2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ഓ! ആണ്‍കുട്ടികളും എഴുതുന്നുണ്ട് പരീക്ഷ... പക്ഷേ...!

മാധ്യമങ്ങളുടെ വെബ് പേജിലെ പത്താംക്ലാസ് പരീക്ഷയോടനുബന്ധിച്ചുള്ള ചിത്രം നല്‍കുമ്പോള്‍ സാധാരണയായി പെണ്‍കുട്ടികള്‍  പഠിക്കുന്നതോ ആഘോഷിക്കുന്നതോ ആയ ചിത്രങ്ങളാണ് കാണാറുള്ളത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പലപ്പോഴും ഉയരുന്നൊരു കമന്റാണ് ‘എന്താ ആണ്‍കുട്ടികളാരും എസ്എസ്എല്‍സി പരീക്ഷ എഴുതാറില്ലേ?’ എന്നുള്ളത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി  പത്താം ക്ലാസ് പരീക്ഷയുടെ തുടക്കവും ഒടുക്കവും ഫലപ്രഖ്യാപന ആഘോഷങ്ങളുമെല്ലാം പത്രത്തിനായി ക്യാമറയില്‍ പകര്‍ത്തിയ എനിക്ക് കൗതുകകരമായി തോന്നിയതും വായനക്കാര്‍ക്ക് താത്പര്യമെന്ന് ഞാന്‍ മനസിലാക്കിയതുമായ ചിത്രങ്ങളെല്ലാം  പെണ്‍കുട്ടികളുടേതായിരുന്നു.

 എന്നാല്‍ ആണ്‍കുട്ടികളുടെ പരീക്ഷാ ചിത്രം എടുക്കുക പോലും ചെയ്യുന്നില്ല എന്നുകരുതരുത്. എടുക്കുന്നുണ്ടെന്നുമാത്രമല്ല പരമാവധി നന്നായിത്തന്നെ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷേ വാര്‍ത്താ ചിത്രത്തിന്റെ തന്മയത്വം നഷ്ടപ്പെടുന്ന രീതിയില്‍ ക്യാമറക്ക് മുന്നില്‍  കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇത്തരം ചിത്രങ്ങള്‍ പുറന്തള്ളപ്പെടാന്‍ കാരണം. വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ചലനങ്ങള്‍  ഒപ്പിയെടുക്കാന്‍ പരമാവധി അവരില്‍ നിന്നും അകന്ന് സൂം ലെന്‍സിലാണ്  പൊതുവെ പത്രഫോട്ടോഗ്രാഫര്‍മാര്‍  ഇത്തരം ചിത്രം പകര്‍ത്തുക. എന്നാല്‍ ഈ വിദ്യാര്‍ഥികളാരും ക്യാമറ കാണുന്നേയില്ല എന്നുകരുതരുത്... കണ്ടാലും സ്വാഭാവികമായ ചലനത്തിനോ ഭാവത്തിനോ മാറ്റമുണ്ടാകാതെ പെണ്‍കുട്ടികള്‍ പൊതുവെ പെരുമാറും. എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമറകണ്ടാല്‍ തിമിര്‍ത്തുമറിയും... വിരല്‍ പൊക്കി പലവിധ ആംഗ്യങ്ങള്‍ കാണിക്കും... ( ഈ കാണിക്കുന്ന പല ആംഗ്യങ്ങളുടെയും അര്‍ഥം പിന്നീടായിരിക്കും അവര്‍ മനസിലാക്കുന്നതുപോലും) ക്യാമറക്കരികിലേക്ക് ഓടിയെത്തി ചേട്ടന്‍ ഏത് പത്രത്തിലാണ് ഇത് കൊടുക്കുകയെന്ന് അന്വേഷിക്കും... ആകെക്കൂടി എടുത്ത ചിത്രങ്ങള്‍ താറുമാറാകും. ഇതോടെ മര്യാദക്കാരായ പെണ്‍കുട്ടികളുടെ ചിത്രം നല്‍കാന്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പരീക്ഷക്കാലത്തെ ഈ അങ്കം ഏതെങ്കിലും സ്കൂള്‍ പരിസരത്തുചെന്ന് വെറുതെയൊന്ന് വീക്ഷിച്ചുകൊള്ളൂ. അപ്പോള്‍ ലൈവായി കാണാം ഇപ്പറഞ്ഞ സംഗതിയെല്ലാം.

100 ശതമാനം ആളുകളെയും തൃപ്തിപ്പെടുത്തി ലോകത്ത് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നതുപോലെ മലയാളികള്‍ക്കിടയില്‍  വിമര്‍ശനമില്ലാതെ യാതൊരു കാര്യവും സാധ്യമാകില്ലെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. വായനക്കാരുടെയും കാഴ്ചക്കാരുടെയും താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എല്ലാ മാധ്യമങ്ങളും പരിശ്രമിക്കാറ്. പഴയകാലത്ത് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കത്തിലൂടെ എത്തിയിരുന്നെങ്കില്‍ പിന്നീടത് ഫോണിനും എസ്എംഎസിനും വഴിമാറി. പിന്നാലെ സോഷ്യല്‍ മീഡിയ വിപ്ലവം എത്തിയതോടെ അഭിപ്രായ പ്രകടനങ്ങളുടെ പെരുമഴയായി.  പെണ്‍പേരിലെ ഫേക് ഐഡികള്‍ക്കുപോലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്താണ് ആണ്‍ ചിത്രം കാണിച്ചുതരൂ എന്നുള്ള ഈ വിലാപമെന്നതാണ് വളരെ കഷ്ടം. എന്നാല്‍ ആണ്‍ ചിത്രം നല്കി‍യാലോ ‘അതിന് അത്രക്കങ്ട് ഗുമ്മ് പോര’ എന്നതാണ് പൊതുവിലുള്ള അഭിപ്രായവും. ഇത് ചിത്രം എടുക്കുന്ന ആളുടെയോ എഡിറ്ററുടെയോ അഭിപ്രായമായി മാത്രം കണക്കാക്കേണ്ടതുമില്ല.

