2016 ഏപ്രിൽ 13, ബുധനാഴ്‌ച

തേങ്ങരുത് താങ്ങാൻ ആരുമില്ല!

കൊല്ലം പുറ്റിങ്ങൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ അച്ഛനും അമ്മയും  മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ വാർത്ത ആദ്യദിനം മുതൽത്തന്നെ എല്ലാ മാധ്യമങ്ങളും നൽകിയിരുന്നു. അനാഥരായ കൃഷ്ണയുടെയും സഹോദരൻ കിഷോറിന്റെയും സംരക്ഷണം ഈ വാർത്തകളെത്തുടർന്ന് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാകുകയും ചെയ്തു. എന്നാൽ ഇന്ന് പത്രത്തിന്റെ ഒന്നാം പേജിൽ വന്ന ഇവരുടെ ചിത്രം പല സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും ദഹിക്കുന്നില്ല.  അഭിനയിപ്പിച്ചെടുത്ത ചിത്രം എന്നതാണ് പ്രധാന ആരോപണം. ഇത്തരം ഒരു അവസ്ഥയിൽ ഇവരെ അഭിനയിപ്പിക്കുന്നയാളെ  മാധ്യമപ്രവർത്തകനായി അംഗീകരിക്കാൻ എനിക്കും കഴിയില്ല. എന്നാൽ കേട്ടോളൂ പ്രിയരേ ഈ ചിത്രം സിനിമക്കുവേണ്ടിയിട്ട സെറ്റിൽ നിന്നോ നാടകവേദിയിൽ നിന്നോ എടുത്തിട്ടുള്ളതല്ല പച്ചയായ ജീവിതത്തിൽ നിന്നും ഒരു ഫൊട്ടോഗ്രഫർ പകർത്തിയതുതന്നെയാണ്.

സംഭവം വിവരിക്കട്ടെ. വെട്ടുകല്ലുകൾ അടുക്കിവച്ചുനിർമ്മിച്ച ഇവരുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എത്തുമ്പോൾ ഇവർ മുറിക്കുള്ളിലെ കട്ടിലിൽ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. കൊച്ചുവീടിനുള്ളിലെ സ്ഥലം മാധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊള്ളാൻ കഴിവില്ലാത്തതിനാൽ അവരെല്ലാം വീടിനുപുറത്തുനിന്ന് ജനലിലൂടെയാണ് മന്ത്രിയുടെ സന്ദർശനം പകർത്തിയിരുന്നതും. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിനും വളരെ മുന്നേ സമീപവാസിയായ ഒരു ഫൊട്ടോഗ്രഫർ ഈ മുറിക്കുള്ളിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ ഈ ചിത്രമെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി മറുപടി പറയുന്നതിനിടെ തേങ്ങിയ കിഷോറിനെ സഹോദരി കൃഷ്ണ  സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.  ഈ നിമിഷവും വാർത്താ ചിത്രങ്ങൾ സാധാരണയായി എടുത്തുകൊണ്ടിരിക്കുന്ന ആ ഫൊട്ടോഗ്രഫർ പകർത്തി. ചിത്രം മന്ത്രിയെയും എംപിയെയുമൊക്കെ ഉൾപ്പെടുത്തിയാണ് എടുത്തതെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ചിത്രമാകാൻ ഈ സഹോദരങ്ങൾ രണ്ടുപേർ മാത്രം മതിയായിരുന്നു. ഇനി വിഐപികളെ ഒഴിവാക്കി എന്ന ആരോപണക്കാർക്ക് സമാധാനിക്കാൻ ഇതാ ആ ചിത്രവും ഉൾപേജിലുണ്ട്. ചിത്രം എടുത്ത ശ്രീ. ജിജോ പരവൂരിന്റെ തന്മയത്വത്തെ സ്മരിക്കുന്നു.

അവനവൻ വേരിട്ടുകാണാത്തതൊക്കെ അസത്യമെന്ന് വിചാരിക്കുന്ന സൈബർ പോരാളികളേ ഇടക്കൊക്കെ കീബോർഡിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കണം. അല്ലെങ്കിൽ ഇത്തരം ദൃശ്യങ്ങൾ ആനിമേഷനോ അഭിനയമോ ഒക്കെയായി തോന്നിയേക്കാം. നിങ്ങൾ കീബോർഡിൽ കാണാത്ത ചില കാര്യങ്ങൾ മുൻകൂട്ടി കാണുകയും അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് സമൂഹത്തിൽ ചിലർ മാധ്യമപ്രവർത്തകർ എന്ന് അറിയപ്പെടുന്നത്.

#BehindThePhoto #Media #Criticism #Paravur #Puttingal #FireWorks  

2016 ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിനിറുത്തുമോ?

കേരള ഹൈക്കോടതി രാത്രികാലങ്ങളിൽ ശബ്ദത്തിലുള്ള വെടിക്കെട്ട് നിരോധിച്ചു. ആയിക്കോട്ടെ നല്ല കാര്യം. വിചിത്രമായ ഈ ആചാരത്തിന് ഇത്രയെങ്കിലും തടയിടാൻ കഴിഞ്ഞത് നന്നായി. കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ടപകടത്തിൽ മരിച്ച നൂറിലേറെ ആളുകളുടെ സ്മരണയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരാരും അതിൽപ്പെടാത്തതിൽ ആശ്വാസംകൊള്ളുകയും ചെയ്യുന്നു. സാധാരണ ആളുകൂടുന്നിടത്തൊക്കെ മാധ്യമപ്രവർത്തകനും മുൻപന്തിയിലുണ്ടാകും. എന്നാൽ പത്രങ്ങളുടെ ഡെഡ് ലൈനിനുശേഷവും ചാനലുകളുടെ ലൈവില്ലാ സമയത്തും ഈ പരിപാടി നടന്നതിനാൽ അത്രയേറെ മുൻപന്തിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങിന് ആരുമുണ്ടായിരുന്നില്ല. പതിവുപോലെ വെടിക്കെട്ടെടുത്ത് അത് അവസാന എഡിഷനിലേക്ക് ചേർക്കാൻ ഫൊട്ടോഗ്രഫർമാർ പോയ നേരത്തായിരുന്നു സംഭവം. വെടിക്കെട്ടിന്റെ വർണവിസ്മയം ഒരു ഫ്രെയിമിൽ  ഒപ്പിയെടുക്കാൻ അടുത്തുനിന്നാൽ സാധിക്കില്ലാത്തതിനാൽ മാധ്യമ ഫൊട്ടോഗ്രഫർമാർ‌ സംരക്ഷിതമായ അകലം പാലിക്കുന്നതും തുണയായി. ദൈവത്തിനും മാധ്യമ ഡെഡ് ലൈനുകൾക്കും സംഘാടകർക്കും നന്ദി.

