2021, ജനുവരി 8, വെള്ളിയാഴ്‌ച

ആനക്കുഞ്ഞനെ പിടിച്ച ശേഷം ഇതാ ഒരു ജല്ലിക്കട്ടു കഥ:





ഇന്നലെ ഉച്ചയോടെയാണ് കശാപ്പുകാര് കൊണ്ടുവന്ന പോത്തുകള് നഗരത്തിലൂടെ ഓടിയതായും പിഡബ്ല്യൂഡി ഓഫിസ് വളപ്പില് കയറി നില്ക്കുന്നതായും മാധ്യമ പ്രവര്ത്തകനായ സാജു വിളിച്ചു പറഞ്ഞത്. പെട്ടെന്നു തന്നെ ജല്ലിക്കട്ട് സിനിമയാണ് ഓര്മയിലെത്തിയത്. അവിടെ ചെല്ലുമ്പോള് പിഡബ്ല്യൂഡി ഓഫിസിന്റെ ഗേറ്റ് അടച്ചു കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. സിനിമപോലെ ഒരു ജനതയൊന്നും പിന്നാലെ ഓടി തല്ലിക്കൊന്ന് കറിവയ്ക്കാനില്ല. മതില്ക്കെട്ടിനകത്തുള്ള പോത്തിനെ ‘പെണ്കെണിയില് ’ വീഴ്ത്താന് എരുമകളിലൊന്നിനെ അടുത്ത് എത്തിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും പുള്ളി വീഴുന്ന ലക്ഷണമില്ല. ചാനല് ക്യാമറാമാന്മാരിലൊരാള് ഓഫിസിന്റെ മതിലില് കയറിയപാടെ ‘ബൈറ്റ് കൊടുക്കാന്’ പോത്ത് അവിടേക്ക് കുതിച്ചതോടെ ‘ക്യാമറയും’ ‘മാനും’ മറുവശത്തേക്ക് ഒപ്പം ചാടി. നാലു വശത്തുമുള്ള മതിലിനരികില് നിന്നും അവന്റെ പല ആംഗിള് ചിത്രങ്ങള് പകര്ത്തി ഒരു മണിക്കൂര് കടന്നുപോയി. ഒപ്പം ഓടിയ കക്ഷിക്ക് കയര് ഉണ്ടായിരുന്നതിനാല് സമീപത്തെ പാടത്ത് കുടുക്കിലാക്കിയെന്നും ഇവനെ കുടുക്കാന് കൂടുതല് സുന്ദരിയായ ‘എരുമ കുമാരിയുമായി’ വാഹനം പുറപ്പെട്ടിട്ടുണ്ടെന്നും അവിടെ കൂടിയവരിലൊരാള് പറഞ്ഞു. പിന്നാലെ അടുത്ത ‘പെണ്കെണിയെത്തി’. ഒന്നു നോക്കിയശേഷം ‘മിസ്റ്റര് ബ്രഹ്മചാരി’ ചമഞ്ഞ് ആരെങ്കിലും ഈ ക്യാംപസില് കടന്നാല് കുത്തി മലത്തും എന്ന നിലയില് രൂക്ഷമായി ജനത്തെ നോക്കി പേടിപ്പിക്കുന്നുണ്ട്. വില്ലാളി വീരന്മാര്ക്ക് മാലയിട്ടപോലെ ഇടതു ചെവിയില് ചുറ്റി ഒരു വള്ളിച്ചെടിയും. ഓഫിസ് മുറ്റത്ത് കേടായിക്കിടക്കുന്ന റോഡ് റോളറിനടുത്തെത്തി ഇടയ്ക്കു പല്ലിളിച്ചു കാണിക്കും. ( കഴിഞ്ഞ ജന്മത്തില് ‘താമരശേരി ചുരം വഴി’ ഇത് ഓടിച്ച കക്ഷിയെങ്ങാനുമാണോയെന്തോ?) കക്ഷി പെണ്കെണിയില് വീഴില്ലെന്നുകണ്ട് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തവര് നാലുഭാഗത്തുനിന്നും കയര് കുടുക്ക് എറിയാന് തുടങ്ങി. ആദ്യമൊക്കെ കൊമ്പില് കുടുങ്ങിയ കുടുക്കുകള് പുല്ലുപോലെ അഴിച്ചെറിഞ്ഞെങ്കിലും അവസാനം നാലുവശത്തുനിന്നുമുള്ള കുടുക്കെറിയലില് കക്ഷി വീണുപോയി. താഴത്തെ നിലയിലിരിക്കുന്ന ഉച്ചഭക്ഷണം എടുക്കാന് പോലും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്ക്ക് ഇറങ്ങിവരാന് അപ്പോഴാണ് സാധിച്ചത്. ഇന്നോ നാളെയോ അവര് കൊണ്ടുവരുന്ന കറിയില് മിക്കവാറും ഇവനുമുണ്ടാകും.
#Ox #Buffalo #Run #Jallikattu #Angamaly
Josekutty Panackal ⚫ Manorama
മറ്റു ചിത്രങ്ങള് ഇവിടെ: https://www.instagram.com/p/CJxoEMeFimL/...