അച്ചടി മാധ്യമങ്ങളുടെ പെണ്‍ ചിത്രത്തിന് പേരുകേട്ടവയാണ് ആഴ്ചപ്പതിപ്പുകള്‍. നിരത്തിലോ റെയില്‍വേ സ്റ്റേഷനിലോ എവിടെയെങ്കിലുമാകട്ടെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ഇവയുടെ പുറം താളില്‍  പ്രമുഖ നടന്മാരുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ നടിയുടെ ചിത്രം മുഖചിത്രമായി അച്ചടിച്ച മാഗസിനിലേക്കേ മലയാളിയുടെ കണ്ണ് ആദ്യം പോകൂ. ഒരേ മാസികതന്നെ ആണ്‍-പെണ്‍ താരങ്ങളുടെ മുഖചിത്രമായി ഇറക്കുന്ന പതിപ്പുകളില്‍ പെണ്‍ ചിത്രം വന്നിട്ടുള്ള പതിപ്പുകള്‍ക്കാണ് വില്‍പന കൂടുതല്‍ എന്ന് പ്രചരണ വിഭാഗം ജോലിക്കാര്‍ എപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കാണ്.

ഇനി അച്ചടിവിട്ട് ദൃശ്യമാധ്യമത്തെ പരിശോധിക്കാം. പെണ്‍ വിപ്ലവം സൃഷ്ടിച്ച് പ്രശസ്തമായ എന്‍ഡിടിവിയില്‍ ക്യാമറ കൈകാര്യം ചെയ്യാന്‍ വരെ പെണ്ണുങ്ങള്‍ എത്തിയപ്പോള്‍ ആളുകള്‍ മിഴിച്ചുനിന്നു. കരയാതെ ബലം പിടിച്ചുനിന്ന നേതാക്കള്‍ വരെ ആ ക്യാമറക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വാര്‍ത്തവായിക്കുന്ന സ്ത്രീകളുടെ സാരിയും ചാന്തും പൊട്ടും കണ്ണടയും  എന്തിനേറെ അവരുടെ കുടുംബത്തെക്കുറിച്ചുവരെ ആളുകള്‍ ചര്‍ച്ചചെയ്തു. ഇതൊക്കെയുള്ള ആണുങ്ങള്‍ ഈ പണി കാലങ്ങളായി ചെയ്തിട്ടും ആരും അതൊന്നും ചര്‍ച്ചചെയ്യാന്‍ പോയിട്ട് മൈന്‍ഡ് ചെയ്തോയെന്ന് സംശയം.

പിന്നെയതാ സോഷ്യല്‍ മീഡിയ വിപ്ലവം. ഇവിടെ മറപിടിക്കാത്ത പെണ്ണുങ്ങള്‍ വളരെ കുറവെങ്കിലും ഉള്ളവര്‍ക്ക് ചാകരയാണ്. ലൈക്കോടു ലൈക്ക്. ഇതുകണ്ട് സഹിക്കവയ്യാതായ പുരുഷ കേസരികള്‍ പെണ്ണിന്റെ പടം പ്രൊഫൈല്‍ പടമാക്കി ചുവടുമാറ്റിയപ്പോള്‍  അവിടെയും ലൈക്കിന്റെ പെരുമഴ. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവന്‍ ഒബാമക്കുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ കോടി ഇഷ്ടങ്ങളുണ്ട് ബെല്ലി ഡാന്‍സിലൂടെ ലോകത്തിന്റെ മനം ഇളക്കിയ ഷക്കീറക്ക്.

ഇത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ലോകം അങ്ങിനെയല്ല എന്നുപറഞ്ഞ് മേല്‍പറഞ്ഞ വാദഗതികള്‍ തള്ളാന്‍ വരട്ടെ. സാംപിള്‍  സര്‍വേ എന്നത് കണക്കില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ. അങ്ങിനെയെങ്കില്‍ ഒരേ സമയം സോഷ്യല്‍  മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുള്ള ഇതോടൊപ്പമുള്ള താഴെ കാണുന്ന രണ്ട് ചിത്രങ്ങളും അവക്ക് ‘കാഴ്ചക്കാര്‍’ നല്‍കിയ ഇഷ്ടങ്ങളും പരിശോധിക്കുക. അപ്പോള്‍ ലഭിക്കും എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇത്തരം ചിത്രം നല്‍കുന്നു എന്നതിനുള്ള ഉത്തരം. കുളിക്കടവില്‍  ഒളിഞ്ഞുനിന്ന് പെണ്‍ നഗ്നത ആസ്വദിക്കുന്നവന്‍, സാരിയുടുത്ത പെണ്ണിന്റെ വയറ് കാണുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സാദാചാരം വിളമ്പുന്നതുപോലെയാണ് ഈ ആണ്‍ സ്നേഹക്കാരില്‍ പലരും. എന്നുവച്ച് നിങ്ങള്‍ അത്തരക്കാരനാണെന്ന് ഉദ്ദേശിച്ചിട്ടില്ല കേട്ടോ.



2015, മാർച്ച് 29, ഞായറാഴ്‌ച

റോഡ് ആരുടെ സ്വത്താണ്?








നമുക്ക് ആചാരവും ആര്‍ഭാടവും ശക്തിയും എല്ലാം പ്രകടിപ്പിക്കാന്‍ റോഡ്തന്നെശരണം. പലപ്പോഴും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് ചിന്തിക്കാറുണ്ട് ഇതൊക്കെവേറെ എവിടെയെങ്കിലും നടത്തിയിരുന്നെങ്കിലെന്ന്. ആ പ്രകടനങ്ങളിലോ റാലിയിലോ പങ്കെടുക്കുന്നവരൊഴികെ റോഡിലിറങ്ങുന്ന മറ്റൊരാളും വഴിതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികളെ അംഗീകരിക്കാറുമില്ല.

റാലി എന്ന വാക്കിന് ഒത്തുചേരല്‍ അന്ന അര്‍ത്ഥമാണ് ആംഗലേയ നിഖണ്ഡുവില്‍ കാണുന്നത്. അതിനാല്‍ത്തന്നെ റാലിയാകണമെങ്കില്‍ വഴിക്കിറങ്ങി വാഹനം തടഞ്ഞ് നീങ്ങി ശക്തികാണിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലതാനും. റോഡില്‍  നടന്നുവന്നിരുന്ന രാഷ്ട്രീയപ്രകടനങ്ങള്‍ക്ക് പിന്നാലെ ഭക്തിമാര്‍ഗത്തിലും ഇന്ന് നിരവധി പ്രകടനങ്ങള്‍ റോഡിലേക്കിറങ്ങുന്നുണ്ട്. വലിയ സംഖ്യ ജനത്തിന് ഒത്തുചേരാന്‍ നമ്മുടെ നാട്ടില്‍ എത്രയോ സ്ഥലങ്ങളുണ്ട്. മൈതാനങ്ങള്‍, ബീച്ചുകള്‍, കോടികള്‍ മുടക്കി പണികഴിപ്പിച്ചിട്ടുള്ള സ്റ്റേഡിയങ്ങള്‍ ... എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.