കേരളത്തിൽ വെടിക്കെട്ടിനായി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കരിമരുന്ന് ബോൾ.
പുറ്റിങ്ങൽ ക്ഷേത്രത്തിൽ കൊല്ലം പതിപ്പിൽ ജോലി ചെയ്യുന്ന കാലത്ത് വെടിക്കെട്ട് ചിത്രം പകർത്താൻ ഞാനും പോയിട്ടുണ്ട്. ജോലിയുടെ ഭാഗമല്ലെങ്കിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിനോക്കുക പോലുമില്ല. തൃശൂർ പൂരവും, ഉത്രാളിക്കാവ് വെടിക്കെട്ടും, മരട് വെടിക്കെട്ടുമെല്ലാം ഇങ്ങനെ ജോലിയുടെ ഭാഗമായി മാത്രം ഞാൻ  ക്യാമറയിൽ പകർത്തിയവയാണ്. വെടിക്കെട്ടു ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ചെവിപൊത്താനാകാതെ ക്യാമറ ക്ലിക്കിൽ മാത്രം ശ്രദ്ധിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷം. എന്തിനാണ് ഇത്രയേറെ ശബ്ദത്തിൽ ആളുകളെ ഭയപ്പെടുത്തി ഈ സംഭവം മുന്നോട്ടുകൊണ്ടുപോകുന്നത്? ചെവിപൊത്തിയും മുഖം ചുളിച്ചുമല്ലാതെ ചിരിച്ചുകൊണ്ട് ശബ്ദത്തിലുള്ള വെടിക്കെട്ടുകാണുന്ന ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ആകാശത്ത് വർണവിസ്മയം വിരിയുന്ന സമയത്തുമാത്രമാണ് ആളുകളിൽ ചിരിവിരിയുന്നതും കണ്ടിട്ടുള്ളത്.

ചൈനീസ് കായികമേളയുടെ വെടിക്കെട്ട്.
 ശബ്ദമലിനീകരണത്തിന്റെ കണക്കെല്ലാം ഡെസിബൽ കണക്കിൽ പുറത്തുവിടുമ്പോൾ ഇതും മനുഷ്യന്റെ ചെവിക്ക്  ഹാനികരമല്ലേ എന്നൊരു അന്വേഷണം ആകാവുന്നതാണ്. വർണം വിരിയിക്കുന്ന ചെവി പൊത്തേണ്ടാത്ത വെടിക്കെട്ടിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ചൈനയിലെ രാജ്യാന്തര കായികമേളയുടെ തുടക്കവും ഒടുക്കവും നിരന്തരമായി വെടിക്കെട്ട് പൂരം തന്നെയാണുള്ളത്. പക്ഷേ ഒരിക്കൽപോലും ക്യാമറ ക്ലിക് ബട്ടണിൽ നിന്നും ചെവിപൊത്താൻ കൈവലിക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഒഴിവാക്കാനാകാത്ത നമ്മുടെനാട്ടുകാർക്കും ഈ സംഗതി നടപ്പാക്കാവുന്നതാണ്. ഇനി ശബ്ദം കേട്ടേമതിയാകൂ എന്നുള്ളവർക്ക് വയർഫ്രീയായുള്ള ഒരു ഹെഡ്ഫോണും നൽകുക. ഇടക്കിടെ റെക്കോഡ് ചെയ്ത വെടി ശബ്ദങ്ങൾ വർണവിസ്മയം വിരിയുന്ന അതേസമയത്ത് ചെവിയടപ്പിക്കുന്നരീതിയിൽ പ്ലേ ചെയ്യുക. കേട്ടുരസിക്കട്ടെ.

#Ban #Dangerous #FireWorks #Kerala


2016 മാർച്ച് 30, ബുധനാഴ്‌ച

മലയാളിക്കൊരു ബംഗാളി അടി. അതും വെറുതെ!


അതൊരു റാലിതന്നെയായിരുന്നു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ കോളജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെത്തുവെന്ന് കൊൽക്കത്തയിൽ നിന്നും അറിഞ്ഞാണ് അവിടെയെത്തിയത്. തിരഞ്ഞെടുപ്പ് കവർചെയ്യാൻ ഇവിടെയെത്തിയിട്ട് ദീദിയെന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ ഒരു ചടങ്ങെങ്കിലും കവർചെയ്യാതെ എങ്ങിനെ കേരളത്തിലേക്ക് മടങ്ങും? കേരളത്തിലെ മുഖ്യമന്ത്രി ഒഴികെ മറ്റാരെയും മുൻകൂട്ടി അറിയിക്കാതെ തൊട്ടടുത്തുനിന്ന് ചിത്രമെടുക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന ബോധ്യം മനസിലുള്ളതുകൊണ്ട് മൈതാനിയുടെ ഏത് ഭാഗത്താണു ദീദിയുടെ സ്റ്റേജെന്നുതപ്പി നടന്നു. ഇല്ല! സ്റ്റേജിന്റെ പൊടിപോലുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിപാടി ഇവിടെത്തന്നെയല്ലേയെന്ന് ചോദിച്ചപ്പോൾ സംഗതി ഇവിടെത്തന്നെ പക്ഷേ സ്റ്റേജില്ലാത്ത പരിപാടിയാണെത്രെ. ഹൊ! അപ്പോൾ ഈശ്വര പ്രാർഥന, സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, നന്ദിയോട് നന്ദി.... കൃതജ്ഞത ഇതൊന്നുമില്ലാത്ത പരിപാടി... ആഹാ! അതുകൊള്ളാം മനസിൽ ലഡുപൊട്ടി.  പിന്നെ എങ്ങനെയാണ് പരിപാടി? ദീദി ഹെലികോപ്റ്ററിൽ വരും, ഇറങ്ങി റോഡിലൂടെ ഒറ്റ നടപ്പങ്ങുനടക്കും പറ്റുന്നവരൊക്കെ കൂടെ നടന്നോണം. ഈ പെണ്ണുംപുള്ളയുടെ ഒപ്പം നടന്ന് പോകാൻ ഈ പ്രദേശത്തെങ്ങാനും ആളുണ്ടോ? ചുറ്റുംനോക്കി. കുറച്ച് പൊലീസും പാർട്ടിപ്രവർത്തകരും അവരുടെ വൊളന്റിയേഴ്സുമല്ലാതെ ആരെയും കാണാനില്ല. 

