വിമാനത്തിൽ സിജെപിക്കാർ വന്നിറങ്ങുമ്പോൾ വിമാനത്താവളത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ആ ദൃശ്യങ്ങൾ പകർത്താൻ സഹപ്രവർത്തകൻ രാഹുൽ പട്ടത്തിനോട് അവിടേക്കു പോകാൻ തലേന്നുതന്നെ നിർദേശിച്ചിരുന്നു. നഗരത്തിലെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. രാവിലെ താമസസ്ഥലത്തുനിന്നു മെട്രോയിലാണ് റാഫി മാർഗിലെ ഓഫിസിനു സമീപമുള്ള പട്ടേൽ ചൗക്കിലെത്തേണ്ടത്. എന്നാൽ, അവിടെ എത്തുന്നതിന് അഞ്ച് സ്റ്റേഷൻ മുൻപേയുള്ള സുപ്രീം കോടതി സ്റ്റേഷൻ മുതൽ ഗതാഗതം അടച്ചിരിക്കുകയാണ്. പക്ഷേ, മെട്രോ പുറത്തിറക്കിയ അടച്ചിട്ട സ്റ്റേഷനുകളുടെ പട്ടികയിൽ ബാരാഖംബ സ്റ്റേഷന്റെ പേരുണ്ടായിരുന്നില്ല. അവിടെ ഇറങ്ങാൻ പരീക്ഷണാർഥം തീരുമാനിച്ചു. ഡൽഹി മെട്രോയുടെ ഓഫിസും ജീവനക്കാരും അവിടെയുള്ളതുകൊണ്ടാകാം നിയന്ത്രണം ഏർപ്പെടുത്താത്തതെന്നായിരുന്നു അനുമാനം. മുന്നിലും പിന്നിലുമുള്ള സ്റ്റേഷനുകളെല്ലാം അടച്ചതിനാൽ ഇതും അടച്ചെന്നു കരുതി യാത്രക്കാർ പലരും ആശങ്കയിലായിരുന്നു. യുദ്ധസമാന സാഹചര്യമായതിനാൽ മെട്രോയിൽ തിരക്കും കുറവാണ്. ഞാനും സഹപ്രവർത്തകൻ ജിക്കു വർഗീസ് ജേക്കബും ബാരാഖംബയിലിറങ്ങി ഓഫിസിലേക്ക് രണ്ടു കിലോമീറ്ററോളം നടന്നു. വഴിയിൽ കണ്ട കാഴ്ചകളൊക്കെ പകർത്തിയെങ്കിലും ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഉടനടി അയക്കാൻ കഴിഞ്ഞില്ല. ഓഫിസിലെത്തിയ ശേഷമാണ് ഇതെല്ലാം ഓൺലൈൻ വിഭാഗത്തിന് കൈമാറാനായത്.
അധികം വൈകാതെ, കേരള ഹൗസിൽനിന്നു പ്രതിഷേധവുമായി ജന്തർ മന്തറിലേക്ക് ഇറങ്ങിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, മുൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസ് ക്യാംപസിൽ നേരത്തേ കയറിപ്പറ്റിയതിനാൽ ഈ ദൃശ്യങ്ങൾ പകർത്താനായി. നേതാക്കളെ പൊലീസ് കൊണ്ടുപോയതിനു പിന്നാലെയാണ്, സിപിഎം ഓഫിസായ എകെജി ഭവനിൽനിന്നു വലിയൊരു മാർച്ച് ജന്തർ മന്തറിലേക്ക് പുറപ്പെടുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. അവിടെ എത്തുമ്പോൾ അൻപതോളം പൊലീസുകാരും പ്രതിഷേധക്കാരെ കയറ്റാൻ സജ്ജമാക്കിയ മൂന്നു വാഹനങ്ങളുമുണ്ട്. കുറച്ചു മാധ്യമപ്രവർത്തകർ പലഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്.