ഇതൊക്കെ പറയാന്‍ കാരണം ഇന്ന് എനിക്കും മനസില്ലാമനസോടെ ഒരു റാലിയില്‍ പങ്കെടുക്കേണ്ടിവന്നു. മാതാപിതാക്കള്‍  വിശ്വസിച്ചുപോന്നിരുന്ന മതത്തിന്റെ പിന്തുടര്‍ച്ചക്കാരനാകേണ്ടിവന്നതിനാല്‍ ഓശാന ഞായറെന്ന ഈ പരിപാടിയുടെ ഭാഗമാകേണ്ടിവന്നു. (മറ്റ് മതത്തിലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നൊരു അര്‍ഥം ഇതിനില്ല).  ജോലി സംബന്ധമായി പലയിടത്തും മാറി താമസിക്കേണ്ടി വന്നപ്പോഴും മനസിലുള്ള വിശ്വാസം  റോഡില്‍ പ്രകടിപ്പിക്കാന്‍ നിന്നുകൊടുത്തിട്ടില്ല. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം മൂലം ഗതാഗതക്കുരുക്കും വഴിതിരിച്ചുവിടലിലും പൊറുതിമുട്ടി പലരും ഇന്ന് ഈ നഗരത്തിലേക്ക് വരാറുപോലുമില്ല. ആകെ ആശ്വാസം ഇടവഴികളാണ്. അവിടെ ഇത്തരം ഓരോ റാലികളുമായി രണ്ടുദിനം കൂടുമ്പോഴെങ്കിലും ആളുകള്‍ ബുദ്ധിമുട്ടുന്ന കാഴ്ച ഞാന്‍ നിരന്തരം കാണുന്നുണ്ട്. പലരും റാലിയിലുള്ളവരോടുള്ള വിദ്വേഷം പല്ലുഞെരിച്ച് അടക്കും. ഇതുകണ്ട് ചിരിക്കുകയാണെന്ന് സംഘാടകര്‍ അറിഞ്ഞോ അറിയാതെയോ ധരിക്കുകയും ചെയ്യും.

റോഡിലിറങ്ങി കരുത്ത് കാണിക്കുന്ന എല്ലാ മതക്കാരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടന നേതാക്കളും ക്ഷമിക്കണം. വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് അടക്കുന്നത് ഇത്തരം റാലികളില്‍ കുടുങ്ങി ഇന്ധനം കത്തിച്ച് സാമൂഹിക വിപത്ത് സൃഷ്ടിക്കാനല്ല. മതവും ജാതിയും രാഷ്ട്രീയവുമെല്ലാം നല്ലതുതന്നെ പക്ഷേ മനുഷ്യന്‍ എന്ന ജീവിയെ ബുദ്ധിമുട്ടിച്ച് ഇത്തരം പ്രഹസനങ്ങള്‍ നടത്തിയിട്ട് കാര്യമുണ്ടോ? ദൈവത്തിനും നേതാക്കള്‍ക്കും അതുകൊണ്ട് തൃപ്തിയുണ്ടാകുമോ? ഇനി റോഡില്‍ത്തന്നെ വേണമെന്നുണ്ടെങ്കില്‍ ഒരു വരിയായി ഫുട്പാത്തിലൂടെ പോകട്ടെ. അപ്പോള്‍ സംഘാടകര്‍ക്ക് പറയുകയും ചെയ്യാമല്ലോ 'ഞങ്ങളുടെ റാലിയുടെ മുന്‍നിര കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തിയെങ്കിലും പിന്നിലുള്ളവര്‍ ഇപ്പോഴും കട്ടപ്പന ബസ് സ്റ്റാന്‍ഡിലാണെന്ന്'.

 #JosekuttyPanackal #Road

2015, ഫെബ്രുവരി 28, ശനിയാഴ്‌ച

വീണത് ഉല്‍ക്കയോ; അതോ ഉലക്കയോ?


     27.02.2015 രാത്രി പത്തുമണിയോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അഗ്നിഗോളം കണ്ടെന്ന് പറയേണ്ട താമസം, ചിത്രങ്ങളും വീഡിയോയുമെല്ലാം വാട്സാപ്പിലും ഫേസ്ബുക്കിലുമെത്തിക്കഴിഞ്ഞു. എന്തും വെള്ളം തൊടാതെ വിഴുങ്ങുന്നയാളുകള്‍ ചിത്രം കണ്ട് അപ്പോഴേ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന തുടങ്ങി. മറ്റുചിലരാകട്ടെ കുറച്ചുകൂടി കഴിഞ്ഞ് കൂടുതല്‍ തെളിവുവന്നിട്ട് ലോകാവസാനാമാണോയെന്ന് തീരുമാനിക്കാമെന്നായി. ഇനിയും ചിലര്‍ നടന്‍ സലിംകുമാറിന്റെ ഡയലോഗ് പോലെ 'ഇതൊക്കെ എന്ത്' എന്ന അവസ്ഥയില്‍ വീടിനുള്ളില്‍ത്തന്നെയിരുന്നു.

വാര്‍ത്താ ചാനലുകള്‍ ഘോരഘോരം പ്രസംഗം തുടങ്ങിയതോടെ  സോഷ്യല്‍ മീഡിയ കുറച്ചുകൂടി ഉഷാറായി. റഷ്യയിലെ ഉല്‍ക്കാപതന ചിത്രങ്ങളായിരുന്നു പ്രചരിച്ചവയിലേറെയും. ചില മാധ്യമങ്ങള്‍ ശങ്കയേതുമില്ലാതെ ഈ ചിത്രങ്ങള്‍ പരിശോധിക്കുകപോലും ചെയ്യാതെ ആഞ്ഞടിച്ചു. ഏതെങ്കിലും ദൃശ്യ- അച്ചടി മാധ്യമങ്ങളില്‍ വീഡിയോയോ ഫോട്ടോയോ അച്ചടിച്ചുവന്നാല്‍ നൂലിഴ കീറി പരിശോധിച്ച് വ്യാജമെന്ന് പറയുന്ന സോഷ്യല്‍ മീഡിയ വെടിമരുന്നിന് തിരി കൊടുത്തിട്ട് മാറി നിന്ന് കൈകൊട്ടി.