കേരളത്തിൽ നിന്നുവന്ന മാധ്യമപ്രവർത്തകനാണ് ഞാനീ നാട്ടുകാരനല്ല അപാകത എന്തെങ്കിലുമുണ്ടെങ്കിൽ മുന്നേ അറിയിക്കണം എന്ന ലൈനിൽ മുതിർന്ന പൊലീസ് ഓഫിസർമാർക്ക് മുന്നിലൂടെ ക്യാമറയുമായി മൂന്നുനാലുവട്ടം നടന്നുനോക്കി. ബംഗാളിക്കും മലയാളിക്കും കാഴ്ചയിൽ സമാനതയുള്ളതുകൊണ്ടാവാം പൊലീസ് ഓഫിസർമാർ ഏതോ ബംഗാളി മാധ്യമപ്രവർത്തകൻ എന്നനിലയിൽ തീരെ മൈൻഡുചെയ്യാതിരിക്കുന്നു. ഹെലികോപ്റ്റർ എത്താറായി അങ്ങിങ്ങായി നിൽ‌ക്കുന്നവരെയൊക്കെ പൊലീസ് അവിടെനിന്നുമാറ്റുന്നു. എന്റെ അടുത്തുനിന്നവരെയും മാറ്റുന്നുണ്ട് പക്ഷേ ബംഗാളിയിൽ എന്തോ എന്നോടും പിന്നിലേക്ക് ചൂണ്ടിക്കാണ്ടി പറഞ്ഞു. മീഡിയ എന്നും ലോറി എന്നും രണ്ടുവാക്കുകൾ അതിലുണ്ടായിരുന്നതിനാൽ സംഗതി ഊഹിച്ചെടുത്തു. പിന്നിലേക്ക് നീങ്ങിവരുന്ന ലോറിയിൽ കയറാനാണ് പൊലീസ് പറഞ്ഞത്.  അതാ കുറെ ബംഗാളി പത്രക്കാരും ടിവിക്കാരും ലോറിയിൽ ചാടിക്കയറുന്നു. അപ്പോൾ സംഗതി ശരിതന്നെ. പിന്നാലെ ദീദിയുടെ ഹെലികോപ്റ്റർ മൈതാനത്തിറങ്ങി പൊടിപടലം വകവയ്ക്കാതെ കുറെ പ്രവർത്തകർ മൈതാനിയിലേക്ക് ഓടുന്നുണ്ട്. പൊടിയടങ്ങിയപ്പോൾ സാരിയുടുത്തൊരു വനിത ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഊർന്നിറങ്ങുന്നു. നിലത്ത് കാൽതൊട്ടപാടെ അതാപോകുന്നു സംരക്ഷണവേലിക്കരികിലേക്ക്. തൊട്ടടുത്തനിമിഷം കറന്റടിച്ചതുപോലെ തിരിച്ചുവരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും ഓടുന്നു. ഏതൊരു പരിപാടിയുടെയും ആദ്യ നിമിഷങ്ങൾക്കായി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതുപൊലെതന്നെ ലോറിയിൽ മഹാബഹളം. മമതയെ വ്യക്തമായി കാണാൻ പാടില്ലാത്ത തരത്തിൽ മാധ്യമപ്രവർത്തകരെ കയറ്റിയ ലോറി നിറുത്തിയിരിക്കുന്നതാണ് ആദ്യ പ്രശ്നം. ലോറി ഒരടിപോലും പിന്നോട്ടെടുത്താൽ അപ്പോൾ ഡ്രൈവറെ തല്ലും എന്ന രീതിയിൽ പൊലീസും നിൽപ്പുണ്ട്. മമത വേഗത്തിൽ നടന്നുവന്ന് റോഡിൽകയറി സംഗതികൾ ആകെയൊന്ന് വീക്ഷിച്ചു. സ്ഥലത്തെ സ്ഥാർഥിയെ തനിക്കരികിലേക്ക് ചേർത്തുനിറുത്തി നടത്തം ആരംഭിച്ചു. മിനിറ്റുകൾക്കുമുൻപ് അവിടെ കണ്ടരീതിയിലായിരുന്നില്ല പിന്നീടുകണ്ടത്. എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയ ജനം മമതക്കൊപ്പം നടക്കുന്നു. പക്ഷേ ആരെയും തനിക്ക് മുന്നിലേക്ക് കയറ്റിവിടാൻ അവർ അനുവദിക്കുന്നില്ല. തന്റെ മുന്നിൽ നടന്നുകയറാൻ നോക്കുന്നവരെയൊക്കെ പിന്നിലേക്ക് പോകാൻ അവർ ഇടക്കിടെ നിർദേശം നൽകും. ഒരു കിലോമീറ്റർ കഴിഞ്ഞ് മിഡ്നാപൂർ ഗാന്ധിപ്രതിമക്ക് സമീപം എത്തിയപ്പോഴേക്കും പലരും തളർന്നു. സാരിത്തലപ്പുകൊണ്ട് മുഖ്യമന്ത്രി ഇടക്കിടെ മുഖം ഒപ്പുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ആരൊക്കെയോ ജമന്തിപൂമാലകൾ റോഡിലേക്കെറിഞ്ഞു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കൂപ്പുകൈകാണിച്ചുള്ള അഭിവാദ്യം നിറുത്തി പൂമാലകൾ എറിയരുതെന്ന് കെട്ടിടത്തിന് മുകളിലുള്ളവർക്ക് നിർദേശം നൽകുന്നു. ഇതുകണ്ട് പിന്നാലെയെത്തിയ എല്ലാവരും നിർദേശം നൽകുന്നവരായി മാറുന്നു. റോഡിൽ വീണ പൂമാലയൊക്കെ പെറുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മമത നിർദേശവും നൽകി. 

പെറുക്കിയെടുത്ത പൂമാല എവിടേക്ക് മാറ്റിയന്ന് പിന്നെ കാണാൻ കഴിഞ്ഞില്ല കാരണം അതിലും വലിയൊരു ജനസാഗരം പിന്നാലെ ഇരച്ചുവരുന്നുണ്ടായിരുന്നു. റോഡിന് ഇരുവശത്തുനിന്നുമുള്ളവർ മമതയുടെ വഴിയിലേക്ക് കയറാതിരിക്കാൻ കയറുമായി ഇരുവശങ്ങളിലൂടെയും പ്രവർത്തകർ കുതിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ആൺ-പെണ്‍ സെക്യൂരിറ്റി സംഘം കറുത്ത കണ്ണടധരിച്ച് മമതക്കിരുവശവും ബലംപിടിച്ചു നീങ്ങുന്നുണ്ട്. പക്ഷേ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പമെത്താൻ അവരും നന്നേപാടുപെടുന്നുണ്ട്. അടുത്തവളവുതിരിഞ്ഞതും മാധ്യമലോറിയുടെ കാഴ്ചയിൽ നിന്നും മമത മറഞ്ഞു. പിന്നെയൊരു പൂരമായിരുന്നു ലോറിയിൽ. പ്ലാന്റ്ഫോമിന്റെ കമ്പിയിൽ കാൽകൊണ്ട് തൂങ്ങിനിന്നിരുന്ന എന്റെ തുടയിലടിച്ച് ഏതോ ബംഗാളി പത്രക്കാരൻ ലോറി ഡ്രൈവർക്ക് വണ്ടിനിറുത്താൻ നിർദേശം നൽകുന്നു. ‘അത് എന്റെ കാലാണ് സഹോദരാ, നിങ്ങൾ ലോറിയുടെ ബോഡിയിൽ അടിക്കൂ’ എന്നുള്ള എന്റെ ശബ്ദമൊന്നും പുള്ളിക്കാരൻ ശ്രദ്ധിക്കുന്നില്ല. കാലിൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ തമിഴ് സിനിമയിലേതുപോലെ ‘ഡാാായ്....’എന്നൊരു ശബ്ദം കണ്ഠത്തിൽ നിന്നും ഉയർന്നതോടെയാണ് അദ്ദേഹത്തിന് സ്ഥലകാലബോധമുണ്ടായത്. സിംപിൾ ഒരു ചിരിയും ചിരിച്ച് അദ്ദേഹം ലോറിയുടെ ബോഡിയിൽ അടിക്കാൻ തുടങ്ങി. ലോറി നിന്നപാടെ പാർട്ടിക്കാരും പൊലീസ് ഓടിവന്ന് മുന്നോട്ടെടുക്കാൻ ആ‍‍ജ്ഞാപിച്ചു. മുന്നോട്ടെടുത്താൽ ശരിയാക്കുമെന്ന് മാധ്യമക്കാരും. ആകെക്കൂടി വെട്ടിലായ പരുവത്തിൽ ഡ്രൈവറും. പത്തിരുപത് സെക്കൻഡിനുള്ളിൽ മമത കാഴ്ചക്കുള്ളിലെത്തി. വളവിലെത്തിയപ്പോൾ അവർക്കൊരു ഫോൺകോൾ വരികയും അത് അറ്റൻഡുചെയ്ത് റോഡിൽ നിന്നതുമാണ് മാധ്യമലോറിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും അവർ മറയാൻ കാരണമായത്. അതിന്റെ പേരിൽ കാലിൽ അടികിട്ടിയതോ എനിക്കും. ങാ! പിന്നെ ഒരു ബംഗാൾ ഓർമ്മക്ക് അതും കിടക്കട്ടെ. 




2016 മാർച്ച് 18, വെള്ളിയാഴ്‌ച

ബംഗാളി ദാദ! മലയാളി മാമൻ...