വിഡിയോ: https://www.manoramaonline.com/.../07/angamaly-buffalo.html

2021, ജനുവരി 5, ചൊവ്വാഴ്ച

കുഞ്ഞനെ പിടിച്ച കഥ:



ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫര് ആയതിനാല് ചപ്പും ചവറും മുതല് പുലിയും സിംഹവും വരെ എടുക്കേണ്ടി വരും. ഇന്നലെ അതിന് ഭാഗ്യം ലഭിച്ചത് കാട്ടാനകള്ക്കാണ്. അതും നാട്ടിലിറങ്ങിയപ്പോള്. കാട്ടാനക്കൂട്ടത്തിനിടയില് ഒരു കുഞ്ഞുകുട്ടിയുള്ളതായിരുന്നു അതിലെ ആകര്ഷണം. കോവിഡുകാലത്തിനുശേഷം കോളജ് തുറന്നത് പകര്ത്തിക്കൊണ്ടിരിക്കെയാണ് അങ്കമാലി മൂക്കന്നൂരിനപ്പുറം ഒലിവ്മൗണ്ടില് കാട്ടാനക്കൂട്ടം എത്തിയെന്നറിയുന്നത്. കോളജ് വിദ്യാര്ഥികളെ വിട്ട് നേരെ അവിടേക്ക് വിട്ടു. ഗൂഗിള് മാപ്പില് ആനയെ കാണിക്കാത്തതിനാല് പലവഴി തെറ്റിയാണ് സംഭവ സ്ഥലത്തെത്തിയത്. കാട്ടാന വന്നാല് എന്റെ കാര് ചവിട്ടി മെതിക്കാതിരിക്കാന് ബുദ്ധിപരമായി ഒരു ഇടവഴിയില് ഒതുക്കിയിട്ട് സമീപത്തുകണ്ട 13 വയസുകാരനെയും കൂട്ടി ആന പോയ വഴിയെ നടന്നു. വേണമെങ്കില് എന്റെ ഫോട്ടോയെടുത്ത് ‘ആനയെ കണ്ടയാള് ’എന്ന അടിക്കുറിപ്പോടെ പത്രത്തില് കൊടുത്തോളൂ കേട്ടോ എന്ന സരസകമന്റുമായി അവന് ഒപ്പം കൂടി. കുറെ നടന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര് നില്ക്കുന്ന സ്ഥലത്തെത്തി. വെയില് താഴുമ്പോള് ആനയെ തിരിച്ചയക്കാനുള്ള പദ്ധതികള് ആവിഷ്കരിക്കുകയാണവര്. ‘ദേ! മുകളില് കുറച്ചുമുന്പുണ്ടായിരുന്നു...’ എന്നു കാണുന്നവരൊക്കെ പറയുന്നതല്ലാതെ ഒന്നും കാണുന്നില്ല. ചെറിയൊരു മലയില് 100 ഏക്കറിലേറെ പരന്നുകിടക്കുന്ന റബര്തോട്ടത്തിന്റെ ഏതോ ഭാഗത്ത് ആനയുണ്ട്. അവിടേക്ക് പോകുന്ന ഫോറസ്റ്റ് വാച്ചര്മാര്ക്കൊപ്പമായി പിന്നീടുള്ള യാത്ര. നടപ്പുവഴി പോലുമില്ലാത്ത ഏതൊക്കെയോ കുറ്റിക്കാടിനിടയിലൂടെ ആന നില്ക്കുന്ന സ്ഥലത്തെത്തി. മൂന്ന് ആനകളുടെ മുതുകുമാത്രം കുറ്റിക്കാടിനുമുകളില് കാണാനുണ്ട്. ഇടക്കിടെ അവര് നില്ക്കുന്ന സ്ഥലത്തെ മുള്വേലി തകര്ത്ത് കാണാനെത്തിയവര്ക്കുനേരെ കുതിക്കാന് ശ്രമിക്കുന്നു. അടിക്കാടും മുള്വേലിയും തീര്ത്ത പ്രതിബന്ധങ്ങളില്ലാതെ ചിത്രമെടുക്കാനും ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കുട്ടിയാനയെ കിട്ടാനുമുള്ള ശ്രമത്തില് ആനയുടെ സഞ്ചാരം വീക്ഷിച്ചു ദൂരം കുറെ കടന്നുപോയി. വൈകുന്നേരത്തോടെയാണ് കുട്ടിയെക്കൂടി കാണാവുന്ന തരത്തില് ചിത്രമെടുക്കാവുന്ന ഒരു പൊസിഷനില് ഇവരെ കിട്ടിയത്. പലയിടത്തും ആളും ബഹളവുമായതിനാല് ഈ മലഞ്ചെരുവിലെ റബര് തോട്ടത്തിലൂടെ ആന അങ്ങോട്ടും ഇങ്ങോട്ടും പരക്കംപായല് മാത്രം. വലിയൊരു പാറക്കൂട്ടത്തിന്റെ വിടവ് കിട്ടിയപ്പോള് അതിനുള്ളിലൂടെ പകര്ത്തിയതാണ് ഈ ചിത്രം. കുറച്ചു നേരം കൂടി കാത്തുനിന്നെങ്കിലും ആനയെ വന്നവഴിയിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം പൂര്ണമായും ശരിയാകുന്നില്ല. ഇനി ചിത്രം അയക്കണം എന്നതിനാല് തിരിച്ചുപോകാന് തീരുമാനിച്ചു. കണ്ടൊരു വഴിയിലൂടെ താഴേക്കിറങ്ങിയപ്പോഴാണ് പുതിയൊരു പ്രശ്നം ഉദിച്ചത്. ആനക്കൊപ്പം അങ്ങോട്ടും ഇങ്ങോട്ടും പലവഴികളിലൂടെ ഓടിയതിനാല് ഇവിടം തീര്ത്തും അപരിചിതമായ എനിക്ക് വാഹനത്തിനടുത്തേക്കുള്ള വഴി ഓര്മ്മയില്ല. രാവിലെ മുതല് ഓടിയ പാതകള് ഏതെന്ന് വീണ്ടും ഒാര്മിച്ചുനോക്കി. ആകെ ‘സിഗ്സാഗ്’ രീതിയിലാണ് പോയിരിക്കുന്നത്. നമുക്കുതന്നെ വഴി ഓര്മയില്ലെങ്കില് ആന ഇനി എങ്ങനെ വഴി കണ്ടുപിടിക്കുമോയെന്തോ? എന്ന ചിന്തയോടെ നാട്ടുകാരിലൊരാളുടെ സഹായം തേടി. രാവിലെ വഴിതെറ്റി വന്നപ്പോള് അവസാനം വന്നുചേര്ന്ന വഴിയുടെ പ്രത്യേകതയൊക്കെ പുള്ളിയോട് വിവരിച്ചു. ആ സ്ഥലത്തെത്താന് ഏകദേശം ഒന്നര കിലോമീറ്റര് ദൂരമുണ്ടെന്നും അത് ഈ മലയുടെ മറുവശത്താണെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞുകിടക്കുന്ന വഴികള് താണ്ടി അവിടെയെത്തിയപ്പോള് ദാ കിടക്കുന്നു എന്റെ കാര് ഒന്നും മിണ്ടാതെ.