തീഗോളം അവിടെക്കണ്ടു.. ഇവിടെക്കണ്ടു... എന്നുപറയുന്ന എറണാകുളം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ,മലപ്പുറം ജില്ലക്കാര്‍ കണ്ടതെന്തായിരിക്കും?  ചന്ദ്രനെയും സൂര്യനെയും ഈ ജില്ലക്കാര്‍ കാണുന്നു എന്നുപറയും പോലെ വലിയൊരു ഉല്‍ക്കയോ അല്ലെങ്കില്‍  സംശയിക്കപ്പെടുന്നതുപോലെ ചൈനയുടെ ഉപേക്ഷിക്കപ്പെട്ട റോക്കറ്റിന്റെ ഭാഗം, ബോള്‍ ലൈറ്റിങ് എന്ന പ്രതിഭാസം എന്തായാലും ഇത്ര ബൃഹത്തായ  തോതിലാണെങ്കില്‍ ഇവര്‍ക്കൊപ്പം രാത്രി 10ന് ആകാശത്തേക്ക് നോക്കിപ്പോയ കേരളീയര്‍ക്കെല്ലാം  കാണാന്‍ കഴിയേണ്ടതാണ്. ഞാന്‍ ഈ സമയത്ത് എറണാകുളത്തെ ഒരു ഷോപ്പിങ് മാളിനുളളിലായിരുന്നതിനാല്‍ പുറത്തുണ്ടായ ഈ മഹത് സംഭവം അറിഞ്ഞതേയില്ല. 'കണ്ടോ' എന്നൊരു ഫോണ്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍  നിറഞ്ഞതൊക്കെ കണ്ടപ്പോള്‍ കാണാത്തതാണ് ഭേദം എന്നുതോന്നി. കാരണം യഥാര്‍ത്ഥത്തില്‍ ഞാന്‍ കാണുകയും ചിത്രം എടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇതൊന്നുമല്ല ആകാശത്ത് പോയതെന്ന് പറഞ്ഞ് തലക്ക് മുകളിലൂ‌ടെ തീഗോളം പായിക്കാന്‍ കച്ചകെട്ടി കുറേയേറെ ആളുകള്‍ ഉണ്ടായേനേ. പിന്നെ ഫോട്ടോഷോപ്പ്... സിന്‍ഡിക്കേറ്റ്.. പെയ്ഡ് ന്യൂസ്... എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ. ദൈവം കാത്തു.... @ #JosekuttyPanackal 28.02.2015






#meteor #Fireball #Experience  #photo journalist #photojournalist #newsphotographer #Kochi #Ernakulam #ജോസ്കുട്ടി #പനയ്ക്കല്‍ 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഇത് മറ്റൊരു കാണാപ്പുറം

മനുഷ്യനായി... മകനായി... വിദ്യാര്‍ഥിയായി... കായികതാരമായി... ആയോധനകലാ അധ്യാപകനായി... ഫൊട്ടോഗ്രഫറായി... മാധ്യമപ്രവര്‍ത്തകനായി... ഭര്‍ത്താവായി... പിതാവായി.... റെക്കോര്‍ഡ് പട്ടികയില്‍ പേര് ചേര്‍ത്തയാളായി... മാധ്യമഅധ്യാപകനായി... ഇനി....
പുസ്തകം എഴുതിയ ആളെ ഗ്രന്ഥകാരന്‍ എന്ന് വിശേഷിപ്പിക്കുമെങ്കില്‍ ....ഗ്രന്ഥകാരനുമായി...
ഞാനെഴുതിയ കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് എന്ന പുസ്തകം ഇന്ന് (22.02.2015)എറണാകുളം പ്രസ്ക്ലബ്ബില്‍ ഒളിംപ്യന്‍ പ്രീജാ ശ്രീധരന്‍ രാജ്യാന്തര താരവും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റുമായ ജോസഫ് ജി. ഏബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. ഡിസി ബുക്സാണ് പ്രസാധകര്‍. ഡിസി- കറന്‍റ് ബുക്സ് ശാഖകളിലും http://onlinestore.dcbooks.com/books/oru-pathraphotographarude-anubhavakkurippu എന്ന ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പുസ്തകം വാങ്ങാന്‍ പറ്റും. സ്വദേശത്തും വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ ഇത് വാങ്ങിയാല്‍ രണ്ടാം ലക്കം ഒരുദിവസത്തിനുള്ളില്‍ത്തന്നെ ഇറക്കാം.... വായിച്ച ശേഷം പ്രതികരണം അറിയിച്ചാല്‍ വളരെ നന്ദി.
സ്നേഹപൂര്‍വം നിങ്ങളുടെ സുഹൃത്ത് ജോസ്കുട്ടി പനയ്ക്കല്‍


2014, ഡിസംബർ 7, ഞായറാഴ്‌ച

വീണ്ടും മാരത്തണ്‍


രണ്ടാം തവണയും കൊച്ചി രാജ്യാന്തരമാരത്തണിലെ 21 കിലോമീറ്റര്‍ ലക്ഷ്യം ഇതാ പൂര്‍ത്തീകരിച്ചിരിക്കുന്നു.  കഴിഞ്ഞപ്രാവശ്യത്തേതുമായി തുലനം ചെയ്യുമ്പോള്‍ ഇത്തവണ പതിനാല് മിനിറ്റുനേരത്തെ  ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പ്രായം ഒരു വയസ്കൂടിയെങ്കിലും സ്റ്റാമിന കൂടിയെന്ന് സാരം. പക്ഷേ ഇതിനായി രണ്ടരമാസത്തെ കഠിന ശ്രമം വേണ്ടിവന്നുവെന്നത് മറ്റൊരുവശം.  രണ്ടാം തവണ സംഘടിപ്പിച്ചതായതിനാല്‍ എല്ലാക്കാര്യത്തിലും ആദ്യത്തേതിനേക്കാള്‍ മികച്ചുനിന്നൊരു മാരത്തണായിരുന്നു ഇത്തവണ. പങ്കെടുത്തവരുടെ എണ്ണം ഇരുപതിനായിരത്തിനടുത്ത്. ആദ്യതവണ ഹാഫ് മാരത്തണിന് പുറമെ ഏഴുകിലോമീറ്റര്‍ ഫണ്‍ റണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇത്തവണ ഇവയ്ക്കുപുറമെ 10 കിലോമീറ്റര്‍, കോര്‍പറേറ്റ് റിലേ, പ്രായമേറിയവര്‍ക്കായി നാല് കിലോമീറ്റര്‍ എന്നിങ്ങനെ 5 തരം ഓട്ടങ്ങളുണ്ടായിരുന്നു. ഫലത്തില്‍ ഏത് തരക്കാരെയും മാരത്തണിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്ന് സാരം. കൊച്ചിയും കേരളവും ഇതുവഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് അഭിമാനകരം തന്നെ. എന്നാല്‍ ചിലകാര്യങ്ങളിലെങ്കിലും 20000 പേരെയും തൃപ്തിപ്പെടുത്താനാവാതെ പോയത് സംഘാടകര്‍ക്ക് വരുംകാലത്ത് ഗൃഹപാഠത്തിനുള്ള വഴിയൊരുക്കും. 