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി കൊൽക്കത്ത നഗരത്തിൽ ഇറങ്ങിയ ആദ്യ ദിനം തന്നെ കല്ലുകടി. കാളിഘട്ട് എന്ന പ്രശസ്തമായ സ്ഥലത്തെ സ്പോർസ് ലവേഴ്സ് അസോസിയേഷൻ ഓഫിസിൽ നിന്നും റിപ്പോർട്ടിങ് തുടങ്ങാമെന്ന് ഒപ്പമുളള റിപ്പോർട്ടർ കിഷോർ പറഞ്ഞപ്പോൾ നാട്ടിലെ തക്കിട തരികിട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈനിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുതന്നെ തുടങ്ങുന്നതിലെ ഒരു വൈക്ലബ്യം തോന്നാതിരുന്നില്ല. എന്നാൽ നാലുലക്ഷത്തോളം രൂപ സർക്കാരിൽ നിന്നുകിട്ടിയ മൂന്നുലക്ഷത്തോളം ക്ലബ്ബുകൾ ബംഗാളിലുണ്ടെന്നുകേട്ടപ്പോൾ ഗുണിച്ചുനോക്കിയ ഫോണിലെ കാൽക്കുലേറ്ററിന് സംഖ്യകാണിക്കാൻ സ്ഥലമില്ലാതെ 1.2e11 എന്നുകാണിക്കുന്നു. എന്നാൽ ഈ മഹത് ക്ലബ്ബുകളിലൊന്ന് കണ്ടുകളയാമെന്നു വിചാരിച്ചുവച്ചുപിടിച്ചു.

സ്ഥലത്തെത്തിയപ്പോൾ ആകെയൊരു വശപ്പിശക്. മുന്നിലും സമീപത്തുമൊക്കെ പൊലീസ്. സമീപത്തെ ട്രാഫിക് സിഗ്നലിൽ എക്സ്ട്രാ ഡ്യൂട്ടിയുള്ള പൊലീസൊക്കെ ക്ലബ്ബിൽ നിന്നും പുറത്തെത്തുന്ന എസിയുടെ 
തണുപ്പൊെക്കയടിച്ച് ചുറ്റിപ്പറ്റി നിൽപുണ്ട്. അകത്തുകടന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ചെറിയൊരു ഓഫിസിന് തുല്യം. മമത ബാനർജിയുടെ യൗവനകാല ചിത്രം മുതലൊക്കെ ഭിത്തിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ ചിത്രം റീകോപ്പി ചെയ്തുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചപ്പോൾ അകത്തെ ചിത്രം എടുക്കാൻ പറ്റില്ലെന്ന് ഒരു ദാദ പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ പത്രക്കാരാണെന്നു പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എന്നാൽ പുറത്തുനിന്ന് എടുത്തോട്ടെയെന്ന് ചോദ്യത്തിൽ അകത്തെ ദാദയുടെ മുഖത്ത് ആശ്വാസം അത് കുഴപ്പമില്ല എന്നുള്ള മറുപടിയും കിട്ടി. പുറത്തെത്തി റോഡിനുമറുവശം നിന്ന് ചിത്രമെടുക്കുമ്പോൾ പുറത്തുചാർജുള്ള ദാദ ഹോയ് ഹോയ് എന്നൊക്കെ വിളിക്കുന്നുണ്ട്. ഗൗനിക്കാതിരുന്ന എനിക്കരുകിലേക്ക് ഏകദേശം ആറരയടി ഉയരവും 100 കിലോ തൂക്കവുമുള്ള ഘടാഘടിയൻ നടന്നെത്തി. ചിത്രം കാണണമെന്ന് പറഞ്ഞു. കാണിക്കാതെ നിവൃത്തിയില്ല, മോണിട്ടറിൽ ചിത്രം തെളിഞ്ഞതോടെ ഉടൻ ഡിലീറ്റ് ചെയ്യണമെന്നായി അദ്ദേഹം. ആകെ രണ്ടുചിത്രമേ എടുത്തിട്ടുള്ളു പൊലീസ് നോക്കിനിൽക്കെ ചിത്രം ഡിലീറ്റ് ചെയ്യിച്ചു. റിക്കവറി സോഫ്ട്‌വെയർ ഉള്ള സ്ഥിതിക്ക് വേണമെങ്കില്‍ ചിത്രം വീണ്ടെടുക്കാം... എന്നാലും തുടക്കം ഗംഭീകമായല്ലോ എന്നുവിചാരിച്ചു. ഏതായാലും ഇത് എടുത്തിട്ടുതന്നെ കാര്യം.

ചുറ്റുമുള്ള കെട്ടിടമൊക്കെയൊന്ന് വീക്ഷിച്ചു. ഇല്ല! ഇവരറിയാതെ പകർത്താൻ പറ്റിയ ഒരു സ്ഥലവും ചുറ്റിലുമില്ല. ഇനി വജ്രായുധം... കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിക്കുന്ന തന്ത്രം. എന്നെ ചിത്രം ഡിലീറ്റു ചെയ്യിച്ച ദാദ തിരിച്ച് ക്ലബ്ബിന് മുന്നിൽ കസേരയിട്ടിരിക്കുകയാണ്. അദ്ദേഹത്തോടുതന്നെ മറ്റ് ക്ലബ്ബുകൾ സമീപത്ത് ഉണ്ടോയെന്ന് അന്വേഷിച്ചു. വളരെ ഗൗരവത്തിൽ ഏതോ റോഡിന്റെ പേരൊക്കെ പറഞ്ഞു. അതിലൊരു റോഡ് എഴുതിയെടുത്ത് പത്തടി ദൂരെ ചെന്നുനിന്ന് ഞാൻ ഫോൺവിളി തുടങ്ങി. ദാദക്ക് കേൾക്കാവുന്ന തരത്തിൽ ഈ റോഡിന്റെ പേരൊക്കെ ഞാൻ മറുതലക്കലുള്ള വ്യക്തിയെ അറിയിക്കുന്നുണ്ട്. പക്ഷേ അത് മൊബൈൽ ക്യാമറയോടുള്ള സംഭാഷണമായിരുന്നെന്നുമാത്രം. രണ്ടുപോയതിന് പത്തു ചിത്രവുമായി മടങ്ങുമ്പോൾ മനസിൽ പറഞ്ഞു... മലയാളിയോടാ കളി!

2015 നവംബർ 12, വ്യാഴാഴ്‌ച

യൂബറുകാരനെ തല്ലിക്കൊല്ലണോ?

ഏതൊരു സൗകര്യവും കേരളത്തിലെത്തുമ്പോൾ അതിനെ അന്ധമായി എതിർക്കുക എന്നത് പലമലയാളികളും കാലാകാലങ്ങളായി പുലർത്തിപ്പോരുന്നൊരു കാര്യമാണ്. അതിലെ അവസാന കണ്ണിയാണ് യൂബർ ടാക്സികൾ. സ്വന്തമായി ഒരു പെട്ടി ഓട്ടോറിക്ഷ പോലുമില്ലാതെ 64 രാജ്യങ്ങളിൽ സേവനം നൽകുന്ന യൂബറെന്ന വിദേശ ടാക്സി കമ്പനി  കേരളത്തിലെ രണ്ട് നഗരങ്ങളിൽ മാത്രം സേവനം നൽകിത്തുടങ്ങിയപ്പോൾ കളിമാറി. ടെക്നോളജി മാത്രം നൽകുന്ന വെറുമൊരു കമ്പനിയാണ് യൂബർ. നമ്മുടെ തന്നെ നാട്ടിലെ പാച്ചുവും ഗോപാലനും വർക്കിയും ഷഫീക്കുമൊക്കെയാണ് ഇതിന്റെ ഡ്രൈവർമാർ. പക്ഷേ നമ്മുടെ നാട്ടിലെ തന്നെ ടാക്സിക്കാർ ഇവരെ ആക്രമിക്കുന്നതുകാണുമ്പോൾ കഷ്ടം തോന്നുന്നു. 

