നാഷ്ണല്‍ ജ്യോഗ്രഫിയുടെ 2015ലെ മല്‍സരസൈറ്റില്‍ ഇങ്ങനൊരു ചിത്രം പരതിയിട്ടുകാണാനുമില്ല. എന്നാല്‍ ഈ പറയപ്പെടുന്ന ഹൃദയവ്യഥയോടെ തകര്‍ത്തെടുത്ത മാനുവൽ ഫ്രാൻസിസീസിനെ തപ്പിയിട്ട് അങ്ങനൊരാളുടെ പൊടിപോലും കാണാനില്ല.
ഈ ചിത്രം വ്യാജമെന്നല്ല പറഞ്ഞുവരുന്നത്. യഥാര്‍ത്ഥത്തില്‍ അതെടുത്ത Alison Buttigieg നെ വിസ്മരിച്ച് മാനുവൽ ഫ്രാൻസിസീനെ പൊക്കിക്കാട്ടിയ ഡയലോഗുകള്‍ കേട്ടിട്ട് ഏതോ മലയാളി ടച്ച് തോന്നുന്നുണ്ട്. പടം കണ്ട് ലൈക്കടിച്ചവര്‍ ഏതോ ഫേസ്ബുക്കുപേജുകാരന്‍ തട്ടിവിട്ട പേജ് പ്രമോഷന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന് വിശ്വസിക്കാനേ തരമുള്ളു. പുലിയിരിക്കുന്ന മരം വരെ കണ്ടുപിടിക്കുന്ന നമ്മുടെ നാട്ടിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരെങ്കിലും ഇതിന്‍റെ യഥാര്‍ത്ഥ സൃഷ്ടാവാരാണെന്ന് കണ്ടുപിടിക്കണമെന്നാണ് എന്‍റെയൊരു അഭിപ്രായം. ഇനി ആ മാനുവല്‍ ഫ്രാന്‍സീസ് ഡയലോഗ് മാത്രം എഴുതിയവനാണെങ്കില്‍ ആ ചിത്രത്തിന്‍റെ സൃഷ്ടാവിന്‍റെ പേര് പരാമര്‍ശിക്കാതെ തന്‍റെ പേര് മാത്രം നല്‍കിയതിന് ഒരു പൊങ്കാല നേര്‍ച്ചയും ആകാവുന്നതാണ്. ഇനി Alison Buttigieg ആണ് ഉടായ്പ്പ് കാണിച്ചതെങ്കില്‍ കമോണ്‍ട്രാ.....
 https://www.facebook.com/josekuttypanackalphotojournalist/photos/a.1413909252189579.1073741830.1398195470427624/1769474309966403/?type=3&theater 

2016, മേയ് 30, തിങ്കളാഴ്‌ച

അതെ! അതൊരു വാർത്താ ചിത്രം തന്നെയായിരുന്നു...




24 മണിക്കൂറും ഉണർന്നിരിക്കുന്ന ലൈവ് ടെലിവിഷൻ ചാനലുകൾക്കിടയിലും ഒരു നിശ്ചലചിത്രം കേരളക്കരയെ ചർച്ച ചെയ്യിച്ച ആഴ്ചയാണ് കടന്നുപോയത്. മന്ത്രിസഭയുടെ കിരീടധാരണ ചടങ്ങിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ലക്ഷക്കണത്തിനു ആളുകളുടെ ആരാധനാപാത്രവുമൊക്കെയായ വി.എസ്. അച്യുതാനന്ദന്റെ കയ്യിലെത്തിയ ഒരു കുറിപ്പായിരുന്നു ഇപ്പോഴും ചർച്ചകൾ അവസാനിക്കാതെ മുന്നോട്ടുനീങ്ങുന്നത്. മനോജ് ചേമഞ്ചേരിയെന്ന ഒരു ന്യൂസ് ഫോട്ടോഗ്രാഫറാണ് ഈ മാരത്തൺ ചർച്ചക്കുവെടിമരുന്നിട്ടത്. വേദിയിലെ സംഭവങ്ങൾ  പകർത്തുന്നതിനൊപ്പം തന്റെ പിന്നിലെ സദസിൽ എന്തുസംഭവിക്കുന്നുവെന്നും നോക്കാനുള്ള മൂന്നാം കണ്ണാണ് മനോജിന് ഈ ചിത്രം ലഭിക്കാൻ കാരണമായത്. ഈ ചിത്രം എടുത്തഫോട്ടോഗ്രാഫർമാർ നിരവധിയുണ്ടെങ്കിലും കുറിപ്പിനുള്ളിലെന്തെന്ന് അന്വേഷിക്കാനുണ്ടായ പത്രഫോട്ടോഗ്രാഫറുടെ അന്വേഷണത്വരയാണ് മനോജിനെ ഈ ചരിത്രചിത്രത്തിന്റെ സൃഷ്ടാവാക്കിയതും.