പെട്ടെന്നാണ് കടന്നൽക്കൂട് ഇളകിയതുപോലെ നാനൂറിനും അഞ്ഞൂറിനും ഇടയിലുള്ള വിദ്യാർഥിക്കൂട്ടം എ.എ. റഹിം എംപിയുടെയും ഐഷി ഘോഷിന്റെയും നേതൃത്വത്തിൽ പുറത്തേക്ക് ഇരച്ചെത്തിയത്. ഇത്രയും ആളുകളെ തടയാനുള്ള ശേഷി പൊലീസിനുണ്ടായിരുന്നില്ല. നേരിയ ഉന്തിനും തള്ളിനുമൊടുവിൽ പൊലീസിന്റെ വലയം ഭേദിച്ച് വിദ്യാർഥികൾ ജന്തർ മന്തർ ലക്ഷ്യമാക്കി പാഞ്ഞു. അവർക്കൊപ്പം ക്യാമറയും ബാഗുമായി ഞാനും ഓടി. വാഹനങ്ങൾ എടുക്കാൻ കഴിയാത്തതിനാൽ പല മാധ്യമപ്രവർത്തകരും അപ്പോഴും എകെജി ഭവനു മുന്നിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഏകദേശം 500 മീറ്റർ അകലെയുള്ള സേക്രഡ് ഹാർട്ട് കത്തീഡ്രൽ ജംക്ഷനിലെത്തിയപ്പോൾ, കുട്ടികളെ പിടിക്കാൻ വലിയൊരു കൂട്ടം പൊലീസ് അലർച്ചയോടെ പാഞ്ഞെത്തി. കുറച്ചുപേരെ അവിടെവച്ച് ഓടിച്ചുപിടിച്ചു കൊണ്ടുപോയി. ഒരു പ്രതിഷേധക്കാരനും പൊലീസുകാരനും തമ്മിൽ നിലത്തുവീണു മല്ലിടുന്ന ദൃശ്യം പകർത്തിയ ശേഷം ഞാൻ വീണ്ടും ഓടുന്നവർക്കൊപ്പം കൂടി.
ആർഎംഎൽ ആശുപത്രിക്കു മുന്നിലെ റോഡിലൂടെ വഴിതെറ്റിയാണ് വിദ്യാർഥികൾ ഓടിയത്. ആ റോഡ് അവസാനിക്കുന്നിടത്തുനിന്ന് തൽക്കത്തോറ റോഡിലേക്ക് അവർ തിരിഞ്ഞു. പാഞ്ഞുവരുന്ന ആൾക്കൂട്ടത്തെ കണ്ടയുടൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കുറച്ചു ബാരിക്കേഡുകൾ റോഡിലേക്ക് വലിച്ചുവച്ചു. അവസാനത്തെ ബാരിക്കേഡും വയ്ക്കുന്നതിനു മുൻപേ ഞാൻ അതു മറികടന്ന് അപ്പുറത്തെത്തി. പിന്നാലെ വന്ന ആൾക്കൂട്ടം ഈ ബാരിക്കേഡ് തകർത്തു മുന്നേറാൻ അധികം സമയമെടുത്തില്ല. സമീപമുള്ള ഗുരുദ്വാര റഖബ്ഗഞ്ചിനടുത്തുള്ള റൗണ്ട് എബൗട്ടിൽ കറങ്ങിയോടിയ കുട്ടികളിൽ ചിലരെ പൊലീസ് പിടികൂടി. ഇതിനിടെ ജന്തർ മന്തറിലേക്കുള്ള വഴി കണ്ടെത്തിയ ചില നേതാക്കൾ ബാക്കിയുള്ളവരെയും കൂട്ടി കുണ്ടൻ ലാൽ സെഹ്ഗാൾ റോഡ് വഴി സൻസദ് മാർഗിലേക്കെത്തി. അപ്പോഴേക്കും ഓട്ടം രണ്ടു കിലോമീറ്ററിനോട് അടുത്തിരുന്നു. പാർലമെന്റിന്റെ മതിൽ ചുറ്റിയുള്ള വഴിയായതിനാൽ അവിടെ സുരക്ഷ ഇരട്ടിയായിരുന്നു. ആകാശവാണി ഭവനും പാർലമെന്റിനുമിടയിലെ ബാരിക്കേഡ് വളരെ ശക്തമായാണ് കെട്ടിയിരുന്നത്. അവിടെ ഏറെനേരം തർക്കവും കസ്റ്റഡിയിലെടുക്കലുമൊക്കെ തുടർന്നു. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ വാഹനത്തിനായി തുറന്നുകിട്ടിയ ഏതോ വഴിയിലൂടെ മൂന്നു ടിവി ചാനലുകാർ കൂടി അവിടെയെത്തി. അതുവരെ തനിച്ചായിരുന്ന എനിക്ക് അതൊരാശ്വാസമായി.