ഒരിക്കൽ യൂബർ ടാക്സി വിളിക്കുന്നവർക്ക് അതൊരു ശീലമായി മാറും എന്നത് സത്യമാണ്. കാരണം അത്രയൊന്നും ടാക്സികളെ ആശ്രയിക്കാതിരുന്ന ഞാൻ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറുപ്രാവശ്യമാണ് യൂബർ ടാക്സി സേവനം ഉപയോഗപ്പെടുത്തിയത്. എറണാകുളം പോലൊരു നഗരത്തിൽ സ്വന്തം കാറുമായി ഇറങ്ങുന്നതിനെക്കാളും, ഇതാണ് നല്ലമാർഗമെന്ന് പലപ്പോഴും തോന്നുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി റേഡിയോ ടാക്സി സർവീസ് തുടങ്ങിയ മലയാളിയുടെ ടാക്സിയോ കമ്പനിയും, പിന്നാലെ എത്തിയ മേരു, ഒല തുടങ്ങിയ ടാക്സി സർവീസും കേരളത്തിൽ ഇപ്പോഴും കിതച്ചോടുന്നതിന് കാരണം ആവശ്യക്കാർക്ക് വേണ്ട നേരത്ത് വണ്ടി നൽകാൻ സാധിക്കാത്തതുകൊണ്ടുമാത്രമാണ്.

യൂബറിനെ ഞാൻ ആശ്രയിക്കാൻ കാരണം താഴെ പറയുന്നവയാണ്. 

1. ഒരിടത്തേക്കും  ഫോൺ വിളിച്ച് കസ്റ്റമർകെയർ എക്സിക്യൂട്ടീവിന്റെ സംസാരത്തിനോ, ദയവിനോ ആയി കാത്തിരിക്കേണ്ടതില്ല.. മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ ലഭ്യതയും നമുക്ക് അടുത്തേക്ക് എത്താൻ വേണ്ടിവരുന്ന സമയവും കാണാം. 

2. ഫോണിൽ വെറും നാല് ടച്ചിലൂടെ വാഹനം നമുക്ക് മുന്നിലെത്തും. പോകുന്നതിന് മുൻപ് ഏകദേശ തുകയെക്കുറിച്ച് ധാരണനൽകും. പലപ്പോഴും അതിൽക്കുറഞ്ഞ തുകയേ വേണ്ടിവരുന്നുള്ളു. അതുതന്നെ അഞ്ചുകിലോമീറ്ററിനുമുകളിലായാൽ ഓട്ടോറിക്ഷാ ചാർജിലും കുറവായിരിക്കും. നമുക്ക് ലഭിക്കുന്ന കാറാകട്ടെ സ്വിഫ്റ്റ് ഡിസയറിന് മുകളിലേക്കുള്ള എ.സി. വാഹനങ്ങളും. 

3. ഡ്രൈവറുടെ പേര്, അയാളുടെ ഫോട്ടോ, വാഹനനമ്പർ, ഏത് തരത്തിലുള്ള വാഹനമാണ് വരുന്നത് എന്നതെല്ലാം സ്ക്രീനിൽ തെളിയും. കാറിന്റെ ഐക്കൺ നമ്മൾ നിൽക്കുന്ന സ്ഥലത്തേക്ക് നീങ്ങിയെത്തുന്നത് കൃത്യമായി ആപ്ലിക്കേഷനിൽ കാണാം. തൊട്ടടുത്ത് എത്താറാകുമ്പോൾ മാത്രം കെട്ടിടത്തിനുള്ളിൽ നിന്ന് ഇറങ്ങി നിന്നാൽ‌ മതി. 

4. സ്ത്രീകൾക്ക് പോലും ധൈര്യമായി ആപ്ലിക്കേഷൻ വഴി ടാക്സി വിളിക്കാം. അവരുടെ നമ്പർ ഡ്രൈവർക്കോ, ഡ്രൈവറുടെ നമ്പർ തിരിച്ചോ ലഭിക്കില്ല. യൂബറിന്റെ സംവിധാനം വഴി കോൾ കണക്ടാകുന്നതിനാൽ ഡ്രൈവർക്ക് ആപ്ലിക്കേഷൻ രജിസ്റ്റർ െചയ്തയാളുടെ പേര് മാത്രമേ കാണാൻ കഴിയൂ. അതിലേക്ക് വിളിക്കാം. അതുപോലെ തിരിച്ചും. ഈ വിളികളെല്ലാം സൗജന്യവുമാണ്. (എന്നിട്ടാണോ ഡൽഹിയിൽ യൂബർ ടാക്സിയിൽ ഒരു സ്ത്രീ മാനഭംഗം ചെയ്യപ്പെട്ടത് എന്നൊരു ചോദ്യം മനസിൽ ഉയരുന്നുണ്ടെങ്കിൽ, കാറിൽ മാനഭംഗം ചെയ്യപ്പെട്ടവരുടെ ഇന്ത്യയിലെ കണക്കൊന്ന് പരിശോധിച്ചാൽ ബ്രാൻഡഡ് അല്ലാത്ത ടാക്സി സർവീസിൽ അത്തരം വിക്രിയകൾ നടന്നത് ഇതിന്റെ നൂറിരട്ടിയിലേറെ ആണെന്ന് കാണാൻ കഴിയും) 

5. കുറഞ്ഞ സ്പീഡിലുള്ള മൊബൈൽ ഇന്റർനെറ്റ് കണക്ഷനിൽ പോലും ഇത് പ്രവർത്തിക്കും. 

6. നമ്മുടെ പ്രിയപ്പെട്ടവരെ ഇതിൽ കയറ്റി അയച്ചാൽ അവർ ‌നിശ്ചിത സ്ഥലത്ത് എത്തുന്നതുവരെ കാറിന്റെ ഓരോ ചലനവും നമുക്ക് കാണാൻ കഴിയും. തുക പേയ്ടിഎം വഴിയോ, ( എടിഎം കാർഡ് ബന്ധിതമായത്) ഡ്രൈവറുടെ കയ്യിലോ നൽകാം. കാർഡ് കണക്ടഡാണെങ്കിൽ  94 രൂപയാണ് ചാർജെങ്കിലും നാല് രൂപക്കും തിരികെ നൽകാനുള്ള ആറ് രൂപക്കും ഇരുകൂട്ടരും ഓടേണ്ടതില്ല. 


                                              ടാക്സിക്കാരുടെ സംഘടന ഇതിനെ എതിർക്കുന്നതിന് നിരത്തുന്ന കാരണങ്ങൾ വിചിത്രമാണ്. യൂബർ കേരളത്തിലെ ചെറുകിട ടാക്സി വ്യവസായത്തെ തകർക്കും എന്നതാണ് പ്രധാന പ്രശ്നമായി ഉയർത്തിക്കാണിക്കുന്നത്. കൊച്ചിയിൽ ലുലുമാൾ വന്നിട്ടും അവിടെനിന്നും വെറും ഒന്നര കിലോമീറ്റർ അകലെയുള്ള എന്റെ താമസസ്ഥലത്തിനടുത്തുള്ള പലചരക്കുകടയിലെ ചേട്ടന് കച്ചവടത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. രണ്ടുകിലോ അരിയോ, മൂന്ന് പായ്ക്കറ്റ് പാലോ വേണ്ടിവരുമ്പോൾ ഞാൻ ലുലുവിലേക്ക് ഓടാറുമില്ല. സേവനം നൽകുന്നത് എങ്ങിനെയെന്നാണ് ഉപഭോക്താവ് എന്നനിലയിൽ ഓരോരുത്തരും വിലയിരുത്തുന്നത്. നമ്മുടെ നാട്ടിലെ ടാക്സികളെല്ലാം യോജിച്ച് യൂബറിനോട് കിടപിടിക്കുന്ന സംവിധാനവുമായി ഈ സേവനം നൽകിയാൽ നമ്മുടെ ആളുകൾ യൂബർ വിട്ട് അതിനെ ആശ്രയിക്കുമെന്ന് ഉറപ്പാണ്. പക്ഷേ നമ്മളറിയുന്ന നമ്മുടെ ആളുകളുടെ തന്നെ വാഹനം തല്ലിപ്പൊളിക്കാനും താക്കോൽ ഊരിയെടുക്കാനും നടന്നാൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് നീങ്ങുകയേ ഉള്ളൂ. 