 മാധ്യമപ്രവർത്തകർക്കുമുന്നിൽ പലരെയും അടിക്കാനുള്ള വടിയുമായെത്തുന്നവർ പത്രസമ്മേളനങ്ങൾക്കിടെയാണ് ഇത്തരം കുറിപ്പുകൾ ഉയർത്തിക്കാണിക്കാറ്. അങ്ങനെ സർക്കാരിനെവരെ മറിച്ചിടാൻ പോന്ന ആരോപണങ്ങളുമായി പലരും പലതും മുൻകാലങ്ങളിൽ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ലൈവ് ക്യാമറകളിലൂടെ എത്തിയ ആ ദൃശ്യങ്ങൾ മലയാളിയുടെ സ്വീകരമുറികളിൽ ഇന്നും നിറഞ്ഞാടുന്നുമുണ്ട്. എന്നാൽ ഈ കുറിപ്പ് അക്കൂട്ടത്തിൽപെടുത്താവുന്ന ഒന്നായിരുന്നില്ല. ആരെയും മറിച്ചിടാനോ കുഴപ്പത്തിലാക്കാനോ ഉദ്ദേശിച്ചുള്ളതുമായിരുന്നില്ല. പക്ഷേ ജനമനസുകളിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിഛായക്ക് എതിരായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം. തലതിരിഞ്ഞുള്ള പ്രതിബിംബമായി മാത്രം കണ്ടൊരു കുറിപ്പിനുള്ളിൽ എന്താണ് എഴുതിയതെന്ന് അറിയാനുള്ള ആഗ്രഹം വൻതിരക്കിനിടയിലും ആ ഫോട്ടോഗ്രാഫറുടെ മനസിൽ തങ്ങിനിന്നിരുന്നുവെന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായത്. ഓഫിസിലെത്തി മറ്റുചിത്രങ്ങൾ തിടുക്കത്തിൽ നൽകിയതിനുപിന്നാലെ കംപ്യൂട്ടർ സഹായത്തോടെ ഈ ചിത്രം തിരിച്ചിട്ടു കുറിപ്പ് വ്യക്തമായി വായിക്കാൻ ശ്രമിച്ചു. അവിടെ പുതിയൊരു വാർത്ത ജനിക്കുകയായിരുന്നു. അതെ ഒരു ന്യൂസ് ഫോട്ടോഗ്രാഫർ കണ്ടെത്തിയ വാർത്തയുടെ ജനനം.  പിറ്റേന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതിനുശേഷം താനെടുത്ത ചിത്രങ്ങളിൽ ഈ ചിത്രമുണ്ടോയെന്ന് പരതിയവരും നിരവധി. കാര്യമറിയാതെ പ്രസിദ്ധീകരിച്ചവരാകട്ടെ തലേന്ന് ആ കുറിപ്പ് എന്തെന്ന് പരിശോധിക്കാമായിരുന്നില്ലേയെന്ന് ചിത്രം എടുത്തവരോട് തട്ടിക്കയറി. വാർത്താ ചാനലുകൾ പാൻചെയ്തുപോയ ഷോട്ടുകളിൽനിന്നും ഫ്രീസ് ചെയ്യാൻ ശ്രമിച്ചു. അങ്ങിനെലഭിച്ച ഷോട്ടുകൾ തങ്ങളുടേതാക്കിമാറ്റി എക്സ്ക്ലൂസീവ് മാർക്കിട്ടവരും നിരവധി.