കൂട്ടിയിടിക്കാതെ തുടക്കം
ഞാന്‍ ഓടിയ 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ഇത്തവണ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ആരംഭിച്ചത്. രാവിലെ 5.30ന് തന്നെ സ്ഥലത്തെത്തി വാം അപ് ഏരിയയിലേക്ക് കയറി.  സുഹൃത്തുക്കളായ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഇടക്കൊക്കെ എന്നെ കാണുമ്പോള്‍ ചിത്രമെടുക്കുന്നതായിരുന്നു തുടക്കത്തില്‍ ആവേശം നല്‍കിയത്. ഇതിനിടെ മനോരമ ഓണ്‍ലൈനിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യുകൂടി പരിശീലന സ്ഥലത്തേക്ക് കയറിവന്നപ്പോള്‍ അത്ഭുതം തോന്നി. കഴിഞ്ഞതവണ 7 കിലോമീറ്ററില്‍ പങ്കെടുത്ത ഒരു വനിത ഇതാ നേരെ 21ലേക്ക്...കെനിയന്‍ വനിതകള്‍ക്കൊപ്പം പ്രീജ ശ്രീധരനും ജയ്ഷയുമടങ്ങിയ നമ്മുടെ രാജ്യാന്തര താരങ്ങളും തയ്യാറാകുന്നുണ്ട്.  ക്യാമറയും ബാഗുമില്ലാത്ത എന്നെ  പലര്‍ക്കും മനസിലാകുന്നുമില്ല. കഴിഞ്ഞതവണത്തെ തിരക്ക് അനുഭവം മനസിലുള്ളതുകൊണ്ടുതന്നെ പ്രമുഖ ഓട്ടക്കാര്‍ക്കുപിന്നില്‍ സ്ഥാനം പിടിക്കാന്‍ ആദ്യംമുതലേ ശ്രമിച്ചിരുന്നു. 6.15ന് നടന്‍ മോഹന്‍ലാലും മറ്റ് പ്രമുഖരുമടങ്ങുന്ന സംഘം മാരത്തണിന് കൊടി വീശി. കെനിയന്‍ താരങ്ങളുടെ കുതിപ്പിന് ഒരു മിനിറ്റിനുശേഷം ഞാനടങ്ങുന്ന ഓട്ടക്കാരുടെ നിരയുടെ കെട്ടഴിച്ചുവിട്ടു. ഹൊ! പിന്നീടൊരു ചെറുത്തുനില്‍പായിരുന്നു... തട്ടിവീഴാതെ 100 മീറ്ററെങ്കിലും കടക്കണം. തമിഴും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം കലര്‍ന്ന ഭാഷയില്‍ നിരവധി താരങ്ങള്‍ കൂട്ടിയിടിക്കരുതെന്നെല്ലാം ആക്രോശിക്കുന്നുണ്ട്. പൊങ്ങിച്ചാടി ഒരു വിധം മറൈന്‍ഡ്രൈവിലെ മഴവില്‍പാലത്തിനഭിമുഖമായുള്ള സ്ഥലത്ത് എത്തിയതോടെ സംഗതിയാകെ കലങ്ങിത്തെളിഞ്ഞു. ആഞ്ഞുകുതിച്ചവരുടെ കിതപ്പുകള്‍ ചെവിയില്‍ അലയടിച്ചു. ഇടത്തുചെവിയില്‍ മൊബൈല്‍ഫോണിലെ റേഡിയോയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇയര്‍ഫോണില്‍ റേഡിയോ മാംഗോയുടെ മാരത്തണ്‍ പട്ടണം അപ്ഡേഷന്‍ വരുന്നു. മുന്‍പിലെ ഓട്ടക്കാര്‍ ബോട്ടുജെട്ടിക്ക് സമീപം എത്തിയെത്രെ. അവരെ പാട്ടിനുവിട്ട് എന്‍റെ വേഗതയുമായി ഞാന്‍ മുന്നേറി. മഹാരാജാസ് കോളജിന് സമീപമെത്തിയപ്പോള്‍ ഫണ്‍ റണ്ണിനുള്ള വലിയൊരു സംഘം ഫ്ലക്സ് ബോര്‍ഡുമായി സ്റ്റേഡിയത്തിലേക്ക് പോകുന്നു. അവര്‍ കയ്യടിച്ച് 21 കിലോമീറ്ററുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി ലക്ഷ്യം പള്ളിമുക്ക് ജംഗ്ഷന്‍... അവിടെ എത്തി എംജി റോഡിലേക്ക് കയറുന്നതിനിടെ ഒരാള്‍ വോക്കിടോക്കിയില്‍ എന്‍റെ ബിബ് നമ്പരൊക്കെ കണ്‍ട്രോള്‍ സെന്‍ററിലേക്ക് വിളിച്ചുപറയുന്നത് വലത്തേ ചെവിയില്‍ കേള്‍ക്കാമായിരുന്നു. 