ഇതിന് സമാനമായ ഒരു ഉദാഹരണം പറഞ്ഞുകൊള്ളട്ടെ നാട്ടിൻപുറത്തെ ബാങ്കുകളിൽ പോലും ഇന്റർനെറ്റ് ബാങ്കിങ് ഏർപ്പെടുത്തിയതോടെ പല ആളുകളും ബാങ്കിലെത്താതായി.. പിന്നാലെ മൊബൈൽ ബാങ്കിങ്ങുകൂടി വന്നതോടെ ജനങ്ങളുടെ ഒഴുക്ക് വീണ്ടും കുറഞ്ഞു. പക്ഷേ ഇടപാടുകളുടെ എണ്ണം ദിനം പ്രതി കൂടുകയും ചെയ്തു. ‘അയ്യോ! സംവിധാനം വികസിച്ചതോടെ ഞങ്ങൾക്ക് പണി ഇല്ലാതായേ’ എന്ന് ഒരു ബാങ്ക് ഓഫിസറും വിലപിക്കുന്നതായി ഞാൻ കേട്ടിട്ടില്ല. ഇതേ അവസ്ഥതന്നെയാണ് ടാക്സി മേഖലയിലും ഒറ്റക്കെട്ടായി പുതിയ ടെക്നോളജി ഏർപ്പെടുത്തുന്നതിലൂടെ നമ്മുടെ ടാക്സിക്കാർക്കും ലഭ്യമാകുക. പക്ഷേ തല്ലുകൊടുക്കാനുള്ള യൂണിറ്റി പോലെ ഇതിനും ഒത്തൊരുമ കാണിക്കണമെന്നുമാത്രം. 


ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇത് എങ്ങനെ ഉപയോഗിക്കാം എന്നുകൂടി പറയുന്നത് ഉചിതമായിരിക്കും.. ഇപ്പോൾ രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് 500 രൂപക്കുള്ള ആദ്യ യാത്ര സൗജന്യമാണ്. 


*ഗൂഗിൾപ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് എന്നിവയിൽ നിന്നെല്ലാം  ആപ്ലിക്കേഷൻ ഡൗൻലോഡ് ചെയ്യാം. അത് ഇൻസ്റ്റാൾ ചെയ്യുക. 

* പുതിയൊരു  യൂസർ ഐഡി നിങ്ങളുടെ ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക. മൊബൈൽ നമ്പർ നമ്മുടെ തന്നെയാണോ എന്നറിയാൻ ഒരു വേരിഫിക്കേഷൻ നമ്പർ‌ എസ്എംഎസ് ആയി ഫോണിലെത്തും ഇതുകൂടി നൽകിയാലേ സംഗതി പൂർത്തിയാകൂ. 

ഇനി ഫോണിലെ യൂബർ ഐക്കൺ തുറന്നാൽ താഴെക്കാണുന്ന വിൻഡോ ലഭിക്കും. നമ്മൾ അപ്പോൾ നിൽക്കുന്ന സ്ഥലത്തായിരിക്കും അതിലെ ലൊക്കേഷൻ സൂചി നിൽക്കുന്നത്. അവിടേക്കാണ് വാഹനം എത്തുക. ഇവിടെയല്ല വരേണ്ടതെങ്കിൽ അത് നമുക്ക് മാറ്റി നൽകുകയുമാകാം. 




ഇനി കാർ വിളിക്കാനുള്ള സംവിധാനം പരീക്ഷിക്കാം.. ഒന്നാമത്തെ ടച്ച് ആപ്ലിക്കേഷന്റെ അടിയിൽ കാണുന്ന UberX എന്നതിന്റെ താഴെയുള്ള കാറിന്റെ പടത്തിൽ ആകട്ടെ. അപ്പോൾ ഇങ്ങനൊരു വിൻഡോ ലഭിക്കും. അതിലുള്ള GET FARE ESTIMATE എന്നതിൽ സ്പർശിക്കുക. 



അപ്പോൾ എവിടേക്കാണ് പോകേണ്ടതെന്ന് ചോദിക്കും. ആ സ്ഥലം ടൈപ്പ് ചെയ്യുക. (നിലവിൽ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും 25 കിലോമീറ്ററോളം ചുറ്റളവിലുമാണ് സേവനം ഉള്ളത്. മറ്റ് സ്ഥലങ്ങളിൽ നിന്നും വിളിക്കാൻ ശ്രമിച്ചാൽ കാർ ലഭ്യമല്ല എന്നായിരിക്കും കാണിക്കുക) 



അപ്പോൾ തുകയും വാഹനം കിട്ടാനുള്ള സമയവും കാണിക്കും. താഴെക്കാണുന്ന ചിത്രത്തിൽ വാഹനം എത്തിച്ചേരാനുള്ള സമയം മൂന്ന് മിനിറ്റും തുക 78 മുതൽ 92 വരെ ആകാമെന്നുമാണ് കാണിച്ചിട്ടുള്ളത്. 


ഇനി മാപ്പിന്റെ മധ്യത്തിൽ കാണുന്ന SET PICKUP LOCATION എന്ന കറുത്ത ബോർഡറിലുള്ള സ്ഥലത്ത് വീണ്ടും തൊട്ടാൽ താഴെ Request UberX എന്ന വിൻഡോ തെളിയും. അവിടെ തൊട്ടാൽ തൊട്ടടുത്തുള്ള ഡ്രൈവർക്ക് സന്ദേശം പോകുകയും ഉടൻ അദ്ദേഹം നമ്മളെ ബന്ധപ്പെടുകയും ചെയ്യും. 




*** ആദ്യതവണ യാത്രചെയ്യുന്നവർക്ക് സൗജന്യമായി യാത്രചെയ്യാൻ താഴെക്കാണുന്ന സംവിധാനം പ്രയോജനപ്പെടുത്താം. 

ആപ്ലിക്കേഷന്റെ ഇടത്ത് മുകളിൽ മൂന്ന് വരകൾ കാണുന്നുണ്ടാകും അവിടെ ടച്ച് ചെയ്താൽ താഴെക്കാണുന്ന വിൻഡോ ലഭിക്കും. അതിൽ നാലാമത് കാണുന്ന പ്രമോഷൻസ് എന്ന സ്ഥലത്ത് വിരലമർത്തിയാൽ പ്രമോഷൻ കോഡ് നൽകാനുളള സ്ഥലമെത്തും.. 

അവിടെ JOSEKUTTYPUE എന്ന് ടൈപ്പ് ചെയ്യുക. അതിനുശേഷം APPLY എന്ന് അമർത്തിയാൽ നിലവിൽ 500രൂപക്കുള്ള ആദ്യ യാത്ര സൗജന്യം. 