ഇതൊക്കെ കണ്ടുദഹിക്കാതെപോയവർ ഫോട്ടോഷോപ്പെന്ന സ്ഥിരം പല്ലവിയുമായി ആ വാർത്താചിത്രഛായാഗ്രാഹകനെ നേരിടാൻ ഇപ്പോഴും ശ്രമിക്കുന്നു. ചിത്രങ്ങൾ പരുവപ്പെടുത്താൻ ലോകത്ത് ഫോട്ടോഷോപ്പെന്ന ഒരു സംവിധാനം മാത്രമേയുള്ളുവെന്ന 'വലിയ' അറിവുമായെത്തുന്ന കൂപമണ്ഡൂകങ്ങളെന്നുമാത്രമേ ഇത്തരക്കാരെ വിളിക്കാനാകൂ.

#VS #VSAchuthanandan #note #Kurippu

2016, മേയ് 14, ശനിയാഴ്‌ച

അതും ഒരു താരമായിരുന്നില്ലേ?

ഇന്നലെ പത്രത്തിൽ വന്നൊരു ചിത്രമാണ് ഈ കുറിപ്പിനാധാരം. അത് ഇതോടൊപ്പം ചേർത്തിട്ടുമുണ്ട്. നമ്മുടെ നാട്ടിലെ അപകടമരണങ്ങളുടെ വാർത്തകളും ചിത്രങ്ങളും വാർത്താ മാധ്യമങ്ങളിൽ ദിവസവും കാണുമ്പോൾ ഇത് എനിക്ക് സംഭവിക്കു
ന്നവയല്ല, എന്നെ ബാധിക്കുന്നവയല്ല എന്ന രീതിയിൽ കടന്നുപോകുന്നവരാണ് മിക്കവരും. അങ്ങനെ അല്ലാത്ത കുറച്ചുപേരെങ്കിലും സമൂഹത്തിൽ ഉണ്ട് എന്നുള്ളത് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് വായിച്ചവരെങ്കിലും അറിഞ്ഞിരിക്കും. അതുപോലും വായിക്കാൻ സമയമില്ലാത്തവർ വിമർശനത്തിനായി മാത്രം സമയം കണ്ടെത്തുമ്പോൾ അവരോട് തോന്നുന്ന വികാരത്തിന് ഉചിതമായ മലയാള പദം എനിക്ക് നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


ഒരു ബസാണ് ഇദ്ദേഹത്തെ ഇടിച്ചിട്ടത്. ബസിലെ ജീവനക്കാർ പതിവുപോലെതന്നെ ഓടിയൊളിച്ചു. എങ്കിലും വലിയൊരു സമൂഹം ആ ബസിൽ യാത്രക്കാരായുണ്ടായിരുന്നു. നിങ്ങൾ അപകടദൃശ്യം പകർത്തിയ അതേ മൊബൈൽ ക്യാമറയിൽ 100 എന്ന നമ്പരിൽ വിളിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. എങ്കിലും അതിനുമുതിരാതെ ചിത്രമെടുത്ത ശേഷം അടുത്ത ബസ് പിടിക്കാൻ പോയ മനുഷ്യക്കൂട്ടമേ, ഇതേ ബസ് അപകടത്തിൽ പെട്ടിരുന്നെങ്കിൽ നിങ്ങളെയും ഇതേപോലെ പരിഗണിക്കണമായിരുന്നോ? അപകടത്തിന് 20 മിനിറ്റനുശേഷം തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ അവിടെയെത്തിയ മനുവാണ് പൊലീസിനെ അറിയിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയൊരുക്കിയത്. ഇതിനിടയിൽ അതിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി. ‘ആളുപോയി, ഇനിയെന്തിന് കൊണ്ടുപോകണം’ എന്ന ചിന്തയൊണെത്രെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിച്ചതെന്ന് മനുതന്നെ പറഞ്ഞു.