NB: ഒരു ആന ക്യാമറ തള്ളി മറിക്കുന്ന ലോഗോ ഫോട്ടോ അടിക്കുറിപ്പിനൊപ്പമുള്ളത് ഈ തള്ളിനെ ഉദ്ദേശിച്ചല്ല കേട്ടോ. അത് ‘നുമ്മടെ’ ഒരു ശൈലിയാണ്. 😁
#WildElephant #Elephant #Calf #Edalakkad #Mookkannur #Angamaly #MyLifeBook #PhotoJournalism #NewsPhotography
Josekutty Panackal ⚫ Manorama 

2020, നവംബർ 2, തിങ്കളാഴ്‌ച

കോവിഡുകാല വാർത്താ ചിത്രങ്ങൾ


കോവിഡുകാലമാണ്. പഴയപോലെ ഏതിടത്തിലും ചെന്ന് ചിത്രമെടുക്കുന്ന വാര്‍ത്താ ചിത്രരീതിക്ക് കഴിഞ്ഞ 7 മാസമായി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്റര്‍വ്യൂ ചിത്രങ്ങളിലാണ് ഏറ്റവും അത് പ്രതിഫലിക്കുന്നത്. കഴിവതും വിവരങ്ങളെല്ലാം ഫോണിലെടുക്കും പക്ഷേ ചിത്രം എടുക്കാന്‍ ആളുടെ അടുത്ത് എത്താതെ നിര്‍വാഹമില്ലല്ലോ. എത്തിയാലും വീടിനുള്ളിലോ സ്ഥാപനത്തിലോ പ്രവേശിക്കാതെയാണ് ചിത്രമെടുക്കാന്‍ ശ്രമിക്കാറ്. പുറത്തേക്ക് വരാമോയെന്ന് ആദ്യം ചോദിക്കും. അതിനും കഴിയാത്തവരാണെങ്കില്‍ വാതില്‍പടിവരെയെങ്കിലും എത്തിക്കിട്ടിയാല്‍ മുറ്റത്തു നിന്ന് സൂം ലെന്‍സില്‍ കാര്യം കഴിക്കും. അത്തരമൊന്നാണ് ഇതോടൊപ്പം. 84 വയസിന്റെ കൊച്ച് ആഘോഷം നടക്കുന്ന കവി എന്‍.കെ. ദേശത്തിന്റെ ചിത്രം എടുക്കണം. പക്ഷേ അദ്ദേഹത്തിന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാനൊക്കെ ഒന്നിലേറെ ആളുകളുടെ സഹായം വേണം. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ വീടിനുള്ളില്‍ ഓണ്‍ലൈനില്‍ പുസ്തക പ്രകാശനവും പിറന്നാള്‍ ആഘോഷവുമൊക്കെ നടക്കുന്നു. മാസ്ക് വച്ചും വയ്ക്കാതെയുമൊക്കെ ആളുകള്‍ അകത്തുണ്ട്. പറ്റിയ ആംഗിളിലുള്ളൊരു ജനല്‍ പാളി കണ്ടെത്തി അത് അകത്തുള്ളവരെക്കൊണ്ട് തുറപ്പിച്ചു. ആ ജനല്‍പാളിക്കുള്ളിലൂടെ എടുത്ത ഒരു വാതില്‍പുറ ചിത്രീകരണമാണ് ഈ ചിത്രം.  
#MyLifeBook #BehindThePhoto #BehindThePicture #NKDesom #Poet #BirthDay #CovidSeason #NewsPhotography #PhotoJournalism 
Josekutty Panackal / Manorama 