ഇതുകണ്ട് ഞാൻ യൂബറിന്റെ ആരെങ്കിലുമാണെന്ന് ധരിക്കരുത്. നമുക്കെല്ലാം ഇതുപോലെ ഒരു പ്രമോഷൻ കോഡ് അവർ നൽകുന്നുണ്ട്. അത് മറ്റുള്ളവർക്ക് നൽകാനേ ഉപകരിക്കൂ. നമുക്ക് വല്ലവരും തന്നാൽ അത് ഉപയോഗിക്കാം. 

2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കടമിഴിയിലെ കള്ളച്ചിരികണ്ടോ?

കഴിഞ്ഞദിവസമാണ് കേരള സര്‍ക്കാരിന്‍റെ സംസ്ഥാന ഫൊട്ടോഗ്രഫി അവാര്‍ഡ് വിതരണ ചടങ്ങില്‍ അതിഥിയായി പോയത്. പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇതിലെ ചിത്രങ്ങള്‍ കാണുവാന്‍ ആകാംഷ ഉണ്ടായിരുന്നുതാനും. എന്നാല്‍ സെമിനാറും ഉദ്ഘാടനവും കഴിഞ്ഞ് ചിത്രങ്ങള്‍ കണ്ടതോടെ ആകെ സങ്കടം തോന്നി. മദ്യത്തിനും മയക്കുമരുന്നിനും എതിരെ (മനുഷ്യരാശിയുടെ വിപത്തുകള്‍) എന്നതായിരുന്നു കൊടുത്തിരുന്ന വിഷയം. സാധാരണ കാടും പ്രകൃതിയും വെള്ളവുമൊക്കെ കൊടുത്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വകുപ്പ് മന്ത്രി കെ.സി. ജോസഫ് തന്നെയാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്ന്  പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. 98 ശതമാനം ചിത്രങ്ങളും പോസ് ചെയ്ത് എടുത്തവയായിരുന്നു. ചിലതൊക്കെ കണ്ടപ്പോള്‍ മികച്ച സീരിയലോ സിനിമയോ നിര്‍മ്മിക്കാന്‍ ഈ ഫൊട്ടോഗ്രഫര്‍മാര്‍ക്ക് കഴിയുമെന്നും തോന്നാതിരുന്നില്ല. പതിവുപോലെ വിഷയം കിട്ടിയപ്പോള്‍ ക്യാമറയുമായി "എന്നാലൊരു അവാര്‍ഡ് പടം എടുത്തുകളയാം" എന്നുകരുതി പോയവര്‍ക്കാണ് അക്കിടി പറ്റിയത്. കിട്ടിയതുവച്ച് വിധി പ്രഖ്യാപിക്കാന്‍ വിധികര്‍ത്താക്കളും നിര്‍ബന്ധിതരായി.

"മദ്യപിച്ച് അടിതെറ്റി"ക്കിടക്കുന്ന ഗൃഹനാഥന്‍റെ ചിത്രമെടുക്കുമ്പോള്‍ വീട്ടമ്മ ക്യാമറയില്‍ ഒളികണ്ണിട്ടുനോക്കി ചിരിക്കുന്ന ചിത്രം വരെ അക്കൂട്ടത്തിലുണ്ട്.കൂടാതെ "അടിതെറ്റി"ക്കിടക്കുന്നയാളുടെ ചുണ്ടിലും ചെറുചിരി തത്തിക്കളിക്കുന്നു.  അതുപോലെ തന്നെ സംഘം ചേര്‍ന്ന് മദ്യവിപത്തിനെതിരെ ചിത്രമെടുക്കാന്‍ പോയി ഒരു ഭവനത്തിന്‍റെ തന്നെ വ്യത്യസ്ത ആംഗിളില്‍ നിന്നും വീട്ടുകാരെ പകര്‍ത്തിയവരും ഉണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ മുഖങ്ങളെ ശരിയായരീതിയില്‍ത്തന്നെ ഒപ്പിയെടുക്കുന്നതില്‍ പത്രഫൊട്ടോഗ്രഫര്‍മാരെപ്പോലെ തന്നെ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരും ഉയരട്ടെ.

സമൂഹത്തിലെ യഥാര്‍ത്ഥ ദൃശ്യം കലര്‍പ്പില്ലാതെ ക്യാമറയില്‍ ഒപ്പിയെടുത്തവര്‍ക്ക് പ്രത്യേക അഭിവാദ്യം. അടുത്ത തവണയെങ്കിലും ഒരു വിഷയം കിട്ടുമ്പോള്‍ വിഷയാനുസൃതമായി അപ്പോള്‍ പോസ് ചെയ്യിക്കാന്‍ പോകാതെ കയ്യിലൊരു ചിത്രം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഫൊട്ടോഗ്രഫിയിലെ തനിമ എന്നും നിലനിറുത്താന്‍ നിങ്ങള്‍ക്കും ബാധ്യതയുണ്ട്. കാരണം നിങ്ങള്‍ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരാണ്.


2015 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ആ ക്ലിക്കിന് ബിഗ് സല്യൂട്ട്

ഇതാ കുറച്ചുപേർ അംഗീകരിക്കുകയും മറ്റുചിലർ മുഖം തിരിക്കുകയും ചെയ്യുന്ന ഫൊട്ടോഗ്രഫി ദിനം വീണ്ടുമെത്തിയിരിക്കുന്നു. ദിനം ആചരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ഫൊട്ടോഗ്രഫർമാർക്കും ആശംസകൾ. കൊതുകിനുവരെ ഒരു ദിനമുള്ളപ്പോൾ ഫൊട്ടോഗ്രഫർമാർക്കൊരു ദിനം എന്നത് മാറ്റിനിറുത്തേണ്ട കാര്യമല്ലതാനും. 

വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്ന ഇക്കാലത്ത് മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നവരും ഫൊട്ടൊഗ്രഫർമാരുടെ പട്ടികയിൽ വരും. എന്നാൽ പാട്ടുപാടുന്ന എല്ലാവരും യേശുദാസായി മാറാറില്ല എന്നതും ഇതിനോടനുബന്ധിച്ച് ഓർമ്മിക്കാവുന്നതാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് കൊച്ചി മരടിലെ വെടിക്കെട്ടെടുക്കാൻ  രാത്രി നേരത്ത് ക്യാമറക്കൊപ്പം ട്രൈപ്പോഡും റിമോട്ടുമൊക്കെയായി ഞാൻ പോയത്.  ഈ വെടിക്കെ‌ട്ട് ഒരു ഫ്ലാറ്റിനുമുകളിൽ നിന്നാണ് പകർത്തിക്കൊണ്ടിരുന്നത്. അടുത്തുതന്നെ വിലകൂടിയൊരു മൊബൈൽ ഫോണിൽ ഫ്ലാറ്റിലെ താമസക്കാരിലൊരാളും ഇതു പകർത്തുന്നുണ്ട്. അദ്ദേഹം കുറച്ച് ചിത്രങ്ങൾ പകർത്തുകയും വിഡിയോ എടുക്കുകയുമൊക്കെ ചെയ്തശേഷം അടുത്തെത്തി എന്തിനാണ് റിമോട്ട് ഉപയോഗിച്ച് ഞാൻ ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് സംശയം ചോദിച്ചു. ക്യാമറ അൽപം പോലും കുലുങ്ങാതിരിക്കാനെന്ന് മറുപടിയും നൽകി. പിറ്റേന്ന് പത്രത്തിൽ പടം അച്ചടിച്ചുവന്നശേഷം അദ്ദേഹം എന്നെ വിളിച്ച് വീണ്ടുമൊരു സംശയം ചോദിച്ചു. ഞാൻ മൊബൈൽ ഫോണിലെടുത്ത ചിത്രത്തിൽ വെടിക്കെട്ടിന്റെ ഏതാനും വരകളും നിറങ്ങളും മാത്രമേയുള്ളു, പക്ഷേ നിങ്ങളുടെ ചിത്രത്തിൽ ഒന്നിനുമേലെ ഒന്നായി വിരിയുന്ന വർണ വിസ്മയമുണ്ട്.. ഇത് എങ്ങനെ പകർത്തി? 