ഈ അപകദൃശ്യം പകർത്തിയ ആളെന്ന നിലയിൽ എന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീ. മനുഷെല്ലിയോട് വിമർശകരുടെ (സ്ഥിരം) ചോദ്യം. തന്റെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് മനു ഈ ദൃശ്യം കാണുന്നത്. ചിത്രത്തിൽ കാണുന്നതുപോലെ തന്നെ ഹെൽെമറ്റിനിടയിൽ നിന്നും കണ്ണിന്റെ കോൺ ഇടത്തേക്കുതിരിക്കാതെ അദ്ദേഹത്തിനും ജോലിസ്ഥലത്തേക്ക് പോകാമായിരുന്നു. എന്നാൽ അദ്ദേഹമത് ചെയ്തില്ല. പൊലീസിനെ അറിയിക്കുന്നതിനൊപ്പം വഴിയിൽ വരുന്ന വാഹനങ്ങളോടൊക്കെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ അപേക്ഷിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ രക്തക്കറ പുരളുമോയെന്ന ഭയം നാലുചക്ര വാഹനക്കാരുടെ ആക്സിലറേറ്റർ കൂടുതൽ അമർത്താൻ പ്രചോദനമായിരിക്കാം.

ചിത്രത്തിൽ കാണുന്നപലരുടെയും മുഖം ശ്രദ്ധിക്കുക, ചിലർ കണ്ടിട്ടും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ കടന്നുപോകുന്നു, മറ്റുചിലർ ഇത് തനിക്ക് കാണാനുള്ള ശേഷിയില്ലെന്ന രീതിയിൽ പോകുന്നു, വേറെയും ചിലരാകട്ടെ ഇതു റോഡിൽ നിന്നും മാറ്റാൻ ഇവിടെ ആരുമില്ലേ! എന്ന സംശയവുമായി കടന്നുപോകുന്നു. ഈ വീണുകിടക്കുന്നത് നമ്മുടെ പ്രമുഖ സിനിമാതാരങ്ങൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇതിലെ കടന്നുപോയ എത്രപേർ അവിടെ ചാടിയിറങ്ങാൻ ഉണ്ടാകുമായിരുന്നു. ഈ മനുഷ്യന്റെ വീട്ടിൽ അദ്ദേഹവും ഒരു താരമായിരുന്നില്ലേ? നമ്മൾ ഓരോരുത്തരും എവിടെയെങ്കിലും താരങ്ങളല്ലേ? ഇത്തരം വാർത്തകൾ കാണുമ്പോൾ ‘ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ’ എന്ന് ഊറ്റം കൊള്ളുന്ന മലയാളികൾ എന്തേ യഥാർത്ഥത്തിൽ ഇങ്ങനൊന്ന് കണ്ടപ്പോൾ മുഖം തിരിച്ചുപൊയ്ക്കളഞ്ഞു? കാര്യം ഒന്നുമാത്രം: പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാനാണ് പ്രയാസം.

എങ്കിലും ഇൗ ദൃശ്യം കണ്ടിട്ടും കാണാത്തമട്ടിൽ ഇതിലെ കടന്നുപോയവരേ ഈ ചിത്രം നിരന്തരം നിങ്ങളെ വേട്ടയാടട്ടെ, ഈ രക്തക്കറ കണ്ണടച്ചാലും നിങ്ങളുടെ കാഴ്ചയിൽ മങ്ങാതെ നിൽക്കട്ടെ.