2020, ഏപ്രിൽ 12, ഞായറാഴ്‌ച

കോവിഡ് കാലത്തെ പൊന്മലയിൽ


പൊന്‍മല കയറ്റം മുത്തപ്പോ!! പൊന്‍മല കയറ്റം... ഈ ശബ്ദം എവിടെയും കേള്‍ക്കാനില്ല. ആകെ നിശബ്ദത. ഇടക്കിടെ  ചീവീടുകളുടെ ചെവി തുളയ്ക്കുന്ന ശബ്ദം. മലയാറ്റൂര്‍ താഴത്തെ പള്ളിയില്‍ നിന്നും മലയാള മനോരമയ്ക്കായി പ്രത്യേക അനുവാദം വാങ്ങി മലകയറാനെത്തുമ്പോള്‍ പുരോഹിതനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദിക്കാനുണ്ടായിരുന്നത് തനിച്ചാണോ മുകളിലേക്ക് പോകുന്നതെന്നായിരുന്നു. അതെ എന്ന് അറിയിച്ചപ്പോള്‍ സഹായിക്കാന്‍ വഴിയിലാരും ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കി. മുന്‍ വര്‍ഷങ്ങളിലെല്ലാം രണ്ടും മൂന്നും തവണ ഓരോ സീസണിലും ഇവിടുത്തെ തിരക്ക് എടുക്കാന്‍ എത്താറുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്വയം വാഹനം ഓടിച്ചെത്തി ഒപ്പം ആരുമില്ലാതെ കാട്ടിലൂടൊരു മലകയറ്റം. അതും പുതിയൊരു അനുഭവമാകട്ടെ എന്ന ലക്ഷ്യത്തോടെ അടിവാരത്തുള്ള ഏക മനുഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പാറാശേരിയോട് യാത്രപറഞ്ഞു കയറ്റം തുടങ്ങി. കുരിശിന്റെ വഴിയിലെ 14 ഇടങ്ങളില്‍ ഒന്നാം സ്ഥലം എത്തുക എന്നതാണ് മലയാറ്റൂരിലെ ഏറ്റവും വലിയ കടമ്പ. മറ്റ് 13 എണ്ണവും തമ്മില്‍ വലിയ ദൂരത്തിലല്ല ഉള്ളത്. ഒന്നാം സ്ഥലത്തേക്കുള്ളയാത്രയില്‍ ഇടയിലൊരു നിരപ്പുണ്ട്. കഴിഞ്ഞ വര്‍ഷം പൊന്‍പണം ഇറക്കുമ്പോള്‍ ഇവിടെ വലിയൊരു ജനക്കൂട്ടം കൂടി നിന്നിരുന്ന ചിത്രം എടുത്തത് ഈ അവസരത്തില്‍ ഓര്‍ത്തു. മനുഷ്യ സ്പര്‍ശം ഇല്ലാതായതോടെ ഈ വഴിയില്‍ ഏതൊക്കെയോ കാട്ടുചെടികളുടെ വിത്തുകള്‍ വീണ് മുളച്ചുതുടങ്ങിയിരിക്കുന്നു. ഒപ്പം കാറ്റില്‍ പറന്നുവന്ന ഇലകള്‍ വഴിയാകെ മൂടിയിരിക്കുന്നു.  1-ാം സ്ഥലം എത്തും മുന്‍പ് ആരോ ഉപേക്ഷിച്ചു പോയ വലിയൊരു മരക്കുരിശിനു സമീപം അത്യാസന്ന നിലയിലാകുന്നവരെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍ ചാരി വച്ചിരിക്കുന്നു. ചുമട്ടുകാരും കച്ചവടക്കാരും കല്ലില്‍ നിന്നും കല്ലിലേക്ക് ചാടി തിടുക്കത്തില്‍ പോകുന്ന ദൃശ്യവും കാണാനില്ല. പാതയോരത്തെ കോളാമ്പി ഉച്ചഭാഷിണികള്‍ കെട്ടിയിട്ടുണ്ടെങ്കിലും നിശബ്ദമാണ്. വെളിച്ചം തരാന്‍ താല്‍ക്കാലികമായി സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ താഴെത്തന്നെ കിടക്കുന്നു. ചീവീടുകളുടെ ശബ്ദം ഏറിവരുന്നുണ്ട്.  കൂടിക്കിടക്കുന്ന ഇലകള്‍ക്കിടയിലൂടെ എന്തൊക്കെയോ ജീവികള്‍ തലങ്ങും വിലങ്ങും പായുന്നു. പാമ്പുകളെ മാത്രം കാണരുതേയെന്ന് പ്രാര്‍ഥിച്ച് ഇലകളില്‍ പരമാവധി ചവിട്ടാതെ കല്ലുകളിലൂടെ മാത്രം നടക്കാന്‍ നോക്കി.