ഈ ചോദ്യമാണ് ഫൊട്ടൊഗ്രഫി കൂടുതൽ ജനകീയമാകുന്നു എന്നതിന്റെ തെളിവ്. ഓരോരുത്തരും ചിത്രം എടുക്കാൻ തുടങ്ങിയ ശേഷമാണ് ഇതിനെക്കുറിച്ച് കൂടുതൽ ചർച്ചകളും പഠനങ്ങളും നടക്കുന്നതെന്നത് ഓരോ പ്രഫഷനൽ ഫൊട്ടോഗ്രഫർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 19 ഫൊട്ടോഗ്രഫി ദിനമായി ആരെങ്കിലും ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ആചരിക്കുന്നവർ ആചരിക്കട്ടെ. ഇനി മറ്റൊരു ദിനം അതിനായി നീക്കി വയ്ക്കുന്നെങ്കിൽ അങ്ങനെയുമാകട്ടെ. 

സമൂഹമാധ്യമങ്ങളുടെ വളർച്ചയോടെയാണ് ഓരോ ഫോട്ടോയുടെയും തലനാരിഴ കീറി പരിശോധിച്ചുള്ള വിമർശനങ്ങളും കയ്യടികളും ഫൊട്ടോഗ്രഫറെ തേ‌ടിയെത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. എടുത്ത ചിത്രം ഏതെങ്കിലും പ്രദർശനത്തിനു വയ്ക്കുമ്പോഴോ, എവിടെയെങ്കിലും അച്ചടിച്ചുവരുമ്പോഴോ മാത്രമാണ് മുൻപ് ഈ കയ്യടിയും വിമർശനവും കിട്ടിയിരുന്നത്. പക്ഷേ ഇന്ന് സ്ഥിതിയാകെ മാറി. ലൈക്കുകൾക്കായി മാത്രം ചിത്രം എടുത്തിടുന്നവരും കുറവല്ല. ഉദ്ദേശിച്ച ലൈക്ക് കിട്ടാതെ അസ്വസ്ഥരാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. അവസാനം സ്വന്തം പടമെങ്കിലും പോസ്റ്റുചെയ്ത് ഇതിനെങ്കിലും ലൈക്കടിക്കൂ കൂട്ടുകാരേ എന്ന് കെഞ്ചുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. വിമർശിച്ചവരെ ശത്രുക്കളുടെ പട്ടികയിൽപെടുത്തി അൺഫ്രണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്ന പരിപാടികളും സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്നു. ലൈക്കുകളല്ല ഒരു ഫോട്ടോയുടെ നിലവാരം അളക്കുന്ന യന്ത്രം എന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫൊട്ടോഗ്രഫർമാർ മനസിലാക്കുന്നത് വളരെ ഗുണകരമാണ്. 

ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫറായതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെടുത്തിയുള്ള ഒരു സംഭവം കൂടി പറയട്ടെ. അടുത്തിടെയാണ് ക്രിക്കറ്റുതാരം ശ്രീശാന്ത് കേസിൽ നിന്നും വിമുക്തനായി നാട്ടിലെത്തിയത്. വീട്ടിലെത്തി കുഞ്ഞിനും കുടുംബത്തിനുമൊപ്പം ഈ ആഹ്ലാദം പങ്കിടുന്ന അദ്ദേഹത്തിന്റെ ചിത്രം നിരന്നുനിൽക്കുന്ന വാർത്താചിത്ര ഛായാഗ്രഹകന്മാരെല്ലാം ഒരേ മുറിക്കുള്ളിൽ നിന്നാണ് പകർത്തിയത്. എല്ലാവരുടെയും ക്യാമറയിൽ ഏകദേശം ഒരേ പോലുള്ള ചിത്രങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. പക്ഷേ പിന്നീടുള്ള കടമ്പയായിരുന്നു അതിലേറെ കഠിനം. നിരവധി ചിത്രങ്ങൾ ക്യാമറയിൽ ഉള്ളതിനാൽ ശ്രീശാന്തും കുട്ടിയും മാത്രം മതിയോ? അതോ കുട്ടിയും ഭാര്യയും വേണോ? ഇതിനുമപ്പുറം അച്ഛനെയും അമ്മയെയും ഉൾപ്പെടുത്തണോ എന്നിങ്ങനെയെല്ലാം ചിന്തകൾ അവരിലൂടെ കടന്നുപോയിരിക്കാം. ഇതിനുപുറമെയാണ് ശ്രീശാന്തിന്റെ സുഹൃത്തുക്കളടങ്ങിയ സംഘത്തിനൊപ്പം അദ്ദേഹത്തിന്റെ ആഘോഷവും കൂടി എത്തിയത്. താൻ നേരിട്ടുകണ്ട ദൃശ്യത്തിൽനിന്ന്  പൊതുജനത്തിനുമുൻപിൽ ഏതിനെ പ്രദർശിപ്പിക്കണം എന്നുള്ള ഒരു ഫൊട്ടോഗ്രഫറുടെ തീരുമാനമാണ് അതിൽ പ്രധാനം. ആ തീരുമാനം പലർക്കും തെറ്റിപ്പോകുകയും ചിലർ നല്ല തീരുമാനം എടുക്കുകയും ചെയ്തു. നല്ല തീരുമാനം എന്നത് പിറ്റേന്ന് വായനക്കാരിൽ നിന്നും സ്ഥാപനത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കിട്ടുന്ന പ്രതികരണത്തെ ആശ്രയിച്ചിരിക്കും. അതിനെ മുൻകൂട്ടി കാണാനുള്ള കഴിവാണ് ഓരോ ന്യൂസ് ഫൊട്ടോഗ്രഫർക്കും ഉണ്ടാകേണ്ടത്, അല്ലെങ്കിൽ പരിശീലനത്തിലൂടെയുംസൂക്ഷ്മനിരീക്ഷണത്തിലൂടെയും സമൂഹത്തിന്റെ മനസറിയാനുള്ള ഈ കഴിവ് നേടിയെടുക്കുകയും വേണം. നിമിഷനേരം കൊണ്ടെടുക്കേണ്ടിവരുന്ന തീരുമാനത്തെക്കുറിച്ചോർത്ത് പിന്നീട് ദുഖിച്ചിട്ടുകാര്യമില്ലതാനും. 
ചിത്രത്തിന് കടപ്പാട് ടോണി ഡൊമിനിക് മനോരമ 


ചിത്രത്തിന് കടപ്പാട് സിദ്ദിഖുല്‍ അക്ബര്‍ മാതൃഭൂമി












ചിത്രത്തിന് കടപ്പാട് പ്രകാശ് എളമക്കര മെട്രൊ വാര്‍ത്ത


എന്തുതന്നെ ആയാലും സമൂഹത്തിലെ ഓരോ ചലനവും ചരിത്രത്തിന്റെ താളിലേക്ക് മായാതെ ചേർക്കുന്ന ഓരോ ക്യാമറക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കും വിരലമർത്തുന്നവർക്കും ‘ബിഗ് സല്യൂട്ട്’. 

ജോസ്കുട്ടി പനയ്ക്കൽ 
19.08.2015

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...