കഠാരിബാഗും കടന്ന്...
 തേവര കവലയും കടന്ന് നേവി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് പാലം കടക്കണം. അതില്‍ക്കയറാനുള്ള ചെറിയ കയറ്റം തുടങ്ങുമ്പോഴതാ സഹപ്രവര്‍ത്തകന്‍ ഇ.വി. ശ്രീകുമാര്‍ ക്യാമറയുമായി പാലത്തില്‍ നില്‍ക്കുന്നു. എന്നെ മനസിലായില്ലെങ്കിലോ എന്നുകരുതി കയ്യുയര്‍ത്തിക്കാണിച്ചതോടെ  വിരലുകള്‍ ക്ലിക്കില്‍ അമരുന്നത് കണ്ടു. നേവിയുടെ ആസ്ഥാനമായ കഠാരിബാഗ് എത്തുന്നതിന് മുന്‍പ് സമയം പരിശോധിക്കുന്ന ഹംപില്‍ ഒന്നുകയറിയിറങ്ങി പോകണം. പാലം കഴിഞ്ഞതോടെ ഇടത്തേമൂലയിലെ ഈ സ്ഥലത്തിന് മുകളിലൂടെ ചാടിക്കടന്ന് കുതിച്ചു തമിഴ് കൂലിപ്പണിക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വാതുരുത്തിയെന്ന പ്രത്യേക പ്രദേശത്തേക്ക്. നേവിയുടെ വിമാനത്താവളം കടക്കുമ്പോഴേക്കും ബസ് കിട്ടാത്ത പണിക്കാര്‍ വരിവരിയായി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാമായിരുന്നു. ചിലര്‍ വഴിയരികില്‍ നിന്ന് ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അവിടം കടന്നതോടെ തെല്ലൊരാശ്വാസമായി... കാരണം കഴിഞ്ഞതവണ ഇവിടെയെത്തിയപ്പോള്‍ അനുഭവപ്പെട്ട പ്രത്യേക ഗന്ധം ഇത്തവണ അനുഭവപ്പെട്ടില്ല. ഇനി കണ്‍ഫ്യൂഷന്‍ തോപ്പുംപടിയിലെ പഴയപാലത്തിലോ പുതിയ പാലത്തിലോ ആദ്യം കയറുന്നത് എന്നതായിരുന്നു. വളവുതിരിഞ്ഞതോടെ പുതിയ പാലത്തിലാണ് ആദ്യം കയറുന്നതെന്ന് മനസിലായി. ഇനി തോപ്പുംപടി കവലയിലേക്ക്... ഇടറോഡുകളില്‍ നിന്നും എത്തുന്നവരെ പറഞ്ഞുമനസിലാക്കി ഓട്ടക്കാര്‍ക്കായി പൊലീസ് വഴിയൊരുക്കുന്നുണ്ട്. ഇതിനൊക്കെ റോഡുമാത്രമേയുള്ളോ..?വല്ല മൈതാനിയിലും ഓടിയാല്‍പോരെ എന്നുചോദിക്കുന്നവരെയും കാണാമായിരുന്നു. തോപ്പുംപടി കവലയില്‍ നിന്നും ഇടത്തുതിരിയാന്‍ തുടങ്ങുമ്പോഴേക്കും കെനിയക്കാര്‍ 11.5 കിലോമീറ്ററിനപ്പുറമുള്ള പകുതി വഴി പിന്നിട്ട് തിരിച്ചെത്തുന്നു. ഞാന്‍ കഴിഞ്ഞതവണത്തേക്കാള്‍ മുന്നിലെന്ന് അപ്പോള്‍ത്തന്നെ മനസിലായി. കഴിഞ്ഞതവണ ഇവര്‍ തിരിച്ച് പൗരാണിക പാലം പിന്നിടുമ്പോഴായിരുന്നു എന്‍റെ വരവ്. ചെല്ലാനം- ഫോര്‍ട്ടുകൊച്ചി തിരിയുന്ന കവലയിലെത്തി ഫോര്‍ട്ടുകൊച്ചി റോഡിലൂടെ അല്‍പം സഞ്ചരിച്ച് തിരിച്ചുള്ള ഓട്ടത്തിനുള്ള ഹംപില്‍ കയറുന്നതിനിടെ ഒരു കാര്യംകൂടി മനസിലായി... കെനിയക്കാരെയും പ്രമുഖ ഓട്ടക്കാരെയും മാറ്റിനിറുത്തിയാല്‍ അധികം ആളുകളൊന്നും മുന്നിലില്ല. എന്നുവച്ച് ഇനി ഓടി പിടിച്ച് മികച്ച പത്തിനുള്ളില്‍ ഉള്‍പ്പെടാന്‍ കഴിയുകയുമില്ല. തിരിച്ചുള്ള ഓട്ടം കുറച്ചുകൂടി സാവധാനം തുടങ്ങി. 


തൂമ്പയും മാരത്തണും
എതിര്‍വശത്തുകൂടി കടന്നുപോകുന്ന ഓട്ടക്കാരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിച്ചായിരുന്നു തിരിച്ചുള്ള എന്‍റെ ഓട്ടം. ചിലരാകട്ടെ ഇത് വളരെ ആഘോഷമാക്കിയാണ് എടുക്കുന്നുത്. മറ്റുചിലര്‍ ഈ കുരിശിതെന്തിന് എനിക്കേകി ദൈവമേ എന്നുള്ള ഭാവത്തോടെയും ഓടുന്നു. തിരിച്ച് തോപ്പുംപടിയിലെത്തിയപ്പോള്‍ പരിചിതരായ കായികാധ്യാപകരില്‍ പലരും അവിടെയുണ്ട്. ഇങ്ങോട്ടുള്ള യാത്രയില്‍ കഴിഞ്ഞതവണത്തേതുപോലെ തന്നെ ഒളിംപ്യന്‍ മേഴ്സികുട്ടനെ തേവര കവലയില്‍ കയ്യുയര്‍ത്തിക്കാണിച്ച് പ്രാതിനിധ്യം അറിയിച്ചാണ് പോന്നത്. പൗരാണിക പാലത്തില്‍ കയറിയപ്പോള്‍ ചുമലിലൊരു തൂമ്പയുമായി തമിഴ് തൊളിലാളികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നു. പുഞ്ചിരിയും കൈവീശലും സമ്മാനിച്ച് മുന്നോട്ടുകുതിച്ചു. ഇനി ലക്ഷ്യം മാരത്തണ്‍ അവസാനിക്കുന്ന മഹാരാജാസ് കോളജ് മൈതാനി. സമയം 7.20 ആകുന്നു. മഞ്ഞിനെ മാറ്റി വെയില്‍ എത്തിത്തുടങ്ങി. ബനിയനെയും ഷോട്സിനെയുമൊക്കെ കടന്ന്  വിയര്‍പ്പ്കാലിലൂടെ ഒലിച്ചിറങ്ങിത്തുടങ്ങി. ഇനി വെള്ളം കിട്ടിയേ തീരൂ... വാതുരുത്തിയിലെ റെയില്‍ട്രാക്ക് മുറിച്ചുകടന്നമാത്രയില്‍ കിട്ടിയ ഒരു ഗ്ലാസ് വെള്ളമെടുത്ത് മുഖത്തൊഴിച്ചു. ഇടത്തുകാലില്‍  ചെറിയൊരു വേദനയുടെ തുടക്കംപോലെ... ഏതായാലും ഇനി 7 കിലോമീറ്ററാണ് മുന്നിലുള്ളത്അടുത്ത വാട്ടര്‍ സ്റ്റേഷനില്‍ നിന്നും വെള്ളം ഇടത്തുകാലിലേക്കൊഴിച്ച് വിക്രാന്ത് പാലം വീണ്ടും കയറി. പാലത്തിന്‍റെ അങ്ങേയറ്റം മാധ്യമഫൊട്ടോഗ്രഫര്‍മാരുടെ ഒരു സംഘത്തെ ദൂരെ നിന്നേകാണാം. അവര്‍ക്കടുത്തെത്തുന്നതിനുമുന്‍പേ അവര്‍ എന്നെ തിരിച്ചറിച്ച് ചിത്രമെടുപ്പ് തുടങ്ങിയിരുന്നു. നന്ദി സൂചകമായി കയ്യുയര്‍ത്തിക്കാണിച്ച് ഇറക്കത്തില്‍ വേഗം കൂട്ടാനൊരുങ്ങുമ്പോള്‍ 21 കിലോമീറ്റര്‍ ഓട്ടക്കാര്‍ റോഡിന്‍റെ വലത്തുവശം ചേര്‍ന്ന് ഓടണമെന്ന് വൊളന്‍റിയര്‍ കൊടി കാട്ടി നിര്‍ദേശിക്കുന്നു. 