 ഒന്നാം സ്ഥലത്തെ കുരിശിനു സമീപം മെഴുകുതിരി കത്തിക്കാനുള്ള പ്രത്യേക ഇടത്തില്‍ മുന്‍പ് കത്തിയമര്‍ന്ന തിരികളുടെ മെഴുക് മാത്രം പുറത്തേക്ക് എത്തി നോക്കുന്നു.  വഴിയിലെ കുടിവെള്ള പൈപ്പില്‍ ഗ്ലാസുകള്‍ കമിഴ്ത്തി വച്ചിരിക്കുന്നു. ടാപ്പ് തുറന്നുനോക്കി. ഇല്ല! തുള്ളി വെള്ളം വരുന്നില്ല. അല്ലെങ്കില്‍ത്തന്നെ തീര്‍ഥാടകരെ നിരോധിച്ചിരിക്കുന്ന ഇവിടെ എന്തിന് വെള്ളം? 10-ാം സ്ഥലവും കഴിഞ്ഞ് 11ലേക്ക് നീങ്ങുന്നതിനിടയില്‍ മുന്നിലൂടെ വിചിത്ര നിറത്തിലുള്ള 2 ചെറു ജീവികള്‍ പാഞ്ഞുപോയി. പാമ്പിനെ മനസില്‍ കരുതി നടന്നതിനാല്‍ പെട്ടെന്ന് പാമ്പ് തന്നെയെന്ന് ധരിച്ച് കല്ലിലേക്ക് ചാടിക്കയറി.  പ്രത്യേക നിറത്തിലുള്ള രണ്ട് ഓന്തുകള്‍ മനുഷ്യ സാന്നിധ്യമറിഞ്ഞ് ഒപ്പം സമീപത്തെ മറ്റൊരു കല്ലിലേക്കും കയറി. ഇവയായിരുന്നു പാഞ്ഞുപോയവയെന്ന് കണ്ടതോടെ സമാ
ധാനമായി. അവ എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. കുറച്ച് ചിത്രങ്ങള്‍ എടുക്കുന്നതുവരെ അവര്‍ ‘പോസ്’ ചെയ്തുതന്നു. ഇനി മലമുകളിലേക്ക് അധിക ദൂരമില്ല. 12-ാം സ്ഥലത്തിന് തൊട്ടടുത്ത് മാവില്‍ മാങ്ങകള്‍ കായ്ച്ചു പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. തീര്‍ഥാടകര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവയെല്ലാം വിവിധ ദേശങ്ങളില്‍ എത്തിയേനെയെന്ന് ചിന്തിച്ചു.  ഇവിടെ നിന്നും മുകളിലേക്ക് ഏതാനും സിമന്റ് പടികള്‍ ഉണ്ട്. സാധാരണ ഇവിടെയെത്തുമ്പോഴേക്കും ആളുകള്‍ തളര്‍ന്ന് ഇരിക്കാറുള്ള പടികളാണ്. എല്ലാം ശൂന്യം. വലിയ കുരിശുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ അവ സ്ഥാപിക്കാറുള്ള മരങ്ങള്‍ ഒക്കെ നിവര്‍ന്നു നില്‍ക്കുന്നു. പുതിയ ഒരു കുരിശുപോലും എവിടെയും കാണാനില്ല. 13-ാം സ്ഥലത്തോടു ചേര്‍ന്ന് ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വലിയ തിരക്കുള്ളൊരു കടയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള പരമാവധി സാധനങ്ങളെല്ലാം അവര്‍ കൊണ്ടുപോയിരിക്കുന്നു. ബാക്കിയുള്ളവ അവിടെ വലിയൊരു ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കെട്ടി വച്ചിട്ടുണ്ട്. പുറത്ത് സോഡാക്കുപ്പികളുടെ അടപ്പുകള്‍ കൂടിക്കിടക്കുന്നവയ്ക്കിടയില്‍ നിന്നും പുതുമഴയുടെ കരുത്തില്‍ തണ്ണിമത്തന്‍ വിത്തുകള്‍ കൂട്ടത്തോടെ മുളച്ചു പൊന്തിയിട്ടുണ്ട്. 
ഏറ്റവും അവസാനത്തെ 14-ാം സ്ഥലവും കടന്ന് മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തിലെത്തിയപ്പോള്‍ അവിടെ ഇതര സംസ്ഥാനക്കാരായ 3 ജോലിക്കാര്‍ ഇലകള്‍ അടിച്ചു വൃത്തിയാക്കുന്നുണ്ട്. സമയം എത്രയായി എന്ന് അവര്‍ ചോദിച്ചു. സമയം ഉച്ച 12.57. 
നിശബ്ദത പാലിക്കുക എന്ന സന്ദേശം പലയിടങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. അതെ ആകെ നിശബ്ദമാണ്, മലമുകളും താഴ്‌വാരവുമെല്ലാം.
© Josekutty Panackal 09 April 2020 