#Accident #death #Varappuzha #Kochi #Road #humanity

2016, ഏപ്രിൽ 23, ശനിയാഴ്‌ച

അറിവില്ലായ്മയല്ല അഹങ്കാരം തന്നെ



തൃശൂർ പൂരം ഡ്രോൺ‌ ക്യാമറയിലൂടെ ആകാശദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫർ ഇന്നലെ (22.04.2016) അറസ്റ്റുചെയ്യപ്പെട്ടു. ഹാ! കഷ്ടം ഒരു നല്ല ചിത്രമെടുത്തതിന് ഇദ്ദേഹത്തെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷേ നിയമം എല്ലാവർക്കും അനുസരിക്കാനുള്ളതുതന്നെയാണ്. നിയമം അറിയില്ല എന്നത് അത് അനുസരിക്കാതിരിക്കാനുള്ള ലൈസൻസുമല്ല. 2014 ഒക്ടോബർ മുതൽ ഇന്ത്യയിൽ ഇത്തരം ഡ്രോൺ പറപ്പിക്കലുകൾക്ക് നിയമത്തിന്റെ പിടിയുള്ള കാര്യം ഈ ഫോട്ടോഗ്രാഫർക്ക് അറിയാമായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തം.  "the team dare crossed all the heavy risk factors over the journey of the flight. The bloody RF signal jammers.. we fooled you... haahaa, we safe landed..." ഇതാണ് ചിത്രമെടുത്ത Dheeraj Palliyil എന്ന ഫൊട്ടോഗ്രഫറുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള വാക്കുകൾ. അപ്പോൾ അത് അറിവില്ലായ്മയല്ല അഹങ്കാരം തന്നെ. നിയമം അനുസരിക്കാതിരുന്ന് ഫൂളാക്കിയെന്ന് അവകാശപ്പെടുമ്പോൾ അതുവഴി  ജനനന്മയെക്കരുതി ഉണ്ടാക്കിയവരെ മാത്രമല്ല പൊതുജനത്തെക്കൂടിയാണ് വിഢിയാക്കാൻ ശ്രമിക്കുന്നത്.

ഇത്തരമൊരു ചിത്രമെടുക്കാൻ വിവിധ മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫർമാരും വിഡിയോഗ്രഫർമാരും വളരെക്കാലം മുൻപുതന്നെ മിനിസ്ട്രി ഓഫ് ഡിഫൻസ് ആൻഡ് ഹോം അഫയേഴ്സ് വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അവരുടെയൊക്കെ അപേക്ഷ തള്ളിക്കളയുകയും ചെയ്തു. ഹോബിയായി മാത്രം ഡ്രോൺ ചിത്രങ്ങളെടുക്കുന്ന ഇദ്ദേഹത്തിന് നിയമാനുസൃതമായി അനുമതി കൊടുത്തിട്ടില്ല എന്ന് അദ്ദേഹത്തിന്റെ we fooled you... എന്ന വാക്കുകളിൽ നിന്നുതന്നെ വ്യക്തം. പിന്നെ എന്തിനാണ് സഹോദരാ താങ്കൾ ഈ കടുംകൈ ചെയ്തത്? ഡ്രോൺ ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ടായിട്ടും തൃശൂർ പൂരത്തിനിടെ ഇത്തരമൊരു സാഹസത്തിന് അവരാരും മുതിരാത്തതെന്തെന്ന് ഒരിക്കലെങ്കിലും താങ്കൾ മനസിലാക്കിയിരുന്നോ?  തിങ്ങിനിൽക്കുന്ന പതിനായിരങ്ങൾക്കിടയിലേക്കോ ഒരുങ്ങിനിൽക്കുന്ന ആനകൾക്ക് മേലേക്കോ വീണാൽ ഉണ്ടാകുന്ന അപകടം താങ്കൾ ഒരു നിമിഷമെങ്കിലും ഓർത്തിട്ടുണ്ടോ? ആ അപകടം ഏതൊക്കെ മാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ഒരു നിമിഷമെങ്കിലും താങ്കൾ ഓർത്തിരുന്നെങ്കിൽ. അതോ ഈ ചിത്രമെടുത്ത് ഫേസ്ബുക്കെന്ന മായികലോകത്തുനിന്നും ലഭിക്കുന്ന ലൈക്കുകളിൽ അഭിരമിക്കാൻ ചെയ്തതാണോ? ഫേസ്ബുക്കിൽ ലൈക്കടിച്ച ആരെങ്കിലും പൊലീസ് സ്റ്റേഷനിൽവന്നു ജാമ്യമെടുക്കാൻ നിങ്ങൾക്കൊപ്പം കൂടിയോ?