ഫിനിഷ്.. ഫിനിഷ് മാത്രം
10 കിലോമീറ്റര്‍ ഓട്ടക്കാര്‍ക്കായി റോഡിന്‍റെ മറ്റേവശം ഒഴിച്ചിട്ടിരിക്കുകയാണ്. മറുവശത്ത് നിറയെ ജനം. എന്‍റെ പാതയില്‍ ഏതാനും ചിലര്‍മാത്രം. ഇതിനിടെ നഗ്നപാദനായി ഒരു ചേട്ടന്‍ എനിക്കൊപ്പം ഓടിയെത്തി. കണ്ടാത്തന്നെ അറിയാം ചെറിയ ഓട്ടക്കാരനല്ലെന്ന്... അദ്ദേഹം കുറച്ചുനേരം എനിക്കൊപ്പം ഓടിയ ശേഷം ഇഞ്ചിഞ്ചായി പിന്നോക്കം പോയിത്തുടങ്ങി. ഇതിനിടെ മെഡിക്കല്‍ ട്രസ്റ്റ് കവലയിലെത്തി. ഇനി ഒരുകിലോമീറ്ററിനപ്പുറം ഫിനിഷ്. ഇടത്തുകാലില്‍ വേദന അല്‍പംകൂടി കൂടുതലായോ എന്നൊരു സംശയം. 20 കിലോമീറ്റര്‍ കഴിഞ്ഞതിനപ്പുറം ഇനിയുള്ള ഒരു കിലോമീറ്റര്‍ വേദനക്ക് മുന്നില്‍ അടിയറവുപറയാനോ..? ഇല്ല.. ഇനി ഫിനിഷ് മാത്രം ലക്ഷ്യം. മനസിനെ ഫിനിഷ്... ഫിനിഷ്.. എന്നുമാത്രമുള്ള ചട്ടക്കൂടിലേക്ക് ഒതുക്കി. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതിയും കഴിഞ്ഞതോടെ സ്റ്റേഡിയത്തില്‍ നിന്നുള്ള ആരവവും മൈക്ക് സംഭാഷണവുമൊക്കെ ചെവിയിലെത്തി. ഇനി വെറും 400 മീറ്റര്‍ കൂടിയെന്ന് റോഡിലെ നിര്‍ദേശബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ആവേശം അലയടിച്ച മനസോടെ കൊച്ചി മെട്രോറെയില്‍ പണി നടക്കുന്ന ബോര്‍ഡുകള്‍ക്കിടയിലൂടെ മഹാരാജാസ് സ്റ്റേഡിയത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് കയറി.  കായിക കൗമാരവും യൗവനവും വാര്‍ധക്യവുമെല്ലാം വിയര്‍പ്പൊഴുക്കുന്ന ആ ട്രാക്കിലൂടെ വീണ്ടും 200 മീറ്റര്‍. സ്റ്റേഡിയത്തിലെ മാരത്തണ്‍ റണ്ണിങ് ക്ലോക്കില്‍ 1.40 മിനിറ്റെന്നു കാണിക്കുന്നു... എന്‍റെ സ്റ്റോപ് വാച്ചില്‍ 1.39 ആയിട്ടേയുള്ളു. മുന്നിലെ കെനിയന്‍ ഓട്ടക്കാരെ പറഞ്ഞയച്ച സമയമാണ് അവിടെകാണുന്നതെന്ന് പെട്ടെന്നുതന്നെ മനസിലായി. ഫിനീഷിങ് അലറിക്കൂവിത്തന്നെ രാജകീയമാക്കി. പിന്നീട് സഹപ്രവര്‍ത്തകരായ പത്രഫൊട്ടോഗ്രഫര്‍മാരുടെ ചുമലിലേറി ചെറിയൊരാഘോഷം... കഴിഞ്ഞപ്രാവശ്യത്തേതുപോലെ തന്നെ ഡെക്കാന്‍ക്രോണിക്കിള്‍ ഫൊട്ടോഗ്രഫര്‍ അരുണ്‍ ചന്ദ്രബോസ് വെള്ളക്കുപ്പിയുമായി ഓടിയെത്തി. പിന്നീട് മെഡല്‍ വാങ്ങാന്‍ റിഫ്രഷ്മെന്‍റ് ഏരിയയിലേക്ക് നീങ്ങുമ്പോഴും  തുടര്‍ന്ന് മനോരമ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം നടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങുമ്പോഴും ഇടത്തുകാലിനേറ്റ പരുക്കിന്‍റെ വേദനക്കും മുകളിലായിരുന്നു മനസില്‍ തങ്ങിനിന്ന സന്തോഷം. 


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 6, ശനിയാഴ്‌ച

ഇതാ മാരത്തണ്‍...


പരിശീലന കാലയളവിലെ മികവ് തെളിയിക്കാന്‍ ഇതാ സമയമായി. നാളെ പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേല്‍ക്കുക. ശുചിമുറിയിലെ ശീലങ്ങള്‍ക്കുശേഷം അല്‍പം ഭക്ഷണവും വെള്ളവും ഉടനെ കഴിക്കുക. തലേന്ന് തയ്യാറാക്കി വച്ചിരിക്കുന്ന മാരത്തണിനുള്ള ടീ-ഷര്‍ട്ട്, ഷോട്സ് എന്നിവ അണിഞ്ഞ് ചെറുതായി വാം അപ് തുടങ്ങുക.

തലേന്നു തന്നെ തയ്യാറാക്കി വയ്ക്കേണ്ടവ
1) ടീ-ഷര്‍ട്ട്, ഷോട്സ് , ഷൂസ് , സോക്സ്, ചെസ്റ്റ് നമ്പര്‍ (ഇവ അണിഞ്ഞുതന്നെ ഹോള്‍ഡിങ് ഏരിയയില്‍ എത്തുക)
2) മൊബൈല്‍ ഫോണ്‍ - ഇയര്‍ ഫോണ്‍ (പാട്ടുകേട്ടാണ് നിങ്ങള്‍ പരിശീലനം നടത്തിയിരുന്നതെങ്കില്‍)
3) ചെറിയൊരു കുപ്പിയില്‍ വെള്ളം.