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

കണ്ണിലുണ്ട് ആ യാത്രക്കാര്‍

സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ പ്രകടനത്തിനു ശേഷം വേദിക്ക് തൊട്ടുമുന്നില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും ഉച്ചത്തില്‍ കയ്യടിച്ച് ‘എത്ര നല്ല പ്രകടനം’ എന്ന് ഉറക്കെ പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ പന്തിയിലിരിക്കുന്ന വിധികര്‍ത്താക്കളുടെ ചെവിയില്‍ ഇത് എത്തിക്കുകയും മാര്‍ക്കിടലില്‍ ഈ പഴയ നമ്പര്‍ ഫലിക്കുമോയെന്നുള്ള പരീക്ഷണവുമാണ് പലരുടെയും തന്ത്രം. ഇന്നലെ കൊച്ചിയില്‍ ഇതുപോലെ ഒന്ന് ഞാനും നേരിട്ടു. സ്ഥലം കലോത്സവമല്ല. പകരം ഒരാളുടെ മരണത്തിനിടയാക്കിയ റോഡിലെ കുഴിയാണ്. കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് മുകളിലൂടെ ബസ് കയറിയിറങ്ങി ആള്‍ മരിച്ചു. ഈ കുഴിയുടെ ചിത്രം എടുക്കാന്‍ അവിടെ എത്തിയത് കുറച്ചു നേരത്തിനു ശേഷമാണ്.  അവിടെയുണ്ടായ ചെറു പ്രതിഷേധത്തിന്റെ ഭാഗമായി അപ്പോഴേക്കും ഈ കുഴി താല്‍ക്കാലികമായി മൂടിയിരുന്നു. തകര്‍ന്ന സ്കൂട്ടറും കുഴിയുമൊക്കെ  ചിത്രമെടുക്കുന്നതിനിടയില്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം പകുതി മൂടി  രണ്ടുപേര്‍ അരികിലെത്തി. മാധ്യമ പ്രവര്‍ത്തകനാണോയെന്നായി എന്നോടുള്ള ആദ്യ അന്വേഷണം. അതെ എന്ന് അറിയിച്ച ശേഷം നിങ്ങള്‍ ആരാണെന്ന് തിരിച്ചും അന്വേഷിച്ചു. ഞങ്ങള്‍ ആ ബസിലെ യാത്രക്കാരായിരുന്നുവെന്നും ഇപ്പോഴും സംഭവം കണ്ണിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവരുടെ വിറയല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ഒക്കെ അറിയിച്ചു. കുഴിയില്‍ വീണ ഹതഭാഗ്യന്‍ തിരിഞ്ഞു നോക്കുന്നതിനിടെയാണ് ബസ് കയറിയതെന്നുമൊക്കെ വിശദീകരണം നീണ്ടുപോയി. ബസ് സാവധാനത്തിലായിരുന്നു വന്നിരുന്നതെന്നും, റോഡ് നന്നാക്കാത്തതിന്റെ അനാസ്ഥ വളരെ വിശദമായി പത്രത്തില്‍ കൊടുക്കണമെന്നും അധികാരികളാണ് ഈ മരണത്തിന് കാരണമെന്നുമൊക്കെ അവര്‍ പറഞ്ഞു. ഒപ്പം ഒന്നുകൂടി...ഡ്രൈവര്‍ ശക്തമായി ബ്രേക്കിട്ടതോടെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞുപോയെത്രെ. ‘ഇത്രയൊക്കെ കാര്യങ്ങള്‍ അറിഞ്ഞുവച്ച ഈ യാത്രക്കാര്‍ ഭയങ്കരന്മാര്‍ തന്നെ!’ എങ്കിലും ഇവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നത് ഈ സംസാരത്തിനിടയിലൊന്നും മാറ്റാത്തതിനാല്‍ മനസില്‍ ചെറിയൊരു സംശയം മുളപൊട്ടി. ബ്രേക്കൊടിഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിനടിയിലെ ചിത്രം പകര്‍ത്താനായി പിന്നീടുള്ള യാത്ര. മറ്റൊരു പരിപാടിക്ക് പോയി തിരികെ വരും വഴിയില്‍ ഇതേ ബസിനു സമീപം എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ഈ രണ്ട് കക്ഷികളും ബസിനുള്ളില്‍. ‘ അപകടം നടന്ന് ഇത്രയേറെ നേരമായിട്ടും ബസ് വിട്ടുപോകാന്‍ തോന്നാത്ത യാത്രക്കാര്‍...’ സ്ഥിരം ഡ്രൈവര്‍ക്ക് പകരമായി  മുതലാളി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നുകൂടി പൊലീസില്‍ നിന്നും അറിവുകിട്ടിയതോടെ ഉറപ്പായി ആ യാത്രക്കാര്‍ ആരെന്ന്.... 
By Josekutty Panackal 01.10.2019

#MyLifeBook #PhotoJournalismExperience #NewsPhotography #FakeAttempt 

2019, ജൂലൈ 9, ചൊവ്വാഴ്ച

തെളിയാത്ത ചിത്രവും തെളിയുന്ന ഓര്‍മ്മകളും...