എല്ലാവരെയും പൊലീസ് വാഹനത്തിൽ കയറ്റാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ നിൽക്കുമ്പോഴാണ്, പിന്നിൽനിന്നു കുറച്ചുപേർ കൂടി ഓടിയെത്തിയത്. അവർ ബാരിക്കേഡ് തകർത്ത് മുന്നോട്ടോടി. ഈ പ്രതിഷേധത്തിന്റെ ഐക്കൺ ചിത്രമായി മാറിയ പവിത്രയും ആ കൂട്ടത്തിലുണ്ടായിരുന്നു. അതുവരെ കാണാതിരുന്ന ഈ കുട്ടി എവിടെനിന്നു വന്നുവെന്ന് അദ്ഭുതപ്പെട്ടു നിൽക്കുമ്പോഴാണ്, തന്നെ പിടിക്കാനെത്തിയ മൂന്നു വനിതാ പൊലീസുകാരെയും വെട്ടിച്ച് എസ്എഫ്ഐ പതാകയുമേന്തി അവൾ നിലംതൊടാതെ പാഞ്ഞത്. ഞാൻ കുറച്ചുകൂടി മുന്നോട്ടോടി ആ ദൃശ്യം ക്യാമറയിലാക്കി. അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ചിത്രമെടുത്ത ശേഷം പ്രിവ്യൂ കാണാനൊന്നും സമയം കിട്ടാറില്ല. പലപ്പോഴും ക്യാമറ കണ്ണിനോട് ചേർത്ത് ക്ലിക്ക് ചെയ്യാൻ പോലും കഴിഞ്ഞെന്നുവരില്ല; പരിചയസമ്പത്തിന്റെ ബലത്തിൽ ക്ലിക്ക് ചെയ്യുകയാണ് പതിവ്. അതിനാൽ ആ ചിത്രം എങ്ങനെ പതിഞ്ഞുവെന്ന് ഏകദേശ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളെ പിടിക്കാൻ വരുന്ന പൊലീസ് ഉദ്യോഗസ്ഥയും പിന്നിലെ പൊലീസ് ബസും ഫ്രെയിമിലുണ്ടെന്ന് ഉറപ്പായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും മുന്നിൽ പോയവർക്കൊപ്പം എത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവളുടെ ഓട്ടം.
ആ ഓട്ടം പിന്നീട് 50 മീറ്റർ കൂടിയേ നീണ്ടുള്ളൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസിനു മുന്നിൽ റോഡിൽ കുത്തിയിരുന്നവർക്കൊപ്പം അവളും ചേർന്നു. തൊട്ടുപിന്നാലെയെത്തിയ പൊലീസ് ബാക്കിയുള്ളവരെക്കൂടി കസ്റ്റഡിയിലെടുത്തു നീക്കി. ഡൽഹിയിലെ മനോരമ ഓഫിസിനു സമീപത്താണ് ഈ ഓട്ടം അവസാനിച്ചതെന്നതിനാൽ, ഉടൻതന്നെ ഓഫിസിലെത്തി ഈ ചിത്രമാണ് ഓൺലൈൻ വിഭാഗത്തിലേക്ക് ആദ്യം അയച്ചത്. മനോരമയുടെ ഇംഗ്ലിഷ് പോർട്ടലായ 'ഓൺമനോരമ' മറ്റു ചിത്രങ്ങൾക്കൊപ്പം ഇത് പ്രാധാന്യത്തോടെ നൽകി. പിന്നാലെ മുൻ എംപി എൻ.എൻ. കൃഷ്ണദാസ് ഈ കുട്ടി പാലക്കാടുകാരിയാണെന്നും അവരുടെ കുടുംബവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അതോടെ പാർട്ടി പ്രവർത്തകർ ചിത്രമേറ്റെടുത്തു; അത് വോളുകളിൽനിന്നു വോളുകളിലേക്ക് പറന്നു. പിറ്റേന്നു മുതൽ പവിത്രയെ തേടി ടിവി ചാനലുകളുടെ അഭിമുഖങ്ങളുടെ പെരുമഴയായിരുന്നു. പാർട്ടി പത്രത്തിന്റെ ഒന്നാം പേജിലും ഈ ചിത്രം സമര ഐക്കണായി ഇടംപിടിച്ചു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ് മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ച് വാർത്തകൾ നൽകി. ഒടുവിൽ, ഗ്രീക്ക് മാഗസിനായ 'Parallaxi' എട്ടു രാജ്യങ്ങളിലെ ജനറേഷൻ സെഡ് (Gen Z) പ്രതിഷേധങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ചിത്രമായി ഓൺമനോരമയുടെ ക്രെഡിറ്റോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