ആകാശത്ത് പറക്കുന്ന വിമാനത്തിലെ പൈലറ്റുമാർ കൺട്രോൾ സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് എത്രഉയരത്തിൽ പറക്കണമെന്നും ഏതുപാതയിലൂടെ പോകണമെന്നുമെല്ലാം തീരുമാനിക്കുന്നത്. എന്നാൽ നിലവിൽ ഡ്രോൺ പറത്തലിന് ഇങ്ങനൊരു നിർദേശ സെന്റർ ഇല്ലാത്തതിനാൽ നിരവധി ഡ്രോണുമായി ആളുകൾ ഒരു സ്ഥലത്തെത്തിയാൽ മുകളിലുണ്ടാകുന്ന കൂട്ടിയിടിയും മനസിലാക്കേണ്ടതല്ലേ? പ്രധാനമന്ത്രിയുടെ ചടങ്ങ് കവർ ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകർ എസ്പിജി അതിർത്തി നിശ്ചയിച്ചുകെട്ടിയിരിക്കുന്ന ഒരു ചെറിയ ചരടിനു പിന്നിലോ വാക്കാൽ നിർദേശിച്ചിരിക്കുന്ന അതിർവരമ്പിന് പിന്നിലോ ആയി നിൽക്കുന്നത് അതിന് അപ്പുറം കടക്കാൻ അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല. നിയമം നിയമമായിത്തന്നെ പാലിക്കപ്പെടണം എന്നതുകൊണ്ടാണ്. ഇതുകൊണ്ടാണ് നിരവധി ഡ്രോണുകൾ കൈവശമുള്ള മാധ്യമസ്ഥാപനങ്ങളിലൊന്നുപോലും തൃശൂർ പൂരത്തിന് ഇത്തരമൊരു സാഹസത്തിന് മുതിരാത്തത്.

പറത്താനുള്ള അനുവാദം കിട്ടിയാൽപോലും താഴെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
നിയമങ്ങൾ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ-ഡിഫൻസ്-പൊലീസ് എന്നിവയിൽ അധിഷ്ഠിതമാണ്. താഴെക്കാണുന്ന നിയമങ്ങൾ നിലവിലുണ്ട്.
*400 അടിയിൽത്താഴെയേ ഡ്രോൺ പറത്താൻ പാടുള്ളു
* പറത്തുന്നയാളുടെ കൺവെട്ടത്തുതന്നെ ഡ്രോൺ ഉണ്ടായിരിക്കണം. (സ്ക്രീനിലല്ല)
* മനുഷ്യൻ നിയന്ത്രിക്കുന്ന വായുവാഹനങ്ങൾ ഉള്ള സ്ഥലത്ത് ഡ്രോൺ പറത്താൻ പാടില്ല. (ഉദാഹരണം വിമാനത്താവളപരിസരം)
* ജനക്കൂട്ടത്തിന്റെയും സ്റ്റേഡിയത്തിന്റെയും മുകളിൽ പറത്താൻ പാടില്ല
* 25 കിലോയിൽ താഴെയുള്ള സാധനങ്ങൾ മാത്രമേ ഡ്രോൺ വഹിക്കാൻ പാടുള്ളു.

@ Josekuttymanorama.blogspot.com




2016, ഏപ്രിൽ 13, ബുധനാഴ്‌ച

തേങ്ങരുത് താങ്ങാൻ ആരുമില്ല!