കാലം 1999. മൂന്നാമത് സംസ്ഥാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവം തൊടുപുഴയില്‍ നടക്കുന്നു. മനോരമയില്‍ നിന്നും വിക്ടര്‍ ജോര്‍‌ജും മാതൃഭൂമിയില്‍ നിന്നും ടി.കെ. പ്രദീപ്കുമാറും, മംഗളത്തില്‍ നിന്നും ഗോപീരാജനുമൊക്കെ ചിത്രം പകര്‍ത്താന്‍ എത്തിയിട്ടുണ്ട്. നാട്ടുകാരനും മാതൃഭൂമിയുടെ തൊടുപുഴയിലെ ചിത്രങ്ങളെടുക്കുന്നയാളെന്ന നിലയ്ക്കു ഞാനും കലോത്സവ വേദിയിലെത്തി. കോട്ടയത്തു നിന്നും ആളെത്തിയിട്ടുള്ളതിനാല്‍ എനിക്ക് മുഖ്യ കാര്‍മ്മികത്വം ഇല്ല. എന്നാല്‍ നാട്ടുകാരനെന്ന നിലയ്ക്ക് പിന്‍വലിഞ്ഞു നില്‍ക്കാനും സാധിക്കില്ല. കോട്ടയത്തുനിന്നും വന്നിരിക്കുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കൊക്കെ ലോക്കല്‍ അറിവുകള്‍ പങ്കിടുന്നതില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയാണ് മെച്ചമെന്ന് അപ്പോള്‍ തോന്നി. ഫിലിം എവിടെ കഴുകാം, പ്രിന്റ് എപ്പോള്‍ കിട്ടും, ഭക്ഷണത്തിനു പറ്റിയ കട എവിടെയാണുള്ളത്, അടുത്ത വേദിയിലേക്കുള്ള കുറുക്കുവഴി ഏതൊക്കെ ഇതൊക്കെ സംഭാവന ചെയ്യുകയാണ് ലക്ഷ്യം. വൈകുന്നേരമായപ്പോള്‍ ഈ അറിവുകള്‍ പങ്കിട്ട എന്നോടുതന്നെ ഫിലിം കളര്‍ലാബില്‍ കൊടുത്ത് ഡവലപ് ചെയ്യാമോയെന്ന് പ്രദീപ്കുമാര്‍ ചോദിച്ചു. ഒപ്പം വിക്ടര്‍ എടുത്ത ഫിലിം റോളും കൊണ്ടുപോകണമെത്രെ. മനോരമക്കാരന്‍ എടുത്ത റോള്‍ തികച്ചും മാതൃഭൂമി ലേബലുള്ള ഞാന്‍ കൊണ്ടുപോയി കൊടുക്കുന്നതിലെ വിഷമം പുറത്തുകാട്ടിയില്ല. കൂടാതെ വിക്ടര്‍ മനസിലെ ഹീറോയാണുതാനും. 400 ഐഎസ്ഒ റോളുകള്‍ അങ്ങനെ കൂട്ടത്തോടെ തൊടുപുഴയിലെ ഫോട്ടോഫാസ്റ്റ് കളര്‍ ലാബിലെത്തിച്ചു. അവിടെത്തന്നെയിരുന്ന് ഫിലിം ഡവലപ് ചെയ്തു. ഡിജിറ്റല്‍ ക്യാമറകളുടെ ഈ യുഗത്തില്‍ മനസിലാകാത്തതും ഫിലിംയുഗത്തിലെ ഫൊട്ടോഗ്രഫര്‍ അനുഭവിക്കുന്ന ഒരു വ്യസനമുണ്ട്. നെഗറ്റീവ് കാണുംവരെ ഉള്ളിലൊരു നീറ്റല്‍. ഞാനെടുത്ത ചിത്രമല്ലെങ്കിലും വിക്ടറിന്റെ നെഗറ്റീവ് കണ്ടപ്പോള്‍ അകത്തുകൂടി ഒരു കൊള്ളിയാന്‍ മിന്നി. നെഗറ്റീവ് ആകെ അണ്ടര്‍ ആണോ എന്നൊരു സംശയം.(വേണ്ടെത്രെ വെളിച്ചമില്ലാതെ പതിയുന്ന ചിത്രങ്ങള്‍ക്കാണ് അണ്ടര്‍ എന്നു പറയുക). പിന്നാലെ പ്രദീപിന്റെ നെഗറ്റീവുമെത്തി. അതിന് വിക്ടറിന്റേതിനേക്കാള്‍ തെളിച്ചമുണ്ട്. എന്റെ പിഴവായി ഇത് തെറ്റിദ്ധരിക്കപ്പെടുമോയെന്ന ശങ്കയുമായി നെഗറ്റീവ് കയ്യിലെടുത്ത് കലോത്സവം നടക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലേക്ക് തിരിച്ചു. ആദ്യം പ്രദീപിന്റെ നെഗറ്റീവ് നല്‍കി. തൊട്ടടുത്തിരിക്കുന്ന വിക്ടറിനോട് ‘നെഗറ്റീവ് ലേശം അണ്ടറാണ്, ഇവിടുത്തെ ലാബില്‍ ഇങ്ങനെയാണ് പ്രോസസ് ചെയ്യുക’ എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നെഗറ്റീവ് നല്‍കി. വിക്ടറിന്റെ മുഖം പെട്ടന്ന് വാടി. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നുപറഞ്ഞ് കവര്‍ തുറന്നു. വെളിച്ചത്തിനു നേരെ പിടിച്ച പ്ലാസ്റ്റിക് ഷീറ്റിനിടയിലെ നെഗറ്റീവിലേക്കും തൊട്ടുപിന്നാലെ ചിരിച്ചുകൊണ്ട് എന്റെ നേരെയും നോക്കി വിക്ടര്‍ ചോദിച്ചു. ‘തൊടുപുഴക്കാരാ എന്നെ പറ്റിക്കാന്‍ പറഞ്ഞതാണല്ലേ?’. അപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത്. വിക്ടറിന്റെ ശൈലി തന്നെ അതായിരുന്നു. ആവശ്യത്തിലേറെ വെളിച്ചം കടത്തിവിട്ടു ചിത്രത്തെ വെളുപ്പിക്കുന്ന രീതി അദ്ദേഹത്തിനില്ല. ട്രാന്‍സ്പെരന്‍സി ഫിലിമാണെങ്കില്‍ ഒരു പോയിന്റ് വെളിച്ചക്കുറവില്‍ എടുക്കണമെന്ന് പിറ്റേവര്‍ഷം മലയാള മനോരമയില്‍ ട്രെയിനിയായെത്തിയ എനിക്കും ജെ. സുരേഷിനും, ആര്‍.എസ്. ഗോപനും, ജാക്സണ്‍ ആറാട്ടുകുളത്തിനും നല്‍കിയ ഉപദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പത്രത്തില്‍ അച്ചടിച്ചുവരുമ്പോള്‍ ഈ വെളിച്ചക്കുറവ് കാണാനില്ലെങ്കിലും ഫോട്ടോ പേപ്പറുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രിന്റ് ചെയ്യുമ്പോള്‍ ആ വെളിച്ചക്കുറവിന്റെ തെളിമ പിന്നീട് വളരെയധികം പ്രാവശ്യം നേരിട്ടു കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മഹാനായ ആ വഴികാട്ടി മരിച്ചിട്ടു 18 വര്‍ഷം.
ജോസ്കുട്ടി പനയ്ക്കല്‍, ചീഫ് ഫൊട്ടോഗ്രഫര്‍, മലയാള മനോരമ
09.07.2019
1999ലെ കലോത്സവത്തില്‍ നിന്നും വിക്ടര്‍ ജോര്‍ജ് പകര്‍ത്തിയ ചിത്രം. 