 ഹോള്‍ഡിങ് ഏരിയയില്‍ എത്തിക്കഴിഞ്ഞ്
1) പുലര്‍ച്ചെ 5.30നാണ് 21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ പങ്കെടുക്കേണ്ടവര്‍ കൊച്ചി മറൈന്‍ഡ്രൈവിലെ ഹോള്‍ഡിങ് ഏരിയയില്‍ എത്തേണ്ടത്. അത് കൃത്യമായി പാലിക്കുക.
2) ഓട്ടത്തിന് മുന്നോടിയായുള്ള വാം അപ് തുടങ്ങുന്നതിന് മുന്‍പ് അല്‍പം വെള്ളം കുടിച്ച ശേഷം മൂത്രം ഒഴിക്കുക.
3) വാം അപ്പിനായി അവിടെ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിങ്ങള്‍ക്ക് കഴിയുന്നത് മാത്രം ചെയ്യുക.
4) പ്രമുഖ രാജ്യാന്തര-ദേശീയ ഓട്ടക്കാരെയാണ് മുന്നില്‍ നിറുത്തുക. അവര്‍ക്ക് പിന്നിലായി പ്രായക്രമത്തിലുള്ള സംഘങ്ങളും അണിനിരക്കും. നിങ്ങളുടെ പ്രായത്തിലുള്ള സംഘത്തില്‍ അണിചേരുക.
5) തുടക്കത്തില്‍ വലിയൊരു തിരക്കും തള്ളലും ഉണ്ടെങ്കിലും രണ്ട് കിലോമീറ്റര്‍ കഴിയുന്നതോടെ സ്ഥിതി ശാന്തമാകും.
6) പോകുന്ന വഴിയില്‍ വിവിധ സ്ഥലങ്ങളിലായി വെള്ളവും കഴിക്കാനുള്ള വസ്തുക്കളുമെല്ലാം വൊളന്‍റിയര്‍മാര്‍ നിങ്ങള്‍ക്കുനേരെ നീട്ടും. ആവശ്യമെങ്കില്‍ മാത്രം വാങ്ങുക.
7) വെള്ളം ലഭിക്കുന്ന കുപ്പി, ശരീരം  തണുപ്പിക്കാന്‍ ലഭിക്കുന്ന സ്പോഞ്ച് എന്നിവ അലക്ഷ്യമായി റോഡില്‍ എറിയാതിരിക്കുക. അത് പിന്നാലെ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കഴിവതും റോഡിന്‍റെ വശങ്ങളിലേക്ക് കളയുക.
8)  തുപ്പണമെന്ന് പലപ്പോഴും  തോന്നും. ഇതും പിന്നില്‍ വരുന്നവരെ ശ്രദ്ധിച്ചുമാത്രം ചെയ്യുക.

9) മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ആരോടും നിങ്ങള്‍ മല്‍സരിക്കുന്നില്ല. നിങ്ങളുടെ സ്റ്റാമിനയോടുതന്നെയാണ് പോരാട്ടം. അതിനാല്‍ ആരെങ്കിലും നിങ്ങളെ പിന്നിലാക്കി കടന്നുപോയാല്‍ വിഷമിക്കേണ്ടതില്ല. മുന്നിലുള്ള ഒരാളെയെങ്കിലും മറികടക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ മികവാണ്.

10) ഫിനിഷിങ് ലൈനില്‍ എത്തിയാല്‍ അല്‍പനേരം നടന്ന് കൂള്‍ ഡൗണ്‍ ചെയ്തശേഷം മാത്രം മറ്റുകാര്യങ്ങളിലേക്ക് കടക്കുക.

ആശംസനേരുന്നു.... നല്ലൊരു മാരത്തണിനായി... നിങ്ങളുടെ ജീവിതത്തില്‍ തുടര്‍ന്നും ഈ ആരോഗ്യവും സ്റ്റാമിനയും നിലനില്‍ക്കട്ടെ...
സ്നേഹപൂര്‍വം ജോസ്കുട്ടി പനയ്ക്കല്‍.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

  

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഉറങ്ങി ഒരുങ്ങാം...

ഇനി വലിയൊരു വിശ്രമം തന്നെ മാരത്തണിന് മുന്‍പ് ആവശ്യം. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച നമ്മുടെ പരിശീലന മാരത്തണിന് ഇതാ അവസാനമാകുന്നു. രണ്ട് രാത്രിക്കപ്പുറം ഇതാ മാരത്തണ്‍. ഇന്നും നാളെയും നന്നായി ഉറങ്ങുക. വൈകുന്നേരങ്ങളില്‍ ചെറുതായി വാം- അപ് ചെയ്യുക. ഇതുവരെ ചെയ്യാത്ത വ്യായാമ മുറകള്‍ ഇനി പരീക്ഷിക്കരുത്. കാല്‍ വേദനയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഐസ്പാക്ക്, ബാം, എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഇന്നുതന്നെ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ചെസ്റ്റ് നമ്പര്‍ ശേഖരിക്കുക. അവസാന ദിനമായ നാളെ ഇത് ശേഖരിക്കാനെത്തുന്ന വന്‍ ജനത്തിരക്കില്‍ നിന്നും രക്ഷനേടാന്‍ നേരത്തെയെത്തുന്നത് ഉപകരിക്കും. നിങ്ങളുടെ ചെസ്റ്റ് നമ്പര്‍ മാരത്തണ്‍ ദിനത്തില്‍ ഇടാന്‍ ഉദ്ദേശിക്കുന്ന ടീഷര്‍ട്ടില്‍ അഴിഞ്ഞുപോകാത്തതരത്തില്‍ സ്ഥാപിക്കുക. നാല് സേഫ്ടിപിന്നുകള്‍ ഉപയോഗിച്ച് ഇത് കൃത്യമായി നിങ്ങളുടെ ബനിയനോട് ചേര്‍ക്കുക. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുക. വെള്ളം ഇനിയുള്ള രണ്ട് ദിനവും ആവശ്യമില്ലാത്തപ്പോഴും കുടിക്കുക. കാരണം ഞായറാഴ്ചയിലെ മാരത്തണില്‍ ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന ജലത്തിന്‍റെ അളവിന് കണക്കില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...