കൊല്ലം പുറ്റിങ്ങൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ അച്ഛനും അമ്മയും  മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ വാർത്ത ആദ്യദിനം മുതൽത്തന്നെ എല്ലാ മാധ്യമങ്ങളും നൽകിയിരുന്നു. അനാഥരായ കൃഷ്ണയുടെയും സഹോദരൻ കിഷോറിന്റെയും സംരക്ഷണം ഈ വാർത്തകളെത്തുടർന്ന് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാകുകയും ചെയ്തു. എന്നാൽ ഇന്ന് പത്രത്തിന്റെ ഒന്നാം പേജിൽ വന്ന ഇവരുടെ ചിത്രം പല സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും ദഹിക്കുന്നില്ല.  അഭിനയിപ്പിച്ചെടുത്ത ചിത്രം എന്നതാണ് പ്രധാന ആരോപണം. ഇത്തരം ഒരു അവസ്ഥയിൽ ഇവരെ അഭിനയിപ്പിക്കുന്നയാളെ  മാധ്യമപ്രവർത്തകനായി അംഗീകരിക്കാൻ എനിക്കും കഴിയില്ല. എന്നാൽ കേട്ടോളൂ പ്രിയരേ ഈ ചിത്രം സിനിമക്കുവേണ്ടിയിട്ട സെറ്റിൽ നിന്നോ നാടകവേദിയിൽ നിന്നോ എടുത്തിട്ടുള്ളതല്ല പച്ചയായ ജീവിതത്തിൽ നിന്നും ഒരു ഫൊട്ടോഗ്രഫർ പകർത്തിയതുതന്നെയാണ്.

സംഭവം വിവരിക്കട്ടെ. വെട്ടുകല്ലുകൾ അടുക്കിവച്ചുനിർമ്മിച്ച ഇവരുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എത്തുമ്പോൾ ഇവർ മുറിക്കുള്ളിലെ കട്ടിലിൽ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. കൊച്ചുവീടിനുള്ളിലെ സ്ഥലം മാധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊള്ളാൻ കഴിവില്ലാത്തതിനാൽ അവരെല്ലാം വീടിനുപുറത്തുനിന്ന് ജനലിലൂടെയാണ് മന്ത്രിയുടെ സന്ദർശനം പകർത്തിയിരുന്നതും. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിനും വളരെ മുന്നേ സമീപവാസിയായ ഒരു ഫൊട്ടോഗ്രഫർ ഈ മുറിക്കുള്ളിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ ഈ ചിത്രമെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി മറുപടി പറയുന്നതിനിടെ തേങ്ങിയ കിഷോറിനെ സഹോദരി കൃഷ്ണ  സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.  ഈ നിമിഷവും വാർത്താ ചിത്രങ്ങൾ സാധാരണയായി എടുത്തുകൊണ്ടിരിക്കുന്ന ആ ഫൊട്ടോഗ്രഫർ പകർത്തി. ചിത്രം മന്ത്രിയെയും എംപിയെയുമൊക്കെ ഉൾപ്പെടുത്തിയാണ് എടുത്തതെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ചിത്രമാകാൻ ഈ സഹോദരങ്ങൾ രണ്ടുപേർ മാത്രം മതിയായിരുന്നു. ഇനി വിഐപികളെ ഒഴിവാക്കി എന്ന ആരോപണക്കാർക്ക് സമാധാനിക്കാൻ ഇതാ ആ ചിത്രവും ഉൾപേജിലുണ്ട്. ചിത്രം എടുത്ത ശ്രീ. ജിജോ പരവൂരിന്റെ തന്മയത്വത്തെ സ്മരിക്കുന്നു.

അവനവൻ വേരിട്ടുകാണാത്തതൊക്കെ അസത്യമെന്ന് വിചാരിക്കുന്ന സൈബർ പോരാളികളേ ഇടക്കൊക്കെ കീബോർഡിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കണം. അല്ലെങ്കിൽ ഇത്തരം ദൃശ്യങ്ങൾ ആനിമേഷനോ അഭിനയമോ ഒക്കെയായി തോന്നിയേക്കാം. നിങ്ങൾ കീബോർഡിൽ കാണാത്ത ചില കാര്യങ്ങൾ മുൻകൂട്ടി കാണുകയും അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് സമൂഹത്തിൽ ചിലർ മാധ്യമപ്രവർത്തകർ എന്ന് അറിയപ്പെടുന്നത്.

#BehindThePhoto #Media #Criticism #Paravur #Puttingal #FireWorks  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...