2019, ജൂലൈ 4, വ്യാഴാഴ്‌ച

RedInk National Photography award

പ്രിയ സുഹൃത്തുക്കളേ
പങ്കുവയ്ക്കുമ്പോഴാണല്ലോ മധുരം കൂടുക. എന്റെ വളര്‍ച്ചയില്‍ പങ്കാളികളായ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. എന്നെ നേരിട്ട് അറിയാവുന്നവരും അറിയാത്തവരുമായ ഒട്ടേറെ ആളുകള്‍ ഈ സൗഹൃദ കൂട്ടായ്മയില്‍ ഉണ്ടെന്ന് അറിയാം. സമൂഹമാധ്യമ കൂട്ടായ്മയില്‍ പങ്കാളിയാകുന്നതിന് മുന്‍പ് പുരസ്കാര വേളയില്‍ ഫോണ്‍ കോളുകളിലൂടെയും കത്തുകളിലൂടെയും ടെലഗ്രാമിലൂടെയുമൊക്കെയാണ് ആളുകള്‍ അഭിനന്ദനം ചൊരിഞ്ഞിരുന്നതെങ്കില്‍ ഇന്നത് വാട്സാപ്, ഫേസ്ബുക്ക്, എസ്എംഎസ് എന്നിവയിലേക്കെല്ലാം മാറിയെന്നു മാത്രം. ഇലക്ട്രോണിക് ഫോര്‍മാറ്റിലാണെങ്കിലും നിങ്ങളയച്ച ഓരോ അഭിനന്ദനവും വിമര്‍ശനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനും ബാച്ച് മേറ്റുമായ ശ്രീ. ആര്‍. എസ്. ഗോപനും സഹോദര സ്ഥാപനമായ എംഎംടിവിയിലെ അനില്‍ ഇമ്മാനുവലിനുമൊപ്പം റെഡ് ഇങ്ക് പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിനമാണ് മുംബൈയില്‍ ഏറ്റുവാങ്ങിയത്. ഫോട്ടോ ജേണലിസത്തിന്റെ പുരസ്കാരം സമ്മാനിക്കാന്‍ ബംഗ്ലാദേശിലെ വിഖ്യാത മാധ്യമ ഫൊട്ടോഗ്രഫര്‍ ഷാഹിദുല്‍ ആലവും എത്തിയത് അഭിമാനം പകരുന്നു. പുരസ്കാരം എന്നത് ലോകത്തെ ഏറ്റവും മികച്ചതിന് നല്‍കുന്നതല്ല എന്നും ഞാന്‍ മനസിലാക്കുന്നു. വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ നിശ്ചിത സമയം എത്തിയവയില്‍  അവര്‍‌ക്ക് മികച്ചതെന്ന് തോന്നിയത് ആ അവസരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ അങ്ങനയാവണമെന്നുമില്ല. ഉസൈന്‍ ബോള്‍ട്ടാണ് ലോകത്തെ ഏറ്റവും വേഗമേറിയ  ഓട്ടക്കാരന്‍ എന്നു പറയപ്പെടുമ്പോഴും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടാന്‍ അതിലും  വേഗത്തിലോടുന്നവരും ഉണ്ടെന്ന കാര്യവും നമുക്ക് ഓര്‍മ്മിക്കാം. പക്ഷേ അവരാരും ഒളിംപിക്സ് എന്ന മത്സരത്തില്‍ പങ്കെടുത്ത് കഴിവു തെളിയിച്ചവരല്ല. അതിനാല്‍ത്തന്നെ രേഖപ്പെടുത്താത്ത ഒരു റെക്കോര്‍ഡും റെക്കോര്‍ഡുകളല്ല എന്നതും ഈ അവസരത്തില്‍ സ്മരിക്കട്ടെ.
നന്ദിയോടെ, ജോസ്കുട്ടി പനയ്ക്കൽ.
#Thanks #RedInkAwards



























ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...